അബൂബകർ എം. എ
“ഇവിടെയെല്ലാം വിചിത്രമാണ്, ഇവിടെയെല്ലാം വ്യത്യസ്തമാണ്”. ഒരു സക്വാഡറോൺ ലീഡറുടെ അവസാന വാക്കുകളാണിത്. 1945 ഡിസംബർ 5, സമയം ഉച്ചക്ക് 2:10. ഫ്ലൈറ്റ്-19 എന്ന മിഷന്റെ ഭാഗമായി അമേരിക്കയുടെ അഞ്ച് ടോർപിഡോ യുദ്ധവിമാനങ്ങൾ യാത്ര തിരിക്കുന്നു. 14 ക്രൂ അംഗങ്ങളാണ് ഫ്ലൈറ്റ്-19 മിഷൻ ഉൾക്കൊള്ളുന്നത്. അനുഭവസമ്പത്തുള്ള ഒരു പൈലറ്റും യുദ്ധങ്ങളിൽ പരിചയസമ്പത്തുള്ള ഒരു സൈനികനും ക്രൂവിലുണ്ട്. കിഴക്ക് ഭാഗത്തേക്കുള്ള ഈ സഞ്ചാരം തുടക്കത്തിൽ എല്ലാം സാധാരണപോലെ. യാത്ര അങ്ങനെ അറ്റ്ലാൻറിക് സമുദ്രനിരപ്പിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്തിന്റെ മുകളിൽ എത്തുന്നു. രണ്ടു മണിക്കൂറുകൾക്ക് ശേഷം സ്ക്വാഡ്രൺ ലീഡർ ദിശാ കോമ്പസിൽ ചില തകരാറുകൾ സ്ഥിരീകരിക്കുന്നു. പൊടുന്നനെ കോമ്പസിന്റെ പ്രവർത്തനം നിലച്ചു. ദിശയും സ്ഥാനവും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. ബാക്കപ്പ് കോമ്പസും പ്രവർത്തനരഹിതമായി. അതോടെ സ്ക്വാഡ്രൺ ലീഡർ ലഫ്റ്റനൻറ് ചാൾസ് ക്യാരൽ ടെയ്ലർ സന്ദേശങ്ങൾ നൽകിത്തുടങ്ങി. തെളിഞ്ഞ കാലാവസ്ഥ മായ്ഞ്ഞു തുടങ്ങി.അപകടം മുന്നിൽ കണ്ട ടൈലർ തിരിച്ച് ഫ്ലോറിഡയിലേക്ക് പറക്കാൻ ആവശ്യപ്പെട്ടു. സമയം 7: 40, സൂര്യൻ പടിഞ്ഞാറ് അണയാൻ തിടുക്കം കൂട്ടുന്നു. അന്തരീക്ഷം സകലവും കൂരിരുട്ടാൽ മൂടി. ടൈലറിന്റെ അവസാന സന്ദേശവും എത്തി,”ഇനി ഒരു പ്രതീക്ഷയും ഇല്ല”.കൂറ്റൻ വിമാനങ്ങൾ ആഴക്കടലിലേക്ക് നിലം പതിക്കാൻ ആരംഭിച്ചു. അന്നുമുതൽ ഇന്നുവരെ ഈ വിമാനങ്ങൾക്ക് എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ല. ഇതിനെ തിരഞ്ഞു പോയ മറ്റു വിമാനങ്ങളും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായതോടുകൂടിയാണ് ഈ സംഭവവികാസങ്ങളെക്കുറിച്ച്, ഈ നിഗൂഡതകളെ കുറിച്ച് പുറംലോകമറിയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച്, ദുരന്തകഥകളുടെ ഒരു തുടർച്ച മാത്രമാണ്. ഇത്തരത്തിലുള്ള ഭയാനകമായ സംഭവ വികാസങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്, ഈ പ്രദേശത്തിന് പറയാൻ. ഇതാണ് ബർമുഡ ട്രയാങ്കിൾ അഥവാ “ചെകുത്താന്റെ ത്രികോണം”. ഉത്തര അറ്റ്ലാൻറിക് സമുദ്രനിരപ്പിലെ മനുഷ്യവാസമില്ലാത്ത ഒരു സവിശേഷ ഭാഗമാണിത്. വടക്കൻ അമേരിക്കയിലെ ഫ്ളോറിഡയുടെ തെക്കൻ തീരങ്ങളെയും പ്യൂട്ടോറിക്കയുടെ സഞ്ജുവാൻ തീരത്തെയും ബെർമുഡ ദ്വീപുകളെയും കൂട്ടിയിണക്കുന്ന പ്രദേശം. അന്തരീക്ഷ പ്രതിഭാസങ്ങൾ കൊണ്ടും സങ്കീർണമായ കാലാവസ്ഥകൾ കൊണ്ടും മനുഷ്യചിന്തകളിലേക്ക് നിഗൂഢതകളുടെ ആണി അടിച്ചിറക്കുന്ന ഒന്ന്. 440,000 മൈൽ വ്യാപിച്ചു കിടക്കുന്ന ബർമുഡ ട്രയാങ്കിൾ തിരക്കേറിയ ഒരു കപ്പൽ മാർഗമാണ്. അനുദിനം ആയിരത്തോളം കപ്പലുകൾ അമേരിക്ക, യുറോപ്പ്,കരീബിയ എന്നിവടങ്ങളിലേക്ക് ഇതിലൂടെ കടന്നുപോകുന്നു. എന്നാൽ, ശാസ്ത്രലോകത്ത് കൂലങ്കശമായി നിരൂപണം ചെയ്യുന്ന ഒരു നിഗൂഢ ഘടകമായി ഈ പ്രദേശത്തെ മാറ്റുന്നത് വിവരണാതീതമായ പ്രതിഫലനങ്ങളാണ്. കോടമഞ്ഞ് ചൂഴ്ന്നുനിൽക്കുന്ന ഈ മുനമ്പിൽ ഇന്നോളം നൂറോളം വിമാനങ്ങളും മൂവായിരത്തോളം കപ്പലുകൾ അപ്രത്യക്ഷമായിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ദശകങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ തിരോധാനത്തിന് ഈ ചെകുത്താന്റെ ത്രികോണം പ്രതിക്കൂട്ടിലായിട്ടുണ്ട്. “ബർമുഡ ട്രയാങ്കിൾ” എന്ന പദം ആദ്യമായി പ്രയോഗിച്ചത് വിൻസെന്റ് ഗാഡിസ് 1964-ൽ ആഗോസി മാസികയിൽ പ്രസിഡീകരിച്ച ലേഖനത്തിലാണ്. എന്നാൽ, ഇവയെ കേന്ദ്രീകരിച്ചുള്ള കഥകൾക്ക് നാന്ദി കുറിക്കുന്നത് പ്രശസ്ത ഇറ്റാലിയൻ പര്യപേക്ഷകനും നാവികനുമായ ക്രിസ്റ്റഫർ കൊളംബസിന്റെ കാലത്താണ്. പുതിയ ലോകത്തെ തിരഞ്ഞു കൊണ്ടുള്ള തന്റെ യാത്രയ്ക്കിടെ ഈ മേഖലയിൽ ഒരു തീജ്വാല പതിയുന്നതായി ദൃഷ്ടിയിൽപ്പെട്ടു വന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും, ഈ പ്രദേശത്തിന്റെ ദുരൂഹത നിറഞ്ഞ പെരുമാറ്റം പൊതുജനശ്രദ്ധയിൽ ഇടം പിടിക്കുന്നത് 20-ാം നൂറ്റാണ്ടിൽ സംഭവിച്ച യു.എസ്. നാവികസേനയുമായി ബന്ധപ്പെട്ട ഒരു അപകടത്തോടെയാണ്. 2015 ഒക്ടോബറിൽ ഒരു ചരക്ക് കപ്പൽ മുങ്ങിയതാണ് സമീപകാല അനിഷ്ട സംഭവം. ദുരന്തങ്ങളുടെ നീണ്ടനിരയുടെ തുമ്പ് പിടിച്ച് ശാസ്ത്രലോകം കിണഞ്ഞു പരിശ്രമിച്ചു, ഈ നിഗൂഢതകളുടെ ചുരുളഴിക്കാൻ വേണ്ടി. തദ്ഫലമായി ധാരാളം നിഗമനങ്ങളും ഉത്ഭവിച്ചു. കാന്തിക വൃത്ത സിദ്ധാന്തമായിരുന്നു ഇവയിൽ ശ്രദ്ധേയം. ഈ സിദ്ധാന്തപ്രകാരം ആ പ്രദേശത്തിന് ചുറ്റും ഒരു കാന്തിക വലയം ഉണ്ടെന്നും അതിൻറെ ആകർഷണത്തിലൂടെ സമുദ്രനിരപ്പിന്റെ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നതിനൊക്കെയും വലിയ ഒരു ആഴിപരപ്പിലേക്ക് വലിച്ചിടുക്കപ്പെടുന്നു എന്നും കരുതപ്പെടുന്നു. എന്നാൽ സ്ഥിരീകരണരാഹിത്യം മൂലം ശാസ്ത്രലോകത്ത് ഇത് തിരസ്കരിക്കപ്പെട്ടു. മറുവശത്ത് ഇതിനെ ചുറ്റിപ്പറ്റി ധാരാളം കെട്ടുകഥകളും അന്ധവിശ്വാസങ്ങളും രൂപംകൊണ്ടു. അവയിലൊന്നാണ്, മേരി സെലസ്റ്റയുടെ കഥ. കപ്പൽ തകർച്ചയുടെ അത്യന്തം നിഗൂഢമായ കഥകളിലൊന്നാണിത്. 1872 ഡിസംബർ 4ന്, ന്യൂയോർക്കിൽ നിന്ന് ഇറ്റലിയിലെ ജനോവയിലേക്ക് പുറപ്പെട്ട കപ്പൽ, ദിവസങ്ങൾക്ക് ശേഷം അറ്റ്ലാന്റിക് സമുദ്രത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. കപ്പലിലെ തൊഴിലാളികളെല്ലാം അപ്രത്യക്ഷമായിരുന്നു. അസംസ്കൃത മദ്യം നിറച്ച കപ്പലിൽ ഏഴ് ജീവനക്കാരും ക്യാപ്റ്റൻ ബെഞ്ചമിൻ ബ്രിഗ്സും ഭാര്യയും അവരുടെ രണ്ട് വയസ്സുള്ള മകളും ഉണ്ടായിരുന്നു. കുറച്ച് ദിനങ്ങൾക്ക് ശേഷം, അതിലൂടെ കടന്നുപോയ ഡെയ് ഗ്രേഷ്യ എന്ന ബ്രിട്ടീഷ് കപ്പലിന്റെ ദൃഷ്ടിയിൽ ആളൊഴിഞ്ഞ ഒരു കപ്പൽ ശ്രദ്ധയിൽപ്പെട്ടു.
നിഗൂഢമെന്നോണം കപ്പലിലെ ലൈഫ് ബോട്ടുകളും അപ്രത്യക്ഷമായിരുന്നു. ചരക്കിലുണ്ടായിരുന്ന ഒമ്പത് വീപ്പകൾ കാലിയായതായും, മുകൾത്തട്ടിൽ ഒരു വാൾ ഉണ്ടായിരുന്നതായും കണ്ടെത്തി. കാണാതായ ആളുകളെയോ ലൈഫ് ബോട്ടുകളെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങൾ നടന്നു. അവയിൽ നിന്ന് നിരവധി നിഗമനങ്ങളിലേക്ക് ശാസ്ത്ര ലോകം എത്തിച്ചേർന്നു. അവയിൽ പെട്ടതാണ് ബർമുഡ ട്രയാംഗിൾ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്യഗ്രഹ ആക്രമണത്തിന്റെ ഫലമാണെന്നുമൊക്കെയുള്ള നിഗമനങ്ങൾ.
