മാലിക്: പൊതുവ്യവഹാരത്തിനും മുസ്‌ലിം സമുദായത്തിനുമിടയിൽ

കോവിഡാനന്തര പശ്ചാത്തലത്തിലിറങ്ങിയ മലയാള സിനിമകളിൽ, തിയേറ്ററിൽ ചെന്ന് കാണാതെ തന്നെ, ആ അനുഭവത്തെ ചെറിയ തോതിലെങ്കിലും പ്രതിഫലിപ്പിച്ച സിനിമയായിരുന്നു മാലിക്. കഥയുടെ സെൻസിറ്റീവ് എലമെന്റ് കൊണ്ടും സംഗീത -സാങ്കേതിക മികവുകൊണ്ടും സിനിമ ജനങ്ങൾക്കിടയിൽ ശ്രദ്ധയാർജിച്ചു. അതോടൊപ്പം, സിനിമയിലെ കാസ്റ്റിംഗ് ഏറെ നിലവാരം പുലർത്തുന്ന ഒന്നുകൂടി ആയതോടെ പല രീതിയിൽ സിനിമ വളരെ പെട്ടെന്ന് ജനമനസ്സുകളിൽ സ്വീകാര്യയോഗ്യമായി. സംഗീത സംവിധാന മേഖലയിൽ സുഷിൻ ശ്യാമിന്റെ പരീക്ഷണങ്ങൾ വ്യത്യസ്തതകൾകൊണ്ട് മികവ് പുലർത്തുന്നവയായിരുന്നു.

സിനിമയിലെ മറ്റൊരു പ്രധാന ഭാഗം അതിന്റെ കഥയുമായി ബന്ധപ്പെട്ടതാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശവും അവരുടെ സ്റ്റേറ്റിനോട് ഡിസ്-എൻഗ്വേജ് (disengage) ചെയ്യുന്ന ജീവിത രീതിയും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമ പൊതുജനങ്ങളോട് സംവദിക്കുന്നതെന്താണ് എന്നത് സവിശേഷ വിഷയമാണ്. വിശിഷ്യാ യഥാർത്ഥ സംഭവങ്ങളോട് താദാത്മ്യം പുലർത്തുന്ന കഥ എന്ന നിലയിൽ സാധാരണ സിനിമ കാണുന്ന ലാഘവത്തിൽ മാലിക് കണ്ടു തീർക്കാൻ സാധിക്കുകയില്ല. ഒരു മുസ്‌ലിം വിരുദ്ധ സാഹചര്യത്തിൽ നിർമ്മിക്കപ്പെട്ട മാലിക് എന്ന സിനിമയിൽ ഉള്ളടങ്ങിയിട്ടുള്ള രാഷ്ട്രീയത്തിന്റെ അനുരണനങ്ങളെയും, പ്രതികരണങ്ങളെയും സ്വാംശീകരിച്ചും അല്ലാതെയും വികസിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

മഹേഷ് നാരായണൻ

ഒറ്റനോട്ടത്തിൽ, മാലിക് ഒരു പ്രൊപ്പഗണ്ട (propaganda) സിനിമയും, മഹേഷ് നാരായണൻ പ്രൊപ്പഗണ്ട ആർടിസ്റ്റുമാണ്. ഒരു ചരിത്രഘട്ടത്തെയും അതിലടങ്ങിയിരിക്കുന്ന നീതിനിഷേധങ്ങളെയും എങ്ങനെ ‘ഫിക്ഷൻ’ ബാനറിൽ പൊതുസമൂഹത്തിൽ ന്യായീകരിച്ചെടുക്കാം എന്നതിൽ മികവ് തെളിയിച്ച ഒരു സംവിധായകനാണ് മഹേഷ് നാരായണൻ. ഒരു കലാരൂപം എന്ന നിലയിൽ സിനിമ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന യാഥാർഥ്യങ്ങളെപ്പോലും മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യവൽകരണത്തിലൂടെ മറികടക്കാൻ ഒരു പരിധിവരെ സാധിക്കുമെന്നതാണ് സിനിമയെ വേറിട്ട് നിർത്തുന്ന പ്രധാന സവിശേഷത. എന്നാൽ ബീമാപള്ളിയിൽ നിന്ന് റമദാപള്ളിയിലേക്ക് അധികദൂരമൊന്നുമില്ല എന്നതും ബീമാപള്ളി ചരിത്രത്തെ ഒരു കൂട്ടം ആളുകൾ അവരുടെ പരിശ്രമങ്ങളിലൂടെയും, ഗവേഷണങ്ങളിലൂടെയും പൊതുജനങ്ങളുടെ ഓർമയിൽ നിലനിർത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ, അത്രവേഗത്തിൽ സിനിമയിലൂടെ ചരിത്ര വസ്തുതകളെ മറികടക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവാണ് നിലവിൽ സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ നിന്ന് വ്യക്തമാവുന്നത്. ബീമാപള്ളി വിഷയത്തിൽ മുമ്പ് എഴുതിയതുപോലെ ‘ഒരു സമുദായത്തെ, ജനകീയ കലാവ്യവഹാരമായ സിനിമയിലൂടെ, ‘അപരിഷ്‌കൃതരും’ ‘അക്രമോത്സുകരു’മായ ജനവിഭാഗമായി ചിത്രീകരിക്കുന്നതിലൂടെ അവർക്ക് മേൽ വന്നു ഭവിക്കുന്ന സകലമാന അക്രമങ്ങളെയും നീതിനിഷേധങ്ങളെയും സാധൂകരിക്കപ്പെടുന്നു എന്നത് കൂടിയാണ് ബീമാപള്ളി സംഭവം’.

 

പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്.

1. സിനിമയുടെ ആവിഷ്‌ക്കാര സാധ്യതയെ മുൻനിർത്തി ഒരു ജനസമൂഹത്തെ വില്ലനൈസ് ചെയ്യാനുള്ള ശ്രമങ്ങളാണ് മാലിക്.

2. കേരളത്തിന്റെ ചരിത്രത്തിലെ പ്രധാന പോലീസ് വെടിവെപ്പുകളിൽ ഒന്നായ ബീമാപള്ളി സംഭവത്തോട് നീതി പുലർത്താത്ത (നീതി വിരുദ്ധമായ) സമീപനം സ്വീകരിക്കുന്നു.

പോലീസിന്റെ നേതൃത്വത്തിൽ ഏകപക്ഷീയമായ വെടിവെപ്പാണ് അന്ന് ബീമാപള്ളിയിലുണ്ടായതെന്ന് ഇന്ന് ഏറെക്കുറെ ജനങ്ങൾക്ക് ബോധ്യമുള്ള സംഗതിയാണ്. പ്രസ്തുത വെടിവെപ്പിന് കാരണമായ സർക്കാർ – പോലീസ് സമീപനത്തിന് പിന്നിലെ യുക്തി ഇന്നും നമ്മുടെ സമൂഹത്തിന് വ്യക്തമാവാത്ത കാര്യമാണ്. ചില ചോദ്യങ്ങൾ നിരന്തരം പൊതുജനമധ്യത്തിൽ ഉന്നയിച്ചുകൊണ്ട് സാമൂഹിക പൊതുബോധത്തിനകത്തെ സെലക്റ്റീവ് കോൺഷ്യസ്നെസ് (selective consciousness) മനോഭാവത്തെ തിരിച്ചറിയുകയും അതിനെ വിമർശനാത്മകമായി സമീപിക്കുകയും ചെയ്യുന്നതിലൂടെയുള്ള ഇടപെടലുകൾ നൈതികമായ ചോദ്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. ബീമാപള്ളി പോലീസ് വെടിവെപ്പ് കേരള ജനതയെ വലിയ അർത്ഥത്തിൽ ഞെട്ടിക്കുന്ന അനുഭവമായി മാറിയിട്ടില്ല എന്നതിന്റെ യുക്തിയും ഇതിലൂടെ അനാവരണം ചെയ്യപ്പെടും.

 

മുസ്‌ലിം ജനവിഭാഗത്തെ സംബന്ധിച്ച പല വിധത്തിലുള്ള വയലൻസുകൾ പൊതുസമൂഹത്തിൽ ഒരു അനക്കവും, നൈതികതയുടെ ഒരു ചോദ്യവും മുന്നോട്ട് വെക്കാൻ സാധിക്കാത്ത വിധം പർട്ടിക്കുലർലി ഫിക്സേഷൻ (particularly fixation) ബാധിച്ച ഒരു സാമൂഹിക പൊതുബോധമാണ് നമ്മുടേത്.

 

മറ്റൊരു കാര്യം സിനിമ/കലാ മേഖലകളിലുള്ള മുസ്‌ലിം പ്രാതിനിധ്യങ്ങൾകൊണ്ടുണ്ടായ രൂപമാറ്റമാണ്. മലയാള സിനിമയിൽ തന്നെ ‘കെ.എൽ 10 പത്ത്’ മുതൽ ‘ഹലാൽ ലൗ സ്റ്റോറി’ വരെയുള്ള മുസ്‌ലിം പ്രാതിനിധ്യമുള്ള, മുസ്‌ലിം രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു എന്ന് പറയുമ്പോഴും ഇവിടുത്തെ മുസ്‌ലിം വിരുദ്ധ പൊതുബോധം ഇപ്പോഴും ഇത്തരം പ്രാതിനിധ്യങ്ങളെ അപരമായി കണ്ടുകൊണ്ട് തന്നെയാണ് മനസ്സിലാക്കുന്നത്. അതിനാൽ രണ്ട് അർത്ഥത്തിൽ ഉള്ള പങ്കാളിത്തം നടത്തി കൊണ്ടാണ് കുറച്ചു കൂടി മുസ്‌ലിങ്ങൾക്ക് സിനിമ പോലുളള ഒരു വ്യവഹാരത്തിനകത്ത് ഇടപെടാൻ സാധിക്കുക. ഒന്ന് ജനകീയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമകളുടെ വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ കഴിവുകൾ അനുസരിച്ച് അടയാളപ്പെടുത്താനുള്ള ഇടം കണ്ടെത്തുന്നതും മറ്റൊന്ന് കൃത്യമായ രാഷ്ട്രീയ ബോധത്തോടെ ഒരു സിനിമ നിർമിക്കുക എന്നതുമാണ്. ഇതിൽ രണ്ടാമത്തേത് എളുപ്പമല്ലാത്തത് പോലെതന്നെ സങ്കീർണവുമാണ്.

 

രണ്ട് തരത്തിലുള്ള പ്രശ്നങ്ങളാണ് പൊതുവിൽ മുസ്‌ലിം സിനിമ സാധ്യതകളെ കുറിച്ച് ആലോചിക്കുമ്പോൾ രൂപപ്പെടുന്നത്.

ഒന്ന്, നേരത്തെ സൂചിപ്പിച്ച പോലെ മുസ്‌ലിം എന്ന നിലയിൽ മുന്നോട്ട് വെക്കപ്പെടുന്ന കലാവിഷ്കാരങ്ങൾ ഉൾകൊള്ളുവാനും മനസ്സിലാക്കുവാനുമുള്ള നമ്മുടെ പൊതുവ്യവഹാരത്തിന്റെ അജ്ഞതയും താൽപര്യക്കുറവുമാണ്.

രണ്ട്, മുസ്‌ലിം സമൂദായത്തിനകത്തുള്ള ഇടപെടലുകൾ സിനിമയെ എങ്ങനെ കാണാൻ ശ്രമിക്കുന്നു എന്നതിനെ സാമുദായിക സമവാക്യങ്ങളിൽ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മുസ്‌ലിങ്ങൾ പൊതുവിൽ സിനിമ അടക്കമുള്ള കല മേഖലകളോട് ദൈവശാസ്ത്രപരമായ (theological) വളരെ നേർത്ത സമീപനം മാത്രമാണ് വലിയൊരു അളവിൽ നടത്തിയിട്ടുള്ളത് എന്ന് മനസ്സിലാക്കാം. അതുതന്നെയും അപക്വമായ ചില വിധികല്പിക്കലുകളായാണ് നിലനിൽക്കുന്നത്. വ്യത്യസ്ത ആവിഷ്‌കാര മണ്ഡലങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ സംബന്ധിച്ച ഗൗരവകരമായ ആലോചനകൾ ഇനിയും ഒരുപാട് ദൂരം സഞ്ചരിച്ച് എത്തേണ്ടതുണ്ട്. അങ്ങനെയാണെങ്കിൽ കൂടി മുസ്‌ലിം വിരുദ്ധമായും ധാർമിക/സദാചാര വിരുദ്ധമായുമൊക്കെ ഇന്നുള്ള സിനിമ മേഖലയോട് ഇടപെടാതെ മാറി നിൽക്കുന്നതിനെക്കാൾ, ലഭ്യമാവുന്ന ചെറിയ ഇടങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള സാധ്യതയായാണ് അതിനെ നമ്മൾ കാണേണ്ടത്. ദൗർഭാഗ്യവശാൽ അങ്ങനെ ഇടപെടുന്ന വളരെ ചെറിയൊരു കൂട്ടം ആളുകളോട് പോലും സമുദായം പുലർത്തുന്ന സമീപനം ദുഃഖകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *