ഉവൈസ് നടുവട്ടം
മർധക ഭരണകൂടത്തെ അതേ വയലൻസിലൂടെ നേരിടുക എന്നതു മാവോയിസ്റ്റ് ശക്തികളുടെ രീതിയായിരുന്നു. അയ്യങ്കാളിപ്പടയെ ദലിത് ആദിവാസി പ്രശ്നങ്ങളുടെ നേതൃത്വമായി നക്സലൈക് പ്രസ്ഥാനം അവരോധിക്കുന്നതും ഇതേ ആശയത്തിനു പുറത്താണ്. ജനാധിപത്യ മര്യാദ്യയോടെ നിയമവ്യവസ്ഥയെ കൈകാര്യം ചെയ്യേണ്ടിടത്ത് അതിന്റെ അന്തസത്തയെ തന്നെ തകർക്കുന്ന രീതി പൗര സമൂഹത്തിന് ചേർന്നതല്ല.
ആദിവാസി സമര നേതൃത്വത്തിന്റെ ദിശാ ബോധകരും മുന്നണി പോരാളികളും തങ്ങളായിരുന്നുവെന്ന് വെരുത്തി തീർക്കാനുള്ള അയ്യങ്കാളിപ്പടയുടെ ഈ ബന്ദി നാടകം പലവിധ വിമർശനങ്ങളും നേരിട്ടതാണ്. പട എന്ന സിനിമയെ പ്രതീകാത്മകതയോടെ ചിത്രീകരിക്കുമ്പോൾ തന്നെ വലിയൊരു ചരിത്ര സത്യത്തെ മറച്ചു വെച്ച വ്യാജ നിർമിതിയായി സിനിമയെ കാണുന്നതിൽ തെറ്റില്ല.
അയ്യങ്കാളിയുടെ വിമോചന സമരങ്ങളെ മുന്നേറ്റ രീതിയായി ഉൾക്കൊള്ളുന്ന അയ്യങ്കാളിപ്പട ചരിത്രത്തിലിടം പിടിച്ചത് ആ ബോധ്യത്തോടു കൂടി ആയിരുന്നില്ല. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ ജനാധിപത്യപരമാക്കാനും അതു മുഖാന്തരം സാമൂഹിക ജീവിതത്തെ സമാധാന_സന്തുലിതമാക്കാനുമാണ് അയ്യൻകാളിയും അനുയായികളും ബലപ്രയോഗം നടത്തിയത്. ബ്രാഹ്മണ ‘ധർമ’ രാജ്യത്തിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങളെ ജനാഭിമുഖമാക്കുക മാത്രമായിരുന്നു അവിടുത്തെ ബഹുമുഖ പ്രവർത്തനങ്ങളിലൂടെ അയ്യങ്കാളി ലക്ഷ്യം വെച്ചത്.
എന്നാൽ സവർണ ഭരണവർഗത്തിന്റെ താൽപര്യങ്ങളാൽ നയിക്കപ്പെടുന്ന ഇത്തരം കപട വിപ്ലവ സംഘങ്ങളും ബ്രാഹ്മണ-നാസി സ്വയംസേവക സംഘങ്ങളുമാണ് നിയമവാഴ്ചയെ തകർത്ത് ദലിതരുടെ ഉയർത്തെഴുന്നേൽപ്പിനെയും അധികാര സമ്പാദനത്തെയും തടയിട്ടത്. ഇങ്ങനെ നിയമ വാഴ്ചയുടെ സ്വയം സേവകർ ആവുന്നിടം തൊട്ട് അധികാര വ്യവസ്ഥിയെ ചോദ്യം ചെയ്യാൻ പടകളുമായി മുന്നിടുന്നത് വരെ നിയമ വ്യവസ്ഥയെ കൈയ്യേറ്റം ചെയ്യുന്നതിനു സമാനമാണ്. നിലവിലുള്ള, നാമമാത്രമായ ജനാധിപത്യ-നിയമവാഴ്ചയെ ശിഥിലമാക്കാനേ പടകളുടെ ഈ രാഷ്ട്രീയ റൗഡിസം കൊണ്ട് സാധിക്കു. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വന്തം നിയമങ്ങളുണ്ടാക്കി വാഴ്ച നടത്തുന്ന റൗഡി സംഘങ്ങൾ ചെയ്യുന്നതും ഇത്തരം പടകളിലൂടെ കരാറു പണിക്കാർ ലക്ഷ്യം വെക്കുന്നതും ഒന്നായി വരുകയും ക്രമസമാധാനത്തിലൂടെ ഫാസിസത്തിന് വളക്കൂറുള്ള അധികാര വ്യവസ്ഥയായി ഈ മണ്ണ് മാറാനുമുള്ള സാധ്യത ഏറെയാണ്.
തൊണ്ണൂറുകളിൽ സർക്കാറിന്റെ പാലക്കാട് ജില്ലാ കലക്ടറെ ബന്ധിയാക്കിയ അയ്യങ്കാളിപ്പടയുടെ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് സംവിധായകന്‍ കമല്‍ കെ.എം പടയെ ചിത്രീകരിച്ചിരിക്കുന്നത്. അയ്യങ്കാളിപ്പട സംഘത്തിലുണ്ടായിരുന്ന കല്ലറ ബാബു, വിളയോടി ശിവന്‍കുട്ടി, രമേശന്‍ കാഞ്ഞങ്ങാട്, അജയന്‍ മണ്ണൂര്‍, നക്‌സലൈറ്റ് നേതാവ് എം. എന്‍. രാവുണ്ണി എന്നിവരെ വിനായകനും ദിലീഷ് പോത്തനും കുഞ്ചാക്കോ ബോബനും ജോജു ജോർജും എം.എൻ ഇന്ദ്രന്‍സുമാണ് ചിത്രത്തിന്റെ പ്രാധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറിയായി പ്രകാശ് രാജും ബന്ദിയാക്കപ്പെട്ട കളക്ടറായി അര്‍ജുന്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിയായി വി.കെ. ശ്രീരാമനും ജില്ലാ ജഡ്ജിയായി സലിം കുമാറും ചിത്രത്തിന്റെ മുഖ്യ കഥാപാത്രങ്ങളായി മാറുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യമില്ലെങ്കിലും കനി കുസൃതിയും ഉണ്ണിമായയുമാണ് ഭാര്യ വേഷങ്ങളിൽ അഭിനയിച്ചിച്ചിരിക്കുന്നത്.
അടിസ്ഥാനമായി പട ചോദ്യം ചെയ്യുന്നത് അനീതിക്കെതിരെയുള്ള നാൽവർ സംഘത്തിന്റെ ശബ്ദമായി മാത്രമാണ്. അല്ലാതെ ആദിവാസി_ദലിത് അവർണ്ണ വിഭാഗങ്ങൾ രണ്ടു ദശകങ്ങളിലേറെയായി നേരിട്ട് കൊണ്ടിരുന്ന ഭൂമി കൈയേറ്റ വിരുദ്ധ ജനാതിപത്യ സമരത്തേയോ, ആദിവാസി കർതൃത്വത്തെയോ, കിരാതമായ ഭരണകൂട പോലീസ് നായാട്ടിനെയോ ദൃശ്യതപ്പെടുത്താൻ സിനിമക്ക് സാധിച്ചിട്ടില്ല. എന്നിരിക്കെ ധീരവും സത്യസന്ധമായ ചരിത്രാഖ്യാനമാവുയി സിനിമയെ ചേർത്ത് വായിക്കാൻ കഴിയില്ല.
ആദിവാസികളുടെ പ്രശ്നം നിവർന്നു നിൽക്കാൻ ഒരു തുണ്ട് ഭൂമി ഇല്ലാ എന്നതാണ്. ഭൂമിയുടെ അവകാശികളെ പലവിധത്തിൽ അരികു വൽകരിച്ച് അവരുടെ ഭൂമിയെ അന്യാധീനപ്പെടുത്താൻ എല്ലാവിധ ഒത്താശകൾക്കും മുൻപന്തിയിൽ നിന്നത് ഇവിടുത്തെ ഇടത് വലത് സർക്കാറുകളാണ്.
മർദ്ദിത വിഭാഗങ്ങുടെ ശബ്ദത്തെയും സമര രീതിയെയും അടിച്ചൊതുക്കുക എന്നതും സർക്കാറിന്റെ തന്നെ താൽപര്യമായിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉൽഭവും കേരളീയ പരിസരത്തിന്റെ സവർണ്ണ ജന്മിത്വ രീതിയോടുള്ള പ്രതിക്ഷേധവും ഈയൊരു സാഹചര്യത്തിലാണ് ഉരുവപ്പെടുന്നത്. അവയെ അധികാര ഗർവിനാൽ ചെറുക്കുക എന്നതായിരുന്നു അന്നത്തെ സർക്കാറുകൾ ശ്രമിച്ചിരുന്നത്. യഥാര്‍ഥത്തില്‍ അയ്യങ്കാളിപ്പട എന്ന മുന്നണിപ്പടയെ ആദിവാസി സമരത്തിന്‍റെ നേതൃത്വമായി അവരോധിക്കാനുള്ള ഒരു മാവോയിസ്റ്റ് പ്രതികരണം മാത്രമായിരുന്നു പാലക്കാട് കലക്ടറേറ്റിലെ ഈ ബന്ദിനാടകം. ഈയൊരു ഡോക്യുഡ്രാമയിലൂടെ അയ്യങ്കാളിപ്പടയെ വീണ്ടും പടയിലൂടെ ദൃശ്യതപ്പെടുത്തുന്നതും അത്തരത്തിലൊന്നായി വായിക്കാം. അയ്യങ്കാളിപ്പട നടത്തിയ മുന്നേറ്റങ്ങളെ തൃണവൽക്കരിക്കുകയല്ല ഇവിടെ, അതിന്റെ സമീപന രീതിയെ വിശകലനം ചെയ്യേണ്ടതും നിതാന്ത വർത്തമാനങ്ങളിൽ അവയുടെ പ്രസക്തിയെ ചർച്ചിക്കേണ്ടതും അനിവാര്യമാണ്.
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ദളിത് ജനങ്ങളിൽ 71% വും ഭൂരഹിത കൃഷിപ്പണിക്കാരാണ്. ഗ്രാമീണ ദളിതുകളിൽ 58% ത്തിനും സ്വന്തമായി ഭൂമിയില്ല. ദളിത് ജനസംഖ്യ കൂടുതലുള്ള ഹരിയാന, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ 85% മർദ്ദിത സമൂഹവും ഭൂപ്രഭുക്കളുടെ കാരുണ്യത്തിൽ കഴിഞ്ഞുകൂടുന്നവരാണ്. കേരളം, തമിഴനാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ,ഒഡീഷ സംസ്ഥാനങ്ങളിലാകട്ടെ 60% അധഃസ്ഥിതരും ഭൂരഹിതരാണ്.
നിലവിൽ ഭൂമി കൈയ്യടക്കലുകളുടെ തോത് വർധിച്ചു എന്നതല്ലാതെ കാര്യമായ ചലനങ്ങൾ ഒന്നും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും ആദിവാസി ഭൂരഹിതർക്ക് ലഭിച്ചിട്ടില്ല. നിലവിൽ ഇന്ത്യൻ ഗ്രാമങ്ങളിൽ നടക്കുന്ന ജാതി വേട്ടകൾ, ലൈംഗികാക്രമണക്കൊലകൾ, മർദ്ദനങ്ങൾ, ഗോരക്ഷാ പീഢനങ്ങൾ ഇവയൊക്കെ തന്നെ ദളിത് – ആദിവാസി വിഭാഗങ്ങളുടെ ഭൂമിയ്ക്കു മേൽ അവകാശം ഉന്നയിക്കാതിരിക്കാനുള്ള സവർണ ഭൂയജമാന വർഗ്ഗത്തിന്റെ മുൻകരുതൽ ഭീഷണിയാണ്. ഈ അതിക്രമങ്ങളെ ബോധപൂർവം മറച്ചുപിടിക്കാനും ഭൂപീഡിത ജനതയെ കാൽക്കീഴിൽ നിർത്തുന്നതിനും ഫാസിസം കണ്ടുപിടിച്ച കെണിയാണ് ഹിന്ദുത്വം. ഇസ്ലാമിനെ ഇന്ത്യയുടെ ശത്രുവായി കണ്ട് എതിരാളികളെ റിമോർട്ട് ചെയ്യാനും, ഭൂരഹിതരും അടിമകളുമായ ആദിവാസിയും ദളിതരും നായരും നമ്പൂതിരിയും എല്ലാം ഏകോദര സഹോദരങ്ങളാണെന്ന വ്യാജബോധം അവർണ സമൂഹത്തിൽ പരത്തുന്നതിനുള്ള തന്ത്രം മാത്രമാണിതെന്ന് ആദ്യം മനസ്സിലാക്കുക.
