‘Caste-ing Space ‘ എന്ന ഡോക്യുമെന്ററിയുടെ സംവിധായകരായ ബാസിൽ ഇസ്‌ലാമും തൗഫീഖ് കെയും ദി പിൻ നോടു സംസാരിക്കുന്നു :
കാസ്റ്റിങ് സ്‌പേസ് എന്ന ഡോക്യുമെന്ററിയിലേക്ക് എങ്ങനെയാണ് എത്തുന്നത്?
ബാസിൽ: ഒരു വർഷം മുൻപ് കോഴിക്കോട് വെച്ചാണ് ഡോ. സാദിഖ് മമ്പാടും കാമ്പസ് അലൈവ് എഡിറ്റർ വാഹിദ് ചുള്ളിപ്പാറയും ചേർന്ന് ഇങ്ങനെയൊരു പ്രോജക്ടിനെ കുറിച്ച് സംസാരിക്കുന്നത്.ദലിത് ക്യാമറ സ്ഥാപകൻ ഡോ. റഈസ് മുഹമ്മദിൻ്റെ ചിന്തയും ആക്ടിവിസവും അടയാളപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.ഇതിന് മുൻപ് കൗം എന്ന പ്ലാറ്റ്ഫോമിലൂടെ ചെറിയ വീഡിയോ പ്രോജക്റ്റുകൾ ചെയ്ത പരിചയമാണ് ഞങ്ങൾക്കുള്ളത്. തുടർന്ന് നടന്ന ചർച്ചകളുടെ ഫലമായി പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. പ്രോജക്ട് മേൽനോട്ടം വഹിച്ചുകൊണ്ട് വാഹിദ് ചുള്ളിപ്പാറയും അഡ്വൈസറി ബോർഡായി ഡോ.സാദിഖ് മമ്പാടും ഡോക്യൂമെന്ററി സംവിധായകൻ അഡ്വ. ഹാഷിർ കെ. മുഹമ്മദും കൂടെയുണ്ടായിരുന്നു. റിസർച്ച് ടീം റഈസിന്റെ എഴുത്തുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കടന്നുപോവുകയും അടുത്ത ചില സുഹൃത്തുക്കളോട് സംസാരിക്കുകയും ചെയ്തു. ശേഷം റഈസിനെ പോയി കണ്ട് എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോവേണ്ടത് എന്ന് കൂടിയാലോചിച്ചു. റഈസിന്റെ നാടായ കോത്തഗിരി,മേട്ടുപ്പാളയം, കോയമ്പത്തൂർ, കൽപ്പാത്തി, കോഴിക്കോട് എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. അബ്ദുൽ ഹന്നാൻ, ജാസിർ ബഷീർ, തൗഫീഖ് എന്നിവരാണ് ക്യാമറ ചെയ്തത്. ഹന്നാനും സക്കിയും ചേർന്നാണ് എഡിറ്റിങ് നിർവഹിച്ചത്. ഈ ഡോക്യൂമെന്ററി സാക്ഷാൽക്കരിച്ചത് കാമ്പസ് അലൈവിന്റെയും എസ്ഐഒ കേരളയുടെയും പിന്തുണയോടെയാണ്. കുറച്ച് കാലമായി കാമ്പസ് അലൈവ് ആലോചിക്കുന്ന ഒരു പ്രോജക്ടായിരുന്നു. അവർ നടത്തുന്ന ധീരമായ വൈജ്ഞാനിക ആക്ടിവിസത്തിന്റെ മറ്റൊരു ഫോർമാറ്റിലുള്ള തുടർച്ചയാണ് ഈ ഡോക്യൂമെന്ററി.
എന്തിനെ കുറിച്ചാണ് കാസ്റ്റിങ് സ്‌പേസ് സംസാരിക്കുന്നത്?
തൗഫീഖ്: കാസ്റ്റ് അഥവാ ജാതി എങ്ങനെയൊക്കെയാണ് നമ്മുടെ സ്പേസുകളെ/ഇടങ്ങളെ കാസ്റ്റ് ചെയ്യുന്നത് (രൂപപ്പെടുത്തുന്നത്) എന്നതാണ് ഡോക്യൂമെന്ററി അന്വേഷിക്കുന്നത്; അതാണ് കാസ്റ്റിങ് സ്‌പേസ് (caste-ing space). റഈസ് മുഹമ്മദ് തന്നെ ഇട്ട പേരാണത്. തോട്ടിവേല ജാതിത്തൊഴിലായി നിർണയിക്കപ്പെട്ട ചക്കലിയ ദലിത് സമുദായത്തിൽ നിന്നാണ് റഈസ് വരുന്നത്. വീടുകളിൽ നിന്ന് ദൂരത്തായി സ്ഥാപിക്കപ്പെടുന്ന കക്കൂസുകളും അത് വൃത്തിയാക്കേണ്ടുന്ന ചക്കലിയരും – രണ്ടും ഒരുപോലെ പുറത്താണ് എന്ന തിരിച്ചറിവാണ് ഇന്ത്യൻ സാമൂഹിക ഇടങ്ങളെ പ്രശ്നവൽക്കരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇവിടത്തെ സാമൂഹിക ഇടങ്ങൾ ജാതിയാൽ നിർണിതമാണ് എന്നിടത്താണ് പ്രശ്നം. ഡോക്യൂമെന്ററിയുടെ മറ്റൊരു പ്രധാനമായ ഊന്നൽ ഈ ജാതിയിടങ്ങളെ ഇസ്‌ലാം എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന അന്വേഷണമാണ്.
റഈസ് മുഹമ്മദിന്റെ പ്രവർത്തനങ്ങൾ എന്തുകൊണ്ട് പ്രസക്തമാകുന്നു?
ബാസിൽ: ഡോക്യുമെന്ററി അത് വ്യക്തമാക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ജാതിയെ മുൻനിർത്തി നമ്മുടെ സാമൂഹിക ഇടങ്ങളെ പരിശോധിക്കുന്ന ഒരു ചിത്രീകരണം ഒരുപക്ഷേ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും. സ്‌പേസ് എന്നത് ഒരു വിശകലനോപാധിയായി ജാതി വിരുദ്ധ പോരാട്ടങ്ങളിൽ വികസിപ്പിച്ചെടുക്കുന്നത് റഈസാണ്. അദ്ദേഹം സ്ഥാപിച്ച ദലിത് ക്യാമറ പോലൊരു പ്രസ്ഥാനത്തിന്റെ സാന്നിധ്യം പൊതുമണ്ഡലത്തിലും ഡിജിറ്റൽ സ്‌പേസിലും എന്തെല്ലാം ഇടർച്ചകളാണ് സൃഷ്ടിക്കുന്നത് എന്നത് വേറെത്തന്നെ നോക്കിക്കാണേണ്ട ഒന്നാണ്. അങ്ങനെ ഫ്രെയിമിനപ്പുറത്ത് നിൽക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പലതിലേക്കുമുള്ള ഒരു ഇൻട്രോ മാത്രമായി ഈ ഡോക്യുമെന്ററിയെ കണ്ടാൽ മതി.
ഇനി എങ്ങനെ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്?
ഒരു വർഷം നീണ്ടുപോയ ഒരു വലിയ പഠനാനുഭവമായിരുന്നു ഈ ഡോക്യുമെന്ററി.റിസർച്ചിലും ഷൂട്ടിനിടയിലും എഡിറ്റിങ് ടേബിളിലും അതിനിടയിലെ ഇടവേളകളിലൂടെയും വികസിച്ച അനുഭവം. അത് കേവലം ഫിലിംമേക്കിങ്ങിന്റെ സാങ്കേതിക തലത്തിൽ മാത്രമല്ല. മറിച്ച്, വീക്ഷണപരമായും ഞങ്ങളെ വാർത്തെടുക്കുന്ന ആലോചനകൾക്ക് തുടക്കമിടാൻ ഈ പ്രോജക്ടിന് കഴിഞ്ഞിട്ടുണ്ട്. ഇടങ്ങളെ കുറിച്ച കൂടുതൽ അന്വേഷണങ്ങൾ നടത്താൻ അത്പ്രേരിപ്പിക്കുന്നുണ്ട്. ആ നിലക്കാണ് ഇപ്പോൾ ആലോചിക്കുന്നത്.