ഫഖീറിന്റെ മിഠായികൾ

പ്രമുഖ സംഗീതജ്ഞനും പണ്ഡിതനുമായ ജാബിർ സുലൈം അദ്ധേഹത്തിന്റെ ‘ഫഖീറിന്റെ മിഠായികൾ’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു :

 

പുസ്തകത്തിന്റെ പേരിന്റെ പ്രത്യേകത ?

സ്വന്തമായി ഒന്നും തനിക്കില്ല, തനിക്കുള്ളതൊന്നും തന്റേതല്ല എന്ന തിരിച്ചറിവിന്റെ ഉടമയെയാണ് സൂഫി സാങ്കേതിക ഭാഷയിൽ ഫഖീർ എന്ന് പറയുക. അ ഫഖീർ എപ്പോഴും അവന്റെ റബ്ബിൽ നിന്നുള്ള ആത്മജ്ഞാനത്തിന്റെ മിഠായികൾ നുണഞ്ഞു കൊണ്ടേയിരിക്കും. ഒന്നും തന്റേതല്ല എന്ന് തിരിച്ചറിയുന്ന ഒരാൾ എല്ലാം റബ്ബിൽ നിന്നുള്ളതായി ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിതത്തിലായിരിക്കും. പൊതുവിൽ മറ്റുള്ളവർ കയ്പുളളതും കാഠിന്യമേറിയതുമായി മനസ്സിലാക്കുന്ന പല കാര്യങ്ങളും അവർക്ക് മധുരമുള്ളതും അസ്വാദ്യകരവുമായിട്ടായിരിക്കും അനുഭവപ്പെടുക. ഫഖീറെന്ന തിരിച്ചറിവുള്ള ഒരാൾ ആ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ അയാൾ സ്വയം ആസ്വദിക്കുന്ന ഈ മിഠായികൾ പങ്കുവെക്കുന്ന അവസരമായിരിക്കും അവരോട് സഹവസിക്കുന്നവർക്ക് ഉണ്ടാവുക. ജീവിതത്തിലൂടെ കടന്നുപോവുമ്പോൾ, അത്തരത്തിൽ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞ മിഠായികളും റബ്ബുമായുള്ള ബന്ധത്തിന്റെ ആസ്വാദനങ്ങളും ചെറിയ കുറിപ്പുകളാക്കി ക്രോഡീകരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അങ്ങനെയാണ് ‘ഫഖീറിന്റെ മിഠായികൾ’ എന്ന പേരിലേക്ക് എത്തുന്നത്.

 

പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച്?

മതം എന്നത് ഒരു മതത്തിന്റെ ആളുകളുടെ മാത്രം പ്രശ്നം അല്ലല്ലോ. മതത്തിനകത്ത് പ്രയോഗിക്കുന്ന വളരെ സാങ്കേതികമായ പദങ്ങൾ പോലും മതമില്ലാത്തവനും അതിനെ എതിർക്കുന്നവർക്കും ഒക്കെ ആ ചർച്ചകളിൽ പെട്ടതാണ്.അതുകൊണ്ട് ആ വാക്കുകളിൽ നിന്ന് മതത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കാൻ അവരെ സഹായിക്കാം. അതിന് സഹായിക്കുന്ന പല വിവരണങ്ങൾ പുസ്തകത്തിൽ നമ്മൾക്ക് കിട്ടും.ജിഹാദ് എന്നത് മത്തിനകത്ത് എത്ര സാങ്കേതികമായ പദമാണ്. എന്നാൽ അതിനെ കുറിച്ച് അറിയാത്ത ആരാണ് ഉള്ളത്.ജീവിതത്തിൽ മതമുള്ളവന്റെയും മതം ഇല്ലാത്തവന്റെയും ജീവനിശ്വാസത്തിന് എളുപ്പം നൽകുന്ന വിധത്തിൽ മതത്തിന്റെ സാങ്കേതിക വാക്കുകൾ വിവരിക്കപ്പെടുക, അതിന്റെ ഉള്ളറകൾ കാണിക്കപ്പെടുക എന്നത് വലിയ പ്രാധാന്യമുള്ള കാര്യമല്ലേ.എവിടെയോ കിടക്കുന്ന സ്വർഗത്തെ നമ്മൾ കാൽ വെക്കുന്നിടത്തേക്ക് ഒരു കാഴ്ച്ച കിട്ടിയാൽ, ഭയപ്പെടുത്തുന്ന ഒരു നരകത്തെ ഇപ്പോൾ തന്നെ നമ്മുടെ ഉള്ളിൽ കണ്ട് അതിൽ നിന്ന് മോചിതരാകാൻ നമ്മൾക്ക് സാധിക്കുകയാണെങ്കിൽ,ഇങ്ങനെയുള്ള കുറെ എളുപ്പമാക്കലുകൾ മതവുമായി ബന്ധപ്പെട്ട് ഈ പുസ്തകം നടത്തുന്നുണ്ട്.

മതത്തിനെ കുറിച്ച് സാധാരണ രീതിയിൽ മനസിലാക്കി വരുന്ന വാക്കുകൾ കൊണ്ട് തന്നെയുള്ള ചില ബിംബങ്ങൾ ഈ പുസ്തകത്തിൽ ചെറിയ ചെറിയ വാക്കുകൾ കൊണ്ട് വല്ലാതെ അലിയിച്ച് കളയുന്നുണ്ട്. സ്വർഗത്തെ കുറിച്ച്,നരകത്തെ കുറിച്ച് ,ഹിസാബിനെ കുറിച്ച്,പാപമോചനത്തെ കുറിച്ച് ,ഇങ്ങനെയുള്ളൊരു വായനയിലൂടെ നമ്മൾ മനസിലാക്കി വെച്ചിട്ടുള്ള മത സങ്കല്പങ്ങളുടെ ചില കഠിനമായതെന്ന് തോന്നുന്ന അല്ലെങ്കിൽ സങ്കല്പികമായ ഒന്നായി മനസിലാക്കുന്ന ഒരു കാര്യത്തെ നമ്മൾക്ക് രുചിയോടെ അതിനെ അലിയിച്ച് അറിയാൻ സാധിക്കും.ഈ കുറിപ്പുകളെ തുടർച്ചയായി ഒരാൾ വായിക്കുന്നതിലൂടെ മതത്തെ ഒരു ഭാരമായും പ്രയാസമായും പേറി നടക്കേണ്ട അവസ്ഥയിൽ നിന്ന് അത് നമ്മളെ യാത്രക്കുള്ള ഒരു വാഹനമായി,അതിനെ എളുപ്പമാക്കുന്ന ടൂൾ ആയി മതത്തെ നമ്മുടെ കയ്യിൽ കിട്ടും.ദൈവത്തെ വിദൂരത്തുള്ളവനായും വെറുതെ അലസമായി സിംഹാസനത്തിൽ ഇരിക്കുന്നവനായും മനസിലാക്കുന്നിടത്ത് നിന്ന് നമ്മുടെ ജീവിതത്തിൽ സജീവമായി ഉള്ളവനായി, നമ്മോടാപ്പം ജീവിതം അസ്വദിക്കുന്നവനായി നമ്മൾക്ക് ഈ പുസ്തകത്തിന്റെ വരികളിലൂടെ കണ്ടെത്താൻ കഴിയും.അല്ലാഹുവിനോടൊപ്പമുള്ള സജീവതയുള്ള ഒരു ജീവിതമാണ് എന്റെത് എന്ന് നമ്മൾ തിരിച്ചറിയുമ്പോൾ ആ സജീവത തന്നെയാണ് നമ്മുടെ ദിക്ർ.

 

പുസ്തകത്തിന്റെ പ്രസക്തി ?

മനുഷ്യരൊന്നാകുന്നതിന്റെയും പരസ്പരം സ്നേഹിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയുമെല്ലാം അടിസ്ഥാനം മനുഷ്യനൊരു ദൈവത്താൽ സൃഷ്ട്ടിക്കപ്പെട്ടതുകൊണ്ടാണ്.  മനുഷ്യർക്കിട-യിൽ നീതി പരിപാലിക്കപ്പെടുന്നതിന്റെ കാരണം അതാണ്. എന്നാൽ ഇന്ന് മതവിശ്വാസികളും അതിനോട് വിയോജിക്കുന്നവരും മതത്തെ മനസ്സിലാക്കുന്നത് ചില പ്രത്യേകമായ നിയമ സംഹിതകളുടെയും ആചാരങ്ങളുടെയും ആരാധനകളുടെയും സാംസ്കാരികമായ ചില പ്രത്യേകതകളുടെയെല്ലാം അടിസ്ഥാനത്തിലാണ്. മനുഷ്യനെ ഒന്നായി കാണുന്ന എല്ലാ മനുഷ്യർക്കും ദൈവം നൽകുന്ന സ്വാതന്ത്ര്യത്തോടെ ഇവിടെയൊരു ജീവിതം സാധ്യമാക്കുന്നത് നമ്മുടെയെല്ലാം അന്വേഷണങ്ങളുടെ ലക്ഷ്യം അവനായി മാറുമ്പോഴാണ്. അത്തരത്തിലുള്ള ഒരു ലക്ഷ്യത്തേയാണ് സൂഫി അന്വേഷണ മാർഗ്ഗത്തിൽ ലൈല എന്ന ഒരു പ്രണയഭാജനമായും

മറ്റൊന്നും വേണ്ടാതെ ഭ്രാന്തമായി അതിനെ അന്വേഷിച്ച് നടക്കുന്ന മജ്നൂൻ എന്ന ഒരു അന്വേഷകനിലൂടെയും പ്രതീകവൽക്കരിക്കുന്നത്. അത്തരത്തിലുള്ള ഒട്ടേറെ കുറിപ്പുകൾ ഇതിലുണ്ട്. മജ്നുൻ എന്ന് പറയുമ്പോൾ മജ്നൂന്റെ ഭ്രാന്ത് ലക്ഷ്യം അത്രമാത്രം അനിവാര്യമാകുമ്പോൾ വന്നു ചേരുന്ന ഭ്രാന്താണ്. നമുക്ക് ജീവിതത്തിൽ ഭ്രാന്ത് വരുന്നത് ജീവിതത്തിൽ അത്രയും അനിവാര്യമായ ഒന്നിനെ നഷ്ട്ടപ്പെടുമ്പോഴാണ്.

അത് കിട്ടിയേ പറ്റൂ എന്ന വിധത്തിൽ മറ്റെല്ലാം നമ്മുടെ മുമ്പിൽ നിസ്സാരമായി തോന്നുന്ന, മറ്റൊന്നും കാണാതെ അതിനുവേണ്ടി മറ്റുള്ളവരുടെ കാഴ്ചയിൽ നമ്മൾ ഭ്രാന്തന്മാരായി മാറുന്നു.മറ്റുള്ളവരുടെ മുമ്പിൽ അവൻ ഭ്രാന്തനാണെങ്കിലും അവന്റെ ഉള്ളിൽ അത് ഭേദമാവാൻ പാടില്ലാത്ത ഒരു രോഗമായാണ് അവനത് കൊണ്ടു നടക്കുക. ഈ ബുക്കിലെ കുറിപ്പുകളിൽ മജ്നൂന് വേണ്ടി പ്രാർത്ഥിക്കുന്ന ലൈലയെ കുറിച്ച് പറയുന്നുണ്ട്. ലൈലയോടുള്ള പ്രേമമാകുന്ന മജ്നൂന്റെ രോഗം മാറാനുള്ള പ്രാർത്ഥന. ആ പ്രേമം ഭേദമായാൽ ലൈല മജ്നൂന് ആരുമല്ല, അന്യമാണ്.

ഇങ്ങനെ മനുഷ്യർക്കിടയിലുള്ള ബന്ധത്തിൽ അതിന്റെ വൈകാരികതയായി നിലനിൽക്കുന്ന ഒരു ദിവ്യ പ്രേമത്തിന്റെ പൊരുളുണ്ട്. അതാണ് ഓരോ വ്യക്തികളെയും അവർ വർത്തിക്കുന്ന മേഖലകളിൽ ഭ്രാന്തന്മാരാക്കി അവരുടെ ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പാതയിൽ മറ്റെല്ലാം നഷ്ടപ്പെടാൻ അവരെ പ്രാപ്തമാക്കുന്നത്. മജ്നൂൻ ഒരു ഉപാസകനൊന്നുമല്ല. മജ്നൂനെ നമുക്കെവിടെയും കാണാം, ജനമധ്യത്തിൽ പ്രയാസപ്പെടുന്നവർക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തി സമരം ചെയ്യുന്നവനിൽ നമുക്ക് മജ്നൂനെ കാണാം, തന്റെ ഏകമായ ലക്ഷ്യത്തിനുവേണ്ടി ദൂരെയുള്ള നാടുകളിലേക്ക് യാത്ര ചെയ്ത് അന്വേഷണങ്ങളിലും, പഠനങ്ങളിലുമായി കഴിഞ്ഞുകൂടുന്ന ആളുകളിൽ കാണാം.

മജ്നൂന് വസ്ത്രം ഇങ്ങനെയൊക്കെയാവണം എന്ന കണക്കൊന്നുമില്ല. വസ്ത്രങ്ങൾ കൊണ്ട് നമുക്ക് മജ്നൂനെ മനസ്സിലാക്കാൻ കഴിയില്ല.മജ്നൂൻ ഒരു പക്ഷേ വളര മാന്യമായി വസ്ത്രം ധരിക്കുന്നവനും പരിഷ്കൃതമായി സംസാരിക്കുന്നവനുമായിരിക്കും. പക്ഷേ അവന്റെ ഉള്ളിലെ ഭ്രാന്ത് അവന്റെ ലക്ഷ്യത്തിൽ എത്രമാത്രം വിട്ടുവീഴ്ചയില്ലാതെ അടിയുറച്ച് നിൽക്കുന്നവനാണ് എന്നതിലാണ്. ഇന്നത്തെ കാലത്ത് ഓരോരുത്തർക്കും ഓരോന്നിനോടുള്ള അഭിനിവേശം ഒരു തരം ഭ്രാന്തമായ അഭിനിവേശമാണ്. പൊതുവിൽ പറഞ്ഞാൽ ഭൗതികതയോട് , സൂക്ഷ്മായി പറഞ്ഞാൽ അതിൽതന്നെയുള്ള കളികളോട്,ഏതെങ്കിലുമൊരു പഠനത്തിനോട്, ഗവേഷണത്തിനോട്, മതത്തിനോട് എന്നിവയോടെല്ലാമുള്ള ഭ്രാന്തമായ അഭിനിവേശം. തെറ്റായ ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്ന നേടിയെടുക്കാൻ സാധിക്കാത്ത ഭ്രാന്തിന്റെ തെറ്റായ ദിശയെ നേരായ ദിശയിലേക്ക് എത്തിക്കാൻ ഈ കുറിപ്പുകൾക്ക് ഒരു പാട് സഹായിക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

 

പുസ്തകം എങ്ങിനെ ചർച്ച ചെയ്യപ്പെട്ടു?

പുസ്തകം ഇറങ്ങി ഇത്രയും നാളുകൾക്കിടയിലുള്ള ഇതിൻറെ പല നിലക്കുള്ള അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും പലരും അറിയിച്ചിരുന്നു. വളരെ സന്തോഷമുണ്ടാക്കുന്ന പ്രതികരണങ്ങളാണ്, പലർക്കും പല കാര്യങ്ങളിലും വിശാലത ലഭിച്ചതായിട്ടും പല കാര്യങ്ങൾക്കും ആശ്വാസമായതായിട്ടും പല കാര്യങ്ങളിലേക്ക് വെളിച്ചം കിട്ടിയത് പലരുടെയും ഉള്ളിൽ ഉണ്ടായിരുന്ന ചിന്തകളിലെ കൂടെ കൈപിടിച്ചു നടക്കുന്നതായിട്ടുള്ള അനുഭവങ്ങൾ പലരും പങ്കുവെച്ചു. പലപ്പോഴായി എഴുതിയിട്ടുള്ള എൻറെ കുറിച്ച് കുറിപ്പുകൾ ഒരു മൂന്ന് ഭാഗമായി പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിട്ടുണ്ടായിരുന്നത്. ആദ്യത്തെ ഭാഗമാണ് ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്. ഒരു പൊതുവായ ഏതെങ്കിലും ഒരു മതത്തിൻറെ അനുയായികൾക്ക് എന്നല്ല, എല്ലാ ആളുകൾക്കും വായിച്ചാൽ അവരുടെ ഉള്ളിൽ അല്ലാഹുവിനോടുള്ള ഒരു അനുരാഗം തളിരെടുക്കും വിധത്തിലുള്ള ഒരു പരിചയപ്പെടുത്തലാണ് ഈ പുസ്തകം ദൈവത്തെക്കുറിച്ച് നടത്തുന്നത്. ഈ പുസ്തകത്തിൽ വായനയിൽ വായിക്കുന്നവർക്ക് ഒരു വെളിച്ചം ആകുമെന്ന പ്രതീക്ഷയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *