ഹിജാബ് :തട്ടത്തിൽ തട്ടിത്തടയുന്ന മതേതരത്വം

മുസ്ലിം സ്ത്രീയെയും അവളുടെ വസ്ത്രത്തെയും മുൻനിർത്തി ലിബറൽ സെക്യുലർ പക്ഷവും ഇപ്പോൾ തീവ്ര ഹിന്ദുത്വ കക്ഷികളും ഉയർത്തുന്ന വാദഗതികളോട് പ്രതികരിക്കുന്ന പഠനങ്ങളുടെയും വിശകലനങ്ങളുടെയും സമാഹാരമാണ് ” ഹിജാബ് :തട്ടത്തിൽ തട്ടിത്തടയുന്ന മതേതരത്വം ” എന്ന പുസ്തകം .ഐ പി.എച്ച് ആണ് പ്രസാധകർ. പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ചും അത് പ്രശ്നവത്കരിക്കുന്ന വിഷയങ്ങളെ കുറിച്ചും എഡിറ്റർ ബുഷ്റ ബഷീർ ‘ദി പിൻ ‘ നോടു സംസാരിക്കുന്നു 

 

കർണാടക കാമ്പസുകളിലെ ഹിജാബ് നിരോധന പശ്ചാത്തലത്തിൽ എഴുതപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണോ ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം ?

മുസ്ലിം പെണ്ണും അവളുടെ വസ്ത്രങ്ങളും ആദ്യമായി പ്രശ്നവത്കരിക്കപ്പെടുന്ന പ്രദേശമല്ല കർണാടക. ലോകത്തിൻ്റെ പലയിടങ്ങളിലും ഇന്ത്യയിലും കേരളത്തിലുമടക്കം മുസ്ലിം സ്ത്രീകളുടെ ഉടുപ്പും നടപ്പും മുൻനിർത്തി അവൾക്കും അവളെ ഇങ്ങനെയാക്കുന്ന ഇസ്ലാമിനുമെല്ലാം മുൻവിധിയിലൂന്നിയ വാർപ്പ് മാതൃക എന്നോ രൂപപ്പെട്ടിട്ടുണ്ട്.മുസ്ലിം സ്ത്രീ മുസ്ലിം പുരുഷനാലും പുരുഷ കേന്ദ്രീകൃത ഇസ്ലാമിക നിയമങ്ങളാലും അടിച്ചമർപ്പെട്ടവളാണെന്നും ഹിജാബും പർദ്ദയും നിഖാബുമെല്ലാം ആ അടിച്ചമർത്തപ്പെടലിൻ്റെ ചിഹ്നങ്ങളാണെന്നുമാണ് ലോകത്ത് തന്നെ നിലനിൽക്കുന്ന ധാരണകളിലൊന്ന് .ലിബറൽ – ഫെമിനിസ്റ്റ് – സെക്യുലർ ലോകം ഈയൊരറ്റ ഭാവനക്കകത്താണ് മുസ്ലിം പെണ്ണിനെ കാണുന്നത്.( മറ്റേതൊരു സമൂഹത്തെയും പോലെ മുസ്ലിം സമുദായവും പുരുഷ കേന്ദ്രീകൃതമായതിൻ്റെ പ്രശ്നങ്ങളെയും ഹിജാബ് തന്നെ പല രീതിയിൽ അണിയുന്നതിൻ്റെയും വായനകളെയും പുസ്തകം രേഖപ്പെടുത്തുന്നുണ്ട് )
മത യാഥാസ്ഥിതികയുടെയും അടിച്ചമർത്തലിൻ്റെയും ഐഡൻ്റിറ്റി നിഷേധിക്കുന്നതിൻ്റെയും അടയാളമായി മുസ്ലിം പെണ്ണിൻ്റെ വേഷത്തെ ചില സെക്യുലർ ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും തീർപ്പ് കൽപ്പിച്ചതിനാൽ ഭരണകൂടങ്ങളും അതേ നിലപാടുകൾ സ്വീകരിക്കുന്നതിലേക്ക് പ്രവേശിച്ച് തുടങ്ങിയിട്ടുണ്ട്. ഫ്രാൻസിൽ ബുർഖയും നീന്തൽ വസ്ത്രമായ ബുർഖിനിയുമെല്ലാം നിരോധിച്ചതോർക്കുക. അക്കാലത്ത് മുസ്ലിം പെണ്ണിനെ സെക്യുലർ ലോകവും ഭരണകൂടവും കോടതികളും ലിബറൽ ലെൻസിലൂടെ മാത്രം നോക്കിക്കാണുന്ന രീതിക്കെതിരെ അകാദമിക് വിശകലനങ്ങളടക്കം അന്താരാഷ്ട്ര ഇംഗ്ലീഷ് മീഡിയകളിൽ പ്രസിദ്ധീകരിച്ചിരുന്നു.കർണാടകയിലെ ഹിജാബ് വിവാദ പശ്ചാത്തലത്തിൽ അന്ന് എഴുതപ്പെട്ട നിരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും പരിഭാഷകളും ഇപ്പോൾ ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ളവർ ഈ വിഷയത്തിൽ എഴുതിയ നിരീക്ഷണങ്ങളുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ തരം വിശകലനങ്ങൾ പുസ്തകത്തിൽ വായിക്കാം.

എഴുത്തുകാരിൽ അധികവും മുസ്ലിം വനിതകളാണല്ലോ .ഇത് ബോധപൂർവം ഇങ്ങനെയാക്കിയതാണോ ?

മുസ്ലിം സുദായത്തിനകത്തുള്ള തങ്ങളുടെ ഇടത്തെ കുറിച്ചും നിഷേധിക്കപ്പെടുന്ന ഇടങ്ങളെപ്പറ്റിയും ഇസ്ലാം അനുവദിക്കുന്ന പരിധിയുടെ വിശാലതകളെയും മുസ്ലിം സ്ത്രീകൾ തന്നെ ധാരാളം എഴുതുന്ന കാലമാണിത്. അവരെ കുറിച്ച് മറ്റുള്ളവർ പറയുന്നതിനപ്പുറം അവർ തന്നെ പറയുന്ന കാലം.ഒരേ സമയം തന്നെ അവർ സമുദായത്തോടും അതിനകത്തെ സംഘടനകളോടും പുറത്തുള്ള ലിബറൽ സെക്യുലർ തീവ്ര വലതുപക്ഷങ്ങളോടും സമരോത്സുകമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അത്തരമൊരു സദർഭത്തിൽ അവരുടെ വസ്ത്രത്തെയും മത നിലപാടുകളെയും അവർ തന്നെ വിലയിരുത്തുന്നതാണ് ഉചിതം.അകാദമിക് വിശകലനങ്ങൾക്കൊപ്പം ഇസ്ലാമിക പ്രമാണങ്ങളിലൂന്നി ഹിജാബ് മുസ്ലിം പെണ്ണ് നിർബന്ധമായും സ്വീകരിക്കേണ്ട വസ്ത്രധാരണമാണെന്ന് കൃത്യതയോടെ സമർഥിക്കുന്ന മുസ്ലിം വനിത സ്കോളറിൻ്റെ പഠനവും പുസ്തകത്തിലുണ്ട്. അതേ സമയം നിലവിൽ ഹിന്ദുത്വ വലതുപക്ഷം ഹിജാബിനെ മുൻനിർത്തി നടത്തുന്ന ധ്രുവീകരണ രാഷ്ട്രീയത്തെയും അതിന് സൗകര്യമൊരുക്കിയ ഹിജാബ് വിഷയത്തിലെ ലിബറൽ നിലപാടുകളെയും വിശകലനം ചെയ്യുന്ന വനിതകളല്ലാത്ത ഇന്ത്യയിലെ പ്രഗത്ഭരായ എഴുത്തുകാരുടെ നിരീക്ഷണങ്ങളും പുസ്തകത്തിലുണ്ട്.

ഹിജാബിനെ കുറിച്ച വ്യത്യസ്ഥ വായനകൾ പുസ്തകത്തിൽ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?

ഹിജാബിനെ കുറിച്ച് ഇസ്ലാമിക പ്രമാണത്തിലൂന്നിയ ഒരു വായനയുണ്ട്. ഇസ്ലാം പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു മുസ്ലിം പെണ്ണ് അവളുടെ മതജീവിതത്തിൻ്റെ അനിവാര്യതയായി സ്വീകരിക്കുന്ന വേഷമാണത്. അതിന് ഖുർആനിലും ഹദീസുകളിലും കൃത്യമായ പ്രമാണങ്ങളുണ്ട്. മുസ്ലിം ലോകമത് പ്രവാചക കാലം മുതൽ പ്രാക്ടീസ് ചെയ്തു വരുന്നതുമാണ്. ഏത് കോടതി വിധിച്ചാലും ഈയൊരു മതവിധിയും യാഥാർഥ്യവും നിഷേധിക്കാനാവില്ല. ഇതാണ് ഹിജാബിനെ കുറിച്ച ഇസ്ലാമിക വായനയും മുസ്ലിം പെണ്ണിൻ്റെ മതപരമായ ജീവിതം പ്രാക്ടീസ് ചെയാനുള്ള ആവശ്യവും.
ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തിൽ ഭരണകൂടം നൽകുന്ന വ്യക്തി – മത സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് ഹിജാബ് നിരോധനം. ഇതിലൂന്നിയുള്ളതാണ് മറ്റൊരു വായന. ഇതിങ്ങനെ വാദിച്ച് ഹിജാബ് അനുവദിക്കണമെന്ന് സമർഥിക്കാൻ ഇസലാമും ഹിജാബും ജീവിതത്തിൽ പ്രാക്ടീസ് ചെയ്യണമെന്നില്ല. അതിനാൽ ഹിജാബ് അണിയാത്തവരും ഇസ്ലാമിന് പുറത്തുള്ളവരുടെയും വിശകലനങ്ങളീ വശത്ത് കാണാം.
വ്യക്തി സ്വാതന്ത്ര്യത്തിനും പേഴ്സണൽ ചോയ്സിനും വലിയ ഇടം അനുവദിക്കുന്ന ലിബറൽ സെക്യുലരിസ്റ്റുകൾ ഹിജാബ് പേഴ്സണൽ ചോയ്സായി സ്വീകരിക്കുന്ന മുസ്ലിം പെണ്ണിനെ നിരാകരിക്കുന്നു. അതവളുടെ നിർബന്ധിത ചോയ്സായതിനെ തീർപ്പ് കൽപ്പിക്കുന്നു. നിഖാബും ബുർഖിനിയും ധരിച്ച് പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നതിനെ ലിബറൽ സെക്യുലറിസത്തിൻ്റെ പറുദീസയായ ഫ്രാൻസടക്കം നിരോധിക്കുന്നു. വ്യക്തിപരമായ ചോയ്സിനെ മുൻനിർത്തി ഇത്തരം ലിബറൽ വൈരൂധ്യങ്ങളെ വിശകലനം ചെയ്യുന്നുണ്ടിതിൽ.കേരളത്തിലെ കാമ്പസുകളിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളടക്കം പർദ്ദയും ഹിജാബും അണിഞ്ഞ വിദ്യാർഥിനി ആക്ടിവിസ്റ്റുകളെ തീവ്രവാദിനിയും വിശുദ്ധ വസ്ത്രത്തെ മലിനപ്പെടുത്തുന്നവളുമായി ചിത്രീകരിക്കുന്ന അനുഭവ വിവരണങ്ങളും ഹിജാബണിഞ്ഞ കലാകാരി ആ വേഷത്തെ മുൻനിർത്തി മുൻവിധിയിലൂന്നിയ ചോദ്യങ്ങളെ ഈ കേരളത്തിൽ അഭിമുഖീകരിച്ചതെല്ലാം ഉൾപ്പെടെയുള്ള ഹിജാബ് അനുഭവങ്ങളും പുസ്തകത്തിലുണ്ട്. വ്യത്യസ്ഥ സമൂഹങ്ങളിൽ നിലനിൽക്കുന്ന ശിരോവസ്ത്ര സാംസ്കാരത്തെ കുറിച്ച വായനകളുമുണ്ടിതിൽ .മുസ്ലിം സ്ത്രീം ,വേഷം ,അവളുടെ ഇടം തുടങ്ങിയ വിഷയങ്ങളെല്ലാം പലവിധത്തിൽ കടന്നുവരുന്നുണ്ട്.പല എഴുത്തുകളും അകാദമിക് സ്വഭാവത്തിലെ പഠനങ്ങൾ കൂടിയായതിനാൽ ഒരു റഫറൻസ് കൃതിയായും ഇത് ഉപയോഗപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *