ഭൂരിപക്ഷ ജനാധിപത്യത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ, ജന സംവാദങ്ങളിലെ ഇടത് ആഖ്യാനങ്ങളുടെ കുത്തകവത്കരണം, ചരിത്ര രചനയിൽ പ്രതിസ്വരങ്ങളെ ഇല്ലായ്മ ചെയ്യൽ, വമ്പിച്ച സൈനിക ശക്തിയുപയോഗിച്ചു കൊണ്ട് തങ്ങളുടെ ഭൂപ്രദേശങ്ങളെ കൈപ്പിടിയിലൊതുക്കി നിർത്തുന്ന ദേശ-രാഷ്ട്രങ്ങളുടെ ആധിപത്യ സ്വഭാവം, സാമ്രാജ്യത്വ-കോളനിവിരുദ്ധ സമരങ്ങളിലെ മുസ്‌ലിംകളുടെയും (സവിശേഷമായി) മറ്റു പരമ്പരാഗത മൈത്രീ വിഭാഗങ്ങളുടെയും പങ്ക് തുടങ്ങിയ അനേകം പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിയാണ് ഷർജീൽ ഇമാം. കമ്പ്യൂട്ടർ സയന്റിസ്റ്റും ആധുനിക ചരിത്ര പണ്ഡിതനും കൂടിയാണ് അദ്ദേഹം. എല്ലാ ‘തത്പര’ വിഭാഗങ്ങളുടെയും ഇഷ്ട കേന്ദ്രമായി മാറുന്നതിനു വളരെ മുൻപു തന്നെ, ഷാഹീൻ ബാഗ് സമരപന്തൽ സ്ഥാപിക്കുന്നതിൽ നിർണായകമായ പങ്കാണ് ഷർജീൽ വഹിച്ചത്. രാജ്യത്തെ വളർന്നുവരുന്ന യുവതലമുറക്കു നൽകാൻ കൃത്യമായ പദ്ധതിയും ദിശാബോധവും ഷർജീലിന്റെ പക്കലുണ്ടായിരുന്നു. കേവലമായ ബൃഹദാഖ്യാനങ്ങൾക്കപ്പുറത്ത്, മർദക കോർപറേറ്റിസത്തോടുള്ള പോരാട്ടങ്ങളെ സാധ്യമാക്കുന്ന ബദൽ പരിപ്രേക്ഷ്യങ്ങൾ സമർപ്പിക്കുന്ന എഴുത്തുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ലോകത്തെങ്ങുമുള്ള ന്യൂനപക്ഷങ്ങളുടെ പോരാട്ടങ്ങൾക്ക് ഉപകരിക്കുന്നതാണ് ഷർജീലിന്റെ ആശയങ്ങൾ. കൂടുതൽ ജീവിക്കാനനുവദിച്ചാൽ, ഇത്തരം പോരാട്ടങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ സംഭാവനകൾ നൽകാനും അദ്ദേഹത്തിനു കഴിയുമെന്നത് തീർച്ചയാണ്.
അദ്ദേഹം ചെയ്തുകൊണ്ടിരുന്ന ഒരുപാട് കാര്യങ്ങൾ ഒന്ന്- എൻആർസി-സിഎഎ സമര കാലത്ത് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗം ‘യൂത്ത് നീതി’ എന്ന യൂട്യൂബ് ചാനലിൽ 2020 ജനുവരി 17ന് അപ്‌ലോഡ് ചെയ്യപ്പെടുകയുണ്ടായി. ജനുവരി 25ന് ആ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയും, കുറച്ചു ദിവസങ്ങൾക്കു ശേഷം ബീഹാറിലെ ജെഹനാബാദിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അന്നു മുതൽ അദ്ദേഹം എഴുതിയ എല്ലാ ആശയങ്ങളെയും മറച്ചുപിടിക്കുന്ന തരത്തിൽ ഒരുപാട് ലേഖനങ്ങളും പോസ്റ്റുകളും എഴുതപ്പെട്ടു. ഇപ്പോൾ ഷർജീലിനെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞാൽ, അദ്ദേഹത്തിന്റെ എഴുതുകളല്ല, മറിച്ച് അദ്ദേഹത്തിനെതിരെ എഴുതപ്പെട്ട ലേഖനങ്ങളാണ് നമുക്കു ലഭിക്കുക.
ബിജെപിയുടെ കണക്കിൽ ഷർജീൽ എങ്ങനെയാണ് രാജ്യദ്രോഹിയായതെന്ന് നമുക്ക് മുൻപേ അറിയാമല്ലോ. ബിജെപിയുടെ നിലപാട് വ്യക്തമാണ്- ഷർജീൽ ശത്രുവാണ്, അതനുസരിച്ചു വേണം അയാളെ കൈകാര്യം ചെയ്യാൻ, എന്നതാണത്. എന്നാൽ, ഇടതു-ലിബറൽ ആശയക്കാരുടെ സഹജമായ അജ്ഞതയും കാപട്യവും നിറഞ്ഞ നിലപാടാണ് ഇവിടെ അഴിച്ചു പരിശോധിക്കേണ്ടത്. നിലനിൽക്കുന്ന ഇന്ത്യൻ സ്റ്റേറ്റിന്റെയും ഭരണഘടനയുടെയും കൊട്ടിഘോഷിക്കപ്പെടുന്ന അഖണ്ഡതയിൽ വിശ്വസിക്കുന്ന എല്ലാവരും ശത്രുക്കളാണ് എന്ന് ഷർജീൽ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ബിജെപി ശത്രുവിനെപ്പോലെ പെരുമാറുകയും സ്വയം ശത്രുവെന്നു വിളിക്കുകയുമാണ്. ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ ആൾത്താരകളിൽ വണങ്ങുന്ന ഇടത് ലിബറലുകളാവട്ടെ, സ്വയം ശത്രുക്കളാണെന്ന് അംഗീകരിക്കാനുള്ള മര്യാദ പോലും കാണിക്കുന്നില്ല. ഷാഹീൻ ബാഗിൽ എ.ജെ.കെ (ആസാദ് ജമ്മു കശ്മീർ) അടക്കം മുഴുവൻ കശ്മീർ പ്രദേശങ്ങളുമുള്ള ഇന്ത്യയുടെ ഒരു മാപ്പ് ഉണ്ട്. എന്നിട്ടും, ഇന്ത്യൻ ഭൂപടത്തിന്റെ ഈ അതിദേശീയ പതിപ്പിനെ പാടെ തിരസ്കരിച്ച കശ്മീരികളുടെ ശത്രുക്കളാണ് തങ്ങൾ എന്ന് അംഗീകരിക്കാൻ അവർ തയ്യാറല്ല.
ഞങ്ങൾ ഷർജീലിനോട് യോജിക്കുന്നില്ല, എന്നാൽ, അയാളുടെ മേൽ രാജ്യദ്രോഹം ചുമത്താൻ പാടില്ലാത്തതാകുന്നു- ഇതാണ് ഷർജീലിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഇടതു-ലിബറലുകൾ സ്വീകരിച്ച നിലപാട്. രാജ്യദ്രോഹത്തിനു പകരം, ഇക്കൂട്ടർ ഷർജീലിനു മേൽ ചാർത്തുന്ന മറ്റു ചില കുറ്റങ്ങൾ കാണുക:
1. മുസ്‌ലിംകളുടെ നിലപാടിനൊത്ത് നിൽക്കാൻ ഷർജീൽ അമുസ്‌ലിംകളോട് ആവശ്യപ്പെടുന്നു- അഥവാ വർഗീയത
2.ഷർജീലിന്റെ പ്രസംഗം ബിജെപിയെ സഹായിക്കുന്നതാണ്, കാരണം സമയം അതിനു യോജിച്ചതല്ല- അഥവാ വിഡ്ഢിത്തം
ഷർജീലിന്റെ പ്രസംഗം കെട്ടിട്ടില്ലാത്തവരോ, കേട്ടിട്ടും മനസ്സിലായിട്ടില്ലാത്തവരോ ആയ ഇടത്-ലിബറലുകൾക്ക്, കോൺഗ്രസും അവരുടെ അനുഭാവികളായ ദയൂബന്ദി ഉലമാക്കളും ചേർന്ന് ബറേൽവി ഉലമക്കൾക്കു മേൽ ചേർത്തിയതും ഇതേ കുറ്റമായിരുന്നു എന്നതിലെ വൈരുദ്ധ്യം മനസ്സിലാവുന്നില്ല. കോൺഗ്രസിനെ എതിർത്തു എന്നതായിരുന്നു ബറേൽവികൾ ചെയ്ത ‘മാപ്പർഹിക്കാത്ത കുറ്റം’ എന്ന് ഷർജീൽ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഓർമിപ്പിക്കുന്നുണ്ട്. ഇന്ന് ഷർജീൽ ചെയ്ത മാപ്പർഹിക്കാത്ത കുറ്റവും അതുതന്നെയാണ്- ഇടതു-ലിബറൽ കൂട്ടുകെട്ടിനെ എതിർത്തു എന്നതുതന്നെ. ബിജെപിക്കെതിരെ ഇടതു-ലിബറൽ നയങ്ങളെ പിന്താങ്ങിയാൽ മാത്രമേ, അദ്ദേഹത്തിന്റെ നിലപാടുകളെ അവർ അംഗീകരിക്കുകയുള്ളൂ. അല്ലാത്തപക്ഷം, ഇടതു-ലിബറൽ ഹിന്ദു ദേശീയതയോട് കൂടുതൽ ചേർന്നുനിൽക്കുന്ന മുസ്‌ലിംകളുടെ ചെലവിൽ അദ്ദേഹത്തെ നിശബ്ദമാക്കുകയോ അരികുതള്ളുകയോ ചെയ്യും. ദയൂബന്ദി-ബറേൽവി സംവാദങ്ങൾ ഇന്ത്യൻ മുസ്‌ലിം പരിസരങ്ങളിൽ ഇപ്പോഴും അനുഭവപ്പെടുന്നുണ്ടെന്ന് ഷർജീൽ പ്രസംഗത്തിൽ പറയുന്നുണ്ട്. കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും കൊണ്ടുപിടിച്ചുള്ള പ്രയത്നങ്ങൾക്ക് ശേഷവും, ദയൂബന്ദികളാണ് തങ്ങളുടെ ഏക രക്ഷക വിഭാഗം എന്ന ഉമ്മാക്കി ഇന്ത്യൻ മുസ്‌ലിംകൾ അംഗീകരിച്ചിട്ടില്ല. മറിച്ച് ഇസ്‌ലാമിന്റെ ഇടതു-ലിബറൽ, ഹിന്ദു വിധേയപ്പെടുത്തലിനെതിരെ കലഹിച്ചുകൊണ്ട് ബറേൽവി പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് അവർ ചെയ്തത്.
ഷർജീൽ അറസ്റ്റിലായതിനു ശേഷം ഒരാഴ്ച്ചക്കിടെ എഴുതപ്പെട്ട രണ്ടു ലേഖനങ്ങളും ഒരു ഫേസ്ബുക്ക് പോസ്റ്റുമാണ് നമ്മളിവിടെ പരിശോധിക്കുന്നത്. ഷർജീൽ ഇമാമിനെ കുറിച്ചുള്ള ഇടതു-ലിബറൽ നിലപാടിന്റെ ഇടുക്കവും ബൗദ്ധിക വഞ്ചനയും ഏറെക്കുറെ പ്രതിഫലിപ്പിക്കുന്നതാണ് ഈ എഴുത്തുകൾ. എഴുത്തുകാരിൽ ഒരാൾ ഒരു ബ്രാഹ്മണനായ സാമൂഹിക നീതി സേവകനാണ്. ഒരാൾ ഇന്ത്യയുടെ മതേതര സോഷ്യലിസ്റ്റ് ആശയത്തിൽ വിശ്വസിക്കുന്ന മുസ്‌ലിം മാധ്യമപ്രവർത്തകനും, മറ്റൊരാൾ സമാകാലിക കലാകാരനായ ബ്രാഹ്മണ വ്യക്തിയും. ഫലത്തിൽ, ഒരു ഗാന്ധിയൻ, ഒരു ഇടത്, ഒരു ലിബറൽ.
നമ്മൾ ചർച്ച ചെയ്യുന്ന ആദ്യ ലേഖനം ദ് വയറിൽ പ്രസിദ്ധീകരിച്ച ഡോ. പ്രൊഫ. അപൂർവാനന്ദിന്റേതാണ്. യൂണിവേഴ്സിറ്റി ഓഫ് ഡൽഹിയിലെ ഹിന്ദി ഡിപ്പാർട്മെന്റിൽ പ്രഫസറായ ഇദ്ദേഹം, ദൈനംദിന രാഷ്ട്ര വിഷയങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രമുഖനാണ്. “ഷർജീൽ ഇമാമിന്റെ പ്രസംഗം അതിരുകടന്നതും നിരുത്തരവാദിത്വപരവുമാണ്, എന്നാലത് രാജ്യദ്രോഹമായൊരുന്നോ?” എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ഒരു നിരന്തര ന്യൂനപക്ഷാവകാശ പോരാളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന അപൂർവാനന്ദ് ജിക്ക്, ഷർജീലിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുന്ന തന്റെ ലേഖനത്തിൽ ഇപ്രകാരം ചേർക്കേണ്ടി വന്നു:
“അമുസ്‌ലിംകൾ ഞങ്ങളുടെ വ്യവസ്ഥകൾ അംഗീകരിച്ചു വേണം ഈ നിയമത്തിനെതിരെയുള്ള സമരത്തിൽ കൈകോർക്കാൻ എന്ന ഷർജീലിന്റെ വാദം തെറ്റാണ്. മുസ്‌ലിമിനെയും അമുസ്‌ലിമിനെയും ഒന്നിപ്പിക്കുന്ന ലളിതമായ ഒരു തത്വമുണ്ട്, അതാണ് തുല്യ പൗരത്വത്തിനുള്ള അവകാശം. തുല്യ പൗരത്വത്തിനു വേണ്ടിയുള്ള സമരത്തിൽ ഉപാദികളൊന്നും പാടില്ല. ഉപാദി വെക്കുക എന്നാൽ സാധ്യമായ ഐക്യത്തെ അലസിപ്പിക്കലാണ്. പീഡിതർക്കു വേണ്ടി പോരാടിക്കുന്ന ഏതു വിഭാഗവും, അവർ മാത്രമാണ് പോരാടുന്നതെങ്കിൽ വിജയം കാണുക സാധ്യമല്ല”.
ഷർജീലിന്റെ പ്രസംഗത്തിന്റെ യഥാർഥ പശ്ചാത്തലങ്ങളെ മനസ്സിലാക്കുന്നതിലുള്ള അപൂർവാനന്ദ്ജിയുടെ താത്പര്യക്കുറവിൽ നിന്നും പറഞ്ഞു തുടങ്ങാം. മർദിതർ മാത്രം അവർക്കു വേണ്ടി പോരാടിയാൽ മതി എന്ന് ഷർജീൽ ഒരിക്കലും അഭിപ്രായപ്പെടുന്നില്ല. നേരെ മറിച്ചാണ് അദ്ദേഹത്തിന്റെ വാദം:
“ബൗദ്ധികരെന്ന നിലക്ക്, ഒരു അമുസ്‌ലിമിനെയെങ്കിലും നമ്മുടെ കൂടെ കൂട്ടണം. ഡൽഹിയിലുള്ള പണ്ഡിതരുടെ ഉത്തരവാദിത്വമാണത്. നമ്മൾ 500 മുസ്‌ലിംകളുടെ ഒരു സംഘം രൂപീകരിക്കുകയും, അത്യാവശ്യമെങ്കിൽ 500 ഹിന്ദു ജനങ്ങൾ അവർക്ക് പിന്തുണയുമായി വരുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. നമ്മുടെ ജീവിതം അവിടെ ചെലവഴിക്കണം, കുറഞ്ഞത് ഇത്രയും ചെയ്യാണെങ്കിലും നമ്മൾ ഒരുപാട് പണിയെടുത്തു കഴിഞ്ഞു. 500 മുസ്‌ലിംകളെയും 500 അമുസ്‌ലിംകളെയും നമ്മുടെ ലക്ഷ്യത്തിനു വേണ്ടി തെരുവിൽ അണിനിരത്താനാവണം നമ്മൾ ശ്രമിക്കേണ്ടത്. എല്ലാ ഓരോരുത്തർക്കും ഒരു ഹിന്ദുവിനെയെങ്കിലും നമ്മുടെ ലക്ഷ്യത്തിനു വേണ്ടി യോജിച്ചു പ്രവർത്തിക്കാൻ ലഭിക്കില്ലേ? എങ്കിൽപിന്നെ മാറ്റാരുടെയും സഹായം നമുക്കു വേണ്ടതില്ല. വർഗീയ ചാപ്പ പതിച്ചു കിട്ടുന്നതിൽ നിന്ന് നമ്മുടെ ജീവിതങ്ങളെ രക്ഷിക്കേണ്ടതില്ലേ, യഥാർഥത്തിൽ വർഗീയ ചാപ്പയല്ല വിഷയം, അതിനെ തുടർന്നുണ്ടാകുന്ന മർദനങ്ങളാണ്. ഒറ്റക്കാവുകയും അതിക്രൂരമായി പോലീസിനാൽ തല്ലിച്ചതക്കപ്പെടുന്നതുമാണ് വിഷയം. ഡൽഹിയിൽ ഈ വർഗീയ ചാപ്പയുടെ വിഷയം ഏറെ പറയപ്പെട്ടതാണ്. ഡൽഹിയിൽ നമ്മുടെ ലക്ഷ്യം, അമുസ്‌ലിംകൾ ഉൾപ്പെടെ നമുക്കൊപ്പം നാരാ-എ-തക്ബീർ വിളിച്ച് നമ്മുടെ ഉപാദികളോട് ചേർന്നു നിൽക്കുന്ന ഒരു ജനാവലിയെ സൃഷ്ടിച്ചെടുക്കുക എന്നതാണ്. നമ്മുടെ ഉപാധികളെ സ്വീകരിക്കാൻ ഒരുക്കമല്ല എങ്കിൽ, അതിനർത്ഥം അവർ നമ്മളെയും നമ്മുടെ ജനക്കൂട്ടത്തെയും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. കഴിഞ്ഞ 70 വർഷമായി അതുതന്നെയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നതും. അമുസ്‌ലിംകളോട്, അവർ നമ്മുടെ അനുയായികളാണെങ്കിൽ നമ്മുടെ കാരണത്തോട് ചേർന്നുനിൽക്കണം എന്നു വ്യക്തമായും പറയാനുള്ള സമയമായിരിക്കുന്നു. അല്ലാത്തപക്ഷം അവർ നമ്മുടെ അനുഭാവികളല്ല”.
മുസ്‌ലിംകളോട് ചേർന്നുനിൽക്കാൻ തന്നെയാണ് ഷർജീൽ അമുസ്‌ലിം ജനത്തോട് പറയുന്നത്. അപൂർവാനന്ദിന്റെ വാദത്തിലേക്കു വരാം. തുല്യ പൗരത്വത്തിനു വേണ്ടിയുള്ള സമരത്തിൽ ഉപാധികൾ ഉണ്ടാവാൻ പാടില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്തുകൊണ്ട് ഉപാധികളായിക്കൂടാ? അദ്ദേഹം അതിനെ വിശദീകരിക്കാൻ തുനിയുന്നില്ല. തുല്യ പൗരത്വത്തിന്റെ ഈ ഗാന്ധിയൻ ആശയത്തെ പ്രകൃതിയാൽ തന്നെ സ്ഥാപിക്കപ്പെട്ട ഏതോ തത്വമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. തുല്യ പൗരത്വത്തിന്റെ മറ്റൊരു വ്യാഖ്യാനം കാണാം; ജിന്നയുടേതാണ് അത്. ” രാഷ്ട്രീയ ഇച്ഛാശക്തിയിൽ നിന്നാണ് രാഷ്ട്രീയ അവകാശങ്ങൾ ഉത്ഭവിക്കുന്നത്”. ജിന്നയെ കുറിച്ചുള്ള ലേഖനത്തിൽ ഷർജീൽ ഇമാം പറയുന്നത് കാണുക: “രണ്ടു സമുദായങ്ങളും പരസ്പരം ബഹുമാനിക്കാൻ തയ്യാറാവുന്നില്ലെങ്കിൽ, ഏതു വാദങ്ങൾക്കും ഒരു കഷണം പേപ്പറിന്റെ വില മാത്രമേ ഉണ്ടാകൂ”. അപ്രകാരം തുല്യ പൗരത്വത്തിന് രാഷ്ട്രീയ അധികാരത്തിന്റെ ഉറപ്പിൽ ഉപാധി നിശ്ചയിക്കാൻ സാധിക്കും. അഥവാ, ആവശ്യപ്പെടുന്ന പിന്തുണ തന്നെയാണ് നൽകപ്പെടുക എന്ന ഉറപ്പിനു വേണ്ടി. മിലിറ്ററിയിലും പോലീസിലും ഭരണനിർവഹണ വിഭാഗങ്ങളിലും ജുഡീഷ്യറിയിലുമുള്ള സംവരണങ്ങളാണ് തുല്യ പൗരത്വത്തിനു വേണ്ടിയുള്ള സമരങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആവശ്യപ്പെടാൻ സാധിക്കുന്ന മുന്നുപാധികളിൽ ചിലത്. അപൂർവാനന്ദ് ജി കരുതുന്നത് തന്റെ പേരിൽ നിന്നും ‘ത്സാ’ എന്ന ജാതിവാൽ ഒഴിവാക്കിയാൽ തുല്യ പൗരത്വം പുലരുമെന്നാണ്. തുല്യ പൗരത്വം ഉറപ്പുവരുത്തുന്നതിന് കേവലമായ ഈ മുദ്രകൾക്കപ്പുറമുള്ള കാര്യങ്ങൾ വേണ്ടിവരും. സാമൂഹിക-സാമ്പത്തിക കാര്യങ്ങൾ ജാതിരഹിതമാവുന്നതു വരെ, ജാതിരാഹിത്യത്തെ കുറിച്ച് പറയുന്നതിൽ നിന്നും ഇന്ത്യയിലെ മേൽജാതി വിഭാഗങ്ങളെ വിലക്കണമെന്നാണ് പറയാനുള്ളത്.
അപൂർവാനന്ദ് തന്റെ സ്വന്തം ഉപാധികളിൽ ഷർജീലിനെ പിന്തുണക്കാൻ തയ്യാറാണ്. അതിലദ്ദേഹത്തിന്റെ പ്രശ്നവുമില്ല. തന്റെ ഉപാധികളെ മാനിക്കുന്ന അമുസ്‌ലിമിന്റെ പിന്തുണ ആഗ്രഹിക്കുന്നു എന്ന് ഷർജീൽ കൃത്യമായി പറഞ്ഞതിനു ശേഷവും, ആ ഉപാധികളെ മാനിക്കാതെ ഷർജീലിന് നിർബന്ധിച്ചു പിന്തുണ നൽകാനുള്ള ദാർഷ്ട്യവും മര്യാദകേടും അദ്ദേഹത്തിനുണ്ടാകുന്നു എന്നതിന്റെ അർത്ഥമെന്താണ്. സമുദായങ്ങൾ അവരുടെ ആഘോഷ വേളകൾ പങ്കുവെച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കാറുണ്ട് എന്നത് പണ്ടുമുതലേയുള്ള വസ്തുതയാണ്. മുസ്‌ലിംകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒരു ഹിന്ദു ദിവാലി ആഘോഷിക്കുന്നത് അവസാനിപ്പിക്കുകയില്ല. മറിച്ച്, മുസ്‌ലിംകളോടൊപ്പം ഈദ് ആഘോഷിക്കുകയാണ് അയാൾ ചെയ്യുക. ഐക്യദാർഢ്യത്തിന്റെ മൗലികമായ സ്വഭാവം പോലും ന്യൂനപക്ഷാവകാശ പ്രവർത്തകനായ ലേഖകന് മനസിലാക്കാൻ സാധിക്കുന്നില്ല. സാക്കിബ് സലീമുമായി ചേർന്ന് എഴുതിയ ഒരു ലേഖനത്തിൽ ഐക്യദാർഢ്യത്തിന്റെ ഭേദപ്പെട്ട ഒരു രീതി ഷർജീൽ സമർപ്പിക്കുന്നുണ്ട്. വിഭജനത്തിന് മുൻപ് ചെയ്തിരുന്നതു പോലെ ഹിന്ദുക്കളും മുസ്‌ലിംകളും തങ്ങളുടെ ആഘോഷങ്ങൾ പരസ്പരം പങ്കുവെക്കണം എന്നവർ അഭിപ്രായപ്പെടുന്നു:
“ഈ ജന്മാഷ്ടമിയിൽ, ഇന്ത്യക്കാർ തങ്ങളുടെ പ്രതിപുരുഷന്മാരെ ഹിന്ദുക്കൾ, മുസ്‌ലിംകൾ എന്നൊക്കെ വേർതിരിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. ആധുനിക ചിന്തയെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം, പൂർവികരുടെ നല്ല പാഠങ്ങളെ ഏറ്റെടുക്കുകയും വേണം. സാമുദായിക നോട്ടപ്പാടിലൂടെ തത്വചിന്തകളെ വീക്ഷിച്ചതാണ് മറ്റെന്തിനെക്കാളുമേറെ നമ്മുടെ രാജ്യത്തെ തളർത്തിയത്. ഈ ജന്മാഷ്ടമിയിൽ നമ്മുടെ സമൂഹത്തിൽ മത വൈരങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയോടെ മുഹമ്മദ് ഇഖ്ബാലിന്റെ ഒരു കവിതാ ശകലം ഇവിടെ ചേർക്കുന്നു:
“യേ ആയാ-എ-നൗ, ജയിൽ സെ നാസിൽ ഹുയി മുജ് പർ
ഗീതാ മേം ഹെ ഖുർആൻ തോ ഖുർആൻ മേം ഗീത”
ജയിലിൽ വെച്ച് പുതിയൊരു സൂക്തം എനിക്ക് അവതരിച്ചു കിട്ടി,
ഗീതയിൽ ഖുർആനുണ്ട്, ഖുർആനിൽ ഗീതയും.
ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ മുഹമ്മദ് അസിം എഴുതി ദ് വയർ പ്രസിദ്ധീകരിച്ച ലേഖനമാണ് രണ്ടാമത്തേത്. വീണ്ടും നമുക്ക് ലേഖനത്തിലെ വസ്തുതാപരമായ പിഴവുകളെക്കുറിച്ചും ബോധപൂർവം തന്നെ തെറ്റായി ചേർത്ത പ്രതിനിധാനങ്ങളെ കുറിച്ചും സംസാരിക്കേണ്ടി വരും. പൗരന്മാർക്കെതിരെയുള്ള ഫാഷിസ്റ്റ് അക്രമങ്ങൾക്കെതിരെ ഒന്നിച്ച മുഴുവൻ പേരെയുമാണ് ഷർജീൽ ലക്ഷ്യമിടുന്നത് എന്ന് അസിം വാദിക്കുന്നു. ഫാഷിസത്തിനെതിരെയുള്ള ഈ സ്വയം പ്രഖ്യാപിത പോരാളികളെ തന്നെയാണ് ഷർജീൽ സഹായത്തിനു വിളിച്ചതെന്ന വസ്തുത ഇയാൾ സൗകര്യപൂർവം അവഗണിക്കുകയും ചെയ്യുന്നു.
ഈ സമരം മുസ്‌ലിംകളുടേത് മാത്രമാണ് എന്ന് ഷർജീൽ വാദിക്കുന്നു’ എന്നതാണ് അസിം തുടർന്ന് പറയുന്നത്. എല്ലാവരും ഉൾപ്പെടുന്ന (inclusive) പൗരത്വ സമരമെന്ന ആശയത്തെ ആശയത്തെ ഷർജീൽ ചിരിച്ചു തള്ളുന്നു പോലും! മുൻപ് നമ്മൾ സൂചിപ്പിച്ചതു പോലെ, ഇത് പച്ചയായ നുണയാണ്. അസിം പറയുന്നു: “മുസ്‌ലിംകൾ മാത്രമുള്ള സംഘമല്ല എന്നതാണ് ജാമിഅ കോർഡിനേഷൻ കമ്മിറ്റിയോടുള്ള ഷർജീലിന്റെ പ്രശ്‌നത്തിന് ഹേതു”. ഈ പറഞ്ഞത് മാധ്യമപ്രവർത്തകൻ എന്ന നിലക്ക് അസിമിന്റെ യോഗ്യതയെയും, അയാളുടെ ഉദ്ദേശ്യങ്ങളെയും സംശയിക്കാൻ മാത്രം പോന്ന നിർലജ്ജമായ കളവാണ്. ജെ.സി.സിയോടുള്ള ഷർജീലിന്റെ പ്രശ്നം അതല്ല എന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരുന്നെങ്കിൽ അസിമിന് ബോധ്യമായേനെ. അല്ലാഹു അക്ബർ വിളിക്കുന്നതിൽ ഉറച്ചുനിൽക്കുന്നവരെ തെരഞ്ഞെടുത്ത് പുറത്താക്കുന്നതാണ് ജെ.സി.സിയുമായി ഷർജീലിന് പ്രശ്നമുണ്ടാകാൻ കാരണം. അഥവാ, അവർ കൂടുതൽ പുറന്തള്ളൽ മനോഭാവമില്ല (exclusive) എന്നതല്ല, അവർക്ക് കൂടുതൽ ഉൾക്കൊള്ളൽ മനോഭാവമില്ല (inclusive) എന്നതാണ് ഷർജീലിന്റെ പ്രശ്നം. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കാണാം:
“അവരുണ്ടാക്കിയ ഈ ജെ.സി.സി വളരെ ഇൻക്ലൂസീവ് ആണെന്ന് അവർ തന്നെ പറയുന്നു, ഈ സംഘത്തിൽ എല്ലാവരുമുണ്ട് എന്നുമവർ പറയുന്നു, അല്ലാഹു അക്ബർ വിളിക്കുന്നവരൊഴികെ! അതാണ് അവർ പറയുന്ന ഉൾക്കൊള്ളൽ! അല്ലാഹു അക്ബർ വിളിക്കുന്ന നാനൂറോ അഞ്ഞൂറോ വിദ്യാർഥികളൊഴികെ മറ്റെല്ലാവരെയും ജെ.സി.സി ഉൾക്കൊള്ളുമത്രെ. ഇതെന്ത് ഉൾക്കൊള്ളലാണ്? അല്ലാഹു അക്ബർ വിളിക്കുവരെ കൂടി ഉൾക്കൊണ്ടിരുന്നുവെങ്കിൽ അവർ ഇൻക്ലൂസീവ് ആണെന്ന് പറയാമായിരുന്നു. അവർ ചെയ്യുന്നതോ, അല്ലാഹു അക്ബർ സംഘത്തെ വെറുക്കുകയും, സ്വയം ഇൻക്ലൂസീവ് ആണെന്ന് മേനി നടിക്കുകയും!”
“ജയ് ഭീം” “ജയ് സംവിധാൻ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന സമരങ്ങളോട് ഷർജീലിന് യാതൊരു ബന്ധവുമില്ല” എന്ന് അസിം തുടർന്നു പറയുന്നു. ഇത് മറ്റൊരു നുണ. ഈ മുദ്രവാക്യങ്ങളെ ഷർജീൽ ഒരിക്കലും എതിർത്തിട്ടില്ലെന്നു മാത്രമല്ല, ജയ് ഭീം സമരക്കാരോട് താൻ എതിരാണെന്ന് ഒരിക്കൽ പോലും സൂചിപ്പിച്ചിട്ടുമില്ല. ഈ രണ്ടു മിഥ്യവാദങ്ങളും യോജിപ്പിച്ചുകൊണ്ട്, ഷർജീലിന്റെ കേസിൽ അവ്യക്തത സൃഷ്‌ടിക്കുകയാണ് മുഹമ്മദ് അസിം ചെയ്യുന്നത്.
“ഷർജീൽ ഇമാമിന്റെ രാജ്യദ്രോഹ പ്രസംഗവും ബിജെപിയും തമ്മിലെന്ത്? ” എന്ന തലക്കെട്ടിലുള്ള അസിമിന്റെ ലേഖനം അവസാനിക്കുന്നത് ഈ ചോദ്യത്തോടെയാണ്: “ഈ കോലാഹലത്തിൽ നിന്ന് പ്രയോജനമെടുക്കുന്നത് ആരാണ്? എന്നെക്കൾ നന്നായി നിങ്ങൾക്ക് ഊഹിക്കാമല്ലോ!”. ഷർജീൽ ഇമാമിന്റെ പ്രസംഗം ബിജെപിക്കാണ് പ്രയോജനപ്പെടുക എന്ന് വിശ്വപ്പിക്കാനാണ് അസിം ശ്രമിക്കുന്നത് എന്നു മാത്രമേ അദ്ദേഹത്തിന്റെ മേൽപറഞ്ഞ ചോദ്യങ്ങളിൽ നിന്ന് നിരൂപിച്ചെടുക്കാൻ കഴിയൂ. “അദ്ദേഹത്തിന്റെ തന്നെ പ്രസംഗത്തിൽ നിന്ന് ഒരുപാട് വികലമായ വാക്യങ്ങൾ വേർതിരിച്ചെടുക്കാനുള്ള ഭരണകൂട തന്ത്രങ്ങൾക്ക് മാത്രമാണ് ഇത് ഗുണം ചെയ്യുക” എന്ന വാചകത്തിലൂടെ എന്താണ് അസിം പറയാൻ ശ്രമിക്കുന്നത്. ഭരണകൂടത്തിന് സാഹചര്യത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കാൻ പഴുതുള്ള യാതൊന്നും പറയരുതെന്നാണോ? ബിജെപിക്ക് അവരുടെ അജണ്ട നടപ്പിലാക്കാൻ ഷർജീലിന്റെ വാക്കുകൾ വേണം എന്ന മട്ടിലാണ് അസിമിന്റെ വാദങ്ങൾ! ഇനി അദ്ദേഹത്തിന്റെ വാദങ്ങളിൽ നിന്ന് ബിജെപി പ്രയോജനമെടുക്കുന്നുണ്ടെങ്കിൽ തന്നെ, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തെറ്റായി മാറുമോ? അസിമിനെ സംബന്ധിച്ചിടത്തോളം, ബിജെപിയെ സഹായിക്കുന്ന (ബിജെപി മോശം ഉദ്ദേശ്യത്തോടെ പ്രയോജനമെടുത്തേക്കാവുന്ന) കാര്യങ്ങൾ തെറ്റാണെന്നു മാത്രമല്ല, ആ വക കാര്യങ്ങൾ പറയാനേ പാടില്ലാത്തതാകുന്നു. വലതുപക്ഷത്തിന് അവരുടെ അജണ്ട ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാൻ പഴുതില്ലാത്ത ‘ശരിയായ’ വാദങ്ങൾ മാത്രമേ സംവാദങ്ങളിൽ ഉണ്ടാകാവൂ എന്നാണ് യഥാർഥത്തിൽ അസിം പറയാൻ ശ്രമിക്കുന്നത്.
അസിമിന്റെ ചോദ്യത്തിന് നമുക്ക് ശരിയായ ഉത്തരം നൽകാം.ഇന്ത്യൻ സ്റ്റേറ്റ്-ഭരണഘടനാ സംവിധാനങ്ങളുടെ വഞ്ചനകളിലും കാപട്യങ്ങളിലും മനംമടുത്ത സകലർക്കുമാണ് ഷർജീലിന്റെ പ്രസംഗം ഗുണം ചെയ്യുക. വിഭജനത്തിന് ശേഷം ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു നൽകിയ പൊള്ളയായ വാഗ്ധാനങ്ങളെ തിരിച്ചറിഞ്ഞ സകലർക്കും ഇതിൽ നിന്ന് പ്രയോജനമെടുക്കാം. തങ്ങളുടെ ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും ഇതു സഹായകമാവും. ഷർജീലിനു മേൽ ചാർത്തിയ രാജ്യദ്രോഹ കുറ്റങ്ങൾക്കെതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ മുഴുവൻ വാദങ്ങളോടും ഐക്യദാർഢ്യപ്പെടുന്നവർ മിത്രങ്ങളാണ്. എതിരു നിൽക്കുന്നവർ യഥാർഥത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കളും. ജനങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും സ്വാധീനം നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ലെഫ്റ്റ്-ലിബറലുകളുടെ അവസാനത്തെ ലിറ്റ്മസ് ടെസ്റ്റാണ് ഷർജീലിന്റെ പ്രസംഗം. ശോഷിച്ചുകൊണ്ടിരിക്കുന്ന ഇടത്-ലിബറലുകളുടെ വ്യവഹാരങ്ങളിൽ നിന്നും കുതറി മാറാൻ ഭൂരിപക്ഷ ജനാധിപത്യത്തിലെ രാഷ്ട്രീയപരമായി ദുർബലരായ ന്യൂനപക്ഷങ്ങളെ പ്രാപ്തമാക്കുന്നതാണ് ഷർജീലിന്റെ പ്രസംഗം. ഇടത്-ലിബറൽ വ്യവഹാരങ്ങളിൽ നിന്നും തങ്ങളുടെ കർതൃത്വം തിരിച്ചുപിടിക്കാനും, തങ്ങൾക്കു വേണ്ടി സ്വയം സംസാരിക്കാനും പ്രവൃത്തിക്കാനും ന്യൂനപപക്ഷങ്ങളെ അത് സഹായിക്കുന്നുണ്ട്. മറുവശത്ത്, അസിമിന്റെ ലേഖനം യഥാർഥത്തിൽ ആരെയാണ് സഹായിക്കുക? നിങ്ങൾക്ക് ഊഹിക്കാമല്ലോ!
അടുത്തത്, എഴുത്തുകാരനും ക്യുറേറ്ററും കലാകാരനുമൊക്കെയായ ശുദ്ധബ്രതാ സെൻഗുപ്ത എഴുതിയ ഫേസ്ബുക് പോസ്റ്റ് പരിശോധിക്കാം. ഷർജീലിന്റെ രക്ഷധികാരി ചമയാൻ ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നതെങ്കിലും, അദ്ദേഹത്തിന്റെ പോസ്റ്റിൽ ആറു തവണയോളം വിഡ്ഢിത്തം, കാര്യബോധമില്ലായ്മ, മണ്ടത്തരം തുടങ്ങിയ വിശേഷണങ്ങൾ ഷർജീലിനു ചാർത്തിക്കൊടുക്കുന്നുണ്ട്. ശുദ്ധബ്രതയുടെ കർതൃത്വവും ഏറ്റെടുക്കാൻ ആഗ്രഹമില്ലെങ്കിലും പറയട്ടെ, “അല്ലാഹു അക്ബർ വിളിച്ചാൽ മുസ്‌ലിമാവുമെന്ന” തീരെ കാര്യബോധമില്ലാത്ത വർത്തമാനം അത്ര ബുദ്ധിപരമാണെന്നു കരുതുന്നുണ്ടോ! അദ്ദേഹം പറയുന്നത് കാണുക:
“എന്താണ് ഷർജീൽ പറയാൻ ശ്രമിക്കുന്നത്, ഇസ്‌ലാമിക വിശ്വാസ വാക്യമായ നാരാ-എ-തക്ബീർ, അല്ലാഹു അക്ബർ വിളിച്ചാൽ മാത്രമാണ് എന്റെ സാന്നിധ്യം അദ്ദേഹം ആഗ്രഹിക്കുകയുള്ളു എന്നോ? അതല്ലേ ഐക്യദാർഢ്യം അംഗീകരിക്കാനുള്ള മുന്നുപാധിയായി അദ്ദേഹം പറഞ്ഞുവെക്കുന്നത്. അതിനർഥം ഞാൻ മുസ്‌ലിമായാൽ മാത്രമേ അദ്ദേഹം എന്നെ കൂടെ കൂട്ടൂ എന്നല്ലേ”
ഏറെക്കണ്ട് മണ്ടത്തരമായ കാര്യങ്ങൾ വിളിച്ചുപറയുന്നതിന് മുൻപ് ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു നോക്കാൻ പോലും ശുദ്ധബ്രത തയ്യാറായിട്ടില്ല.
മുസ്‌ലിമാവുക എന്നത് ലളിതമായ ഒരു പ്രക്രിയയാണ്. വിശ്വാസ വചനം അഥവാ, ശഹാദത്ത് കലിമ ഉച്ചരിക്കുക എന്നതു മാത്രമാണ് മുസ്‌ലിമാകുവാൻ ഒരുവൻ ചെയ്യേണ്ടത്. അത് ഇപ്രകാരമാണ്:
“ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദു റസൂലുല്ലാഹ്” എന്ന് ഞാൻ സാക്ഷ്യംവഹിക്കുന്നു.
“അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു” ഇങ്ങനെയാണ് ഈ അറബി വാചകങ്ങളുടെ അർഥം. ഒരുവൻ സ്വബോധത്തോടെയും അർഥമറിഞ്ഞും ശഹാദത്ത് കലിമ ചൊല്ലിയാൽ അവൻ/അവൾ മുസ്‌ലിമായി.
ആദ്യ ഭാഗം, അഥവാ, അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്നതിന്റെ ഉദ്ദേശ്യം, ആരാധിക്കപ്പെടാൻ അല്ലാഹുവല്ലാതെ അർഹനായി മാറ്റാരുമില്ല എന്നും, അവന് പങ്കാളികളോ സന്താനങ്ങളോ ഇല്ല എന്നുമാണ്. രണ്ടാമത്തെ ഭാഗത്തു പറയുന്നത്, മുഹമ്മദ് അല്ലാഹുവിങ്കൽ നിന്നുള്ള സത്യപ്രവാചകനാകുന്നു എന്നും.
മുസ്‌ലിമായ ഒരാൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്:
1. അല്ലാഹു അവതരിപ്പിച്ച ദിവ്യ വാക്യങ്ങളടങ്ങിയ ഗ്രന്ഥമാണ് ഖുർആൻ എന്നു വിശ്വസിക്കുക
2.അന്ത്യനാൾ/വിധി ദിവസം വരാനിരിക്കുന്നു എന്നു വിശ്വസിക്കുക
3. പ്രവാചകന്മാരിലും അല്ലാഹു അവതരിപ്പിച്ച വേദ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. ദൈവത്തിന്റെ മാലാഖമാരിൽ വിശ്വസിക്കുക
4. ഇസ്‌ലാമിനെ അവന്റെ മതമായി അംഗീകരിക്കുക
5. ദൈവത്തെയല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക
മുസ്‌ലിമിന്റെ വിശ്വാസ വചനം നാരാ-എ-തക്ബീർ അല്ലാഹു അക്ബർ എന്നതല്ല. അത് ആയിരുന്നെങ്കിൽ തന്നെ, കേവലമായ ഉച്ചരണം കൊണ്ടു മാത്രം ഒരുവൻ മുസ്‌ലിമാവുകയില്ല. ഒരു ജൈനനോ ദലിതാനോ ഇസ്‌ലാം മതം സ്വീകരിക്കാതെ തന്നെ അവസാനം വരെ ശഹാദത്ത് ഉച്ചരിക്കാം. ദലിതരോടൊപ്പം ജയ് ഭീം വിളിച്ചതു കൊണ്ടു മാത്രം ഭദ്രലോക് ബംഗാളികൾ അഭദ്രരാവുകയില്ലല്ലോ. സെൻഗുപ്ത തത്ക്കാലം പരിഭ്രമിക്കേണ്ട. ഷർജീൽ ഒരിക്കലും അമുസ്‌ലിംകളോട് ഇസ്‌ലാം സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്നില്ല. അദ്ദേഹം ആവശ്യപ്പെടുന്നത് മുകളിൽ വിവരിച്ചു കഴിഞ്ഞല്ലോ.
ഷർജീലിന്റെ പ്രസംഗം ബിജെപിയെ സഹായിക്കുന്നതാണെന്ന് പറയാൻ ശുദ്ധബ്രത ഉപയോഗിക്കുന്ന പ്രയോഗം കാണാം: “ഷർജീൽ ഇമാം രംഗത്തുണ്ടായിരുന്നില്ല എങ്കിൽ, ബിജെപിക്ക് അദ്ദേഹത്തെ രംഗത്തിറക്കേണ്ടി വന്നേനെ”. ശുദ്ധബ്രത വോൾടയറിന്റെ ഫാൻ ആണെന്നാണ് തോന്നുന്നത്, എന്നാൽ അദ്ദേഹത്തിന്റെ ബൗദ്ധിക നിഷ്‌ടയൊന്നും ശുദ്ധബ്രത ഉൾക്കൊണ്ടിട്ടുമില്ല. അദ്ദേഹത്തിന്റെ കൊള്ളിവെപ്പിനു മറുപടിയായി ഞങ്ങൾ പറയുന്നത്, അതെ, ഷർജീൽ രംഗത്തുണ്ട്, ഫാഷിസ്റ്റുകൾക്കെതിരെ ഭയം ജനിപ്പിച്ചുകൊണ്ട് ഷർജീലിനെ നിശബ്ദമാക്കേണ്ടത് ശുദ്ധബ്രതയെ പോലുള്ളവർക്ക് അത്യാവശ്യവുമാണ്. നിശബ്ദമായിരിക്കുക, അല്ലാത്തപക്ഷം അത് ബിജെപിയെ സഹായിക്കും- ഇതാണ് ചുരുക്കത്തിൽ ശുദ്ധബ്രതയുടെ വാദം. ബിജെപിക്ക് വളച്ചൊടിക്കാനാവാത്ത പ്രസംഗങ്ങൾ നടത്താൻ മാത്രമേ ഷർജീലിന് അനുവാദമുള്ളൂ എന്നു പറയുക വഴി, ഷർജീലിന്റെ കർതൃത്വം എടുത്തു കളയുകയാണ് ശുദ്ധബ്രത ചെയ്യുന്നത്.
ഷർജീലിന്റെ സ്വയം കർതൃത്വം എടുത്തു മാറ്റപ്പെടുന്ന സന്ദർഭം ഇതു മാത്രമല്ല. തന്റെ കൂടെ നിൽക്കുന്നവർ നാരാ-എ-തക്ബീർ വിളിക്കുന്നവരാണെന്ന് ഷർജീൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ വിളിക്കുന്നതിനെ എതിർക്കുന്നവർ അദ്ദേഹത്തോടൊപ്പമല്ല. ശുദ്ധബ്രത അതു വിളിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ തന്റെ പിന്തുണ ഷർജീലിനു മേൽ അടിച്ചേൽപ്പിക്കാൻ അയാൾ ശ്രമിക്കുകയും ചെയ്യുന്നു, കാശ്മീരികൾക്ക് (അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ) നിർബന്ധിച്ചു പിന്തുണ കൊടുക്കുന്നത് പോലെത്തന്നെ. എങ്ങനെയാണ് നിങ്ങൾ കൂടെ നിൽക്കേണ്ടതെന്ന അവരുടെ ആവശ്യം തിരിച്ചറിയാതെ, അവരോട് ചേർന്നു നിൽക്കാൻ കഴിയുമോ? ആരെങ്കിലും നിങ്ങളോട് ഭക്ഷണം ചോദിച്ചാൽ, നിങ്ങളവർക്ക് കസേര നീട്ടുകയും, ഇതേ ചെയ്യാൻ കഴിയൂ എന്ന് പറയുകയും ചെയ്യുമോ? അവർ നിങ്ങളോട് കസേര ചോദിച്ചില്ലല്ലോ. നിങ്ങളുടെ കസേര കൊണ്ട് അവർക്ക് യാതൊരു ആവശ്യവുമില്ല. എന്നിട്ടും ഒരു കസേര നൽകിക്കൊണ്ട് നിങ്ങൾ ചാരിഥാർഥ്യത്തോടെ വീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നോ! നിങ്ങളുടെ സഹായമൊട്ടു കിട്ടിയതുമില്ല, എന്നാൽ നിങ്ങൾ മനസംതൃപ്തിയോടെ മടങ്ങുകയോ! ഇതാണ് ഷർജീലിന് ശുദ്ധബ്രത നൽകുന്ന പിന്തുണയുടെ യാഥാർഥ്യം.
സെൻഗുപ്തയുടെ അഭിപ്രായത്തിൽ, വിരസമായ പുരുഷാധിപത്യ ഭാവം, സ്വയം വിമത-പാണ്ഡിത്യം ചമയൽ, സ്വഭാവിക നേതൃത്വത്തിന് അർഹതയുണ്ടെന്ന തരത്തിലുള്ള മനോവികാരം തുടങ്ങിയവയാണ് ഷർജീലിന്റെ സ്വഭാവ സവിശേഷതകൾ. ഷർജീലിനെതിരെയുള്ള കാടടച്ച ആരോപണങ്ങളിൽ ഇടപെടുകയില്ല എന്നു സ്വയം പറഞ്ഞതിനു ശേഷമാണ്, വളരെ വസ്തുതാപരമായ കാര്യങ്ങൾ എന്ന മട്ടിൽ മേൽപ്പറഞ്ഞ ആരോപണങ്ങൾ ഷർജീലിനെതിരെ അദ്ദേഹം ഉന്നയിക്കുന്നത്. ഷർജീലിനെ ഒരവരസത്തിൽ ഇടതു പക്ഷത്തോട് ചേർത്തുനിർത്താനും സെൻഗുപ്ത ശ്രമിക്കുന്നുണ്ട്. ഷർജീലിന്റെ വാദങ്ങളെ അയാൾ അൽപം പോലും ശ്രദ്ധിച്ചിട്ടില്ലെന്ന് ഇതു വ്യക്തമാക്കുന്നു.
സെൻഗുപ്തയുടെ ‘വിദഗ്ദാഭിപ്രായത്തിൽ’, ഈ സാഹചര്യത്തിൽ എടുക്കേണ്ടുന്ന നൈതികമായ സ്ഥാനം എന്നത്, ഒരേസമയം ‘പിന്തിരിപ്പൻ രാഷ്ട്രയത്തെ’യും രാജ്യദ്രോഹ കുറ്റത്തെയും വിമർശിന വിധേയമാക്കുന്ന ഒരു നിലപാടാണ്. അയാൾ ഷർജീലിന്റെ രാഷ്ട്രയത്തെ പിന്തിരിപ്പൻ എന്നു വിളിക്കുകയും, അതാണ് നൈതികമായ ഏക നിലപാട് എന്നു പറയുകയുമാണ് യഥാർഥത്തിൽ ചെയ്യുന്നത്. സെൻഗുപ്തയിലൂടെ സംസാരിക്കുന്ന യഥാർഥ ആശയത്തിന് അറിയാം എന്താണ് ഒരേയൊരു നൈതിക ഭാവനയെന്ന്. മുഴുവൻ പ്രപഞ്ചത്തിലും ബുദ്ധിമാനായ ഒരുവനെ കാടാക്ഷിക്കുന്ന ഭാവം, അഥവാ ശുദ്ധവാദം! അവിടെയാണ് ഷർജീലിന്റെ രാഷ്ട്രീയം പിന്തിരിപ്പനാവുന്നത്. അതനുസരിച്ചു ഷർജീലിന്റെ പ്രസംഗം സാമുധായികവും (communal) സ്വത്വ രാഷ്ട്രീയം പടർത്തുന്നതുമാണ്. ഇതിന് തക്ക മറുപടി ഷർജീൽ മുൻപേ കൊടുത്തിട്ടുള്ളതാണ്.
“കമ്യൂണൽ എന്നത് കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട എന്നാണ്. ഈയർത്ഥത്തിലാണ് കോളോണിയൽ കാലത്ത് രാഷ്ട്രീയകാരന്മാരും ചിന്തകരും ഈ പദം ഉപയോഗിച്ചിറുന്നത്. പിന്നീട് കോൺഗ്രസിന്റെ ഉപയോഗം കാരണമാണ് ഒരു നെഗറ്റീവ് അർഥത്തോടെ നമ്മളതിനെ മനസ്സിലാക്കാൻ തുനിയുന്നത്. മറ്റുള്ളവർക്കെതിരെ വെറുപ്പും മുൻവിധികളും സൃഷ്ധിക്കുക എന്നതല്ല കമ്യൂണൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്”. മറിച്ച് ഒരുവന്റെ സമുദായത്തെ തിരിച്ചറിയുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. അടുത്തത്, ഇതിൽ ചേർത്തിരിക്കുന്ന സ്വത്വ രാഷ്ട്രീയം എന്ന സംജ്ഞായാണ്. ദലിതരെ പോലെ മുസ്‌ലിംകളും സാമൂഹികമായ ഉപരോധങ്ങൾ നേരിടുന്ന സമുദായമാണ് എന്ന വസ്തുതയെ അവഗണിച്ചുകൊണ്ടാണ് ഈ പ്രയോഗം നടത്തിയിട്ടുള്ളത്. തങ്ങളെ സാമൂഹികമായി ചലനക്ഷമമാക്കാൻ സാമുദായിക സ്വത്വത്തെ ഉപയോഗപ്പെടുത്തുക എന്നത് അവരുടെ അവകാശമാണ്. ദലിതർ തങ്ങളുടെ സ്വത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് സമരം ചെയ്യുമ്പോൾ, നമ്മുടെ ലിബറലുകൾ പെട്ടെന്ന് ‘ജാതിരഹിതരാകും’! അതുപോലെത്തന്നെ, മുസ്‌ലിംകൾ അവരുടെ സ്വത്വം പറയുമ്പോൾ ഇക്കൂട്ടർ പെട്ടെന്ന് മതേതരരാവുകയും, നമ്മളുടെ മേൽ സ്വത്വ രാഷ്ട്രീയം ആരോപിക്കുകയും ചെയ്യും.
ഷർജീലിന്റെ പ്രസംഗം കേൾക്കാതെയും, ലഭ്യമായ അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിക്കാതെയും അദ്ദേഹത്തെ തെറ്റായി വ്യാഖ്യാനിക്കുകയും ആരോപണമുന്നയിക്കുകയും ചെയ്യുന്നവർക്ക് യഥാർഥത്തിൽ എന്താണ് ലാഭം എന്ന ചോദ്യം ഇവിടെയുണ്ട്. അതിന്റെ ഉത്തരവും ഷർജീൽ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. “ചിലപ്പോൾ വല്ല രാഷ്ട്രീയ നേട്ടമോ, കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ അവരുടെ വല്ല ആനുകൂല്യങ്ങളോ കിട്ടുന്നതിന് വേണ്ടിയാകും. ഏറ്റവും വലിയ ഫാഷിസ്റ്റ് പദ്ധതിയായ ഇന്ത്യൻ ഭരണകൂടത്തോടുള്ള അവരുടെ തുറന്ന പിന്തുണ മൂലമാണ് ഇത്തരത്തിൽ തരം താഴ്ന്ന അക്രമങ്ങളും ബോധപൂർവമായ മിഥ്യഖ്യാനങ്ങളും സൃഷ്‌ടിക്കാൻ അവരെ പ്രേരിപ്പിക്കുന്നതും”.
അവരുടെ സ്വഭാവസവിശേഷതകൾ വസ്തുതാപരമായി വീക്ഷിച്ചാൽ, നിരുത്തരവാദിത്വവും കാപട്യവും അസ്വസ്ഥതയോടെ തന്നെ പേറുന്ന പ്രകൃതമാണ് അവരുടേത് എന്നു മനസ്സിലാക്കാൻ കഴിയും. ധാർമികമായ വിമത സ്വരൂപം സ്വയം ചമയുകയും എല്ലാ ദുർനടപടികൾക്കും എതിരായവരാണ് തങ്ങളെന്നുമുള്ള ബോധം എന്തു കാര്യത്തെയും വിധിക്കാൻ തങ്ങൾ അർഹരാണെന്ന ബോധത്തിലേക്ക് അവരെ എത്തിച്ചിരിക്കുന്നു.
ലെഫ്റ്റ്-ലിബറലുകൾ ഒരു സംഘമായിത്തന്നെ ഷർജീലിന്റെ വാദങ്ങൾ തെറ്റും, എന്നാൽ രാജ്യദ്രോഹ കുറ്റം ചുമത്താണ് കഴിയാത്തതുമാണെന്ന് വാദിക്കുന്നവരാണ്. രാജ്യദ്രോഹക്കുറ്റത്തിന് എതിരായതുകൊണ്ടുതന്നെ, തങ്ങൾ ഷർജീലിന് അനുകൂലമായാണ് എഴുതുന്നതെന്ന് അവർ കരുതുന്നു. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. ഷർജീലിനെതിരെ ആരോപണമുന്നയിക്കുക വഴി, ഷർജീൽ മുൻപ് എങ്ങനെയാണോ അവരെ വിവരിച്ചത്, അതുപോലെ തന്നെ അവർ നമുക്കു മുന്നിൽ ദൃശ്യരാകുന്നു. ഷർജീൽ അദ്ദേഹത്തോടുള്ള ഇക്കൂട്ടരുടെ നിലപാടിനെ കാലെക്കൂട്ടി കണ്ടിരുന്നു എന്നു പറയാം. അവർ ഷർജീലിനെ സാമുദായികവാദിയെന്നും ബിജെപി ഏജന്റ് എന്നും വിളിക്കുന്നുണ്ടല്ലോ. ഷർജീലിനെ പോലെയുള്ള ആളുകളെ എല്ലാ കാലത്തും ഇക്കൂട്ടർ ഇങ്ങനെ തന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. തീവ്ര ഹിന്ദു കോൺഗ്രസിൽ അദ്ദേഹമവരുടെ വംശാവലി കണ്ടെത്തുന്നുണ്ട്. അത് ശരിയുമാണ്. അവരുടെ നിലപാടുകളിലെ അസാംഗത്യത്തെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച, മുസ്‌ലിംകൾ ഒരു സമുദായമെന്ന നിലക്ക് അവരുടെ സ്വത്വത്തെ കുറിച്ച് ചിന്തിക്കണമെന്നു പറഞ്ഞ, മൂർത്തമായ യാതൊരു അധികാര പങ്കാളിത്തവും നൽകാതെ നല്ല പിള്ള ചമയുന്നതിനെ എതിർത്ത എല്ലാ മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കളെയും അവർ ആരോപണങ്ങൾ കൊണ്ടു മൂടിയിട്ടുണ്ട്. ജിന്നയെ പോലെ, ഷർജീലിനെ പോലെ. വിഭജനം ആവശ്യപ്പെടുന്നിടത്തോളം ചിന്തിക്കുന്ന മുസ്‌ലിംകളെ അരികു തള്ളുകളും, എന്നിട്ട് അവരെ അതിന്റെ പേരിൽ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട് ഇക്കൂട്ടർ.
ഷർജീൽ വാദിച്ചതുപോലെ, ദലിതർ, ആദിവാസികൾ, കാശ്മീരികൾ, ആസ്സാമികൾ, നാഗകൾ, മണിപ്പൂരികൾ എന്നിവർക്കും അവരുടെ സ്വത്വത്തെ മുന്നിൽ വെച്ച് വാദിക്കാവുന്നതാണ്. അപ്പോൾ, ഷർജീലിനെ കൈകാര്യം ചെയ്തതുപോലെ, ഇടതു-ലിബറലുകൾ അവരെയും കൈകാര്യം ചെയ്ത് ഒതുക്കും. ഒരു മുസ്‌ലിം സ്കോളർ എന്നതിനെക്കാൾ ഷർജീൽ ഒരു ന്യൂനപക്ഷാവകാശ പോരാളിയായ മുസ്‌ലിം സ്കോളറാണ്. ദേശഭക്തരായ ലെഫ്റ്റ്-ലിബറലുകൾ എങ്ങനെ പ്രവർത്തിച്ചാലാണോ നിങ്ങളെ ആക്ഷേപിക്കുകയും, തീവ്രവാദം ആരോപിക്കുകയും, വിഡ്ഢികൾ എന്ന് മുദ്രകുത്തുകയും ചെയ്യുക, അങ്ങനെ തന്നെയാണ് നിങ്ങൾ പ്രവൃത്തിക്കേണ്ടത് എന്ന് ഷർജീൽ നമുക്കു കാണിച്ചു തന്നിട്ടുണ്ട്. മേൽപ്പറഞ്ഞ ഒരു വിഭാഗവും തങ്ങളെ കുറിച്ചുള്ള ലെഫ്റ്റ്-ലിബറൽ ആഖ്യാനങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും, തങ്ങൾ ഇവരെയൊക്കെ പ്രതിനിധീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ഇക്കൂട്ടർ കരുതുന്നത്. ആരെയാണ് യഥാർഥത്തിൽ ലിബറൽ ലെഫ്റ്റിസ്റ്റുകൾ പ്രതിനിധീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് എന്ന ചോദ്യം ഇവിടയുണ്ട്. പുണ്ണ് കണക്കെ വ്യാപിക്കുന്ന ദേശീയ അഖണ്ഡതയുടെ പേരിൽ ന്യൂനപക്ഷങ്ങളെ വരുതിയിലാക്കുകയും, അവരെ നിശബ്ദരാക്കുകയും ചെയ്യുന്നു എന്നതല്ലാതെ മറ്റെന്താണ് ഇവരുടെ പണി?
ആരാണ് ഷർജീൽ ഇമാം എന്നും, എന്താണ് അദ്ദേഹത്തിന്റെ നിലപാടുകൾ എന്നും അറിയുന്നതിന് താഴെ ചേർക്കുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുന്നു.
1. ഉർദു കവിതകളിലെ ഇന്ത്യ എന്ന ആശയത്തെ കുറിച്ച് | https://m.thewire.in/article/uncategorised/sare-jahan-se-acha-the-idea-of-india-in-early-20th-century-urdu-poetry
2. ജിന്നയുടെ രാഷ്ട്രീയ പങ്കിനെയും കോൺഗ്രസ് ഇടപെടലുകളെയും കുറിച്ച് | https://m.thewire.in/article/history/aligarh-muslim-university-jinnah-portrait
3. പശുവിന്റെ പേരിലുള്ള കൊലകളെ കുറിച്ച് | https://m.thewire.in/article/communalism/cow-lynching-muslim-internet-state-sanction
4. ബംഗാസുറൈ തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിന്റെ ഇരട്ട നിലപാടിനെ കുറിച്ച് | https://m.thewire.in/article/politics/liberal-kanhaiaya-kumar-begusarai-muslim-votes
5. ഉർദു കവിതകളിലെ കൃഷ്ണന്റെ പ്രാധാന്യത്തെ കുറിച്ച് | https://www.firstpost.com/india/in-pre-partition-india-muslims-too-celebrated-janmashtami-a-look-back-at-reverence-for-krishna-in-works-of-urdu-poets-3926603.html
6. മുറാദാബാദ് കൂട്ടക്കൊലയെ കുറിച്ച് | https://www.firstpost.com/india/remembering-1980-moradabad-muslim-massacre-a-harsh-indictment-of-lefts-secular-politics-3745717.html
7. ബംഗാളിലെ ഇടതു പാർട്ടികളുടെ വഞ്ചനയെ കുറിച്ച് | https://www.firstpost.com/india/in-bengal-left-parties-secular-ideology-posturing-has-done-nothing-for-development-of-muslims-3389676.html
8. ജെഎൻയുവിലെ ആന്റി-മുസ്‌ലിം ലെഫ്റ്റ് വിങ്ങിനെ കുറിച്ച് | https://www.firstpost.com/india/islamophobia-in-jnu-is-also-rampant-among-left-wing-student-organisations-claiming-to-be-secular-3375398.html
9. ആലെപ്പൊവിലെ മീഡിയ കവറേജുകളെ കുറിച്ച് | https://www.firstpost.com/world/aleppo-coverage-in-western-media-indicative-of-the-fundamentalism-imperialism-nexus-3160768.html
ഞങ്ങൾ, ഒരു ജയിനൻ, ഒരു ദലിത്, ഒരു മുസ്‌ലിം, ഞങ്ങൾ ഷർജീൽ എഴുതിയതിനെയും പറഞ്ഞതിനെയും പിന്തുണക്കുന്നു, അദ്ദേഹത്തിന്റെ ഉപാധികളിൽ തന്നെ
നാരാ-എ-തക്ബീർ, അല്ലാഹു അക്ബർ,
എവിതാ ദാസ്, ഷാരൂഖ് കതിബ്, അക്ഷത് ജെയിൻ