സൂഫി പ്രസ്ഥാനങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും : ഭാഗം രണ്ട് പശ്ചിമാഫ്രിക്കൻ സൂഫീ ധാരകൾ

പശ്ചിമാഫ്രിക്കയിൽ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച പണ്ഡിതർ തന്നെയാണ് ഇസ്ലാമിക നവജാഗരത്തിനു ചാലക ശക്തിയായി വർത്തിച്ചത്. ഖാദിരിയ്യ ,തിജാനിയ്യ, മുരീദിയ്യ, ഫാദിലിയ്യ ത്വരീഖത്തുകൾക്ക് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ ഭരണകൂടങ്ങൾ പോലും സ്ഥാപിക്കാൻ സാധിച്ചിരുന്നു. മേഖലയിലെ രാഷ്ട്രീയഘടനകളിലും ഇസ്ലാമിക സംസ്കാരം അന്തർലീനമായിത്തീരുന്നതിൽ സൂഫീവര്യന്മാരുടെ പങ്ക് നിർണ്ണായകമാണ്. സൊകോദോ ഖിലാഫത്, ശൈഖ് ഉമർ തഅലിന്റെ ഖിലാഫത് എന്നിവ ഇതിനു ഉദാഹരങ്ങളാണ്.

അറ്റ്ലാന്റിക് ദേശങ്ങൾക്കിടയിൽ നടന്നിരുന്ന അടിമക്കച്ചവടവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും അവിടങ്ങളിലെ ഇസ്ലാമിക ചിന്തയുടെയും പ്രസ്ഥാങ്ങളുടെയും വളർച്ചക്ക് പ്രധാന കാരണങ്ങളായിട്ടുണ്ട്‌ എന്ന് ജോൺ ഗ്ലോവർ എഴുതുന്നുണ്ട്.ഈ പ്രക്ഷുപ്തമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് ഇസ്ലാമിക പണ്ഡിതരുടെ ജിഹാദ് പ്രഖ്യാപനവും നടന്നിട്ടുള്ളത്. ഖാദിരി ശൈഖ് സീദി അൽ-മുഖ്താർ അൽ- കുന്തി പശ്ചിമാഫ്രിക്കയിലെ ഇസ്ലാമിക വ്യാപനത്തിൽ അനിഷേധ്യമായ പങ്കു വഹിച്ചിരുന്നു. മേഖലയിൽ സീദി അൽ-മുഖ്താർ അൽ- കുന്തിയുടെ ശിക്ഷണങ്ങളിലൂടെ ഇസ്ലാമിക പ്രചാരണവും ഖാദിരിയ്യ സരണിയുടെ സ്വാധീനവും വർധിച്ചു.
ഗ്രാമ- നഗര പ്രദേശങ്ങളിൽ ഖാദിരീ സരണിയുടെ അനുയായികളുടെ പ്രവർത്തനം ദ്രുതഗതിയിൽ ഇസ്ലാമിക വ്യാപനത്തിന് വഴിതെളിച്ചു. അധികം വൈകാതെ തന്നെ പ്രാദേശിക ഭരണരംഗത്തും അവർക്കു സ്വാധീനമുറപ്പിക്കാൻ സാധിച്ചു.

ശൈഖ് ഉസ്മാൻ ദാൻ ഫോദിയോയും സൊകോദൊ ഖിലാഫതും

പതിനെട്ടാം നൂറ്റാണ്ടിൽ ശൈഖ് ഉസ്മാൻ ദാൻ ഫോദിയോ എന്നറിയപ്പെട്ട ശൈഖ് ഉസ്മാൻ ബിൻ ഫുദീ (1754-1817 )യുടെ രംഗപ്രവേശം പശ്ചിമാഫ്രിക്കയിൽ ഇസ്ലാമിക മുന്നേറ്റത്തിന് പ്രധാന വഴിത്തിരിവായി.

ശൈഖ് ഉസ്മാൻ ദാൻ ഫോദി

അദ്ദേഹത്തിന്റെ ദീർഘ യാത്രകളും ഗ്രാമ- നഗരപ്രദേശങ്ങളിലെ ഇസ്ലാമിക പ്രബോധനവും സമൂഹത്തെ കൂടുതൽ അടുത്തറിയാൻ ഉപകരിച്ചു. പ്രാദേശിക രാഷ്ട്രീയ അരക്ഷിതാവസ്ഥയും കെട്ടുറപ്പില്ലായ്മയും മനസ്സിലാക്കിയ ഉസ്മാൻ ദാൻ ഫോദിയോ ഇസ്ലാമിക സമൂഹത്തിന്റെ വളർച്ചക്കായി പണിയെടുത്തു.

1804 ൽ അദ്ദേഹം സ്ഥാപിച്ച സൊകോദോ ഖിലാഫത് കാമറൂൺ, ബുർകിന ഫസോ, നൈജർ, നൈജീരിയ തുടങ്ങി വിശാല പ്രദേശങ്ങളിൽ അധികാരം ചെലുത്തിയിരുന്നു. 1903 ൽ ബ്രിട്ടീഷ് – ജെർമൻ സൈന്യം ഈ നാടുകൾ കീഴടക്കുന്നതുവരെ ഖിലാഫതിന്റെ അധീനതയിലായിരുന്നു.നൈജീരിയൻ നാട്ടു രാജ്യമായ ഗോബിറിന്റെ രാജാവ് യുൻഫയുടെ മുസ്ലിംകളെ അടിമകളാക്കുന്ന നയത്തിന്നെതിരെ സായുധ ജിഹാദ് പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ രംഗ പ്രവേശം നടത്തിയത്.ഫിഖ്ഹ്, ദൈവശാസ്ത്രം, തസവ്വുഫ് തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകൾ ഖിലാഫത്തിന്റെ അധീന പ്രദേശങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തി.ഉസ്മാൻ ദാൻ ഫോദിയോ യുടെ കവിതകളിൽ ജിഹാദാഹ്വാനം പോലെ ഇസ്ലാമികാശയങ്ങളുടെ ശിക്ഷണവും ഉൾകൊള്ളുന്നുണ്ട്.തദ്ദേശ ഭാഷയാണ് ഈ ലക്ഷ്യത്തിനു വേണ്ടി അദ്ദേഹം തെരഞ്ഞെടുത്തത്.പ്രാദേശിക ഹൗസ നേതാക്കൾക്കെതിരെ ജിഹാദ് നടത്തി ഉസ്മാൻ ദാൻ ഫോദിയോ വിജയകരമായി സ്ഥാപിച്ച ഖിലാഫതിന്റെ ഓർമകൾ ഇന്നും നൈജീരിയൻ മുസ്ലിം ജീവിതത്തിൽ അനുരണങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാലഘട്ടത്തിന്റെ മുജദ്ദിദ് എന്നാണ് നൈജീരിയൻ മുസ്‌ലിംകൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ശരീഅത്തിന്റെ പ്രായോഗികവത്ക്കരണങ്ങിൽ പരാജയപ്പെട്ട മുസ്ലിം ഭരണകർത്താക്കൾക്കെതിരെയാണ് ജിഹാദ്‌ നടത്തിയതെന്നു അദ്ദേഹം വിശദീകരിക്കുന്നു. ജിഹാദ് ആരംഭിക്കണമെന്നു ആജ്ഞാപിക്കുന്ന തരത്തിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ ) യെ സ്വപ്ന ദർശനം ഉണ്ടാകുന്നതാണ് ശൈഖ് ദാൻ ഫോദിയോയുടെ പ്രധാന പ്രചോദനമായത്.

പ്രാദേശിക രാഷ്ട്രീയ ഘടനകൾ അലോസരപ്പെടുത്തിയിരുന്ന മുസ്ലിം ജീവിതാനുഭവങ്ങളിൽ ശൈഖ് ദാൻ ഫോദിയോ യുടെ നേതൃത്വത്തിലുള്ള ഖാദിരിയ്യ ത്വരീഖത് പുത്തനുണർവ് നൽകി. ഇസ്ലാമിക ദേശനിർമാണത്തിനു ആന്തരിക ജിഹാദിനൊപ്പം സായുധ ജിഹാദും അനിവാര്യമാണെന്ന് ഉസ്മാൻ ദാൻ ഫോദിയോ അഭിപ്രായപ്പെട്ടു.
പിൽക്കാല മുസ്ലിം പ്രസ്ഥാനങ്ങൾക്ക് സാമൂഹിക രാഷ്ട്രീയ പരിവർത്തനത്തിനുള്ള മാതൃകയായി സൊകോദോ ഖിലാഫത് സ്ഥാപനം മാറി.

ശൈഖ് ഉമർ ബിൻ സഈദ് തഅലിന്റെ ഖിലാഫത്

സെനഗലിലെ ഫുതാ തോറോ കേന്ദ്രീകരിച്ചു ഭരണകൂടം സ്ഥാപിച്ച ഹാജി ഉമർ ഇബ്ൻ സഈദ് തഅൽ (1794 -1864 ) തിജാനി സൂഫി സില്സിലയുടെ ഷെയ്ഖ് ആയിരുന്നു.

സഈദ് തഅൽ

തുകോളർ സാമ്രാജ്യം എന്നറിയപ്പെടുന്ന ഈ മുസ്ലിം രാജവംശം അദ്ദേഹത്തിന്റെ പിൻഗാമികളാൽ നിലനിന്നു. ഷെയ്ഖ് ഉമർ തഅലിന്റെയും ജീവിതത്തിൽ സായുധ ജിഹാദിന് അതിപ്രധാനമായ പങ്കുണ്ട്. ഷെയ്ഖ് ഉസ്മാൻ ദാൻ ഫോദിയോയുടെ ചരിത്രം പോലെ നബി (സ)യെ സ്വപ്നത്തിൽ ദർശിച്ചതാണ് അദ്ദേഹത്തെയും ജിഹാദിന് പ്രേരിപ്പിച്ചത് എന്ന് അദ്ദേഹത്തെ കുറിച്ച ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. സമീപ പ്രദേശങ്ങളിലെ അധികാരികളെ പരാജയപ്പെടുത്തുകയും ഫ്രഞ്ച് അധിനിവേശ ശക്തികളോട് ഏറ്റുമുട്ടുകയും ചെയ്ത ചരിത്രമുണ്ട്. മാലി, സെനഗൽ, ഗിനി, നൈജർ നദീതട പ്രദേശങ്ങൾ തുടങ്ങി വിശാലമായ മേഖലകളിൽ അധികാരം വാണ ഉമരിയ്യൻ ഭരണം ഷെയ്ഖ് ഉമർ തഅലിന്റെ പുത്രൻ അഹ്മദ് സെകു തഅൽ 1891 ൽ ഫ്രഞ്ച് കൊളോണിയൻ ശക്തി കയ്യേറുന്നതു വരെ ഭരിച്ചു.ഉസ്മാൻ ദാൻ ഫോദിയോ യുടെ മകനും സൊകോദൊ ഖലീഫയുമായ മുഹമ്മദ് ബല്ലൂവിന്റെ മകൾ മറിയമിനെ വിവാഹം കഴിച്ചത് സൊകോദൊ ഖിലാഫതുമായുള്ള ബന്ധം ദൃഡമാകാനും രാഷ്ട്രീയ നേതൃത്വത്തിനു അനുഭവം നേടിയെടുക്കാനുമുള്ള അവസരം ശൈഖ് ഉമർ തഅലിനു ലഭിച്ചു.പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാമ്രാജ്യത്വ വിരുദ്ധപ്രതിരോധ പ്രവർത്തങ്ങൾക്ക് ശൈഖ് ഉമർ തഅലിന്റെ ചിന്തകളും പോരാട്ടങ്ങളും പ്രേരക ശക്തിയായി സ്വീകരിക്കപ്പെട്ടു.

ശൈഖ് അഹ്‌മദൗ ബാംബ എമ്പാകെയും മുരീദിയ്യ ത്വരീഖതും

അഹ്‌മദൗ ബാംബാ എമ്പാകെ

മുരീദിയ്യ ത്വരീഖത്തിന്റെ സ്ഥാപകനും അഹ്‌മദൗ ബാംബാ എമ്പാകെ എന്ന പേരിലറിയപെട്ട ഷെയ്ഖ് അഹ്‌മദ് ഇബ്ൻ മുഹമ്മദ് ഇബ്ൻ ഹബീബില്ലാഹ് (1853–1927 ) യും സെനഗൽ- ഗാംബിയൻ പ്രദേശങ്ങളിൽ ഫ്രഞ്ച് വിരുദ്ധ വികാരം വ്യാപിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. പ്രവാചക സേവകൻ ( ഖാദിമുൽ റസൂൽ ) എന്ന് ആദരപൂർവം വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കവിതകളും മറ്റു രചനകളും ഫ്രഞ്ച് കൊളോണിയൽ സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയർത്തുന്നതായിരുന്നു. മറ്റു പശ്ചിമാഫ്രിക്കൻ സൂഫി പണ്ഡിതരെപ്പോലെ സായുധ സമരത്തിന് ആഹ്വാനം ചെയ്തില്ലെങ്കിലും സ്വജനതക്കു സ്വാതന്ത്ര്യമോഹം പ്രദാനം ചെയ്യുന്നതിൽ ഷെയ്ഖ് അഹ്‌മദൗ ബാംബാ എമ്പാകെയുടെ ഭാഗധേയം അനിഷേധ്യമാണ്. യുവത്വഘട്ടത്തിൽ ഖാദിരീ- തിജാനി ത്വരീഖത്തുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അദ്ദേഹം തന്നെ സ്ഥാപിച്ച തൂബ നഗരത്തിൽ പ്രവർത്തനം ശക്തമാക്കിയത്തോടെ സമീപഭാവിയിൽ തന്നെ മുരീദിയ്യ സിൽസില തങ്ങൾക്കു വെല്ലുവിളിയാകും എന്നു നിരീക്ഷിച്ച ഫ്രഞ്ച് കൊളോണിയൽ ശക്തി ഷെയ്ഖ് അഹ്‌മദൗ ബാംബാ എമ്പാകെയെ 1895 ൽ മധ്യാഫ്രിക്കൻ രാജ്യമായ ഗാബണിലേക്കു നാടുകടത്തി. പക്ഷെ അദ്ദേഹത്തിന്റെ കീർത്തി വർധിക്കുകയാണുണ്ടായത്. 1902 ൽ ഗാബനിൽ നിന്നുള്ള ഷെയ്ഖ് അഹ്‌മദൗ ബാംബാ എമ്പാകെയുടെ മടക്കം ഫ്രഞ്ച് അധിനിവേശത്തിന്നെതിരായ വിജയം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ അനുയായികൾ കണ്ടത്. ഈ ഓർമ നിലനിർത്താനായി മഗൽ എന്ന പേരിൽ എല്ലാ വർഷവും തൂബ നഗരത്തിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ മുരീദിയ്യ ത്വരീഖത്തു സംഘടിപ്പിച്ചു വരുന്നു. ഫ്രഞ്ച് അധിനിവേശ വിരുദ്ധ വികാരം സെനഗൽ മുസ്ലിം ജനതയിൽ ജ്വലിപ്പിച്ചു നിർത്താൻ ഈ വാർഷിക സ്മരണക്കു കഴിയുന്നുണ്ട്.

സെനഗൽ മുസ്ലിംകൾക്കിടയിൽ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകമായും ദരിദ്രരായ കർഷകർക്കും അടിമ ജീവിതം നയിച്ചവർക്കും സംരക്ഷണം നൽകിയ അല്ലാഹുവിന്റെ വലിയ്യായും ആദരിക്കപ്പെടുന്ന മഹാ പണ്ഡിതനാണ് ഷെയ്ഖ് അഹ്‌മദൗ ബാംബാ എമ്പാകെ. സെനഗൽ -ഗാംബിയൻ പ്രദേശങ്ങളിൽ ഇസ്ലാമിക പ്രബോധനത്തിൽ പ്രധാന പങ്കു വഹിച്ച ഷെയ്ഖ് എമ്പാകെ രചനകൾ ഇന്നും അവിടങ്ങളിൽ ഇസ്ലാമിക വിജ്ഞാന സ്രോതസുകളായി പരിഗണിക്കപ്പെടുന്നു.അല്ലാഹുവും നബി(സ)യും അല്ലാതെ വേറൊരു രാജാവിന്റെയും സഹായികളുടെയും ആവശ്യമില്ല എന്നു എമ്പാകെ പ്രഖ്യാപിച്ചു.തൗഹീദ്, ഭരണകൂട വിമർശം, തസവ്വുഫ് തുടങ്ങിയ വിഷയങ്ങളെല്ലാം അദ്ദേഹത്തിന്റെ രചനകളിൽ കാണാം. അഹിംസയും മർദ്ധക ഭരണകൂടത്തോടുള്ള നിസ്സഹകരണവും അദ്ദേഹത്തിന്റെ പ്രധാന ചിന്തകളാണ്.സെനഗലിലെ മുജദ്ദിദ് എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ഫ്രഞ്ച് അധികാരികൾക്കു കീഴ് വണങ്ങിയിരുന്ന പ്രാദേശിക ഗോത്ര നേതാക്കളുടെ സ്വീകാര്യത ഇല്ലാതാകാനും അതിലൂടെ സെനഗലിലെ സാമൂഹിക- രാഷ്ട്രീയ മേഖലകളിൽ ഫ്രഞ്ച് അധിനിവേശ ശക്തിക്കുണ്ടായിരുന്ന മേധാവിത്വം വലിയ തോതിൽ കുറയുവാനും കാരണമായി. ഈ ഗോത്ര നേതാക്കളുടെ ആവശ്യപ്രകാരം ഫ്രഞ്ചുകാർ അദ്ദേഹത്തെ 1903 ൽ മൗരിത്താനിയയിലേക്കു നാടു കടത്തി.ബാംബ എമ്പാകെ ദാറുൽ ഹർബ്, ദാറുൽ ഇസ്ലാം എന്ന സാമ്പ്രദായിക രാഷ്ട്രീയ സംജ്ഞക്കു പകരം സെനഗലിനെ ‘കുഫ്റി’ൽ കഴിയേണ്ടി വരുന്ന ‘ദാറുൽ മുരീദ്’ (അദ്ധേഹത്തിന്റെ ശിഷ്യ ഗണങ്ങളുടെ ഗേഹം) എന്നാണ് വിശേഷിപ്പിച്ചത്.

ഫാദിലിയ്യ ത്വരീഖതും മൗറിത്താനിയയിലെ ചെറുത്തുനിൽപ്പും

ബിലാദുശ്ശൻഖീത് എന്നറിയപ്പെട്ടിരുന്ന മൗറിത്താനിയ അധിനിവേശവിരുദ്ധ പോരാട്ടങ്ങൾക്കു കീർത്തി കേട്ട പശ്ചിമാഫ്രിക്കൻ പ്രദേശമാണ്.

ഖാദിരി ത്വരീഖത്തിന്റെ ഉപവിഭാഗമായ ഫാദിലിയ്യ സരണിയുടെ സ്ഥാപകൻ ശൈഖ് മുഹമ്മദ് ഫാദിൽ മാമീനി(1795-1869 )ന്റെ മുതിർന്ന പുത്രൻ ശൈഖ് മുഹമ്മദ് മുസ്തഫ മാഉൽ അയ്നൈൻ അൽ -ശൻഖീതി ( 1830-1910) സ്പാനിഷ് – ഫ്രഞ്ച് അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൂഫീവര്യനാണ്. പക്ഷെ ഇളയ സഹോദരൻ ശൈഖ് സഅദ് ബൂഹി ( 1850-1917) ഫ്രഞ്ച് അധികാരികളെ സഹായിക്കുകയാണുണ്ടായത്. 1910-ൽ ഇസ്ലാം വ്യാപനത്തിനു സഹായിക്കുന്നവരും പ്രാദേശിക സമാധാനം ഉറപ്പുവരത്തുകയും ചെയ്യുന്ന ഫ്രാൻസിനോടു യുദ്ധം ചെയ്യരുതെന്നു ജ്യേഷ്ഠ സഹോദരനോടു ആവശ്യപ്പെടുന്ന ശൈഖ് ബൂഹിയുടെ സന്ദേശം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടു വ്യക്തമാക്കുന്നുണ്ട്.മൗറിത്താനിയയുടെ സമകാലിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ വൈദേശിക ശക്തികളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്ത സൂഫികളെ ദേശവഞ്ചകർ എന്നു വിളിക്കുന്നതും കാണാം.

ശൈഖ് മാഉൽ അയ്നൈനിയുടെ മരണശേഷം മകൻ ശൈഖ് അഹ്മദ് അൽ -ഹിബ (1877 – 1919) ചെറുത്തുനിൽപിന്റെ നേതൃത്വം ഏറ്റെടുത്തു. ഈ പോരാട്ടമധ്യേ 1912 ൽ മൊറോക്കോയുടെ സുൽത്താനായി അധികാരത്തിലേറാനും അദ്ദേഹത്തിനു കഴിഞ്ഞു. ജീവിതാന്ത്യം വരെയും ഫ്രഞ്ച് അധിനിവേശകർക്കു വെല്ലുവിളി ഉയർത്തിയിരുന്നു. ശൈഖ് അഹ്മദ്‌ അൽ-ഹിബയുടെ സഹോദരൻ ശൈഖ് അഹ്മദ് മെറബി റബു ചെറുത്തുനിൽപ്പ് തുടർന്നു.

ആഫ്രികെ ഓക്സിഡെന്റാലെ ഫ്രാന്റ സെ (Afrique Occidentale Française (AOF) യുടെ കീഴിൽ മൗറിത്താനിയയിൽ ഫ്രഞ്ച് വിദ്യാഭ്യാസ – രാഷ്ട്രീയക്രമം നടപ്പിലാക്കാനുള്ള കൊളോണിയൽ ശക്തിയുടെ നടപടിയെ തദ്ദേശീയ സൂഫീ പണ്ഡിതർ ശക്തിയുക്തം എതിർത്തിരുന്നു. 1905 ൽ ശൈഖ് ശെരീഫ് വലദ് മൗലയ് സെയ്നിന്റെ നേതൃത്വത്തിൽ മൗറിത്താനിയയിലെ ഫ്രഞ്ച് അധികാരി സാവിയർ കോപലാനിയെ വധിച്ച സംഭവം പ്രാദേശിക അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നു.ആയുധ-അടിമക്കച്ചവടം നടത്തുന്നതിലും നേതൃത്വം കൊടുത്ത കോപലാനിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നടന്ന ഈ സംഭവം ജനങ്ങൾ സ്വാഗതം ചെയ്തു.

ശൈഖ് ഇബ്റാഹീം നിയാസി

തിജാനി ശൈഖായ ഇബ്റാഹീം ഇബ്നു അബ്ദില്ല നിയാസി (1900 – 1975) യും പശ്ചിമാഫ്രിക്കൻ മുസ്ലിം സമൂഹത്തിന്റെ അപകോളനീകരണ ഘട്ടത്തിൽ നിർണായക സാന്നിധ്യമായിരുന്നു.ശൈഖ് ഇബ്റാഹീം നിയാസിയുടെ തിജാനി വിഭാഗം പശ്ചിമാഫ്രിക്കയിൽ കൊളോണിയൽ വിരുദ്ധ മനോഭാവവും ദേശാന്തരീയ ഐക്യദാർഢ്യവും രൂപപ്പെടുത്തിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
രണ്ടാം ലോക യുദ്ധാനന്തരം ശൈഖ് നിയാസിയുടെ കീർത്തി ഏഷ്യൻ – ആഫ്രിക്കൻ വൻകരകളിൽ പരന്നു. അദ്ദേഹത്തിന്റെ ചിന്തകൾ ആഫ്രിക്കൻ സ്വാതന്ത്ര്യ മോഹത്തിന്നു പ്രചോദനം നൽകുന്നതായിരുന്നു.1960 – ൽ എഴുതിയ ‘ആഫ്രിക്ക ആഫ്രിക്കക്കാർക്കുള്ളത് ‘ എന്ന ലേഖനത്തിൽ ആഫ്രിക്കൻ വംശജരുടെ സ്വാതന്ത്ര്യ ദാഹം പ്രകടമായിരുന്നു. വൈദേശിക ആധിപത്യം അവസാനിച്ചു എന്നും ആഫ്രിക്ക തദ്ദേശീയർക്കാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്.ഫ്രഞ്ച് ഭരണകൂടം ശൈഖ് നിയാസിയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. പശ്ചിമാഫ്രിക്കൻ പ്രദേശങ്ങളിലെ അദ്ദേഹത്തിന്റെ സന്ദർശനങ്ങൾ നിരീക്ഷിക്കാൻ വേണ്ടി ബ്രിട്ടീഷ് – ഫ്രഞ്ച് സംയുക്ത പദ്ധതി പോലും തയ്യാറാക്കിയിരുന്നു.ഫ്രഞ്ച് അധിനിവേശത്തിനെതിരെ പ്രാർഥിക്കാനും ‘ഹസ്ബുല്ലാഹ് വ നി’അമൽ വക്കീൽ ‘ എന്നു ആവർത്തിച്ചു ഉച്ചരിക്കാനും അനുയായികളോടു കൽപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കവിതകളിലും കോളനിവൽക്കരണത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു എന്ന്‌ സച്ചരി റൈറ്റ് എഴുതുന്നു.അദ്ദേഹത്തിന്റെ കൃതികളിൽ അനീതിക്കും മർദ്ദക ഭരണകൂടത്തിനുമെതിരെ പ്രാർഥനകൾ ഉൾപ്പെടുത്തിരിക്കുന്നു.ഫ്രഞ്ചുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ചതിയിൽ വീഴരുതെന്നും ഇതര വിശ്വാസി സമൂഹവുമായി ചേർന്ന് ദേശനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഭരണകൂടവും രാജാവും മുസ്ലിമോ അമുസ്ലിമോ ആകാം ; അനീതിയും മർദ്ദക നയവും ഉണ്ടാകാൻ പാടില്ല. കൂടിയാലോചനയാണ് ഭരണകൂടത്തിന്റെ അടിത്തറയാകേണ്ടത് എന്നും ശൈഖ് നിയാസി അഭിപ്രായപ്പെട്ടു.

പതിനൊന്നാം നൂറ്റാണ്ടിൽ പ്രമുഖ പണ്ഡിതൻ അബ്ദുല്ലാഹ് ഇബ്നു യാസീൻ സ്ഥാപിച്ച മുറാബിതൂൻ പ്രസ്ഥാനം പശ്ചിമാഫ്രിക്കൻ മുസ്ലിം സാമൂഹിക ജീവിതത്തിൽ നിരവധി വിഭാഗങ്ങൾക്കു ജന്മം നൽകിയിട്ടുണ്ട്. പിൽകാലത്തു രൂപപ്പെട്ട ഒട്ടുമിക്ക സൂഫീധാരകളിലും മുറാബിതുകളുടെ സ്വാധീനമുണ്ടായിട്ടുണ്ട്. ഖാദിരിയ്യ, തിജാനിയ്യ , മുരീദിയ്യ, ഫാദിലിയ്യ എന്നീ സൂഫീ സരണികൾ പശ്ചിമാഫ്രിക്കൻ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിർണ്ണായക സ്വാധീനം ചെലുത്തിയ പ്രസ്ഥാനങ്ങളാണ്. ഈ സൂഫീധാരകളിലും മുറാബിതുകളുടെ ചിന്തകൾ പ്രകടമാണ്. പശ്ചിമാഫ്രിക്കൻ പ്രദേശങ്ങളിലെ മുസ്ലിം ജീവിതത്തെ പടുത്തുയർത്തിയ ഈ പ്രസ്ഥാനങ്ങൾ
ഇസ്‌ലാം വ്യാപനം, അടിമവ്യാപരത്തിനു വെല്ലുവിളി ഉയർത്തുക, സാമൂഹിക-രാഷ്ട്രീയ വിപ്ലവം, കോളനിവൽകരണത്തെ ചെറുക്കുക എന്നീ വിഷയങ്ങളിൽ യോജിച്ചിരുന്നു. സമകാലിക പശ്ചിമാഫ്രിക്കൻ മുസ്‌ലിം വ്യവഹാരങ്ങളിലും ഈ സൂഫീ ധാരകൾ അനിഷേധ്യമായ പങ്കു വഹിക്കുന്നുണ്ട്.

അവലംബം :

Amir Syed, Rudolph Ware, and Zachary Valentine Wright (2018) Jihad of the Pen: The Sufi Literature of West Africa

Cheikh Anta Babou (2005) Contesting Space, Shaping Places: Making Room for the Muridiyya in Colonial Senegal,
1912-45

Cheikh Anta Babou(2007) Fighting the Greater Jihad
Amadu Bamba and the Founding of the
Muridiyya of Senegal, 1853–1913

Cheikh Anta Babou (2021) The Muridiyya on the Move
Islam, Migration, and Place Making

Christopher Howard Gordon Harrison (2018) FRENCH ATTITUDES AND POLICIES TOWARDS ISLAM
IE WEST AFRICA, c. 1900 – 1940

Daniel Huet (2020) The Role of Sufism in Islamic
Reform in West Africa

David Robinson(1971)The Impact of Al-Hajj ‘Umar on the Historical Traditions of the Fulbe

Elemine Ould Mohamed Baba and Francisco Freire( 2020) Looters vs. Traitors: The Muqawama
(“Resistance”) Narrative, and its
Detractors, in Contemporary
Mauritania

Erin Pettigrew (2007) Colonizing the Mabadra: Language, Identity,
and Power in Mauritania Under French Control

Hadja Tall (2006)Al Hajj Umar Tall: The Biography of a Controversial Leader

John Glover (2007) Sufism and jihad in modern Senegal: the Murid order

Mallam M. Bashir Abubakar (2013) Muslim Responses to British Colonialism in Northern Nigeria as Expressed in Fulfulde
Poems

Muhammad Sani Umar (2006) Islam and Colonialism: Intellectual Responses of Muslims of Northern Nigeria to British Colonial Rule

Rüdiger Seesemann and Benjamin F. Soares( 2009)’Being as Good Muslims as Frenchmen’: On Islam and Colonial Modernity in West Africa

Zachary Wright (2013) Islam and Decolonization in Africa: The Political Engagement of a West African
Muslim Community

  • Wendell Hassan Marsh(2018) Compositions of Sainthood: The Biography of Ḥājj ʿUmar Tāl by Shaykh Mūsā Kamara

Leave a Reply

Your email address will not be published. Required fields are marked *