പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ‘മുടി’ യുടെ സംവിധായകൻ യാസിർ മുഹമ്മദ് ‘ദി പിൻ’ നോടു സംസാരിക്കുന്നു.മാധ്യമം പത്രത്തിലെ ‘കൂലങ്കഷം ‘ കൈകാര്യം ചെയ്യുന്ന യുവ ചിത്രകാരനും കൂടിയാണ് യാസിർ മുഹമ്മദ്.
എപ്പോഴാണ് യാസിറിന് ഒരു സിനിമ ചെയ്യണം എന്ന് തോന്നിയത് ? സിനിമാ പശ്ചാത്തലമുള്ള കുടുംബമാണോ?
ആർട്ടാണ് എനിക്ക് എന്റെ സെൽഫിനെ പൂർണമായി വ്യാപൃതനാക്കാൻ കഴിയുന്ന മേഖല എന്ന് ഞാൻ വളരെ മുമ്പേ മനസ്സിലാക്കിയിരുന്നു. സിനിമ എല്ലാ ആർട്ടിന്റെയും സങ്കേതം ആയത് കൊണ്ട് അവിടെ തന്നെ എത്തണം എന്ന് കരുതി. ആ സ്വപ്നവുമായി കൂടുതൽ മുന്നോട്ട് പോയപ്പോൾ സംവിധാനത്തിലേക്ക് താനേ എത്തിയതാണ്. എന്റേത് സിനിമാ പശ്ചാത്തലമുള്ള കുടുംബമല്ല. ടിക്കറ്റെടുത്ത് എന്റെ ഉപ്പ കാണുന്ന ആദ്യത്തെ സിനിമ മുടിയാണ്!
എങ്ങനെയാണ് മുടിയിലേക്ക് എത്തിയത് ?
ഏറെ കഥകൾ മുമ്പ് ആലോചിച്ച് വെച്ച തുണ്ടായിരുന്നു. എന്നാൽ മുടി സംഭവിക്കുന്നത് ആക്സിഡന്റൽ ആയാണ്. കോവിഡ് ഫസ്റ്റ് ഫേസിൽ കണ്ടൈൻമെൻറ് സോണുകൾ ആക്കി തുടങ്ങിയപ്പോൾ ഞാൻ നാട്ടിലായിരുന്നു. നിങ്ങൾ വീടിന് പുറത്ത് ഇറങ്ങരുതെന്ന അന്നൗൺസ്‌മെന്റ് കേട്ടപ്പോൾ ശരിക്കും ഭീതിയുണ്ടായി. ഒരു മരുന്ന് കൊടുക്കാനുള്ള ആവശ്യത്തിന് ഞാൻ ബോർഡ് വെച്ച് കെട്ടിത്തിരിച്ച സ്ഥലത്ത് പോയപ്പോൾ പോലീസുമായി നാട്ടിൽ ഒരാൾ തർക്കിക്കുന്നത് കണ്ടു. അയാൾ പറയുന്നത് കണ്ടൈൻമെന്റിനു ഉള്ളിലുള്ള പലചരക്ക് കടയിൽ ഞാൻ പോകാറില്ല. ജോഷിയേട്ടന്റെ കടയിലാണ് പോകാറ് എന്നാണ് പറഞ്ഞത്. അയാളുടെ വാശി ഒരു കൗതുകമായി തോന്നി. അതാണ് മുടിയായി രൂപപ്പെട്ടത്.
പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഇത്ര ടെക്നിക്കൽ പെർഫെക്ഷനിൽ സിനിമ ചെയ്യാൻ എങ്ങനെ സാധിച്ചു?
ശരിക്കും പറഞ്ഞാൽ എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നു. എല്ലാത്തിനും സഹായകരമായ ഒരു ടീം രൂപപ്പെട്ട് വരികയായിരുന്നു. സുഹൃത്തുക്കളായ ഹാഷിർ, മഖ്‌ബൂൽ, സാലിം എന്നിവരോടാണ് ഈ തീം ഞാൻ ആദ്യം പറഞ്ഞത്. ഹാഷിർ ഞാൻ പറയുന്നതിന് മുമ്പേ ക്രൂസിനെ സെറ്റ് ചെയ്യാൻ തുടങ്ങി. നസീബും മുഹാഷിനും കൂടി വന്നപ്പോൾ ധൈര്യം കൂടി. ഒട്ടുമിക്ക ആളുകളും വിശ്വാസമർപ്പിച്ച് നോൺ പ്രോഫിറ്റ് ആയാണ് വർക്ക് ചെയ്തത്.
മുടിയോ ഇതെന്തൊരു പേര് എന്ന് സിനിമയെ പറ്റി ചോദിച്ചവരുണ്ടോ?
ചോദിച്ചിട്ടുണ്ട്. ഹൃദയം എന്ന സിനിമയുടെ പേരിനെ അങ്ങനെ ആരും പറയില്ല. അത് ഹൃദയം ഒരുപാട് റൊമാന്റിസൈസ് ചെയ്തത് കൊണ്ടാണ്. മുടി അവതരിപ്പിക്കപ്പെടുന്നത് ഒരു മോശം വസ്തു ആയാണ്. മുടിയോടുള്ള ഈ സമീപനം മുടി വെട്ടുന്നവരോടും ഉണ്ട്. ഞാൻ ഹോസ്റ്റലിൽ കൂട്ടുകാർക്ക് മുടി വെട്ടികൊടുക്കാറുണ്ടായിരുന്നു. എനിക്കറിയാം വളരെ നിഷ്കളങ്കമായി പലരും പറയുന്ന കാസ്റ്റ് ജോക്കുകൾ ഒരാളെ എങ്ങനെ മുറിപ്പെടുത്തുമെന്ന്, ഞാൻ ബാർബർ കുടുംബത്തിൽ ജനിച്ച ഒരാളല്ലാതിരുന്നിട്ട് കൂടി.
ഷൂട്ടിങ്ങിൽ നേരിട്ട വെല്ലുവിളികൾ/മറക്കാനാവാത്ത അനുഭവം?
ഷൂട്ടിന്റെ ആദ്യ ദിവസം രാത്രി നായകനായി അഭിനയിക്കേണ്ട ഒരു പ്രമുഖ നടൻ താൽപ്പര്യമില്ല എന്ന് പറഞ്ഞ് പോയി. ഒരു ദിവസത്തെ ഷൂട്ടിന് ശേഷമാണെന്ന് ഓർക്കണം ! പിറ്റേന്ന് പ്രതിനായകന്റെ വേഷം ചെയ്യാനിരുന്ന ആനന്ദ് ബാലിനോട് പറഞ്ഞു നിങ്ങളാണ് നായകൻ. സിനിമയുടെ ഹോൾനെസ്സിൽ വിശ്വസിക്കുന്നവർക്ക് അതൊരു പ്രതിസന്ധി അല്ല. കിയറസ്താമി സിനിമകൾ അതിന് പ്രചോദനം ആയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കോക്കർ ട്രൈലജിയിലെ ആദ്യ സിനിമക്ക് ശേഷം ഇറാനിൽ വലിയ ഭൂകമ്പമുണ്ടായി. അമ്പതിനായിരത്തോളം ആളുകൾ മരണപ്പെട്ടു. കോക്കർ എന്ന സ്ഥലത്തേക്ക് ട്രൈലജിയിലെ ആദ്യ സിനിമയിലെ കഥാപാത്രങ്ങളെ അന്വേഷിച്ച് സംവിധായകനും മകനും നടത്തുന്ന യാത്രയാണ് രണ്ടാമത്തെ സിനിമ. ഡയറക്ടർ തന്റെ കുട്ടിയുമായി അവിടെ പോകുന്നതിൽ ഒരു സിനിമ കണ്ടെത്തുകയും അത് ക്ലാസിക് ആവുകയും ചെയ്യുന്നതാണ് ഇൻസ്പയർ ചെയ്യുന്നത്. ഏത് ദുരന്തങ്ങളിലും പ്രതിസന്ധികളിലും സിനിമ അതിൻ്റെ സാധ്യതകളെ തേടിക്കൊണ്ടേയിരിക്കും!
ചിത്രകല പശ്ചാത്തലം സംവിധാനത്തിന് സഹായകമായോ?
ഉണ്ടാവും. കൂടെയുള്ളവർക്ക് ഒരു ബ്രീഫിങ് കൊടുക്കുന്നതിൽ അത് ഹെല്പ് ചെയ്തിട്ടുണ്ട്. പിന്നെ കാമറയും എഡിറ്റിംഗും ചെയ്ത നസീബും, ഹാഷിറും മുഹാഷിനും എല്ലാം ഈ സിനിമയെ താങ്ങി നിർത്തിയവരാണ്. നമ്മൾ പറയുന്ന കാര്യങ്ങൾ കൂടെയുള്ളവർക്ക് ഇമോഷണലി കണക്ട് ആവുക എന്നതാണ് പ്രധാനം.
ലൊക്കേഷന്റെ തിരഞ്ഞെടുപ്പ് നന്നായിട്ടുണ്ട്. ഒരു തുരുത്തിന്റെ ഭാഷ അത് സംവേദനം ചെയ്യുന്നുണ്ട്.
ഒരു നിശ്ചിത ജോഗ്രഫി ഫിക്സ് ചെയ്യുന്നത് നമ്മൾ പറയുന്ന സബ്ജെക്ടിനെ അതർഹിക്കുന്ന ഡെപ്ത്തിലേക്കും കൃത്യമായ പേസിലേക്കും കൊണ്ടുവരാൻ ആണ്. വ്യക്തിപരമായി എനിക്ക് സിനിമയെടുക്കാൻ പോകുന്ന സ്ഥലത്ത് ഒരു വായു പോലെ സ്വതന്ത്രമായി സഞ്ചരിക്കണം എന്ന് കൊതി തോന്നാറുണ്ട്. എന്നിട്ട് എനിക്ക് എന്നെ വിശ്വസിപ്പിക്കണം, ഇവിടെ ഇങ്ങനെ ഒരു കഥ നടന്നുവെന്ന്.
ദളിതനായ, ബാർബർ ആയ ഒരു കഥാപാത്രത്തിന് കറുത്ത നിറമുള്ള ഒരു നായകനെ നോക്കാമായിരുന്നില്ലേ എന്ന അഭിപ്രായം വന്നോ?
ചിലർ ഒരു ബാർബർ ലുക്ക് കുറച്ച് കൂടി വരണം എന്ന് പറഞ്ഞതോർക്കുന്നു. എന്താണ് അപ്പോൾ ‘ബാർബർ ലുക്ക്’? അത് തന്നെ വയലൻസ് അല്ലെ? കാസ്റ്റ് ഈസ് നോട്ട് എബൌട്ട് കളർ.
അടുത്ത പ്രൊജക്ടുകൾ ഉടൻ പ്രതീക്ഷിക്കാമോ?
പ്രതീക്ഷിക്കാം. മനസിൽ ചില സംഭവങ്ങൾ / അനുഭവങ്ങൾ / കഥകൾ പോറലേൽപ്പിച്ചിട്ടുണ്ട്. അത് നിന്ന് പഴുത്ത് വേദനിക്കണം. അതിജീവനത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്യാൻ താൽപര്യമില്ല.