‘ എന്താണ്ടീ ‘എന്ന കവിതാ സമാഹാരത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് കവി സി.വി. എൻ ബാബു ‘ ദി പിൻ ‘ നോടു സംസാരിക്കുന്നു :
രചനയുടെ പശ്ചാത്തലം ?
പ്രകൃതി,മതം,മനുഷ്യൻ,വ്യവസ്ഥിതി ഇതെല്ലാം പ്രമേയമായി നമ്മുടെ കവിതകളിൽ വരുന്നുണ്ട്. രാഷ്ട്രീയമായി ചിന്തിക്കുക എന്നുള്ളതാണ് ആവിഷ്ക്കാരങ്ങളോടുള്ള നീതി.
ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന പ്രതിസന്ധി ആ രാജ്യത്തിൻറെ തന്നെ ഭരണകൂടമാണ്.നമ്മുടെ രാജ്യം ഭരിക്കുന്നത് ദൗർഭാഗ്യവശാൽ ബ്രാഹ്മണിക്കൽ ഫാസിസവും സാമ്പത്തികവുമാണ് ഈ അവിശുദ്ധ ബാന്ധവത്തിനെതിരെയുള്ള പ്രതിഷേധം പരിമിത സ്വഭാവത്തിലെങ്കിലും ഞാൻ സൃഷ്ടികളിൽ ശ്രമിച്ചിട്ടുണ്ട്.
കവിത ഒരു മാധ്യമം എന്ന നിലയിൽ ?
ഫേസ്ബുക്കിലൂടെയാണ് സജീവമായ കവിത എഴുത്ത് ഞാൻ ആരംഭിക്കുന്നത്.
ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ വരുന്ന കവിതകളാണ് ഞാൻ ആദ്യ കാലങ്ങളിൽ വായിച്ചിരുന്നത്.കവിത എഴുതണമെന്നോ ഒരു കവി എന്ന പേരിൽ അറിയപ്പെടണമെന്നോ ഞാൻ ഇന്നും ആഗ്രഹിക്കുന്നില്ല.
എന്റെ പ്രതിഷേധങ്ങളെ വിമർശനങ്ങളെ അടയാളപ്പെടുത്താൻ ഒരു വഴി എന്ന നിലക്കാണ് അക്ഷരങ്ങളെ ഉപയോഗിക്കുന്നത് .സാമൂഹിക വിപത്തുകൾക്കെതിരെ കൃത്യമായ രാഷ്ട്രീയബോധത്തോടെ പ്രതികരിക്കുക എന്നത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണല്ലോ സർഗാത്മകമായ ഇടപെടലുകളിൽ ഒരു മാധ്യമം എന്ന നിലക്കാണ് കവിതയും ഞാൻ എഴുതുന്നത് . ചിലപ്പോൾ നാടകങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമൊക്കെ പ്രതികരണം സംഭവിക്കാറുണ്ട്.
`എന്താണ്ടീ’ എന്ന കവിതാസമാഹാരം സംഭവിച്ചു പോയതാണ് .ഒരിക്കലും അങ്ങനെയൊന്ന് പ്രതീക്ഷിച്ചിട്ടില്ല.ഉള്ളിലെ അസ്വസ്ഥതകളെ കോറിയിടുക എന്നതിനപ്പുറം അതൊരു കവിതയാണോ എന്ന് പോലും എനിക്കറിയില്ല.കവിതയുടെ നിയമങ്ങളും നിബന്ധനകളും ഞാൻ ഇന്നും അറിയാൻ ശ്രമിക്കുന്നില്ല.മാത്രമല്ല ഏതെങ്കിലും ഒരിടത്ത് നമ്മുടെ ആവിഷ്കാരങ്ങളെ ഒതുക്കണം എന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ട്.എഴുത്തും,സിനിമയും,നാടകവും എനിക്ക് പറ്റും (പൊങ്ങച്ചമല്ല)എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ട് വീണ്ടും കവിത മാത്രം തുടരാൻ ഉദ്ദേശിക്കുന്നില്ല .എഴുതേണ്ട സമയത്ത് എഴുതാം.