ചോദ്യം: കീഴാള രാഷ്ട്രീയത്തിന് വലിയൊരു ചരിത്രമുണ്ട്. അതിന്റെ പശ്ചാത്തലം, ചരിത്രം, സൈദ്ധാന്തിക അടിത്തറ തുടുങ്ങിയവയെ കുറിച്ച് ചെറിയൊരു ആമുഖം നൽകാമോ?
കീഴാള രാഷ്ട്രീയം വിവിധ കാലഘട്ടങ്ങളിലൂടെ രൂപപ്പെട്ടു വന്നതാണ്. അത് ഒരൊറ്റ ധാരയല്ല, മറിച്ച് വിപുലമായ ധാരകളാണ്. ഇന്ത്യയില്‍ അതിനെ ഒരു അബ്രാഹ്മണിക ധാര എന്ന് പറയാം. ഹൈന്ദവ പുരാണങ്ങളുടെയും വേദോപനിഷത്തുകളുടെയും പ്രാമാണ്യം അംഗീകരിച്ച് കൊണ്ട് ബ്രാഹ്മണരെ ദൈവങ്ങളായി കണക്കാക്കുന്നതാണ് ഇന്ത്യയിലെ അടിസ്ഥാന കാഴ്ചപ്പാട്. അതുകൊണ്ട് വേദോപനിഷത്തുകളുടെയും ധര്‍മശാസ്ത്രങ്ങളുടെയും ആധികാരികത അടിസ്ഥാനമാക്കി ഭരിക്കപ്പെടുന്നതാണ് ഇന്ത്യയിലെ പൊതുബോധം. ഇതിനെതിരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സമരങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ ആ സമരങ്ങളെല്ലാം ചില മത വിഭാഗങ്ങളുടെയോ ചില വിശ്വാസങ്ങളുടെയോ ആചാരങ്ങളുടെയോ ഭാഗമായി ഉണ്ടായതാണ്. അതിനെ കുറിച്ച് ഡോ.അംബേദ്കര്‍ പറഞ്ഞിട്ടുള്ള ഒരു കാഴ്ചപ്പാട്, ഇന്ത്യയില്‍ സാമുഹ്യ വിപ്ലവം (Social revolution) പണ്ടു മുതലേ നിലനില്‍ക്കുന്നുണ്ട്; അത് മതരൂപീകരണവും മതപരിവര്‍ത്തനവുമാണ് എന്നാണ്. ഇന്ത്യയില്‍ ആദ്യ കാലത്ത് നടന്നിട്ടുള്ള മതപരിവര്‍ത്തനങ്ങളെല്ലാം ഹിന്ദു ഏകാധിപത്യത്തിന്റെയും ബ്രാഹ്മണിസത്തിന്റെയും എതിരെയുള്ള സമരങ്ങളാണ്. മതരൂപീകരണങ്ങളുടെ ഉദാഹരണമാണ് ബുദ്ധിസം, സിഖിസം, രവിദാസിന്റെ മതം. ഇതൊക്കെ വേദോപനിഷത്തുകളുടെ ആധികാരികതയെയും ബ്രാഹ്മണ പൂജ സ്വീകരിക്കുക എന്നതിനെയും എതിര്‍ക്കുന്നതായിരുന്നു. ഇന്ത്യയിലെ കീഴാള വിഭാഗങ്ങളെ കേന്ദ്രീകരിച്ച് അനേകം വിശ്വാസ ധാരകളുണ്ട്. ഇതിനെ ഉള്‍കൊള്ളുന്നതാണ് ഈ ധാര. രണ്ടാമത്തെ ധാര ഇസ്ലാമിലേക്കും സിഖിസത്തിലേക്കുമുള്ള മതപരിവര്‍ത്തനങ്ങളാണ്. അങ്ങനെ ഈ മതപരിവര്‍ത്തനങ്ങളും മത രൂപീകരണങ്ങളും നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന വലിയൊരു ഘട്ടമാണ് ഇന്ത്യയിലെ കീഴാള സമര ചരിത്രം. ഇതിനൊരു പ്രായോഗ രീതിശാസ്ത്രമുണ്ടാവുന്നത് അംബേദ്കറുടെ കാലത്താണ്. 1920 മുതല്‍ അദ്ദേഹം ആധുനിക ജനാധിപത്യവും രാഷ്ട്ര മീംമാസകളുമൊക്കെ ബന്ധപ്പെടുത്തി ഈ രീതിശാസ്ത്രമുണ്ടാക്കുന്നുണ്ട്. എന്നാല്‍ വിവേകാനന്ദന്‍ ഹിന്ദു മത നവീകരണമാണ് മുന്നോട്ട് വെച്ചത്. അയിത്തം പോലുള്ള ചില മോശപ്പെട്ട കാര്യങ്ങളുണ്ടെങ്കിലും അടിസ്ഥാന പരമായി നന്മയും സഹിഷ്ണുതയും ഉയര്‍ന്ന മാനങ്ങളും ഉള്‍കൊള്ളുന്നതാണ് ഹിന്ദു മതം എന്നാണ് അദ്ദേഹത്തിന്റെ വാദം. അതുകൊണ്ട് തന്നെ അതിനൊരു സാര്‍വജനീയഭാവമുണ്ട്. അത് സത്യധര്‍മസമഭാവന ഉള്‍കൊള്ളുന്നതാണ് എന്നൊരു സങ്കല്‍പത്തെയാണ് അദ്ദേഹം ഉയര്‍ത്തുന്നതും അതിലൂടെ ഒരു പരിഷ്‌കരണ പ്രസ്ഥാനത്തെ രൂപീകരിക്കുന്നതും. ഇതിന് തത്വ ചിന്താപരമായ അടിത്തറ അദ്ദേഹമാണ് കൊടുക്കുന്നത്. ഇതേ സമയത്ത് മഹാത്മാ ഫൂലേ ബഹുജന്‍ രാഷ്ട്രീയത്തിന്റെ പുതിയ ഒരു സങ്കല്‍പം കൊണ്ട് വരുന്നുണ്ട്. അദ്ദേഹം മുന്നോട്ട് വെച്ച ആശയം, ഇന്ത്യയിലെ അള്ളാ മതമാണ് വികസിതമെന്നും അതാണ് വിമോചന പ്രത്യയ ശാസ്ത്രമെന്നുമാണ്. ഇന്ത്യയില്‍ വിമോചനം ബ്രാഹ്മണിസത്തില്‍ നിന്നുള്ള വിമോചനമാണെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദന്റെ ധര്‍മമീമാംസപരമായ ദര്‍ശനങ്ങള്‍ക്ക് അദ്ദേഹം ഒരു പ്രതിഘടന രൂപപ്പെടുത്തി. അദ്ദേഹം അതില്‍ നിന്ന് പ്രതിചിഹ്നങ്ങളും കൂടി ഉയര്‍ത്തിക്കൊണ്ടുവന്നു. അതായത് രാമന്‍ എന്ന് പറയുന്ന പോലെ ബാലിയും ഉണ്ടായിരുന്നു.
അങ്ങനെ അദ്ദേഹം ഒരുപാട് തരത്തില്‍ ഹിന്ദുവിനെ പറ്റിയുള്ള വിവേകാനന്ദ ദര്‍ശനത്തിനും ഹിന്ദു പരിഷ്‌കരണ പ്രസ്ഥാനത്തിനും വ്യത്യസ്തമായി പ്രതിഘടന രൂപപ്പെടുത്തി. ഒരു പുതിയ ചിഹ്നപ്രതീക വ്യൂഹമുണ്ടാക്കി. ഈ വ്യൂഹം വളരെ വികസിതമായ ഒരു കലാപം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് സാവിത്രി ഫുലേ. ഇവരാണ് കീഴാളര്‍ക്ക് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത്. അങ്ങനെ വളരെ വിപുലമായ പ്രസ്ഥാനം അദ്ദേഹത്തില്‍ നിന്നുണ്ടായി. ആ പ്രസ്ഥാനത്തിനെയും ആധുനിക ജനാധിപത്യത്തില്‍ നിന്നുള്ള പഠനങ്ങളെയും കൂടി ഉള്‍ക്കൊണ്ട് കൊണ്ടാണ് അംബേദ്കര്‍ പുതിയ തലത്തിലുള്ള ഒരു സമരം ആരംഭിച്ചത്. അതായത് യൂറോപ്പില്‍ പോയിട്ട് അദ്ദേഹം പഠിച്ച പുതിയ രാഷ്ട്രീയ പാഠങ്ങളും ഫ്രഞ്ച് വിപ്ലവത്തില്‍ നിന്നും ഇന്ത്യയിലെ ബുദ്ധിസത്തില്‍ നിന്നും പഠിച്ച പാഠങ്ങളും ശ്രീ ഫൂലേയുടെ സങ്കല്‍പങ്ങളുമായി കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചെടുത്തുകൊണ്ടാണ് അദ്ദേഹം ആധുനിക കീഴാള രാഷ്ട്രീയം എന്ന് പറയുന്ന പുതിയ തരത്തിലുള്ള ശബ്ദമില്ലാത്തവരുടെ ശബ്ദം രൂപപ്പെടുന്നത്. ശബ്ദമില്ലാത്തവരാണല്ലോ അടിസ്ഥാനപരമായി കീഴാളര്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദൃശ്യത (Visibility) കുറഞ്ഞവരാണ് അവർ. മറ്റുള്ളവരുടെ വ്യാഖ്യാനത്തിന് വിധേയമാവാതെ സ്വയം വ്യാഖ്യാനിക്കാന്‍ (Interpretation) സാധിക്കുമ്പോഴാണ് അവർ കീഴാളര്‍ അല്ലാതാവുന്നത്. ഈ അര്‍ത്ഥത്തില്‍ കീഴാളര്‍ എന്നത് ഒരു സംജ്ഞക്ക് കീഴില്‍ വ്യാഖ്യാനിക്കപ്പെടുന്ന ഇന്ത്യയിലെ അബ്രാഹ്മണ വിഭാഗങ്ങളെല്ലാം പുതിയൊരു സാന്നിധ്യമായി ഇന്ത്യയില്‍ വന്നത് അംബേദ്കറിന്റെ സമരങ്ങള്‍ കൊണ്ടാണ്. അംബേദ്കര്‍ അടിസ്ഥാനപരമായി ഇന്ത്യയിലെ ഹൈന്ദവ പരിഷ്‌കരണ പ്രസ്ഥാനത്തെയാണ് ചോദ്യം ചെയ്തത്. അത് കേവലം യാഥാസ്ഥിക ഹിന്ദുത്വത്തെ മാത്രമല്ല അഭിമുഖീകരിച്ചത്. ഇവിടുത്തെ പുരോഗമനകാരികള്‍ യാഥാസ്ഥിക ഹിന്ദുത്വത്തെ അഥവാ സംഘ്പരിവാറിനെ മാത്രം പ്രതിയാക്കിക്കൊണ്ട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. പ്രശ്‌നം എന്തെന്നാല്‍ പരിഷ്‌കരണവാദികളോടും കൂടി ചോദ്യം ഉന്നയിച്ചാലേ നമുക്ക് ഇടം കിട്ടുകയുള്ളൂ. അല്ലെങ്കില്‍ പുറം തള്ളല്‍ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കും. യാഥാസ്ഥികര്‍ നമ്മളെ ഹിംസാത്മകമായി ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ പരിഷ്‌കരണ വാദികള്‍ എപ്പോഴും ജനാധിപത്യത്തില്‍ നിന്ന് നമ്മളെ പുറന്തള്ളുകയാണ് ചെയ്യുന്നത്. ആ പുറന്തള്ളലിനെ അതിജീവിക്കണമെങ്കില്‍. പരിഷ്‌കരണ വാദികള്‍, അല്ലെങ്കിൽ ഉല്‍പതിഷ്ണുക്കള്‍ എന്ന് പറയപ്പെടുന്ന വിഭാഗത്തോടുകൂടിയും സമരം ചെയ്യണം. അഥവാ ഗാന്ധിയോടും നെഹ്‌റുവിനോടുമൊക്കെ സമരം ചെയ്താണ് കീഴാളര്‍ ഒരു സ്വത്വം ഉണ്ടാക്കിയെടുത്തതെന്ന് നമുക്ക് മനസ്സിലാക്കാം. കീഴാള മുന്നേറ്റങ്ങള്‍ എപ്പോഴും ഏകധാര ധ്രുവത്തിലുള്ളതല്ല. അനേകം വേരുകളും അനേകം തുടര്‍ച്ചകളും ഉള്ളതുകൊണ്ട് തന്നെ പലപ്പോഴും അവരുടെ മേല്‍ ശക്തിയുപയോഗിക്കുമ്പോള്‍ അത് അദൃശ്യം (Invisible) ആയി മാറും. അതിനര്‍ത്ഥം അത് സന്നിഹിതമല്ല എന്നല്ല. സവര്‍ണ്ണാധിപത്യം നിലനില്‍ക്കുമ്പോള്‍ കീഴാളരുടെ സാന്നിധ്യം നമുക്ക് പലപ്പോഴും ദൃശ്യമാവില്ല. അവര്‍ ഉണ്ടോ എന്ന് പോലും അറിയാന്‍ കഴിയില്ല. അതിന് കാരണം ഈ അമര്‍ത്തപ്പെടുന്ന അവസ്ഥയാണ്. അതുകൊണ്ട് കീഴാള സാമൂഹിക സമരങ്ങളെ തുടര്‍ച്ചകളിലൂടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. അതിന്റെ സാന്നിധ്യവും, അസാന്നിധ്യവും, ശബ്ദമില്ലായ്മയും അഭാവങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്നതാണ് ഈ തുടര്‍ച്ച. സന്നിഹിതമായിട്ടുള്ളത് (Present) മാത്രം വീക്ഷിക്കാതെ എന്തൊക്കെയാണ് അസന്നിഹിതമായിട്ടുള്ളത് (Absent) എന്ന് കൂടി വീക്ഷിച്ചുക്കൊണ്ട് ഒരു വ്യവഹാരത്തെ രൂപപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ കീഴാള വ്യവഹാരത്തിന്റെ രാഷ്ട്രീയത്തെയും തുറന്നു കാട്ടപ്പെടുന്നു.
മറ്റൊരു പ്രധാനവിഷയം ആരൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു എന്ന ചോദ്യമാണ്. 1970 കളുടെ ആരംഭത്തിലാണ് കീഴാളരെ നിര്‍വചിച്ചുകൊണ്ട് ആദ്യത്തെ ദലിത് മാനിഫെസ്റ്റോ ഇറക്കുന്നത്. ദലിത് എന്ന സംജ്ഞയെയാണ് അവര്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. വിഘടിത മനുഷ്യര്‍ (broken people) എന്ന അര്‍ത്ഥത്തിലുള്ള ആ വാക്ക് അംബേദ്കര്‍ തന്നെയാണ് ആദ്യം ഉപയോഗിച്ചത്. 1970 കളില്‍, വളരെ സങ്കീര്‍ണ്ണമായ സാമൂഹിക അവഗണന അനുഭവിച്ച, ചേരികളില്‍ നിന്ന് പഠിച്ച് വന്ന ഒരു വിഭാഗം അവരെ തന്നെ നിര്‍വചിച്ചു. ഗാന്ധി അവരെ ഹരിജനങ്ങള്‍ (ദൈവത്തിന്റെ മക്കള്‍) എന്ന് വിശേഷിപ്പിച്ചു. അത് ഒരു ഉദാര വാക്കാണ്, അതു കൊണ്ട് തന്നെ അതൊരു അപമാന വാക്കാണ് എന്ന് പറഞ്ഞുകൊണ്ട് അവരതിനെ റദ്ദ് ചെയ്യുകയും തങ്ങളെ ദലിത് പാന്തര്‍ എന്ന് നിര്‍വചിക്കുകയും ചെയ്തു. പക്ഷേ ദലിത് എന്ന് പറയുന്നതിനെ ഒരു സാങ്കേതിക പദമായിട്ടല്ല അവര്‍ കണ്ടത്. പട്ടികജാതി പട്ടികവര്‍ഗ്ഗം എന്നതിന്റെ ഒരു ബദൽ വാക്കുമല്ല ദലിത്. മറിച്ച് ഇന്ത്യയില്‍, അടിസ്ഥാന പരമായിട്ട് ബ്രാമിസണത്തിനും, സാമ്രാജ്രത്തിനും മുതലാളിത്തത്തിനും എതിരെ നില്‍ക്കുന്നവരെല്ലാം ദലിതരാണ് എന്ന വിശാലമായൊരു ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയമായമാണ് അവരതിനെ അവതരിപ്പിച്ചത്. ആ വാക്ക് ചിലപ്പോള്‍ ചുരുങ്ങിപ്പോവാറുണ്ട്. പലരും, പ്രത്യേകിച്ച് അക്കാദമിക് ഫീല്‍ഡില്‍ ഉള്ളവര്‍ അതിനെ പട്ടികജാതി, പട്ടിക വര്‍ഗ്ഗ എന്ന സാങ്കേതികാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അവരെ സംബന്ധിച്ച് സാമൂഹിക വിപ്ലവം ഒരു പദ്ധതിയല്ല. ജനതയുടെ വിമോചനമോ ജനത മുന്നോട്ടു കൊണ്ടുപോകുന്ന പുതിയ തരത്തിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളോ അവരുടെ അജണ്ടയല്ലാത്തതുകൊണ്ട് അവരെപ്പോഴും അതിനെ സങ്കുചിതമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കും. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ തന്നെ അടിസ്ഥാന പരമായി ദലിത് എന്നുള്ള സങ്കൽപ്പം (Concept) വളരെ വികസിതമായ ആധുനിക ജനാധിപത്യത്തെ പറ്റിയുള്ള ഒരു പുതിയ വാക്കാണ്. കേവലാര്‍ത്ഥത്തിലുള്ള ഒരു സ്വത്വത്തിന്റെ വാക്കായല്ല, അനേക തരത്തിലുള്ള കൂട്ടായ്മകളെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു വാക്കാണ് അത്. അതിന്റെ പ്രായോഗിക തലം നമുക്ക് വിവിധ മണ്ഡലങ്ങളിൽ കാണാന്‍ സാധിക്കും. അതിനെ ഒറ്റ ഭൂമികയില്‍ മാത്രമായി കാണാന്‍ സാധിക്കില്ല. ഇത് നിരന്തമുണ്ടായിക്കൊണ്ടിരിക്കുന്നതും മറഞ്ഞു പോകുമ്പോള്‍ പുതുക്കി വരുന്നതുമായ (Transformative) പ്രക്രിയ ആണ്.
