സൂഫിസത്തിൻ്റെ ദർശന സുഭഗത മലയാളത്തിൽ വഴിയുമ്പോൾ 

പി.ടി. കുഞ്ഞാലി

സൂഫി ജീവിതധാരക്ക് ഏറ്റം സ്വീകാര്യത വരുന്ന കാലമാണിപ്പോൾ. പശ്ചിമ കൊക്കേഷ്യൻ ദേശങ്ങളിൽ പോലും ഇന്നിത് പ്രത്യക്ഷമാണ്. പ്രബുദ്ധ കേരളത്തിൽ പണ്ടില്ലാത്ത വിധം ഈയൊരു ജ്ഞാന വഴിയിൽ പുസ്തകങ്ങൾ പ്രസാധിതമായിക്കൊണ്ടിരിക്കുന്നു. മസ്നവിക്കു തന്നെ നിരവധി പരിഭാഷകൾ വന്നു . ഉമർ ഖയാമും ജലാലുദ്ദീൻ റൂമിയും ഹുജവരിയും ഹല്ലാജും അബൂബക്കർ ശിബിലിയും ജീലാനിയും വരെ ഇന്ന് നാം മലയാളിക്ക് സ്വന്തമാണ്. സമാഉം ഫനാഉം ജദ്‌ബും അനൽഹഖും സജ്ദും കശ് ഫും അസ്ദിയത്തും ളില്ലിയ്യത്തും വഹ്ദത്തുൽവുജൂദും ജംഉൽജുംഉം തുടങ്ങി സൂഫീ സരണിയിലെ ശബ്ദകോശങ്ങളഖിലം നമ്മുടെ കലാശാലാ പഠിതാക്കൾക്ക് പോലും പാഠമാണ്.

ചിലർക്ക് സൂഫിസം അക്കാദമിക സമസ്യയും വ്യക്തിഗത അനുഭൂതിയും ആനന്ദവുമാണെങ്കിൽ മറ്റൊരു വംശത്തിന് സൂഫിസം അകർമണ്യത വിശ്രുതപ്പെടുത്താനുള്ള ചതുപ്പുകണ്ടങ്ങളാണ്. സ്വന്തം അരാജകതക്ക് ഒളിച്ചുകളിക്കാനുള്ള പ്രമാണ കാനനങ്ങളാണ്. ഇനിയും മറ്റൊരു രാശിക്ക് ഇസ്ലാമിൻ്റെ രാഷ്ട്രീയ ഉണർവിനെ ചതിച്ച് തോൽപ്പിക്കാനുള്ള ക്രൗഞ്ചവ്യൂഹമാണ് സൂഫിസം. ഏത് സൂഫീ സരണികളും ഏറ്റെടുത്ത പൊതു ദൗത്യം പലപ്പോഴും ഇസ്ലാമിൻ്റെ രാഷ്ട്രീയ ആവിഷ്കാരത്തെ അപ്പാടെ ഒറ്റുക എന്നത് തന്നെയാണ്.

“പറുദീസ നഷ്ടപ്പെടുത്തിയ മനുഷ്യൻ ഭൂമിയിൽ വന്നത് അതിനേക്കാൾ മുക്തമായ പ്രണയത്തെ ആത്മത്തിലേറ്റു മേടിച്ചാണ്. സ്വർഗ്ഗം ദേഹത്തിൻ്റെ കാമനയാണ്. ആത്മാവിന് വേണ്ടത് പ്രണയ (ഇശ്ഖ് ) മാണ്. അത് സ്വർഗത്തേക്കാൾ പവിത്രമാണ് ” . അത് ഇൻസാനുൽ കാമിൽ. അപ്പോഴാണ് നാം സഫലമാക്കപ്പെടുക. ഇൻസാനുൽ കാമിലിന് ( സമ്പൂർണ മനുഷ്യൻ ) സമൂഹത്തോടോ, സ്വർഗ്ഗത്തോടോ അല്ല ബാധ്യത . മറിച്ച് തൻ്റെ പ്രണയിനിയോട് മാത്രവും. ആ പ്രണയ പ്രപഞ്ചത്തിൽ പ്രവാചകൻമാരില്ല, ശരീഅത്തില്ല, ദിവ്യവെളിപാടിൻ്റെ പ്രമാണങ്ങളില്ല. സമൂഹുജീവിതത്തിൻ്റെ സർഗ പതംഗങ്ങളില്ല. ആത്മീയ ഉൻമാദത്തിൻ്റെ അത്തരം ഖാൻഖാഹുകളിൽ പ്രണയാതുരരാവുന്ന ദർവീശുമാർ അപ്പോൾ കാണുന്നത് മണ്ണിലെ മനുഷ്യരെയല്ല മറിച്ച് ചക്രവാളപ്പൊയ്കയിൽ വിടരുന്ന നാഴ്സിസസ് പൂക്കളും നിമോൾ മൊട്ടുകളുമാണ്. മണ്ണും മനുഷ്യനും ഈ അനുരാഗവാദികളുടെ വേദികളല്ല.

എന്നാൽ സൂഫി ദർശനമാലികയിൽ ഈ അനുരാഗ വാദികളിൽ ഉൾപ്പെടാത്ത മറ്റൊരു ധാര കൂടിയുണ്ട്. അത് ഗസ്സാലിയുടെ രാശിയാണ്. പരികൽപനകളിലും ജ്ഞാനാനുഭൂതിയിലും ഗസ്സാലി ധാര സമ്യക്കും അനന്യവുമാണ്. രക്ഷകനും സർവാതിശായിയുമായ നിയന്താവിന് മുന്നിൽ നിർഗ്ഗതിയും നിസ്സാരതയും ഗ്രഹിച്ച് മനുഷ്യൻ അവന് കീഴ്പ്പെടുന്നതാണ് ഗസ്സാലിയുടെ സൂഫിസം. അവിടെ മനുഷ്യരുണ്ട്, അവരുടെ സുഖ ദു:ഖങ്ങളുണ്ട്, സാമൂഹ്യ ജീവിതത്തിൻ്റെ ആദാന പ്രധാനങ്ങളുണ്ട്.

ഒരു പക്ഷേ സൂഫിസത്തെ പരിപക്വമായി നിർദ്ധാരണം ചെയ്തത് ധിഷണാശാലിയായ സയ്യിദ് മൗദൂദിയാണ്. അദ്ദേഹം സൂഫിസത്തെ മൂന്നായി വിഭജിച്ചന്വയിക്കുന്നുണ്ട്. സാമൂഹ്യബന്ധങ്ങൾ മുറിച്ച ദർവീശുമാരുടെ അനുരാഗഗാനങ്ങളല്ല സൂഫിസം. ഭൂജീവിതത്തിലെ സരള പ്രവാഹങ്ങളെ വിഘ്നപ്പെടുത്തുന്ന “ഫനാ ഉ “കളുടെ നാദ വീചികളുമല്ലത്. മറിച്ച് സയ്യിദ് മൗദൂദി നീരീക്ഷച്ചത് പോലെ അത് ഒരേ നേരം കർമ്മ ലോകത്തിൻ്റെ ധരണിയും പ്രതിഫല ലോകത്തിൻ്റെ നഭസ്സും പരിരംഭണം ചെയ്ത് നിൽക്കുന്ന വിസ്മയമാണ്. വചനം കൊണ്ട് സാമൂഹ്യ ജീവിത സപര്യകളെ വെഞ്ചരിക്കുന്ന രാഷ്ട്രീയമാണ്. ഭൂമിയിലെ സർവാധികാര പ്രമത്തതകളെ ആസകലം അരിഞ്ഞ് അവിടം വിശ്രാന്തിയുടെ മഹാസമതലങ്ങൾ തീർക്കുന്ന രാഷ്ട്രീയം. അതാണ് ഇസ്ലാമിലെ സൂഫിസം. അതുകൊണ്ട് സൂഫികൾ സാമൂഹ്യ പരിവർത്തനപ്പോരാളികളാവണം. സ്വാതന്ത്ര്യ സമര മണ്ഡലങ്ങളിൽ വിജുഗീഷുക്കളാകണം. ഭൂമിയിലെ സർവ്വാധീശത്വത്തിനുമെതിരേ മനുഷ്യർ ഏറ്റെടുക്കേണ്ട മഹാദൗത്യത്തിൽ സ്വയം സമർപ്പിക്കണം. ചരിത്രത്തിലെവിടെയും ഇങ്ങനെയൊരു മഹിതാനുഭൂതിക്കാലം സൂഫികൾക്കുണ്ട്. തസവ്വുഫിൻ്റെ അനുരാഗ ഗ്രന്ഥമായ ‘അദ്കിയാ’ എഴുതിയ സൈനുദ്ദീൻ മഖ്ദൂം തന്നെയാണ് പോർച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ട കാവ്യമായ ‘തഹ്രീളും, രചിച്ചത്. അവർ ലോകത്തെവിടെയും ഏറ്റെടുത്ത മനുഷ്യമഹാനിയോഗങ്ങളു ണ്ട്; പേർഷ്യയിൽ, ഓട്ടോമൻ തുർക്കിയിൽ, ആഫ്രിക്കയിലെ അൾജീരിയിൽ, ഇന്തോനേഷ്യയിൽ, കുഞ്ഞു തൂണിസിൽ, അഫ്ഗാൻ ഗിരിനിരകളിൽ, ലിബിയൻ ജമാഹരിയയിൽ, മിസ്റിൽ. ഈയൊരു യഥാർത്ഥ സൂഫീ ധാരയെ പ്രക്ഷേപിക്കുന്ന നിരവധി രചനകളും ഇന്ന് മലയാളത്തിലുണ്ട്. ഇതിൽ ഏറ്റവും നവീനമാണ് മദ്രാസ് സർവകലാശാലയിലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ: സൈഫുദ്ദീൻ കുഞ്ഞു എഴുതിയ “തസവ്വുഫ് തരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങൾ “എന്ന പ്രൗഢ ഗ്രന്ഥം.

ഒന്നാം ദളത്തിൽ സൂഫിസത്തിൻ്റെ രൂപഘടനയും ആശയലോകവുമാണ് ചർച്ചയാവുന്നത്. കലന്ദരിയ്യ സൂഫികളുടെ ആത്മീയ വർത്തമാനങ്ങൾ വായനക്ക് ഹൃദ്യമാണ്. രണ്ടാം ദളമാണീ പുസ്തകത്തിൻ്റെ കരുത്ത്.തസവ്വുഫിൻ്റെ ആത്മീയ സാനുവിൽ അലഞ്ഞു നടക്കാതെ അക്കാല സൂഫികൾ എങ്ങിനെയാണ് ദേശങ്ങളുടെ മഹത്തായ വിമോചന ലക്ഷ്യങ്ങൾ ധീരമായി ഏറ്റെടുത്തുവെന്ന സമീക്ഷയാണ് എഴുത്തുകാരൻ ഇതിൽ അന്വേഷിക്കുന്നത്. ജീലാനിയുടെ ഫത്ഹുൽ റബ്ബാനിയും, ഗനി നാബുലിസിൻ്റെ ബയാനുൽ ജിഹാദും ഈ പുസ്തകത്തിൽ സൈഫുദ്ദീൻകുഞ്ഞ് വിശകലനത്തിന് വെയ്ക്കുന്നു. അവസാന ദളം സൂഫികളുടെ വൈജ്ഞാനിക ശേഷിപ്പുകളെ പ്രതി എഴുത്തുകാരൻ നടത്തുന്ന ഖനനമാണ്. ഇബ്നു അറബിയുടെ ചിന്തകൾ ഇതിലെ ഒരു ശീർഷകം തന്നെയാകുന്നു.

അവ്യക്തപ്പേച്ചുകളുടെ കരിമുകിൽ പടർപ്പുകളിൽ നിന്നും ആശയ സംഭീതിയുടെ കരിമ്പടക്കെട്ടിൽ നിന്നും നിഗൂഢതകളുടെ ഉച്ച രാഗങ്ങൾ ചിലമ്പിട്ട് തുള്ളുന്ന ഖാൻ ഗാഹുകളിൽ നിന്നും “അനുരാഗികളെ ” വിമോചിപ്പിച്ച് ഇസ്ലാമിൻ്റെ ആകാശത്ത് കർമ്മ വിശുദ്ധിയുടെ ഇന്ദ്രധനുസ്സുകൾ കൊയ്യാൻ പ്രാപ്തമാക്കുന്ന ധനാത്മകമായൊരു വായനാനുഭവമാണീ പുസ്തകം തരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *