ഡോ. ജമീൽ അഹ്മദ്
സൂചനകൾക്കൊണ്ട് സമൃദ്ധമായ ഭാഷയെയാണ് കവിത എന്നു വിളിക്കേണ്ടത്. ഓരോ ദൃശ്യവും ധ്വന്യാത്മകമാകുന്ന സിനിമയാണ് പുഴു. അതുകൊണ്ടുതന്നെ അത് സമയമെടുത്ത് വായിക്കേണ്ട ഒരു കവിതയാണ്. പെട്ടെന്ന് വായിച്ചുതീർക്കാവുന്ന കവിതകൾ എഴുതുന്നവരും അത് ഇഷ്ടപ്പെടുന്നവരും പെരുകിയ ഈ കാലത്ത് പുഴുവിനെപ്പോലുള്ള ഒരു സിനിമ ഇഴയുന്നു എന്ന പരാതി കേൾക്കുന്നത് സ്വാഭാവികംതന്നെ.
മമ്മൂട്ടി എന്ന സൂപ്പർസ്റ്റാർ നായകനായി (വില്ലനായി) എത്തുക എന്നത് പുഴു സിനിമ മുന്നോട്ടുവെക്കുന്ന പ്രമേയത്തിന്റെ തന്നെ ഭാഗമാണ്. മലയാളസിനിമയിലെ ഇന്നോളമുള്ള സൂപ്പർ ഹീറോ നായകന്മാർ ചെയ്തുകൂട്ടിയ വീരപ്രവർത്തനങ്ങളൊക്കെയും അറപ്പുളവാക്കുന്ന വില്ലത്തരങ്ങളായിരുന്നു എന്ന് തുറന്നു കാണിക്കുന്ന ആദ്യ മലയാള സിനിമയാണ് പുഴു. കേരള സംസ്കാരത്തിലെ സവർണ, പുരുഷ, നായകന്മാരെയാണ് രതീന പി ടി എന്ന നവാഗത സംവിധായിക രാഷ്ട്രീയബോധംകൊണ്ട് ചോദ്യംചെയ്യുന്നത്. ഈ സിനിമയോടെ, മലയാളസിനിമ ഇന്നോളം കാണിച്ചുവെച്ച ആറാംതമ്പുരാക്കൻമാരുടെ ആറാട്ടുകൾ മുഴുവൻ ജാതിവെറിയും ആണഹങ്കാരവും മാത്രമാണെന്ന് ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ സിനിമയുടെ രാഷ്ട്രീയപാഠവും അതുതന്നെ.നമ്മുടെ സിനിമയിലെ ധീരോദ്ധാത്ത പരീക്ഷിത്ത് രാജാക്കന്മാർ പലരും സിനിമ അവസാനിച്ചതിന്റെ ഏഴാംനാൾ തക്ഷകന്റെ സർപ്പദംശനമേറ്റ് ചത്തുവീഴേണ്ട വില്ലൻമാരായിരുന്നു.
പെങ്ങളുണ്ടാക്കിയ പായസം അലിവുറ്റ ഭാവത്തിൽ ഒരിട രുചിച്ചുനോക്കുമ്പോൾ അയാൾ സ്നേഹമുള്ള ആങ്ങളയാണ്. മകന്റെ മുറിവ് കഴുകി ശുശ്രൂഷിക്കുമ്പോൾ അയാൾ സംരക്ഷകനായ അച്ഛനാണ്. ഭാര്യയുടെ വേർപ്പാടിനു ശേഷവും അവിവാഹിതനായി തുടരുമ്പോൾ അയാൾ സദാചാരനിഷ്ഠയുള്ള ഭർത്താവാണ്. അമ്മയുടെ വായിൽ സ്പൂണുകൊണ്ട് കഞ്ഞി പകരുന്ന അയാൾ കരുണയുറ്റ മകനാണ്. ശാസ്ത്രീയസംഗീതം ആസ്വദിക്കുന്ന കലാസ്നേഹിയാണ്. തന്റെ ആശ്രിതരെ ഒറ്റപ്പിഴവിന് ശിക്ഷിക്കാൻപോലും ആജ്ഞാശക്തിയുള്ള കരുത്തനാണ്. ഇതൊക്കെയും നമുക്ക് പുഴുവിന് മുമ്പ് പുറത്തിറങ്ങിയ മലയാളസിനിമ പലതരത്തിൽ കാണിച്ചുതന്നിരുന്നു.
