അസമത്വങ്ങളുടെ ആൽഗരിതം

‘അസമത്വങ്ങളുടെ ആൽഗരിതം ‘ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ് ഡോ. താജ് ആലുവ ‘ദി പിൻ’ നോടു സംസാരിക്കുന്നു :

 

എന്താണ് ‘അസമത്വങ്ങളുടെ ആൽഗരിതം ‘ മുന്നോട്ട് വെക്കുന്ന പ്രമേയം?

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയുമുപയോഗപ്പെടുത്തി സാങ്കേതിക വിദ്യ അനുദിനം മുന്നോട്ട് കുതിക്കുമ്പോൾ കിതച്ചുപോകുന്ന ജനവിഭാഗങ്ങള്‍ ഏറെയുണ്ട്. ‘ഡിജിറ്റല്‍ ഡിവൈഡ്’ എന്ന ഓമനപ്പേരിട്ടുവിളിക്കുന്ന ഈ വിടവ്, യഥാ൪ഥ ലോകത്ത് അനീതിയുടെയും അസമത്വത്തിന്റെയും വിഷവിത്തുകള്‍ പാകിക്കൊണ്ടിരിക്കുന്നു. സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലഹവും സൃഷ്ടിക്കുന്നതിനും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നഗ്നമായി ലംഘിക്കുന്നതിനും അധികാരി വർഗം സാമൂഹിക മാധ്യമ ശൃംഖലകളുടെ ആല്‍ഗരിതത്തെ സമ൪ഥമായി ഉപയോഗപ്പെടുത്തി അധികാരക്കസേര ഉറപ്പിക്കുകയും ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് ദീ൪ഘകാലം അതില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തൂ പോരുന്നു. ഉന്നത ശ്രേണിയിലുള്ളവരുടെ മാത്രം അവകാശങ്ങള്‍ സംരക്ഷിക്കുന്ന, അവ൪ക്ക് വേണ്ടി മാത്രം ഓശാന പാടുന്ന വെറും ചട്ടുകങ്ങളായി പല ജനപ്രിയ സാമൂഹിക മാധ്യമങ്ങളും മാറിപ്പോയിരിക്കുന്നു. ലോകത്തെ ഭൂരിപക്ഷം മനുഷ്യരെയും പരമാവധി സമയം തങ്ങളുടെ നെറ്റ് വ൪ക്കുകളില്‍ തളച്ചിടുകയും അവരുടെ സ്വകാര്യ വിവരങ്ങളടക്കം വിറ്റ് കാശാക്കുകയും ചെയ്യുന്ന പ്രവണതയും സാമൂഹിക മാധ്യമങ്ങള്‍ക്കിടയില്‍ കൂടി വരികയാണ്. ഒട്ടും സാമൂഹിക പ്രതിബദ്ധതയില്ലാതെ, സ്വന്തം ലാഭം മാത്രം നോക്കി പ്രവ൪ത്തിക്കുന്ന ഈ മാധ്യമ ഭീകര൪ക്കെതിരെ ലോകം മുഴുവ൯ പ്രതിഷേധം കനക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇത്തരം വിഷയങ്ങളെ ഏറെക്കുറെ സമഗ്രമായി വിശകലനം ചെയ്യുകയെന്നതാണ് ഈ പുസ്തകം ലക്ഷ്യം വെക്കുന്നത്.

 

ഈ പുസ്തകം എഴുതാനുണ്ടായ പ്രചോദനം എന്താണ്?

ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചും അവ നമുക്ക് പ്രദാനം ചെയ്യുന്ന ധാരാളം ഗുണങ്ങളെ കുറിച്ചും നമുക്കെല്ലാവർക്കും ഒരുപാട് പറയാനുണ്ട്. എന്നാൽ ഈ സാങ്കേതികവിദ്യ തന്നെ നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നതിനെക്കുറിച്ചും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെ കൂടുതൽ ദുരിതങ്ങളിലേക്ക്

തള്ളി വിടുന്നതിനും അവ ഉപയോഗപ്പെടുത്തുന്നു എന്ന ഒരു ബോധ്യം കൂടിയാണ് ഈ പുസ്തക രചനക്ക് പിന്നിൽ. നമ്മൾ പലപ്പോഴും ഗൂഗിളിൽ ഒരു പദം സെർച്ച് ചെയ്യുമ്പോഴും സോഷ്യൽ മീഡിയയിൽ നമ്മുടെ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴും മറ്റു വല്ലവരുടെയും സ്റ്റാറ്റസിനോ പോസ്റ്റുകൾക്കോ കമന്റുകളോ ലൈക്കുകളോ കൊടുക്കുമ്പോഴും നമ്മിൽനിന്ന് ഈ നെറ്റ്‌വർക്കുകൾ ശേഖരിക്കുന്ന ഡാറ്റ പിന്നീട് മൂന്നാം കക്ഷികൾക്ക് വിൽക്കുന്നതും വാണിജ്യപരമായ ആവശ്യങ്ങൾക്ക് അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന സംഗതിയാണ്. എന്നാൽ അതിനപ്പുറം ഇവ നമ്മുടെ ജനാധിപത്യ അവകാശങ്ങളെ അട്ടിമറിക്കുന്നതിനും പൗരാവകാശങ്ങളെ നിഷേധിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന തിരിച്ചറിവ് പലർക്കും ഇല്ല. സോഷ്യൽ മീഡിയയിലെ നമ്മുടെ വ്യവഹാരങ്ങളെ പ്രത്യേകമായ ആൽഗരിതത്തിന്റെ സഹായത്തോടുകൂടി വിശകലനം ചെയ്ത് സാമൂഹികമാധ്യമ മേഖലയിലെ നമ്മുടെ സ്വഭാവത്തെയും എന്തിനധികം നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങളെ പോലും സ്വാധീനിക്കുകയും ചെയ്യുന്നതലത്തിലേക്ക് ഇത് വളർന്നിട്ടുണ്ട്. ഈ വിഷയങ്ങളൊക്കെ ചില വായനകളിൽ നിന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഇത്തരമൊരു പുസ്തകം രചിക്കാൻ തുനിഞ്ഞത്.

 

ഇത്തരം സമകാലിക സമസ്യകൾക്ക് ഏതെങ്കിലും തരത്തിലുള്ള പരിഹാരം പുസ്തകം നിർദ്ദേശിക്കുന്നുണ്ടോ?

തീർച്ചയായും. സമാന വിഷയങ്ങൾ കാലാകാലങ്ങളിൽ പരിഹരിക്കപ്പെട്ട രീതികൾ മുന്നിൽ വെച്ച് ഇത്തരം പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശങ്ങൾ പുസ്തകം ഉൾക്കൊള്ളുന്നുണ്ട്. ഒരു ഭാഗത്തു, അതിനുതകുന്ന നിയനിർമാണങ്ങൾ അധികാരികളുടെ ഭാഗത്തു നിന്നും മറുഭാഗത്ത് പൗരാവകാശ പ്രസ്ഥാനങ്ങളും സാധാരണ ജനങ്ങളും ബോധവത്കരിക്കപ്പെടേണ്ടതും ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണ്.

സമാന വിഷയങ്ങളിൽ പുതിയ രചനകൾ ഭാവിയിൽ ഉണ്ടാകുമോ?

ദിനേനയെന്നോണം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ പുതിയ പുതിയ പ്രശ്നങ്ങളാണ് നമുക്ക് മുന്നിൽ കൊണ്ട് വന്നിടുന്നത്. അത്തരം വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ പതിപ്പുകൾ പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *