ലോകത്തെ വൻശക്തികൾ തങ്ങളുടെ അധികാര മേൽക്കോയ്മക്ക് വേണ്ടി ഒരു രാജ്യത്തെ ബലിയാടാക്കുന്ന കാഴ്ചയാണ് നാളിതുവരെയുള്ള അഫ്‌ഗാന്റെ ചരിത്രം. അഫ്ഗാനിസ്ഥാനെ ഇന്നു കാണും വിധം ദുരിതപൂർണ്ണമാക്കിയതിൽ വൻശക്തികളുടെ പങ്ക് പറയാത വയ്യ. ഭീതിയുടെയും ആശങ്കയുടെയും പുകച്ചുരുളുകളാണ് നിലവിലെ അഫ്ഗാൻ.
അഫ്ഗാനിൽ നടന്ന ഈ അധികാരക്കയ്യേറ്റം മൂന്നു മാസങ്ങൾക്ക് മുമ്പേ ലോകം കണക്കു കൂട്ടിയതാണ്. ഏറെ നാടകീയമായ അമേരിക്കൻ സൈനിക പിന്മാറ്റത്തിനു ശേഷം, അഫ്ഗാൻ ഗവൺമെന്റിനു എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയും എന്നുമാത്രമായിരുന്നു നിലനിന്നിരുന്ന ആശങ്ക. അഫ്ഗാൻ ഭരണസിരാ കേന്ദ്രങ്ങൾ താലിബാൻ കൈയ്യടക്കിയതോടെ അഫ്ഗാൻ ജനതയുടെ അവസാന പ്രതീക്ഷകളും അസ്തമിച്ചു. മൂന്നു ലക്ഷം വരുന്ന അഫ്ഗാൻ സൈന്യം കേവലം എൺപതിനായിരം വരുന്ന താലിബാൻ സേനയുമായി ഏറ്റുമുട്ടാൻ തയ്യാറായില്ല എന്നത് ഖേദകരം തന്നെ.
താലിബാൻ എങ്ങനെ അഫ്ഗാൻ ഭരിക്കും എന്നത് ഏറെ ആശങ്കയിലാഴ്ത്തുന്നതാണ്. നിരന്തരമായ അടിച്ചമർത്തലുകൾക്കും തിരിച്ചടികൾക്കും ശേഷമാണ് താലിബാൻ അധികാരത്തിലേറുന്നത്. നീണ്ട രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം അധികാരം ലഭിച്ച പശ്ചാതലത്തിൽ പഴയ തീവ്ര നയങ്ങളുമായി മുന്നോട്ടു പോകുമോ അതോ നിലപാടുകളിൽ മാറ്റമുണ്ടാകുമോ എന്ന് കണ്ടറിയണം. അഴിമതിയും നിരുത്തരവാദികളായ ഭരണകൂടങ്ങളുമാണ് അഫ്ഗാനെ ഇക്കാണുന്ന വികസന മുരടിപ്പിലേക്ക് കൊണ്ടെത്തിച്ചത്. 43 ശതമാനം മാത്രമാണ് അഫ്ഗാനിലെ സാക്ഷരതാ നിരക്ക്. ഒരു രാജ്യത്തെ മാനവവിഭവശേഷിയുടെ മുരടിപ്പ് വ്യക്തമാക്കുന്ന ഒരു വസ്തുതയാണിത്.
സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ് എന്നാണ് ലോക ചരിത്രത്തിൽ അഫ്ഗാൻ വിശേഷിക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയമായും സാമ്പത്തികമായും ചിന്നിച്ചിതറിക്കിടന്ന ഈ പ്രദേശം ലോക രാജാക്കന്മാരുടെ കിട്ടാകനിയാണ്. ബ്രിട്ടൻ, സോവിയറ്റ് യൂണിയൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇതിനായി പല തവണ മത്സരിച്ചുവെങ്കിലും ഫലം പൂർണ്ണ പരാജയമായിരുന്നു. ഏഷ്യയും യൂറോപ്പുമായി പുരാതന കാലം മുതൽ ചരക്കു കടത്തുന്ന ഖൈബർ പാതയും, മദ്ധ്യേഷ്യയെയും തെക്കനേഷ്യയേയും ബന്ധിപ്പിക്കുന്ന അഫ്ഗാനിസ്താനെ ഭരിക്കുന്നവർക് ലോകം തന്നെ ഭരിക്കാം എന്ന ചിന്തയുമാണ് ഇത്തരത്തിലുള്ള സാമ്രാജത്വ ഇടപെടലുകൾക്ക് അഫ്ഗാൻ പാത്രമാകാൻ കാരണം. 19-ാം നൂറ്റാണ്ട് മുതൽ അഫ്ഗാൻ സംഘർഷ മേഖലയായി മാറി തുടങ്ങി.
1838 മുതൽ തന്നെ ബ്രിട്ടൻ അധിനിവേശ നീക്കങ്ങൾ തുടങ്ങി വെച്ചിരുന്നു. ബ്രിട്ടനും അഫ്ഗാനും തമ്മിൽ മൂന്ന് ആംഗ്ലോ യുദ്ധങ്ങൾ നടന്നതായി കാണാം. ആദ്യ യുദ്ധത്തിൽ തന്നെ ബ്രിട്ടനെ പരാജയപ്പെടുത്തി അഫ്ഗാൻ ഗോത്രവിഭാഗങ്ങൾ മേധാവിത്തം നിലനിർത്തി. രണ്ടാം യുദ്ധത്തിൽ ബ്രിട്ടൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞെങ്കിലും ഗോത്രാടിസ്ഥാനത്തിൽ വിഭിന്നമായി ജീവിക്കുന്ന ജനതക്കിടയിൽ യുദ്ധം തോറ്റുപോയി. പാഷ്തോയും ദാരിയും സംസാരിക്കുന്ന ഇവർക്കിടയിൽ വിദേശികളുടെ വർത്തമാനം വില പോയില്ല. 1921 ഓടെ ബ്രിട്ടൻ അഫ്ഗാൻ വിട്ടു. പിന്നീട് ആമിർ അമാനുള്ള ഖാൻ സ്വയം രാജാവായി പ്രഖ്യാപിക്കുകയും ചുരുങ്ങിയ കാലയളവിൽ തന്നെ ഒളിവിൽ പോവുകയും ചെയ്തു. പിന്നീട് 1933 ൽ അധികാരത്തിൽ വന്ന സാഹിർഷാ നാലു പതിറ്റാണ്ട് കാലം വിപ്ലവകരമായ നീക്കങ്ങളുമായി ഭരണം നടത്തി. അഫ്ഗാനിസ്താനെ സംബന്ധിച്ച് കരുതലോടെ മുന്നോട്ടു പോയ നാൽപത് വർഷങ്ങളായിരുന്നു അത്. 1973 ൽ വഞ്ചനയിലൂടെ സാഹിർ ഷാഹ അധികാര ഭ്രഷ്ടനായി. തൻ്റെ മന്ത്രിയായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ സോവിയറ്റ് യൂണിയനുമായി കൂടുതൽ അടുക്കുകയും ഷായെ അട്ടിമറിച്ച് അധികാരത്തിൽ വരികയും ചെയ്തു.
കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകുക എന്നതായിരുന്നു ദാവൂദ് ഖാൻ്റെ ലക്ഷ്യം. എന്നാൽ അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അന്തഃഛിദ്രം ഖാൻ്റെ വധത്തിൽ കലാശിച്ചു. തുടർന്നും സോവിയറ്റ് ആശയങ്ങളും തത്വങ്ങളും നിലനിന്നിരുന്നു. പിന്നീട് നൂർ മുഹമ്മദ് താരകി പ്രസിഡൻ്റ് സ്ഥാനത്തിരിക്കെ വധിക്കപ്പെട്ടു. ഇതോടെ അഫ്ഗാനിസ്താനിൽ സോവിയറ്റ് യൂണിയൻ്റെ കാലിടറിത്തുടങ്ങി. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ സംരക്ഷിക്കാനായി 1979 ൽ സോവിയറ്റ് യൂണിയൻ അഫ്ഗാൻ വീണ്ടും പ്രശ്ന കലുഷിതമാക്കി. മനുഷ്യത്വ രഹിതമായ ഇടപെടലുകളാണ് സോവിയറ്റ് പട നടത്തിയത്. ഗ്രാമപ്രദേശങ്ങളിലെ യുദ്ധ പ്രഭുക്കന്മാരെയും മുതലാളികളെയും വിലക്കെടുത്ത് അവർ പിടിച്ചു നിന്നു.
കമ്മ്യൂണിസ്റ്റ് ആശയങ്ങളെ എതിർത്തു കൊണ്ട് വിവിധ മുസ്‌ലിം നേതാക്കളും മുജാഹിദ് സംഘങ്ങളും രംഗത്ത് വന്നു. ഇത്തരം നീക്കങ്ങൾ അഫ്ഗാനിസ്‌താനെ ഒരു അഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ശീതയുദ്ധം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന സാഹചര്യത്തിൽ യു.എസ്.എസ്.ആർ നെ കീഴ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്ക വിപ്ലവ പ്രസ്ഥാനങ്ങൾക്കും മുജാഹിദ് കൂട്ടായ്മകൾക്കും അകമഴിഞ്ഞ സഹായം നൽകി. ഈ കാലയളവിൽ അമേരിക്കയെ കൂടുതൽ സഹായിച്ചത് പാകിസ്താനും അവരുടെ ചാര സംഘടനയായ ഐ.എസ്.ഐ (Inter service intelligence) യും കൂടെയാണ്. അമേരിക്കയുടെ ഈ നീക്കം Operation Cyclone എന്ന പേരിൽ അറിയപ്പെടുന്നു.
കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുന്നതോടെ മത വിശ്വാസങ്ങൾക്ക് മങ്ങലേൽക്കുമെന്നും മുസ്‌ലിം മേൽക്കോയ്മ നഷ്ടപ്പെടുമെന്നും 99% വരുന്ന അഫ്ഗാൻ മുസ്‌ലിങ്ങളെ ബോധ്യപ്പെടുത്തുകയും തുടർന്ന് പാകിസ്താന്റെ മേൽനോട്ടത്തിൽ ഇവരെ യുദ്ധ സജ്ജരാക്കുകയുമായിരുന്നു. 1979 ൽ അഫ്ഗാൻ ഗോത്രവിഭാഗങ്ങൾ സോവിയറ്റ് യൂണിയനെ നേരിട്ട് ആക്രമിക്കുകയുണ്ടായി. അറേബ്യൻ മുജാഹിദീൻ സംഘങ്ങളും അഫ്ഗാനിലേക്ക് കുടിയേറിയിരുന്നു. ഇവർക്കും അമേരിക്കയുടെ സഹായം ലഭിച്ചിരുന്നു. ഈ അറബ് മുജാഹിദീങ്ങളാണ് പിന്നീട് അൽ ഖായിദ പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് യു.എസ്.എസ്.ആർ യുദ്ധവിമാനങ്ങൾ വഴി അക്രമിക്കാൻ ശ്രമം നടത്തുകയുണ്ടായി. ഇതിനെയും അമേരിക്ക സ്റ്റിംഗർ മെഷീനുകൾ ഉപയോഗിച്ച് നേരിട്ടു. 1989 ൽ റഷ്യ അഫ്ഗാനിസ്താൻ വിട്ടു. എന്നാലും 1992 വരെ നജീബുള്ളയുടെ നേതൃത്തിൽ പാവ സർക്കാർ നിലനിന്നിരുന്നു. ഈ കാലയളവിലാണ് ഉസാമ ബിൻ ലാദൻ അമേരിക്കയുടെ വീരനായകനായി മാറുന്നത്. പതിനഞ്ചോളം വരുന്ന മുജാഹിദ് പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചാണ് ഉസാമ ബിൻ ലാദൻ 1988 ൽ അൽ ഖായിദ രൂപീകരിച്ചത്.
1992 ൽ വീണ്ടും രാജ്യം അഭ്യന്തര കലഹങ്ങളിലേക് നീങ്ങി. നജീബുള്ളയെയും കമ്മ്യൂണിസ്റ്റ് അനുകൂലികളെയും നിസ്സഹായരാക്കിയ മുന്നേറ്റമാണ് കലാപ ഭൂമിയിൽ അരങ്ങേറിയത്. ഈയൊരവസരത്തിലാണ് താലിബാൻ ഉദയം കൊള്ളുന്നത്. 1994 ൽ മുല്ലാ ഉമറിന്റെയും സംഘത്തിന്റെയും കീഴിൽ താലിബാൻ രൂപീകൃതമായി. കമ്യൂണിസ്റ്റ് രാജവാഴ്ചയെ തകർത്ത് ഇസ്‌ലാമിക് അമാറത് സ്ഥാപിതമാക്കാൻ കഴിഞ്ഞതിനാൽ പൂർണ്ണമായ ജനപിന്തുണ ഇവർക്ക് ലഭിച്ചിരുന്നു. 1996 ൽ അഫ്ഗാൻ ചരിത്രത്തിൽ പുതിയ വഴിത്തിരിവായി താലിബാൻ അധികാരത്തിലേറി. 2001 ലെ അമേരിക്കയുടെ അധിനിവേശം നടത്തിയതുവരെ അധികാരത്തിൽ തുടരുകയും ചെയ്തു.
പക്ഷേ, ജനങ്ങൾ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ലായിരുന്നു താലിബാൻ അഫ്ഗാനികൾക്ക് നൽകിയത്. പച്ചയായ സ്ത്രീ വിരുദ്ധതയും തീവ്രമായ നയങ്ങളും അടിച്ചേൽപ്പിച്ച് ഇസ്‌ലാമിനെ കരിവാരിത്തേക്കുന്ന രീതിയിലായിരുന്നു ഇവരുടെ നീക്കങ്ങൾ. മനുഷ്യത്വമില്ലാത്ത നിയമങ്ങൾക്കെതിരെ എതിർപ്പുകൾ ഉയർന്നുവന്നിരുന്നുവെങ്കിലും ഈ ശബ്ദങ്ങളൊന്നും തന്നെ വകവെക്കാതെ താലിബാൻ മുന്നോട്ടു ഗമിച്ചു കൊണ്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അഹമ്മദ് ഷാഹ് മസൂദിയുടെ നേതൃത്വത്തിൽ നോർത്തേൺ അല്ലയൻസ് എന്ന ഒരു കൂട്ടായ്മ രൂപീകൃതമാകുന്നത്. പ്രകോപനപരമായ പ്രവർത്തനങ്ങളാണ് ഇവരുടെ ഭാഗത്തുനിന്ന് താലിബാന് നേരിടേണ്ടി വന്നത്. താലിബാൻ വിരുദ്ധ നീക്കങ്ങളായിരുന്നു ഇവർ പ്രോത്സാഹിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള നീക്കങ്ങൾ അഹമ്മദ് ഷാഹ് മസൂദിയെ പോലുള്ള നേതാക്കളുടെ ജീവിതം അപകടത്തിലാക്കി. 2001 സെപ്റ്റംബർ 9 ന് മസൂദിയെ വധിച്ചു, രണ്ട് ദിവസം കഴിഞ്ഞ് സെപ്തംബർ 11 ന് വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചു. അമേരിക്കക്ക് പിന്നീട് താലിബാൻ വലിയ തലവേദനയായി മാറി. നയതന്ത്രപരമായും രാഷ്ട്രീയമായും താലിബാനെ നശിപ്പിക്കാനും അഫ്ഗാനിസ്താനിൽ ഒരു ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കാനും അമേരിക്ക നീക്കങ്ങൾ തുടങ്ങി. ദ്രുതഗതിയിലുള്ള നീക്കങ്ങങ്ങളാണ് പിന്നീട് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പിന്നീടുള്ള രണ്ട് മാസം കൊണ്ട് അമേരിക്ക താലിബാൻ കാമ്പുകൾ ആക്രമിക്കുകയും താലിബാൻ ആധിപത്യം പൂർണമായി നിർമാർജനം ചെയ്യുകയും ചെയ്തു. തുടർന്നാണ് ഹമീദ് കർസായിയും അഷ്‌റഫ് ഗനി യുമെല്ലാം അമേരിക്കൻ പാവ മുഖങ്ങളായി വരുന്നത്.
ഇരുപതു വർഷത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും അഫ്ഗാൻ താലിബാൻ കരങ്ങളിലേക് തിരികെ വന്നിരിക്കുന്നു. വിവിധ ഭരണകൂടങ്ങൾ വർഷങ്ങളായി ഒരു ജനതയെ നിരന്തരം ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ പൊലിഞ്ഞു പോയി. തകർന്നു പോയ കുടുംബങ്ങൾ ഇന്നും അഫ്ഗാൻ്റെ തീരാവേദനയാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ ചൂതാട്ടങ്ങൾ വരുത്തിത്തീർക്കുന്ന ഭവിഷ്യത്ത് ദുസ്സഹനീയമാണ്.