‘ രാം കെ നാം ‘ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ് എൻ. എസ്. അബ്ദുൽ ഹമീദ് ‘ ദി പിൻ ‘ നോടു സംസാരിക്കുന്നു :
എന്തുകൊണ്ടാണ് ‘രാം കെ നാം’ എന്ന പേര്?
ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ആത്മീയ ജീവിതത്തിൽ ഏറ്റവും സ്വാധീനമുള്ള ദേവസങ്കല്പമാണ് ശ്രീരാമൻ. മര്യാദാപുരുഷോത്തമൻ ശ്രീരാമ ഭഗവാൻ എന്നാണ് ഹൈന്ദവ വിശ്വാസികൾ രാമനെ അഭിവാദ്യം ചെയ്യുന്നത്. അങ്ങനെയൊരു രാമനെ അക്രമണോത്സുക പൗരുഷത്തിന്റെ പ്രതീകമാക്കി, വെറുപ്പിന്റെ അട്ടഹാസങ്ങളുടെ കൂടെ ചേർത്ത് ഒരു പ്രത്യേക രാഷ്ട്രീയ ആദർശം പടുത്തുയർത്തിയ നരകത്തെ കുറിച്ചുള്ള ആശങ്കകളാണ് പുസ്തകത്തിൽ. കോൺഗ്രസ് വളണ്ടിയർമാർക്ക് വേണ്ടി ഈയടുത്ത് വാർധയിൽ ചേർന്ന ശില്പശാലയിൽ പങ്കെടുത്ത് സംസാരിക്കവെ, ഹിന്ദുയിസവും ഹിന്ദുത്വവും രണ്ടും പര്സപര വിരുദ്ധമായ രണ്ട് ദ്രുവങ്ങളാണ് എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‍താവനയിൽ നിന്നാണ് ഇങ്ങനെയൊരു ആശയം എന്റെ മനസ്സിൽ പൂർണ്ണരൂപം പ്രാപിക്കുന്നത്. പലപ്പോഴായി എഴുതിയ ലേഖനങ്ങളിൽ നിന്ന് ഈ ആശയം ചർച്ച ചെയ്യുന്ന ലേഖനങ്ങൾ സമാഹരിച്ചതാണ് ‘രാം കെ നാം.’ 1991ൽ ആനന്ദ് പട്വർദ്ധൻ സംവിധാനം ചെയ്ത ഒരു ഡോക്യൂമെന്ററിക്കും ഇതേ പേരാണ്. ബാബരി മസ്ജിദ് തകർക്കാൻ വേണ്ടി ഹിന്ദുത്വർ നടത്തിയ രഥയാത്രയുടെ രാഷ്ട്രീയവും സാമൂഹിക ആഘാതവുമാണ് ആ ഡോക്യുമെന്ററി പറയുന്നത്.
എന്തുകൊണ്ടാണ് ഹിന്ദുത്വയെ ചർച്ചക്കെടുത്തത്?
വർഗീയത ഭൂരിപക്ഷത്തിന്റെ ആയാലും ന്യൂനപക്ഷത്തിന്റെയായാലും ഒരുപോലെ എതിർക്കപ്പെടണം എന്നാശയമാണ് എന്റേത്. മാത്രവുമല്ല, ഞാൻ വിശ്വസിക്കുന്ന മതം, രാഷ്ട്രീയം, ആദർശം തുടങ്ങിയവയുടെ മേൽവിലാസത്തിൽ വർഗ്ഗീയ-വംശീയ ചിന്ത ഉടലെടുക്കുകയോ അത്തരത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ ഏറ്റവും ശക്തിയിൽ അതിനെ എതിർക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതേസമയം, ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ വിവിധ വർഗ്ഗീയതകൾ സമീകരിക്കുക സാധ്യമല്ല. ഒന്നിനെ ചൂണ്ടി മറ്റൊന്നിനെ സാധൂകരിക്കുന്ന ഏർപ്പാട് വിഡ്ഢിത്തമാണ്. ഭയത്തിന്റെയും വെറുപ്പിന്റെയും മൊത്തവ്യാപാരമാണ് ഇവിടെ നടക്കുന്നത്. അതിൽ വൻകിട മൊത്തക്കച്ചവടക്കാരും ചെറുകിടക്കാരും ഉണ്ടാകും. ഇന്ത്യയിൽ അധികാരം കൈയ്യാളുന്ന ഹിന്ദുത്വം ഉയർത്തുന്ന വെല്ലുവിളി ഒട്ടും നിസ്സാരമല്ല. വർത്തമാന ലോകത്തെ ഏറ്റവും ആപൽക്കരമായ ഒരു വംശഹത്യാ സാധ്യതയുള്ള സമൂഹമാണ് നമ്മുടേത് എന്ന സ്ഥിതിയാണിപ്പോൾ. അത് തുറന്നു മനസ്സിലാക്കേണ്ടതുണ്ട്. അത് മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയണം. ഹിന്ദുത്വർ ആവശ്യപ്പെടുന്ന അവരാഗ്രഹിക്കുന്ന മറു രാഷ്ട്രീയം സമൂഹത്തെ കൂടുതൽ അപകടപ്പെടുത്തുകയേയുള്ളൂ എന്നതാണ് സത്യം. ഒരു പുസ്തകത്തിൽ തന്നെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്ന് നിരബന്ധമില്ലെന്ന് തോന്നുന്നു. മാത്രവുമല്ല, കഷ്ടപ്പെട്ട് ബാലൻസിങ് ചെയ്യുന്നതൊക്കെ വെറുതെ ഊർജ്ജവും സമയവും കളയുന്ന ഏർപ്പാടല്ലേ?
ആദ്യ പുസ്തകം തന്നെ ഇത്ര രൂക്ഷമായ രാഷ്ട്രീയ വിമർശനമാകുന്നത് യാദൃശ്ചികമാണോ?
പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ എന്റെ നിരീക്ഷണങ്ങളാണ്. പ്രത്യേകിച്ചും ദേശീയ രാഷ്ട്രീയത്തെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കാഴ്ചയാണിത്. പുസ്തകമെഴുതുക എന്ന ആഗ്രഹം കുറെ മുൻപേയുള്ളതാണെങ്കിലും ഇതായിരിക്കും ആദ്യത്തെ പുസ്തകം എന്ന് വിചാരിച്ചിട്ടില്ല.
വായനക്കാരോട് പറയാനുള്ളത്?
ആ പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ നിങ്ങളെ കൂടുതൽ ഭയത്തിലാഴ്ത്തും എന്ന ഒരു പോരായ്മ ആ പുസ്തകത്തിനുണ്ട്. നമ്മുടെ ജനത അർഹിക്കുന്ന പ്രതീക്ഷയുടെ നല്ല വാക്കുകൾ എനിക്ക് എഴുതാൻ കഴിഞ്ഞിട്ടില്ല. അതിനർത്ഥം ഈ രാജ്യം പ്രതീക്ഷയില്ലാത്ത വിധം നഷ്ടപ്പെട്ടു പോയി എന്നല്ല. ഇന്ത്യയുടെ ഭരണഘടനയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഇപ്പോൾ ഭാരത് ജോഡോ യാത്ര നടക്കുന്നില്ലേ, അതുപോലെ സ്നേഹത്തിന്റെ പ്രതീക്ഷയുടെ പ്രതിരോധങ്ങളുണ്ടാകും. അത്തരം ശ്രമങ്ങളെ ജനാധിപത്യപരമായി ശക്തിപ്പെടുത്തുകയാണ് വേണ്ടത്.