എന്നാൽ, ആ നായകരുടെ ക്രൂരമായ വില്ലത്തരങ്ങളെ മനോഹരമായി ആ സിനിമകൾ മൂടിവെച്ചു. ദേവനായി നാം കൊണ്ടാടിയ വിഗ്രഹരൂപങ്ങളൊക്കെയും അകത്ത് പിശാച് കുടികൊള്ളുന്ന ചെകുത്താന്മാരായിരുന്നു എന്ന് തിരിച്ചറിയുന്ന ചരിത്രസന്ധിയാണ് ‘പുഴു’വിന്റേത്.
ഉദ്യോഗകാലത്ത് അഴിമതിയും ക്രൂരതയും അക്രമങ്ങളും ചെയ്ത മനുഷ്യർ ആ അധികാരം വിട്ടൊഴിയുന്ന ശൂന്യജീവിതത്തിൽ അനുഭവിക്കാൻ സാധ്യതയുള്ള ഭയം ആണ് ഈ സിനിമയുടെ കേന്ദ്ര പ്രമേയം. അത് പശ്ചാത്താപമോ സങ്കടമോ പാപബോധമോ ആയി അയാളെ വേട്ടയാടാതിരിക്കില്ല. അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരതകൾ കാണിച്ച പോലീസുദ്യോഗസ്ഥർ പിന്നീട് കുറ്റമേറ്റ് പറയുന്നതും ആത്മീയമാർഗങ്ങളിലേക്ക് തിരിയുന്നതും കേരളം കണ്ടതാണല്ലോ. തങ്ങൾ അതിദാരുണമായി അവസാനിപ്പിച്ച ആത്മാവുകൾ ഇരുട്ടിൽ കയറിവരാത്ത രാത്രികൾ അവർക്കുണ്ടാവില്ല. ശ്വാസംമുട്ടി പിടഞ്ഞെണീക്കാത്ത ഒരുറക്കവും അവർക്ക് വിധിച്ചിട്ടില്ല.
ഈ ഭയത്തിന്റെ തടവിലാണ് പുഴു എന്ന സിനിമയിലെ നായകനായ വില്ലൻ അടയ്ക്കപ്പെട്ടിരിക്കുന്നത്. ഭാര്യയുടെ മരണംപോലും തന്റെ കുറ്റംകൊണ്ടാണെന്ന നിശ്ശബ്ദഭയം അയാളെ വേട്ടയാടുന്നുണ്ട്. സ്വന്തം വീടിന്റെ ചുമരുകളെപ്പോലും അയാൾ സംശയിക്കുന്നുണ്ട്.
അതിനാൽ,ജനക്കൂട്ടത്തിലേക്ക് ലാത്തിചുഴറ്റി ആക്രോശിച്ച് ഓടിയെത്തുന്ന പോലീസുകാരൻ മുതൽ ഏകാധിപതികളായി ദേശംഭരിക്കുന്ന രാജാക്കന്മാർ വരെ അധികാരത്തിന്റെ ഈ ഭയങ്കര കടം വീട്ടാതെ മരണപ്പെടുകയില്ല.താൻ പല്ലുതേക്കുന്ന പേസ്റ്റിലൂടെയെങ്കിലും അവരുടെ പാപം തിരിച്ചുകൊത്താതിരിക്കില്ല. ഇതാണ് ‘പുഴു’ എന്ന രാഷ്ട്രീയ കവിതയുടെ ഒരു അർഥം.