” വായിക്കുന്നവരാണ് സ്വതന്ത്രർ, കാരണം അത് അജ്ഞതയും അന്ധവിശ്വാസത്തെയും വേർതിരിച്ച് സ്വാതന്ത്ര്യ ബോധം മുറ്റി നിൽക്കുന്ന വിഹായസ്സ് വായനക്കാരന് സമ്മാനിക്കുന്നു”
ഇത് മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റ് തോമസ് ജെഫേഴ്സണിന്റെ വാക്കുകളാണ്. ഈ നിരീക്ഷണത്തെ ജീവിതത്തിൽ പകർത്തിയ വിപ്ലവകാരിയാണ് മാൽകം എക്സ്. വംശീയതയുടെ കുത്തൊഴുക്കിൽ നിലക്കാതെ ഒഴുകിപ്പരന്ന അമേരിക്കയിലെ കറുത്ത ജനങ്ങൾ അപകർഷധാബോധത്താൽ അജ്ഞതയിലേക്ക് നിലംപതിക്കുകയും അധമമായ ജീവിതം നയിക്കുകയും ചെയ്തു. മാൽകം എക്സിന്റെ ജീവിതവും ഈ പതിതാവസ്ഥയിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. 1946 ഫെബ്രുവരിയിൽ താൻ ചെയ്ത ദുർവൃത്തി കാരണം അദ്ധേഹം തടവിലാക്കപ്പെടുന്നു. എന്നാൽ അവിടെ നിന്ന് ലഭിച്ച വായനാശീലം അദ്ധേഹത്തിന്റെ അകത്തളങ്ങളിൽ സ്വാതന്ത്ര്യ ബോധം നിറക്കുന്നതിൽ അനൽപമായ പങ്കു വഹിച്ചിരുന്നുവെന്ന് തന്റെ ആത്മകഥയിൽ പറഞ്ഞുവെക്കുന്നു.
അതിനാൽ, വായന ഒരു പ്രക്രിയ എന്നതിലുപരി ഒരു പ്രതിഭാസമായി മനസ്സിലാക്കാം. യഥാർത്ഥത്തിൽ, വായന ഓരോ വായനാക്കാനും വിശാലമായ വാതായനത്തെ തുറന്നു നൽകുന്നു. നല്ല വായനകൾ സാധ്യമാവുമ്പോൾ അർത്ഥഗർഭമായ ആശയങ്ങൾ മനസ്സിലങ്കുരിക്കുന്നു. അത് പുതിയ ധൈഷണിക പാന്ഥാവിലേക്ക് അനുവാചകനെ ആനയിക്കുന്നു. ചിന്തയും വായനയും പരസ്പര ബന്ധിതമാണ്. ചിന്തകളില്ലാത്ത വായനകള്‍ അര്‍ത്ഥരഹിതമാണ്. ഒരോ വായനകളില്‍ നിന്നും ഉരുവം കൊള്ളുന്ന നിഗമനങ്ങള്‍ വായനക്കാരനെ ആശ്രയിച്ചാണ് രൂപം പ്രാപിക്കുന്നത്. എന്നാല്‍ അതിന്‍റെ ദിശ നിര്‍ണയിക്കുക വായനക്കാരും വായിക്കപ്പെടുന്ന വസ്തുവും നിലനില്‍ക്കുന്ന സാഹചര്യമാണ്. അതേസമയം, ഒരാള്‍ കൂടുതലായി വായനകളിലേര്‍പ്പെടുമ്പോള്‍ അവന്‍റെ മനസ്സില്‍ നിലനിന്നിരുന്ന ഭൂതകാലബോധങ്ങളെ അത് തിരുത്തിയെഴുതുന്നുണ്ട്. അതുവഴി അവനെത്തിച്ചേര്‍ന്ന പുതിയ ചിന്തകളെയും ആശയങ്ങളെയും മനസ്സില്‍ ചേര്‍ത്തുവെക്കാനും അവന് കഴിയുന്നു. അതിനാല്‍ ഈ പ്രതിഭാസത്തെ ഒരു വിശ്വാസി എങ്ങനെയാണ് സമീപിക്കേണ്ടതെന്നും തദ്വാരാ അവനുണ്ടാകേണ്ട ലക്ഷ്യമെന്താണെന്നും വിശദീകരിക്കനുള്ള ശ്രമത്തിന് ഇവിടെ സാംഗത്യമുണ്ട്.
‘നീ വായിക്ക്… നീ വായിക്ക്… നീ വായിക്ക്…’ ജിബ്രീല്‍ (അ) നബി (സ്വ) യോട് പറഞ്ഞ ഈ വാക്കുകള്‍ക്കുള്ളിലൊളിച്ചിരുന്നത് ലോക ജനതക്കുള്ളിലെ അന്ധകാരത്തിന്‍റെ ഇരുള്‍ കീറാനുതകുന്ന പ്രകാശകിരണങ്ങളായിരുന്നു. പാപത്തിന്‍റെ പാഴ്ചേറില്‍ നിന്ന് വിശുദ്ധിയുടെ താരാപഥത്തിലേക്ക് കുതിക്കാനുള്ള രഹസ്യങ്ങളായിരുന്നു. വിജ്ഞാനത്തിന്‍റെ അതിരില്ലാത്ത ആകാശമാണത് മാനവകുലത്തിനായി ഒരുക്കിവെച്ചത്. അതിലെ മേഘങ്ങളായി പലവുരു നാം നീന്തി തുടിക്കുമ്പോഴും ജ്ഞാനത്തിന്‍റെ പുതിയ തുറസ്സിലേക്ക് എത്തിച്ചേരാന്‍ അത് നമ്മെ സഹായിക്കുന്നുണ്ട്. നന്മയെയും മാനവിക-വിമോചന മൂല്യങ്ങളെയും സമത്വത്തെയും സാഹോദര്യത്തെയും നീതിയെയും അത് ഒരു നൂലില്‍ കോര്‍ത്തു. മനുഷ്യന്‍റെ അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച ബോധ്യം പകര്‍ന്നു നല്‍കി. അതുവഴി ലോക സൃഷ്ടാവായ അല്ലാഹുവിനെ മനുഷ്യന് കാണിച്ചു കൊടുത്തു. അവനെ സ്നേഹിച്ച് ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിതം മുന്നോട്ട് നയിക്കാന്‍ കല്‍പിച്ചു. ഒരു മനുഷ്യന്‍റെ ഇഹപര വിജയത്തിന് ആവശ്യമായ സകല കാര്യങ്ങളും അതിലുള്‍ചേര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായി കല്‍പ്പിച്ചത് “ഇഖ്റഅ്’ (നീ വയിക്ക്) എന്നായിരുന്നു. എന്തുകൊണ്ടാണ് ആദ്യം “ഇഖ്റഅ്’ ( വായിക്കുക) എന്ന് കല്‍പിച്ചത്? ഇതിനുത്തരം പറയുന്നതിന് മുമ്പ് യഥാര്‍ത്ഥത്തില്‍ വായന എന്നതുകൊണ്ട് ഉദ്ധേശിക്കുന്നതെന്താണെന്ന് വിശദീകരിക്കേണ്ടതുണ്ട്.
ഖറഅ (വായിക്കുക) എന്ന പദത്തിന്‍റെ കല്‍പനാ രൂപമാണ് “ഇഖ്റഅ്’ (നീ വായിക്ക്). ജമഅ (ഒരുമിച്ചു കൂട്ടുക, ചിതറി കിടക്കുന്നവയെ പരസ്പരം ചേര്‍ത്തുവെക്കുക) എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥമായി ‘ഇബ്നു മന്‍ദൂര്‍’ തന്‍റെ ‘ലിസാനുല്‍ അറബി’ല്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. ഒരു പുസ്തകത്തെ നാം വായിക്കുമ്പോള്‍ അതിലെ അക്ഷരങ്ങളെ പരസ്പരം കണ്ണുകള്‍ക്കൊണ്ട് കോര്‍ത്തുവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് കേവല കോര്‍ത്തുവെക്കലുകള്‍ക്കപ്പുറം അത് നമ്മുടെ മനസ്സിനെ ഒരു ആശയരൂപീകരണത്തിന് പ്രാപ്തമാക്കുന്നുണ്ട്. അതുവഴി നമ്മുടെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നുമുണ്ട്. ഇങ്ങനെയുള്ള വായനയും അതിന്‍റെ നിര്‍വചനവും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഈ ഘട്ടങ്ങളെ ആസ്ത്രേലിയിലെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വിഭാഗത്തിലെ അഡ്ജങ്റ്റ് പ്രൊഫസ്സറായ (Adjunct professor) ട്രാവര്‍ എച്ച്. കെയര്‍നി അദ്ധേഹത്തിന്‍റെ കണ്ടെത്തലുകളില്‍ സൂചിപ്പിക്കുന്നുണ്ട്. വായനയെ കുറിച്ച ചര്‍ച്ചകളുടെ ആരംഭദശയില്‍, അത് അറിവുകളെയും വിവരങ്ങളെയും കൈമാറുന്ന ഒരു പ്രക്രിയയായി മാത്രം കാണുന്ന, വൈജ്ഞാനിക സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്‍റെ അറുപതുകളുടെ അവസാനത്തില്‍ മേല്‍ പറഞ്ഞ വായനയുടെ ‘വിവരങ്ങളുടെയും അറിവുകളുടെയും കൈമാറ്റ പ്രക്രിയ’ എന്ന സിദ്ധാന്തത്തിന് എതിരായി ധാരാളം പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെടുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ടത് അരിസോണ യൂണിവേഴ്സിറ്റിയിലെ ലാംഗ്വേജ് റീഡിങ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തിലെ പ്രഫസറായ കെന്‍ ഗുഡ്മാനും കനേഡിയന്‍ സൈക്കോളിങിസ്റ്റായ ഫ്രാങ്ക് സ്മിത്തും ചേര്‍ന്ന് വികസിപ്പിച്ച സംവേദനാത്മക സിദ്ധാന്തമാണ് (Interactive Theory). വായനക്കാരന്‍റെ പക്കലുള്ള അറിവുകളുടെയും അവന്‍ വായിക്കുന്ന ടെക്സ്റ്റില്‍ (വായിക്കപ്പെടുന്ന സംഗതി) ഉള്‍ക്കൊണ്ടിട്ടുള്ള അറിവുകളുടെയും ഇടയിലെ പാരസ്പര്യത്തെ തേടുന്നതും തദ്വാര അനുവാചകനെ ഒരു ആശയ നിര്‍മാണത്തിന് സജ്ജമാക്കുകയും ചെയ്യുന്ന പ്രക്രിയായിട്ടാണ് വായനയെ ഈ സിദ്ധാന്തം അവതരിപ്പിക്കുന്നത്. ഇതിനുശേഷം അമേരിക്കന്‍ സൈക്കോളജിസ്റ്റായ ഫ്രാങ്ക് റോസെന്‍ബാള്‍ട്ടിനെ പോലെയുള്ളവര്‍ വായനയെ ഇടപാട് സിദ്ധാന്ത(Transactive Theory)ത്തിലൂടെ നിര്‍വചിച്ചു. ഈ സിദ്ധാന്തത്തെ മുകളില്‍ സൂചിപ്പിച്ച സംവേദനാത്മക സിദ്ധാന്തത്തിന്‍റെ (Interactive Theory) വിപുലീകരണമായി മനസ്സിലാക്കാവുന്നതാണ്. അനുവാചകനും ടെക്സ്റ്റും ആശയ നിര്‍മാണത്തിന് പ്രധാനമായ പങ്ക് വഹിക്കുണ്ട്. കാരണം, ആശയം നിര്‍മിക്കപ്പെടുന്നത് വായനക്കാരനും ടെക്സ്റ്റും തമ്മിലുള്ള നിരന്തരമായ ഇടപാടുകളിലൂടെയാണ് എന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്. ഇങ്ങനെയെല്ലാം വായന എന്ന സംഗതിയെ പല സിദ്ധാന്തങ്ങളിലൂടെ വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനുവേണ്ട കൃത്യമായ നിര്‍വചനത്തെ സാധൂകരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഓരോരുത്തരും വ്യത്യസ്ത രീതികളിലാണ് വായനയെ നിര്‍വചിക്കാന്‍ ശ്രമിച്ചത്. അമേരിക്കന്‍ സൈക്കോളജിസ്റ്റ് എഡ്മണ്ട് ബര്‍ക്ക് ഹുവെയ്, വില്യംസ് ഗ്രേ, എഡ്വേര്‍ഡ് എല്‍. ത്രോണ്‍ഡിക്ക് (Edward L.Throndik), സ്റ്റൗഫര്‍, അള്‍ഡേര്‍സണ്‍ എന്നിവര്‍ അതില്‍ പ്രധാനികളാണ്. ഇതില്‍ എഡ്മണ്ട് ബര്‍ക്ക് ഹുവെയും എഡ്വേര്‍ഡ് എല്‍. ത്രോണ്‍ഡിക്കും വായനയെ വായനക്കാരന്‍റെ ചിന്തയുമായി ബന്ധിപ്പിക്കുന്നുണ്ട്. സ്റ്റൗഫര്‍ വായിക്കുന്നതിനുമുമ്പ് ഒരു ലക്ഷ്യത്തെ നിര്‍ണയിക്കുകയും അതനുസരിച്ച് വായന മുന്നോട്ട് കൊണ്ടുപോവണമെന്നും പറഞ്ഞുവെച്ചു. അതേസമയം, അള്‍ഡേര്‍സണ്‍ രണ്ട് രീതിയില്‍ വായനയെ നിര്‍വചിക്കുന്നുണ്ട്. അതിലൊന്ന് ഒരു പ്രക്രിയ (Process) എന്ന രീതിയിലാണ്. അനുവാചകന്‍ വായനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ അയാള്‍ വായിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നുണ്ട്. വായിക്കുമ്പോള്‍ തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ അനുവാചകനില്‍ ഉണ്ടാകുന്നുണ്ട്. രണ്ടാമത്തേത്, ആശയോല്‍പ്പാദനം (Product) എന്നതാണ്. വായനയില്‍ നിന്ന് രൂപപ്പെടുന്ന ആശയം തന്‍റെ വൈജ്ഞാനിക മണ്ഡലത്തെ വിശാലമാക്കുകയും ചിലപ്പോള്‍ അതിനെ മാറ്റിപ്പണിയുകയും ചെയ്യുന്നുണ്ട്. ചിലപ്പോള്‍ തന്‍റെ ബോധ്യങ്ങളെ ദൃഢീകരിക്കുന്നുമുണ്ട്.
ഇങ്ങനെയെല്ലാമാണെങ്കില്‍ കൂടി, വായിക്കാന്‍ പോകുന്ന സംഗതിയെക്കുറിച്ച് അനുവാചകന്‍റെ മനസ്സിലുണ്ടാകുന്ന മുന്‍വിധികള്‍ വായനയില്‍ നിന്നുണ്ടാവേണ്ട സ്വതന്ത്രമായ ആശയോല്‍പ്പാദനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനായി സംഘടിത പ്രതികരണം'(Organaized respones) എന്ന വയനാരീതിയെ ഇംഗ്ലീഷ് സാഹിത്യ വിമര്‍ശനകനായ ഐ.എ റിച്ചാര്‍ഡ്സ് പരിചയപ്പെടുത്തുന്നുണ്ട്. വായിക്കപ്പെടുന്ന സംഗതിയിലൂടെ വിനിമയം ചെയ്യപ്പെടുന്ന വിവിധങ്ങളായ ചിന്താ പ്രവാഹങ്ങളെയും വൈകാരികതകളെയും മുന്‍വിധിയുടെ ശല്യം കൂടാതെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുകയും അനുവാചകരുടെ ചിന്തയിലും വൈകാരികതയിലും സമാനമായ വ്യക്തത കൈവരുത്താന്‍ സഹായിക്കുകയും ചെയ്യുന്ന വായനാരീതിയാണ് സംഘടിത പ്രതികരണം'(Organaized respones) എന്നതുകൊണ്ടുദ്ധേശിക്കപ്പെടുന്നത്. അതായത്, ഒരു കൃതിയുടെ രചയിതാവിനെയോ അദ്ധേഹമേര്‍പ്പെടുന്ന സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വ്യവഹാരങ്ങളെയൊ അയാളുടെ പ്രശസ്തിയെയോ പറഞ്ഞു വെക്കാതെ അതോടൊപ്പം തന്നെ ആ കൃതി വിരചിതമായ കാലഘട്ടത്തെയോ അതിന്‍റെ രചനയിലേക്ക് എഴുത്തുക്കാരനെ കൊണ്ടെത്തിച്ച കാരണങ്ങളെയൊ പശ്ചാത്തലത്തെയോ അനുവാചകന് പരിചപ്പെടുത്താതെ ഒരു ടെക്സ്റ്റിനെ നേരിട്ട് വായിക്കുക. ഇങ്ങനെ ഒരു ടെക്സ്റ്റിന്‍റെ പിന്നാമ്പുറങ്ങളെക്കുറിച്ചറിയാതെ അതിനെ സമീപിക്കന്ന ഈ രീതി പിന്തുടരുന്നതിലൂടെ വായനക്കാരന് തന്‍റെ വായനകളിലൂടെ സ്വതന്ത്രമായ ആശയങ്ങളെ രൂപപ്പെടുത്താം. റിച്ചാര്‍ഡ്സിന്‍റെ ഈ വായനാരീതി ഫ്രഞ്ച് ഉപന്യാസകന്‍ റോളണ്ട് ബര്‍ത്തിന്‍റെ ‘ഡെത്ത് ഓഫ് ആന്‍ ഓതര്‍’ എന്ന സിദ്ധാന്തത്തോട് ചേര്‍ന്ന് പോകുന്ന ഒന്നാണ്. ഇവിടെ മറ്റൊരു കാര്യം ശ്രദ്ധേയമാണ്. ടെക്സ്റ്റുകളുടെ ഏറ്റവും വലിയ സവിശേഷത അത് കാലാതിവര്‍ത്തിയാണ് എന്നുള്ളതാണ്. വ്യത്യസ്തമായ പ്രദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കനുസൃതമായി വ്യത്യസ്തമായ ആശയയോല്‍പ്പാദനം നടത്താന്‍ അതിന് സാധിക്കുന്നുണ്ട്. ഒരു സമയത്ത് അത് നിലനില്‍ക്കുന്ന സാഹചര്യത്തിന് അനുഗുണമായ ആശയമാണ് അനുവാചക ഹൃദയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ മറ്റൊരു സമയത്ത് നിലനില്‍ക്കുന്ന സാഹചര്യത്തിന് പ്രതിലോമകരമായ ആശയത്തെ വായനക്കാരനില്‍ അത് രൂപപ്പെടുത്തും. ഇവിടെയാണ് ഓരോ ടെക്സ്റ്റിനും അതിന്‍റേതായ ലക്ഷ്യങ്ങളെ രചയിതാവ് നിര്‍ണയിച്ച് നല്‍കുന്നുണ്ട് എന്നതിനെക്കുറിച്ച് അനുവാചകന്‍ ബോധവാനാവേണ്ടത്. ആ ലക്ഷ്യങ്ങളെ അനുവാചകന്‍റെ മനസ്സിലേക്കാവാഹിക്കണമെങ്കില്‍ വായനക്കാരന് ടെക്സ്റ്റിന്‍റെ പിന്നാമ്പുറങ്ങളെക്കുറിച്ച ബോധ്യം അനിവാര്യമാണ്. ഇതില്ലായെങ്കില്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ ഒരു കാലത്തെ സാഹചര്യത്തിനും സന്ദര്‍ഭത്തിനും ഗുണകരമായ ആശയോപ്പോദനം സാധ്യമാക്കിയ ടെക്സ്റ്റ് മറ്റൊരു കാലത്ത് നിഷ്ഫമായ ഒന്നായി കണക്കാക്കപ്പെടും. ഇത് ഒരു സ്വാഭാവികതയായി കണക്കാക്കാമെങ്കിലും ടെക്സ്റ്റ് വിരചിതമായ കാലത്ത് നിര്‍വഹിച്ച പങ്കിനെ മനസ്സിലാക്കുവാന്‍ അനുവാചകന് സാധിക്കാതെ വരും. അതിനാല്‍ വായനക്കാരനില്‍ സ്വതന്ത്രമായ ആശയോല്‍പ്പാദനം നടക്കുവാനായി അനുവാചകന്‍ ആദ്യം റിച്ചാര്‍ഡ്സിന്‍റെ സംഘടിത പ്രതികരണം(Organaized respones) എന്ന വയനാരീതിയിലൂടെ ടെക്സ്റ്റിനെ സമീപിക്കുകയും അങ്ങനെ സ്വതന്ത്രമായ ആശയോല്‍പ്പാദനം വായനക്കാരനില്‍ നടന്നതിനുശേഷം അതിന്‍റെ പിന്നാമ്പുറങ്ങള്‍ തേടുകയും വേണം.
വായന എന്ന വാക്കിന്‍റെ പ്രയോഗ തലങ്ങളില്‍ അറിയുക എന്ന അര്‍ത്ഥത്തെ നമ്മുടെ നിത്യജീവിതത്തില്‍ നിന്ന് തന്നെ സ്വാംശീകരിച്ചെടുക്കുവാന്‍ സാധിക്കും. “ചിത്രത്തെ വായിക്കുക’, ‘നീ നിന്‍റെ സ്വന്തത്തെ വായിക്കുക’, ‘പ്രകൃതിയെ വായിക്കുക’ തുടങ്ങിയ അലങ്കാര പ്രയോഗങ്ങളും ‘കഥ വായിക്കുക’, ‘പുസ്തകത്തെ വായിക്കുക’ തുടങ്ങിയ യഥാര്‍ത്ഥ പ്രയോഗങ്ങളും മേല്‍ സൂചിപ്പിച്ച അര്‍ത്ഥത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. പുസ്തകം വായിക്കുക എന്ന പ്രയോഗം പുസ്തകത്തില്‍ വിരചിതമായ അക്ഷരങ്ങളിലൂടെ സഞ്ചരിച്ച് അതില്‍ നിന്ന് ആശയോല്‍പ്പാദനം സാധ്യമാക്കുന്നു. അങ്ങനെ ആ പുസ്തകത്തെ നാം അറിയുന്നു. ഇത്തരത്തിലൊരു പ്രക്രിയയാണ് വായന എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
വായനയെ ഇങ്ങനെ മനസ്സിലാക്കുമ്പോഴാണ് വിശ്വാസിയുടെ വായനയെയും അതുകൊണ്ടുള്ള ലക്ഷ്യത്തെയും ഗ്രഹിക്കാന്‍ സാധിക്കുക. ആദ്യമായി അവന്‍റെ റബ്ബിന്‍റടുക്കല്‍ നിന്ന് വന്നെത്തിയ കല്‍പനയാണ് നീ വായിക്കുക (ഇഖ്റഅ്) എന്നത്. ഇതുള്‍പ്പെടുന്ന “സൂറത്തുല്‍ അലഖ്’ ലെ ആദ്യത്തെ അഞ്ച് വചനങ്ങള്‍ ഇങ്ങനെയാണ്.
‘വായിക്കുക, സൃഷ്ടിച്ച നിന്‍റെ നാഥന്‍റെ നാമംകൊണ്ട്, ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു, വായിക്കുക! നിന്‍റെ നാഥന്‍ അത്യുദാരനാണ്, പേനകൊണ്ടു പഠിപ്പിച്ചവന്‍, മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.’ (സൂറത്തുല്‍ അലഖ് : 1മുതല്‍ അഞ്ച് വരെ വചനങ്ങള്‍)
ഇതില്‍ രണ്ട് തവണ നീ വായിക്കുക എന്ന് കല്‍പ്പിച്ചതിനുശേഷം അതിനോട് ചേര്‍ത്ത് പേനകൊണ്ട് ഇല്‍മ് നല്‍കിയവന്‍, അല്ലാഹു മനുഷ്യനറിയാത്തതിനെ കുറിച്ച അറിവ് നല്‍കി (ഇല്‍മ്) എന്നും പറയുന്നുണ്ട്. ഇത്തരത്തില്‍ ചേര്‍ത്തു പറയാനുള്ള കാരണം വായന അറിവിലേക്കുള്ള മാര്‍ഗമാണ് എന്നതുകൊണ്ടാണെന്ന് ഇമാം ഇബ്നു തൈമിയ്യ അഭിപ്രായപ്പെടുന്നുണ്ട്. അമേരിക്കന്‍ ചിന്തകനായ വില്ല്യം ഗ്ലാസ്സെര്‍ ‘മനുഷ്യന്‍ തന്‍റെ അറിവിന്‍റെ പത്ത് ശതമാനം വായനകളിലൂടെ നേടുന്നുണ്ട്’ എന്ന് വീക്ഷിക്കുന്നുണ്ട്. അതിനാല്‍ വായനയെ അറിവിന്‍റെ മാര്‍ഗങ്ങളില്‍പ്പെട്ട ഒരു മാര്‍ഗമായി വായനയെ അദ്ധേഹം എണ്ണുന്നുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ ‘ഖറഅ’ എന്ന പദത്തെ അറിവ് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചതായി കാണാം. ‘നിനക്കു നാം അവതരിപ്പിച്ചുതന്നതിനെ സംബന്ധിച്ച് നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിനക്കുമുമ്പെ വേദപാരായണം നടത്തിയവരോട് ചോദിച്ചു നോക്കൂ. തീര്‍ച്ചയായും നിന്‍റെ നാഥനില്‍ നിന്ന് സത്യമാണ് നിനക്ക് വന്നെത്തിയിരിക്കുന്നത്. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്.'(സൂറത്തു യൂനുസ് :94) ഇവിടെ ‘വേദപാരായണം നടത്തിയവര്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വേദത്തെ നന്നായി അറിയുന്നവര്‍, ഗ്രഹിച്ചവര്‍ എന്നാണ്. എന്നാല്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ‘ ‘അല്ലദീന യഖ്റഊന അല്‍കിതാബ’ (വേദത്തെ വായിക്കുന്നവര്‍) എന്നാണ്. ‘യഖ്റഊന’ എന്നത് ഖറഅ എന്ന വാക്കിന്‍റെ വര്‍ത്തമാന, ഭാവികാലങ്ങളെ സൂചിപ്പിക്കുന്ന രൂപമാണ്. അതിനാല്‍ അറിവ് സമ്പാദനത്തിന്‍റെ മാര്‍ഗങ്ങളെ എന്ത് ലക്ഷ്യത്തിനുവേണ്ടിയാണോ പടച്ചവന്‍ മനുഷ്യര്‍ക്ക് നല്‍കിയിരിക്കുന്നത് അതേ ലക്ഷ്യത്തെയാണ് വിശ്വാസി തന്‍റെ വായന കൊണ്ടും കൈവരിക്കേണ്ടത്. അതിനാല്‍ അറിവ് നേടാനുള്ള മാര്‍ഗങ്ങളെ ഖുര്‍ആന്‍ എങ്ങനെയാണ് പരിചയപ്പെടുത്തുന്നതെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
അറിവ് കൈവരിക്കുന്നതിനായി കാഴ്ചയേയും കേള്‍വിയേയും ഹൃദയത്തെയും അല്ലാഹു അവന് നല്‍കി എന്നു രേഖപ്പെടുത്തുന്നുണ്ട്. ‘അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്ക് കൊണ്ടുവന്നു; പിന്നെ നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കി’ (സൂറത്തുന്നഹ്ല്‍ :78). ഹൃദയത്തെ സൂചിപ്പിക്കുന്നതിനായി ‘അഫ്ഇദത്ത്’ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത് “ഫുആദ്’ എന്ന പദത്തിന്‍റെ ബഹുവചനമാണിത്. അതിന്‍റെ മൂലരൂപം “ഫഅദ” എന്നാണ്. “വേവിച്ച് പാകപ്പെടുത്തിയെടുക്കുക” എന്നതാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. ചുരുക്കത്തില്‍, കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും നാം സംഭരിക്കുന്ന സംഗതികളെ കൃത്യമായി വിശകലനം ചെയ്ത് അതില്‍ നിന്ന് ആശയത്തെ രൂപപ്പെടുത്തിയെടുക്കുക എന്ന കര്‍മം നിര്‍വഹിക്കുന്നതിനാലാണ് ഹൃദയത്തെ ‘അഫ്ഇദത്ത്’ എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വായനയിലൂടെ ലഭിക്കുന്ന സംഗതികളുടെയും ആശയ നിര്‍മാണം ഹൃദയങ്ങളില്‍വെച്ചാണ് സംഭവിക്കുന്നത്. ഖുര്‍ആനില്‍ ‘നിങ്ങള്‍ കാണുന്നില്ലേ’, നിങ്ങള്‍ കേള്‍ക്കുന്നില്ലേ’, “ചിന്തിക്കുന്നില്ലേ’ എന്ന ചോദ്യങ്ങള്‍ കാണാം. എന്നാല്‍ ഇതൊക്കെയും അര്‍ത്ഥമാക്കുന്നത് ‘പരമമായ ശക്തിയെ’ (നിങ്ങളുടെ നാഥനെ) നിങ്ങള്‍ അറിയുന്നില്ലേ! എന്നാണ്. ഉദാഹരണത്തിന്, ‘ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ ?മാറിമാറി വരുന്നതിലും ചിന്താശേഷിയുള്ളവര്‍ക്ക് ?ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’ (സൂറത്തു ആലുഇംറാന്‍: 190). ഈ വചനത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് കാര്യങ്ങളും ദൈവാസ്തിത്വത്തെ ഉറപ്പിക്കാനുള്ള കാര്യങ്ങളാണ്. പ്രപഞ്ചത്തില്‍ പല സംഗതികളും ദിനേന സംഭവിക്കുന്നുണ്ട്. ചിലനേരങ്ങളില്‍ നാം നിനച്ചിരിക്കാതെ തന്നെ പല മാറ്റങ്ങള്‍ക്കും പ്രപഞ്ചം വിധേയമാവുന്നുണ്ട്. ഇത് മനുഷ്യമനസ്സുകളില്‍ തങ്ങള്‍ ദുര്‍ബലരാണെന്ന തോന്നല്‍ ജനിപ്പിക്കുന്നു. അങ്ങനെ അനിയന്ത്രിതമായ ഈ പ്രപഞ്ചത്തെ നിയന്ത്രിച്ച് പരിപാലിക്കുന്ന പരാശക്തിയിലേക്കെത്തിക്കുന്നു. ഇങ്ങനെ മനുഷ്യന്‍ ദൈവത്തെ കണ്ടെത്തുന്നു. ആ ദൈവത്തിന് വിധേയമായി മനുഷ്യര്‍ ജീവിക്കുന്നു. ഇങ്ങനെ ദൈവത്തെ അറിയുവാനും അതുവഴി അവന് നന്ദി കാണിക്കുന്നവനായി മാറുവാനുമാണ് കാഴ്ചയേയും കേള്‍വിയേയുമെല്ലാം ഉപയോഗിക്കേണ്ടത്. അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്ക് കൊണ്ടുവന്നു; പിന്നെ നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍’ (സൂറത്തുന്നഹ്ല്‍ :78). എന്നാല്‍ മനുഷ്യരില്‍ ഭൂരിഭാഗവും നന്ദികാണിക്കാത്തതാണെന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുപോലെ വിധി നിര്‍ണയ നാളില്‍ കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവയാണെന്ന് പറഞ്ഞുവെക്കുന്നുമുണ്ട്. (സൂറത്തു അല്‍ഇസ്റാഅ്:36) ഇത്തരത്തില്‍, ഓരോ വിശ്വാസിയുടെയും വായനകള്‍ക്കൂടി പരിവര്‍ത്തിക്കപ്പെടേണ്ടതുണ്ട്. അവന്‍റെ നാഥനെ കണ്ടെത്തുവാനും അതുവഴി അവന് നന്ദികാണിക്കുന്നവരായി മാറുവാനും വായനകളെ ഉപയുക്തമാക്കേണ്ടതുണ്ട്. കാഴ്ചയും കേള്‍വിയും മനസ്സുമെല്ലാം വിധി നിര്‍ണയനാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുപോലെ വായനയും ചോദ്യം ചെയ്യപ്പെടുമെന്ന് അനുമാനിക്കാം.
‘നീ വായിക്കുക’ എന്ന് ആദ്യം മുതല്‍ തന്നെ ഖുര്‍ആന്‍ കല്‍പ്പിച്ചുവെങ്കിലും എന്തിനെയാണ് വായിക്കേണ്ടതെന്ന് ക്ലിപ്തപ്പെടുത്തിയിട്ടില്ല. ‘ഇഖ്റഅ് ബിസ്മി റബ്ബിക്ക അല്ലദീ ഖലഖ്’ എന്നാണ് പ്രയോഗം. ഇതിനെ നാം ‘സൃഷ്ട്ടിച്ചവനായ നിന്‍റെ നാഥന്‍റെ നാമത്തില്‍ നീ വായിക്കുക’ എന്ന് അര്‍ത്ഥം വെക്കുന്നുണ്ടെങ്കിലും ‘നിന്‍റെ നാഥനുവേണ്ടി വായിക്കുക’ എന്ന അര്‍ത്ഥ സാധുതയും കൂടിയുണ്ടെന്ന് ഇമാം റാസി തന്‍റെ തഫ്സീറായ ‘മാഫാത്തീഹുല്‍ ഗൈബി’ല്‍ രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ നാം ആലോചിക്കുമ്പോള്‍ ഖുര്‍ആന്‍ വിശ്വാസിക്കുണ്ടാവേണ്ട വായനയുടെ രീതിശാസ്ത്രത്തെയാണ് പരിചയപ്പെടുത്തുന്നതെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. അതായത്, വിശ്വാസിക്ക് എന്തിനെയും വായിക്കാം എന്നാല്‍ ആ വായനയെ അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കുമ്പോഴാണ് അവന്‍റെ വായനക്ക് ഫലപ്രാപ്തിയുണ്ടാവുക. വിശ്വാസി തന്‍റെ വായനകളെ രൂപപ്പെടുത്തേണ്ടത് ഏകദൈവത്വത്തിന്‍റെ അടിസ്ഥാനത്തിലും വായനയിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങള്‍ വളരെ പരിമിതമാണെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുമാണ്. അറിവുകള്‍ കൈവരിക്കാനും അതുവഴി അല്ലാഹുവിനെ കണ്ടെത്തുവാനും മുകളില്‍ സൂചിപ്പിച്ചതുപ്പോലെ മറ്റ് മാര്‍ഗങ്ങളുണ്ടെന്നിരിക്കെ എന്തുകൊണ്ട് വായനയെ ആദ്യം പരിചയപ്പെടുത്തി എന്ന ചോദ്യം വളരെ പ്രസക്തമാണ്. അറിവ് സമ്പാദനത്തില്‍ വായന എന്ന പ്രക്രിയ മനുഷ്യന് മാത്രം സവിശേഷമായ സംഗതിയാണ്, അതുകൊണ്ടായിരിക്കാം ആദ്യം വായനയെ കുറിച്ച് സൂചിപ്പിച്ചത്.
സൂറത്തുല്‍ അലഖ് വായിക്കുവാനുള്ള കല്‍പ്പനകൊണ്ട് തുടങ്ങി റബ്ബിന്‍റെ മുമ്പില്‍ സുജൂദ് ചെയ്യുവാനുള്ള കല്‍പനയോട് കൂടിയാണ് അവസാനിക്കുന്നത്. ഇതുപോലെ വായനയെ അല്ലാഹുവിനെ അറിയുവാന്‍ നമ്മെ സഹായിക്കുന്ന മാര്‍ഗമായി കണ്ട് അവനിലണയുംവരെ നമുക്ക് നിരന്തരം വായിച്ചുകൊണ്ടിരിക്കാം.