മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്മെൻറ് മേധാവിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി. സൈനുൽ ആബിദ് അദ്ദേഹത്തിൻ്റെ
മലബാർ മുതൽ ഇസ്തംബൂൾ വരെ
മമ്പുറം സയ്യിദ് ഫസൽ തങ്ങളുടെ രാഷ്ട്രീയ ധൈഷണിക സഞ്ചാരങ്ങൾ എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ ദി പിൻ ‘നോട് സംസാരിക്കുന്നു.
മലബാർ മുതൽ ഇസ്തംബൂൾ വരെ എന്ന വ്യത്യസ്തമായ പേരിൽ മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുവാനുള്ള പ്രേരണയെന്താണ്?
ന്യൂഡൽഹി ജാമിഅ മില്ലിയ്യയിലെ പി.എച്ച് ഡി ഗവേഷണത്തിന് തെരഞ്ഞെടുത്ത പഠന മേഖല മലബാറിലെ ഹദ്റമി സയ്യിദുമാരുടെ സാമൂഹിക രാഷ്ട്രീയ സംഭാവനകളെക്കുറിച്ചായിരുന്നു. അതിനായുളള അന്വേഷണങ്ങളിലാണ് മലബാറിലെ പ്രമുഖ ഹദ്റമി പണ്ഡിതൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രൻ സയ്യിദ് ഫസൽ തങ്ങൾ എന്ന അനിതരസാധാരണമായ വ്യക്തിപ്രഭാവത്തെക്കുറിച്ച് അറിയാൻ സാധിച്ചത്.
പത്തൊൻപതാം നൂറ്റാണ്ടിൽ മലബാറിലെ ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ നിലകൊള്ളുകയും അവർക്കെതിരായ പോരാട്ടങ്ങൾ നടത്തുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്തതിനാൽ മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാർ അറേബ്യയിലേക്ക് നാടുകടത്തിയതായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച അമ്പരപ്പിക്കുന്ന വളർച്ചയെക്കുറിച്ച് മലയാളത്തിൽ കൃത്യമായ ഒരു വിവരണം ഇതേവരെ ഉണ്ടായിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് മാത്രമായി ചിന്ത പബ്ളിക്കേഷൻസ് 2006ൽ പ്രസിദ്ധീകരിച്ച ഒരു ചെറിയ ലേഖന സമാഹാരം മാത്രമാണ് മലയാളത്തിൽ ഉളളത്. പല പുസ്തകങ്ങളിലായി ചിതറിക്കിടക്കുന്ന വിവരണങ്ങളാകട്ടെ പിശകുകൾ നിറഞ്ഞതോ അപൂർണ്ണമോ ആണ്. വസ്തുതാപരമായി അദ്ദേഹത്തിന്റെ ജീവിതം സമ്പൂർണ്ണമായി വിവരിക്കുന്ന ഒരു പുസ്തകം തയ്യാറാക്കണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നു.
മലബാർ മുതൽ ഇസ്തംബൂൾ വരെയുളള മമ്പുറം സയ്യിദ് ഫസൽ തങ്ങളുടെ ആകർഷണീയതകൾ ഏറെ നിറഞ്ഞ ജൈത്രയാത്ര വളരെ കൃത്യതയോടെ വിവരിക്കുകയാണ് ഈ പുസ്തകത്തിൽ.
മലബാറിൽ നിന്നും നാട് കടത്തപ്പെട്ട ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതമാണല്ലോ പുസ്തകത്തിലെ പ്രധാന പരാമർശങ്ങൾ. എന്തെല്ലാമാണ് അതിലെ സവിശേഷതകൾ?
മലബാറിൽ നിന്നും നാട് കടത്തപ്പെട്ട ശേഷമുള്ള അതി സാഹസികവും അതോടൊപ്പം ആകർഷണീയതകൾ ഏറെ നിറഞ്ഞതുമായ നാൽപത്തിയെട്ട് വർഷത്തെ നീണ്ട ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.
ഏഷ്യ,ആഫ്രിക്ക, യൂറോപ്പ് ഏന്നീ മൂന്നു ഭൂഖണ്ഡങ്ങളിലുടനീളം സഞ്ചരിക്കുകയും സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി അടക്കമുള്ള ലോകപ്രശസ്തരായ നയതന്ത്ര-ഭൗതിക പ്രതിഭകളോടൊപ്പം അദ്ദേഹം സഹവസിക്കുകയും ചെയ്തിരുന്നു. ദോഫാറിൽ (ഇന്നത്തെ ഒമാൻ) ഉഥ്മാനികളുടെ പിന്തുണയോടെ ഗവർണറായും ഖലീഫ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ മന്ത്രിസഭയിൽ അംഗമായും സുൽത്താന്റെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചു.
മലബാറിലെ പ്രശസ്തനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രൻ പിതാവിനേക്കാൾ ഉന്നതസ്ഥാനങ്ങളിൽ അവരോധിക്കപ്പെട്ടപ്പോഴും പിതാവ് പകർന്നു നൽകിയ സാമ്രാജ്യത്വവിരുദ്ധ നയനിലപാടുകളിൽ എന്നും അടിയുറച്ചുനിന്നു. അതുകൊണ്ട് മലബാറിലേക്ക് മടങ്ങിവരുന്നതിനായുളള അദ്ദേഹത്തിന്റെ ശ്രമങ്ങളെയെല്ലാം തന്നെ ബ്രിട്ടീഷുകാർ എതിർത്തുകൊണ്ടേയിരുന്നു.
എ.ഡി 1900 ത്തിൽ ഒക്ടോബർ 25 ന് ഇസ്തംബൂളിൽ വെച്ച് 76 ാം വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത്.
നിരവധി ഉഥ്മാനീ സുൽത്താൻമാരെയും മന്ത്രിമാരെയും തുർക്കിയിലെ സാഹിത്യകാരൻമാരെയും അടക്കം ചെയ്ത ഇസ്തംബൂളിലെ സുൽത്താൻ മഹ്‌മൂദ് ഖാൻ മ്യൂസിയത്തിൽ തുർക്കി ദേശീയതയുടെ വക്താവ് സിയാ ഗോഖാൽപിന്റെ ഖബറിനു തൊട്ടരികെയാണ് അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നത്. ഇക്കാര്യങ്ങൾ ഒന്നും കൃത്യമായും മുഴുവനായും മലയാളത്തിൽ ഇന്നേവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. എന്റെ ഈ പുസ്തകത്തിൽ അവയെല്ലാം വിശദമായി വിവരിക്കുകയാണ്.
ഉഥ്മാനീ രാഷ്ട്രീയത്തിലെ ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കപ്പെട്ടപ്പോഴും മമ്പുറം സയ്യിദ് ഫസൽ തങ്ങൾ ബൗദ്ധികമണ്ഡലത്തിൽ തിളക്കമാർന്ന സ്ഥാനം അടയാളപ്പെടുത്തിയതായി പറയുന്നു. സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി അടക്കമുള്ള പ്രമുഖ ചിന്തകൻമാരുമായി അദ്ദേഹം സ്ഥാപിച്ച അടുപ്പവും പാൻ ഇസ്‌ലാമിക ആശയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകളും ഒന്ന് വിശദീകരിക്കാമോ?
സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ ഭരണ സവിശേഷതയായി അറിയപ്പെട്ടത് അഹമ്മദ് അസദ്, അബ്ദുൽ ഹുദാ അൽ സയ്യിദി, മുഹമ്മദ് സാഹിർ, സയ്യിദ് ഫസൽ തങ്ങൾ എന്നീ നാല് പ്രമുഖരായ അറബ് പണ്ഡിതൻമാരുടെ സാന്നിധ്യമായിരുന്നു. അവരിൽ സുൽത്താനോട് ഏറ്റവും അടുത്ത് പ്രവർത്തിച്ചതും ഇടപഴകിയതും ഫസൽ തങ്ങൾ എന്ന ഈ മലയാളി ആയിരുന്നു.
അതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രഗൽഭ ചിന്തകനും ഇസ് ലാമിക പുരോഗമന ആശയങ്ങളുടെ വക്താവുമായ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുമായും സയ്യിദ് ഫസൽ തങ്ങൾ ഏറ്റവും അടുപ്പം സ്ഥാപിച്ചിരുന്നു. എന്നാൽ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെ പാൻ ഇസ്‌ലാമിക ആശയങ്ങളിൽ സയ്യിദ് ഫസൽ തങ്ങൾ ആകൃഷ്ടനായിരുന്നുവെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ സ്റ്റീഫൻ ഡെയിലിനെ ഉദ്ധരിച്ച് കൊണ്ടാണ് പലരും സമർത്ഥിക്കുന്നത്. വാസ്തവത്തിൽ സയ്യിദ് ഫസൽ തങ്ങൾ അഫ്ഗാനിയെ പിന്തുണച്ചിരുന്നത് ഇന്ത്യയിൽ നിന്ന് തന്നെ അദ്ദേഹം പിന്തുടർന്നുവന്ന സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടിയായിരുന്നു. ആയിഷ ജലാൽ, ആനി ബേംഗ്, കെ.എം സീതി സാഹിബ് എന്നിവർ ഇതിൽ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. അക്കാര്യങ്ങൾ എന്റെ പുസ്തകത്തിൽ കൂടുതൽ വിവരിക്കുന്നുണ്ട്.
ആദ്യത്തെ ഇസ്തംബൂൾ യാത്രക്കിടെ ഈജിപ്തിൽ വെച്ച് അദ്ദേഹം ക്രോഡീകരിച്ച ‘ഉദ്ദതുൽ ഉമറാ’ ഉൾപെടെ പതിനഞ്ചോളം പുസ്തകങ്ങൾ ഫസൽ തങ്ങൾ ഈ കാലത്ത് രചിക്കുന്നുണ്ട്. തന്റെ കുടുംബ ചരിത്രം രേഖപ്പെടുത്തുന്ന മനാഖിബ് രചിക്കുന്നതിനാണ് അദ്ദേഹത്തിന്റെ അവസാന കാലങ്ങൾ ഉപയോഗിച്ചത്. ഈസ്റ്റ് ആഫ്രിക്കയിലെ പ്രമുഖ ഹദ്റമി പണ്ഡിതനും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇബ്നു സുമയ്യതുമായും ഫസൽ തങ്ങൾ ഈ സമയത്ത് അടുത്തിടപഴകുകയും ഓട്ടോമൻ കൊട്ടാരത്തിൽ അവർ നിരവധി തവണ ഒത്തുചേരുകയും ചെയ്തിരുന്നു.
ഉഥ്മാനീ ഭരണത്തിന്റെ പര്യവസാനത്തോടെ ഫസൽ തങ്ങളുടെ കുടുബത്തിന് പിന്നീട് മലബാറിലേക്ക് മടങ്ങിവരാൻ കഴിയാഞ്ഞത് എന്ത് കൊണ്ടായിരുന്നു?മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ബി.പോക്കർ സാഹിബ് എന്നിവരൊക്കെ അതിനായി ധാരാളം പരിശ്രമങ്ങൾ നടത്തിയതല്ലേ. എന്താണ് അക്കാര്യത്തിൽ സംഭവിച്ചത്?
ഫസൽ തങ്ങളുടെ വിയോഗത്തോടെ അദ്ദേഹത്തിന്റെ കുടുംബങ്ങൾക്ക് ഉഥ്മാനീ ഭരണം പെൻഷൻ ഏർപ്പെടുത്തിയിരുന്നു. 1914 ൽ ഒന്നാം ലോക മഹായുദ്ധത്തിൻ്റെ തുടക്കത്തോടെ ഉഥ്മാനീ ഭരണത്തിന്റെ തകർച്ച ആരംഭിക്കുകയും ഈ സഹായങ്ങൾ എല്ലാം നിലക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ കുടുംബങ്ങൾ സിരിയയിലെ ലാദ്കിയ്യ, ഇറാഖിലെ കൂഫ, കെയ്റോ, മക്ക എന്നിവിടങ്ങളിലെത്തപ്പെട്ടു. വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു പിന്നീടുള്ള അവരുടെ ജീവിതം. ഇവർക്ക് തങ്ങളുടെ പിതാവിന്റെ നാടായ മലബാറിലേക്ക് മടങ്ങിവരുന്നതിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ബ്രിട്ടീഷുകാർ ഫസൽ തങ്ങളെ ഇവിടേക്ക് തിരികെ വരാൻ അനുവദിക്കാതിരുന്നത് പോലെ അവരെയും അനുവദിച്ചില്ല. തിരികെ വരാൻ ശ്രമിച്ചവരിൽ പലർക്കും പാതിവഴിയിൽ നിന്നും മടങ്ങി പോകേണ്ടി വന്നു.
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഒരിക്കൽ ഹജ്ജിനു പോയ സമയത്ത് അവരിലെ കുറച്ചു പേരെ മക്കയിൽ വെച്ച് കാണാനിടയായി. മലബാറിൽ മടങ്ങി വരുന്നതിനുളള ആഗ്രഹം അവർ പ്രകടിപ്പിച്ചു.
തുടർന്ന് 1933 ജനുവരി 16ന് അദ്ദേഹം കോഴിക്കോട് ടൗൺഹാളിൽ ഒരു പൊതുയോഗം വിളിച്ചു ചേർക്കുകയും മമ്പുറം റീസ്റ്റോറേഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. മദ്രാസ് ഗവൺമെന്റിന് മലബാറിൽ നിന്നും ശേഖരിച്ച ഭീമ ഹർജി അബ്ദുറഹ്മാൻ സാഹിബ് സമർപ്പിച്ചു. ഇത്തരം സമാധാന മാർഗങ്ങൾ ഒന്നും പക്ഷേ ഫലവത്തായില്ല.
മമ്പുറം സയ്യിദ് ഫസൽ തങ്ങളുടെ മക്കൾക്ക് മലബാറിലേക്ക് ഇനിയും മടങ്ങിവരുന്നതിനുളള തടസ്സമെന്താണെന്ന് ബി. പോക്കർ സാഹിബ് മദ്രാസ് അസംബ്ലിയിൽ 1935 ൽ ഒരു ചോദ്യം ചോദിച്ചു. അതിന് മറുപടിയായി ബ്രിട്ടീഷ് ഗവൺമെന്റ് പറഞ്ഞത് അവരിൽ ഇപ്പോഴും ആ പിതാവിന്റെ രക്തം ഓടിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു.
മലബാറിലെ സാമൂഹ്യ അനീതികൾക്കെതിരായും ബ്രിട്ടീഷ് അധിനിവേശത്തിനെതിരായും പടപൊരുതിയ ഒരു വ്യക്തിയോട് ബ്രിട്ടീഷുകാർ പുലർത്തിയ വിദ്വേഷം എത്രമാത്രമായിരുന്നുവെന്ന് അതിൽ നിന്നും വ്യക്തമാണല്ലോ.
പക്ഷേ അവരുടെ കണക്കുകൂട്ടലുകൾ മുഴുവൻ തകർത്തെറിഞ്ഞ വളർച്ചയും രാഷ്ട്രീയ ധൈഷണിക മുന്നേറ്റങ്ങളുമാണ് ഫസൽ തങ്ങൾ സാധ്യമാക്കിയത്. അവസാന ശ്വാസത്തിലും അടിയുറച്ച സാമ്രാജ്യത്വ വിരോധിയായി അദ്ദേഹം നിലകൊള്ളുകയും ചെയ്തു. അത് കൃത്യമായി വിശദീകരിക്കുകയാണ് ഈ പുസ്തകത്തിൽ. കോഴിക്കോട് ഒലീവ് പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച എന്റെ ആദ്യ പുസ്തകത്തിന് വായനക്കാരുടെ അകമഴിഞ്ഞ പിന്തുണ അഭ്യർഥിക്കുന്നു.