കോവിഡാനന്തര അധ്യാപന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?

കോവിഡാനന്തരമുള്ള അധ്യാപക രക്ഷാകർതൃ ചർച്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് ലോക്ക്ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ നിലവാരത്തകർച്ച.

പ്ലസ് വണ്ണിൽ ആകെ വിഷയങ്ങൾ കുറവാണെങ്കിലും പത്താം ക്ലാസ്സിനേക്കാളും സിലബസ് കൂടുതലാണ്. പത്തിൽ ഫുൾ എ+ ലഭിച്ചാൽ പ്ലസ് വണ്ണിന് സയൻസാണ് എടുക്കേണ്ടത് എന്നൊരു ‘ഇത്’ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. അധ്യാപകർ പറയുന്നത്, കഴിഞ്ഞ വർഷത്തോടെ ഫോക്കസ് ഏരിയയും പരീക്ഷയിൽ കുട്ടികൾക്ക് നൽകിയ അമിതമായ ഇളവുകളും കാരണം ക്രമാതീതമായി ഫുൾ എ+ കൂടി, സയൻസ് സ്ട്രീമിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് വളരെ അധികം വർധിക്കുകയും ചെയ്തു എന്നതാണ്.

പ്ലസ് വൺ ക്ലാസ്സിൽ എത്തിയ വിദ്യാർഥികൾക്ക് അതിലെ വിഷയങ്ങൾ മനസ്സിലാകുന്നില്ല. എന്ത് ചെയ്യും? പ്ലസ് വണ്ണിന് ക്ലാസ്സെടുക്കുന്ന ഗണിത അധ്യാപകരും ഫിസിക്സ്, കെമിസ്ട്രി അധ്യാപകരുമെല്ലാം പറഞ്ഞത്, അവർ ഉത്തരക്കടലാസ് മൂല്യ നിർണ്ണയം ചെയ്യാൻ പോകുമ്പോൾ മുൻകാലങ്ങളിൽ ഇടയ്ക്കിടെ ഫുൾ മാർക്കുള്ള പേപ്പറുകൾ കാണാമായിരുന്നു, ഇപ്പോൾ അത് വളരെ അധികം കുറഞ്ഞിട്ടുണ്ട് എന്നാണ്. കുട്ടികൾക്ക് പഠിപ്പിച്ചിട്ട് മനസ്സിലാകുന്നില്ല, എന്ത് ചെയ്യും? പല അധ്യാപകരും പങ്കു വച്ച കാര്യമാണിത്. യഥാർത്ഥത്തിൽ എന്താണ് പ്രശ്നം?

അറിവ് ശേഖരണത്തെ കുറിച്ച് ധാരാളം സിദ്ധാന്തങ്ങൾ മന:ശാസ്ത്രജ്ഞരുടേതായി ഉണ്ട്. കുഞ്ഞുങ്ങൾക്ക് അറിവ് ലഭിക്കുന്നതിനെ കുറിച്ചുള്ള ചർച്ചയിൽ ജെറോം എസ് ബ്രൂണറുടെ സിദ്ധാന്തമാണ് ഏറ്റവും ഉപകരിക്കുന്നത് എന്ന് തോന്നുന്നു.

നമ്മുടെ ബൗദ്ധിക വളർച്ച (intellectual development) മൂന്ന് ഘട്ടങ്ങളിലൂടെയാണ്:
പ്രവർത്തന ഘട്ടം (Enactive stage), ബിംബന ഘട്ടം (iconic stage), പ്രതിരൂപാത്മക ഘട്ടം (symbolic stage). ഒന്നാമത്തെ ഘട്ടo അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് പ്രവർത്തനങ്ങൾ, അനുഭവങ്ങൾ എന്നതിലൂടെയും രണ്ടാമത്തേത് ചിത്രങ്ങൾ, ഡയഗ്രമുകൾ തുടങ്ങിയവയിലൂടെയുമാണ്. ഭാഷാപ്രയോഗത്തിലൂടെയും സൂത്രവാക്യങ്ങളിലൂടെയുമാണ് മൂന്നാംഘട്ടം. ഒരു കുഞ്ഞിന് മനസ്സിലാക്കാനുള്ള കഴിവ് വളർച്ചക്കൊപ്പം മാറിക്കൊണ്ടിരിക്കും. ഈ സിദ്ധാന്തത്തിന്റെ പ്രായോഗികത ചർച്ച ചെയ്യുമ്പോൾ പറയുന്നത്, ഏതൊരാൾക്കും ഒരു വിഷയം മേൽ രൂപത്തിൽ പഠിപ്പിച്ചാൽ ഏതു പര്യായത്തിലും പഠിക്കാം. അതിനാൽ ആ രൂപം വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതിൽ ഉപയോഗപ്പെടുത്താം.

ഒരു ഉദാഹരണം പറയാം, പ്ലസ് വൺ കെമിസ്ട്രിയിൽ ആസിഡ്, ആൽക്കലി തുടങ്ങിയവ ധാരാളം ചർച്ച ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സിലബസിൽ ഏഴാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും ഈ വിഷയം ചർച്ച ചെയ്തിട്ടുള്ളത്. ഏഴാം ക്ലാസ്സിൽ മൂന്നാം പാഠത്തിലാണ് ഈ വിഷയത്തെ കുറിച്ചുള്ള ചർച്ച തുടങ്ങുന്നത്. പുളിയുള്ള ഭക്ഷ്യവസ്തുക്കളെ കുറിച്ചും അത് പോലെ ലിറ്റ്മസ് പേപ്പറിനെ കുറിച്ചുമൊക്കെയാണ് പഠിപ്പിക്കുന്നത്. കുട്ടിക്ക് അറിയാവുന്ന വസ്തുക്കൾ ഉപയോഗിച്ച് പഠനം തുടങ്ങുന്നു എന്നർത്ഥം. ഒമ്പതാം ക്ലാസ്സിൽ അഞ്ചാം അധ്യായത്തിലാണ് പിന്നീട് ഈ ചർച്ച വരുന്നത്. തൈരും മോരും ഒന്നുമല്ല അവിടെ ചർച്ച ചെയ്യുക. ലോഹങ്ങളുമായുള്ള രാസമാറ്റം വിവരിക്കുന്ന പരീക്ഷണങ്ങളാണ് ആ ക്ലാസ്സിൽ ഉള്ളത്.

പിന്നീട് വരുന്ന ചർച്ച പ്ലസ് വണ്ണിലാണ്. അവിടെ വളരെ ആഴത്തിലുള്ള ചർച്ചകൾ വരുന്നുണ്ട്. നേരെ അത്തരം ചർച്ചകളിലേക്ക് പോയാൽ കുട്ടികൾക്ക് പിടികിട്ടിക്കൊള്ളണം എന്നില്ല. കാരണം, 2020 , 2021 കാലത്തെ അവരുടെ ഓൺലൈൻ പഠനത്തിനിടയിൽ അവർക്ക് മനസ്സിലാകാതെ പോയ ഭാഗങ്ങൾ ആകാം അതിന്റെ പ്രാഥമിക ഭാഗങ്ങൾ. അതിനാൽ 7 , 9 ക്ലാസ്സുകളിൽ പഠിച്ച കാര്യങ്ങൾ കൂടി അല്പം ചർച്ച ചെയ്തു കൊണ്ട് പഠിപ്പിച്ചാൽ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കും. സ്‌പൈറൽ കരിക്കുലം എന്നാണ് ഈ രൂപത്തിനുള്ള പേര്.

ഇതൊരു ഉദാഹരണം മാത്രമാണ്. പ്രശ്നങ്ങൾ മുന്നിൽ വരുമ്പോൾ അതിൽ കിടന്നുഴറാതെ പരിഹാരം നമ്മുടെ മുന്നിൽ ഉണ്ടെന്നു കൂടി അറിഞ്ഞ് സമാധാനപ്പെടാം നമുക്ക്. അതിലൂടെ മഹാമാരിയുടെ ബേജാറിൽ കിടന്നുഴറുകയായിരുന്ന നമ്മുടെ കൊച്ചു മനസ്സുകളെ ഉയർച്ചയിലേക്ക് കരം പിടിക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *