മതം, ശാസ്ത്രം, യുക്തി ലിംഗ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ എഡിറ്റർമാരിലൊരാളായ റശീദ് ഹുദവി ഏലംകുളം ‘ദി പിൻ ‘നോടു സംസാരിക്കുന്നു :
പുസ്തക രചനയുടെ പശ്ചാത്തലം ?
രണ്ടായിരത്തി പത്തിന് ശേഷം കേരളത്തിലെ സ്വതന്ത്രചിന്തകരുടെയും യുക്തിവാദികൾക്കുമിടയിൽ രണ്ടു പ്രധാന ട്രെൻഡുകൾ ഉയർന്നു വന്നു. ആദ്യത്തേത് ശാസ്ത്രമാത്രവാദമായിരുന്നു (scientism). രണ്ടാമത്തേത് സംഘപരിവാർ ആഖ്യാനങ്ങളോടുള്ള ആഭിമുഖ്യവും. ശാസ്ത്രം മാത്രമാണ് അറിവിൻറെ ഏകമാനദണ്ഡമെന്ന അന്ധവിശ്വാസം അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന സ്വതന്ത്രചിന്തകർ വ്യാപകമായി പ്രചരിപ്പിച്ചു. തത്വചിന്തയിലുള്ള ധാരണയില്ലായ്മയെ അവർ സ്വയം ആഘോഷിക്കുകയിയിരുന്നു. സെപ്തംബർ പതിനൊന്നിന് ശേഷം അമേരിക്കയിലും മറ്റും മുസ്ലിംവിരുദ്ധ ആഖ്യാനങ്ങൾക്ക് കൂടുതൽ വേരോട്ടം ലഭിച്ചപ്പോൾ മാർക്കറ്റിൽ ഇടം കണ്ടെത്തിയ റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ക്രിസ്റ്റഫർ ഹിച്ചൻസ്, ഡാനിയൽ ഡെന്നറ്റ് പോലുള്ള നവനാസ്തികരുടെ മുസ്ലിം വംശീയവിരുദ്ധത കേരളത്തിലെ നവനാസ്തികർ അപ്പാടെ വിഴുങ്ങുകയും പുനരവതരിപ്പിക്കുകയും ചെയ്തു. ഫലത്തിൽ ഇത് സംഘപരിവാറിന് അനുകൂലമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2018 മെയ് 12 ന് എസ്. കെ. എസ്. എസ് എഫ് ഇൻറലക്ച്ച്വൽ വിങ്ങായ മനീഷ കോഴിക്കോട് വെച്ച് മതം, യുക്തിവാദം, നവനാസ്തികത എന്ന തലക്കെട്ടിൽ ഒരു സെമിനാർ സംഘടിപ്പിച്ചത്. അതിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽ ചിലത് ഉൾപ്പെടുത്തിയും, ചിലത് ഒഴിവാക്കിയും, മറ്റു ചിലത് കൂട്ടിച്ചേർത്തും ആണ് “മതം, ശാസ്ത്രം യുക്തി ലിംഗരാഷ്ട്രീയം” എന്ന പേരിൽ പുസ്തകരൂപത്തിൽ ഇത് പുറത്തിറക്കുന്നത്.
പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച്?
ശാസ്ത്രം മതവിരുദ്ധമാണെന്ന തെറ്റിദ്ധാരണയും മതം ശാസ്ത്രവിരുദ്ധമാണെന്ന തെറ്റിദ്ധാരണയും ഒരുപോലെ അപകടകരമാണ്. ഇവ രണ്ടിനെയും പൊളിച്ചുകളയുന്ന തരത്തിലാണ് പുസ്തകത്തിലെ പഠനങ്ങൾ. ഖുർആൻ ശാസ്ത്രപുസ്തകമല്ലെങ്കിൽ പിന്നെ, അതിലെ ശാസ്ത്രീയ പരാമർശങ്ങളെ എങ്ങനെയാണ് കാണേണ്ടത്? അതത് കാലത്തെ ശാസ്ത്രീയമായ കണ്ടെത്തലുകളോട് ഖുർആൻ പ്രതികരിക്കുന്ന രീതി എങ്ങനെയാണ്? അനുദിനം നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയ പുരോഗതിയോട് ഖുർആനെ ചേർത്തുവായിക്കേണ്ടത് എങ്ങനെയാണ് തുടങ്ങിയ ചോദ്യങ്ങൾ ഈ പുസ്തകം കൈകാര്യം ചെയ്യുന്നു. വിശ്വാസികൾ ശാസ്ത്രത്തോടു പുലർത്തേണ്ട സമീപനരീതിയെക്കുറിച്ച് ഇതിൽ പ്രസക്തമായ ചില മാർഗനിർദേശങ്ങളുണ്ട്. ഉദാഹരണമായി, ബില്യൺ കണക്കിന് ഡോളർ ചെലവഴിച്ച്, വർഷങ്ങളുടെ അദ്ധ്വാനത്തിനൊടുവിൽ ശാസ്ത്രം എത്തിച്ചേരുന്ന നിഗമനങ്ങളെയും കണ്ടെത്തലുകളെയും “ഇതെല്ലാം ഞങ്ങളുടെ ഖുർആനിലുണ്ട്” എന്ന ഒറ്റ പ്രസ്താവനയിലൂടെ അവഹേളിക്കുന്ന രീതി മുസ്ലിംകൾ നിർത്തണമെന്നും, ഞങ്ങളുടെ ഖുർആൻ ഇത്തരം ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പ്രഖ്യാപിക്കുകയും ശാസ്ത്രീയ ഗവേഷണങ്ങളിൽ മുഴുകുകയാണ് വിശ്വാസികൾ ചെയ്യേണ്ടതെന്നും സലാം ഫൈസി ഒളവട്ടൂർ നിർദേശിക്കുന്നത് കാണാം.
ശാസ്ത്രം കൈകാര്യം ചെയ്യുന്ന മേഖല അനുഭവവും പരീക്ഷണനിരീക്ഷണവും മാത്രം അടിസ്ഥാനമാക്കിയുള്ള ഭൌതികലോകമായതിനാൽ, ദൈവം, വിശ്വാസം തുടങ്ങിയ മണ്ഡലങ്ങൾ മനസ്സിലാക്കാൻ ശാസ്ത്രം ഒരിക്കലും പര്യപ്തമല്ല. അതിനാൽ, തത്വചിന്തയെ ശാസ്ത്രത്തിൽ നിന്നും വേർപ്പെടുത്തുന്ന നവനാസ്തികരുടെ ജ്ഞാനശാസ്ത്രപരമായ അബദ്ധത്തെ ഈ പുസ്തകം നിശിതമായി വിമർശിക്കുന്നുണ്ട്. ശാസ്ത്രത്തിന് നിലനിൽക്കാൻ സ്വന്തമായി തത്വചിന്താപരമായ ചില അടിസ്ഥാനങ്ങൾ വേണമെന്നിരിക്കെ തന്നെ, ദൈവത്തെ കണ്ടില്ലെന്നു നടിക്കാൻ വേണ്ടി മാത്രം തത്വചിന്തയെ നിരാകരിക്കുന്ന നവനാസ്തികരുടെ വൈരുദ്ധ്യം ഇത് തുറന്നു കാണിക്കുന്നു. സമദാനി സാഹിബിൻറെ അവതാരികയും, സി. ഹംസ, സലാം ഫൈസി ഒളവട്ടൂർ, ഉസ്താദ് ബഹാഉദ്ദീൻ നദ് വി തുടങ്ങിയവരുടെ പഠനങ്ങളും ഈ ആശയത്തെ ശക്തമായി ഉന്നയിക്കുന്നത് കാണാം.
ഫെമിനിസം, എൽ.ജി.ബി.ടി.ക്യൂ വിഷയങ്ങളെക്കുറിച്ച വിശകലനം ?
പുസ്തകത്തിലെ മറ്റൊരു പ്രമേയം ലിബറൽ ലോകവീക്ഷണത്തിൻറെ ചതുപ്പുനിലങ്ങളിലൊന്നായ ലിംഗരാഷ്ട്രീയമാണ്. സ്ത്രീകളുടെ വിമോചനം സാധ്യമാക്കാൻ ലിംഗനീതി എന്ന സങ്കൽപത്തിൽ ഊന്നുന്നതിനു പകരം തുല്യതാവാദം ഉന്നയിക്കുന്ന പടിഞ്ഞാറൻ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളെ ഇത് ചോദ്യം ചെയ്യുന്നു. ഫെമിനിസ്റ്റുകളുടെ രംഗപ്രവേശം, സ്ത്രീയുടെ വസ്തുവത്ക്കരണത്തെ അഭൂതപൂർവമായി സഹായിച്ചിട്ടുണ്ടെന്ന് ജൌഹർ കാവനൂർ തെളിയിക്കുന്നുണ്ട്. പടിഞ്ഞാറൻ ഫെമിനിസ്റ്റുകളുടെ സിദ്ധാന്തങ്ങൾ കുടുംബതകർച്ചക്കും, സമൂഹത്തിൻറെ സാംസ്കാരിക ശോഷണത്തിനും വഴിവെച്ചതു മൂലം, അവ സ്ത്രീയെ ദ്രോഹിക്കുകയാണ് ചെയ്ത്, സഹായിക്കുകയല്ല ചെയ്യുന്നത്. പിതാവിനെക്കുറിച്ചറിയാത്ത കുഞ്ഞുങ്ങൾ, വൃദ്ധരായ മാതാപിതാക്കൾ തുടങ്ങിയവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സ്ത്രീയുടെ പുരുഷവത്ക്കരണത്തിന് വേണ്ടി വാദിക്കുന്ന ലിബറലുകൾ നിശബ്ദരാകുന്നതിനെ നിശിതമായി വിമർശിക്കുന്നുണ്ട്. ഫെമിനിസ്റ്റ് സിദ്ധാന്തങ്ങൾ സ്ത്രീയെ പ്രശ്നങ്ങളിൽ നിന്ന് വിമോചിപ്പിക്കുമായിരുന്നെങ്കിൽ, അത് പടിഞ്ഞാറൻ രാജ്യങ്ങളിൽ സംഭവിക്കണമായിരുന്നു, നേരെ മറിച്ചാണ് സംഭവിച്ചിട്ടുള്ളതെന്ന് ജൌഹർ തെളിയിക്കുന്നു.
ഞാൻ തയ്യാറാക്കിയ രണ്ടു പഠനങ്ങൾ കൈകാര്യം ചെയ്യുന്നത് ഹോമോസെക്ഷ്വാലിറ്റി, ട്രാൻസ്ജെൻഡറിസം എന്നീ പ്രമേയങ്ങളാണ്. ഹോമോ സെക്ഷ്വാലിറ്റി സംബന്ധമായി, സ്വവർഗരതിക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ നിയമപരവും വിശ്വാസശാസ്ത്രപരവും, സ്വത്വരാഷ്ട്രീയപരവും ധാർമികവുമായ മാനങ്ങളെ ഇത് ചർച്ചക്കെടുക്കുന്നു. ഇസ്ലാമിക പാരമ്പര്യങ്ങളുടെ സഹജസ്വഭാവമായ വൈവിധ്യങ്ങളെ അംഗീകരിക്കൽ, ബഹുസ്വരത തുടങ്ങിയ പ്രത്യേകതകൾ മുൻനിർത്തി സ്വവർഗരതിക്ക് ഇസ്ലാമിക പാരമ്പര്യത്തിനകത്ത് തന്നെ അംഗീകാരം നേടിക്കൊടുക്കാനുള്ള സ്കോട്ട് കൂഗ്ൾ പോലുള്ള തിരുത്തൽ വാദികളുടെ പദ്ധതികളിലെ പ്രശ്നങ്ങളെയും വൈരുദ്ധ്യങ്ങളെയും ഈ പഠനങ്ങൾ തുറന്നുകാട്ടുന്നുണ്ട്. ട്രാൻസ്ജെൻഡർ സഹോദരങ്ങൾ അനുഭവിക്കുന്ന വേദനകളെ പഠനവിധേയമാക്കുന്നതിൽ മുസ്ലിങ്ങൾ പരാജയപ്പെട്ടിട്ടുണ്ടെന്ന യാഥാർഥ്യം ഈ പുസ്തകം വായിക്കുന്നതോടെ കൂടുതൽ ആഴത്തിൽ ബോധ്യപ്പെടും. കോർപ്പറേറ്റ് വ്യവസ്ഥകൾക്ക് സഹായകമാവുന്ന വിധത്തിലുള്ള ഒരു തരം ദുരുദ്ദേശ്യപരമായ ലോബിയിങ്ങിനും, യാഥാർഥ്യബോധമില്ലാത്ത ചികിത്സാപരീക്ഷണങ്ങൾക്കും ട്രാൻസ് സഹോദങ്ങൾ വിധേയമാകുന്നുണ്ടെന്ന് നമ്മെ ജാഗരൂകരാക്കേണ്ടതുണ്ട്. ഓരോ വിശ്വാസിക്കും ചൂഷണവ്യവസ്ഥകളിൽ നിന്നും അവരെ രക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതിന് വേണ്ട ഭരണഘടനാപരമായ പ്രവർത്തനങ്ങളിലേർപ്പെടാനുള്ള ചുമതലയുമുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ, ആധുനികതക്ക് മുമ്പ് ജീവിച്ച ട്രാൻസ് ഇൻറർസെക്സ് സഹോദരങ്ങൾ മുസ്ലിം സമൂഹങ്ങളിൽ അനുഭവിച്ച സാമൂഹിക സുരക്ഷിതത്വം, ലിംഗത്വത്തെ സ്വയം നിർണയിക്കാനുള്ള ഓരോ വ്യക്തിക്കും നൽകിയതിൻറെ സാമൂഹിക പ്രത്യാഘാതങ്ങൾ, കോർപറേറ്റുകളും മീഡിയകളും ആക്ടിവിസ്റ്റുകളുടെ ക്ളബുകളും ചേർന്ന് പടിഞ്ഞാറൻ നാടുകളിലെ കൌമാരക്കാർക്കിടയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള ലിംഗത്വത്തെ കുറിച്ചുള്ള കൃത്രിമമായ ആശയക്കുഴപ്പം (Rapid Onset Gender Dysphoria), അത് നമ്മുടെ നാടുകളിൽ വ്യാപകമായാലുണ്ടാവുന്ന പ്രയാസങ്ങൾ തുടങ്ങി നിരവധി പ്രമേയങ്ങളിലൂടെയാണ് ഈ പഠനം കടന്ന് പോകുന്നത്.
പരിണാമ സിദ്ധാന്തത്തെക്കുറിച്ച്?
പരിണാമം ശരിയാണെന്നു വന്നാൽ തന്നെ, മുസ്ലിംകൾക്ക് അത് ഉൾക്കൊള്ളാനുള്ള വിശ്വാസപരമായ സാധ്യത നിലനിൽക്കുന്നു എന്നതാണ് പുസ്തകത്തിലെ മറ്റൊരു ശ്രദ്ധേയമായ പ്രമേയം. ഫാരിസ് പി.യു. ആണ് ഈ പഠനം തയ്യാറാക്കിയത്. പ്രപഞ്ചത്തിന് ദൈവം ആവശ്യമില്ലെന്ന് വിശദീകരിക്കാൻ യാന്ത്രികതാവാദത്തെ കൂട്ടുപിടിച്ച പോലെ, ജീവലോകത്തെ വിശദീകരിക്കാൻ പരിണാമസിദ്ധാന്തത്തെയാണ് കാർ മാർക്സ് അടക്കമുള്ള നാസ്തികർ സ്വീകരിച്ചത്. പരിണാമം ക്രൈസ്തവ പാരമ്പര്യങ്ങളോട് നേർവിരുദ്ധമായതിനാൽ എന്തുവിലകൊടുത്തും ക്രൈസ്തവ പാരമ്പര്യം അതിനെ എതിർത്തു പോന്നു. പൂർവാധുനിക മുസ്ലിം തത്വചിന്തകർ ജീവപരിണാമത്തിലേക്ക് ചില സൂചനകൾ നൽകിയിരുന്നെങ്കിലും പരിണാമത്തിൻറെ കാര്യത്തിൽ ഈയടുത്ത കാലം വരെ മുസ്ലിംകളും ക്രിസ്ത്യാനികളുടെ നിലപാടാണ് പൊതുവെ സ്വീകരിച്ചത്. ഇതിൽ നിന്നുള്ള മാറ്റമാണ് ഫാരിസ് പി.യു എഴുതിയ പഠനം ചർച്ച ചെയ്യുന്നത്. “ആദം നബി ഒരു സവിശേഷ സൃഷ്ടിയാണ്”, “ആദം സന്തതിയായ മനുഷ്യൻ ഭൂമിയിൽ അല്ലാഹുവിൻറെ പ്രതിനിധിയാണ്” തുടങ്ങിയ ചില അടിസ്ഥാന വിഷയങ്ങൾ നിരാകരിക്കുന്നില്ലെങ്കിൽ പരിണാമത്തെ അംഗീകരിക്കുന്നതിൽ മുസ്ലിംകൾക്ക് മറ്റു തടസ്സങ്ങളില്ല എന്ന ആശയമാണ് ഫാരിസ് വിശകലനവിധേയമാക്കുന്നത്. ശുഐബ് മാലിക്, യാസിർ ഖാദി തുടങ്ങിയ പണ്ഡിതർ ഈ ആശയം മുൻനിർത്തി കൃതികളും പ്രഭാഷണങ്ങളും ചെയ്തിട്ടുണ്ട്.
കൃതിയുടെ സമകാലിക പ്രസക്തി ?
പ്രപഞ്ചം ഗണിതശാസ്ത്രപരമായി പ്രവചനങ്ങൾക്ക് വിധേയമാക്കാവുന്ന ഒരു യന്ത്രമാണെന്ന ന്യൂട്ടോണിയൻ ഫിസിക്സ് ഉണ്ടാക്കിയെടുത്ത സാമാന്യബോധത്തെ ശാസ്ത്രലോകത്ത് നിന്നു തന്നെ നിരവധി പേർ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്. പ്രപഞ്ചത്തെയും ജീവനെയും സംവിധാനിച്ച ഒരു സൂപ്പർ ഇൻഡലിജൻസിനെക്കുറിച്ചുള്ള ചിന്തകൾ കൂടുതൽ സജീവമാകുന്ന കാലമാണിത്. അതോടൊപ്പം ക്വാണ്ടം ഫിസിക്സിൻറെ രംഗപ്രവേശം പ്രപഞ്ചത്തിലെ ആകസ്മികതയെ (unpredictability) മനസ്സിലാക്കാൻ നമ്മെ കൂടുതൽ സഹായിച്ചിട്ടുണ്ട്. ആൻറണി ഫ്ലൂ, റൂപർട്ട് ഷെൽഡ്രേക്ക് എന്നിവരെപ്പോലെയുള്ള ശാസ്ത്രജ്ഞർ ഈ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്തു കഴിഞ്ഞു. മാത്രമല്ല, ശാസ്ത്രത്തിലൂടെ മാത്രമേ അറിവ് സാധ്യമാകൂ എന്ന ജ്ഞാനശാസ്ത്രപരമായ ഭീമാബദ്ധം തത്വചിന്തയിൽ മിനിമം ജ്ഞാനമുള്ള ശാസ്ത്രജ്ഞർ പോലും നിരാകരിക്കുന്ന കാര്യമാണ്. മുസ്ലിംകൾ അവരുടെ വിശ്വാസപരമായ കാര്യങ്ങളെ കാണുന്നത് ഈ ജ്ഞാനശാസ്ത്രീയ അടിത്തറയിൽ നിന്നുകൊണ്ടാണ്. എന്നാൽ, സെപ്തംബർ പതിനൊന്നിന് ശേഷം രൂപപ്പെട്ട മുസ്ലിംവിരുദ്ധ അന്തരീക്ഷത്തെയും ഇസ്ലാമോഫോബിയയെയും ആന്തരികവത്ക്കരിച്ച സെക്കുലർ സാംസ്കാരിക സമൂഹം ഇത്തരം മാറ്റങ്ങളെ തിരിച്ചറിഞ്ഞിട്ടില്ല. അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുകയാണ്. ഇക്കാര്യങ്ങൾ മലയാളികളുടെ ശ്രദ്ധയിൽ പെടുത്തുന്നുവെന്നതാണ് ഈ പുസ്തകത്തിൻറെ പ്രസക്തിയായി ഞാൻ മനസ്സിലാക്കുന്നത്. രണ്ടാമതായി, ജെൻഡർ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ അവയിലെ ചതിക്കുഴികൾ തിരിച്ചറിയാതെ അമേരിക്കയിൽ നിന്നും മറ്റും നേരിട്ട് ഇറക്കുമതി ചെയ്യുന്ന സ്വഭാവമാണ് കേരളത്തിലെ ഇടതുപുരോഗമന പ്രസ്ഥാനങ്ങൾക്കുള്ളത്. എന്തു കാര്യത്തെയും uncritically adopt ചെയ്യുക, എന്നിട്ട് അതിനെ പുരോഗമനം എന്ന പേരിട്ട് വിളിക്കുക എന്ന രീതിയാണ് കാണുന്നത്. ഗവൺമെൻറ് സംവിധാനങ്ങളും, അംഗണവാടികളും, കുടുംബശ്രീ യൂണിറ്റുകളുമെല്ലാം ഉപയോഗിച്ച് അത് താഴേ തട്ടിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും സ്വന്തം ജ്ഞാനശാസ്ത്രീയ ചട്ടക്കൂടിനെ മനസ്സിലാകാത്ത, അപകർഷതാ ബോധമുള്ള മുസ്ലിംകൾ കൂടി അതിൽ വീണുപോയേക്കാം. നാളെ കൌമാരക്കാരനായ പൂർണ ആരോഗ്യവാനായ നമ്മുടെ മകൻ “ഞാൻ നാളെ മുതൽ ഒരു പെണ്ണാണ്”, എന്നോ, നമ്മുടെ മകൾ ആണാണ് എന്നോ പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്. അക്കാര്യത്തിലുള്ള ബാധ്യതാ നിർവഹണം കൂടി ഈ പുസ്തകത്തെ പ്രസക്തമാക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.
ഈ വിഷയങ്ങളിലുള്ള പുതിയ പഠനങ്ങൾ ?
പുതിയ പഠനങ്ങളെക്കുറിച്ച് പറയുമ്പോൾ, ഉദാഹരണായി ട്രാൻസ്, ഇൻറർസെക്സ് തുടങ്ങിയവരുടെ കാര്യം തന്നെയെടുക്കാം. ഇക്കാര്യത്തിൽ പൊതുസമൂഹത്തിലുള്ള അജ്ഞതയും അലംഭാവവും മുസ്ലിംകൾ കൂടി പുലർത്തുന്നുണ്ട് എന്നത് വിഷമകരമാണ്. സെക്കുലർ മോഡേൺ ചട്ടക്കൂടിലേക്ക് ലോകം മാറിയപ്പോൾ മുസ്ലിം സമുദായം അത് സ്വീകരിക്കുകയും ട്രാൻസ്, ഇൻറർസെക്സ് പോലുള്ളവരോട് പൂർവാധുനിക മുസ്ലിം സമൂഹം പുലർത്തിയിരുന്ന സ്വാഭാവികമായ പ്രതികരണങ്ങൾ മറന്ന് അവരെ ആട്ടിയകറ്റുകയും ചെയ്തു. എന്നാൽ, പുതിയകാലത്ത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നവലിബറൽ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾ അവർക്ക് തന്നെ കൂടുതൽ ദുരിതമാകുന്ന അവസ്ഥയാണുള്ളത്. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ മുസ്ലിംകൾക്ക് വിശ്വാസപരമായ ബാധ്യതയുണ്ട്. പുരുഷ ശരീരത്തിൽ സ്ത്രീ മനസ്സുള്ള ആളുകൾ പ്രവാചകരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കിടയിൽ പോലും സ്വാഭാവികമായി ഇടപഴകിയിരുന്നത് ഹദീസുകളിൽ കാണാം. പ്രമുഖ സൂഫീ വര്യനായിരുന്ന ഇമാം ശഅറാനിയുടെ സഹോദരൻ ശൈഖ് അഫ്ളലുദ്ദീൻ ട്രാൻസുകളെയോ ഇൻറർസെക്സുകളെയോ കണ്ടാൽ പ്രത്യേകം പ്രാർഥിക്കാൻ ആവശ്യപ്പെടുമായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. പത്താം നൂറ്റാണ്ടിൽ ജീവിച്ച ഹസനു ബ്നു അലിയ്യുത്തൽഹി എന്ന ഹദീസ് പണ്ഡിതന് സ്തനങ്ങളുണ്ടായിരുന്നു. അതിനർഥം അത്തരമൊരു ശരീരപ്രകൃതം ഉള്ളയാൾ ജ്ഞാനോൽപാദനരംഗത്ത് ശോഭിക്കണമെങ്കിൽ അവർ ജീവിച്ച സമൂഹം അവരെ വിവേചനങ്ങൾക്ക് വിധേയമാക്കിയില്ല എന്നാണല്ലോ. അതായത്, പൂർവാധുനിക മുസ്ലിം സമൂഹങ്ങളിൽ ലിംഗലൈംഗിക ന്യൂനപക്ഷങ്ങൾ അനുഭവിച്ച സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച് മുസ്ലിംകൾക്കിടയിൽ നിന്നും കൂടുതൽ പഠനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. സ്വന്തം പാരമ്പര്യങ്ങളിൽ അഭിമാനം തോന്നുക എന്നതിലുപരി, സമൂഹത്തിന് ഉപകാരപ്പെടുന്ന സമുദായമാവുക എന്നതുകൂടി പ്രധാനമാണല്ലോ.