ഇന്തോനേഷ്യൻ പണ്ഡിതൻ മുല്യാദി കർടനെഗാരയുടെ ‘Essentials of Islamic Epistemology: A Philosophical Inquiry into the Foundation of Knowledge ‘ മലയാളത്തിലേക്കു വിവർത്തനം ചെയ്ത യുവ എഴുത്തുകാരനും ഗവേഷകനുമായ ഹസീം മുഹമ്മദ്, ‘ദി പിൻ’ നോടു സംസാരിക്കുന്നു :
താങ്കൾ പരിഭാഷപ്പെടുത്തിയ ‘ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിനൊരാമുഖം’ എന്ന പുസ്തകം പുറത്തിറങ്ങിയല്ലോ. മൂലകൃതിയെയും ഗ്രന്ഥകർത്താവിനെയും പരിചയപ്പെടുത്താമോ?
തീർച്ചയായും. ഡോക്ടർ മുല്യാദി കർടനെഗാരയുടെ ‘Essentials of Islamic Epistemology: A Philosophical Inquiry into the Foundation of Knowledge’ എന്ന പുസ്‌തകത്തിന്റെ പരിഭാഷയാണിത്. ഡോക്ടർ മുല്യാദി കർടനെഗാര ഇന്തോനേഷ്യൻ സ്വദേശിയാണ്. ജകാർത്ത സ്റ്റേറ്റ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ (UIN) നിന്ന് ബിരുദ പഠനത്തിന് ശേഷം അമേരിക്കയിലെ ചിക്കാഗോ യുണിവേഴ്സ്റ്റിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടി. തുടർന്ന് സ്വദേശമായ ഇന്തോനേഷ്യയിൽ മടങ്ങിയെത്തി ഇസ്‌ലാമിക തത്വചിന്തയിലും മിസ്റ്റിസിസത്തിലും നിരവധി വര്ഷങ്ങളായി അധ്യാപനം നടത്തുന്നു. ഈ വിഷയത്തിൽ ഒട്ടനവധി പുസ്‌തകങ്ങൾ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുമായി രചിച്ചിട്ടുണ്ട്. 2015ൽ സ്ഥാപിതമായ സെന്റർ ഫോർ ഇസ്ലാമിക് ഫിലോസോഫിക്കൽ സ്റ്റഡീസ് ആൻഡ് ഇൻഫർമേഷന്റെ (CIPSI) ഡയറക്ടർ. കോലാലംപൂർ ISTAC യിൽ സീനിയർ വിസിറ്റിംഗ് പ്രഫസർ ആയിരുന്നു. ഇപ്പോൾ ബ്രൂണെയ് യൂണിവേഴ്സിറ്റി ദാറുസ്സലാമിൽ സുൽത്താൻ ഒമർ അലി സൈഫുദീൻ സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് (SOASCIS) വിഭാഗത്തിൽ ഗവേഷകനും അസോസിയേറ്റ് പ്രഫസറും ആണ്. ഇസ്‌ലാമിക ശാസ്ത്ര പാരമ്പര്യത്ത കുറിച്ചാണ് അദ്ദേഹം ഏർപ്പെട്ടിട്ടുള്ള പ്രധാനപെട്ട മറ്റൊരു ഗവേഷണ വിഷയം.
എങ്ങനെയാണ് പുസ്തകത്തിന്റെ പരിഭാഷയിലേക്ക് എത്തുന്നത്?
ഇസ്ലാമും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ പ്രമേയമാക്കുന്ന പുസ്തകങ്ങൾ പരിഭാഷപ്പെടുത്തി പുറത്തിറക്കുന്നതിനെ കുറിച്ചുള്ള ആശയം ബുക്ക്‌പ്ലസ് മുന്നോട്ട് വെച്ചപ്പോൾ നിരവധി പുസ്തകങ്ങൾ മനസ്സിലൂടെ കടന്നു പോയി. സമീപകാലത്ത് വായിക്കാനിടയായ ഡോക്ടർ മുല്യാദി കർടനെഗാരയുടെ പുസ്തകത്തിൽ അത് ഉടക്കി നിന്നത് ഇസ്ലാമും ശാസ്ത്രവും തമ്മിലുള്ള ചർച്ചയിൽ ജ്ഞാനശാസ്ത്രത്തിനുള്ള പ്രസക്തമായ സ്ഥാനത്തെ കുറിച്ചുള്ള ബോധ്യത്തിൽ നിന്നു കൂടിയാണ്. പലപ്പോഴും അത് അവഗണിക്കപ്പെടാറാണ് പതിവ്. ഈ ബോധ്യത്തിൽ നിന്നാണ് ജ്ഞാനശാസ്ത്ര സംബന്ധിയായ വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം പരിഭാഷ ചെയ്യാൻ മുതിരുന്നത്. ഇത്തരത്തിലൊരു നിർദ്ദേശം ബുക്പ്ലസിനോട് മുന്നോട്ടുവയ്ക്കുകയും അവർ സസന്തോഷം പുസ്തകം ഏറ്റെടുക്കാൻ തയ്യാറാവുകയും ചെയ്തു.
ഇസ്‌ലാം-ശാസ്ത്ര സംവാദങ്ങളിൽ ജ്ഞാനശാസ്ത്രത്തിന്റെ പ്രാധാന്യം വിശദീകരിക്കാമോ?
പാശ്ചാത്യ തത്വചിന്ത മെറ്റാഫിസിക്സിൽ (Metaphysics) നിന്നും മാറി അന്വേഷണങ്ങളുടെ കേന്ദ്രബിന്ദുവായി അറിവിന്റെ അടിസ്ഥാനങ്ങളെ (epistemology) സ്വീകരിച്ചു തുടങ്ങിയ ‘എപിസ്‌റ്റമോളജിക്കൽ ടേൺ’ ശാസ്ത്രത്തിന്റെ വളർച്ചയിൽ ഏറെ നിർണായകമായിരുന്നു. ദെക്കാർത്തെയിൽ തുടങ്ങി ഇമ്മാനുവൽ കാന്റിൽ വളർച്ച പ്രാപിച്ച അറിവിനെ കുറിച്ച തത്വവിചാരങ്ങളാണ് ആധുനിക ശാസ്ത്ര വിജ്ഞാനത്തെ നിർണയിച്ചത്. ഇസ്‌ലാമിക തത്വപാരമ്പര്യത്തിൽ പക്ഷെ അറിവിന് വ്യതിരിക്തവും കൂടുതൽ ആഴത്തിൽ സമഗ്രവുമായ ധാരണകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇസ്ലാമിക പാരമ്പര്യവും ശാസ്ത്രവും തമ്മിലുള്ള ഏതൊരു താരതമ്യ പഠനത്തിലും അടിസ്ഥാനമായി വർത്തിക്കേണ്ടത് അവയുടെ ജ്ഞാനശാസ്ത്ര സമീപനങ്ങൾ തന്നെയാണ്. അതിന്റെ അഭാവത്തിൽ ഉപരിപ്ലവമായ വാഗ്വാദങ്ങൾ മാത്രമാണ് സംഭവിക്കുക. സാർത്ഥകമായ ആശയ കൈമാറ്റങ്ങൾ അസാധ്യമാവുകയാണ് ചെയ്യുക. ഇന്ന് പോപ്പുലറായി നടന്നു വരുന്ന ഇസ്ലാം-ശാസ്ത്ര സംവാദങ്ങൾ നിർഭാഗ്യവശാൽ പൊതുവെ ഇത്തരത്തിലാണ്. ഇതിന് ഒരു മാറ്റം ആവശ്യമാണ്.
ഇസ്ലാമിൽ അറിവിന് ഇൽമ് (ilm )എന്നാണ് പറയുക. എന്നാൽ knowledge എന്ന കേവലാർത്ഥത്തിലല്ല, “ഏതൊന്നിനെക്കുറിച്ചും യഥാർത്ഥത്തിൽ അത് എങ്ങനെയാണോ അങ്ങനെ അറിയുക” എന്നാണ് അത് മനസ്സിലാക്കപ്പെടുന്നത്. ഈ അറിവ് തെളിയിക്കപ്പെടാത്ത കേവലമായ അഭിപ്രായങ്ങളിൽ (al-ra’y) നിന്ന് വ്യതിരിക്തമായി നിൽക്കുന്നു. കേവലമായ അറിവിനു എതിരിൽ ‘ശാസ്ത്രത്തെ’ (science) കാണുന്ന പടിഞ്ഞാറൻ ജ്ഞാനശാസ്ത്ര കാഴ്‌ചപ്പാടിന്റെ താരതമ്യപരമായ വീക്ഷണകോണിൽ അങ്ങനെ ‘ഇൽമ്’ എന്നത് ‘ശാസ്ത്രം’ പോലെ തന്നെ വ്യവസ്ഥാനുസൃതമായ ജ്ഞാനമാണ് (systematic knowledge). അതോടൊപ്പം ഇൽമും ശാസ്ത്രവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങളും പരിഗണിക്കേണ്ടതുണ്ട്. അത്തരത്തിൽ പ്രബലമായ പാശ്ചാത്യ ജ്ഞാനശാസ്ത്രം കെട്ടഴിച്ചു വിടുന്ന നിരവധിയായ സമകാലിക പ്രശ്നങ്ങളോട് പ്രതികരിക്കാനും, അതിനോട് സർഗാത്മകവും സംവാദാത്മകവുമായി ഇടപെടാനും കഴിയണമെങ്കിൽ ഇസ്‌ലാമിക ജ്ഞാനശാസ്ത്രം പഠിച്ചേ തീരൂ.
ഏത് വിഭാഗം വായനക്കാരെയാണ് പുസ്തകം അഭിസംബോധന ചെയ്യുന്നത്?
ജ്ഞാന ശാസ്ത്ര വിഷയങ്ങളെ വിശാലമായി പ്രതിപാദിക്കുന്നത് കൊണ്ടു തന്നെ ഈ കൃതി അക്കാദമിക വിദ്യാർത്ഥികൾക്കും പണ്ഡിതർക്കും, പ്രത്യേകിച്ച് ഇസ്‌ലാമിക ശാസ്ത്ര തത്വചിന്തയുടെ മേഖലയിലുള്ളവർക്കും, ഏറെ പ്രയോജനപ്രദമാണ്. ലളിതമായ ശൈലിയാണ് ഗ്രന്ഥകർത്താവ് പിന്തുടർന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ അറിവിന്റെ തത്വപരമായ അടിത്തറ തേടുന്ന, ഇസ്‌ലാമിൽ എന്താണ് അറിവ് എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന, ഏതൊരു സാധാരണ വായനക്കാരനും പുസ്തകം ഉപയോഗപ്രദം ആയിരിക്കും. ‘ആധുനികം’, ‘ശാസ്ത്രീയം’ മുതലായ ലേബലുകളിൽ രൂപപ്പെടുന്ന പല ക്ഷുദ്രമായ ആശയങ്ങളുടെയും പൊള്ളത്തരം മനസ്സിലാക്കാൻ ഉതകുന്ന വിധത്തിൽ അറിവിന്റെ അടിസ്ഥാനങ്ങളെ കുറിച്ചുള്ള കൃത്യമായ ധാരണ രൂപപ്പെടുത്തേണ്ടത് ഏതൊരു സാധാരണക്കാരനും ആവശ്യമായി തീരുന്ന കാലഘട്ടമാണല്ലോ ഇത്.