നീനോ എന്ന നാനോ നോവല്‍

മദ്രാസ് യൂണിവേഴ്സിറ്റി മലയാളം ഡിപ്പാർട്ട്മെൻറ് മേധാവിയും ഗ്രന്ഥകാരനുമായ ഡോ.പി. എം. ഗിരീഷ്, അദ്ധേഹത്തിന്റെ ‘നീനോ ‘ എന്ന നോവലിനെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു :

 

നോവൽ രചനയുടെ പശ്ചാത്തലവും ഇതിവൃത്തവും ?

അടിസ്ഥാനപരമായി ഗ്രാംഷിയെ ഭാഷാശാസ്ത്രജ്ഞനായി കാണാനാണ് എനിക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ കാതല്‍ ഭാഷാശാസ്ത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്തരത്തിലുള്ളൊരു കൃതിയുടെ രചനാവേളയിലാണ് നീനോ എന്ന നാനോ നോവല്‍ രൂപപ്പെടുന്നത്. ഞാന്‍ ഗ്രാംഷിയുടെ തടവറക്കത്തുകള്‍ ഓരോന്നായി സശ്രദ്ധം വായിക്കാന്‍ തുടങ്ങി. ഗ്രാംഷിയുടെ ചിന്താലോകം സങ്കല്പനലക്ഷക(Conceptual Metaphors)ങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു അത്. തികഞ്ഞ കുടുംബസ്‌നേഹിയായിരുന്നു ഗ്രാംഷി. എല്ലാവരോടും സ്‌നേഹവും പരിചരണവും കാത്തുസൂക്ഷിക്കുന്ന വ്യക്തി. വ്യക്തിശുദ്ധി സൂക്ഷിച്ച മനുഷ്യന്‍. ശരീരശുദ്ധിയും ഒരുപോലെ കാത്തുസൂക്ഷിക്കുന്നവന്‍. തൊഴിലാളിവര്‍ഗമുന്നേറ്റത്തിന്റെ അടിസ്ഥാനമായി മദ്യനിരോധനവും ലൈംഗിക അച്ചടക്കവും ആവശ്യമാണെന്ന് മനസ്സിലാക്കിയ ഒരാള്‍. യഥാര്‍ഥ മാര്‍ക്‌സിസ്റ്റ് എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമമാതൃക. എന്നെ ഗ്രാംഷിയിലേക്ക് അടുപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഭാഷാശാസ്ത്രപ്രേമംമാത്രമല്ല; ഈ വ്യക്തിശുദ്ധിയുംകൂടിയാണ്.

അദ്ദേഹത്തിന്റെ ജീവചരിത്രം സംക്ഷിപ്തമായി വിവരിക്കേണ്ടതുണ്ട്. നോവലിന്റെ പ്രമേയം അതാണല്ലോ.1891-ല്‍ ജനുവരി 23-ന് സാര്‍ദീനിയില്‍ ജനിച്ചു. 1937 ഏപ്രില്‍- 27ന് മരിച്ചു. മരിക്കുമ്പോള്‍ നാല്പത്തിയാറ് വയസ്സ്. മുപ്പത്തിയഞ്ചാം വയസ്സില്‍ ഇറ്റലിയിലെ ഫാസ്സിസ്റ്റ് ഭരണകൂടം തടവിലാക്കി. പത്തുവര്‍ഷത്തോളം ജയിലില്‍. റോമിലെ ആസ്പത്രിയില്‍വെച്ചു മരിച്ചു. ശവസംസ്‌കാരം സൈനിക മേല്‍നോട്ടത്തിലായിരുന്നു. ഭാര്യാസഹോദരി തത്യാനയും സഹോദരന്‍ കാര്‍ലോയും അനുഗമിച്ചു. രോഗശയ്യയില്‍വെച്ചുതന്നെ ജയിലില്‍നിന്ന് ഗ്രാംഷി എഴുതികൊണ്ടിരുന്ന കുറിപ്പുകള്‍ തത്യാന ആരുമറിയാതെ എടുത്തുമാറ്റി. (ഇവയാണവര്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നത്). അറസ്റ്റിനുമുമ്പും പിമ്പും ധാരാളമെഴുതി. കാരാലിനിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഫെല്ലോഷിപ്പോടുകൂടി ടൂറിന്‍ സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസം. ടൂറിന്‍ സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി. അക്കാരണത്താല്‍ അദ്ദേഹത്തിന്റെ ഫെല്ലോഷിപ്പ് അധികൃതര്‍ കണ്ടുകെട്ടി. പഠനം മുടങ്ങി. ബാല്യംമുതലേ പിന്തുടര്‍ന്ന രോഗവും പഠനത്തില്‍നിന്ന് പിന്തിരിയാന്‍ കാരണമായി. 1915-ല്‍ ഗ്രാംഷി സര്‍വകലാശാലാ വിദ്യഭ്യാസം ഉപേക്ഷിച്ചു. ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഇറ്റലി ഏതു പക്ഷത്തുനില്‍ക്കണമെന്ന തര്‍ക്കം നടന്നു. യുദ്ധത്തില്‍ ഇറ്റലി പങ്കെടുക്കണമെന്ന മുസ്സോളിനിയുടെ അഭിപ്രായം തന്നെയായിരുന്നു ഗ്രാംഷിയ്ക്കും. അവന്തിപത്രത്തിലെ എഴുത്തു ഗ്രാംഷിയ്ക്ക് ധാരാളം ആരാധാകരെ നേടിക്കൊടുത്തു. ഒക്ടോബര്‍ വിപ്ലവത്തെ ആവേശത്തോടെ സ്വാഗതംചെയ്തു. ലെനിന്റെ കടുത്ത ആരാധകനായിരുന്നു ഗ്രാംഷി. പോസ്റ്റിവിസത്തില്‍നിന്ന് മാര്‍ക്‌സിസത്തെ വേര്‍പ്പെടുത്തി മനസ്സിലാക്കാന്‍ വളരെ മുമ്പുതന്നെ ഗ്രാംഷിയ്ക്ക് കഴിഞ്ഞിരുന്നു. 1917-ല്‍ ടൂറിന്‍ വിപ്ലവം ആരംഭിച്ചു. 1921-ല്‍ ഇറ്റലിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. ബോര്‍ദ്ദിദയായിരുന്നു നേതാവ്. 1922-ല്‍ മുസ്സോളിനിയുടെ പ്രസിദ്ധമായ റോമന്‍ മാര്‍ച്ച്. ഫാസിസം അധികാരത്തില്‍. പാര്‍ട്ടിയും പാര്‍ട്ടിപ്രവര്‍ത്തനവും ഭീഷണിയിലായി. ഗ്രാംഷി അപ്പോള്‍ മോസ്‌കൊയിലായിരുന്നു. അകലെനിന്ന് സ്വന്തം നാടിന്റെ വീഴ്ച കാണേണ്ടിവന്നു. ബോര്‍ദ്ദിഗയും മറ്റ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടീനേതാക്കളെയും മുസ്സോളിനിയുടെ ഭരണകൂടം തടവിലാക്കി. 1924-ല്‍ ഫാസിസ്റ്റ് ആഭ്യന്തര കലാപം, ഇറ്റലിയില്‍ പൊതു തെരഞ്ഞെടുപ്പ്. ലായൂനിറ്റ പത്രത്തിന്റെ പത്രാധിപനായി ഗ്രാംഷി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡെപ്യൂട്ടിയായി ഗ്രാംഷി പാര്‍ലമെന്റിലേക്ക്. രണ്ടു വര്‍ഷത്തേ വിദേശവാസത്തിനുശേഷം വീണ്ടും ഇറ്റലിയില്‍ തിരിച്ചെത്തി. 1926-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുസ്സോളിനി നിരോധനമേര്‍പ്പെടുത്തി. ഗ്രാംഷി അറസ്റ്റ്‌ചെയ്യപ്പെട്ടു. ജയിലില്‍വെച്ചു ആരോഗ്യനില മോശമായിത്തുടങ്ങി. ജയിലില്‍നിന്ന് ധാരാളം കത്തുകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എഴുതി. രാഷ്ട്രീയ- തത്വചിന്ത-സംസ്‌കാരം എന്നിവയെക്കുറിച്ച് കുറിപ്പുകള്‍ എഴുതി. അവ അദ്ദേഹത്തെ ലോകപ്രസിദ്ധനാക്കി. ഈ ചരിത്രത്തിനുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഗ്രാംഷിയിലെ പ്രണയത്തെയാണ് നീനോ എന്ന ഈ നാനോ നോവല്‍ ആവിഷ്‌കരിക്കുന്നത്.

 

മലയാള എഴുത്തു ലോകത്തിലെ ഗ്രാംഷിയുടെ സ്ഥാനം ?

ഗ്രാംഷിയുടെ ജയില്‍കുറിപ്പുകള്‍, രാഷ്ട്രീയരചനകള്‍ എന്ന പേരില്‍ പി.ജെ ബേബി എഡിറ്റ് ചെയ്ത വിവര്‍ത്തനവും വിരലെണ്ണാവുന്ന പഠനങ്ങളുംമാത്രമെ അന്തോണിയോ ഗ്രാംഷി എന്ന ചിന്തകനെ പരിചയപ്പെടുത്തുന്ന മലയാളപുസ്തകങ്ങള്‍. രവീന്ദ്രന്റെ പുസ്തകം, പി. ഗോവിന്ദപിള്ളയും ഇ.എം.എസ് ചേര്‍ന്നെഴുതിയ പുസ്തകം എന്നിവ ശ്രദ്ധാര്‍ഹങ്ങള്‍. അവതന്നെ അദ്ദേഹത്തെ സംസ്‌കാരചിന്തകനെന്ന നിലയ്ക്കും മാര്‍ക്‌സിയന്‍ സൈദ്ധാന്തികനെന്ന നിലയ്ക്കും അവതരിപ്പിക്കുന്നവയാണ്.

ഗ്രാംഷിയുടെ വാര്‍ ഓഫ് പൊസിഷന്‍, പാസ്സീവ് റവലൂഷ്യന്‍ എന്നീ ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഗാന്ധിയെ പഠിക്കാന്‍ ബിബിന്‍ചന്ദ്ര മെനക്കട്ടതിനെ ഐജാസ് അഹമ്മദ് വിമര്‍ശിക്കുന്നുണ്ട്. ഗ്രാംഷിയുടെ ആശയലോകത്തില്‍നിന്ന് ഏതാനും ചിലത് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്ന കാര്യത്തെയാണ് അദ്ദേഹം എതിര്‍ക്കുന്നത്.

സുപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനായ ബര്‍തോളിയുടെ പ്രിയ ശിഷ്യനായിരുന്ന ഗ്രാംഷി, ലോകം മുഴുവന്‍ വാഴ്ത്തപ്പെടുന്ന ഭാഷാശാസ്ത്രജ്ഞനായി മാറുമെന്ന് ബര്‍ത്തോളി പ്രത്യാശിച്ചിരുന്നുവെന്ന് മുമ്പു സൂചിപ്പിച്ചിരുന്നുവല്ലോ. പക്ഷേ അദ്ദേഹം അറിയപ്പെടുന്നത് ഭാഷാശാസ്ത്രജ്ഞനെന്നതിനേക്കാള്‍ സാംസ്‌കാരികവിമര്‍ശകനായും മാര്‍ക്‌സിസ്റ്റ് ചിന്തകനായും ആകുന്നു.

സംസ്‌കാരപഠനത്തിലെന്നപോലെ ഗ്രാംഷിയന്‍ചിന്ത ഭാഷാശാസ്ത്രത്തിലും പ്രസക്തമാണ്. ഭാഷയെ സാംസ്‌കാരികപ്രയോഗമായി ഗ്രാംഷി അടയാളപ്പെടുത്തി.ഭാഷാശാസ്ത്രമണ്ഡലത്തില്‍ ഗ്രാംഷി നല്‍കിയ ദര്‍ശനങ്ങള്‍ പാശ്ചാത്യനാടുകളില്‍ കാര്യമായ പഠിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അദ്ദേഹം പൊതുവെ സംസ്‌കാരപഠനമേഖലയിലാണ് കൂടുതലായും പ്രതിഷ്ഠിക്കപ്പെട്ടത്.ഗ്രാംഷിയുടെയും ഗാന്ധിയുടെയും ഭാഷാദര്‍ശനങ്ങളെ പഠിക്കുന്നൊരു പുസ്തകത്തിന്റെ രചനയിലാണ് ഞാന്‍.

 

മലയാളത്തിലെ നോവൽ രചനകളിലെ നൂതന രീതികളെക്കുറിച്ച്?

പുതുമയോട് വല്ലാത്ത പ്രിയം കാണിച്ചിരുന്ന ഗ്രാംഷിയെക്കുറിച്ചുള്ള സാഹിത്യരചനയിലും പുതുമ വേണമെന്ന തോന്നലാണ് നാനോ നോവല്‍ എന്ന പരികല്പനയില്‍ എത്തിച്ചത്. നാനോടെക്‌നോളജിയുടെ പരികല്പനകള്‍ എഴുത്തിലും പ്രസക്തമാണെന്ന തോന്നലിന്റെ ആവിഷ്‌കാരമാണ് ഈ രചന. അണുവിന്റെയും തന്മാത്രയുടെയും രൂപങ്ങളിലേക്ക് ഉപകരണങ്ങള്‍ മാറുന്നതുപോലെ നോവലും ചെറുതാകുന്നു. ചെറുത് അപ്രകാരം വായനയുടെ വലുപ്പമായി മാറുന്നു; ഒരു പരീക്ഷണശ്രമം. ഈ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിയും സൊരളാദേബീ ചതുരണിയുംതമ്മിലുള്ള അടുപ്പത്തെ ആവിഷ്‌കരിക്കുന്ന മറ്റൊരു നാനോ നോവലും എഴുതിയിട്ടുണ്ട്. നല്ല പ്രതികരണമാണ് കിട്ടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *