പ്രമുഖ സാമൂഹിക ചിന്തകൻ ഡോ. ഒ. കെ സന്തോഷ്, അദ്ധേഹത്തിന്റെ ‘അനുഭവങ്ങൾ അടയാളങ്ങൾ ദളിത് ആഖ്യാന രാഷ്ട്രീയം’ എന്ന പുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ ‘നോടു സംസാരിക്കുന്നു
കൃതിയുടെ രചനാപശ്ചാത്തലം ?
2005 മുതൽ 2010 വരെ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഡോ.ഉമർ തറമേലിന്റെ മേൽനോട്ടത്തിൽ നടത്തിയ ഗവേഷണത്തിന്റെ ഭാഗമായുണ്ടായതാണ് ഈ പുസ്തകം. വിദ്യാർത്ഥികാലത്തുനീളം സജീവമായി രാഷ്ട്രീയത്തിൽ ഇടപെടുന്നയാളായിരുന്നു ഞാൻ . പി.ജി. കാലത്തോടെ പലകാരണങ്ങൾ കൊണ്ട് ഇടതുവിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് അകന്ന് അംബേദ്‌ക്കറിന്റെ സാമൂഹ്യ നീതി സങ്കല്പനവും ജാതിവിരുദ്ധ സമീപനവുമൊക്കെ ആകർഷിച്ച് തുടങ്ങിയ കാലമാണ്. ദലിത് സ്‌റ്റുഡൻറ്റസ് മൂവ്മെന്റിന്റെ (DSM ) പല തലങ്ങളിൽ പ്രവർത്തിക്കുന്ന സമയം കൂടിയായിരുന്നത്. അതിലൊക്കെ നിന്ന് നടത്തിയ സംവാദങ്ങളും ഇടപെടലുമൊക്കെ ഗവേഷണവിഷയത്തെ നിർണയിക്കുകയും അത് പുസ്തകത്തിലേക്ക് മാറുകയുമാണ് ചെയ്തത്.
കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച്?
നാല് ഭാഗങ്ങളായി ഈ പുസ്തകത്തെ വിഭജിച്ചിരിക്കുന്നു. അതിലൊന്നാമത്തെ ഭാഗത്ത് 1970 കൾ മുതൽ ദേശീയമായ വികസിച്ച ദലിത് സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും സൈദ്ധാന്തികതലങ്ങളെ പരിശോധിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് ദലിത് സംവാദങ്ങളുടെ കേരളീയ സന്ദർഭത്തെ വിശകലനം ചെയ്യാണ് ശ്രമിക്കുന്നത്. മൂന്നാമത്തെ ഭാഗം, എന്റെ പഠനത്തിന്റെ പ്രധാനപ്പെട്ട വിഭാഗമായ ആത്മകഥാ സാഹിത്യത്തിന്റെ സാംസ്ക്കാരികവും രാഷ്ട്രീയവും സൗന്ദര്യപരവുമായ തലങ്ങളെ പരിശോധിക്കുന്നു. തുടർന്ന് അവസാനഭാഗത്ത് കല്ലേൻ പൊക്കുടൻ, സി.കെ. ജാനു, തമിഴ് എഴുത്തുകാരി ബാമ, മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാലെ എന്നിവരുടെ ആത്മ ( ജീവിത ) രചനകളെ വിശകലനം ചെയ്യുന്നു.
കേരളത്തിലെ സമകാലിക ദലിത് സാമൂഹിക- രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ച് ?
ഏറെ വിപുലമായ മറുപടി ആവശ്യമുള്ള ചോദ്യമാണിത്. എങ്കിലും കഴിഞ്ഞ 4 പതിറ്റാണ്ടായി സാംസ്ക്കാരിക- സാമൂഹികമേഖലയിൽ ഏറെ ദൃശ്യതയും സാന്നിധ്യവുമുള്ള ഒന്നായി ദലിത് വ്യവഹാരങ്ങൾ മാറിയിട്ടുണ്ട്. എങ്കിലും രാഷ്ട്രീയപ്രക്രിയകളിലും ഭരണസംവിധാനങ്ങളിലേക്ക് സ്വതന്ത്രമായി പ്രവേശിക്കുവാനും കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്.
ദലിത് സാഹിത്യമേഖലയിലെ ആധുനിക വികാസത്തെക്കുറിച്ച്? താങ്കളുടെ രചകൾ ഉൾപ്പെടെയുള്ളവയെക്കുറിച്ച്?
2005 മുതൽ മാധ്യമം ആഴ്ചപ്പതിപ്പ് ഉൾപ്പെടെയുള്ള മുഖ്യധാരാ മാസികകളിൽ നിരന്തരമായല്ലെങ്കിലും ഞാൻ എഴുതുന്നുണ്ട്. ആദ്യത്തെ പുസ്തകം’ തിരസ്കൃതരുടെ രചനാ ഭൂപടം ‘2010 ലാണ് വരുന്നത്. അതിലെ ആദ്യലേഖനം കാലിക്കറ്റ് സർവകലാശാലയിലെ ബി.എ. സിലബസിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിലെ എം.എ. സിലബസിലുമുണ്ട്. പിന്നീട് കേരളത്തിലെ പ്രധാനപ്പെട്ട പ്രസാധകരായ ഡി.സി.ബുക്സ് 3 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2017 ൽ പുറത്തുവന്ന ‘ഭാവനയുടെ പരിണാമദൂരങ്ങൾ ‘ ഉൾപ്പെടെയുള്ള പുസ്തകത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിലെ സാഹിത്യത്തിലും സിനിമയിലും ദലിത് – കീഴാള – ന്യൂനപക്ഷ പ്രമേയങ്ങൾ സജീവമാണിന്ന്. അതെത്രത്തോളം സൂക്ഷ്മവും നിശിതവുമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്നതിൽ സംശയവും ആശങ്കയുമുള്ളയാളാണ് ഞാൻ . എങ്കിലും വരേണ്യഭാവനയെയും ഭാവുകത്വത്തെയും അതിന്റെ നൂറ്റാണ്ടുകളായുള്ള സാംസ്ക്കാരിക അധീശത്വത്തെയും ചെറുതായെങ്കിലും ചോദ്യം ചെയ്തുവെന്നത് നിസാരകാര്യമല്ല. എങ്കിലും ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യം ഇത്തരം വിമർശനങ്ങളുടെ മുന്നോട്ടു പോക്കിനെ ദുർബലപ്പെടുത്തും എന്നു തന്നെയാണ് കരുതുന്നത്.