ഗോത്ര പഠനങ്ങളുടെ അപകോളനീകരണം: പ്രൊഫ. വിർജീനിയസ് ഖാഖ സംസാരിക്കുന്നു

എന്റെ എഴുത്ത് രീതികളിൽ ‘അപകോളനീകരണം’ എന്ന പദം ഇതുവരെ ഞാൻ ഉപയോഗിച്ചിട്ടേയില്ല. എങ്കിലും സ്വദേശീയരായ പുതുകാല പണ്ഡിതന്മാർക്കിടയിൽ അപകോളനീകരണം വളരെ പ്രധാനപ്പെട്ട ഒരു ചർച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ ഗോത്ര പഠനങ്ങളോടുള്ള (tribal studies) എന്റെ ഇടപാടുകളെ ചിട്ടപ്പെടുത്തിയിരിക്കുന്ന രീതിയെക്കുറിച്ച ചില ചിന്തകൾ പങ്കുവെക്കാമെന്നാണ് കരുതുന്നത്. ഗോത്രങ്ങളെ കുറിച്ചുള്ള എഴുത്തുകളധികവും തുടങ്ങുന്നത് കോളോണിയൽ ഭരണകർത്താക്കളുടെ തൂലികയിൽ നിന്നാണ്. പിന്നീട് യൂണിവേഴ്സിറ്റികളിലെ നരവംശപഠന വിഭാഗങ്ങളും, ഇന്ത്യൻ നരവംശശാസ്ത്ര സർവേയും, ഗോത്ര ജനസംഖ്യ അധികമുണ്ടായിരുന്ന സംസ്ഥാനങ്ങളിലെയും പ്രവിശ്യകളിലെയും ഗവേഷണ സ്ഥാപനങ്ങളും ആ കൃത്യം ഏറ്റെടുത്തു. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ നരവംശശാസ്ത്ര പഠനങ്ങളുടെ മൂല വിഷയമായിരുന്നു ഗോത്ര പഠനങ്ങൾ. എങ്കിലും, ഗോത്ര പഠനങ്ങളുമായി ബന്ധപ്പെട്ട വിമർശനപരമായ ചോദ്യങ്ങളിലേക്ക് നരവംശശാസ്ത്രം ആഴത്തിൽ കടന്നു ചെന്നിട്ടില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്നാൽ 1960കളുടെ ആദ്യ പാദത്തിൽ തന്നെ ചരിത്രകാരന്മാർ അതു സാധിച്ചെടുത്തിട്ടുണ്ട്. ഇന്നത്തെ ജാർഖണ്ഡിലെ ഗോത്ര സമരങ്ങൾ പോലെ, ചരിത്രത്തിലെ ഗോത്ര വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുമായി അവർ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഗോത്ര പഠനങ്ങൾ വളരെ പരിമിതമായിരുന്നെങ്കിലും, ഇപ്പോളത് പതിയെ വികസിച്ചു തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ അകലം പാലിച്ചിരുന്ന സാമൂഹ്യ ശാസ്ത്രജ്ഞർ (sociologists) പോലും ഇപ്പോൾ അതുമായി ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസ്, ഹ്യുമാനിറ്റീസ് പോലെയുള്ള മറ്റു പഠന ശാഖകളും ഈ മേഖലയിൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഗോത്ര പഠനങ്ങളുമായി ബന്ധപ്പെട്ട എന്റെ ഇടപെടലുകൾ ബോധപൂർവമായിരുന്നില്ല, തികച്ചും യാദൃശ്ചികമായിരുന്നു. ഞാൻ സാമൂഹ്യ ശാസ്ത്രത്തിലാണ് (sociology) പരിശീലനം നേടിയത്. പരിശീലന വേളയിൽ പോലും ഞാൻ തെരഞ്ഞെടുത്ത പേപ്പറിൽ ഗ്രാമീണ-നഗര സമൂഹങ്ങളുമായി ബന്ധപ്പെട്ട ഒരു ഖണ്ഡം മാത്രമാണ് ഉണ്ടായിരുന്നത്. സാമൂഹ്യ ശാസ്ത്രത്തിൽ ഗോത്ര സമൂഹങ്ങളുമായി ബന്ധപ്പെട്ട യാതൊരു ഇടപാടുകളുമുണ്ടായിരുന്നില്ല. എന്റെ, താൽപര്യങ്ങളാവട്ടെ കൃഷി-തൊഴിൽ പ്രശ്നങ്ങളിലും, വികസനത്തെ സംബന്ധിച്ച ചോദ്യങ്ങളിലുമായിരുന്നു, ഗോത്ര പഠനങ്ങളിലായിരുന്നില്ല. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നതു മുതൽ മാത്രമാണ് വിവിധ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളിൽ പണിയെടുത്തു കൊണ്ടിരിക്കുന്ന വലിയ വിഭാഗം ഗോത്ര ജനങ്ങളുമായി ഞാൻ ഇടപെട്ടു തുടങ്ങുന്നത്. അന്ന് ഗോത്ര വിഭാഗങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചില ചർച്ചകളും നടന്നിരുന്നു. എന്നാൽ, ചത്തിസ്ഖണ്ഡിലെയും ജാർഖണ്ഡിലെയും വലിയ അളവ് ഭൂമി ഗവണ്മെന്റ് ഏറ്റെടുത്തുകൊണ്ട് പണിയാനിരുന്ന 1993/4ലെ നെതാർഹട് ഫയറിങ് റേഞ്ച് പ്രോജക്ടാണ് യഥാർഥത്തിൽ ഈ വിഷയത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചത്. 300ലധികം ഗ്രാമങ്ങൾ ഇതിനായി ഒഴിപ്പിക്കേണ്ടിയിരുന്നു. അതിനെതിരെ ഞങ്ങൾ റാലി നടത്തി, അതായിരുന്നു ഗോത്ര വിഭാഗങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട എന്റെ ആദ്യ ഇടപെടൽ. നെതാർഹട് വിഷയത്തിൽ എന്റെ പേരു വെക്കാതെ ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി’യിൽ ഞാനൊരു ലേഖനമെഴുതി. ഗോത്ര പഠനങ്ങളുമായുള്ള എന്റെ ഇടപെടലുകളുടെ പ്രധാന കാരണങ്ങൾ യൂണിവേഴ്സിറ്റി ബന്ധം, സഹപ്രവർത്തകരും സമകാലികരുമായിരുന്ന ജൂനിയർ വിദ്യാർത്ഥികളുമായുള്ള ബന്ധം തുടങ്ങിയവയാണ്. ഗോത്ര സമൂഹങ്ങളിലുള്ള പ്രശ്ങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കാൻ അവരെന്നെ പ്രോത്സാഹിപ്പിച്ചു. അവിടെ നിന്നു തന്നെയാണ് ഞാൻ തുടങ്ങിയത്. ഗോത്ര പഠനങ്ങളുമായി ബന്ധപ്പെട്ട് സംഭാവനകൾ അർപ്പിക്കാൻ കഴിയുമോ എന്ന് ഓക്സ്ഫോർഡ് ‘എൻസൈക്ലോപീഡിയ ഓഫ് സോഷ്യോളജി ആൻഡ് ആന്ത്രോപോളജി’ എന്നോട് ചോദിച്ചിരുന്നു. ഇക്കണോമിക് ആൻഡ് പൊളിറ്റികൽ വീക്ക്ലിക്കു വേണ്ടി ഞാനൊരു ലേഖനം പരമ്പര ചെയ്തു. അവിടം മുതൽ ഗോത്ര പഠനങ്ങളുമായി ബന്ധപ്പെട്ട എന്റെ ഇടപെടലുകൾ തുടരുകയായിരുന്നു. ഗോത്ര പഠനങ്ങളെ അപകോളനീകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നുറപ്പില്ല, എങ്കിലും വ്യത്യസ്തമായ ഒരു രീതിശാസ്ത്രവും വീക്ഷണകോണും ഉപയോഗിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

നെതരാഹട് പദ്ധതിക്കെതിരെ ഗോത്രജനങ്ങൾ നടത്തിയ സമരം

നരവംശശാസ്ത്ര സാഹിത്യങ്ങൾ വായിക്കുമ്പോൾ എനിക്ക് അസ്വാസ്ഥ്യമനുഭവപ്പെടുകയും, അവ എഴുതപ്പെട്ടിരിക്കുന്ന രീതിയെക്കുറിച്ച ആശയക്കുഴപ്പങ്ങൾ വരികയും ചെയ്തു. അവ അങ്ങേയറ്റം പ്രശ്ന നിബിഢമായിരുന്നു. എങ്ങനയെയാണ് വ്യത്യസ്തമായ വിധത്തിൽ ഇതു പഠിക്കുക എന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി. ഗോത്ര പഠനങ്ങളുടെ പ്രശ്നങ്ങളിലൊന്ന് ആശയപരം തന്നെയായിരുന്നു. എങ്ങനെയാണ് കൊളോണിയൽ സാമൂഹ്യ ഘടനയിൽ ഗോത്ര വിഭാഗങ്ങൾ വീക്ഷിക്കപ്പെടുന്നത് എന്നതും. ഗോത്ര വിഭാഗങ്ങൾ പ്രാകൃതരും സംസ്കാരശൂന്യരും അധമ വിഭാഗങ്ങളുമായാണ് അവതരിപ്പിക്കപ്പെട്ടത്. അതിന്നും തുടരുന്നുണ്ട്. ഈ ചിന്തയെ തള്ളിക്കളയാൻ നരവംശശാസ്ത്രജ്ഞർ ശ്രമിച്ചുവെങ്കിലും, വളരെ കുറഞ്ഞ തൊഴിൽ വിഭജനങ്ങളും, സങ്കീർണതയും വായനയും എഴുത്തുമില്ലാത്ത വിഭാഗങ്ങളായാണ് ഇവർ ഗോത്ര സമൂഹത്തെ പട്ടിക തിരിച്ചത്. ഗോത്ര വിഭാഗങ്ങൾ തൊഴിലാളികളോ മിശ്ര ജാതി-സമൂഹങ്ങളോ ആയിക്കൊണ്ടിരിക്കുകയാണ് എന്ന തരത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അവർ വിലയിരുത്തിയത്. ഈ പ്രക്രിയകളിലെല്ലാം ‘സ്വത്വ’ത്തിന്റെ ചോർച്ച സംഭവിച്ചു കൊണ്ടേയിരുന്നു. മൗറീസ് ഗോടെലിയർ പറയുന്നത് കാണുക: “എത്ര ചെറുതായിരുന്നാലും ഗോത്രജനങ്ങൾ ഒരു സമൂഹമാണ്, അവർക്കൊരു ഭാഷയും ഭൂപ്രദേശവും നിയമ-ഭരണ നിർവഹണ സംവിധാനവുമുണ്ട്, മറ്റു സമൂഹങ്ങളുടേതു പോലെ സാമൂഹികവും സാംസ്‌കാരികവുമായ ആചാരങ്ങളുണ്ട്, എന്നാൽ ബന്ധുത്വ വ്യവസ്ഥയാണ് (kinship) ഗോത്രങ്ങളെ മറ്റു സമൂഹങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്നത്”. മാത്രമല്ല, സാമൂഹിക വികസനത്തിന്റെ പ്രത്യേകമായ ഒരു ഘട്ടത്തെയും അവർ പ്രതിനിധീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആലോചനയനുസരിച്ച്, ഗോത്ര സമൂഹങ്ങളെ മനസ്സിലാക്കേണ്ടുന്ന മൂന്നു പ്രതലങ്ങളുണ്ട്. നിർഭാഗ്യവശാൽ, ഗോത്രജനങ്ങൾ ഒരു സമൂഹമാണെന്ന വസ്തുത അവഗണിക്കുന്നതിന് പുറമെ, ഗോത്ര സ്വത്വം ഇല്ലാതാവുകയാണെന്നും അവർ ജാതികളോ തൊഴിലാളി വിഭാഗങ്ങളോ ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് നരവംശശാസ്ത്രജ്ഞർ കരുതിയത്. ജാതി പ്രാഥമികമായി ഒരു തൊഴിൽ വർഗമാണെന്ന നിലക്കാണ് ഗോത്രവിഭാഗങ്ങളെ നമ്മൾ ജാതി പരിപ്രേക്ഷ്യത്തിലൂടെ വീക്ഷിക്കാൻ തുടങ്ങിയത്. അങ്ങനെ ഗോത്രജനങ്ങൾ ജാതിയുടെ ഒരു പ്രതിരൂപമായി മാറി.

നിങ്ങൾ യഥാർഥത്തിൽ തന്നെ ഗോത്ര പഠനങ്ങളെ തിരിച്ചു പിടിക്കാനും അപകോളനീകരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റു സമൂഹങ്ങളെ പോലെ ഗോത്ര വിഭാഗങ്ങളെയും ഒരു സമൂഹമായി മനസ്സിലാക്കാൻ തയ്യാറാകണം. ഒരു ബംഗാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന മുഴുവൻ സ്വഭാവങ്ങളും സാന്താൾ ഗോത്രത്തിലുമുണ്ടാകും. ഗോണ്ട് സമൂഹവും ഒട്ടും വ്യത്യസ്തമല്ല. അവിടെ നിന്നാണ് നമ്മൾ തുടങ്ങേണ്ടതും, ഗോത്ര സമൂഹങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതും. ഇന്ത്യ കോളനിവത്കരിക്കപ്പെട്ട കാലത്ത് നിർമിക്കപ്പെട്ട കൊളോണിയൽ നോട്ടപ്പാടിലൂടെയാണ് നമ്മൾ ഗോത്ര സമൂഹങ്ങളെ വർഗീകരിച്ചിരുന്നത്. ആധിപത്യവും ചൂഷണവും വാണ ഒരു സാഹചര്യത്തിലാണ് ഗോത്ര വിഭാഗങ്ങൾ ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളിലേക്കു വന്നതെന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും. 18ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 19ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബ്രിട്ടീഷുകാർക്കെതിരെ ഗോത്ര വിഭാഗങ്ങൾ നടത്തിയ കാലാപങ്ങളെയും ചെറുത്തുനിൽപ്പുകളെയും മനസ്സിലാക്കുന്നതിൽ ഇതു വളരെ പ്രധാനമാണ്. നിങ്ങൾ കൊളോണിയൽ പദ്ധതിയെ ശരിയായി വീക്ഷിച്ചാൽ, വിശാലർത്ഥത്തിൽ ഇന്ത്യ അനുഭവിച്ച കൊളോണിയലിസം അൽപം വ്യത്യസ്തമാണെന്ന് കാണാനാകും. സാമ്പത്തിക-രാഷ്ട്രീയ സ്രോതസ്സുകൾ അന്യാധീനപ്പെടുത്തുകയും, പുതിയ നിയമ ചട്ടക്കൂടുകൾ നിർമിക്കുകയും വഴി ഇരട്ട കൊളോണിയലിസമാണ് ഗോത്ര വിഭാഗങ്ങൾ അനുഭവിച്ചത്. കൂടാതെ, ഭൂമി-തൊഴിൽ-ക്രെഡിറ്റ് മാർക്കറ്റുകളിലേക്ക് ഗോത്ര വിഭാഗങ്ങൾ ആട്ടിത്തെളിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. നിരപ്പുകളിൽ വസിച്ചിരുന്ന ആളുകൾ ഗോത്ര ഭൂമികൾ കയ്യേറിക്കൊണ്ട് അവിടങ്ങളിലേക്ക് കടന്നു കയറുന്ന പ്രക്രിയയും ഇതിനിടയിലുണ്ടായി. ഒരേസമയം, ഭൂമിയും മറ്റു സ്രോതസ്സുകളും കൊളോണിയൽ സ്റ്റേറ്റ് അന്യാധീനപ്പെടുത്തുകയും, കുടിയേറ്റ കൊളോണിയലിസം (settler colonialism) ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഇരട്ട പീഡനങ്ങളെ ഗോത്ര വിഭാഗങ്ങൾക്ക് നേരിടേണ്ടതായി വന്നു.

മൗറിസ് ഗോടെലിയർ

ഇക്കാര്യത്തെ നരവംശശാസ്ത്ര രചനകൾ ഒരിക്കലും അഡ്രസ് ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ, സാമൂഹിക-സംസ്‍കാരിക പ്രതലത്തിൽ നിന്നു കൊണ്ട് “ഗോത്ര സമൂഹങ്ങൾ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമാണ് എന്ന ആശയ നിർമിതി” മാത്രമാണ് നരവംശപഠനങ്ങളിൽ മുഴച്ചു നിന്നത്. ഈ ആശയം വലിയ അളവിൽ പ്രാമുഖ്യം നേടുകയും, കൂടുതൽ ബ്രഹത്തായ ഇടപെടലുകൾ നടത്തുന്നതിനു പകരം നരവംശ-സാമൂഹിക ശാസ്ത്രജ്ഞർ ഈ ആശയം കടംകൊള്ളുകയും ചെയ്തു. ഗോത്ര ജനങ്ങൾ അവരുടെ ഭൂമിയിൽ നിന്നും കാടുകളിൽ നിന്നും കുടിയിറക്കപ്പെടുകയും, ആസാമിലെയും ബംഗാളിലെയും തോട്ടങ്ങളിലേക്ക് പറിച്ചു നടപ്പെടുകയും ചെയ്ത രാഷ്ട്രീയ-സാമ്പത്തിക പരിതസ്ഥിതികൾ ഇതോടെ അദൃശ്യമാവുകയും ചെയ്തു. ഈ മർദനങ്ങളും ആധിപത്യ ശ്രമങ്ങളുമെല്ലാം വിസ്‌മൃതിയിലാവുകയും, അവരുടെ സാമൂഹിക-സാംസ്‌കാരിക പിന്നാക്കാവസ്ഥ മാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്യുകയായിരുന്നു ഇവിടെ. സംവരണം പോലെ, അവരെ ഉയർത്തികൊണ്ടു വരുന്നതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമങ്ങളും ഇതോടെ തൃണവത്കരിക്കപ്പെട്ടു. വിശാലർത്ഥത്തിൽ, ഇന്ത്യൻ സമൂഹത്തോട് ഗോത്ര ജനങ്ങളെ ഉദ്ഗ്രഥിപ്പിക്കുന്നതിലായിരുന്നു അവരുടെ ഔത്സുക്യം. ഒരു പരിധിവരെ ഇതൊരു വിമോചനം പോലുമല്ല എന്നു പറയാം. ഇതു പ്രാഥമികമായും ഒരു സ്വാംശീകരണ ശ്രമം മാത്രമാണ് (assmiliation). കൊളോണിയൽ ഭരണത്തിനു കീഴിൽ രാഷ്ട്രീയ-സാമ്പത്തിക-നിയമ നിർവഹണ വ്യവസ്ഥകളിലൂടെയാണ് ഇത്തരം ആധിപത്യ ശ്രമങ്ങൾ നടന്നിരുന്നത്. കോളനിയാനന്തര ഇന്ത്യയിലും ഈ പ്രക്രിയകൾ തുടർന്നു പോന്നു. ഇന്നു പോലും ഇന്ത്യയുടെ ഗോത്ര മേഖലകളായ തെലങ്കാന, ഒഡീഷ, ജാർഖണ്ഡ്, ചത്തീസ്ഖഡ് മുതലായ പ്രദേശങ്ങളിൽ കൊളോണിയൽ കാലത്ത് ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടിക്രമങ്ങൾ- ഒരുവേള അവരെക്കാൾ തീവ്രമായി- കോളനിയാനന്തര ഇന്ത്യയിൽ ആവർത്തിച്ചുപോരുന്നു. വനാവകാശ നിയമവും (forest rights act) സമാനമായ മറ്റു നിയമങ്ങളും ഗോത്ര ജനങ്ങളെ ഏതു വിധമാണ് ബാധിച്ചതെന്ന് നോക്കൂ, ഫലത്തിൽ അവർ നിയമവിരുദ്ധ കുടിയേറ്റക്കാരും ഒഴിപ്പിക്കപ്പെടേണ്ടവരുമായി. ഇവ്വിധമുള്ള കാര്യങ്ങളെയൊന്നും നരവംശശാസ്ത്ര രചനകൾ സ്പർശിച്ചിട്ടേയില്ല. സാമൂഹിക-സാംസ്‌കാരിക കാഴ്ചപ്പാട് മാത്രം പ്രാമുഖ്യം നേടി. ആരോഗ്യ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, സംവരണത്തിലൂടെ അവരെ എങ്ങനെ രാഷ്ട്ര വ്യവഹാരങ്ങളിൽ പങ്കെടുപ്പിക്കാം, പാർലമെന്റിലും നിയമനിർമാണങ്ങളിലും പ്രതിനിധ്യം നൽകാം മുതലായ കാര്യങ്ങൾ മാത്രം അഡ്രസ് ചെയ്യപ്പെട്ടു.

വെബർ

ഒരുപക്ഷേ ഇതവരെ ഉദ്ഗ്രഥിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് നിങ്ങൾ കരുതിയേക്കാം. എന്നാൽ ഇത് യഥാർഥത്തിൽ അവരെ അന്യാധീനപ്പെടുത്തുകയും അവരുടെ സ്വത്വത്തെ പറിച്ചെറിയുകയുമാണ്. നമ്മൾ ഗോത്ര സമൂഹങ്ങളുടെ രാഷ്ട്രീയ സമ്പത്ത്വ്യവസ്ഥയെ (political economy) അവഗണിക്കുന്നു എന്നതുകൊണ്ടാണ് ഇതൊരു പ്രശ്നമായി നിലനിൽക്കുന്നത്. അവരുടെ ‘പ്രാകൃതത്വ’ത്തെ കുറിച്ചും, അവരെ ‘സംസ്‌കരിക്കേണ്ട ബാധ്യത’യെ കുറിച്ചും ബ്രിട്ടീഷുകാർ നിർമിച്ച ഇടുങ്ങിയ വീക്ഷണത്തിലൂടെയാണ് നമ്മളും നോക്കുന്നത്. കോളനിവത്കൃത-കോളനിയാനന്തര ഇന്ത്യയിൽ മിഷണറികളുടെ നേതൃത്വത്തിൽ ബോർഡിങ്‌ സ്‌കൂളുകളും ഗാന്ധിയുടെ നേതൃത്വത്തിൽ ആശ്രമങ്ങളും സ്ഥാപിക്കപ്പെട്ടു. സ്റ്റേറ്റ് നടത്തുന്ന സ്‌കൂളുകളിലാവട്ടെ, അധീശ സമൂഹത്തിന്റെ ഭാഷയും സംസ്കാരവും പഠിക്കാൻ ഗോത്ര ജനങ്ങൾ നിർബന്ധിതരാക്കപ്പെട്ടു. ഗോത്ര സമൂഹങ്ങളിലെ യാതൊന്നും പാഠ്യപദ്ധതിയിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമായിരുന്നില്ല. പുതിയ വസ്ത്രം ധരിക്കുക, പുതിയ ഭാഷ പഠിക്കുക എന്നതൊക്കെ കോളനിയാനന്തര ഇന്ത്യയിലെ നവ കൊളോണിയൽ പദ്ധതികളായിരുന്നു. അവിടെ ഭൂമി മാത്രമല്ല, ഭാഷയും ബോധവും സംസ്കാരവുമെല്ലാം കോളനിവത്കരിക്കപ്പെട്ടു. അവരിൽ അപകർഷതാബോധം വളർത്തുന്നത് തുടർന്നു. അതുകൊണ്ടുതന്നെ, പട്ടിക വർഗത്തിനു (scheduled tribes) വേണ്ടിയുള്ള ഉന്നമന ശ്രമങ്ങൾ ഒരു തരം വിലപേശലായാണ് എനിക്കു തോന്നിയത്. അവരുടെ ഭൂമിയും വിഭവങ്ങളും കവർച്ച ചെയ്തുകൊണ്ട് സ്റ്റേറ്റ് അവർക്ക് തൊഴിലും മറ്റു പദ്ധതികളും നൽകുന്നു. ഇതിലെവിടെയാണ് ഉന്നമനം? ഗോത്ര സമൂഹങ്ങളെ മനസ്സിലാക്കുന്നതിൽ ഇത്തരം വസ്തുതകൾ വളരെ പ്രധാനമാണ്. മുൻപ് ഉപയോഗിച്ചിരുന്ന ആശയങ്ങളും വർഗീകരണങ്ങളും ഒഴിവാക്കിക്കൊണ്ട്, വിശാലമായ പ്രശ്ങ്ങളെ അഭിമുഖീകരിക്കുന്ന തരത്തിൽ നമ്മുടെ നോട്ടപ്പാടുകളെ പുനസംഘടിപ്പിക്കേണ്ടതുണ്ട്. അപ്പോൾ വ്യത്യാസങ്ങളുണ്ടാകും. പ്രശ്ങ്ങളെ അഭിമുഖീകരിക്കുന്നതിൽ, എനിക്ക് എന്റെ സമൂഹത്തിൽ ഊന്നി നിൽക്കേണ്ടതുണ്ടായിരുന്നു. നമ്മളുടെ ഭൂമിക്കൊപ്പം നമ്മൾ നിലകൊള്ളുന്ന സമൂഹത്തെയും സ്വത്വത്തെയും കുറിച്ച് ഒരിക്കൽ മനസ്സിലാക്കിയാൽ, മറ്റു പ്രശ്ങ്ങളെയും നമുക്ക് വീക്ഷിച്ചു തുടങ്ങാം. ഗോത്ര പഠനങ്ങളെ അപകോളനീകരിക്കുന്നതിന്റെ മുഖ്യമായ ആശയ പരിസരം ഇതാണ്. മറ്റു സമൂഹങ്ങളെ പോലെ പരിവർത്തനങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആദിവാസി വിഭാഗത്തെയും ഒരു സമൂഹമായി അംഗീകരിക്കാൻ നമ്മൾ തയ്യാറാകണം. അവിടെ സാമൂഹികമായ വ്യത്യാസങ്ങളുണ്ട്, കാർഷിക സമൂഹത്തിലേക്ക് ചേർക്കപ്പെടുകയും വേർപെടുത്തപ്പെടുകയും ചെയ്യുന്ന തൊഴിൽ മാറ്റങ്ങളുണ്ട്, അസംഘടിത തൊഴിലാളികളുണ്ട്, വ്യവസായ സംരംഭകരുമുണ്ട്. ഇത് തീർച്ചയായും അർത്ഥവത്തായ ഒരു വീക്ഷണമാണ്. എന്നാൽ, ഗോത്ര വിഭാഗങ്ങളെ ഒരു സമൂഹമായി വീക്ഷിക്കുന്ന പതിവിൽ നിന്നും നമ്മൾ വ്യതിചലിച്ചാൽ, നിരന്തരം പരിവർത്തനങ്ങൾക്ക് വിധേയമാകുന്ന ഒരു സമൂഹത്തിന്റെ യഥാർഥ സവിശേഷതകൾ നമുക്ക് അദൃശ്യമാകും.

അതുകൊണ്ട്, ഈ അപകോളനീകരണ പ്രക്രിയയിൽ ആശയങ്ങളിൽ മാത്രമല്ല, സാധ്യമാകുന്ന രീതിശാസ്ത്രങ്ങളിലും നമ്മൾ ശ്രദ്ധ ചെലുത്തണം. അർഥങ്ങളുടെയും പാഠ്യവിഷയിയുടെ ഉദ്ദേശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് മാനുഷിക പഠനങ്ങൾ വേണ്ടതെന്നു വാദിച്ചയാളാണ് മാക്സ് വെബർ. അതുകൊണ്ട് പാഠ്യവിഷയികളെ നാന്നായി മനസ്സിലാക്കാനുതകുന്ന രീതിശാസ്ത്രങ്ങളെ നമ്മൾ സ്വീകരിക്കണം. വെബറിയൻ സാമൂഹ്യശാസ്ത്രത്തിന്റെ ആകെത്തുകയായ പാഠ്യവിഷയിയെ കേന്ദ്രീകരിച്ചുള്ള സാമൂഹ്യ പഠനങ്ങൾ തീർച്ചയായും മനോഹരമാണ്. ബാഹ്യമായ ഒരു പോയന്റിൽ നിന്നു പഠിക്കുന്നതിനെക്കാൾ, ആന്തരികമായ പഠനങ്ങളാണ് നല്ലത്. അങ്ങനെ വരുമ്പോൾ എത്നോഗ്രഫി (ethnography) ഒരു പ്രധാന രീതിശാസ്ത്രമാകുന്നു. ഗോത്ര വിഭാഗങ്ങളുടെ അകത്തു നിന്നു തന്നെ അവരെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നു എന്നർത്ഥം. ഇതു തീർച്ചയായും വിമോചനാത്മകമാണ്. അപകോളനീകരണത്തിന്റെ പാതയിൽ നീങ്ങാൻ ഒരുപാട് ഗഹനമായ അന്വേഷണങ്ങളും, സ്വത്വരൂപീകരണത്തിലും പുനസംഘാടനത്തിനും (positionality and re-positionality) സഹായിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുകയും ചെയ്യേണ്ടിവരും. ഗോത്ര വിഭാഗങ്ങളെ വീക്ഷിക്കുന്ന ആധിപത്യ മാതൃകകളെയും പരിപ്രേക്ഷ്യങ്ങളെയും വെല്ലുവിളിക്കുന്ന നൈതിക ചിന്ത നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. ഈ അപകോളനീകരണ പ്രക്രിയ ‘നമ്മളും അവരും’ എന്ന ചോദ്യമായല്ല ഞാൻ അവതരിപ്പിക്കുന്നത്. ഗോത്ര ജനങ്ങളിലെ തന്നെ ആളുകൾക്കാണ് ഇതിനെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുക. മറ്റുള്ളവർക്കും ഇതിൽ ഭാഗഭാക്കാകാവുന്നതാണ്. എന്റെ പഠനങ്ങളിൽ ഞാൻ ഈ രീതിശാസ്ത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. എനിക്കിതൊരു യാത്ര കൂടിയാണ്. അത് പൂർണമായിട്ടില്ല, ഇപ്പോഴും നിർമാണത്തിലുള്ള ഒരു പ്രക്രിയയാണ്. എനിക്കിനിയും വ്യക്തത ആവശ്യമാണ്‌. നരവംശശാസ്ത്ര പഠനങ്ങളുടെ ആധിപത്യ യുക്തികളിൽ നിന്നു വ്യത്യസ്തമായ ഒരു ഗ്രാഹ്യം എനിക്കു നിർമിക്കേണ്ടതുണ്ട്. ഭാഷ, സംസ്കാരം, ആചാരങ്ങൾ എന്നിവയിലെല്ലാം ഇപ്പോഴും ആധിപത്യം നിലനിൽക്കുന്നുണ്ട്. ധാരാളം അപകോളനീകരണം ആവശ്യമായി വരുന്ന മേഖലയാണ് ഗോത്ര പഠനങ്ങൾ, ഗവേഷകർക്കതിൽ ഒരുപാട് സാധ്യതകളുമുണ്ട്. നരവംശശാത്രജ്ഞർ മാത്രമല്ല, സാമൂഹ്യശാസ്ത്ര, ചരിത്ര, കലാ, സാഹിത്യ, സാംസ്‌കാരിക പഠന, തത്വശാസ്ത്ര, ദൈവശാസ്ത്ര മേഖലയിൽ നിന്നുള്ള പണ്ഡിതർ ഗോത്ര പഠനങ്ങളിൽ ഇടപെടുകയും കൂടുതൽ തികവും പ്രാപ്യവുമായ പഠനശാഖയായി അതിനെ വികസിപ്പിക്കേണ്ടതുമുണ്ട്. അധീശത്വവും മർദക വ്യവസ്ഥയും സൃഷ്‌ടിച്ച ആശയക്കുഴപ്പങ്ങൾ ഗോത്ര സമൂഹങ്ങളിലുണ്ട്. ലിംഗം (gender) അതിലൊരു പ്രധാന വിഷയമാണെന്ന് തോന്നുന്നു. എപ്പോഴാണ് നമ്മൾ അപകോളനീകരണത്തെ കുറിച്ച് സംസാരിക്കാൻ പോകുന്നത്? എങ്ങനെ നമ്മളതിനെ അഡ്രസ് ചെയ്യും? ഈ ആധിപത്യങ്ങളെയും അടിച്ചമർത്തലുകളെയും ബാഹ്യമായി മാത്രമാണോ നമ്മൾ അഡ്രസ് ചെയ്യാൻ പോകുന്നത്, അല്ലെങ്കിൽ നമുക്കുള്ളിൽ നിന്നു തന്നെ ചോദ്യങ്ങളുന്നയിക്കുമോ? മധ്യവർഗത്തിന്റെ ഉദയം, വരേണ്യ വർഗം, വിവേചനങ്ങൾ, സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ, ലിംഗ പ്രശ്നങ്ങൾ തുടങ്ങിയ സമസ്യകളെ നമ്മൾ ഉന്നയിക്കുമോ? ഇതല്ലമാണ് പ്രധാന ചോദ്യങ്ങൾ. ഗോത്ര വിഭാഗങ്ങളുടെ അടിച്ചമർത്തലുകളെയും ആധിപത്യങ്ങളെയും കുറിച്ച ചോദ്യങ്ങളുന്നയിക്കുന്നതിൽ നിന്ന് ഗോത്ര പഠനങ്ങളുടെ അപകോളനീകരണം നമ്മളെ തടയാവതല്ല എന്നാണ് ഞാൻ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *