‘തസവ്വുഫ് ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങൾ ‘ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവ് ഡോ. സൈഫുദ്ദീൻ കുഞ്ഞ് ‘ദി പിൻ’ നോടു സംസാരിക്കുന്നു :
ഈ പുസ്തകത്തിന്റെ സവിശേഷത ?
സൂഫീ സരണികളെകുറിച്ച നിരവധി പഠനങ്ങൾ മലയാളത്തിൽ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവെ കേരളക്കരയിൽ ചർച്ച ചെയ്യപ്പെടാത്ത വിവിധ സൂഫീ ധാരകളെക്കുറിച്ച പഠനങ്ങളാണ് ഈ കൃതിയിൽ ഉള്ളത്. കൂടാതെ ലോകത്തു ഇസ്ലാമിക വ്യാപനത്തിനും മുസ്ലിം സംസ്കാര രൂപീകരണത്തിനും നേതൃത്വം നൽകിയ സൂഫീ വിഭാഗങ്ങളെയും പണ്ഡിതരുടെ ചിന്തകളെയും ഈ കൃതി പരിചയപ്പെടുത്തുന്നു. ഇസ്ലാമിക ചരിത്രം, പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ രാഷ്ട്രീയം, പശ്ചിമാഫ്രിക്ക , മലായി ഉപദ്വീപ്, മധ്യേഷ്യ തുടങ്ങിയ വിത്യസ്ത പ്രദേശങ്ങളുടെ മുസ്ലിം ചരിത്ര വികാസം എന്നീ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നുണ്ട്.
ഈ കൃതി മൂന്ന് ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ചില സുപ്രധാന ത്വരീഖത്തുകളെ കുറിച്ചുള്ള പഠനമാണ് ആദ്യ ഭാഗത്തിലുള്ളത്. സാമൂഹിക പരിവർത്തനം, ഭരണനിർമാണം, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ എന്നിവയിലെല്ലാം സജീവ സാന്നിധ്യം പ്രകടിപ്പിച്ച സൂഫികളെ കുറിച്ചാണ് രണ്ടാം ഭാഗത്തു ചർച്ച ചെയ്യുന്നത്. ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിലെ പണ്ഡിതരുടെ സംഭാവനകൾ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
സൂഫീ ത്വരീഖത്തുകളോടുള്ള സമീപനം?
ത്വരീഖത്തുകളുടെ രൂപീകരണം, വളർച്ച എന്നിവയെക്കുറിച്ച നിരൂപണം ഈ കൃതിയിലുണ്ട്. പ്രാദേശിക ആചാര- അനുഷ്ഠാന രീതികളും ചിന്തകളും, ഫോക്‌ലോർ കലകൾ എന്നിവയെല്ലാം സൂഫി ത്വരീഖത്തുകളെ രൂപപ്പെടുത്തലുകളിൽ ഘടകമായി മാറിയിട്ടുണ്ട്. ശരീഅത്തിനെ അനുധാവനം ചെയ്യണമെന്നു കൽപിച്ച പല സൂഫീ ധാരകൾക്കും വ്യതിയാനം സംഭവിക്കാൻ കാരണമായത് ഈ ഘടകങ്ങളാണ്. ബേ-ശറഅ (ശരീഅത്തിനെ ശരിയായി അനുധാവനം ചെയ്യാത്ത) സൂഫീ ത്വരീഖത്തുകൾ എന്ന് പണ്ഡിതർ വിധിയെഴുതിയ പ്രമുഖ സൂഫീ ധാരകളെയും ഈ കൃതി അവലോകനം ചെയ്യുന്നുണ്ട്. സുന്നീ ആശയ പരിസരത്തു രൂപപ്പെട്ട സൂഫീ സരണികളിൽ ഷീഈ ആശയങ്ങൾ പ്രബലയമായി മാറിയ ചരിത്ര പശ്ചാത്തലങ്ങളെയും ഈ കൃതിയിൽ ചർച്ച ചെയ്യുന്നു.
സൂഫി പണ്ഡിതരുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച്?
അരാഷ്ടീയതയും സാമൂഹിക പ്രതിബദ്ധത ഇല്ലായ്മയുമാണ് സൂഫീ പണ്ഡിതർക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാൽ സാമൂഹിക രാഷ്ട്രീയ സമരങ്ങളും പോരാട്ടങ്ങളും, ദേശ-രാഷ്ട്ര നിർമിതിയെക്കുറിച്ച ചിന്തകൾ, സായുധ വിപ്ലവങ്ങൾ എന്നിങ്ങനെ നിരവധി മേഖലകളിലും സൂഫികൾ പങ്കു വഹിച്ചതായി ചരിത്രത്തിൽ കാണാം. വൈദേശിക ശക്തികൾക്കെതിരെ ഇതര മത സമൂഹങ്ങളുമായി ചേർന്ന് പ്രതിരോധിച്ച സൂഫി പണ്ഡിതരുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇന്ത്യൻ ഉപഭൂഖണ്ഡം. മുസ്ലിം സ്വത്വ സംരക്ഷണത്തിനും അധിനിവേശത്തിനുമെതിരെ പോരാടിയ സൂഫി ധാരകളെക്കുറിച്ച വിവരണവും ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുസ്ലിം ഭരണം സ്ഥാപിക്കുന്നതിൽ നേതൃത്വം വഹിച്ച സൂഫി ധാരകളെക്കുറിച്ചും പഠനങ്ങൾ ലഭ്യമാണ്. മുസ്ലിം ഭരണകൂടങ്ങളുടെ തന്നെ അനീതിക്കെതിരെയും അക്രമ നയങ്ങൾക്കെതിരെയും ശബ്ദമുയർത്തിയ സൂഫി പണ്ഡിതരുടെ ചരിത്രവും ഈ കൃതിയിൽ വിവരിക്കുന്നുണ്ട്. സൂഫീ തത്വചിന്തയിൽ പ്രമുഖനായ ഷെയ്ഖ് ഇബ്ൻ അറബിയുടെ രാഷ്ട്രീയ ചിന്തകളും ഉഥ്മാനി ഖിലാഫത്തിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയിൽ അദ്ദേഹത്തിന്റെ സ്വാധീനവും വിശദീകരിക്കുന്നുണ്ട്. തസവ്വുഫിനോടു വ്യത്യസ്ത നിലപാടുകൾ പുലർത്തിയ ഷാഹ് വലിയുല്ലാഹ് ദഹ്‌ലവി മുതൽ മൗലാനാ മൗദൂദി വരെയുള്ള ആധുനിക ഇന്ത്യയിലെ പ്രമുഖ പണ്ഡിതരുടെ ഖിലാഫത്തിനെക്കുറിച്ച നിരീക്ഷണങ്ങളും കാണാം.