മല്ലു അനലിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നാല് ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആയതിന്റെ ഭാഗമായി, അവരുടെ വീഡിയോകളിൽ വന്ന തെറ്റുകൾ തിരുത്തുന്നു എന്ന വീഡിയോ കാണുകയായിരുന്നു. മൂന്ന് വർഷം കൊണ്ട് ഇത്രയധികം ആളുകളിലേക്ക് എത്തുക എന്നത് വലിയൊരു കാര്യമാണ്. വന്നുപോയ മിസ്റ്റേക്കുകൾ തിരുത്തുന്നത് അഭിനന്ദനാർഹവും. ഈയൊരവസരത്തിൽ മല്ലു അനലിസ്റ്റ് എന്ന ചാനലിനോട് (മിക്കവാറും ‘എല്ലാ’ വ്ലോഗേഴ്സിനോടും) ഉള്ള കുറച്ച് വിയോജിപ്പുകൾ രേഖപ്പെടുത്തിയേക്കാം. ഈയടുത്ത് കാര്യമായി തന്നെ ചർച്ച ചെയ്യപ്പെട്ട ‘ബിരിയാണി’ ‘മാലിക്’ ‘കുരുതി’ എന്നീ മൂന്ന് സിനിമകളെ അദ്ദേഹം എങ്ങനെയാണ് കാണുന്നത് എന്ന് കാണുകയായിരുന്നു. മൂന്ന് വ്യത്യസ്ത തരത്തിൽ ഉള്ള സിനിമകൾ ആണെങ്കിലും മൂന്ന് സിനിമകളും കോമണായി ഷെയർ ചെയ്യുന്ന കുറച്ച് കാര്യങ്ങളുണ്ട് എന്നത് കൊണ്ടാണ് ഈ മൂന്ന് സിനിമാ റിവ്യൂകൾ എടുക്കുന്നത്. (അതെന്താണെന്ന് വഴിയേ പറയാം)
കേരളീയ മുസ്ലിംകൾക്ക് യാതൊരു തരത്തിലും കണക്റ്റ് ചെയ്യാൻ കഴിയാത്ത, മുസ്ലിം സമുദായത്തോടുള്ള സകലവിധ വെറുപ്പും സംയോജിപ്പിച്ചു കൊണ്ടുണ്ടാക്കിയ ബിരിയാണി എന്ന സിനിമയെ അതിറങ്ങിയ സമയത്ത് തന്നെ മിക്കവാറും പേർ നിശിതമായി വിമർശിച്ചിരുന്നു. വിശദമായ നിരൂപണങ്ങൾ ഒരുപാട് വന്നത് കൊണ്ട് ഒരൊറ്റ സീൻ മാത്രം പറയാം. സിനിമയിൽ ഒരേയൊരു നല്ല മുസ്ലിം ഉള്ളത് ‘മൊല്ലാക്ക’യാണ്. മൊല്ലാക്കയുടെ അടുത്തേക്ക് സുബൈർ എന്നൊരാളെ അന്വേഷിച്ച് ചെല്ലുന്ന നായികയോട് അയാൾ പറയുകയാണ് ” സുബൈർ ഇവിടെ ചികിത്സക്ക് വന്ന ഒരാളുടെ മകളുമായി മുങ്ങി, മതം മാറ്റി എന്നാണ് കേൾക്കുന്നത്, കുറച്ച് നാൾ കഴിഞ്ഞാൽ അടുത്ത ആളെ വലയിൽ വീഴ്ത്തും, വാർത്തയിലൊക്കെ വന്ന പല തീവ്രവാദികളും അവന്റെ കൂടെ ഇവിടെ വന്നിട്ടുണ്ട്’ സിനിമയിലെ ആകെയുള്ള ഗുഡ് മുസ്ലിമിനെക്കൊണ്ട് ഇല്ലാത്ത ലൗ ജിഹാദിന് ന്യായം ചമച്ച് തീവ്രവാദത്തിലേക്ക് നീട്ടി ഇടുകയാണ്. ഇതൊരു സാമ്പിൾ മാത്രം. സംഘപരിവാർ വാട്സാപ്പ് യൂണിവേഴ്‌സിറ്റിയുടെ കണ്ണുകളിലൂടെ ഒരു സമുദായത്തെ നോക്കിക്കാണുന്ന, സിനിമാറ്റിക്കലി പരമ ബോർ ആയ ഈ സിനിമയെ പക്ഷേ അനലിസ്റ്റ് കാണുന്നത് വളരെ ധീരമായ ഒരു സ്ത്രീപക്ഷ സിനിമ ആയിട്ടാണ്. മതം ഇല്ലായിരുന്നേൽ ഇവിടം സ്വർഗ്ഗമായിരുന്നേനെ എന്ന ലളിത രവിചന്ദ്ര യുക്തിയിലാണ് സിനിമയുടെ അനാലിസിസ് അനലിസ്റ്റ് നടത്തുന്നത്. സിനിമയുടെ ഒന്ന് രണ്ട് നെഗറ്റീവ് പോയന്റുകളൊക്കെ പറയുന്നുണ്ടെങ്കിൽ കൂടി, രാഷ്ട്രീയമായി എന്തേലുമൊരു വിയോജിപ്പ് ഇല്ലേയില്ല.
മാലിക്കിലേക്ക് വന്നാൽ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി അനലിസ്റ്റ് പറയുന്നത് കഥാപാത്രങ്ങളുടെ പൂർണതയാണ് (നമ്മൾ കണ്ട റീല് മാറിപ്പോയ് കാണണം, ഇത്രേം അവ്യക്തത നിറഞ്ഞ കാരക്ടർ നിർമിതി ഈയടുത്ത് ഒന്നും കണ്ടിട്ടില്ല, ആ അത് പോട്ടെ!) പിന്നീട് സിനിമയുടെ മറ്റു ടെക്നിക്കൽ വശങ്ങളെപ്പറ്റി, കഥയെപ്പറ്റി ഒക്കെ സംസാരിക്കുന്നു. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ്, അതിനെപ്പറ്റി എന്തെങ്കിലും? നോ.
സാമുദായിക പാർട്ടി എംഎൽഎ തീരപ്രദേശത്തേക്ക് എ.കെ 47 കടത്തുന്നതായി കാണിച്ചതിനെ പറ്റി? നോ
പ്രകൃതിക്ഷോഭം വരുമ്പോൾ ഗേറ്റ് അടച്ച് അന്യമതസ്ഥരെ അകത്തേക്ക് കയറ്റാത്ത മുസ്ലിംകളെ പറ്റി? നോ
ഇങ്ങനെ പൊളിറ്റിക്കലായി സംസാരിക്കേണ്ട ഏതെങ്കിലും ഒരു പോയന്റ്? നോ. എന്നാൽ സിനിമ മതങ്ങളെങ്ങനെ മനുഷ്യരെ എക്സ്പ്ലോയിറ്റ് ചെയ്യുന്നു എന്ന് പറഞ്ഞില്ല എന്ന് അദ്ദേഹത്തിന് പരാതി ഉണ്ടുതാനും.
മലയാളത്തിലെ ലക്ഷണമൊത്ത സമ്പൂർണ സംഘി സിനിമയാണ് കുരുതി. ഇതുവരെയുള്ള മലയാള സിനിമാ ചരിത്രത്തിൽ സംഘ് വാദങ്ങൾ, മുസ്ലിംവിരുദ്ധത ഒക്കെ പല അളവുകളിൽ രീതികളിൽ ഉണ്ടായിട്ടുണ്ടായേക്കാം, എന്നാൽ പൂർണമായും സംഘ് നരേറ്റീവിൽ കഥ പറയുന്ന ഒരു സിനിമ ആദ്യമായിട്ടാവണം. ഇന്റർനാഷണൽ വേരുകളുള്ള മുസ്ലിം തീവ്രവാദവും തീവ്രവാദികളും തുടക്കം മുതൽക്ക് സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ, അപ്പുറത്ത് പെട്ടെന്നുണ്ടായ വൈകാരികതയുടെ പുറത്ത്, റിയാക്ഷൻ ആയിട്ടാണ് ഹിന്ദുത്വ തീവ്രവാദമുണ്ടാകുന്നത്. അതും നമ്മൾ സ്‌ക്രീനിൽ കാണുകയൊന്നുമില്ല. ജനാധിപത്യം, മതേതരത്വം എന്നൊക്കെ പറയുന്ന മുസ്ലിംകളെ വിശ്വസിക്കേണ്ട കാര്യമില്ല, ഉള്ളിൽ തീവ്രവാദി ആയേക്കാം എന്നും (ആ കഥാപാത്രത്തിന്റെ പേരിൽ ഒരു ബ്രില്യൻസ് ഉണ്ട് കമ്മു അഥവാ കമ്മി )എന്നാൽ ഈ സിനിമയും “മതം മനുഷ്യനെ വഴിതെറ്റിക്കുന്നത് നോക്കൂ, മതം ഇല്ലായിരുന്നേൽ ഇവിടം സ്വർഗം ആയേനെ” എന്ന തരത്തിലാണ് മല്ലു അനലിസ്റ്റ് നിരൂപണം നടത്തുന്നത്. അതിനപ്പുറത്തേക്ക്, ഏതൊരാൾക്കും ഈസിയായി കാണാവുന്ന സിനിമയുടെ രാഷ്ട്രീയത്തെപ്പറ്റി ഒരു വാക്ക് അതിലില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമ ഉണ്ടാക്കുന്ന അപരവത്കരണത്തെപ്പറ്റി ഒന്നുമില്ല.
ഈ മൂന്ന് സിനിമകളിലും കോമണായി വരുന്ന ഒരു പ്രധാന സംഗതി, കേരളത്തിലെ മുസ്‌ലിം സമുദായത്തിൽ ഒരിക്കലും നടന്നിട്ടില്ലാത്ത സംഗതികൾ നടന്നിട്ടുണ്ടെന്ന രൂപത്തിൽ നരേറ്റ് ചെയ്യുന്നു എന്നതാണ്. രണ്ട് ഉദാഹരണം പറയാം. മാലിക്കിൽ ആറ്റുകാൽ പൊങ്കാല പോലെയൊരു ഹൈന്ദവ ആഘോഷം നടക്കുന്നതിനിടെയാണ്, അതിന്റെ സംഘാടകരിൽ ഒരാളായ ചന്ദ്രനെ സുലൈമാൻ കൊല്ലുന്നത്. (അതിന്റെ പേരിൽ അവർ കലാപം ഒന്നും ഉണ്ടാക്കുകയില്ല കേട്ടോ)
കുരുതിയിലാകട്ടെ, എന്നും കുളിച്ച് തൊഴാൻ പോകുന്ന അമ്പലത്തിൽ മുസ്ലിംകൾ പോത്തിന്റെ തല കൊണ്ടിട്ട് ആശുദ്ധമാക്കിയത് കൊണ്ടാണ് വിഷ്ണു എന്ന യുവാവ് അക്രമത്തിന് മുതിർന്നതായി പറയുന്നത്. ഇത് രണ്ടും ഇവിടെ ഇന്നേവരെ നടന്നിട്ടില്ലാത്ത സംഗതികളാണ്, എന്നാൽ ഇതിന്റെ ഓപ്പോസിറ്റ് വേർഷൻ നടന്നതായി നമ്മുടെ മുൻപിൽ റിപ്പോർട്ടുകൾ ഉണ്ടുതാനും. സംഘ്പരിവാർ ചെയ്ത പ്രവർത്തികളെ നൈസായി തിരിച്ചിട്ട് മുസ്ലിം സമുദായത്തിന്റെ തലയിൽ ഇടുകയാണ്. ഇതൊക്കെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. മൂന്ന് സിനിമകളെ പറ്റിയും വിശദമായ പല എഴുത്തുകളും വന്നത് കൊണ്ട് റിപീറ്റ് ചെയ്യുന്നില്ല. ഇങ്ങനെ വളരെ കൃത്യമായി അപരവത്കരണത്തിന് ആക്കം കൂട്ടുന്ന, ഒരൊറ്റ കാഴ്ചയിൽ തന്നെ വിസിബിളായ സംഘ്പരിവാർ പൊളിറ്റിക്സ് കാണാതെ ഇരിക്കുകയും, വളരെ സൂക്ഷ്മമായ മറ്റെല്ലാ സംഗതികളും കണ്ടെത്തി സംസാരിക്കുകയും ചെയ്യുന്നു എന്നതാണ് മല്ലു അനലിസ്റ്റ് അടക്കം പ്രമുഖരായ പല യൂട്യൂബ്/ഇൻസ്റ്റഗ്രാം നിരൂപകരുടെയും പ്രത്യേകത.
സമൂഹമെന്ന നിലക്ക് നമ്മൾ പ്രോഗ്രസീവ് ആകേണ്ടതിനെപ്പറ്റി, പൊളിറ്റിക്കലി കറക്റ്റ് ആകേണ്ടതിനെപ്പറ്റി, സിനിമകളിൽ വരുന്ന സ്ത്രീവിരുദ്ധത, ബോഡി ഷെയിമിംഗ് പോലെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നവർ, റൂമിനകത്തുള്ള ‘ഹിന്ദുത്വ’ എന്ന ആനയെക്കുറിച്ച് മൗനം പാലിക്കുന്നത് കാണാൻ രസകരമാണ്.