എന്നാൽ, ഇത്തരത്തിലുള്ള നിഗമനങ്ങൾ അയുക്തിപരമായ ഊഹാപോഹങ്ങൾ മാത്രമാണ്. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് സതാപ്ടണിലെ നാഷണൽ സോഷ്യൽ ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ ഒരു സംഘം ശാസ്ത്രജ്ഞർ നിഗൂഢതകളുടെ ചുരുളഴിച്ചു കൊണ്ട് ഒരു ഡോക്യുമെൻററി പുറത്തിറക്കി. മേൽപ്പറഞ്ഞ നിഗമനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു ഇതിലൂടെ അവർ വിശദീകരിച്ചത്. മൂന്നു ഭാഗത്തുനിന്നും ഉയർന്നുവരുന്ന കൂറ്റൻ ചുഴലിക്കാറ്റുകൾ സൃഷ്ടിക്കപ്പെടുന്ന 100 അടി വരെ ഉയരമുള്ള തെമ്മാടി തിരമാലകളാണ്(Roge waves)ഈ ദുരന്തങ്ങളുടെ എല്ലാം കാരണമെന്നാണ് അവരുടെ വാദം. ഉത്തര അമേരിക്കയിൽ സവിശേഷമായി ഫ്ലോറിഡ പോലുള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന സങ്കീർണ്ണമായ കാലാവസ്ഥ ഇതിന് സ്വീകാര്യതയും സ്ഥിരീകരണവും പ്രദാനം ചെയ്യുന്നു. ഇതിനുപുറമേ, മീഥേൻ ഹൈഡ്രേറ്റിന്റെ അമിതമായ അളവ് മൂലമുണ്ടാകുന്ന കുമിളകൾ സമുദ്രനിരപ്പിന്റെ ജ്വലനം തടയുന്നു എന്നതുപോലുള്ള സിദ്ധാന്തങ്ങളും ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ബർമുഡ ട്രയാങ്കളിലെ സംഭവികാസങ്ങളെ ആസ്പദമാക്കി നിരവധി മികച്ച ബോളിവുഡ് സിനിമകൾ വെള്ളിത്തിരയിൽ അരങ്ങേറിയിട്ടുണ്ട്. 1975ൽ ഇറങ്ങിയ വില്യം ഗ്രഹാമിന്റെ Beyond the triangle,1996ൽ ഇറങ്ങിയ Ian Toytonന്റെ Bermuda triangle,2009ൽ ഇറങ്ങിയ ക്രിസ്റ്റഫർ സ്മിത്തിന്റെ Triangle അവയിൽ ചിലതാണ്. ഇവയെല്ലാം തന്നെ മികച്ചൊരു ദൃഷ്യാനുഭവം പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
മേൽപ്പറഞ്ഞവയ്‌ക്കെല്ലാം വ്യതിരിക്തമായി ഒരു കൗതുകമെന്നോണം,പൊതു ജനങ്ങളെ എല്ലാം ഒരുമിച്ചുക്കൂട്ടി കൊണ്ട് ഒരു വിനോദ യാത്രയ്ക്ക് അവസരം തിട്ട പെടുത്തുകയാണ് ancient missionaries Cruise എന്ന ടൂറിസ്റ്റ് ഏജൻസി. അടുത്തവർഷം മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെ നീണ്ടുനിൽക്കുന്ന ഈ യാത്രയുടെ ടിക്കറ്റ് നിരക്ക് ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരമാണ്. പുറപ്പെട്ടാൽ തിരിച്ചുവരുമെന്ന് തീരെ ഉറപ്പില്ലാത്ത ഈ സാഹസിക യാത്രയ്ക്ക് ജനങ്ങൾക്കിടയിൽ എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് കണ്ടറിയണം. മാത്രമല്ല, ശാസ്ത്ര ലോകത്തെ നോക്കി അട്ടഹസിക്കുന്ന ഈ നിഗൂഢ ക്രൗര്യത്തിന്റെ ചുരുളഴിയുമോ എന്നതും ഒരു ചോദ്യചിഹ്നമാണ്.