കേരള സർക്കാർ 1995 ഒക്ടോബർ മാസത്തിൽ പുറപ്പെടുവിപ്പിച്ച ഓർഡിനൻസിൽ 1975ലെ ആക്ട് ഭേദഗതി ചെയ്തത് 1980വരെ ആദിവാസി ഭൂമി കൈവശം വെച്ച കയ്യേറ്റക്കാരുടെ അവകാശത്തിന് നിയമസാധുത കൽപ്പിക്കുന്ന തരത്തിലായിരുന്നു. ഇതു തന്നെയായിരുന്നു 1996 സെപ്റ്റംബർ 23ന് എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ബില്ലിലും ഉണ്ടായത്. ആദിവാസി ഭൂരരഹിതർക്ക് കാര്യമായ പ്രതീക്ഷയർപ്പിക്കാൻ കഴിയുന്നതായിരുന്നില്ല ഇക്കാലയളവിലുള്ള സർക്കാറിന്റെ നയ നിലപാടുകളിലൊന്നും.
1996ലെ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് 1999ലെ നായനാര്‍ സര്‍ക്കാര്‍ പുതിയ ഭേദഗതി നിയമം കൊണ്ടുവരുന്നത്. നിയമസഭ പാസാക്കിയ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധിയെഴുതിയെങ്കിലും കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും തുടർന്നു കൈവശ ഭൂമിക്കു പകരം ഭൂമി നൽകുക എന്ന ഉപാധിയോടെയായിരുന്നു ബില്ലിന് സുപ്രീം കോടതി ശരിവെച്ചത്. വീണ്ടും ഇരയാവേണ്ടവരായി ആദിവാസികൾ മാറിക്കഴിഞ്ഞു എന്ന് ചുരുക്കി വായിക്കലാവും ഉചിതം. പിന്നീടങ്ങോട്ട് ആദിവാസി സമര പ്രതിക്ഷേധ സംഗമങ്ങൾ നിരവധി നടന്നെങ്കിലും ബോധപൂർവമായ സർക്കാറിന്റെ അടിച്ചൊതുക്കലുകൾ സാർവത്രികമാവുകയും അശരണരായ നിരവധി ആദിവാസികളുടെ മരണത്തിനു വരെ ഭരണ ധാർഷ്ട്യം കാരണമായി മാറുകയായിരുന്നെന്ന് അന്നത്തെ മാധ്യമങ്ങൾ വരെ എഴുതിയതായിരുന്നു.
പിൽക്കാലങ്ങളിൽ പോലീസിന്റെ സമര വേട്ടകളും കിരാത മർദ്ദനങ്ങളും മാത്രമായി കേരളം മൂകസാക്ഷിയായി. ഇതെല്ലാം പടയിൽ ചിത്രീകരിച്ചോ എന്ന് കണ്ടിരിക്കുന്ന പ്രേക്ഷകനു പോലും സംശയമാണ്. ആദിവാസി ഭൂസമര നേതൃത്വത്തിനും പോരാട്ടത്തിനും പങ്കാളികളായ സ്ത്രീകളെ കുറിച്ച് കാര്യമായ ശ്രദ്ധ സിനിമയിൽ ഇല്ല. ഒരു പക്ഷെ ആദിവാസി സമരത്തിന് കൂടുതൽ ശ്രദ്ധ നൽകിയ സി.കെ ജാനുവിന്റെ ഇടപെലുകളെയും മുഖ്യമായി സിനിമ ഉൾകൊള്ളിച്ചിട്ടില്ല. കേരളത്തിൽ നടന്ന സമരമുന്നേറ്റങ്ങളിലെ സ്ത്രീകളുടെ സജീവ ഇടപെടലിനെ വിശേഷിച്ചും മഹാത്മാ_ അയ്യങ്കാളിയുടെ സ്ത്രീ സാന്നിധ്യം പ്രസക്തമായിരുന്നിട്ടു കൂടി അവയെ മനപ്പൂർവം പട അദൃശ്യപ്പെടുത്തി എന്നത് ഖേദകരം തന്നെയാണ്.
കേരളത്തിലെ ആദിവാസി ഭൂസമരങ്ങൾക്ക് അയ്യങ്കാളിപ്പട ദിശാബോധമോ കൂടുതൽ ഇടപെടലുകളോ നടത്തിയിട്ടില്ലാ എന്നതും ചരിത്ര ആഖ്യാനങ്ങളിൽ വരുത്തേണ്ട സത്യസന്ധത ‘പട’ക്കില്ലാ എന്നതും അത്തരമൊരു ചർച്ചക്ക് സിനിമ അർഹിക്കുന്നില്ലാ എന്നതുമാണ്. ഇവിടെ മുന്നണിപ്പടയുടെ മേധാവിത്വം സാധൂകരിക്കുകവഴി ബലപ്രയോഗ രാഷ്ട്രീയത്തിനെയാണ് കൂടുതൽ സജ്ജമാകുന്നത്. അതു വഴി ആയുധവത്കരിക്കപ്പെട്ട ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്ക് ജനാധിപത്യ ശബ്ദങ്ങില്ലാതെയാവുന്നു. ആദിവാസി ദളിത് അധഃസ്ഥിത മുന്നേറ്റങ്ങളെ അടിച്ചമർത്താനും കൈയേറ്റം ചെയ്യാനും ആൾക്കൂട്ടങ്ങളുടെ രൂപപ്രാപ്തിയിലേക്ക് ഇത്തരം പടകൾ മാറുന്നു എന്നതും ഗൗരവമേറിയതാണ്.
പീഡിത സമൂഹത്തിന്റെ സാമൂഹികമായ സാന്നിദ്ധ്യത്തെയും കർതൃത്വയും ഇല്ലായ്മ ചെയ്യുകയെന്നതാണ് ഈ അധികാര ബല പ്രയോഗം വഴി ലക്ഷ്യംവെക്കുന്നത്. മുന്നണിപ്പടയിലെ ഈ നാൽവർ സംഘം നടത്തിയ പലക്കാട് കലക്ടറെ ബന്ദിയാക്കൽ ആദിവാസി ഭൂസമരത്തിനു വേണ്ടിയായിരുന്നില്ലെന്നും ദേശീയതലത്തിലുള്ള മാർകിസ്റ്റ് ലെനിസ്റ്റ് ഗ്രൂപ്പുകളുമായി സാഹോദര്യം സ്ഥാപിക്കാൻ വേണ്ടി മാത്രമാണെന്നിരിക്കെ പടയെ മഹത്വവൽക്കരിക്കുന്നതിലൂടെ ഇടത് സഹയാത്രികർ ശ്രമിക്കുന്നത് ഇവിടുത്തെ ആദിവാസി സമരങ്ങളെ ചരിത്രങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമായാണ്.
നിലവിലെ അതിവേഗ വികസനപ്പാത വഴി കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാര തുക നൽകുമോ എന്ന ആശയകുഴപ്പത്തിലായിരിക്കെ ഇടത് സർക്കാറിന്റെ താൽപര്യങ്ങളെ പ്രകോപനപരമായി ജനങ്ങളിൽ അടിച്ചമർത്തിയാൽ പുതിയ പടകൾ രൂപപ്പെടുന്നതു തന്നെ ജനാധിപത്യ നിയമവ്യവസ്ഥക്ക് ഭൂഷണമായവതല്ല. ഇത്തരം പടകൾക്കു വേണ്ടിയാണ് ഫാസിസവും ദീർഘകാലമായി ഇന്ത്യയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. സുതാര്യമായി കൈകാര്യം ചെയ്യണ്ട നിയമ വ്യവസ്ഥിതിയെ ഭരണകൂടവും നിയമപാലകരും കൈകാര്യം ചെയ്യേണ്ടത് അതേ സുതാര്യതയോടു കൂടി മാത്രമാവണം.
ആദിവാസി ദളിത് പിന്നാക്ക വിഭാഗങ്ങൾ കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങളെ പൗരസമക്ഷം ഉണർത്തലും സർക്കാറിന്റെ ശ്രദ്ധയിൽ അവരെ കൂടി ഉൾപ്പെടുത്തലും മൗലിക അവകാശങ്ങളെ സംരക്ഷിക്കപ്പെടലും അനീതിയെ ജനാധിപത്യ രീതിയിൽ ചെറുക്കലും നമുക്കല്ലാർക്കും അനിവാര്യമാണെന്നിരിക്കെ അവയ്ക്ക് ക്രിയാത്മകമായൊരു ശ്രദ്ധ കൂടി കൊടുക്കൽ നമ്മുടെ ബാധ്യതയാണ്.