മലബാർ സമരവുമായി ബന്ധപ്പെട്ട പ്രദേശങ്ങളെ ക്കുറിച്ചും വ്യക്തികളെ കുറിച്ചും ഗവേഷണം നടത്തുകയും മുസ്‌ലിം ചരിത്ര പഠന ചർച്ചകളിലെ സജീവ സാന്നിധ്യവുമായ ഗവേഷകനാണ് മാധ്യമം സീനിയർ സബ് എഡിറ്റർ സമീല്‍ ഇല്ലിക്കല്‍. അദ്ദേഹം രചിച്ച ‘മലബാര്‍ വിപ്ലവം: ചരിത്രം കാണാതെപോയ ജീവിതങ്ങള്‍, ഖബറുകള്‍’ എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ‘ ദി പിൻ ‘നോട് സംസാരിക്കുന്നു.
ചോദ്യം:
മലബാർ വിപ്ലവത്തിന് നൂറു വർഷം തികയുന്ന വേളയിൽ അക്കാദമിക, രചന മേഖലയിൽ വലിയ ചലനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മലബാർ വിപ്ലവത്തെ കുറിച്ച് ഇതുവരെ ലഭ്യമല്ലാതിരുന്ന വിവരങ്ങൾ, അടരുകൾ, ആഖ്യാനങ്ങളെല്ലാം വരുന്നു. താങ്കളുടെ പുസ്തകത്തെ ഇതിൽ എവിടെയാണ് അടയാളപ്പെടുത്തുക.
മറുപടി:
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും ആധുനിക കേരളത്തിന്റെ നൂറ്റാണ്ടുകൾ നീണ്ടുകിടക്കുന്ന ചരിത്രത്തിലും സവിശേഷമായ സന്ദർഭമാണ് 1921ലെ മഹത്തായ മലബാർ വിപ്ലവം. യുദ്ധം എന്ന ആധുനിക സന്ദർഭത്തെ മലയാളി നേരിൽകണ്ട ഏക സന്ദർഭവും ഇതുതന്നെ. ഒന്നാം ലോക ഭീകരയുദ്ധത്തോടെ ലോകത്ത് പ്രചരിച്ച മെഷീൻഗൺ, പീരങ്കി, സെമി ടാങ്കർ ഉൾപ്പെടെയുള്ള നശീകരണായുധങ്ങൾ കേരളത്തിലെത്തിയതും മലബാർ വിപ്ലവകാരികളെ നേരിടാനാണ്. അന്തർദേശീയ രാഷ്ട്രീയ കാലാവസ്ഥ, ലോക വൻശക്തിയുമായുള്ള ഏറ്റുമുട്ടൽ, സ്വാതന്ത്ര്യസമര തരംഗം എന്നിങ്ങനെ വൈവിധ്യമാർന്ന അടരുകളാൽ പതിഞ്ഞുകിടക്കുന്നതാണ് മലബാർ വിപ്ലവം. ഈ അർഥത്തിൽ ഇനിയുമെത്രയോ എഴുതപ്പെടേണ്ടതാണ് മലബാർ വിപ്ലവം. നൂറാം വാർഷിക വേള എന്നത് നൂറ്റാണ്ടിന്റെ പാകതയോടെ മലബാർ വിപ്ലവത്തെ കുറിച്ച് പഠിക്കാനും അന്വേഷിക്കാനുമുള്ള അവസരമായാണ് മനസിലാക്കേണ്ടത്.
മലബാർ വിപ്ലവത്തെ കുറിച്ച് കൊളോണിയൽ ആഖ്യാനങ്ങൾ, ദേശീയവാദ ആഖ്യാനങ്ങൾ, മാർക്സിസ്റ്റ് പഠനങ്ങൾ, സംഘ്പരിവാർ വംശീയ പ്രചാരണങ്ങൾ എന്നിവക്കെല്ലാം പിറകിലാണ് വിപ്ലവത്തിൽ ഇടപെട്ട ജനതയുടെ സ്വന്തം ആഖ്യാനങ്ങളെല്ലാമുള്ളത്. നൂറാം വാർഷിക വേളയിലെങ്കിലും ഈ കുറവ് നികത്തപ്പെടേണ്ടതുണ്ട്. ആ അർഥത്തിൽ മലബാർ വിപ്ലവത്തിൽ നിന്ന് മുഖ്യധാരാ ആഖ്യാനങ്ങൾ മറച്ചുപിടിച്ച ചില സന്ദർഭങ്ങളേയും വാഴ്ത്തെപ്പടാതെ പോയ വീരരേയും കുറിച്ച അന്വേഷണമാണ് ‘മലബാർ വിപ്ലവം: ചരിത്രം കാണാതെപോയ ജീവിതങ്ങൾ, ഖബറുകൾ’ എന്ന എന്റെ പുസ്തകം. ബ്രിട്ടീഷ് സൈന്യത്തിന്റെ നരമേധത്തിൽ ഞെരിഞ്ഞമർന്നുപോയ ജീവിതങ്ങളെയും അവരുടെ ഓർമകൾ ജ്വലിച്ചു നിൽക്കുന്ന ഖബറുകളെയും മലബാർ വിപ്ലവത്തെ കുറിച്ച അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും മുന്നിൽ എത്തിക്കുക എന്ന ധർമം നിർവഹിക്കുന്നതാണ് ഈ കൃതി എന്നാണ് വിശ്വാസം.
ചോദ്യം:
പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ച് കഴിഞ്ഞ ഒരു നൂറ്റാണ്ടായി കൊളോണിയൽ ഭരണകൂടവും മുഖ്യധാര ചരിത്രവും പറഞ്ഞുകൊണ്ടിരുന്ന അവകാശവാദങ്ങളെ പുസ്തകത്തിൽ വെല്ലുവിളിക്കുന്നുണ്ട്. വസ്തുതകൾ രേഖപ്പെടുത്തുന്നതിൽ കൊളോണിയൽ-ബ്രിട്ടീഷ് സംവിധാനങ്ങളുടെ ആധികാരികത ലോകം അംഗീകരിച്ചതാണ്. ഈ പശ്ചാതലത്തിൽ പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ച പുസ്തകത്തിലെ കണ്ടെത്തലുകളുടെ ‘ആധികാരികത’ എങ്ങിനെ ഉറപ്പിക്കാനാവും?.
ഉത്തരം:
ആധികാരികത, കൃത്യത, വസ്തുനിഷ്ഠത തുടങ്ങിയ സംജ്ഞകൾ ഭരണകൂട-നിയമ സംവിധാനങ്ങളുമായും സാമൂഹിക ജീവിതവുമായുമെല്ലാം ചേർത്തു പറയുന്നതിനകത്തുള്ള പ്രശ്നങ്ങൾ ഒരളവുവരെ പുതിയ ആഗോള സാമൂഹിക കാലാവസ്ഥയിൽ നാം വിമർശന വിധേയമാക്കിയിട്ടുണ്ട്. അധികാരം \ ഭരണകൂടം \ അധീശ നാഗരികത തുടങ്ങിയവയുടെ അളവുകോലുകളാണ് മേൽപറഞ്ഞ സംജ്ഞകളെയെല്ലാം നിർണയിക്കുന്നതും നിയന്ത്രിക്കുന്നതും. ചരിത്രമെഴുത്തിലും ചരിത്ര നിർമിതിയിലും ഇതേ അധികാര ഘടകങ്ങൾ തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ പശ്ചാതലത്തിൽ വേണം, ഒരു നൂറ്റാണ്ടുകാലം തങ്ങളുടെ ചൊൽപ്പടിയിൽ നിൽക്കാൻ കൂട്ടാക്കാത്ത, നിരന്തരം തങ്ങളുടെ അധിനിവേശ പദ്ധതികൾക്ക് തലവേദന സൃഷ്ടിച്ചിരുന്ന ഒരു തദ്ദേശീയ ജനതയെ കുറിച്ച് കൊളോണിയൽ ബ്രിട്ടൻ നിർമിച്ച ‘ആധികാരികവും വസ്തുനിഷ്ഠവുമായ’ വിവരങ്ങളെ നാം സമീപിക്കേണ്ടത്.
മലബാർ വിപ്ലവം പൊതുവിലും വിപ്ലവത്തിനകത്തെ ഏറ്റവും രക്തരൂഷിത \ സായുധ ഏറ്റുമുട്ടൽ എന്ന നിലയിൽ പൂക്കോട്ടൂർ യുദ്ധം വിശേഷിച്ചും ബ്രിട്ടന് വലിയ തിരിച്ചടികളാണ് നൽകിയത്. ഭരണകൂടത്തിന്റെ മർദനോപകരണങ്ങൾക്ക് നിശബ്ദമാക്കാൻ കഴിയാത്ത ഈ ഉയർത്തെഴുന്നേൽപ്പുകൾ സൃഷ്ടിച്ച ഊർജത്തെ തടയിടാനും വരുംകാലം തിരിച്ചറിയാതിരിക്കാനും വലിയതോതിലുള്ള ഇടപെടലുകളാണ് ബ്രിട്ടൻ നടത്തിയത്. മലബാർ വിപ്ലവത്തെ കുറിച്ച ശരിയായ വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തലപ്പത്തുനിന്നു തന്നെ ഇടപെടലുകളുണ്ടായി. ഇതിന്റെ ഫലമായാണ്, ഐതിഹാസികമായ പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ച വസ്തുതകൾ കുഴിച്ചു മൂടാനുള്ള പദ്ധതികൾ നടപ്പാക്കിയത്. പൂക്കോട്ടൂർ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തവരും ദൃസാക്ഷികളുമായ മാപ്പിളമാരുടെ ഭാഷ്യങ്ങളെ ഒരു നൂറ്റാണ്ടുകാലത്തേക്ക് മറച്ചു പിടിക്കാനും തങ്ങളുടെ ഭാഷ്യം ചരിത്ര പുസ്തകങ്ങളിൽ ‘ആധികാരികമായി’ ഇടംപിടിപ്പിക്കാനും ഇതുവഴി കൊളോണിയൽ ശക്തികൾക്ക് കഴിഞ്ഞു. ഇതോടെ, അവർ പടച്ചുവിട്ടതത്രയും ആധികാരികവും വസ്തുനിഷ്ഠവുമായി തീർന്നു. ഇങ്ങിനെ അധികാരത്തിന്റെ രാസക്രിയകളിലൂടെ ‘ആധികാരിക’മാക്കപ്പെട്ട വസ്തുതകളെ മുറിച്ച് കടന്ന് വേണം പൂക്കോട്ടൂർ യുദ്ധമടക്കമുള്ള മലബാർ വിപ്ലവത്തിലെ ഓരോ സംഭവത്തിലേയും അനുഭവസ്ഥരുടെ വാക്കുകളിലേക്ക് ചെന്നെത്തുവാൻ.
പൂക്കോട്ടൂർ യുദ്ധത്തിൽ ബ്രിട്ടീഷ് പക്ഷത്തു മൂന്നു പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന ഔദ്യോഗിക ഭാഷ്യം കളവാണെന്ന് അന്നേ യുദ്ധത്തിലെ ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ അധികാരത്തിന്റെ ‘ആധികാരികത’ക്ക് മുന്നിൽ ആ ശബ്ദങ്ങളെല്ലാം മുങ്ങിപ്പോവുകയായിരുന്നു. എന്നാൽ, ചരിത്രം ചിലത് കാത്തുവെകുമെന്ന കാവ്യനീതിയാണ് ഒരു നൂറ്റാണ്ടിനിപ്പുറം മലബാർ വിപ്ലവ ചരിത്ര പഠനങ്ങളിൽ സംഭവിക്കുന്നത്. വിപ്ലവ നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രമുൾപ്പെടെ കൊളോണിയൽ ശക്തികൾ മറച്ചുപിടിച്ചവ ഓരോന്നായി പുറത്തുവരികയാണ്. സമാനാമായാണ്, പൂക്കോട്ടൂർ യുദ്ധത്തിൽ ബ്രിട്ടീഷ് പക്ഷത്തിന് കനത്ത നഷ്ടമുണ്ടായെന്നത് വ്യക്തമാക്കുന്ന വിവരങ്ങൾ ഇന്ത്യക്കും ബ്രിട്ടനും പുറത്ത് മൂന്നാമതൊരു സ്രോതസിൽ നിന്ന് ലഭ്യമാകുന്നത്. പൂക്കോട്ടൂർ യുദ്ധത്തിൽ 86 ബ്രിട്ടീഷ് സൈനികരെ കാണാതായെന്നും ഒട്ടേറെ യൂറോപ്യന്മാർ കൊല്ലപ്പെട്ടെന്നുമുള്ള വിവരം അന്നത്തെ അമേരിക്കൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ നിർണായക വിവരങ്ങൾ പൂക്കോട്ടൂർ യുദ്ധത്തിലെ ദൃക്സാക്ഷികളുടെ വിവരണത്തെ സാധൂകരിക്കുന്നതാണ്. ഈ തരത്തിൽ വാമൊഴികളേയും കൊളോണിയൽ-യൂറോപ്യൻ-ഐക്യനാടുകളിലെ വിവര സ്രോതസുകളേയും ഒരേസമയം മുറിച്ചു കടക്കുന്ന അന്വേഷണങ്ങൾ സംഭവിക്കുന്നത്. അതിനാൽ തന്നെ, മലബാർ വിപ്ലവത്തെ കുറിച്ച പുതിയ പഠനങ്ങളെ, ആധികാരികതയുടെ വാളുകാട്ടി നിശബ്ദമാക്കാവുന്ന സന്ദർഭം അവസാനിച്ചെന്ന് ഇനിയെങ്കിലും മനസിലാക്കണം.
ചോദ്യം:
മലബാർ വിപ്ലവത്തിലെ പ്രചോദക ഘടകങ്ങളെ കുറിച്ചും അതിലെ മതകീയ സ്വഭാവത്തിന്റെ സാധുത സംബന്ധിച്ചും നടക്കുന്ന ചർച്ചകളെ എങ്ങിനെ കാണുന്നു?
ഉത്തരം:
1921ലെ മലബാർ വിപ്ലവത്തെ 15ഉം 16ഉം നൂറ്റാണ്ടുകളിലെ മലബാർ തീരത്തെ പോർച്ചുഗീസ് അധിനിവേശകർക്കെതിരായ പോരാട്ടങ്ങളിൽ നിന്ന് വേറിട്ട് മനസിലാക്കുക എന്നിടത്തു നിന്നുവേണം ഈ വിഷയത്തെ സമീപിക്കാൻ. ഭൂമിശാസ്ത്രം, സാമൂഹിക-സാമ്പത്തിക സാഹചര്യം, ശത്രു ആരാണ് എന്നതുൾപ്പെടെ വിവിധ ഘടകങ്ങളിലെ സങ്കീർണതകളെ അഭിമുഖീകരിക്കാതെ ഈ പ്രശ്നത്തെ മനസിലാക്കാൻ കഴിയില്ല. 1500ലെ മലബാർ തീരത്തെ വ്യാപാരികളും ഇടനിലക്കാരും സമ്പന്നരുമായ മുസ്‌ലിം ജനതയല്ല, 1800ലെ ഉൾനാടൻ മലബാറിലെ കർഷകരും തൊഴിലാളികളുമായ മാപ്പിളമാർ എന്ന് പ്രാഥമികമായി നാം തിരിച്ചറിയണം. അധിനിവേശ വിരുദ്ധ പോരാട്ടത്തിന് സൈനുദ്ദീൻ മഖ്ദൂം നൽകിയ ആഹ്വാനത്തേയും മമ്പുറം ഫസൽ തങ്ങൾ നൽകിയ പ്രചോദനങ്ങളേയും അതിന്റെ സവിശേഷ ഘടനകളിൽ തന്നെ മനസിലാക്കേണ്ടതുണ്ട്. സൈനുദ്ദീൻ മഖ്ദൂം പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിക്കൊപ്പം നിന്ന് പോരാട്ടത്തിന് ആഹ്വാനം ചെയ്യുമ്പോൾ പോർച്ചുഗീസുകാരുടെ പിണയാളായി ഒരു ‘ലോയൽ മാപ്പിള’ അന്നില്ല എന്നത് പ്രത്യേകം പരിഗണിക്കേണ്ടതാണ്. എന്നാൽ പോർച്ചുഗീസുകാരുടെ കൂട്ടക്കുരുതികളെ തുടർന്ന് മലബാർ തീരം വിട്ട് 1600കൾ മുതൽ ഉൾനാടുകളിലേക്ക് കുടിയേറിയ മുസ്‌ലിം ജനതയുമായുള്ള സഹവാസം വഴി അതുവരെ ജാതീയ അടിമത്തം പേറിയിരുന്ന ഉൾനാട്ടിലെ ദലിത് ജനതയിൽ നിന്ന് കൂട്ടത്തോടെ ഇസ്ലാം ആശ്ലേഷിച്ചവരും ചേർന്ന് രൂപപ്പെട്ട സംയുക്തമായാണ് മാപ്പിള എന്ന പദത്തെ വിശേഷിച്ചും ഏറനാട്, വള്ളുവനാട് പ്രദേശത്തെ മാപ്പിളമാരെ മനസിലാക്കേണ്ടത്. ഈ സങ്കീർണതകളെല്ലാം ചേർന്ന പുതിയൊരു സ്വത്വമായി മാപ്പിളയെ മനസിലാക്കുന്നിടത്തു നിന്നാണ് 19, 20ം നൂറ്റാണ്ടുകളിൽ കൊളോണിയൽ ബ്രിട്ടന് തലവേദന തീർത്ത സംഭവങ്ങളെ വിശകലനം നടത്താനുള്ള അടിസ്ഥാന പരിസരം രൂപപ്പെടുക. ഈ സങ്കീർണതകൾക്കകത്തെ വിശ്വാസിയായ മുസ്‌ലിം, ജന്മിയാൽ പീഢിതനായ ഉൾനാടൻ മാപ്പിള എന്നീ ദ്വിമുഖ വ്യക്തിത്വത്തെ കൂടി പരിഗണിച്ചു വേണം മലബാർ വിപ്ലവത്തിലേയും അതിന് മുമ്പുള്ള പോരാട്ടങ്ങളിലേയും പ്രചോദക ഘടകങ്ങളേയും മതകീയ അംശങ്ങളേയും മനസിലാക്കേണ്ടത്. ഈ സന്ദർഭത്തിൽ കൊളോണിയൽ ബ്രിട്ടന്റെ പാദസേവകരായ ‘ലോയൽ മാപ്പിള’ എന്ന സംവർഗത്തെ കൂടി സവിശേഷമായി പരിഗണിക്കേണ്ടി വരും. ആരാണ് ലോയൽ മാപ്പിള, അതിൽ സമ്പന്നരെത്ര, അധികാരികളെത്ര, പുരോഹിതരെത്ര, ഉദ്യോഗസ്ഥരെത്ര എന്നിങ്ങനെ സവിശേഷമായി പഠിക്കേണ്ടി വരും. ഓരോ പോരാട്ടം നടക്കുന്നിടത്തും ലോയൽ മാപ്പിളമാരുടെ പങ്കെന്തായിരുന്നു, ആ പോരാട്ടങ്ങൾക്ക് അവർ നൽകിയ ഭാഷ്യമെന്തായിരുന്നു എന്നെല്ലാം പരിശോധിക്കേണ്ടി വരും. അങ്ങിനെ വരുമ്പോൾ ലോയൽ മാപ്പിളമാരുടെ ‘ഔദാര്യ’ത്താൽ സമുദായത്തിന് ലഭിച്ച ‘പരിരക്ഷ’കൾ എന്തായിരുന്നു, ‘നേട്ട’ങ്ങൾ എന്തായിരുന്നു എന്നെല്ലാം അന്വേഷിക്കേണ്ടി വരും. ഈ പോയിൻറിൽ നിന്ന് വേണം, ഇസ്ലാം മുഴുവൻ മനുഷ്യർക്കും വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം, സമാധാനപൂർണമായ ജീവിതം തുടങ്ങിയ പരികൽപനകൾ ഉൾനാടൻ മാപ്പിള ജീവിതങ്ങളിൽ എങ്ങിനെയാണ് പ്രവർത്തിച്ചതെന്ന് മനസിലാക്കാൻ. കൊളോണിയൽ ഭരണകൂടം, സവർണ ജന്മി, ലോയൽ മാപ്പിള, കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരായ മാപ്പിളമാർ, ദലിതർ എന്നീ ഘടകങ്ങളെയും പഠിക്കേണ്ടി വരും. ഇവയെ മുൻ നിർത്തി പഠിക്കുന്നതിൽ നിന്ന് മാത്രമാണ് വിപ്ലവത്തിനകത്തെ പ്രചോദക ഘടകങ്ങളും മതാത്മകതയും വിശകലനം നടത്താനാവുക. അല്ലാതെ, ‘ലോയൽ മുസ്‌ലിം ഭൂതകാല കുളിരു’ കൊണ്ട് മാത്രം ഇവയെ മനസിലാക്കാൻ കഴിയില്ല.