പോരാട്ട ചരിത്രം മലബാറിലെ വികസന വിവേചനങ്ങൾക്കെതിരെയുള്ള സമരങ്ങൾക്കും പ്രചോദനമാവണം

മലബാർ ജില്ലകൾ നേരിടുന്ന വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വികസന വിവേചനങ്ങളെ പഠിക്കുകയും വിഷയത്തിലെ ചർച്ചകളിൽ നിരന്തരം ഇടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ആക്ടിവിസ്റ്റും എഴുത്തുകാരനും കൂടിയായ ബഷീർ തൃപ്പനച്ചി. വർത്തമാന കാലത്ത് മലബാർ നേരിടുന്ന വിവേചനങ്ങൾ ക്കൊപ്പം മലബാറിലെ പോരാട്ട ചരിത്രം കൂടി രേഖപ്പെടുത്തുന്ന അദ്ദേഹത്തിൻ്റെ പുസ്തകമാണ്

“മലബാർ പോരാട്ടങ്ങളുടെ ചരിത്രവും വിവേചനത്തിൻ്റെ വർത്തമാനവും ” എന്നത്. പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ബഷീർ തൃപ്പനച്ചി ‘ദി പിൻ’ നോട് സംസാരിക്കുന്നു.

മലബാർ സമര ചരിത്രത്തെക്കുറിച്ച് ഒട്ടനവധി ഗ്രന്ഥങ്ങൾ ഉണ്ടായിരിക്കെ താങ്കൾ എഴുതിയ പുസ്തകത്തിൻ്റെ സവിശേഷത എന്താണ്?

മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെയായി ധാരാളം പഠനങ്ങൾ മലബാർ സമര വിഷയമായുണ്ട്. ഈ നൂറാം വാർഷികവേളയിൽ ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ ഇറങ്ങുന്നുമുണ്ട് .”മലബാർ പോരാട്ടത്തിൻ്റെ ചരിത്രവും വിവേചനത്തിൻ്റെ വർത്തമാനവും ” എന്ന എൻ്റെ പുസ്തകം ഈ പേര് സൂചിപ്പിക്കുന്നതുപോലെ ചരിത്രത്തിനൊപ്പം മലബാറിലെ വർത്തമാനങ്ങളും പങ്ക് വെക്കുന്നതാണ്. അതുതന്നെയാണ് ഈ പുസ്തകത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്ന മുഖ്യഘടകം.

ചരിത്രമെന്ന നിലക്ക് 1921ലെ മലബാർ സമര ചരിത്രം മാത്രമല്ല പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്.യൂറോപ്യൻ അധിനിവേശം മലബാറിൽ ആരംഭിച്ചത് 1498 ൽ വാസ്കോഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയത് മുതലാണ്. അന്നുമുതൽ തന്നെ മലബാറിൽ അധിനിവേശ വിരുദ്ധ പോരാട്ടവും ആരംഭിച്ചിട്ടുണ്ട്. കുഞ്ഞാലിമരക്കാർമാരും സാമൂതിരിയുടെ സൈന്യവും ഒരുമിച്ചു ചേർന്നായിരുന്നു ഈ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത്.പോർച്ചുഗീസുകാർക്ക് പിറകെ ഡച്ചുകാരും ഫ്രാൻസുകാരും മലബാറിൽ എത്തിയപ്പോഴും ഇവിടെ വിവിധ ചെറുത്തുനിൽപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇതിൻ്റെയെല്ലാം തുടർച്ചയിലാണ് ബ്രിട്ടീഷുകാർക്കെതിരെയുള്ള 1921ലെ സായുധ സ്വാതന്ത്രസമര പോരാട്ടങ്ങൾ ഉണ്ടാവുന്നത്. അതിനാൽ പോർച്ചുഗീസ് ആധിപത്യം മുതൽ 1921 വരെയുള്ള മലബാറിൻ്റെ മൊത്തം പോരാട്ടത്തിലെ പ്രധാന അധ്യായങ്ങൾ ലളിതമായി പരിചയപ്പെടുത്തുകയാണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗം ചെയ്യുന്നത്.


മലബാറിലെ പോരാട്ട ചരിത്രം പറയുന്ന പുസ്തകത്തിൽ ഇപ്പോൾ മലബാർ നേരിടുന്ന ഭരണകൂട വിവേചനം ഉൾപ്പെടുത്താനുള്ള കാരണം?

കേരളം എന്ന സംസ്ഥാനത്തെ ഒറ്റ യൂണിറ്റായി പരിഗണിച്ച് മലയാള നാടിനെ ഒന്നിച്ച് വിലയിരുത്തുന്നതിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. മലബാറിൽ ഉൾപ്പെടുന്ന ജില്ലകൾ ബ്രിട്ടീഷ്കാരുടെ നേരിട്ട ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങളായിരുന്നു. ഇപ്പോഴത്തെ കേരളത്തിൻ്റെ ഭാഗമായ പഴയ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ജില്ലകൾ നാട്ടുരാജ്യങ്ങളുടെ ഭാഗമായിരുന്നു. ബ്രിട്ടീഷുകാർ അവിടെ നേരിട്ട് ഭരിച്ചിട്ടില്ല. സ്വാതന്ത്ര്യ സായുധ പോരാട്ടങ്ങളും ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയ സമരങ്ങളുമെല്ലാം മലബാറിൽ മാത്രമാണ് കേന്ദ്രീകരിച്ചിരുന്നത്. അതിനാൽ സ്വാതന്ത്ര്യം നേടുന്ന സന്ദർഭത്തിൽ മലബാറിൽ പൊതുജനങ്ങൾക്കായുള്ള ഭരണകൂട വികസന സംരംഭങ്ങൾ നാമമാത്രമായിരുന്നു. തിരുകൊച്ചിയിൽ ഭരണം നടത്തിയ രാജാക്കന്മാർ തങ്ങളുടെ പ്രജകൾക്കായി സ്കൂളുകളും കലാലയങ്ങളുമടക്കമുള്ള വിദ്യാഭ്യാസ സംരംഭങ്ങളും മറ്റ് അടിസ്ഥാന പദ്ധതികളും നടപ്പാക്കിയിരുന്നു .

1956 ൽ മലബാറിനെ കൂടി ചേർത്ത് ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപപ്പെടുമ്പോൾ അടിസ്ഥാന വികസന മേഖലയിൽ മലബാറും തിരുകൊച്ചിയം അന്തരം ഉണ്ടായിരുന്നു.സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ മലബാറിലുണ്ടായ വികസന മുരടിപ്പ് പരിഹരിക്കാൻ 1956 നവംബർ ഒന്നു മുതൽ തന്നെ പ്രത്യേക വികസന പാക്കേജുകൾ കേരള ഭരണകൂടം നടപ്പാക്കേണ്ടിയിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല ഭരണസിരാ കേന്ദ്രങ്ങൾ അന്ന് മുതൽ നിയന്ത്രിച്ചിരുന്നവർ മലബാറിന് ജനസംഖ്യാനുപാതികമായ വികസന വിഹിതങ്ങൾ പോലും നൽകിയില്ല. ബ്രിട്ടിഷ് ഭരണത്തിന് ശേഷം കേരള ഭരണകൂടവും വികസന മേഖലയിൽ മലബാറിനോട് വിവേചനം തുടർന്നെന്ന് ചുരുക്കം. ഇതിൻ്റെ ചില വിശദാംശങ്ങളും വർത്തമാനങ്ങളും പുസ്തകത്തിൽ ചർച്ചക്ക് വെക്കുന്നുണ്ട്. മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടചരിത്രം കൂടി മനസ്സിലായാൽ മാത്രമേ വർത്തമാനകാലത്തെ വിവേചനത്തിൻ്റെയും അവഗണനയുടെയും ആഴം അറിയൂ .അതിനാലാണ് ചരിത്രവും വർത്തമാനവും ഒരു പുസ്തകത്തിൽ ചേർത്തുവെച്ചത്.

1921ലെ മലബാർ സമരത്തിന് ബ്രിട്ടീഷ് വിരുദ്ധതക്കൊപ്പം സാമുദായിക ധ്രുവീകരണ സ്വഭാവം കൂടി ഉണ്ടായിരുന്നു എന്ന വാദം ഇപ്പോഴും നിലനിൽക്കുന്നുണ്ട് . അതിനെക്കുറിച്ച്

