വക്കം ഖാദർ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു ജീവിതം

സ്വാതന്ത്ര്യ സമര പോരാളി വക്കം അബ്ദുൽ ഖാദറിന്റെ ജീവിതവും പോരാട്ടവും ചർച്ച ചെയ്യുന്ന ‘വക്കം ഖാദർ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു ജീവിതം ‘ എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് രചയിതാവും പ്രമുഖ ചരിത്ര പണ്ഡിതനുമായ ഡോ. ടി ജമാൽ മുഹമ്മദ് ‘ദി പിൻ’ നോടു സംസാരിക്കുന്നു

 

 

വക്കം അബ്ദുൽ ഖാദറിനെക്കുറിച്ചു പുസ്തകം എഴുതാനുണ്ടായ സാഹചര്യം?

മലബാറിൽ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ തുടങ്ങുന്നത് 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർക്കെതിരെ ശക്തമായ നിലപാടെടുത്തു കൊണ്ട് കുഞ്ഞാലി മരയ്ക്കാറിന്റെ നേതൃത്വത്തിലുള്ള യുദ്ധങ്ങളിലൂടെയാണ്. ആ പോരാട്ടങ്ങൾ ഏറിയും കുറഞ്ഞും തുടരുകയും ബ്രിട്ടീഷുകാരുടെ ആഗമനത്തോടുകൂടി അതിശക്തമായിത്തീരുകയും ചെയ്തു. 1921 കാലഘട്ടത്തിൽ വ്യാപകമായിത്തീർന്ന മലബാർ കലാപം തുടങ്ങിയത് ടിപ്പും സുൽത്താന്റെ പതനത്തോടെയുണ്ടായ ബ്രിട്ടീഷ് ആധിപത്യത്തോടെയാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും ബഹുജനപങ്കാളിത്തമുള്ളതും ദീർഘവുമായ ബ്രിട്ടീഷ് വിരുദ്ധ കലാപമുണ്ടായിട്ടില്ല. തിരുവിതാംകൂറിലാകട്ടെ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ആധിപത്യം ഇല്ലാതിരുന്നതിനാൽ അവർക്കെതിരെ ഒറ്റപ്പെട്ട എതിർപ്പുകളും ബഹുജന പ്രക്ഷോഭണങ്ങളുമുണ്ടായി. 1721- ലുണ്ടായ ആറ്റിങ്ങൽ കലാപം, 1936 ലെ കല്ലറ-പാങ്ങോട് കലാപം, 1808 ലെ കുണ്ടറ വിളംബരം എന്നീ സംഭവങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയുണ്ടായ ജനകീയസമരങ്ങളായിരുന്നു. അതുപോലെതന്നെ സ്വാതന്ത്ര്യസമരത്തിന വേണ്ടി സ്വയം സമർപ്പിച്ച വ്യക്തികളും തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. എന്നാൽ ഈ സംഭവങ്ങൾക്കും വ്യക്തികൾക്കും അർഹിക്കുന്ന സ്ഥാനം സ്വാതന്ത്ര്യസമര ചരിത്രത്തിൽ നൽകപ്പെട്ടിട്ടില്ല. അക്കൂട്ടത്തിൽ എടുത്തു പറയയേണ്ട പങ്കുവഹിച്ച വ്യക്തിയാണ് തൻ്റെ 26-ാമത്തെ വയസ്സിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതുകൊണ്ട് തൂക്കിലേറ്റപ്പെട്ട വക്കം ഖാദർ (1917 – 1943). അദ്ദേഹത്തെക്കുറിച്ച് ഗവേഷണാധിഷ്ഠിതമായ പഠനങ്ങളൊന്നുമുണ്ടായിട്ടില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പുസ്തകം ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് കിട്ടാവുന്ന രേഖകളെല്ലാം തേടിപ്പിടിച്ച് ഈ പരിശ്രമത്തിന് തുടക്കമിട്ടത്. ഇത് ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും ലഭിക്കാനുള്ള രേഖകൾ കണ്ടെത്തുവാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

വക്കം അബ്ദുൽ ഖാദറിന്റെ ചെറു ചരിത്രം ?

1917 മെയ് മാസം 25നാണ് തിരുവനന്തപുരം ജില്ലയിലെ വക്കം എന്ന ഗ്രാമത്തിൽ അബ്ദുൽ ഖാദർ ജനിക്കുന്നത്. വക്കം കായലിൽ വള്ളമൂന്നിയാത്രക്കാരെ അക്കരെയുമെത്തിക്കുന്ന ബാവാക്കുഞ്ഞ് ആണ് പിതാവ്. ഉമ്മു സൽമ മാതാവും. ദരിദ്രമായ ആ കുടുംബത്തിൽ എട്ടു മക്കളുണ്ടായിരുന്നു അതിൽ അഞ്ചു പേരും അകാലത്തിൽ മരിച്ചു പോയി. അബ്ദുൽ ഖാദറിനെ വിദ്യാഭ്യാസമാരംഭിച്ചത് വക്കത്തെ മസ്ജിദിനോട് ചേർന്ന മദ്രസയിലാണ്. ബാപ്പയുടെ ജോലിയിൽ സഹായിക്കുന്നതിനും അവൻ സമയം കണ്ടെത്തി. പഠിപ്പിച്ച് മകനെ ഒരു വലിയ ഉദ്യോഗസ്ഥനാക്കണം എന്നുള്ളതായിരുന്നു പിതാവിന്റെ ആഗ്രഹം.

വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സംഗീതത്തിലും കവിതയിലും ഖാദറിന് അതീവ താൽപര്യമുണ്ടായിരുന്നു. കുമാരനാശാൻ ചങ്ങമ്പുഴ എന്നീ കവികളുടെ ആരാധകനുമായിരുന്നു. ഖാദറിന്റെ സ്കൂൾ സ്ഥിതി ചെയ്തിരുന്ന നെടുക്കണ്ടം എന്ന പ്രദേശവും അവിടെയുള്ള ജനങ്ങളും അവരുടെ പരസ്പരവിശ്വാസവും സഹകരണവും മാനുഷിക പരിഗണനയും ഖാദറിന്റെ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്. വിവിധ മതങ്ങളിൽ പെട്ടവർ തികഞ്ഞ സാഹോദര്യത്തോടെയാണ് ജീവിച്ചത്. അവിടെ അപ്രതീക്ഷിതമായുണ്ടായ ഒരു ചെറിയ വർഗീയസംഘർഷം ഖാദറിന്റെ ഹൃദയത്തെ വല്ലാതെ ഉലച്ചു കളഞ്ഞു. ഖാദർ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാജ്യത്തുണ്ടായിക്കൊണ്ടിരുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ബോധവാനായിരുന്നു. അവയെക്കുറിച്ച് കൂടുതൽ അറിയുവാനും അയാൾ കൂടുതൽ ശ്രദ്ധാലുവായി. 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തിൽ പങ്കെടുക്കുവാനായി മഹാത്മാഗാന്ധി തിരുവനന്തപുരത്ത് എത്തിയപ്പോൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന് അദ്ദേഹത്തെ നേരിൽ കാണുവാനും ഒന്ന് തൊടുവാനും കഴിഞ്ഞത് ഖാദറിന്റെ ജീവിത സാഫല്യമായിരുന്നു.

1930ൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ഒരു പ്രാദേശിക രൂപമെന്നുള്ള നിലയിൽ ഒരു സംഘടനക്ക് രൂപം നൽകിക്കൊണ്ടാണ് സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കുവാൻ തിരുവിതാംകൂറിലെ ജനങ്ങൾ ആരംഭം കുറിച്ചത്. ആ സംഘടനയാണ് സ്റ്റേറ്റ് കോണ്ഗ്രസ്സ്. തിരുവിതാംകൂർ ഭരണം രാജാവിന്റേതായിരുന്നുവെങ്കിലും തികഞ്ഞ ഏകാധിപതിയായിരുന്ന സി.പി രാമസ്വാമി അയ്യർ എന്ന ദിവാനായിരുന്നു ഭരണനിർവഹണം നടത്തിയത്. സി.പി.യുടെ ഭരണത്തിനെതിരെ സ്റ്റേറ്റ് കോണ്ഗ്രസ് വ്യാപകമായ പ്രചരണം നടത്തി. ആ പ്രചരണത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് ഒരു യോഗം സംഘടിപ്പിച്ചു. അതിൽ നേതാക്കളായ ടി. എം വർഗീസ്, സി. കേശവൻ, ടി. കെ നാരായണപിള്ള എന്നിവരാണ് പങ്കെടുത്തത്. എന്നാൽ സി പി യുടെ നിർദേശ പ്രകാരം ഗുണ്ടകൾ യോഗം അലങ്കോലപ്പെടുത്തുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്തു. അതിൽ പ്രതിഷേധിച്ച് ഖാദറിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പടിപ്പുമുടക്കി.

സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ പങ്ക്?

21- മത്തെ വയസ്സിൽ മട്രികുലേഷൻ പരീക്ഷ ജയിച്ചതോടെ ഖാദറിന്റെ വിദ്യാഭ്യാസം അവസാനിച്ചു. അതോടുകൂടി സ്റ്റേറ്റ് കോണ്ഗ്രസിന്റെ പ്രതിഷേധ പ്രകടനങ്ങളിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങി. ഗവണ്മെന്റിന്റെ നയങ്ങളെ തുറന്നെതിർത്തുകൊണ്ട് ഖാദർ തന്റെ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ശക്തമാക്കി. അധികാരികളുടെ കണ്ണിലെ കരടായി മാറിയ ഖാദറിനെ പോലീസ് സസൂക്ഷ്മം അനുധാവനം ചെയ്തു. 1938 നവം. 12ന് ഒരു സംഘം കോണ്ഗ്രസ് പ്രവർത്തകർ ചിറയിൻകീഴിൽ നിന്നും ഒരു ജാഥയായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അതിൽ ഖാദർ നേതൃപരമായ പങ്കുവഹിച്ചു. സ്റ്റേറ്റ് കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള സമരങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ട് ഖാദർ ദിവസങ്ങളോളം വീട്ടിലെത്തിയില്ല. ദിവാനെതിരെ പടിപ്പുമുടക്കി പ്രതിഷേധിക്കുവാൻ ഖാദർ വിദ്യാർഥികളെ ആഹ്വാനം ചെയ്തതിന്റെ ഫലമായി ചിറയിൻകീഴിലെ എല്ലാ സ്‌കൂളുകളും ദിവസങ്ങളോളം അടച്ചുകിടന്നു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടന്ന ബഹിഷ്കരണ സമരത്തിന്റെ ചുക്കാൻ പിടിച്ചത് ഖാദറായിരുന്നതിനാൽ പൊലീസുകാർ അയാൾക്കെതിരെ നടപടിയെടുക്കുവാൻ തയ്യാറായി. അയാളുടെ വീട്ടിൽ രാത്രി കാലങ്ങളിൽ പോലീസ് ഖാദറിനെ അന്വേഷിച്ചെത്തി. പോലീസുകാരുടെ അന്വേഷണവും തുടർന്നുണ്ടാവാനിടയുള്ള അറസ്റ്റും സൃഷ്ടിക്കാവുന്ന പ്രയാസങ്ങൾ ഖാദറിന്റെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. ഖാദറിനെ മലായിലയച്ച് അവിടെയൊരു ജോലി കിട്ടിയാൽ പൊലീസുകാരിൽ നിന്നും രക്ഷപ്പെടുവാൻ കഴിയുന്നതിനോടൊപ്പം തന്നെ കുടുംബവും സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയാണ് ഖാദറിന്റെ പിതാവിനുണ്ടായിരുന്നത്.

പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി ഖാദർ മനസ്സില്ലാ മനസ്സോടെ മലായിലേക്ക് പോയി. അവിടെ അദ്ദേഹത്തിന് അനുയോജ്യമായ ജോലിയും ലഭിച്ചു. എന്നാൽ മലായിലും തന്റെ പൊതുപ്രവർത്തനങ്ങളിൽ നിന്നുമൊഴിഞ്ഞു മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മലായിലുള്ള മലയാളി സംഘടനയുടെ സെക്രട്ടറിയായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു, അവിടെ ഒരു സർവ്വയറായിഅദ്ദേഹത്തിന് ജോലികിട്ടി.

അന്തർദേശീയ രാഷ്ട്രീയത്തിൽ കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സംഭവ വികാസങ്ങൾ മലയായിലും പ്രകടമാകുവാൻ തുടങ്ങി. ബ്രിട്ടനുമായുണ്ടായ ഏറ്റുമുട്ടലിൽ മലായ് ജപ്പാന്റെ അധീനതയിലായി. ഈ അവസരം വിനിയോഗിച്ച് ബ്രിട്ടനെ പരാജയപ്പെടുത്തുവാൻ മലായിലുണ്ടായിരുന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് പ്രവർത്തനമാരംഭിച്ചു. ഖാദറും ആ സംഘടനയുടെ സജീവ പ്രവർത്തകനായി. ഹിറ്റ്ലറുടെ നാസി പാർട്ടി അധികാരത്തിലെത്തിയതോടെ അത് ബ്രിട്ടന് ഭീഷണിയായിത്തീർന്നു. ഈ അവസരം വിനിയോഗിച്ച് ബ്രിട്ടനെ പരാജയപ്പെടുത്തുവാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യക്ക് വെളിയിൽ പ്രവർത്തിച്ച സുബാഷ് ചന്ദ്രബോസ് ശ്രമിച്ചത്.

1942 ൽ ഇന്ത്യയിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് ഒരു അനുകൂല അവസരമായി വിനിയോഗിക്കുവാൻ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് തയ്യാറായി. അതിന്റെ നേതൃത്വത്തിൽ ജപ്പാന്റെ സഹായത്തോടെ ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാരെ തുരത്താനുള്ള തീരുമാനമെടുത്തു. ഇന്ത്യൻ നാഷണൽ ആർമിക്ക് മലായിൽ പരിശീലനം നൽകാൻ ഒരു കേന്ദ്രം സ്ഥാപിച്ചു. ഖാദർ ഐ എൻ എ യിൽ അംഗമായി സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലൂടെ അംഗങ്ങൾക്ക് പരിശീലനം നൽകി. ഒരു ആത്മഹത്യാ സ്ക്വാഡ് (suicide squad) രൂപീകരിച്ച് 33 പേർക്ക് പരിശീലനം കൊടുത്ത് അവരെ കരവഴിയും കടൽ വഴിയും ഇന്ത്യയിലേക്ക് അയക്കുവാൻ തീരുമാനിച്ചു. ആ സംഘത്തിന്റെ നേതൃസ്ഥാനത്ത് ഖാദറുമുണ്ടായിരുന്നു. ഖാദറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം ജപ്പാന്റെ ഒരു അന്തർവാഹിനി കപ്പലിൽ മലബാറിലെ താനൂർ കടപ്പുറത്ത് എത്തി. കടപ്പുറത്ത് കാവൽ നിന്നിരുന്ന ബ്രിട്ടീഷ് ചാര സംഘം ഖാദറിനെയും കൂട്ടരെയും ബന്ധനസ്ഥരാക്കി ബ്രിട്ടീഷുകാരെ ഏൽപ്പിച്ചു. അവരെ വിചാരണതടവുകാരായി ജയിലിൽ പാർപ്പിച്ചു. ഒടുവിൽ 1943 സെപ്തംബർ 10ന് മദ്രാസ് സെൻറർ ജയിലിൽ വെച്ച് ഖാദർ, ബർദാൻ, അനന്തൻ നായർ, ഫൗജാ സിങ് എന്നിവരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. അവരെ തടവിലാക്കാൻ നേതൃത്വം കൊടുത്തത് താനൂർ കടപ്പുറത്ത് ബ്രിട്ടീഷുകാരുടെ ഏജന്റുമാരായി   പ്രവർത്തിച്ചമലയാളികളായിരുന്നുവെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത. അതിന് അവർക്ക് പ്രത്യേകം പാരിതോഷികം ലഭിക്കുകയും ചെയ്തു.

പുസ്തകത്തിന്റെ സമകാലിക പ്രസക്തി ? 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ സാന്നിധ്യം അധികാരം ഉപയോഗിച്ച് നീക്കം ചെയ്യുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സുഭാഷ് ചന്ദ്ര ബോസിനൊപ്പം ഇന്ത്യൻ ജനതക്കുവേണ്ടി പൊരുതി രക്ത സാക്ഷ്യത്വം വരിച്ച വക്കം അബ്ദുൽ ഖാദറിന്റെ ചരിത്രത്തെ രേഖപ്പെടുത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നു എന്ന ബോധ്യമാണ് ഈ രചനയുടെ പ്രചോദനം .

Leave a Reply

Your email address will not be published. Required fields are marked *