യുവ എഴുത്തുകാരനും മലബാർ മുസ്ലിം ചരിത്ര ഗവേഷകനുമായ നസ്റുദ്ദീൻ മണ്ണാർക്കാട് അദ്ധേഹത്തിന്റെ ‘ വാരിയൻ കുന്നത്ത് സീറപ്പാട്ട് ‘ എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ദി പിൻ’ നോടു സംസാരിക്കുന്നു :
വാരിയം കുന്നത്ത് സീറപ്പാട്ട് എഴുതാനുണ്ടായ സാഹചര്യം ?
മറുപടി: മാപ്പിള സാഹിത്യത്തിലൂടെയാണ് മാപ്പിളമാർക്കിടയിൽ ചരിത്രം ഊട്ടിയുറപ്പിക്കപ്പെട്ടത് . ഏതൊരു സാധാരണക്കാരനായ മാപ്പിളയ്ക്കും ബദറും ഉഹ്ദും മലപ്പുറം പടയുമൊക്കെ അറിയുന്ന ഒരു സാഹചര്യം ഇവിടെ നില നിന്നിരുന്നു . അതൊന്നും ചരിത്ര വായനയിലൂടെയല്ല, മാപ്പിളപ്പാട്ടിന്റെ തനിമയാർന്ന ഇശലുകൾ കേട്ടും പാടിയും തലമുറകളിലൂടെ കൈമാറിക്കിട്ടിയതാണ് . ലോകത്തെവിടെവിടെയെങ്കിലും ഇസ്ലാമിന്റെ ചരിത്രം ഇതുപോലെ പാട്ടുകളിലൂടെ ജനകീയമാക്കിയിട്ടുണ്ടാവുമോ എന്നെനിക്കറിയില്ല, സാധ്യത വളരെക്കുറവാണ്. മഹാ കവി മോയിൻക്കുട്ടി വൈദ്യരെ പോലുള്ള മഹാ കവികൾ പാട്ടുകളിലൂടെ ചരിത്രത്തെ സാധാരണക്കാരുടെ ചുണ്ടുകളിലേക്ക് എത്തിച്ചു. ഇനിയെത്ര കാലം കഴിഞ്ഞാലും ആ രേഖപ്പെടുത്തലുകൾ ചരിത്രത്തിൽക്കാണും.
ആ ഒരു ദൗത്യമാണ് വാരിയം കുന്നത്ത് സീറയിലൂടെ തുടരാൻ ഞാൻ ആഗ്രഹിച്ചത്. മാപ്പിളപ്പാട്ട് പൈങ്കിളിപ്പാട്ടുകളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന കാലത്ത്, ഇങ്ങനെയൊരു ചരിത്രമെഴുതാൻ കഴിഞ്ഞാൽ അതൊരുപക്ഷേ ഒരു ദിശാ വ്യതിയാനത്തിന് കാരണമാകുമെന്നും ഞാൻ കരുതി . ഒരു പരിധി വരെ അത് വിജയിച്ചു എന്നാണ് സീറയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരങ്ങളും സ്വീകാര്യതയും തെളിയിക്കുന്നത് .
മാപ്പിളപ്പാട്ടിലൂടെ ചരിത്രത്തെ രേഖപ്പെടുത്തുമ്പോഴുള്ള വെല്ലുവിളികൾ ?
മറുപടി: മാപ്പിളപ്പാട്ടിന്റെ തനിമ നില നിറുത്തുകയും അതോടൊപ്പം ഈ കാലഘട്ടത്തിനോട് ലളിതമായി സംവദിക്കുകയും ചെയ്യണം. മാപ്പിളപ്പാട്ടിന് നിയതമായ ഒരു ചട്ടക്കൂടുണ്ട് . കമ്പി , കഴുത്ത്, വാൽ , വാലുമ്മൽ കമ്പി എന്നിങ്ങനെ പ്രധാന പ്രാസങ്ങൾ നിർബന്ധമായും പാലിച്ചിരിക്കേണ്ടതുണ്ട്. പാട്ടിന്റെ ഒന്നാമത്തെ വരി മുതൽ അവസാന വരെ ഈ പ്രാസങ്ങൾ കൊണ്ട് വരിഞ്ഞു കെട്ടി ഒരു മാല പോലെ കോർത്തെടുക്കുക എന്നതൊരു വെല്ലുവിളി തന്നെയാണ് . സീറയിലെ ഒന്നാമത്തെ വരി മുതൽ 420 ആമത്തെ വരി വരെ ഒരു ബന്ധമുണ്ട് . ഇടയ്ക്ക് നിന്ന് ഒരു വരി നീക്കം ചെയ്താലോ കൂട്ടിച്ചേർത്താലോ മാപ്പിളപ്പാട്ട് നിയമങ്ങൾ അറിയുന്ന ഒരാൾക്ക് അത് കണ്ടു പിടിയ്ക്കാൻ സാധിക്കും. അല്ലെങ്കിൽ അതിനെ മറി കടക്കുന്ന വിധം പ്രാസ നിയമങ്ങൾ പാലിച്ചു കൊണ്ട് ആ പോരായ്മ തിരുത്തിയിരിക്കണം . അതിനു കഴിവുള്ളവർക്ക് മാത്രമേ അങ്ങനെയൊരു തിരുത്തൽ നടത്താൻ സാധിക്കൂ. പാരമ്പര്യ മാപ്പിളപ്പാട്ടിന്റെ പ്രത്യേകത ഇതാണ്.
ഈ നിയമങ്ങളൊക്കെ പാലിക്കുമ്പോൾ തന്നെ പാട്ട് ചരിത്രത്തിലൂടെ അനായാസം ശ്രോതാവിനെ കൊണ്ടു പോയിരിക്കണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഏതാണ്ട് പകുതിയിലുള്ള ഭാഷയ്ക്ക് അപ്പുറത്തേക്ക് പുറകോട്ട് പോയാൽ ഇന്നത്തെ തലമുറയ്ക്ക് കഥ ആസ്വദിക്കാൻ കഴിയാതെ വരും. അത് കൊണ്ട് മാപ്പിള ഭാഷയുടെ ചേരുവകളിൽ ഊന്നി നിന്ന്, ലളിത ഭാഷയിലാണ് രചന നിർവ്വഹിച്ചതാണ് . ഇതിനേക്കാൾ സങ്കര ഭാഷയിലേക്ക് കൊണ്ടു പോകാമായിരുന്നു എന്ന അഭിപ്രായക്കാരുണ്ടാവും. പക്ഷെ ഈ ശൈലി തന്നെയായിരുന്നു ഈ പാട്ടിന് കൂടുതൽ ഉചിതമെന്ന അഭിപ്രായമാണ് അധികം പേർക്കും.
മാപ്പിളപ്പാട്ടിന്റെ ഇപ്പോഴത്തെ പ്രസക്തി?
മറുപടി: മാപ്പിളപ്പാട്ട് ഒരു ജനതയുടെ ജീവ നാഡിയായ കലയാണ്. മാപ്പിളമാരുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ ലിഖിത ചരിത്രം തുടങ്ങിയ കാലം മുതൽക്ക് തന്നെ മാപ്പിള സാഹിത്യവും അതിലുണ്ട്. ആത്മീയതയും ചരിത്രവും പ്രണയവും പോരാട്ടവും വിരഹവും നർമ്മവും കലഹവും വിഷയീഭവിച്ച ഒരു സാഹിത്യ ശാഖയെന്ന നിലയ്ക്ക് എല്ലാ കാലത്തും സമൂഹത്തിലെ ചലനങ്ങളെ മാപ്പിളപ്പാട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടാണ് മഹാകവി മോയിൻക്കുട്ടി വൈദ്യരുടെ കൃതികളെ ബ്രിട്ടീഷുകാർ ഭയത്തോടെ നോക്കിയത്. 21 ലെ മലബാർ സമരത്തിൽ ഈ പാട്ടുകൾ സ്ത്രീകൾ ഉൾപ്പടെ പാടിയിരുന്നു. മലപ്പുറം പടയിൽ ഒരു രംഗമുണ്ട് :” ഈ പടയിൽ ആരെങ്കിലും ശേഷിച്ചാൽ അവർ നാട്ടിലെ ഏതെങ്കിലും ഒരു കവിയെ കൊണ്ട് ഈ പടയുടെ വൃത്താന്തം എഴുതിക്കണം ” എന്ന് പരസ്പരം ഓരോരുത്തരും വസ്വിയ്യത്ത് ചെയ്യുന്ന ഒരു സന്ദർഭം. പാട്ടുകളിലൂടെ അതാത് കാലത്തെ ചരിത്രം രേഖപ്പെടുത്തുന്ന രീതി പണ്ടു മുതലേ ഉണ്ടായിരുന്നു എന്നാണിത് തെളിയിക്കുന്നത് .
ചരിത്രത്തെ വികലമാക്കുകയും വെട്ടിമാറ്റുകയും ചെയ്യുന്ന ഇക്കാലത്ത് മാപ്പിളമാർക്ക് അവരുടെ കലയിലൂടെ ചരിത്ര പുരുഷന്മാരെയും അവരുടെ വീര ചരിത്രത്തെയും സംരക്ഷിക്കാനുള്ള സാധ്യത വേണ്ടുവോളമുണ്ട് . അതാണ് ഇന്നത്തെ കാലത്ത് മാപ്പിളപ്പാട്ടിന്റെ പ്രസക്തി.
മാപ്പിളപ്പാട്ടിലെ മറ്റു വർക്കുകൾ?
കഴിഞ്ഞ 5 വർഷത്തിലേറെയായി എഴുതിപ്പോരുന്ന കുഞ്ഞാലി മരയ്ക്കാർ പടപ്പാട്ട് 110 ഇശലുകളുള്ള വലിയ കൃതിയാണ് . സീറപ്പാട്ട് ഒരേ ഇശലിൽ ആണെങ്കിൽ കുഞ്ഞാലിമരയ്ക്കാർ പടപ്പാട്ട് വ്യത്യസ്ത ഇശലുകളുടെ ഒരു സമാഹാരമാണ് . 16 ആം നൂറ്റാണ്ടിലെ മാപ്പിള സമൂഹത്തിന്റെ പോരാട്ട ചരിത്രമാണത് . മറ്റൊന്ന് കേന്ദ്ര സർക്കാർ വെട്ടിമാറ്റിയ 387 പേരുകൾ കോർത്തു കൊണ്ടുള്ള രചനയാണ്. വൈകാതെ രണ്ടും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ .
ഇസ്ലാമിക ചരിത്രം മാത്രമല്ല.
മൗലൂദ് പോലും പാട്ടിലൂടെയാണ് പഠിച്ചത്.
നസ്റുദ്ധീന് അഭിനന്ദനങ്ങൾ