രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന നവ-യാഥാസ്ഥിതിക ലിബറൽ സാമ്രാജ്യത്വത്തെ എടുത്തെറിഞ്ഞ താലിബാൻ മുന്നേറ്റം എല്ലാവിധ നാട്യങ്ങൾക്കും കൂടിയാണ് അന്ത്യം കുറിച്ചിരിക്കുന്നത്.
താലിബാന്റെയും അൽഖാഇദയുടെയും ഉന്മൂലനം, അഫ്‌ഗാൻ ജനതക്ക് സമാധാനവും ഐശ്വര്യവും, ബുർഖയിൽ നിന്നും മോചനം തുടങ്ങിയ ന്യായങ്ങളുയർത്തിയാണ് ഇരുപത് വർഷങ്ങൾക്കു മുമ്പ് അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ അധിനിവേശം നടത്തുന്നത്. താലിബാനു പകരം ലിബറൽ ജനാധിപത്യവും പാശ്ചാത്യ സംസ്കാരവും സ്ഥാപിക്കുമെന്ന് അവർ ലോകത്തെ തെറ്റിദ്ധരിപ്പിച്ചു.
പ്രതീക്ഷിച്ചത് പോലെ, സംഭവിച്ചത് മറ്റൊന്നായിരുന്നു. പുറമേ പറഞ്ഞ ലക്ഷ്യങ്ങളോ അത് നടപ്പിലാക്കാനുള്ള കഴിവോ അമേരിക്കക്കുണ്ടായിരുന്നില്ല. അഫ്ഗാൻ അധിനിവേശത്തിൽ അവരുടെ താല്പര്യങ്ങൾ തികച്ചും സൈനികവും തന്ത്രപരവുമായിരുന്നു. റഷ്യ, ചൈന, ഇറാൻ എന്നീ രാഷ്ട്രങ്ങൾക്ക് സമീപം തങ്ങളുടെ സൈനിക, സുരക്ഷാ, രഹസ്യാനേക്ഷണ ശേഷികൾ വർധിപ്പിക്കേണ്ടിയിരുന്നു അമേരിക്കക്ക്. തദ്ലക്ഷ്യങ്ങൾ പരിഗണിക്കുമ്പോൾ അഫ്‌ഗാൻ ആക്രമണവും അധിനിവേശവും അമേരിക്കക്ക് വൻ വിജയം തന്നെയാണ്. എന്നാൽ, തങ്ങളുടെ നടപടികൾ അഫ്ഗാനിസ്ഥാനും അവിടുത്തെ ജനങ്ങൾക്കും ഒരു ദുരന്തമായിരുന്നു എന്നതാവട്ടെ അമേരിക്കൻ സൈനിക തന്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രസക്തവും.
പരിഷ്‌കൃത താലിബാന്റെ തിരിച്ചുവരവ്
അഫ്‌ഗാനിൽ ഇന്ന് ഭരണത്തിൽ തിരിച്ചെത്തിയിരിക്കുന്നത് പുതിയതും മെച്ചപ്പെട്ടതുമായ ഒരു താലിബാനാണ്. അഫ്‌ഗാനികൾക്കുള്ള അമേരിക്കയുടെ വിടവാങ്ങൽ സമ്മാനമാണ് ഈ പരിഷ്‌കൃത താലിബാൻ. തങ്ങൾ പിൻവലിയുന്ന നിമിഷം താലിബാൻ അധികാരത്തിലെത്തുമെന്ന് ദോഹയിൽ ചർച്ചക്കെത്തിയ യു.എസ് പ്രതിനിധികൾക്ക് ബോധ്യമുണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. കാബൂൾ വിമാനത്താവളത്തിലെ ‘പബ്ലിക് റിലേഷൻസ്’ കൈകാര്യം ചെയ്യുന്നതിലെ ചുരുക്കം ചില പാളിച്ചകൾ ഒഴിച്ചാൽ എല്ലാം അവരുടെ പദ്ധതിയനുസരിച്ച് തന്നെ നടന്നിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇരുപതു വർഷം മുമ്പുണ്ടായിരുന്ന താലിബാനല്ല ഇന്ന് അഫ്‌ഗാൻ കീഴടക്കിയ താലിബാൻ. പ്രാദേശിക, ആഗോള രാഷ്ട്രീയത്തിന്റെ ഭാഗമാവാൻ ഇന്നത്തെ താലിബാൻ നേതൃത്വം വലിയ താല്പര്യം കാണിക്കുന്നുണ്ട്. അധികാരം വീണ്ടെടുക്കുന്നതിന് അന്താരാഷ്ട്ര അംഗീകാരം കൂടിയേ തീരൂ എന്ന തിരിച്ചറിവ് ദോഹയിലെ സംഭാഷണങ്ങൾക്കിടയിൽ അവർക്കുണ്ടായിട്ടുണ്ട് എന്നു വേണം അനുമാനിക്കാൻ. ഭയം നിറക്കുകയല്ല, ഭരണം നിർവഹിക്കുകയാണ് നിലനിൽപിന് അത്യന്താപേക്ഷിതമായിട്ടുള്ളതെന്ന് താലിബാൻ തിരിച്ചറിഞ്ഞിരിക്കണം. ദോഹയിലെ ആഡംബര ഹോട്ടൽ മുറികളിലും ലോബികളിലും അലഞ്ഞു തിരിഞ്ഞ നേരത്ത് സി.എൻ എൻ, ബി.ബി.സി, അൽജസീറ തുടങ്ങിയ വാർത്താ ചാനലുകൾ താലിബാൻ പ്രതിനിധികൾ ധാരാളം ശ്രദ്ധിച്ചിരുന്നു എന്നാണ് അവർ ആദ്യമായി നടത്തിയ വാർത്താ സമ്മേളനം തന്നെ തെളിയിക്കുന്നത്. ബറാക് ഒബാമയെ പോലെ സമർത്ഥമായി നുണ പറയാനും നർമസല്ലാപം നടത്താനും കഴിയുന്നവരാണ് പുതിയ താലിബാൻ.
ഡൊണാൾഡ് ട്രമ്പിനെയും ബോറിസ് ജോണ്സനെയും ഇമ്മാനുവൽ മാക്രോണിനെയും ഒരുമിച്ചിരുത്തിയാൽ പോലും മറികടക്കാൻ കഴിയാത്തതാണ് ഇന്നവരുടെ വിശ്വസനീയത.
അഫ്‌ഗാനിലെ അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും സൈനിക സാഹസങ്ങളുടെ ഫലശൂന്യതയും അതിവേഗം അധികാരത്തിലേക്കുയർന്ന താലിബാനും യൂറോപ്യൻ മാധ്യമങ്ങളെ സംഭ്രമത്തിലാക്കിയിരിക്കുകയാണിന്ന്. ജോർജ് ബുഷിന്റെ നുണക്കഥകൾ വിറ്റു കാശാക്കിയവർ തങ്ങളായിരുന്നു എന്ന ഓർമപ്പെടുത്തൽ അവരുട പാരവശ്യത്തിന് ആക്കം കൂട്ടുന്നുമുണ്ട്. മാധ്യമങ്ങളുടെ ഇളിഭ്യത പക്ഷേ, വരുംനാളുകളിൽ താലിബാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെ കുറിച്ച് യാഥാർഥ്യബോധത്തോടുകൂടി പരിശോധിക്കേണ്ടുന്നതിന് തടസ്സമാകേണ്ടതില്ല.
കൊലയും അക്രമവും കൊണ്ട് കലാപകലുഷിതമായ അമേരിക്കൻ അധിനിവേശത്തേക്കാൾ അമേരിക്കൻ ജനതക്ക് നല്ലത് താലിബാനാണ് എന്ന് നിരീക്ഷിക്കാനുള്ള ശ്രമങ്ങളെ തന്നെ അസാധ്യമാക്കുന്നതാണ് 9/11 ന് ശേഷം മാധ്യമങ്ങൾ ഇസ്ലാമോഫോബിയ കൊണ്ട് സൃഷ്ടിച്ച താലിബാനെന്ന ഭീകരരൂപി. (ബോഗി മാൻ)
അഫ്‌ഗാനിൽ അമേരിക്ക തങ്ങളുടെ ദൗത്യം പൂർത്തീകരിച്ചിരിക്കുന്നു. 20 വർഷം കൊണ്ട് തങ്ങളുടെ സൈനിക-വ്യാവസായിക സമുച്ചയത്തിനു വേണ്ട പണം കടത്താൻ കഴിഞ്ഞു അമേരിക്കക്ക് . അധിനിവേശം സാധ്യമാക്കിയ അസമമായ യുദ്ധത്തിൽ(asymmetric warfare) നിന്ന് പാഠമുൾക്കൊള്ളാനും എതിരാളികൾക്ക് തങ്ങളുടെ കരുത്ത് കാണിച്ചു കൊടുക്കാനും അഫ്‌ഗാൻ യുദ്ധം അവരെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ സൈനിക കണക്കുകൂട്ടലുകളിൽ ഉപയോഗശേഷം വലിച്ചെറിയേണ്ടവർ മാത്രമായിരുന്ന 4 കോടിയോളം വരുന്ന അഫ്‌ഗാൻ ജനങ്ങൾക്ക് സൈന്യത്തെ പിൻവലിക്കുമ്പോൾ എന്തു സംഭവിക്കും എന്നത് ബൈഡനെ സംബന്ധിച്ച് പ്രശ്നമേ അല്ലായിരുന്നു.
താലിബാൻ തിരിച്ചു വന്നിരിക്കുന്നു. അഫ്‌ഗാനിൽ അവരുടെ ഇഷ്ടാനുസരണം പ്രവർത്തിക്കാനുള്ള സാഹചര്യവും ഇന്നവർക്കുണ്ട്. അമേരിക്കയുടെ പാവ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം കൈയ്യാളിയ താലിബാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാത്തിരുന്ന് തന്നെ കാണണം. എന്നാൽ, നിലവിൽ ആവശ്യമായിട്ടുള്ളത്, അമേരിക്കൻ സൈന്യം പോകുന്നിടത്തെല്ലാം ബാക്കിയാക്കുന്ന കൊലപാതകങ്ങളെയും നാശനാഷ്ടങ്ങളെയും അപമാനത്തെയും കുറിച്ച സൂക്ഷ്മമായ പഠനങ്ങളാണ്.
കൊന്ന് കൊലവിളിക്കാനും നാശം വിതക്കാനുമല്ലാതെ മറ്റെന്തെങ്കിലും യു.എസ്. സൈന്യത്തിന് ചെയ്യാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണ്. ജോർജ് ബുഷിന്റെ ‘വാർ ഓണ് ടെറർ’ ക്ലിഷേയിലൂടെയും നവ യാഥാസ്ഥിതിക ആക്രമോത്സുകതയുടെ വളർച്ചയിലൂടെയും ജീവിച്ചവരാണ് നമ്മൾ. മുസ്ലിം വിരുദ്ധ ഭീകരവാദ പ്രചാരണങ്ങൾ മൂർദ്ധന്യാവസ്ഥയിലെത്തിയ അമേരിക്കൻ മുസ്ലിം ജീവിതങ്ങളുടെ ഇരുണ്ട കാലത്തെ അത്ര എളുപ്പം മറന്നുകളയുക സാധ്യമല്ലല്ലോ.
ഭയവും വെറുപ്പും നിറക്കുന്ന സാമ്രാജ്യത്വ രാഷ്ട്രീയം
‘ഇസ്ലാമോഫോബിയയും സാമ്രാജ്യത്വ രാഷ്ട്രീയവും’ എന്ന പഠനത്തിൽ മുസ്ലിങ്ങളോടുള്ള ഭയവും വെറുപ്പും ഭീകരതക്കെതിരെയുള്ള യുദ്ധത്തിന് എത്രത്തോളം സുപ്രധാനമായിരുന്നു എന്ന് ദീപ കുമാർ വിശദീകരിക്കുന്നുണ്ട്.
അമേരിക്കൻ ഇസ്ലാമോഫോബിയ: ഭയത്തിന്റെ വേരുകളും വളർച്ചയും എന്ന ഗ്രന്ഥത്തിൽ ഖാലിദ് ബെയ്ഡൗൺ മുസ്ലിം വിദ്വേഷത്തിന്റെ ‘സൈക്കോപാത്തോളജി’യെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നുണ്ട്. മുസ്ലിം വിരുദ്ധത വളർത്തുന്നതിൽ അഫ്‌ഗാൻ യുദ്ധം വഹിച്ച പങ്കിനെ കുറിച്ച് മനസ്സിലാക്കാൻ ഈ രണ്ട് മൗലിക പഠനങ്ങൾ തന്നെ ധാരാളം.
അമേരിക്കൻ അധിനിവേശത്തിന് കീഴിൽ അഫ്‌ഗാന് ലഭിച്ചത് എന്താണ്? വൈദേശിക താൽപര്യങ്ങൾക്കു വേണ്ടി പണിയെടുക്കുന്ന, സ്വന്തം ജനങ്ങളിൽ നിന്നും അന്യവത്കരിക്കപ്പെട്ട ഒരു വരേണ്യ രാഷ്ട്രീയ വർഗം. അമേരിക്കൻ സൈന്യത്തിന്റെ രാഷ്ട്രീയാധീശത്വത്തിനും മിഥ്യാവാഗ്ദാനങ്ങൾക്കും പരാധീനപ്പെട്ടവർ.
അഫ്‌ഗാനികളുടെ ഭാവി ഇനി അവരുടെ സ്വന്തം കരങ്ങളിലാണ്. അവർക്ക് എന്ത് തന്നെ സംഭവിച്ചാലും 20 വർഷത്തെ അധിനിവേശം സൃഷ്ടിച്ച അപമാനത്തേക്കാൾ മെച്ചപ്പെട്ടതായിരിക്കുമത്.
മാനത്തു നിന്നും പൊട്ടിമുളച്ചു വന്നവരല്ലല്ലോ താലിബാൻ. അവരും അഫ്ഗാനികൾ തന്നെയാണ്. അമേരിക്കയിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളേക്കാൾ വംശീയമോ വർഗീയമോ അല്ല അവർ. ഹൈബത്തുല്ലാഹ് അഖുൻസാദ, മുഹമ്മദ് യാഖൂബ്, സിറാജുദ്ദീൻ ഹക്കാനി, അബ്ദുൽ ഖനി തുടങ്ങിയ താലിബാൻ നേതാക്കളെ ഭയക്കുന്നവർ സ്റ്റീഫൻ മില്ലെറിനെ കുറിച്ചോ സ്റ്റീവ് ബാന്നനെ കുറിച്ചോ കേട്ടിട്ടില്ലാത്തവരോ അറിവില്ലാത്തവരോ ആണ്.
അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളും തലിബാനോടൊപ്പം ജീവിക്കാൻ നിർബന്ധിതരായവരാണ്. ക്രിമിനൽ ഭരണകൂടങ്ങൾക്കു കീഴിൽ ജീവിക്കേണ്ടി വരുന്ന ഫലസ്തീനിലെയും സൗദിയിലെയും ഇറാനിലെയും ജനങ്ങളുടെ സ്ഥിതിവിശേഷങ്ങളിൽ നിന്നും ഭിന്നമല്ല അഫ്‌ഗാൻ ജനങ്ങളുടേത്. വിധി അവർക്കായി കരുതിവെച്ചതിൽ നിന്നും മെച്ചപ്പെട്ട സാഹചര്യങ്ങൾ അർഹിക്കുന്നവരാണ് ഇവരെല്ലാം. മതഭ്രാന്തരോ പിന്തിരിപ്പരോ പ്രതിലോമകാരികളോ, എന്തു തന്നെയായാലും അഫ്‌ഗാന്റെ ഹൃദയമിടിപ്പ് അറിയുന്നവരാണ് താലിബാൻ.
രണ്ട് പതിറ്റാണ്ടു കാലത്തെ അധിനിവേശത്തിനൊടുവിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ലഭിച്ചതെന്താണ്? അമേരിക്ക വാഗ്ദാനം ചെയ്ത സമാധാനവും അഭിവൃദ്ധിയും ജനാധിപത്യവും എവിടെ? ഡൊണാൾഡ് ട്രമ്പിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും അധികാരത്തിലെത്തിച്ച ഒരു നാടിന് മറ്റൊരു രാജ്യത്ത് ജാനാധിപത്യം സ്ഥാപിക്കുന്നത് പോയിട്ട് സ്വന്തം രാജ്യത്തെ ജനാധിപത്യവൽക്കരിക്കാനെങ്കിലും കഴിയുമോ?
തങ്ങൾക്കെതിരായ സർവേ ഫലം പുറത്തു വന്ന ഉടനെ തന്നെ എല്ലാ ജനാധിപത്യ മര്യാദകളും ഇട്ടെറിഞ്ഞ് ആധിപത്യം ഉറപ്പിക്കാൻ പണിയെടുത്തവരാണ് അമേരിക്കയിലെ തീവ്ര വലതുപക്ഷക്കാർ. യഥാർത്ഥത്തിൽ ബാക്കിയുള്ളവർക്ക് അമേരിക്ക എന്താണ് നല്കാനുദ്ദേശിക്കുന്നത്? സാറാഹ് പാലിന്റെയും മാർക്കോ റൂബിയോയുടെയും കെവിൻ മക്കാർത്തിയുടെയും അഫ്‌ഗാൻ പതിപ്പുകൾ സൃഷ്ടിക്കാനായിരുന്നോ അമേരിക്കയുടെ ശ്രമം? ‘ഇഷ്ടദാസന്മാരുടെ’ (Proud Boys) താടിവെച്ച പതിപ്പുകൾ സ്വന്തമായി ഉള്ളത് കൊണ്ടു തന്നെ പുറത്തു നിന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യം അഫ്‌ഗാനികൾക്കില്ല എന്നതാണ് സത്യം.
തീച്ചൂളയിൽ താലിബാൻ
ഇരുപതു വർഷത്തെ അധിനിവേശത്തിനൊടുവിൽ അഫ്‌ഗാനികൾക്ക് എന്ത് ലഭിച്ചു? അഭിവൃദ്ധിപ്പെടാനോ ഒരു ദിവസം സമാധാനത്തോടെ ജീവിക്കാനോ കഴിഞ്ഞിട്ടുണ്ടോ അഫ്‌ഗാനികൾക്ക്? അമേരിക്കക്കും യൂറോപ്യൻ സഖ്യകക്ഷികൾക്കും, എന്തിന്, നേരത്തെ അധികാരത്തിലുണ്ടായിരുന്ന തങ്ങൾക്കു തന്നെയും കഴിയാതിരുന്ന എന്താണ് പുതിയ താലിബാന് അഫ്‌ഗാൻ ജനങ്ങൾക്ക് നല്കാനുള്ളത്? പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം എത്ര വിലപ്പെട്ട ജീവനുകളാണ് അമേരിക്കയുടെയും താലിബാന്റെയും സൈനിക തെമ്മാടിത്തം കാരണം അഫ്‌ഗാനികൾക്ക് നഷ്ടമായത്?
അവസാനം, അമേരിക്കയും താലിബാനും ദോഹയിൽ ഒരുമിച്ചിരുന്ന് അഫ്‌ഗാനെ അമേരിക്കൻ സൈന്യത്തിൽ നിന്നും താലിബാന് കൈമാറാൻ തീരുമാനിക്കുമ്പോൾ അഷ്‌റഫ് ഖനിയെയും ഹമീദ് ഖർസായിയെയും പോലുള്ള നേതാക്കൾ ചിത്രത്തിലേ ഇല്ലായിരുന്നു. തുടർന്ന്, എല്ലാ ആത്മാഭിമാനവും നഷ്ടപ്പെട്ട അഷ്റഫ് ഖനിയാവട്ടെ അടുത്തുള്ള യു.എസ് സൈനിക താവളത്തിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.
തങ്ങളുടെ തലക്കു മുകളിൽ അമേരിക്കൻ പട്ടാളക്യാമ്പുകൾ ഒരു നിഴലു പോലെ നിലകൊള്ളാതിരിക്കുന്നത് അഫ്‌ഗാൻ സ്ത്രീകളെയും പെണ്കുട്ടികളെയും സംബന്ധിച്ചിടത്തോളം താലിബാനെ നേരിടുക എന്നത് എളുപ്പമാക്കും. ഇറാൻ, പാകിസ്‌താൻ, തുർക്കി എന്നീ രാഷ്ട്രങ്ങളിലെയും അറബ് ലോകത്തെയും സ്ത്രീസമൂഹം അഫ്‌ഗാനിൽ നിന്നും ഏറെ ഭിന്നമല്ലാത്ത പുരുഷാധികാര പ്രവണതകൾക്കെതിരെ പോരാടുന്നുണ്ട്. അഫ്‌ഗാനിലെ സ്ത്രീകളും ഈ പോരാട്ടത്തെ ഏറ്റെടുക്കും.
ക്രൈസ്തവ മതമൗലികവാദി എയ്മി കോണി ബാരെറ്റ് അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചിന്റെ കയ്യിലാണ് ഇന്ന് അമേരിക്കൻ വനിതകളുടെ പ്രത്യുല്പാദനാവകാശങ്ങൾ. ആ അമേരിക്കയാണ് അഫ്‌ഗാനിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത്.
ഇന്ന് അഫ്‌ഗാനിൽ അധികാരത്തിലെത്തിയിരിക്കുന്ന നവ താലിബാൻ എല്ലാ അധികാരമോഹികളെയും പോലെ എന്തു വില കൊടുത്തും അധികാരം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്. അധികം വൈകാതെ തന്നെ ഐക്യരാഷ്ട്രസഭയിലും മറ്റു അന്താരാഷ്ട്ര വേദികളിലും അംഗത്വം അവകാശപ്പെടും താലിബാൻ. തങ്ങൾ എത്രത്തോളം പരിഷ്കരിക്കപ്പെട്ടിരിക്കുന്നു എന്ന് ലോകത്തെ ബോധിപ്പിക്കേണ്ടുന്നതിന്റെ അനിവാര്യത അവർ തിരിച്ചറിഞ്ഞിരിക്കുന്നു.
വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അഫ്‌ഗാനികൾ തങ്ങളുടെ രാജ്യത്ത് തന്നെ തുടരുകയും താലിബാൻ ഭീകരതയെ ഔചിത്യത്തോടു കൂടി നേരിടുകയും ചെയ്താൽ ഇറാനിലെയും, പാകിസ്താനിലെയും ഇന്ത്യയിലെയും തുർക്കിയിലെയും സാഹചര്യങ്ങൾക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുവാൻ അഫ്‌ഗാനികൾക്ക് സാധിക്കും. താലിബാനേക്കാൾ ക്രൂരമായ പ്രാകൃതവിഭാഗങ്ങളെ പരിഷ്കരിച്ച നാടാണ് അഫ്‌ഗാനിസ്ഥാൻ. ആ ചരിത്രബോധം പേറുന്ന അഫ്‌ഗാൻ ജനതയുടെ ചെറുത്തുനിൽപ്പിനു മുന്നിൽ താലിബാൻ തകരുക തന്നെ ചെയ്യും.
ഈ ലോകത്തിന് റൂമിയെ സമ്മാനിച്ച നാടാണ് അഫ്‌ഗാനിസ്ഥാൻ. കലയുടെയും വാസ്തുവിദ്യയുടെയും സ്വർഗഭൂമിയായിരുന്ന ഹെറാത്ത്, അനേകം കവികൾ, തത്വചിന്തകർ, സൂഫീവര്യർ എന്നിങ്ങനെ സംസ്കാരസമ്പന്നമാണ് അഫ്‌ഗാൻ ചരിത്രം. പഷ്തൂണ് വസ്ത്രം ധരിച്ച ഒരുകൂട്ടം തോക്കുധാരികളെ കൈകാര്യം ചെയ്യാനും അഫ്‌ഗാനികൾക്ക് കഴിയും.