മദ്രാസ് യൂണിവേഴ്സിറ്റി മലയാളം ഡിപ്പാർട്ട്മെൻറ് മേധാവിയും ഗ്രന്ഥകാരനുമായ ഡോ.പി. എം. ഗിരീഷ്, അദ്ധേഹത്തിന്റെ ‘സാഹിത്യ വായനയുടെ ജീവശാസ്ത്രം’ എന്ന പുതിയ പുസ്തകത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു :
പുസ്തക രചനയുടെ പശ്ചാത്തലം ?
‘നമ്മുടെ ജനാധിപത്യം അപകടത്തിലാണ്. പണത്തിലും അധികാരത്തിലും സാമൂഹികഘടനയിലും ചരിത്രത്തിലും ആഴത്തില്‍ വേരോടിനില്‍ക്കുന്ന അപകടമാണിത്. പക്ഷേ ആ അപകടം ആത്യന്തികമായി കുടികൊള്ളുന്നത് മനുഷ്യമസ്തിഷ്‌കത്തിലാണ്’. അമേരിക്കയിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തെ മസ്തിഷ്‌ക ഗവേഷണത്തിലെ നൂതന കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിക്കൊണ്ട് ജോര്‍ജ്ജ് ലക്കോഫ് നടത്തിയ ഈ നിരീക്ഷണം പൊതുവെ ജനാധിപത്യരാഷ്ട്രങ്ങള്‍ക്കെല്ലാം ബാധകമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മസ്തിഷ്‌കംകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയത്തെയും സാമൂഹികാവസ്ഥയെയും മനസ്സിലാക്കാനാകില്ലെന്നു ലക്കോഫ് തുറന്നടിക്കുന്നു. അതിനായി മസ്തിഷ്‌കഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ മെറ്റഫര്‍ സിദ്ധാന്തവും ഫ്രെയിം(ജ്ഞാനമാതൃക) സിദ്ധാന്തവും ഭാഷാവിചിന്തനങ്ങളും അദ്ദേഹം പ്രയോജനപ്പെടുത്തുന്നു. സാമൂഹികപരിണാമങ്ങളെ മസ്തിഷ്‌കപരിണാമവുമായി ബന്ധപ്പെടുത്തി പഠിക്കുന്നുവെന്നതാണ് ലക്കോഫിന്റെ സവിശേഷത.
പാശ്ചാത്യതത്ത്വചിന്തയുടെ പ്രധാന വിമര്‍ശകന്‍കൂടിയാണ് ലക്കോഫ്. പാശ്ചാത്യതത്ത്വചിന്തയുടെ സമാന്തരധാരയാണ് ലക്കോഫിന്റെ ചിന്തകള്‍. കാരണം പാശ്ചാത്യ പ്രബുദ്ധത, പാശ്ചാത്യ മെറ്റഫര്‍ സിദ്ധാന്തം, വസ്തുനിഷ്ഠവാദം, ആത്മനിഷ്ഠവാദം, ഭാഷാപേക്ഷികവാദം, പ്രതീകാത്മകവാദം തുടങ്ങിയവയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് മസ്തിഷ്‌കഗവേഷണത്തിലെ അറിവുകള്‍ വെച്ചുകൊണ്ടു ഒരു ബദല്‍ചിന്താരീതി രൂപപ്പെടുത്തിയെടുക്കുകയാണ് ലക്കോഫ്.
എനിക്ക് ഏറെ ബോധ്യപ്പെട്ട രീതിയാണ് ജോര്‍ജ് ലക്കോഫിന്റേത്. ധൈഷണികഭാഷാശാസ്ത്ര(Cognitive Linguistics)ത്തിന്റെ പ്രമുഖ വക്താവുകൂടിയാണ് അദ്ദേഹം. അദ്ദേഹത്തെ കൂടുതല്‍ വായിച്ചതിന്റെ ഫലമാണ് സാഹിത്യവായനയുടെ ജീവശാസ്ത്രം എന്ന ഈ പുസ്തകം എന്നു പറയാം. മലയാളസാഹിത്യവിമര്‍ശനമേഖലയിലെ എന്റെ ആദ്യപുസ്തകമാണിത്. പഠിക്കുന്ന കാലത്തു അധികവും എഴുതിയത് മലയാള ചെറുകഥകളെക്കുറിച്ചായിരുന്നു. കെ.സി നാരായണന്‍ മാതൃഭൂമി വാരാന്ത്യപ്പതിപ്പിന്റെ എഡിറ്ററായപ്പോള്‍ തുടങ്ങിയ ഒറ്റക്കഥാപഠനങ്ങളില്‍ എഴുതിക്കൊണ്ടായിരുന്നു ചെറുകഥാപഠനങ്ങളുടെ തുടക്കം. പിന്നീട് ഭാഷാശാസ്ത്രത്തില്‍ താത്പര്യം കൂടിയതിനാല്‍ അതിലേക്ക് ശ്രദ്ധതിരിച്ചു.
പാഠത്തിന്റെ രാഷ്ട്രീയപാരായണം, സൗന്ദര്യനിരൂപണം എന്നിവയില്‍നിന്ന് വ്യത്യസ്തമായി ജീവശാസ്ത്രത്തിന്റെ വഴിയാണ് പേര് സൂചിപ്പിക്കുന്നതുപോലെ ഈ പുസ്തകം തേടുന്നത്.
പുസ്തകത്തിന്റെ ഇതിവൃത്തം ?
വായനയെ നിര്‍ണയിക്കുന്നത് മസ്തിഷ്‌കമാണ്. അതുകൊണ്ടാണ് വായിക്കുന്നത് എന്താണോ, അതാണ് നാം എന്നു പറയുന്നത്. ചിന്തിപ്പിക്കാനുള്ള യന്ത്രമെ ന്നാണ് ഐ. എ. റിച്ചാര്‍ഡ്‌സ് സാഹിത്യത്തെ വിലയിരുത്തുന്നത്. വായിക്കുമ്പോള്‍മാത്രം പ്രവര്‍ത്തനക്ഷമമാകുന്ന വസ്തുവാണ് സാഹിത്യം. ഭാഷാപ്രക്രിയ, ആഖ്യാനത്തെക്കുറിച്ചുള്ള ധാരണ, സ്മരണ, വികാരം, മറ്റ് ധൈഷണികവൃത്തികള്‍ എന്നിവയെല്ലാം ചേർന്ന് സൃഷ്ടിച്ചെടുക്കുന്ന ജീവശാസ്ത്രമേഖലകളാണ് എഴുത്തും വായനയും; പ്രതിഭയും ധൈഷണികതയും ചേരുന്ന ഇടം.
മസ്തിഷ്‌കഗവേഷകര്‍ നടത്തുന്ന പുത്തന്‍ ഗവേഷണങ്ങള്‍ സാഹിത്യവായനയിലും പ്രസക്തമാകുന്ന കാലഘട്ടമാണിത്. അടുത്തകാലത്തു കണ്ടെത്തിയ കണ്ണാടിനാഡീകോശങ്ങളുടെ കണ്ടുപിടിത്തം സാഹിത്യപഠനത്തിലും പ്രയോജനപ്പെടുത്തി സാഹിത്യവിമര്‍ശനം ജീവശാസ്ത്രവിഷയമായി പരിണമിക്കുകയാണ്.
ധൈഷണികസാഹിത്യവിമര്‍ശനമെന്ന വിശാലമേഖലയുടെ അടിസ്ഥാനതത്വങ്ങള്‍ വിലയിരുത്താനുള്ള ശ്രമമാണ് ഈ പുസ്തകം. ആദ്യ അധ്യായം സിദ്ധാന്തവും പ്രയോഗവും എന്ന മട്ടിലാണ് ക്രമീകരിച്ചിട്ടുള്ളത്. ധൈഷണികസാഹിത്യവിമര്‍ശനത്തിന്റെ പ്രാഥമികപാഠങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കുതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. തുടര്‍ന്നുവരുന്ന അധ്യായങ്ങള്‍ ഒന്നാം അധ്യായത്തിന്റെ നീട്ടലുകളാണെ് പറയാം;അതായത് അവ സവിശേഷ പഠനങ്ങളാണ്.
സാഹിത്യത്തെ നിര്‍ണയിക്കുന്ന പൊതുധൈഷണികവൃത്തികളെ പഠിക്കുകയാണ് ഈ അധ്യായങ്ങളില്‍. മുമ്പു പ്രസിദ്ധീകരിച്ച ഏതാനും പഠനങ്ങളെ ധൈഷണികസാഹിത്യവിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കി, അധ്യായങ്ങളായി ചേര്‍ത്തിട്ടുണ്ട്. കഥാസാഹിത്യത്തിനാണ് മുന്‍തൂക്കമെങ്കിലും കവിതയെയും നാടകത്തെയും ധൈഷണിക സാഹിത്യവിമര്‍ശനമാതൃകകള്‍ എന്ന മട്ടില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുുണ്ട്.
മലയാളസാഹിത്യവിമര്‍ശനത്തില്‍ ധൈഷണികസാഹിത്യവിമര്‍ശനത്തിന്റെ പ്രസക്തി വിലയിരുത്തുന്ന ആമുഖപഠനവും ഇന്ത്യന്‍ സാഹിത്യവിചാരത്തില്‍ ധൈഷണികവാദത്തിന്റെ പ്രസക്തിനിര്‍ണയിക്കുന്ന പിന്നുരയില്‍കൊടുത്തിട്ടുള്ള പഠനവും ഈ വിഷയത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു.
ഘടനാവാദാനന്തര സാഹിത്യസമീപനത്തില്‍ നിന്നു വ്യത്യസ്തമായി സാഹിത്യവായനയെ അര്‍ഥത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ധൈഷണികവാദ ത്തിന്റെ ഉത്പന്നമായ ധൈഷണികസാഹിത്യവിമര്‍ശനം. സാഹിത്യവായനയുടെ ന്യൂറോശാസ്ത്രമെന്നു ധൈഷണികസാഹിത്യവിമര്‍ശനത്തെ വിശേഷിപ്പിക്കാം.ശരീരവും മനസ്സും രണ്ടാണെന്ന് കരുതുന്ന കാര്‍ട്ടേഷ്യന്‍ യുക്തിബോധത്തെ നിരാകരിച്ചുകൊണ്ടാണ് ധൈഷണികവാദം മുന്നോട്ടുപോകുന്നത്. ഉടലറിവ് എന്ന പരികല്പനയാണ് ധൈഷണികവാദത്തിന്റെ അടിസ്ഥാനപ്രമാണം. മനസ്സ് ശരീരത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതോ സ്വതന്ത്രമോ അല്ലെന്നാണ് ധൈഷണികവാദിയായ ജോര്‍ജ് ലക്കോഫ്(1999) പറയുന്നത്. മസ്തിഷ്‌കം ചെയ്യുന്നത് എന്താണോ അതാണ് മനസ്സ് എന്നാണ് ധൈഷണികവാദത്തിന്റെ പരികല്പന. അറിവിന് ആധാരം ഉടലാണെന്ന ധൈഷണികശാസ്ത്രത്തിന്റെ കണ്ടുപിടിത്തം സാഹിത്യത്തിലും പ്രയോഗിക്കാവുന്ന തരത്തില്‍ ധൈഷണികസാഹിത്യവിമര്‍ശനം മുന്നേറിയിട്ടുണ്ട്. ഭാഷ സങ്കല്പനമാണെന്നും അതു ഉടലറിവിന്റെ ഭാഗമാണെന്നും കരുതുന്ന ധൈഷണികവാദത്തിന്റെ ഉത്പന്നമാണ് ധൈഷണികസാഹിത്യവിമര്‍ശനം. അടുത്തകാലത്തു കണ്ടെത്തിയ കണ്ണാടിനാഡീകോശങ്ങളുടെ കണ്ടുപിടിത്തം സാഹിത്യപഠനത്തിലും പ്രയോജനപ്പെടുത്തി സാഹിത്യവിമര്‍ശനം ന്യൂറോശാസ്ത്രവിഷയമായി പരിണമിക്കുകയാണ്. വികാരവിനിമയത്തിന്റെ സവിശേഷ ഉത്പങ്ങളാണ് താദാത്മ്യം, അനുതാപം, സഹതാപം, അനുകരണം എിവ. വികാരത്തെ പൊരുത്തപ്പെടുത്തുകയാണ് ഇവയുടെ ധര്‍മം. ധൈഷണികനാഡീശാസ്ത്രം ഇവയുടെ ഉറവിടം കണ്ണാടിനാഡി കോശങ്ങ ളുടെ പ്രവര്‍ത്തനമാണെന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റു ശരീരങ്ങളും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി നാഡീവ്യവസ്ഥയാണ് ഭാഷയെ രൂപപ്പെടുത്തുതെ വാദത്തിലൂടെ ഭാഷയുടെ സ്വേച്ഛാപരതയെ പൊളിച്ചുകളയുകയാണ് ചെയ്യുന്നത്. അര്‍ഥത്തിന് പ്രാധാന്യംകൊടുക്കുന്ന ഇന്ത്യന്‍സാഹിത്യസിദ്ധാന്തങ്ങളെ ധൈഷണികസാഹിത്യവിമര്‍ശനം എപ്രകാരം കാണുന്നുവെന്നത് ആലോചിക്കേണ്ട വിഷയമാണ്. അര്‍ഥം സങ്കല്പനമാണെന്നും ഉടലറിവിന്റെ ആവിഷ്‌കാരമാണെന്നുമുള്ള കാര്യങ്ങളിലാണ് ധൈഷണികസാഹിത്യവിമര്‍ശം ഇന്ത്യന്‍സാഹിത്യസിദ്ധാന്തങ്ങളില്‍നിന്ന് പ്രധാനമായി വേറിട്ടുനില്‍ക്കുന്നത്. എങ്കിലും ഇന്ത്യന്‍ അര്‍ഥപഠനത്തിന്റെ ചില കാര്യങ്ങള്‍ ഈ പദ്ധതിയുമായി ഒത്തുപോകുന്നതാണ്. ഇക്കാര്യം ഈ പുസ്തകത്തിന്റെ പിന്നുരയിൽ സവിശേഷമായി പഠിക്കുന്നുണ്ട്.
നിരൂപണ വിധേയരായ മലയാള എഴുത്തുകാർ?
ചില എഴുത്തുകാരെ സാമാന്യമായും ചില എഴുത്തുകാരെ സവിശേഷമായും പഠിക്കുന്നുണ്ടെങ്കിലും ധൈഷണികസാഹിത്യവിമര്‍ശനത്തെ പരിചയപ്പെടുത്താനുള്ള ദത്തമായാണ് അവരെ ഈ പുസ്തകം കാണുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, റഫീക് അഹമ്മദ്, കെ. ആര്‍. ടോണി, എസ്. ജോസഫ്, ടി.ഡി.രാമകൃഷ്ണന്‍, പി.രാമന്‍, സുഭാഷ്ചന്ദ്രന്‍, ടി. ശ്രീവത്സന്‍, ഇന്ദുമേനോന്‍, മേതില്‍രാധാകൃഷ്ണന്‍, വി.കെ.എന്‍, ടി.പി. രാജീവന്‍, സച്ചിദാനന്ദന്‍, കുമാരനാശാന്‍, പി.പി.രാമചന്ദ്രന്‍, എസ്. ഹരീഷ്, ഫ്രാന്‍സിസ് നൊറോണ, മനോജ് കുറൂര്‍, ഡി. അനില്‍കുമാര്‍, പി.എന്‍. ഗോപികൃഷ്ണന്‍, എന്നിവരെ സാമാന്യമായും ടി. പദ്മനാഭന്‍, സക്കറിയ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, യു.കെ. കുമാരന്‍, ഖദീജാ മുംതാസ്, വി. ദിലീപ്, ദേവദാസ്. വി.എം, ആസാദ്, എിവരെ സവിശേഷമായും പഠിക്കുന്നു.
പൊതുവെ അക്കാദമികലോകം, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രസിദ്ധീകരിച്ച ഈ പുസ്തകം സ്വീകരിച്ച മട്ടാണ്.