മലബാർ പോരാട്ടങ്ങളെ വർഗീയവൽക്കരിക്കുകയെന്നത് 1921 ലെ സ്വാതന്ത്ര്യ പോരാട്ടം നടക്കുമ്പോൾ തന്നെ അതിനെ തകർക്കുന്നതിനായി ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. ഹിന്ദു-മുസ്‌ലിം വിഭാഗീയയിലൂടെ മാത്രമേ 1921 ലെ ജനകീയ സ്വാതന്ത്ര പോരാട്ടത്തെ തകർക്കാനാവൂ എന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷ് രഹസ്യ പോലീസും ഉദ്യോഗസ്ഥരും അതിനായി ഒട്ടേറെ പദ്ധതികകൾ സമരപ്രദേശങ്ങളിൽ നടപ്പാക്കായിരുന്നു. അക്കാലത്തെ പല കൊള്ളകളും കൊലപാതകങ്ങൾ നടത്തിയിരുന്നത് മാപ്പിള വേഷം ധരിച്ച ബ്രിട്ടിഷ് രഹസ്യ പോലീസും ഉദ്യോഗസ്ഥരും അവരെ പിന്തുണക്കുന്ന ജന്മിമാരുടെ ശിങ്കിടികളും ആയിരുന്നൂവെന്ന് സമരതലവൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ 1921 ൽ വ്യക്തമാക്കിയിരുന്നു. മാപ്പിള കർഷകരുടെയും കീഴാള ഹിന്ദു വിഭാഗങ്ങളുടെയും ജീവിതം ദുസ്സഹമാക്കിയ ജന്മിമാരെ സമരക്കാർ 1921 ൽ അക്രമിക്കുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. അത് അവരുടെ മതവും സമുദായവും നോക്കിയായിരുന്നില്ല. ജന്മി വിരുദ്ധമായ ഉള്ളടക്കം കൂടി 1921 ലെ പോരാട്ടങ്ങൾക്ക് ഉണ്ടായിരുന്നു. അക്കാലത്തെ മാപ്പിള കീഴാള ഹിന്ദു വിഭാഗങ്ങളുടെ സാമൂഹിക ജീവിതവും സാമ്പത്തികാവസ്ഥകളും ജന്മിമാരുടെ പീഡനവും മറച്ചുവെച്ച് കൊല്ലപ്പെട്ട ജന്മിമാരുടെ മതം നോക്കി 1921 നെ വർഗീയ വൽക്കരിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത് .അതിന് അങ്ങനെ തന്നെ പുസ്തകം വായനക്ക് വിധേയമാക്കുന്നുണ്ട്.

മലപ്പുറം ജില്ലക്കെതിരെ ഇപ്പോഴും ഉയരുന്ന ഇസ്ലാമോ ഫോബിക്കായ ആരോപണങ്ങളെ പുസ്തകം അഡ്രസ് ചെയ്യുന്നുണ്ടോ?

മലപ്പുറം ജില്ല യാഥാർഥ്യമാക്കാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത് മുതൽ മലപ്പുറം വിരുദ്ധ കാമ്പയിൻ ആരംഭിച്ചിരുന്നു.
മലപ്പുറം ജില്ലയിൽ നേരിയ ഭൂരിപക്ഷം മുസ്ലിം സമൂഹത്തിനാണ് എന്നത് മാത്രമായിരുന്നു വിവാദങ്ങളുടെയെല്ലാം മുഖ്യ കാരണം. കേരളത്തിലെ മറ്റു 13 ജില്ലകളും ഏതെങ്കിലും ഒരു സമുദായത്തിന് നേരിയ ഭൂരിപക്ഷം ഉള്ളതാണ്. അതൊന്നും പ്രശ്നമാക്കാതെ മലപ്പുറം ജില്ലാ പിറവി മാത്രം വിവാദമാക്കാനുള്ള കാരണം മുസ്ലിം വിരുദ്ധതയും ഇസ്ലാം പേടിയുമായിരുന്നു. ജില്ലാ രൂപീകരണം നടന്ന് അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ഇസ്ലാമോഫോബിയയിലൂന്നിയ പുതിയ ആരോപണങ്ങൾ മലപ്പുറം ജില്ലക്കെതിരെ വലതുപക്ഷവും ഇടതുപക്ഷവും നിരന്തരം ഉയർത്തി വിടുന്നുണ്ട്. അവ ഉദാഹരണസഹിതം പുസ്തകം പരിശോധിക്കുന്നുണ്ട്. മലപ്പുറം ജില്ലയുടെ പിറവി മുതൽ വർത്തമാനം വരെയുള്ള വിവാദങ്ങളും യാഥാർത്ഥ്യങ്ങളും പുസ്തകത്തിൽ വായിക്കാം.

പുസ്തകവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് 9497348196 ( വാട്സപ്പ്)

Leave a Reply

Your email address will not be published. Required fields are marked *