ഫാദർ സ്റ്റാൻ സ്വാമി: ജീവിതവും സമരവും

പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അധസ്ഥിതരുടെയും ശബ്ദമായാണ് ഫാദർ സ്റ്റാൻ സ്വാമി അറിയപ്പെടുന്നത്. ദലിത് വിഭാഗക്കാരുടെ ഉറ്റമിത്രമായിരുന്നു അദ്ദേഹം. രാഷ്ട്രീയ അധികാരികളോട് എതിർപ്പ് വെച്ചുപുലർത്തിയതുകൊണ്ട്, കസ്റ്റഡിയിൽ വച്ചുതന്നെ അദ്ദേഹത്തിന് മരിക്കേണ്ടി വന്നു.1937-ൽ തമിഴ്‌നാട്ടിലെ തിരുച്ചിപ്പള്ളിയിലാണ് സ്വാമി ജനിക്കുന്നത്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള- പ്രത്യേകിച്ച് ഗോത്രവർഗക്കാരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും- നിരന്തരമാരായ പോരാട്ടത്തിന്റ ഉത്തമ ഉദാഹരമാണ് സ്വാമിയുടെ ജീവിതം. ഇത്തരം പോരാട്ടങ്ങൾക്കെതിരെയുള്ള സ്ഥാപനവത്കൃത വേട്ടയുടെ ഇരയായിത്തീരുകയാണ് അദ്ദേഹവും എന്നാണ് സ്വാമിയെ അടുത്തറിയുന്നവർ പ്രതികരിച്ചത്.

ഇരുപതാം വയസ്സിൽ, ഫാദർ സ്റ്റാൻ സ്വാമി ജെസ്യൂട്ട് പുരോഹിതനാവുകയും, തന്റെ ജീവിതം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി മാറ്റിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. എട്ടു വർഷങ്ങൾക്ക് ശേഷം, മുൻ ബീഹാറിലെ കൊൽഹാൻ ഡിവിഷനിലെ ചൈബാസയിൽ ആധിപത്യം പുലർത്തിയിരുന്ന ഹോ ഗോത്രത്തിന്റെ ജീവിതം അവിടെ താമസിച്ചുതന്നെ പഠിക്കുവാനായി അദ്ധേഹം അങ്ങോട്ട് പോവുകയുണ്ടായി. അതിനിടയിൽ, സാമൂഹ്യശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കുന്നതിനായി ഫിലിപ്പീൻസിലെ മനിലയിലേക്ക് പോവുകയും ഉപരിപഠനം പൂർത്തിയായതിനു ശേഷം ഗോത്രവർഗക്കാരുടെ ജീവിതം, അവർ നേരിടുന്ന വെല്ലുവിളികളൊക്കെ പഠിക്കുന്നതിനായി ചൈബാസയിലേക്ക് തിരിച്ചുവരികയും ചെയ്തു.

സമൂഹവുമായി നിരന്തരമായുള്ള ഇടപെടലുകളുടെ ഫലമായി അക്കാദമിക സമൂഹശാസ്ത്രത്തെ പറ്റിയുള്ള തന്റെ അറിവ്‌ ഇനിയും ആഴത്തിലുള്ളതാക്കണമെന്ന് ഫാ. സ്റ്റാൻ തിരിച്ചറിഞ്ഞു. അതിനെത്തുടർന്ന് തദ്വിഷയകമായിട്ടുള്ള പഠനാവശ്യാർഥം ഒരു വർഷം നീളുന്ന കോഴ്സ് ചെയ്യാൻ അദ്ദേഹം ബെൽജിയത്തിലേക്ക് പോയി. അവിടെ വെച്ച് സമൂഹശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദത്തിന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും താൻ കരസ്ഥമാക്കിയ അറിവുകൾ സേവനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്താം എന്ന നിശ്ചയപ്രകാരം ഫാദർ ഇന്ത്യയിലേക്ക് മടങ്ങി. ശേഷം ചൈബാസയിൽ തന്നെ തന്റെ പ്രവർത്തനങ്ങൾ തുടർന്നു.

ചൈബാസയിൽ നിന്ന് ഫാദർ സ്റ്റാൻ സ്വാമി ബംഗളൂരുവിലേക്ക് പോവുകയും അവിടെ 15-വർഷത്തോളം ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ISI) ഡയറക്ടറായി ജോലി നോക്കുകയും ചെയ്തു. എങ്കിലും ചോട്ടാനാഗ്പൂരിലെ ഗോത്രവർഗക്കാരോടുള്ള സ്നേഹം അദ്ദേഹത്തെ വീണ്ടും ഝാർഖണ്ഡിലേക്ക് (പിന്നെ ബിഹാറിലേക്കും) കൊണ്ടെത്തിച്ചു.

സ്വന്തം ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കാത്തവനും വളരെ സൗമ്യനുമായ ഒരു വ്യക്തിയായിട്ടാണ് സ്വാമിയെ സാമൂഹ്യപ്രവർത്തകനും അദ്ദേഹത്തിന്റെ സേവനയാത്രകൾക്ക് സാക്ഷിയുമായ ബൽറാം അനുസ്മരിക്കുന്നത്. ബൽറാം പറയുന്നു: “എൺപതുകളിൽ ഫാദർ ISI യുടെ ഡയറക്ടർ ആയിരിക്കെ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. എന്നെ സ്വീകരിക്കാൻ അദ്ദേഹം അന്ന് ജീപ്പോടിച്ച് വരികയുണ്ടായി. ആ സംഭവം അദ്ദേഹത്തിന്റെ എളിമയുടെ ഒരു സൂചന മാത്രമായിരുന്നു”.

“ആദിവാസികൾ നേരിട്ടിരുന്ന അടിച്ചമർത്തലുകളെയും ഭൂമി കൈയേറ്റങ്ങളെയും പരാമർശിക്കുന്ന പത്രക്കട്ടിങ്ങുകൾ അദ്ദേഹം തേടിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരായ സമരങ്ങളിൽ ഞാൻ വ്യാപൃതനായ കാലമായിരുന്നു അത് “, 90-കളിൽ ജംഷട്പൂരിലെ മാംഗോവിൽ താനും സ്വാമിയും അയൽവാസികളായിരുന്ന കാലത്തെ ഓർത്തെടുത്ത് കൊണ്ട് ബൽറാം കൂട്ടിച്ചേർത്തു.

90-കളുടെ തുടക്കത്തിൽ നേതാര്‍ഹട്ട്‌ ഫീല്‍ഡ്‌ ഫയറിംഗ്‌ റേഞ്ചിനും കോയൽ-കാരോ പദ്ധതിക്കുമെതിരായ ആദിവാസി രാഷ്ട്രീയ മുന്നേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫാദർ സ്റ്റാൻ സ്വാമി ഝാർഖണ്ഡിൽ സ്ഥിരതാമസക്കാരനാകാൻ തീരുമാനിച്ചതെന്ന് ഝാർഖണ്ഡിലെ മറ്റു സാമൂഹിക പ്രവർത്തകർ വിശ്വസിക്കുന്നു.

90-കളുടെ അവസാനത്തിൽ റാഞ്ചിയിലെ നാംകമിൽ ജെസ്യൂട്ടുകൾ നടത്തിക്കൊണ്ടിരുന്ന അഗ്രിക്കൾച്ചർ ട്രെയിനിങ് സെന്ററിൽ (ATR) സ്റ്റാൻ സ്വാമിക്ക് താമസസൗകര്യം ലഭിക്കുകയുണ്ടായി. അവിടെ നിന്ന് അദ്ദേഹം ബഗൈചക്ക് തറക്കല്ലിടുകയും ആദിവാസികളെ ശബ്‌ദമുയർത്താൻ പ്രേരിപ്പിക്കുകയും, തുടർന്ന് ഭരണഘടന നൽകുന്ന അവകാശങ്ങൾ നേടിയെടുക്കാനായി ഒരു മുന്നേറ്റം സൃഷ്ടിക്കാൻ അവരെ സഹായിക്കുകയും ചെയ്തു. “2006-ൽ അതിന്റെ കെട്ടിട ഉദ്ഘാടനത്തോടെ ബഗൈച്ചക്ക് ഔപചാരിക രൂപം ലഭിച്ചു”. ATC യുടെ ഡയറക്ടറായ ഫാദർ ടോണി പറഞ്ഞു.

പിന്നീട് ഫാദർ സ്റ്റാൻ സ്വാമിയെ സ്റ്റേറ്റിന്റെ അടിച്ചമർത്തലുകൾക്ക് നേരെയുള്ള ദളിതരുടെയും ആദിവാസികളുടെയും എല്ലാ പ്രക്ഷോഭങ്ങളിലും സജീവമായി കാണുവാൻ സാധിച്ചിരുന്നു. പീപ്പിൾസ്‌ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ റാഞ്ചി യൂണിറ്റ് അധ്യക്ഷനായിരുന്നു അദ്ദേഹം. വിവാദ ‘തീവ്രവാദ നിരോധന നിയമം (POTA)’ റദ്ദുചെയ്യുന്നതിന് നിരന്തരം പ്രവർത്തിക്കുകയും യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ തടവിലാക്കപ്പെട്ട ആദിവാസികളുടെ കേസ് പഠനങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകം രചിക്കുകയും ചെയ്തു.

വിചാരണ തടവുകാരുടെ കാര്യങ്ങളിലും സ്വാമി ശ്രദ്ധ പുലർത്തിയിരുന്നു. “ജംഗൽ ബാചാവോ അന്ദോള”നിൽ [ഗോത്രവർഗക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി രൂപീകൃതമായ പ്രസ്ഥാനം] പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ വനനിയമം ലംഘിച്ചതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട ആയിരക്കണക്കിന് ആദിവാസികളുടെ ദുരവസ്ഥ അദ്ദേഹം ഉയർത്തിക്കാട്ടി. പിന്നീട് പഞ്ചായത്ത്‌ വിപുലീകരണ നിയമം (PESA) നടപ്പിൽ വരുത്തുന്നതിനായി നിരന്തരം ശബ്ദിച്ചിരുന്നു.

പതൽഗരി പ്രസ്ഥാനത്തിലൂടെ പട്ടികജാതി പ്രദേശങ്ങളിൽ സ്വയംഭരണാധികാരം തേടുന്ന ആദിവാസി ജനതയെ പിന്തുണച്ചതുമൂലം സ്റ്റാൻ സ്വാമിയുടെയും മറ്റു സാമൂഹ്യപ്രവർത്തകരുടെയുംമേൽ നിരവധി കേസുകൾ ചുമത്തപ്പെട്ടു. തുടർന്ന് രഘുബാർ ദാസ് സർക്കാർ സ്റ്റേറ്റിനെതിരായുള്ള ഫേസ്ബുക്ക് പോസ്റ്റുകൾക്കും കേസെടുത്തു.

PUCL ഝാർഖണ്ഡ്‌ മുൻജനറൽ സെക്രട്ടറി അരുൺ കുമാർ സിംഗ് ഇങ്ങനെ പറയുകയുണ്ടായി, “ഭരണഘടനാ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരല്ലാത്ത ജനജീവിതങ്ങളുടെ അടിത്തട്ടിൽ തന്നെ ഭരണാഘടന വ്യവസ്ഥകൾ നടപ്പിലാക്കുക എന്ന ആശയമായിരുന്നു ഫാദർ സ്റ്റാൻ സ്വാമിക്ക് ഉണ്ടായിരുന്നത്”. ഏതെങ്കിലും ഒരു പ്രത്യേക പ്രസ്ഥാനത്തിൽ സ്വാമിയെ പരിമിതപ്പെടുത്തുവാൻ നമുക്ക് സാധിക്കുകയില്ല. എവിടെ പൗരാവകാശ ലംഘനമുണ്ടായാലും ആദ്യം ശബ്ദമുയർത്തിയിരുന്നത് ഫാദർ സ്റ്റാൻ സ്വാമിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *