നവനാസ്തികരുടെ ഇസ്ലാം വിമര്‍ശനങ്ങള്‍

 

‘നവനാസ്തികരുടെ ഇസ്ലാം വിമര്‍ശനങ്ങൾ ‘ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ് അബ്ദുല്‍ അസീസ് അന്‍സാരി പൊന്‍മുണ്ടം ‘ദി പിൻ ‘നോടു സംസാരിക്കുന്നു :

 

രചനയുടെ പശ്ചാത്തലം ?

വിശ്വാസികളില്‍ സംശയവും അവിശ്വാസവും ജനിപ്പിക്കുക എന്നത് ഒരു ഹോബിയായി കൊണ്ടുനടക്കുന്നവരാണ് നവനാസ്തികര്‍. അതിനുവേണ്ടി നുണകള്‍ എഴുന്നള്ളിക്കുകയും, ചരിത്രത്തെയും പ്രമാണത്തെയും വക്രീകരിച്ച് ആനന്ദം കണ്ടെത്തുകയും, ലോകം ആദരിക്കുന്ന മഹദ് വ്യക്തിത്വങ്ങളെ അവഹേളിക്കുകയും ചെയ്യുന്നവര്‍. മനഷ്യ ജീവിതത്തിലെ സങ്കീര്‍ണമായ സമസ്യകളെയൊക്കെ ലളിത യുക്തികൊണ്ട് സമീപിച്ച്, ബാലിശമായ ചോദ്യങ്ങളും വാദങ്ങളും ഉന്നയിക്കുന്ന അവരെ യുക്തിവാദികള്‍ എന്ന് വിളിക്കുന്നത് വ്യാവഹാരിക സൗകര്യത്തിനുവേണ്ടി മാത്രമാണ്. സത്യം സൂര്യപ്രകാശം പോലെ വ്യക്തമായാലും അംഗീകരിക്കില്ലെന്ന് തീരുമാനിച്ചതുകൊണ്ടാണവര്‍ ഓറിയന്റലിസ്റ്റുകളില്‍നിന്നും മിഷനറിമാരില്‍നിന്നും കടംകൊണ്ട, മുസ്ലിം പണ്ഡിതന്മാര്‍ പലവുരു മറുപടി പറഞ്ഞുകഴിഞ്ഞ വാദങ്ങളും ആരോപണങ്ങളും പുതിയ കുപ്പിയിലാക്കി ആളുകളെ കബളിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

ഫെയ്സ് ബുക്കില്‍ മലയാളി നാസ്തികരാല്‍ നടത്തപ്പെടുന്ന ‘ഫ്രീ തിങ്കേഴ്സ്’ ഗ്രൂപ്പില്‍ ഏതാണ്ട് മൂന്ന്‍ വര്‍ഷം മുമ്പ് ഈയുള്ളവന്‍ അംഗമാവുകയും അവിടെ കണ്ടുവന്ന രൂക്ഷമായ ഇസ്ലാം വിമര്‍ശനങ്ങളില്‍ ചിലതിന് മറുപടി നല്‍കുകയും ചെയ്തപ്പോള്‍ അത് മുസ്ലിം നാമധാരികളും കടുത്ത ഇസ്ലാം വിരോധികളുമായ ചില നാസ്തികരുമായുള്ള ഓണ്‍ലൈന്‍ സംവാദങ്ങള്‍ക്ക് വഴിയൊരുക്കി. ഇഎ ജബ്ബാറിനെപ്പോലുള്ള നവനാസ്തിക (എക്സ് മുസ്ലിംസ്) നേതാക്കളുടെ സമര്‍ത്ഥമായ ചില കബളിപ്പിക്കലുകളെ തുറന്നുകാണിക്കാനും അന്ന്‍ അവസരമുണ്ടായി. അവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചില ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ ഇസ്ലാം സ്നേഹികളില്‍നിന്ന്‍ വര്‍ദ്ധിത പിന്തുണയും പ്രോത്സാഹനവും ലഭിച്ചുകൊണ്ടിരുന്നു. എക്കാലത്തെയും പോലെ, ഇസ്ലാമിലെ യുദ്ധങ്ങള്‍, നബി(സ)യുടെ കുടുംബ-രാഷ്ട്രീയ ജീവിതം, ഇസ്ലാമിലെ സ്ത്രീ, അടിമത്തം, ഇസ്ലാമിലെ അനന്തരാവകാശ നിയമം, മതപരിത്യാഗിയുടെ ശിക്ഷ, അമുസ്ലിംകളെ ആത്മമിത്രങ്ങളാക്കല്‍, ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പൌരന്‍മാര്‍, ഹദീസുകളിലെ അയുക്തികത, ഖുര്‍ആന്റെ ദൈവികത, ഖുര്‍ആനും ശാസ്ത്രവും, സ്വര്‍ഗ സംബന്ധമായ ഖുര്‍ആനിക പരാമര്‍ശങ്ങള്‍, ഖുര്‍ആന്റെ സുരക്ഷിതത്വം… തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു അന്നത്തെയും മിക്ക ചര്‍ച്ചകളും. അതിനിടെയാണ്, ഈയുള്ളവന്‍ എഴുതിയ കുറിപ്പുകള്‍ ആവശ്യമായ പരിഷ്കരണങ്ങള്‍ നടത്തിയും മറ്റുചില വിഷയങ്ങള്‍ ചേര്‍ത്തും പുസ്തകമാക്കി ക്രോഡീകരിക്കണം എന്ന ആവശ്യം ചില സുഹൃത്തുക്കള്‍ മുന്നോട്ടു വെക്കുന്നത്. സ്നേഹപൂര്‍ണമായ ആ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ രചനയാരംഭിച്ചത്. അതിന്റെ ഒരു ഭാഗമാണിവിടെ ‘നാസ്തികരുടെ ഇസ്ലാം വിമര്‍ശനങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്. ഇസ്ലാമിനെതിരെ പൊതുവായും ഖുര്‍ആനെതിരില്‍ പ്രത്യേകമായും ഉന്നയിക്കപ്പെടാറുള്ള വിമര്‍ശനങ്ങളുടെ സാമാന്യം വിശദമായ നിരൂപണവും മറുപടിയുമാണ് ഈ പുസ്തകത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. 18 അധ്യായങ്ങള്‍, 82 സബ് ടൈറ്റിലുകള്‍.

 

നവനാസ്തികതയുടെ സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യം?

പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ, ക്രൈസ്തവ ചര്‍ച്ചിനെതിരായ വൈജ്ഞാനിക മുന്നേറ്റത്തിന്‍റെ ഭാഗമായി ഉടലെടുത്തതാണ് ഭൗതികവാദ, യുക്തിവാദ പ്രസ്ഥാനങ്ങള്‍. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ അവ ലോകത്ത് പ്രചാരം നേടി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അവ തീരേ നിര്‍ജീവമായെങ്കിലും വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി വീണ്ടും സജീവമായി. നവനാസ്തികര്‍ എന്ന പേര് സ്വയം സ്വീകരിച്ച അവര്‍ സാമൂഹ്യ മാധ്യമങ്ങളാകുന്ന വളക്കൂറുള്ള മണ്ണില്‍ വിശ്വാസികള്‍ക്ക് നേരെ കൊമ്പുകുലുക്കി നടക്കുന്നതാണ് പിന്നീട് ലോകം കണ്ടത്. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിലും ജനസേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിഷയത്തിലും മത വിശ്വാസികളുടെ മാത്രമല്ല, പഴയ കാല നാസ്തിക പ്രസ്ഥാനങ്ങളുടെ പോലും നാലയലത്തെത്താന്‍ കഴിയാത്തവരാണ് ഈ നവനാസ്തികര്‍. എങ്കിലും മതവിശ്വാസികളെ മനുഷ്യരായംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല! ‘മതമുപേക്ഷിക്കുക മനുഷ്യരാവുക’ എന്ന അവരുടെ മുദ്രാവാക്യം ആ ചിന്തയില്‍നിന്ന്‍ ഉയിര്‍കൊണ്ടതാണ്; ഇന്നത് അവരെനോക്കി പരിഹസിച്ച് ചിരിക്കുന്നുണ്ടെങ്കിലും!

‘സ്വതന്ത്ര ചിന്തകര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് നവനാസ്തികര്‍. അതേസമയം സമൂഹത്തിന്റെ ധാര്‍മികാടിത്തറയെത്തന്നെ തകര്‍ക്കുന്ന ചിന്തകളും സിദ്ധാന്തങ്ങളുമാണ് അതിന്റെ മറവില്‍ അവര്‍ പ്രസരണം ചെയ്തുകൊണ്ടിരിക്കുന്നത്. മതവും ദൈവവിശ്വാസവുമാണ് ലോകത്തിലെ സകല തിന്മകളുടെയും നാരായ വേര് എന്ന്‍ സിദ്ധാന്തിക്കുന്ന ഏറെ ലളിതവല്‍ക്കരിക്കപ്പെട്ട ഒരു ജീവിതവീക്ഷണമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഭൗതിക-നാസ്തിക വാദങ്ങള്‍ക്കും യുക്തിവാദി പ്രസ്ഥാനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ആശയപരമായ ആക്രമണം നേരിടേണ്ടിവന്നത് ഇസ്‌ലാമിക ലോകത്തുനിന്ന് ആയതുകൊണ്ടാവണം, അവരുടെ മതവിമര്‍ശനങ്ങളില്‍ മിക്കതും ഇസ്‌ലാമിന് നേരെയാണ്. എന്നും എവിടെയും ഇസ്‌ലാമാണ് നവനാസ്തികരുടെ ഉന്നം. ഒരു സാമൂഹിക പ്രസ്ഥാനം എന്നതില്‍നിന്ന്‍ മാറി മുസ്ലിം വിരോധവും വംശീയമായ വെറുപ്പുല്‍പാദനവും മുഖ്യ അജണ്ടയാക്കിയ ഒരു വിഭാഗമാണ് അവരിപ്പോള്‍. ലക്ഷണമൊത്ത ഇസ്ലാമോഫോബിക്കുകള്‍. സൈദ്ധാന്തികമായി തങ്ങളുടെ ആശയം സമര്‍ഥിക്കാനോ മുസ്‌ലിം ലോകത്തുനിന്ന് വരുന്ന വിമര്‍ശനങ്ങളെ ആശയപരമായി പ്രതിരോധിക്കാനോ കഴിയാത്തത്തിനാല്‍ സംഘ് പരിവാറിനെപ്പോലും തോല്‍പിക്കും വിധം ഇസ്‌ലാം വിരുദ്ധതയുടെ പ്രചാരണം മൊത്തത്തില്‍ ഏറ്റെടുത്തിരിക്കുന്നു അവര്‍. സാമൂഹ്യമാധ്യമങ്ങളില്‍ ‘ക്രിസംഘികള്‍’ എന്നറിയപ്പെടുന്ന ക്രൈസ്തവരിലെ ഇസ്ലാം വിരോധികളായ ഒരു വിഭാഗത്തിന്റെ നിര്‍ലോഭ പിന്തുണയും അവര്‍ക്ക് ലഭിക്കുന്നു.

വര്‍ഗീയ ഫാസിസ്റ്റുകളുടെ കൈയിലെ ഉപകരണങ്ങളാണ് അഭിനവ നാസ്തികരില്‍ പലരും. സംഘ് പരിവാറിന്റെ മുസ്ലിം വിരുദ്ധ അജണ്ടകള്‍ക്ക് ബൗദ്ധിക പശ്ചാത്തലമൊരുക്കുകയും പ്രചാരം നല്‍കുകയും ചെയ്യുന്ന ജോലിയാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത്. സി. രവിചന്ദ്രനെപ്പോലുള്ള നാസ്തിക നേതാക്കളുടെ എഴുത്തുകളും പ്രഭാഷണങ്ങളും ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. ഇസ്ലാമിനെ അവഹേളിക്കുന്നതോ മുസ്ലിംകളില്‍ വൈകാരിക വിക്ഷോഭമുണ്ടാക്കുന്നതോ ആയ ലിഖിതങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കല്‍ ശീലമാക്കിയവരാണവര്‍. ഇസ്ലാം വിരോധം മുഖ്യ അജണ്ടയാക്കി പല നാസ്തിക നേതാക്കളും നടത്തുന്ന യൂടൂബ് ചാനലുകള്‍ നിയന്ത്രിക്കുന്നത് പോലും സംഘ് പരിവാറുകാരാണത്രെ!

മത-ദൈവ വിമര്‍ശനങ്ങള്‍ക്കുപരി മതവിരുദ്ധതയിലും അവയോടുള്ള പകയിലും വിദ്വേഷത്തിലും അധിഷ്ഠിതമാണ് നവനാസ്തികത. അവര്‍ക്കിടയില്‍ പല വിഷയങ്ങളിലും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും ആശയ സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും അവരെ കൂട്ടിയിണക്കുന്ന മുഖ്യ ഘടകം തീവ്ര മത വിമര്‍ശന ശൈലിയും ഇസ്ലാമോഫോബിയയും വലതുപക്ഷ കൊളോണിയല്‍ അനുകൂല നിലപാടുമാണ്. മത-ദൈവ വിശ്വാസങ്ങളോടും മൂല്യങ്ങളോടും മതാചാരങ്ങളോടുമുള്ള വെറുപ്പില്‍നിന്ന്‍ തുടങ്ങുന്നതും, ലോകത്ത് നിലനില്‍ക്കുന്ന മതങ്ങളില്‍ ഏറെ മൗലികതയുള്ളതും കൂടുതല്‍ ആളുകള്‍ പ്രാക്റ്റീസ് ചെയ്യുന്നതുമായ ഇസ്ലാമിനോടുള്ള വിരോധത്തില്‍ അവസാനിക്കുന്നതുമാണ് നാല് നവനാസ്തിക ‘കുതിരക്കാരു’ടെയും അവരെ മാതൃകയാക്കുന്നവരുടെയും ജീവിതം. ഇസ്ലാമിനെക്കുറിച്ച് ജനമനസ്സുകളില്‍ ഭീതി ജനിപ്പിക്കലാണവരുടെ മുഖ്യ ജോലി. അതിന്നായി ശുദ്ധ വ്യാജ വാദങ്ങളെ കൂട്ടുപിടിക്കാന്‍ പോലും അവര്‍ മടിക്കാറില്ല എന്നതാണ് അനുഭവം. ഇങ്ങ് കേരളത്തിലേക്ക് വന്നാല്‍, ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ നവനാസ്തികരിലെ ‘രണ്ടാംകിട പൌരന്മാരാ’യ എക്സ് മുസ്ലിംസ് ആയിരിക്കും. മുസ്ലിം പശ്ചാത്തലമുള്ള തങ്ങളുടെ പേരുപയോഗിച്ച് മതനിരാസ പ്ലാറ്റ്‌ഫോമുകളില്‍ ആളാകാന്‍ നോക്കുന്നവരാണവര്‍. ഇസ്ലാം വിരോധം കരഞ്ഞുതീര്‍ക്കാനായി ആയുസ്സ് തുലക്കുന്നവരും ഊണിലും ഉറക്കിലും ഇസ്ലാമിനെതിരായ ന്യായങ്ങള്‍ പരതുന്നവരും.

നവനാസ്തികരുടെ വലുതപക്ഷ ഭീകരതയും തീവ്ര ഇസ്‌ലാമോഫോബിയയും ഇതിനകം മറനീക്കി പുറത്തുവന്നിട്ടുണ്ട്. ‘അമേരിക്കയെ ആരാധിക്കുന്ന മതവര്‍ഗീയവാദികള്‍’ (Religious fanatic who worships the religion of the state) എന്നാണ് നവനാസ്തികരെ വിളിക്കേണ്ടതെന്നാണ് നോം ചോംസ്കിയെപ്പോലുള്ള അമേരിക്കന്‍ സാമൂഹ്യ വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്! (Chomsky on Hitchens, Harris and Skinner).

നവനാസ്തികരുടെ ‘നാല് കുതിരക്കാരി’ല്‍ പ്രമുഖനായ സാം ഹാരിസിന്‍റെ ചില വരികള്‍ ഇങ്ങനെ വായിക്കാം: “നമ്മള്‍ പടിഞ്ഞാറുകാര്‍ ഇസ്ലാമിക ആശയത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തീവ്രവാദികള്‍ ഹൈജാക്ക് ചെയ്ത മതത്തോടല്ല നമുക്ക് പൊരുതാനുള്ളത്, മറിച്ച് ഖുര്‍ആന്‍ മുഴുവന്‍ മുസ്ലിംകള്‍ക്ക് മുന്നിലും സമര്‍പിക്കുന്ന ജീവിതവീക്ഷണത്തോടാണ് നമ്മുടെ പോരാട്ടം… നമ്മുടെ നിലനില്‍പ് ഉറപ്പുവരുത്താനുള്ള ഒരേയൊരു വഴി അവര്‍ ആക്രമിക്കുന്നതിന് മുമ്പ് നാം അങ്ങോട്ടുചെന്ന് ആണവാക്രമണം നടത്തുക എന്നതാണ്.” (The end of faith)

‘ഫലസ്തീനികളുടെ സ്വഭാവം കാരണമാണ് ഇത്രയും ക്രൂരമായി പെരുമാറാന്‍ ഇസ്രയേല്‍ നിര്‍ബന്ധിക്കപ്പെടുന്നത്’ എന്ന്‍ പറഞ്ഞ് ഇസ്രായേലിനെ വെള്ളപൂശാന്‍ പോലും സാം ഹാരിസിന്റെ ഉള്ളിലെ വലതുപക്ഷ വംശീയത ധൃഷ്ടമായതായി കാണാം! ‘മുസ്ലിംകളെ അല്ലെങ്കില്‍ മുസ്ലിമാണെന്ന് സംശയിക്കപ്പെടുന്ന ആരെയും നാം സുരക്ഷാപരിശോധനക്ക് വിധേയമാക്കണം’ എന്ന്‍ പറയാന്‍ മാത്രം മുസ്ലിം വിരോധം കൊണ്ടുനടക്കുന്ന ആളാണ് സാം ഹാരിസ് എന്നതിന് അദ്ദേഹത്തിന്റെ എഴുത്തുകളും അഭിമുഖങ്ങളും സാക്ഷി!

ചുരുക്കത്തില്‍, നവനാസ്തികത യുക്തിവാദമല്ല, സാമ്രാജ്യത്വ നിര്‍മിതിയായ വെറുപ്പുല്‍പാദക പ്രത്യേയശാസ്ത്രമാണ് എന്നതാണ് ശരി. ക്ലാസ്സിക്കല്‍ ഭൗതികവാദികളുടെ രചനകളില്‍ ഓളംവെട്ടിയിരുന്നത് ദൈവനിഷേധത്തിന്റെ ദാര്‍ശനികഭാവമായിരുന്നെങ്കില്‍, നവനാസ്തികരില്‍നിന്ന്‍ പുറത്തുവരുന്നത് മുഴുവന്‍ ദൈവ-മത വിദ്വേഷത്തിന്റെ പൊടിയും പുകയും മാത്രമാണ്. കൂടെ കുറേ പരിഹാസങ്ങളും ആക്ഷേപ ഹാസ്യങ്ങളും. ദൈവവിശ്വാസത്തെ താത്വികമായി എതിരിടാന്‍ കഴിയാത്ത നിസ്സഹായതക്ക് അവര്‍ മറപിടിക്കുന്നത് അങ്ങനെയാണ്.

ഈ വിഷയത്തില്‍ ഇനി വരേണ്ട പഠനങ്ങൾ ?

നാസ്തിക പ്രസ്ഥാനങ്ങളുടെയും നവനാസ്തികതയുടെയും ചരിത്രവും വര്‍ത്തമാനവും പുതു തലമുറ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഈയിടെയായി ഇത്തരം വിഷയങ്ങളില്‍ പല രചനകളും മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ടെന്നത് സന്തോഷത്തിന് വക നല്‍കുന്നു. എങ്കിലും നവനാസ്തികതയുടെ മൗലികാടിത്തറകളെ വിശകലനം ചെയ്യുകയും, നാസ്തികവാദത്തിനാണോ അതോ ആസ്തിക്യവാദത്തിനാണോ ശാസ്ത്രത്തിന്റെ പിന്തുണയുള്ളത് എന്ന അന്വേഷണത്തിനും ഇനിയും പ്രസക്തിയുണ്ട്. കൂടെ, ദൈവവിശ്വാസം, വിധിവിശ്വാസം തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാം മുന്നോട്ടുവെക്കുന്ന ആശയങ്ങളെ പരിഹസിക്കുന്ന നവനാസ്തികരുടെ ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രമായ വിശദീകരണം നല്‍കുന്ന രചനകളും വരേണ്ടിയിരിക്കുന്നു. മതവും ദൈവവുമെല്ലാം അന്ധവിശ്വാസവും പിന്തിരിപ്പനും ശാസ്ത്രവിരുദ്ധവുമാണ് എന്ന്‍ നിരന്തരം വാദിക്കുന്നവരാണല്ലോ നവനാസ്തികര്‍. മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനാധാരമായ ധാര്‍മികതയെ സംബന്ധിച്ച ആസ്തികരുടെയും നാസ്തികരുടെയും നിലപാടുകളെക്കുറിച്ച പഠനങ്ങളാണ് ഈ രംഗത്ത് ഇനിയും കൂടുതലായി നടക്കേണ്ടത്. ജെന്‍റര്‍ ന്യൂട്രാലിറ്റി, ജെന്‍റര്‍ ഇക്വാലിറ്റി, ജെന്‍റര്‍ ഫ്ലൂയിഡിറ്റി തുടങ്ങിയവയുടെ മറവില്‍ ലിബറലിസം ഒളിച്ചുകടത്താനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കെ വിശേഷിച്ചും.

പ്രവാചക വ്യക്തിത്വത്തിനും അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകള്‍ക്കും വൈവാഹിക ജീവിതത്തിനും ഹദീസുകള്‍ക്കും ഇസ്ലാമിക ചരിത്രത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ദുരാരോപണങ്ങളും അഴിച്ചുവിടാറുള്ളവരാണല്ലോ നവാനാസ്തികര്‍. അവയെ ആധികാരികമായി വിശകലനം ചെയ്യുകയും, നാസ്തിക – ലിബറല്‍ ആശയക്കാരുമായി നിരന്തരം ഇടപഴകുന്ന വിദ്യാസമ്പന്നരായ മുസ്ലിം ചെറുപ്പത്തിന്റെ മനസ്സില്‍ രൂപംകൊള്ളുന്ന സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കുന്നതുമായ ആധികാരികവും പ്രാമാണികവുമായ പഠനങ്ങളാണ് ഈ രംഗത്ത് ഇനി ആവശ്യമായിട്ടുള്ളത്. (ഇത്തരം വിഷയങ്ങളില്‍ ഈയുള്ളവന്‍ തന്നെ നടത്തിയതും ഇനിയും എഴുതി പൂര്‍ത്തിയായിട്ടില്ലാത്തതുമായ ചില പഠനങ്ങളുണ്ട്. കൂടുതല്‍ വൈകാതെ അവയും വായനക്കാരുടെ കൈകളിലെത്തിക്കാനാവും എന്നാണ് പ്രതീക്ഷ, ഇന്‍ശാ അല്ലാഹ്.)

Leave a Reply

Your email address will not be published. Required fields are marked *