ലിബറൽ ആഖ്യാനങ്ങൾക്ക് നേരെയുള്ള ‘തല്ലുമാല’.

പുതിയ കാല സിനിമ റിവ്യൂകൾ പുരോഗമനം, പ്രാകൃതം എന്ന ദ്വന്ദ്വത്തിനകത്തു പുറത്തുകടക്കാൻ ആവാത്ത വിധം കുടുങ്ങിക്കിടക്കുകയാണ്. സിനിമയെന്ന വിശാലമായ പ്ലാറ്റ്ഫോമിനെ രണ്ട് ബൈനറിക്കകത്ത് പരിമിതപ്പെടുതുന്നതിൽ “പുരോഗമന/ലിബറൽ” അനലിസ്റ്റുകൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. “പുരോഗമന ചിന്ത”കളുടെ അതിപ്രസരം ജനങ്ങളുടെ സിനിമയോടുള്ള (സമൂഹത്തോടുമുള്ള) സമീപനത്തിൽ തന്നെ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് പുതിയ സിനിമകളിലെ സമ്പൂർണ്ണ സമത്വവും (Absolute equality) ജൻഡർ
ന്യൂട്രാലിറ്റിയുമെല്ലാം ആഘോഷിക്കപ്പെടുന്നത്.

പുരോഗമന അനലിസ്റ്റുകൾ (പുരോഗമന സമൂഹം) സിനിമ നല്ലതാണോ ചീത്തയാണോ എന്ന് നിശ്ചയിക്കാൻ ഉപയോഗിക്കുന്ന ടൂൾ ആണ് “പൊളിറ്റിക്കൽ കറക്ടനെസ്സ്”. എന്നാൽ പൊളിറ്റിക്കൽ കറക്ടനെസ്സ് പോലും സെലക്റ്റീവ് ആയാണ് ഇന്ന് സിനിമയിലെ ശരി തെറ്റുകൾ നിശ്ചയിക്കുന്നത്. സിനിമയിലെ ജാതീയത, സ്ത്രീ വിരുദ്ധത, പുരുഷ കേന്ദ്രീകൃതം എന്നിവയൊക്കെ പ്രശ്നമാകുമ്പോൾ ഇസ്‌ലാമോഫോബിയ, മുസ്‌ലിം വിദ്വേഷം തുടങ്ങിയവ സാമാന്യവത്കരിക്കപ്പെടുന്നത് സെലക്റ്റീവ്നെസിന്റെ ഉദാഹരണമാണ്. ലിബറലിസത്തിന്റെ അളവുകോൽ കൊണ്ട് മാത്രം സിനിമയെ വിലയിരുത്താതിരിക്കലും ഇത്തരത്തിൽ മാറ്റിനിർത്തപ്പെടുന്നവർ സിനിമയെടുക്കലുമാണ് ഇതിനുള്ള പരിഹാരമായി മനസ്സിലാക്കുന്നത്.

രണ്ടു തരത്തിൽ മുസ്‌ലിം പ്രതിനിധാനം സിനിമയിലൂടെ സാധ്യമാക്കാം. ഒന്ന്, മുൻകാല സിനിമകൾ ഉണ്ടാക്കിയെടുത്ത (തെറ്റിദ്ധരിപ്പിച്ച) മുസ്‌ലിം സ്വഭാവം, സംസ്കാരം, വേഷം എന്നിവയെ അപനിർമിച്ചു കൊണ്ട് സിമിയെടുക്കുക. രണ്ട്, മുഖ്യധാര സിനിമ ഇടങ്ങളിൽ -വാണിജ്യ, വാണിജ്യേതര- സ്വന്തമായ സ്ഥാനം ഉണ്ടാക്കിയെടുക്കൽ.
“തല്ലുമാല” ഇത്തരം ശ്രമങ്ങളുടെ ഫലമായി ഉണ്ടായതാണ്. ‘കെ എൽ 10 പത്ത്’, ‘സുഡാനി ഫ്രം നൈജീറിയ’ പോലെയുള്ള സിനിമകൾ യഥാർത്ഥ മുസ്‌ലിം ജീവിതം വരച്ചിട്ടപ്പോൾ “തല്ലുമാല” വാണിജ്യ സിനിമ മണ്ഡലത്തിൽ മുസ്‌ലിംകൾക്ക് പുതിയ ഇടം നിർമ്മിക്കുകയാണ് ചെയ്തത്. ഇത്‌ വാണിജ്യ മേഖലയിൽ മുസ്‌ലിം സ്വത്വത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.

“തല്ലുമാല” മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം അതുമാത്രമല്ല, മുസ്‌ലിം സംസ്കാരത്തെയും ആഘോഷങ്ങളെയും സ്വാഭാവികമായി അവതരിപ്പിച്ചു എന്നതാണ് ഒന്നാമത്തേത്. പ്രിയദർശന്റെ “കിളിചുണ്ടൻ മാമ്പഴ”ത്തിലൂടെ നിർമ്മിക്കപ്പെട്ട മുസ്‌ലിം സ്ത്രീ സങ്കല്പത്തെ മാറ്റിയെഴുതുകയുമാണ് പരാരി തല്ലുമാലയിലൂടെ ചെയ്യുന്നത്. അടി പരിഹരിക്കാൻ നിസ്സങ്കോചം ഓടി വരുന്ന ‘വല്ലിമ്മ’ പുതിയ കാഴ്ച വിരുന്നാണ് മലയാള സിനിമ ലോകത്തിന് സമ്മാനിക്കുന്നത്. രണ്ട്, സെക്യൂലർ എത്തിക്സ് മാത്രം പരിചയമുള്ള സിനിമക്ക് സാർവ്വലൗകിക ഇസ്‌ലാമിക എത്തിക്സിനെ പരിചയപ്പെടുത്താൻ തല്ലുമാലക്ക് സാധിച്ചു. വഴിയിലെ തടസ്സങ്ങൾ ഒഴിവാക്കിയാൽ പടച്ചവനിൽ നിന്ന് കൂലി കിട്ടുമെന്ന ജംഷീദിന്റെ (ലുഖ്മാൻ അവരാൻ) ഡയലോഗ് ഇതിന് ഒരു ഉദാഹരണമാണ്.

മൂന്ന്, കാലങ്ങളായി അടി, കലാപം, ഗുണ്ടായിസം എന്നിവയെ മുസ്‌ലിം ജീവിതങ്ങളോട് ചേർത്തു വെച്ചുകൊണ്ടാണ് മലയാള സിനിമ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനോടുള്ള “തല്ലുമാല”യുടെ ഇടപെടൽ എടുത്തുപറയേണ്ട ഒന്നാണ്. തല്ല് എന്നത് മുസ്ലിംകൾക്ക് അന്യമായ ഒന്നായല്ല “തല്ലുമാല” അവതരിപ്പിച്ചത് മറിച്ച് തല്ലിന്റെ നൈതികതയിലാണ് സിനിമ കേന്ദ്രീകരിച്ചത്. സാർവത്രിക നീതിസങ്കല്പത്തോട് ഇണങ്ങും വിധം കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു. മുസ്ലിംകൾ അക്രമാസക്താരാണെന്ന ആഗോള നരേറ്റിവിനെ നിന്ദാഗര്‍ഭമായി (sarcastically) സിനിമ തകർത്തെറിയുന്നത് കാണാൻ കഴിയും. “തല്ലുമാല”യിൽ അടിയുണ്ടാകാൻ കാരണമാകുന്ന സാഹചര്യങ്ങൾ ഏതൊരു കമ്മ്യൂണിറ്റിയിലോ നാട്ടിലോ ഉണ്ടായാൽ അവിടെയൊക്കെ അടി ഉണ്ടായിരിക്കും. അത് വെറും സ്വാഭാവികം മാത്രമാണ്. അടി മുസ്‌ലിംങ്ങളിൽ ധാരാളമായി കാണപ്പെടുന്നു എന്ന സെക്കുലർ നിർമിത സങ്കല്പത്തെ സിനിമ പൊളിക്കുന്നത് അനിവാര്യമായ സർഗാത്മക ഇടപെടലുമാണ്.

നാല്, അടിയോടുള്ള മുസ്‌ലിം സമൂഹത്തിന്റെ / കുടുംബത്തിന്റെ പ്രതികരണം സിനിമ ഏറെ വ്യക്തതയോടെയാണ് കാണിക്കുന്നത്. പള്ളി പരിസരത്തു വെച്ച് നടക്കുന്ന അടിയിൽ ഉസ്താദിന്റെ സമീപനം ഇതിന് തെളിവാണ്. പരസ്പരമുള്ള അടി കഴിഞ്ഞ് ഒരേ ബൈക്കിൽ പോകുന്നതും വീട്ടിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും പിന്നീട് ഉറ്റ മിത്രങ്ങളായി മാറുന്നതെല്ലാം മുസ്‌ലിം സമുദായത്തിനകത്തെ അടി ‘ഇത്രേള്ളൂ’ എന്ന യാഥാർത്ഥ്യമാണ് (Counter narrative) സിനിമ തുറന്നിടുന്നത്. സിനിമകളെ പശ്ചാത്യ ഉൽപന്നമായ പുരോഗമനം പ്രാകൃതം എന്ന ബൈനറിക്കകത്ത് പരിമിതപ്പെടുത്താതെ ബ്രോഡ് ആയ എത്തിക്സ് എന്ന പരികൽപ്പനയിലൂടെ കാണാനും വിശകലനം ചെയ്യാനും സാധിക്കണം. എന്നാലാണ് സിനിമയുടെ സത്ത ചോർന്നുപോകാതെ പരിപൂർണ്ണതയിൽ ലഭിക്കുകയുള്ളു.

അഞ്ച്, സിനിമയുടെ അരേഖീയ അഖ്യാന (Non-linear) ശൈലി ഏറെ ആകർഷണീയവും വരേണ്യ സിനിമ സങ്കല്പത്തെ തച്ചുടക്കുന്ന ഒന്നായും തോന്നി. ഗാനങ്ങളിലെയും എഡിറ്റിംഗിലെയും വ്യത്യസ്തത പഴകിയ പല മാതൃകകളെയും തുടച്ചുനീക്കുന്നുണ്ട്.

ഇടത്-സവർണ നിർമ്മാതാക്കളും സംവിധായകരും മാത്രം വാണിരുന്ന, ബ്രാഹ്മണിക-കോളനിവൽകരണത്തെ സഹായിച്ചുകൊണ്ടിരുന്ന സിനിമ മണ്ഡലങ്ങളിൽ -വിശിഷ്യാ, വാണിജ്യ സിനിമ- അരികുവത്കരിക്കപ്പെട്ടവരുടെ പ്രതീകമായ പാരാരിയും സകരിയയും ഇടം കണ്ടെത്തുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്. തല്ലുമാലയെ വാണിജ്യ സിനിമയെന്നു പറഞ്ഞ് വിമർശിക്കുന്നവർ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയാണ് അവഗണിക്കുന്നത്. വാണിജ്യ സിനിമയോടുള്ള പുറം തിരിയൽ സിനിമയുടെ സാധ്യതകൾക്ക് ബോധപൂർവമുള്ള പരിധി വെക്കലാണ്.

മുസ്‌ലിം ജീവിത യഥാർഥ്യങ്ങളെ സർഗാത്മകമായി വരച്ചിടുന്ന ഇത്തരം സിനിമയും സിനിമാക്കാരും ഉണ്ടാവട്ടെ. ടോവിനോയും കൂട്ടരും “തല്ലുമാല”യിലൂടെ തല്ലിയിടുന്നത് ഇവിടുത്തെ ഇടത്-ലിബറൽ സിനിമാക്കാർ സൃഷ്ടിച്ചെടുത്ത മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങളെയാണ്.

Leave a Reply

Your email address will not be published. Required fields are marked *