ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലും വംശീയത ഫണം വിടർത്തി നിൽക്കുന്നുണ്ട്. സ്വന്തം ടീമിനകത്ത് നിന്നുപോലും കറുത്തവനായതിന്റെ പേരിൽ നിരവധി വംശീയ അധിക്ഷേപങ്ങൾ എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഞാൻ കറുത്തവനും ശക്തനുമാണ്, എന്റെ കറുപ്പിൽ ഞാൻ അഭിമാനിക്കുന്നുണ്ട്”
പ്രശസ്ത വെസ്റ്റിൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയിൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വാക്കുകളാണിത്. അമേരിക്കയിലെ മിനിയോപോളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പോലീസുകാർ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തിൽ ലോകത്ത് പ്രതിഷേധചത്വരം രൂപപ്പെടുന്നതിനിടയിലായിരുന്നു താരത്തിന്റെ പ്രതികരണം. വംശീയാധിക്ഷേപങ്ങൾ എന്നും ഒരു തുടർക്കഥയാണ്. അതിർവരമ്പുകൾ ഭേദിച്ച് ലോകത്തിന്റെ വ്യത്യസ്ത മേഖലകളിൽ അവ വിരാജിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളിൽ ഫുട്ബോളിലെ വംശിയാധിക്ഷേപങ്ങൾ നിരന്തരം ചർച്ചയാവുന്നതുപോലെ, ക്രിക്കറ്റിൽ നടമാടുന്ന ഇത്തരം സംഭവങ്ങൾ വേണ്ടവിധം ഇടം പിടിക്കാറില്ല. അതിന്റെ പ്രതിഫലനമാണ് ക്രിസ് ഗെയിലിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.
1968-ലെ മെക്സിക്കോ ഒളിമ്പിക്സിൽ അമേരിക്കൻ അത്‌ലറ്റുകളായ ടോമീ സ്മിത്തും ജോസ് കാർലോസും മെഡൽ പോഡിയത്തിൽ വച്ച് നടത്തിയ ബ്ലാക്ക് പവർ സല്യൂട്ട് പ്രസിദ്ധമാണ്. ആത്മാഭിമാനത്തോടും ദൃഢനിശ്ചയത്തോടും കൂടിയുള്ള ആ മുഷ്ടി ചുരുട്ടൽ കളിക്കളത്തിലെ വംശീയ അധിക്ഷേപങ്ങളോടുള്ള രോഷപ്രകടനമായിരുന്നു. കായികലോകം അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ആപേക്ഷികമെന്നോണം വംശീയ വിവേചനങ്ങൾ ഉന്മൂലനം ചെയ്യാനുള്ള വിവിധ ആവിഷ്കാരങ്ങൾക്ക് കായിക സംഘടനകൾ രൂപം നൽകി. എങ്കിലും, കളിക്കളങ്ങളും ഗാലറികളും വർണ-വംശീയതയുടെ ഫണം തുപ്പുന്ന വിഷങ്ങളാൽ നിറംമങ്ങിയ വേദികളായി നിലനിന്നു. ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങൾക്കും അരികുവൽക്കരണങ്ങൾക്കും ഒരു നീണ്ട ചരിത്രമുണ്ട്. 1950-60-കളിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് റൈഡിങ്ങിന്റെ മില്ലുകളിലേക്കും ഫാക്ടറികളിലേക്കും ഏഷ്യൻ തൊഴിലാളികളുടെ ഒരു കുത്തൊഴുക്ക് അനുഭവപ്പെട്ടിരുന്നു. ഇത് ചില പ്രാദേശിക ലീഗുകളിലേക്കുള്ള ഏഷ്യൻ ക്രിക്കറ്റർമാരുടെ ബാഹുല്യത്തിന് കാരണമായി. എന്നാൽ, അവർക്ക് ലഭിച്ചിരുന്നത് ഹൃദ്യമായ സ്വീകരണമായിരുന്നില്ല. തികഞ്ഞ മുൻവിധിയും വിവേചനവും അവരോടുള്ള സമീപനത്തിൽ അന്തർഭവിച്ചിരുന്നു. തോൽവികളുണ്ടാവുമ്പോൾ ഏഷ്യൻ കളിക്കാരെ ഇംഗ്ലീഷ് പത്രങ്ങൾ പരിഹസിച്ചു. എന്നാൽ, ഡെവൺ മാൽക്കമിനെപ്പോലുള്ള വെളുത്ത ദക്ഷിണാഫ്രിക്കക്കാർ അവരിലുണ്ടായിരുന്നിട്ടും പ്രസ്തുത പരിഹാസത്തിന് അവരാരും പാത്രങ്ങളായിട്ടില്ല. അതിനാൽ, സമീപകാല സംഭവവികാസങ്ങൾക്കപ്പുറം ക്രിക്കറ്റിൽ വംശീയതയുടെ ഇരുൾ വീണു തുടങ്ങിയിട്ട് അറുപത് വർഷത്തിലേറെയായി. ഇതിനുതകുന്ന ധാരാളം ഉദാഹരണങ്ങൾ സമീപകാല അനുഭവങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ ക്രിക്കറ്റർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും കാണികളിൽ നിന്ന് വംശീയധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഇതിനു സമാനമായി നടന്ന മറ്റൊരു സംഭവമാണ് ഏഷ്യൻ വംശജനായ അസീം റഫീക്കിന് നേരെയുള്ള യോക്ക്ഷെയറിലെ കൗണ്ടി ക്രിക്കറ്റ് കാണികളുടെ പരിഹാസം. യഥാർത്ഥത്തിൽ, കാണികളിൽ നിന്നു മാത്രമല്ല, സഹകളിക്കാരിൽ നിന്നുപോലും ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടാറുണ്ട്. യോക്ക്ഷെയറിൽ കളിച്ചുകൊണ്ടിരിക്കെ തന്റെ സഹകളിക്കാരനായ ജാക്ക് ബ്രൂക്ക്സിൽ നിന്ന് “സ്റ്റീവ്” എന്ന വംശീയ ചുവയുള്ള നാമകരണം ഇന്ത്യൻ ക്രിക്കറ്റർ ചേതേഷ്വർ പുജാര അഭിമുഖീകരിച്ചിരുന്നു.
ഗ്യാലറികളിൽ നിന്ന് എക്കാലത്തും ആക്രോശങ്ങളും അട്ടഹാസങ്ങളും ഉയർന്നു കേട്ടിട്ടുണ്ടെങ്കിലും, ആധുനികകാലത്ത് അവയിൽ ഇതരമാനങ്ങൾക്ക് സ്ഥാനം ലഭിച്ചിട്ടുണ്ടെന്ന് സൂക്ഷ്മ നിരീക്ഷണത്തിലൂടെ ഗ്രഹിക്കാവുന്നതാണ്. തീവ്ര വലതുപക്ഷവാദികൾ നിർബാധം ഉയർത്താറുള്ള ഇസ്‌ലാമോഫോബിയയുടെ മുദ്രാവാക്യങ്ങൾ ഗാലറികൾ പലപ്പോഴായി ഏറ്റെടുക്കാറുണ്ട്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഹാഷിം അംലയെ “തീവ്രവാദി” എന്ന് കമന്റേറ്റർ അഭിസംബോധന ചെയ്തത് അതിന്റെ ബാക്കി പത്രമാണ്. പ്രശസ്ത ബംഗ്ലാദേശി-സ്വീഡിഷ് എഴുത്തുകാരി തസ്‌ലീമ നസ്റിൻ ഇംഗ്ലണ്ട് ക്രിക്കറ്റർ മൊയിൻ അലിയെ കുറിച്ച് “മൊയിൻ അലി ക്രിക്കറ്റിൽ എത്തിയില്ലായിരുന്നെങ്കിൽ, ISISൽ ചേരാൻ സിറിയയിലേക്ക് പോകുമായിരുന്നു” എന്ന പ്രസ്താവന നടത്തിയിരുന്നു. അത് സാമൂഹ്യമാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2015-ലെ ആഷെസ് ടെസ്റ്റിൽ അദ്ദേഹത്തെ ഒരു ഓസ്ട്രേലിയൻ കളിക്കാരൻ “ഉസാമ” എന്ന് വിളിച്ചതും സാമൂഹിക മാധ്യമങ്ങളിൽ വിവാദത്തിനിടയാക്കി. ഇത്തരത്തിൽ അധിക്ഷേപ ശരങ്ങളിലൂടെ ഗൗരവമേറിയ മാനസിക പിരിമുറുക്കങ്ങളാണ് കളിക്കാർ അനുഭവിക്കുന്നത്.
ആധുനിക സമൂഹത്തിൽ നോർമലൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയാടലുകളും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. പാക്കിസ്ഥാനെതിരെ ഇന്ത്യ തോൽവി വഴങ്ങുമ്പോൾ മുസ്‌ലിമായ മുഹമ്മദ് ശമിയും സിഖുക്കാരനായ അർഷദീപ് സിംഗും വംശീയ അധിക്ഷേപങ്ങൾക്ക് വിധേയരാവുന്നത് അതിനാലാണ്. ടീം സെലക്ഷനുകളിലെ ബ്രാഹ്മണിക്കൽ മേൽക്കോയ്മയും ന്യൂനപക്ഷങ്ങളെ തഴയലും അന്ത്യമില്ലാതെ തുടർന്നുകൊണ്ടിരിക്കുകയാണ്. കേവല വാഗ്ദാനങ്ങളുടെ തേഞ്ഞൊട്ടിയ അടിത്തഴമ്പുകൊണ്ടാണ് സ്ഥാപനവൽകൃത വംശീയതയെ ഇവർ പ്രതിരോധിക്കുന്നത്. ലോകത്തിനും രാജ്യത്തിനും പകൽവെളിച്ചത്തിൽ കാണാനാവുന്ന ഒരു നഗ്നസത്യമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. പരിഷ്കാരികൾ എന്ന പൊള്ളയായ വലിപ്പം പേറി നടക്കുന്ന ഇന്നത്തെ “പരിഷ്കൃത” സമൂഹത്തിന്റെ പെരുമാറ്റത്തിൽ യാതൊരുവിധ പരിവർത്തനവും സംഭവിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. സമൂഹത്തിലെ ന്യൂനപക്ഷങ്ങളെ അപരിഷ്കൃതർ എന്ന് മുദ്രകുത്തുന്ന വേളയിലും, തികച്ചും അപലപനീയ സമീപനമാണ് ഇത്തരത്തിലുള്ള സമൂഹങ്ങൾ സ്വീകരിക്കുന്നത്. നമ്മുടെ സാമൂഹിക രാഷ്ട്രീയ ക്രമത്തിൽ വംശീയത പടർന്നു പിടിച്ചിരിക്കുന്നു എന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. വംശീയതയുടെ വ്യത്യസ്ത മാനങ്ങളെ നമ്മുടെ ചിന്താമണ്ഡലങ്ങൾ സ്വാംശീകരിക്കേണ്ടതുണ്ട്. സാമ്രാജ്യത്വ ഭീകരതയും അധിനിവേശ പശ്ചാത്തലവും വിത്തുപാകിയ ഈ വിഷലിപ്ത മനോഭാവത്തെ കടപുഴക്കി എറിയേണ്ടത് നമ്മുടെ കർത്തവ്യമാണ്.