ഖുർആൻ മഴ 

പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ അബ്ദുൽ ഹഫീദ് നദ്‌വി, അദ്ധേഹത്തിന്റെ ‘ഖുർആൻ മഴ’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ ദി പിൻ ‘ നോടു സംസാരിക്കുന്നു :

 

മലയാളത്തിൽ ധാരാളം ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങൾ മൗലികമായും പരിഭാഷകളായും ഉള്ളപ്പോൾ ഇങ്ങനെ ഒരു ഉദ്യമത്തിന്റെ പ്രസക്തിയെന്താണ് ?

മലയാളത്തിൽ മറ്റു ലോകഭാഷകളിലുള്ളത് പോലെ ധാരാളം ഖുർആൻ പരിഭാഷകൾ ലഭ്യമാണെന്നത് മലയാളി മുസ്ലിംകളുടെ ഖുർആനിനോടുള്ള അഭിനിവേശമാണ് പ്രത്യക്ഷീകരിക്കുന്നത്. എന്നാൽ ഖുർആൻ മഴ അങ്ങനെയൊരു പരിഭാഷയല്ല. ചുരുങ്ങിയ വാക്കുകളിലുള്ള ഖുർആന്റെ സന്ദേശം അനുവാചകരിലേക്കെത്തിക്കാനുള്ള വിനീത സംരംഭമാണ്.

എന്താണ് ഖുർആൻ മഴയെ മറ്റുള്ള മലയാള ഖുർആൻ പരിഭാഷകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ?

പരമ്പരാഗത തഫ്സീർ പാരമ്പര്യത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകി കൊണ്ട് തന്നെ മൗലാനാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ, മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹിയുടെ തദബ്ബുറെ ഖുർആൻ,അറബി ഭാഷയിലെ തന്നെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വ്യാഖ്യാനമായ തഹ്രീർ വത്തൻവീറിന്റെയുമൊക്കെ വളരെ നല്ല കാമ്പ് ഖുർആൻ മഴയിൽ ഉൾചേർന്നിരിക്കുന്നു എന്നതാണ് വസ്തുത.

ഖുർആൻ സൂക്തങ്ങളുടെ മലയാള പരിഭാഷക്ക് പ്രധാന അവലംബം എന്താണെന്ന് വ്യക്തമാക്കാമോ?

മർഹൂം അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ പരമ്പരാഗത ശൈലിയിലും അതോടൊപ്പം സാധാരണക്കാരനായ മലയാളിക്ക് ഒറ്റ വായനയിലും തിരിയുന്നതും കൊണ്ട് കാര്യമായി ആയതുകളുടെ മൊഴിമാറ്റത്തിനുവലംബിച്ചിട്ടുണ്ടെങ്കിലും ഒഴുക്കുള്ള വായനക്ക് വേണ്ടി ബ്രാക്കറ്റുകളെ പരമാവധി ഒഴിവാക്കുകയോ കുറക്കുകയോ ചെയ്തിട്ടുണ്ട്.

ഇങ്ങിനെയൊരു സംരംഭത്തിന് പിന്നിൽ വല്ല പ്രചോദനവും ?

ഒരുപാട് പ്രചോദനങ്ങളുണ്ട്. പഠന കാലം മുതൽ തന്നെ ഖുർആനോടും അതിന്റെ കാവ്യാത്മക ഭാഷയോടും വല്ലാത്തൊരു അനുരാഗവും താല്പര്യവും ഉണ്ടായിരുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിൽ അവയെ കുറിച്ച് വെക്കാൻ ബോധപൂർവ്വമായി ഒന്നും തന്നെ ചെയ്തിട്ടുണ്ടായിരുന്നില്ല. എന്നാൽ കോവിഡ് മഹാവിപത് കാലത്ത് രണ്ടു റമദാനുകളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം അത്യാവശ്യത്തിന് ലഭ്യമായതിനെ ആരോഗ്യകരമായി ഉപയോഗപ്പെടുത്തിയതാണ് ഖുർആൻ മഴ. ഖുർആൻ അവതരണത്തിന് ഖുർആൻ ഉപയോഗിച്ച പദത്തിലെ ആലങ്കാരികതയിൽ നിന്നാണ് ആ പേര് പോലും ഉരുവം കൊള്ളുന്നത്. ഖണ്ഡശയായി ഇസ്ലാം ഓൺലൈവിൽ പ്രസിദ്ധീകരിച്ച ആ കുറിപ്പുകൾക്ക് വായനക്കാരിൽ നിന്നും ലഭിച്ച പോസിറ്റീവ് എനർജി ചെറുതല്ലായിരുന്നു.

തുടക്കം മുതൽ ഒടുക്കം വരെ കട്ടക്ക് നിന്ന ജ്യേഷ്ഠ സമാനൻ പി.ടി കുഞ്ഞാലി മാഷും ഇസ്ലാം ഓൺ ലൈവ് എഡിറ്റർ നാസിർ സാഹിബും വീണ്ടും സമ്മർദ്ദങ്ങളായപ്പോൾ  അത് പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആരാണ് പ്രസാധകർ ? എന്താണതിന്റെ മാർക്കറ്റ് വില ?

കോഴിക്കോട് കേന്ദ്രമായുള്ള ചില സർഗാധനരായ ചെറുപ്പക്കാരുടെ സംരംഭമാണ് കൂര. ആ പേരിൽ പോലും കാവ്യാത്മകത വെച്ചുപുലർത്തുന്ന ആ സംഘത്തോടൊപ്പം ചേർന്നു ഇതവരെ ഏല്പിക്കുകയായിരുന്നു. അവർക്കും മത ഗ്രന്ഥങ്ങൾ വിതരണം ചെയ്തുള്ള പാരമ്പര്യം ഇല്ലായിരുന്നു. മാറിച്ചിന്തിക്കുന്ന ആ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു ലളിത സംരംഭമാണ് ഇന്ന് ഖുർആൻ മഴ എന്ന പേരിൽ വായനക്കാരന് ലഭ്യമായിരിക്കുന്നത്. അതിന്റെ മുഖവില 270 രൂപയാണെങ്കിലും പ്രീപബ്ലിക്കേഷൻ എന്ന നിലക്ക് 2022 മാർച്ച് വരെ ബുക്ക് ചെയ്തവർക്ക് 200 രൂപക്കും ഈ പുണ്യമാസത്തിൽ ഖുർആനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ മുഖവിലയെക്കാൾ 35 രൂപ കുറച്ചാണ് വായനക്കാരന് ലഭ്യമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *