അറബി ഭാഷയുടെ മനോഹരമായ കാഴ്ച്ചാസ്വാദനമാണ് അറബി കലിഗ്രഫി – പ്രൊഫ. ഡോ. നാസർ മൻസൂർ
ലോക പ്രശസ്ത കലിഗ്രഫി വിദഗ്ധൻ പ്രൊഫ. ഡോ. നാസർ മൻസൂറുമായി ഗവേഷകനും കലിഗ്രഫി ആർട്ടിസ്റ്റുമായ സബാഹ് ആലുവ നടത്തിയ അഭിമുഖം
അറബി കലിഗ്രഫിയുടെ ഗവേഷണ മേഖലയിൽ ഗഹനമായ പഠനങ്ങൾ നടത്തിയ ലോകത്തെ അപൂർവും ചിലരിൽ പ്രഗത്ഭനായ വ്യക്തിയാണ് ഡോ. നാസർ മൻസൂർ. കേവലം വരച്ചുകൂട്ടുന്ന അക്ഷരങ്ങൾക്കപ്പുറം ഇസ്ലാമിക നാഗരികതയുടെ ചരിത്ര യാഥാർത്ഥ്യങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന പ്രധാന മാനദണ്ഡമായി ഇസ്ലാമിക് കലിഗ്രഫിയെ വായിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തോടൊപ്പം ഓൺലൈനിൽ ചിലവഴിച്ച നിമിഷങ്ങൾ വ്യക്തിപരമായും എനിക്ക് സമ്മാനിച്ചത്.
1967 ൽ ജോർദാനിലെ അമ്മാനിലാണ് നാസർ മഹ്മൂദിന്റെ ജനനം. ജനനം കൊണ്ട് ജോർദാനിയാണെങ്കിലും ഫലസ്തിനിലെ നബുലസിൽ എത്തി നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ കുടുംബ വേരുകൾ. ജോർദാനിലും ഫലസ്തീനിലും ഒരുപോലെ പ്രശസ്തനായ കവി മുഹമ്മദ് മൻസൂർ അബൂ മൻസൂറിന്റെ മൂത്ത മകനാണ് നാസർ.
1988 ൽ ജോർദാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിലും സാമ്പത്തിക ശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി. 1997 ൽ ജോർദാനിലെ അൽ ബയ്ത്ത് യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് ആർട്ട് ഡിപ്പാർട്ട്‌മെന്റിൽ കീഴിൽ ഇസ്ലാമിക് കലിഗ്രഫിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ശേഷം 2007 ൽ ലണ്ടനിലെ പ്രശസ്തമായ Prince’s School of Traditional Arts (PSTA)ൽ നിന്ന് ഇസ്ലാമിക് കലിഗ്രഫിയിൽ പി.എച്ച് ഡി നേടി.
2003 ൽ ലോകത്തെ പ്രഗത്ഭ അറബി കലിഗ്രഫി ആചാര്യന്മാരിൽ ഒരാളായ ഹസൻ ചെലബിയിൽ നിന്ന് ഇജാസ പട്ടം സ്വീകരിച്ച ആദ്യത്തെ ജോർദാനിയൻ അറബി കലിഗ്രഫറാണ് നാസർ മഹ്മൂദ് . അറബി കലിഗ്രഫിയിലെ ആദ്യകാല എഴുത്തുകളിലൊന്നായ മുഹഖഖ് ശൈലിയിലെ അദ്ദേഹത്തിന്റെ അക്കാദമികവും കലാപരവുമായ കഴിവുകളെ വിലയിരുത്തി 2018 ൽ Artistic Thought Foundation (ATF) അദ്ദേഹത്തിന് Artistic Creativity Award നൽകി ആദരിച്ചു. കഴിഞ്ഞ 20 വർഷത്തിലധികമായുള്ള അറബി കലിഗ്രഫി മേഖലയിലെ പഠന – ഗവേഷണങ്ങൾ കൊണ്ട് ലോകത്തെ ഇന്ന് ജീവിച്ചിരിക്കുന്ന പ്രഗത്ഭ വ്യക്തിത്വങ്ങളിലൊരാളാക്കി അദ്ദേഹത്തെ മാറ്റി. 20-ാം നൂറ്റാണ്ടിൽ ജറൂസലേമിലെ അൽ അഖ്സ പള്ളിയിൽ സലാഹുദ്ധീൻ അയ്യൂബി നിർമിച്ച മിമ്പർ വർഷങ്ങൾ ശേഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുനരാവിഷ്കരിച്ച്, അതിന്റെ ഡിസൈൻ, എഴുതപ്പെട്ട രേഖകൾ (Inscriptions) എന്നിവ കൂടുതൽ തെളിച്ചത്തോടെ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചു.
നാസർ മൻസൂറിന്റെ കലാവിഷ്കാരങ്ങൾ ലോകത്തെ പ്രധാന മ്യൂസിയങ്ങളായ ലണ്ടനിലെ The British Museum, മോസ്ക്കോയിലെ The Contemporary Museum of Calligraphy, കാനഡയിലെ The Akha Khan Museum, അമ്മാനിലെ The Jordan National Gallery of Fine Arts എന്നിവിടങ്ങളിൽ അപൂർവ ശേഖരങ്ങളിൽപെടുന്നവയാണ്. അറബി കലിഗ്രഫി പ്രധാന പഠന വിഷയമായി ഗവേഷണം ചെയ്തത് കൊണ്ട് തന്നെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു.എസ്. എ, കാനഡ, പാക്കിസ്ഥാൻ, മലേഷ്യ, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ കോൺഫറൻസുകളും അക്കാദമിക സെമിനാറുകളും അദ്ദേഹം ഇതോടകം നടത്തിക്കഴിഞ്ഞു.
നിലവിൽ ജോർദാനിലെ W.I.C.E ( The World Islamic Science and Education University) യൂണിവേഴ്സിറ്റിയിൽ Islamic Calligraphy and Quranic Manuscript വിഭാഗത്തിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. അതോടൊപ്പം കാംപ്രിഡ്ജിലെ Islamic Manuscript Association (TIMA) കീഴിൽ കൈറോയിലെ ദാറുൽ കുതുബിൽ മംലൂക്ക്, മംഗോളുകളുടെ കാലത്തെ ഖുർആൻ കയ്യെഴുത്ത്പ്രതികളെക്കുറിച്ച ഗവേഷണവും നടത്തിവരുന്നു. അറബി കലിഗ്രഫി രംഗത്ത് നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി കാണാൻ സാധിക്കും. امشاق الخط العربي, Flowers of Devotion, Sacred Script: Muhaqqaq in Islamic Calligraphy എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.
അറബി കലിഗ്രഫി മേഖലയിൽ The Prophet of Arabic Calligraphy എന്നറിയപ്പെടുന്ന ഇബ്നു മുഖ്ല ആവിഷ്കരിച്ച ആറു ഖത്തുകളിൽ പ്രധാനപ്പെട്ടതാണ് മുഹഖഖ് ശൈലി . എന്താണ് പ്രസ്തുത എഴുത്തു ശൈലിയുടെ പ്രത്യേകതകൾ ?
ഏതൊരു ഖത്തിന്റെയും പ്രധാനപ്പെട്ട ഭാഗമാണ് അതിലടങ്ങിയിട്ടുള്ള ആകാര ഭംഗി. ലോകത്ത് മുഹഖഖ് രീതിയിലാണ് ആദ്യകാലങ്ങളിൽ ഖുർആൻ കയ്യെഴുത്ത്പ്രതികൾ കാണപ്പെട്ടത്. അങ്ങേയറ്റത്ത തേജസ് കൊണ്ടും അഴക് കൊണ്ടും ആഢ്യത്തം കൊണ്ടും ദൈവത്തിന്റെ വാക്കുകൾക്ക് ഏറ്റവും യോജിച്ചതാണ് മുഹഖഖ് എഴുത്തു രീതിയെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിക നാഗരികതകളുടെ വളർച്ചയിലെ ഓരോ ഘട്ടത്തിലും എത്രമാത്രം ഖുർആൻ കയ്യെഴുത്ത്പ്രതികളിൽ മുഹഖഖ് രീതി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കാണാൻ സാധിക്കും.
അറബി എഴുത്തു മേഖലയിൽ ഓരോ ശൈലിയും മറ്റൊന്നിനോട് ഏറെക്കുറെ സാമ്യത പുലർത്തുന്നതായി കാണാം. മുഹഖഖ് ശൈലിയോട് സാദ്യശ്യമുള്ള ഖത്തുകൾ ഏതൊക്കെയാണ്?
താങ്കൾ സൂചിപ്പിച്ചത് പോലെ മുഹഖഖ് എഴുത്തു ശൈലിയും മറ്റു ഖത്തുകളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് റയ്ഹാനി, (ريحان) നസ്ഖ് (نسخ) അശ്ആർ (اشعار) ശൈലികളുടെ പല ഘടകങ്ങൾ കൊണ്ടും സമ്പന്നമാണ് മുഹഖഖ് ശൈലി. അതിൽ റയ്ഹാനി ഏറെക്കുറെ കാഴ്ച്ചയിൽ മുഹഖഖിനോട് നല്ലരൊളവോളം ചേർന്നുനിൽക്കുന്നതായി കാണാം. എന്നാൽ നസ്ഖ എഴുത്തു ശൈലി ജന്മം കൊള്ളുന്നത് തന്നെ റയ്ഹാനി ശൈലിയിൽ നിന്നാണ്. വൃത്താകാര രൂപമാണ് നസ്ഖ് എഴുത്തു ശൈലിയുടേത്.
മേൽ പരാമർശിച്ചവയിൽ വളരെ അപൂർവമായി ഉപയോഗിക്കപ്പെട്ട എഴുത്തുശൈലിയാണ് അശ്ആർ. മുഅനഖ് (مؤنق) എന്നാണ് പ്രസ്തുത ഖത്തിന്റെ മറ്റൊരു നാമം. മുഹഖഖ്, സുലുസ് ശൈലികളുടെ സംഗമമാണ് യഥാർത്ഥത്തിൽ അശ്ആർ ശൈലിയിൽ കാണാൻ സാധിക്കുക. 10-ാം നൂറ്റാണ്ടിൽ കണ്ടെടുക്കപ്പെട്ട ഒരേയൊരു കയ്യെഴുത്ത് പ്രതി മാത്രമാണ് ഇന്ന് ലോകത്ത് പ്രസ്തുത ശൈലിയുടെ അവശേഷിപ്പുകളായുള്ളത്.
താങ്കൾ മേൽപരാമർശിച്ചത് പോലെ ആദ്യ കാല ഖുർആൻ പതിപ്പുകൾ ധാരാളമായി എഴുതപ്പെട്ട, ഇസ്ലാമിക നാഗരികതകളെ അത്രമേൽ സ്വാധീനിച്ച മുഹഖഖ് എന്ന എഴുത്തുശൈലി ഇന്ന് എന്ത് കൊണ്ടാണ് പ്രചാരത്തിൽ കാണാൻ കഴിയാത്തത്. ഇന്ന് ഖുർആൻ എഴുതുന്നത് പ്രസ്തുത ശൈലിയില്ല.
വളരെ നല്ല ചോദ്യമാണിത്. 9-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വരെ പരിശുദ്ധ ഖുർആന്റെ കോപ്പികൾ എഴുതപ്പെട്ടതും പ്രചരിക്കപ്പെടുതും മുഹഖഖ് ശൈലിയിലാണ്. എന്നാൽ പിന്നീട് വലിയ അളവിൽ നസ്ഖ് രീതി ഖുർആൻ എഴുത്തിന് വേണ്ടിയും കെട്ടിടങ്ങളിലെ അലങ്കാരത്തിനായി സുലുസ് ശൈലിയും ഉപയാഗിക്കാൻ തുടങ്ങി. അതോടെ കലിഗ്രഫി ആർട്ടിസ്റ്റുകളും എഴുത്തുകാരും മുഹഖഖ് ശൈലിയോടൊപ്പം തന്നെ ആദ്യകാല ഖത്തുകളായ റൈഹാനി, റിഖാ, തൗഖി, അശ്ആർ എന്നിവയെ പൂർണമായും ഒഴിവാക്കി സുലുസ്, നസ്ഖ് ശൈലികളിലേക്ക് മാറി.
എന്നാൽ 2002 ൽ ലണ്ടനിലെ Prince’s School ലെ എന്റെ പി.എച്ച്.ഡി ഗവേഷണത്തിലൂടെ മുഹഖഖ് എന്ന മറയ്ക്കപ്പെട്ട പുരാതന ഖത്തിന് വീണ്ടും ജീവൻ നൽകാൻ എനിക്ക് സാധിച്ചു. ചരിത്ര വസ്തുതകളെയും കലാവിഷ്കാരങ്ങളെയും മുന്നിൽ വെച്ച് മുഹഖഖ് ശൈലിയെ ഉയർത്തി കൊണ്ടുവരാനുള്ള ലോകത്തെ ആദ്യത്തെ പഠനവും ശ്രമവുമായിരുന്നു എന്റെ ഗവേഷണം. 2013 ൽ ലണ്ടനിൽ വെച്ച് “Sacred Script: Muhaqqaq in Islamic Calligraphy “എന്ന എന്റെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലൂടെ ഞാൻ ഒരിക്കലും മുഹഖഖ് ശൈലിയെ ജീവിപ്പിക്കുക മാത്രമായിരുന്നില്ല ചെയ്തത് അതുമായി ബന്ധപ്പെട്ട് ഇസ്ലാമിക കലിഗ്രഫിയിലെ അക്കാദമിക വായനകളിലേക്ക് വെളിച്ചം വീശുന്ന തുടർ പഠനങ്ങൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ കൂടി എന്നിലേക്ക് വന്നുചേരുകയായിരുന്നു. പിന്നീട് അറബി ഭാഷയിൽ “أمشاق الخط المحقق” ( Muhaqqaq Workbook) എന്ന പേരിൽ ഞാൻ എഴുതിയ ഗ്രന്ഥം ലോകത്തെ ഇസ്ലാമിക കലിഗ്രഫിയുടെ ചരിത്രത്തിൽ മുഹഖഖ് പഠനത്തിനായി തയ്യാറാക്കപ്പെടുന്ന ആദ്യത്തെ ഗ്രന്ഥമായി മാറി. ഇതിലൂടെ അറബ് ലോകത്തും പുറത്തും പ്രസ്തുത ഖത്തിനെയും അതിനപ്പുറം ഇസ്ലാമിക് കലിഗ്രഫിയെയും കൃത്യമായ മാധ്യമത്തിലൂടെ പ്രചരിപ്പിക്കാനും പഠിപ്പിക്കാനും എനിക്ക് സാധിച്ചു. ഇന്ന് നിരവധി ചെറുപ്പക്കാർ മുഹഖഖ് ശൈലി പഠിക്കുകയും ലോകത്ത് പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ വളരെ സന്തോഷത്തോടെയാണ് ഞാൻ അത് നോക്കിക്കാണുന്നത്.
അറബി ഭാഷയോടൊപ്പം ഇസ്ലാമിക് കലിഗ്രഫി പഠിപ്പിക്കപ്പെടുന്ന ഡിപ്പാർട്ടുമെന്റുകൾ വേണ്ടതിന്റെ പ്രാധാന്യം എന്താണ്?
ഒരു യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് കലിഗ്രഫി അക്കാദമിക സ്വഭാവത്തോടെ തുടക്കം കുറിച്ചാൽ തീർച്ചയായും അടുത്ത യൂണിവേഴ്സിറ്റിയിലെ അറബി ഭാഷ ഡിപ്പാർട്ടുമെന്റ് അതേറ്റെടുക്കുമെന്ന് തീർച്ചയാണ്. അറബി ഭാഷയുടെ വാഹകരായ അധ്യാപകരുടെയും പ്രാഫസർ പദവിയിലുള്ളവരുടെയും ഉത്തരവാദിത്വത്തമാണ് പ്രസ്തുത കോഴ്സുകളും പഠനങ്ങളും അറബി ഭാഷ വിഭാഗത്തോട് ചേർന്ന് ആവിഷ്ക്കരിക്കുക എന്നത്. അറബി ഭാഷയുടെ മനോഹരമായ കാഴ്ച്ചാസ്വാദനമാണ് കലിഗ്രഫിയുലൂടെ യഥാർത്ഥത്തിൽ സാധ്യമാകുന്നത്.
ഇസ്ലാമിക കലിഗ്രഫി രംഗത്ത് അക്കാദമിക പഠനങ്ങളുടെ സാധ്യത എത്രമാത്രമാണ്?
അറബി കലിഗ്രഫി കേവല വരകളാൽ സമ്പന്നമായ കലാവിഷ്കാരമല്ല. അതിനപ്പുറം അതിന്റെ തലം ഗവേഷണ പഠനങ്ങൾ കൊണ്ട് സാധ്യമാക്കേണ്ടതാണ്. ലോകത്ത് അറബി കലിഗ്രഫി മേഖലയിൽ നിരവധി പഠനങ്ങൾ നടന്നു കഴിഞ്ഞിട്ടുണ്ട്. അതിനർത്ഥം ഇനി ഒന്നും തന്നെ ഈ മേഖലയിൽ ഗവേഷണം നടത്താൻ ഇല്ലാ എന്നല്ല. വായനയിലൂടെയും അന്വേഷണങ്ങളിലൂടെയും ഗവേഷണ പഠനങ്ങൾ പുതിയ തലമുറ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഇന്ന് നിലവിൽ ഇന്റർനെറ്റിലും മറ്റും അറബി കലിഗ്രഫിയെക്കുറിച്ച പഠനങ്ങൾ നന്നേ കുറവായാണ് കാണപ്പെടുന്നത്. ലഭ്യമാവുന്നവയിലാവട്ടെ ധാരാളം പൊരുത്തക്കേടുകൾ കാണാൻ സാധിക്കുണ്ട്താനും. ഗഹനമായ പഠനങ്ങൾ സാധ്യമാവേണ്ടുന്ന മേഖലയെ കേവലം വരകൾക്കുള്ളിൽ തളച്ചിടുക ചരിത്രത്തോടുള്ള അനീതിയാണ്. ഖുർആൻ പതിപ്പുകളെക്കുറിച്ചും ശിലാലിഖിതങ്ങളിലെ അറബി ഭാഷയുടെ സാധ്യതകളെക്കുറിച്ചും പഠനങ്ങൾ വരേണ്ടതുണ്ട്.
ഇസ്ലാമിക് കലിഗ്രഫിയുടെ ഗവേഷണ മേഖലയിലേക്ക് താങ്കളെ സ്വാധീനിച്ച ഘടകങ്ങൾ എന്താണ്?
ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ഏതൊരു വ്യക്തിയെയും പോലെ തന്റെ ഇഷ്ട മേഖല മുറുകെപ്പിടിക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. അതിനായുള്ള എന്റെ പരിശ്രമങ്ങൾ വിജയിക്കാൻ തുടങ്ങിയത് ഈ മേഖലയാണ് എന്റേതെന്ന് ഉറപ്പിക്കാൻ കാരണമായി. കലിഗ്രഫറായി പഠനം തുടങ്ങുന്ന സമയത്ത് പലരും ഈ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നത് ഞാൻ നേരിൽ കാണാൻ ഇടയായിരുന്നു. അതെല്ലാം കൃത്യമായ മാർഗങ്ങളിലേക്ക് വഴിനടത്താൻ എന്നെ സഹായിച്ചിരുന്നു.
ഇസ്ലാമിക് കലിഗ്രഫിയിൽ പാലിയോഗ്രഫി എന്ന പഠനശാഖയുടെ സാധ്യത…
പഴയ കാല കയ്യെഴുത്തുപ്രതികളിലെ എഴുത്തുശൈലിയുടെ പ്രതേകതകൾ, അതിന്റെ മൂല്യം അതിലൂടെ ഗവേഷകൻ എത്തിച്ചേരുന്ന ചരിത്ര വസ്തുതകൾ എന്നിവ ഉൾകൊള്ളുന്ന പ്രധാന പഠന ശാഖയാണ് പാലിയോഗ്രഫി. പൗരാണിക കാലം മുതൽക്കുള്ള അറബി എഴുത്തുശൈലികളുടെ പ്രത്യേകതളെ ഗവേഷണം ചെയ്ത് പുതുമയുള്ള അറിവുകളിലേക്ക് വെളിച്ചം വീശാൻ പാലിയോഗ്രഫി നമ്മെ സഹായിക്കും.
അറബി കലിഗ്രഫി മേഖലയിലെ വിദ്യാർത്ഥികളോട് താങ്കളുടെ വിലയറിയ ഉപദേശം എന്തായിരിക്കും. ?
ഖുർആന്റെ കയ്യെഴുത്ത് പ്രതികളെ വിലയിരുത്തി ഗഹനമായ പഠനങ്ങൾ സാധ്യമാക്കുക. വലിയ കോട്ടകളിലും പള്ളികളിലും ലഭ്യമാവുന്ന എഴുത്തുശൈലികളെപ്പറ്റി പഠിക്കാൻ സമയം കണ്ടെത്തുക അതൊരു പക്ഷെ നിങ്ങൾ ഇതുവരെ അനുഭവിക്കാത്ത അറബി കലിഗ്രഫിയുടെ മേഖലകളിലേക്ക് നിങ്ങളെ വഴി നടത്തുന്നതാവും.