‘പത്മശ്രീ അലി മണിക്ഫാൻ കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ ‘ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ് സദ്റുദ്ദീൻ വാഴക്കാട് ‘ദി പിൻ ‘ നോടു സംസാരിക്കുന്നു :
താങ്കളുടെ പുതിയ പുസ്തകം, ‘പത്മശ്രീ അലി മണിക്ഫാൻ കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ’ പുറത്തിറങ്ങിയിരിക്കുകയാണല്ലോ! എന്താണ് ഈ പുസ്തകത്തിൻ്റെ പശ്ചാത്തലം?
= ചരിത്രത്തോട് പൊതുവെയും ജീവചരിത്ര കൃതികളോട് പ്രത്യേകിച്ചും എനിക്ക് കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ താൽപര്യമുണ്ടായിരുന്നു. അധ്യാപനം വിട്ട് പത്രപ്രവർത്തന രംഗത്തേക്ക് വന്നതോടെ, ചരിത്രമെഴുത്തിന് സാധ്യതകൾ തുറന്നു കിട്ടി. കേരളത്തിൽ ഉടനീളം യാത്ര ചെയ്ത്, നിരവധി ജീവിതങ്ങളെ അക്ഷരങ്ങളിൽ ആവിഷ്കരിക്കാൻ എനിക്ക് അവസരമുണ്ടായി. കേരളത്തിലെ മുസ്ലിം സ്ത്രീ വ്യക്തിത്വങ്ങളും ഇസ്ലാമിക പരിഷ്കരണ പ്രവർത്തനങ്ങളിൽ മുദ്ര പതിപ്പിച്ചവരുമാണ്
ഈ പരമ്പരയിൽ കൂടുതൽ കടന്നു വന്നത്. ഇതിൻ്റെ ഭാഗമായിരുന്നു അലി മണിക്ഫാൻ്റ ജീവചരിത്ര രചനയും.
യഥാർത്ഥത്തിൽ, വളരെ മുമ്പുതന്നെ വായനക്കിടയിൽ മനസ്സിൽ പതിഞ്ഞ പേരാണ്
അലി മണിക്ഫാൻ എന്ന പ്രതിഭയുടേത്. 2015 കാലത്തു തന്നെ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ, പല കാരണങ്ങളാൽ എഴുത്ത് നീണ്ടുപോയി.
പത്മശ്രീ അവാർഡ് കിട്ടുന്നതിന് മുമ്പുതന്നെ, പ്രസാധകരായ ബി.എസ്.എം ട്രസ്റ്റുമായി ബന്ധപ്പെട്ട് പുസ്തക രചനയുടെ ചർച്ചകൾ ആരംഭിച്ചിരുന്നു. പിന്നീട്, തമിഴ്നാട്ടിലും വയനാട്ടിലും തലശ്ശേരി പാനൂരിലും യാത്ര ചെയ്തും വാഴക്കാട്ട് എൻ്റെ വീട്ടിൽ താമസിച്ചുമൊക്കെ ഞങ്ങൾ ആശയ വിനിമയം നടത്തി. ഏതാണ്ട്, ആറ് മാസം നീണ്ടു നിന്ന ഈ രചനാ പ്രക്രിയ കഴിഞ്ഞ്, 2021 ഡിസംബറോടെ തന്നെ പുസ്തകം പൂർത്തിയായിരുന്നു. സാങ്കേതിക കാരണങ്ങളാൽ ഇപ്പോഴാണ് പ്രസാധനം സാധിച്ചത്.
എന്താണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം?
= അലി മണിക്ഫാൻ്റെ ജീവിതവും ചന്ദ്രമാസ കലണ്ടറുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നിലപാടുകളുമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. രണ്ട് ഭാഗങ്ങളിലായി, മുപ്പത്തിയൊന്ന് അധ്യായങ്ങളുണ്ട്. ആദ്യഭാഗം അദ്ദേഹത്തിൻ്റെ ജീവിതമാണ്. മിനികോയ് എൻ്റെ ജന്മദേശം, സാമൂഹിക ഘടന-ജീവിതം-സംസ്കാരം,
ഭരണം – അധികാരം, മിനികോയിലെ പെൺപെരുമ, ഹുസൈൻ ദീദിയുടെ പരിഷ്കരണ പ്രവർത്തനങ്ങൾ, ഹാന്തു ബലൻ, മിനികോയിലെ നോമ്പുകാലം, കുട്ടിക്കാലം കളിയും കാര്യവും, അറിവ് തേടി കണ്ണൂരിലേക്ക്, കപ്പലോട്ടം പഠിക്കുന്നു, ആകാശത്തെ അറിയുന്നു, അധ്യാപനം -കണ്ടുപിടുത്തങ്ങളുടെ തുടക്കം, ജീവിതം ഗതി മാറുന്നു,
ഡോ. എസ് ജോൺസ് എൻ്റെ വഴികാട്ടി, മണിക്ഫാനി; ഒരു മീനിൻ്റെ കഥ, മാർ ഗ്രിഗോറിയസിൻ്റെ മെക്കാനിക്ക്, വേതാളെയിലെ വിൻ്റ് മിൽ,
സിന്ദ്ബാദിൻ്റെ കപ്പൽ, ‘മോട്ടോർ സൈക്കിളിലെ’ ദൽഹിയാത്ര, വള്ളിയൂരിലെ വരണ്ട ഭൂമി എന്നിങ്ങനെ നീളുന്നു ഒന്നാം ഭാഗത്തെ അധ്യായങ്ങൾ. രണ്ടാം ഭാഗത്ത്,
എന്തുകൊണ്ട് ചന്ദ്രമാസ കലണ്ടർ, കലണ്ടറിൻ്റെ ചരിത്രം, ഖുർആനിലുണ്ട് ഗോള ശാസ്ത്ര പാഠങ്ങൾ, കാലഗണന ഖുർആനിക പ്രമേയം, സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണ്, അന്തർദേശീയ സമയരേഖ, മദീനയിലെ കലണ്ടർ,
തിയ്യതിയും ദിവസവും, മാസപ്പിറവി; കണക്കും കാഴ്ച്ചയും തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. അലി മണിക്ഫാൻ്റെ വിശദമായ ജീവിതരേഖയുമുണ്ട്.
ലക്ഷദ്വീപിൻ്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്ന എൻ്റെ പഠനം ഇരുപത് പേജുകളിൽ അനുബന്ധമായി കൊടുത്തിട്ടുണ്ട്. പാനൂരിലെ ബി.എസ്.എം ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 272 പേജുള്ള പുസ്തകം സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
താങ്കൾ മനസിലാക്കിയേടത്തോളം എന്തൊക്കെയാണ് അലി മണിക്ഫാൻ്റെ സംഭാവനകൾ?
= നാട്യങ്ങളില്ലാത്ത ജീവിതം കൊണ്ട് കാലത്തിനു മേൽ ശാസ്ത്ര-വൈജ്ഞാനിക അന്വേഷണ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അലി മണിക്ഫാൻ. ബഹളം വെക്കാത്ത
വൈജ്ഞാനിക യാത്രയിലൂടെ തലമുറകൾക്ക് പ്രചോദനമാകാൻ കഴിയുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ വലിയ സംഭാവന. അടുത്തറിയുംതോറും അദ്ദേഹം നമ്മെ അൽഭുതപ്പെടുത്തിക്കൊണ്ടിരിക്കും. ചുറ്റും കണ്ണെറിഞ്ഞ് ചോദ്യങ്ങൾ ഉന്നയിക്കാനും പ്രകൃതിയെ നോക്കി പഠിക്കാനും പ്രായോഗിക മാതൃക കാണിച്ചിട്ടുണ്ട് അദ്ദേഹം. അതെങ്ങനെയാണെന്ന് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ശാസ്ത്ര ഗവേഷണമാണ് അദ്ദേഹത്തിൻ്റെ രണ്ടാമത്തെ സംഭാവന. വലിയ ലബോറട്ടറികളും റിസർച്ച് സെൻ്ററുകളും ഒന്നുമില്ലാതെ അദ്ദേഹം പല വൈജ്ഞാനിക മേഖലകളിലും ഗവേഷണം നടത്തി. ഈ പ്രപഞ്ചമാണ് അദ്ദേഹത്തിൻ്റെ പരീക്ഷണശാല. ചന്ദ്രമാസ കലണ്ടറുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ പഠനം ആഴമേറിയതാണ്. വിഷയത്തിൽ അദ്ദേഹത്തിൻ്റെ നിലപാടുകൾ ശരിയൊ, തെറ്റോ ആകട്ടെ, നാം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യട്ടെ അതിനെ നമുക്ക് വൈജ്ഞാനികമായി നമുക്ക് അഭിമുഖീകരിക്കാതിരിക്കാൻ സാധ്യമല്ല. നിരവധി വിജ്ഞാന മേഖലകളിൽ അദ്ദേഹം
പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസവും സർട്ടിഫിക്കറ്റുകളുടെ അകമ്പടിയുമില്ലാതെ എങ്ങനെ ഒരാൾക്കിത് സാധിക്കുന്നു! തൻ്റെ ഈ ജീവിതം തന്നെയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സംഭാവന.
അലി മണിക്ഫാനെക്കുറിച്ച് ഇനിയും പഠനം നടക്കേണ്ട മേഖലകൾ എന്തൊക്കെയാണ്?
യഥാർത്ഥത്തിൽ അലി മണിക്ഫാനെക്കുറിച്ച് ഗവേഷണപഠനമൊന്നും ഇതുവരെ നടന്നിട്ടില്ല. എൻ്റെ പുസ്തകം ജീവചരിത്ര വിവരണമാണ്. അദ്ദേഹത്തിൻ്റെ വൈജ്ഞാനിക, ശാസ്ത്ര ഗവേഷണ മേഖലകളിലൂടെയുള്ള യാത്ര അടയാളപ്പെടുത്തുകയാണ് ഇതിൽ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിൻ്റെ അറിവിൻ്റെ ലോകം രേഖപ്പെടുത്തുകയും ഗവേഷണ വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ലോകോത്തര യൂനിവേഴ്സിറ്റികളിൽ പി.എച്ച്.ഡി തിസീസിന് വിഷയമാക്കേണ്ടതാണ് അദ്ദേഹത്തിൻ്റെ ജീവിതവും കണ്ടുപിടുത്തങ്ങളും. ഗോള ശാസ്ത്രം, സമുദ്രശാസ്ത്രം തുടങ്ങിയവ വിശേഷിച്ചും.