ചോദ്യം: സംവരണം എല്ലാ കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. ഈ അടുത്ത കാലത്തും സംവരണ ചർച്ചകൾ വന്നപ്പോൾ ഇടതുപക്ഷം അടക്കം സംവരണം എന്നുള്ളത് എടുത്ത് കളയേണ്ട ഒന്നാണെന്ന് പറയുകയുണ്ടായി. ഇത് സംവരണത്തെ കുറിച്ചുള്ള അജ്ഞതയാണോ സൂചിപ്പിക്കുന്നത്, അതല്ല ഒളിഞ്ഞു കിടക്കുന്ന സവർണ ബ്രാഹ്മണിക്കൽ കാഴ്ചപ്പാടാണോ?
സംവരണത്തോടുള്ള ശത്രുതയും അതിനെക്കുറിച്ച സംവാദവും അത് നടപ്പിലാക്കപ്പെട്ട കാലം മുതല്‍ക്കുള്ളതാണ്. സംവരണത്തില്‍ അധികാരത്തിന്റെ പങ്കുള്ളതുകൊണ്ടാണ് അതില്‍ ശത്രുത ഉണ്ടാവുന്നത്. മറിച്ച് ഒരു ഔദാര്യമായിട്ടോ കഷ്ടപ്പെടുന്നവര്‍ക്കുള്ള ഒരു ആനുകൂല്യമായിട്ടോ ഉള്ള പദ്ധതിയായിരുന്നെങ്കില്‍ അതിനെ ഒരു ക്ഷേമപദ്ധതിയായിട്ട് കാണുമായിരുന്നു. സംവരണം ഒരു ഫൈനല്‍ പ്രൊഡക്ട് ആണ്. അഥവാ ഒരാളെ നേരിട്ട് അധികാരത്തിലേക്ക് എത്തിക്കുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിയമനം ലഭിക്കുന്ന അയാള്‍ക്ക് തന്റെ അഭിപ്രായം പ്രയോഗിക്കാന്‍ കഴിയും. ജോലിയില്‍ നിയമിച്ച അപ്പോള്‍ അധികാരത്തിന്റെ ഫൈനല്‍ പ്രൊഡക്ട് എന്ന നിലയില്‍ അതിന് വലിയ അര്‍ത്ഥമുണ്ട്. സ്വത്തും പവറുമുള്ള ഒരു ജനതയെത്തന്നെ നിര്‍മ്മിക്കുവാന്‍ സംവരണത്തിന് കഴിയും. പ്രത്യേകിച്ചും കീഴാളരില്‍ നിന്ന് സ്റ്റേജില്‍ ശബ്ദിക്കുന്നവരും, സാമൂഹിക വിപ്ലവകാരികളും, സ്വത്തുടമസ്ഥരും ഒക്കെ ഉണ്ടായത് സംവരണം ഉണ്ടാക്കിയ ദൂരവ്യാപകമായ മാറ്റമാണ്. സമൂഹത്തിനകത്ത് ഉണ്ടാക്കിയ സാമൂഹിക വിപ്ലവത്തിന്റെ ഭാഗമാണ് സംവരണം.
സ്വത്ത്, അധികാരം, പദവി എന്നവയെ കീഴാളര്‍ക്ക് നൽകുകയാണ് സംവരണം ചെയ്യുന്നത്. അത് കൊണ്ട് തന്നെ സംവരണത്തോട് ശക്തമായ എതിര്‍പ്പുണ്ട്, സംവരണം അനാവശ്യമാണ്, അത് നിങ്ങളെ വീണ്ടും അധസ്ഥിതിയിലേക്ക് എത്തിക്കുകയാണ്, അതുകൊണ്ടൊരിക്കലും ജാതി ഉന്മൂലനം ചെയ്യപ്പെടില്ല എന്നൊക്കെയുള്ള കള്ളപ്രചരണങ്ങളെ അവര്‍ എപ്പോഴും അഴിച്ചു വിടുന്നു. സംവരണം മൂലം ഞങ്ങളുടെ അവസരങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നു, അതിനാല്‍ പ്രതിബന്ധമാണ് സംവരണം എന്നൊക്കെയുള്ള വാദങ്ങള്‍ പണ്ടുമുതലേ അവർ ഉന്നയിച്ചു വരുന്നു. ഇതൊന്നും അജ്ഞതയുടെ പുറത്തല്ല. ഇന്നലെ വരെ അധികാരത്തില്‍ ഇല്ലാത്ത ഒരു വിഭാഗം, രാഷ്ട്രീയ ഘടനയിലേക്ക് പ്രവേശിക്കുന്നത് അവരെ അയിത്തത്തോടുകൂടി കണ്ട ജന്മി വിഭാഗങ്ങള്‍ക്ക് അസഹ്യമാണ്. അത് കൊണ്ടാണ് ആ ശത്രുത നിലനില്ക്കുന്നത്. സംവരണം എടുത്തു കളയണം എന്നത് സവര്‍ണ്ണവാദമാണ്. സംവരണം വിപുലീകരിക്കുകയും സ്വകാര്യ മേഖലയിലൊക്കെ അത് വരികയും ചെയ്യണം എന്ന വാദമാണ് നമ്മള്‍ ഉന്നയിക്കുന്നത്. ദലിതര്‍ക്കാണ് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയും സഹകരണ മേഖലയിലുമൊക്കെ സംവരണം ലഭിക്കുന്നത്. അത് ഭരണഘടനയില്‍ ലിഖിതമായതുകൊണ്ട് മാത്രമാണ്, അല്ലെങ്കില്‍ ലഭിക്കില്ലായിരുന്നു. പക്ഷേ മുസ്‌ലിംകള്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ഈ സംവരണമില്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അത് പറയുന്നുണ്ട്. ഗുജറാത്ത്, യുപി, മധ്യപ്രദേശ് പോലെയുള്ള സ്ഥലങ്ങളില്‍ വലിയ തോതില്‍ മുസ്‍ലിം ജനസംഖ്യയുണ്ടായിട്ടുപോലും അവരില്‍നിന്ന് എം.പിമാരോ എം.എല്‍.എമാരോ ഉണ്ടാവുന്നില്ല. അതിനര്‍ത്ഥം കോണ്‍ഗ്രസ്സ് അടക്കമുള്ള മുഖ്യധാരാ കക്ഷികള്‍, ബി.ജെ.പി പ്രത്യേകിച്ച് മുസ്‌ലിംകളെ തഴഞ്ഞുക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ മുസ്‌ലിം പ്രാധിനിധ്യമില്ലാതാകുമ്പോള്‍, രണ്ടാം വിഭജനം തന്നെയാണ് നടപ്പിലാകുന്നത്. അത് കൊണ്ട് തന്നെയാണ് സച്ചാര്‍ കമ്മീഷണ്‍ പ്രകാരം, ദലിതരേക്കാള്‍ കീഴെയാണ് മുസ്‌ലിംകള്‍ എന്ന് പറയുന്നത്. കേരളം പോലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് മുസ്‌ലിംകളില്‍ മുന്നേറ്റം കാണാന്‍ സാധിക്കുക. അടിസ്ഥാന പരമായി വിദ്യഭ്യാസ-അധികാര മേഖലകളിലും മറ്റും അന്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗമായി മാറിയിട്ടുണ്ട് 20 കോടി മുസ്‍ലിംകള്‍. അഥവാ അവര്‍ക്കെതിരെ ശത്രുതയും, മത വിവേചനവും നിലനില്‍ക്കുന്നു എന്ന യഥാർത്ഥ്യം മനസ്സിലാക്കി പ്രാതിനിധ്യ ജനാധിപത്യത്തിനകത്ത് അവര്‍ക്ക് കൃത്യമായ സ്ഥാനം കൊടുക്കേണ്ടതുണ്ട്. വിഭജന കാലഘട്ടത്തിലെ ധാരാളമായ രാഷ്ട്രീയ സങ്കീര്‍ണതക്കുള്ളില്‍ അത് സ്ഥാപിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ അംബേദ്കര്‍ പലപ്പോഴും ദലിതരുടെ അവകാശങ്ങള്‍ പറഞ്ഞ് സ്ഥാപിച്ചെടുത്തിരുന്നു. അത്‌കൊണ്ട് അവര്‍ക്ക് പാര്‍ലമെന്റിലൊക്കെ സംവരണം ലഭിച്ചു. വിഭജന രാഷ്ട്രീയത്തില്‍ മുസ്‌ലിംകള്‍ രണ്ടാം കിട പൗരന്മാര്‍ ആയി ചിത്രീകരിക്കപ്പെടുകയും അധികാരാവകാശങ്ങള്‍ അവര്‍ക്ക് ഹനിക്കപ്പെടുകയും ചെയ്തു. ആ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവരില്‍ നിന്ന് ഒരു വിഭാഗം ഉയര്‍ന്നുവന്നില്ല. ഉള്ളവരാണെങ്കില്‍ ദേശീയവാദികളായിരുന്നു. അവകാശ ബോധം ഉണ്ടാവാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിയിലായിരുന്നു അവര്‍. പക്ഷേ ഈ കാലഘട്ടത്തില്‍ സംവരണം വിപുലീകരിക്കപ്പെടേണ്ടതുണ്ട്. പട്ടിക ജാതി- പിന്നോക്ക വിഭാഗങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രാദേശിക സംവരണം വികസിപ്പക്കണമെന്നും വിവിധ മേഖലകളില്‍ അവര്‍ക്ക് ഇല്ലാത്ത സംവരണം കൊടുക്കണമെന്നുമുള്ള വാദം മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനെയും കൂടി വികസിപ്പിക്കുവാനുള്ള വാദം ഉയര്‍ത്തിക്കൊണ്ടുള്ള സമരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
ചോദ്യം: ഇന്ത്യയിൽ ഇപ്പോൾ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മുൻനിരയിലുള്ളത് ബഹുജൻ രാഷ്ട്രീയമുള്ള ആളുകളാണല്ലോ. ഇതൊരു കീഴാള മുസ്‌ലിം ബഹുജൻ പൊളിറ്റിക്സിന്റെ വികാസമായി പലരും വിലയിരുത്തുന്നുണ്ട്. അതോടൊപ്പം തന്നെ ഇതിനെ വളരെ ആശങ്കയോടെ നോക്കിക്കാണുന്ന മതേതര ഇടത് ലിബറൽ ചേരികളുമുണ്ട്. എന്താണ് ഈ രാഷ്ട്രീയത്തിന്റെ ഭാവി?
പൗരത്വ നിയമഭേദഗതിക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന സമരം ഇന്ത്യയിലെ സാമൂഹിക സമരങ്ങളുടെ ഒരു പുതിയ ഘട്ടമാണ്. അത് ഒന്നാമതായി ഹിന്ദു രാഷ്ട്രീയാധികാരത്തിന്റെ ബലപ്രയോഗത്തിനെതിരെയുള്ള ഒരു സമരമാണ്. അടിസ്ഥാനപരമായിട്ട്, ഹിന്ദുത്വ ഭരണകൂടം അതിന്റെ നിയമങ്ങളിലൂടെ മുസ്‌ലിംകളോട് പൊതുബോധത്തിന്റെ വെറുപ്പുണ്ടാക്കുന്നതിനും അവരെ സമൂഹത്തില്‍ നിന്ന് വേര്‍പ്പെടുത്തി അന്യവത്കരിക്കുന്നതിനെതിരെയുള്ള സമരമാണ്. അതുകൊണ്ട് തന്നെ മുസ്‌ലിംകളാണ് ഈ സമരത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. ബാക്കിയുള്ളവര്‍ ഇതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഈ സമരത്തിന്റെ പ്രത്യേകതയെന്നത്, ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന ഈ സമരം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ മേല്‍ ഫാസിസ്റ്റുകള്‍ ഉയര്‍ത്തിയ ഭീഷണിയെ അതിജീവിക്കാന്‍ പോന്ന അതിശക്തമായൊരു സമരമാണ്. അതുകൊണ്ട് തന്നെ ഇത് ജനാധിപത്യത്തെ ഫാസിസ്റ്റ് വല്‍കരിക്കാനുള്ള ശ്രമത്തെ പൊളിച്ചെഴുതിയ സമരമാണ്. ആ അര്‍ത്ഥത്തില്‍ ഈ സമരം ഒരു രാഷ്ട്രീയ വിജയമാണ്. അതായത് ഹിന്ദുത്വത്തിന്ന് അനുസ്യതമായി ഇങ്ങനെ പോവാന്‍ കഴിയുമെന്നും അവർക്ക് വിജയ പ്രതീക്ഷയോടുകൂടി ഒരു ജൈത്രയാത്ര നടത്താന്‍ കഴിയുമെന്നുമുള്ള മോഹത്തിന് വിള്ളലേല്‍പ്പിക്കുകയും അതിൽ പ്രതിസന്ധി രൂപപ്പെടുത്തുന്ന തരത്തിൽ പ്രശ്‌നമുണ്ടാക്കുകയും ചെയ്ത ഒരു സമരമാണ്. അതിന് കാരണം, വിശാല ബഹുജനങ്ങള്‍ക്ക് അതില്‍ ഇറങ്ങാന്‍ കഴിഞ്ഞു എന്നുള്ളതാണ്. ഇന്ത്യയില്‍ സ്വാതന്ത്യ സമരത്തിനു ശേഷം നടന്ന ഏറ്റവും പ്രധാനപ്പെട്ടതും വലിയതുമായ മുന്നേറ്റവും (Movement) വമ്പിച്ച സഹനം ആവശ്യമായി വന്നതുമായ സമരമാണ്. അതേ സമയം തന്നെ അത് സമാധാന പരമായി നടക്കുകയും വികസിക്കുകയും ചെയ്തിരിക്കുന്നു. സമരത്തില്‍ ദലിത്-പിന്നോക്ക ന്യൂനപക്ഷ ഐക്യം രൂപപ്പെടുന്നുണ്ടോ എന്നതിന്റെ ഉത്തരത്തിനു മുമ്പ് നമ്മൾ ആ വാക്കിനെ പറ്റി മനസ്സിലാക്കണം. ഇന്ത്യയിൽ വളരെ പ്രധാന്യമർഹിക്കുന്ന ഒരു വാക്കാണ് അത്. സവര്‍ണ്ണാധിപത്യം ശക്തിപ്പെടുകയും അക്രമണ പരമാവുകയും ചെയ്യുന്ന ഘട്ടങ്ങളിലെല്ലാം ദലിത്-പിന്നോക്ക ന്യൂനപക്ഷങ്ങളുടെ ഇടയില്‍ നിന്നും ഇതിനെ ചെറുക്കുന്ന ഒരു പുതിയ സാമൂഹിക വിഭാഗങ്ങളോ ശക്തികളോ ഉയര്‍ന്നു വരികയും എപ്പോഴും ഒന്നിച്ചു നില്‍ക്കുകയും ചെയ്യും. ഹൈന്ദവ വല്‍കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഹിന്ദുത്വത്തോട് ചേര്‍ന്ന് നില്‍ക്കേണ്ടി വരുമ്പോഴും ഹൈന്ദവേതര വിഭാഗങ്ങളായ ദലിതര്‍ക്കും പിന്നോക്കാര്‍ക്കുമാണ് സമരങ്ങള്‍ നടത്താന്‍ സാധിക്കുന്നത്. ഹൈന്ദവതയോടും ബ്രാഹ്മണിസത്തോടും എപ്പോഴും സംഘര്‍ഷപ്പെട്ടുകൊണ്ടിരിക്കുന്ന വിഭാഗമെന്ന നിലയില്‍ നല്ലൊരു കൂട്ടായ്മ അവര്‍ക്കിടയില്‍ നിലനില്‍ക്കും. ഈ കൂട്ടായ്മയെ പലപ്പോഴും ഇല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം യഥാസ്ഥിക ഹിന്ദുക്കളില്‍ നിന്നും മാത്രമല്ല, സെക്യുലരിസ്റ്റുകളില്‍ നിന്നും ഇവിടുത്തെ ഇടതു പക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. കാരണം അവര്‍ കരുതുന്ന സാമൂഹിക ചലനങ്ങളുടെ രേഖാശാസ്ത്രത്തിലല്ല ഇത് രൂപപ്പെടുന്നത്, ഇത് പുതിയതാണ്. അതിജീവനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടവരാണ് നമ്മള്‍. മറ്റുള്ളവരാകട്ടെ ആശയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടവരാണ്. അവരുടെ യാന്ത്രികമായിട്ടുള്ള ആശയവുമായി ഇത് ഇടയുന്നുണ്ട്. അതു കൊണ്ടാണ് ഇതിനെ അപകീര്‍ത്തിപ്പെടുത്തുകയും ഇല്ലായെന്ന് വരുത്തീർക്കാൻ ശ്രമിക്കുകയും ശത്രുത പുലര്‍ത്തുകയും ചെയ്യുന്നത്. പക്ഷേ നമുക്ക് മാനസികമായി ഒരു അടുപ്പമുണ്ട് എന്നുള്ളതാണ് പ്രധാനം. ഒരു മുസ്‌ലിം സുഹൃത്തുമായി സംസാരിക്കാന്‍ ഇടയായപ്പോള്‍ അദ്ദേഹം പറഞ്ഞത് തനിക്ക് വളരെയധികം അടുത്ത മുസ്‌ലിം സുഹൃത്തുക്കളുണ്ടെങ്കിലും എന്നോട് ഒരു പ്രത്യേകമായ ഒരടുപ്പം ഉണ്ടെന്നാണ്. ഇത് ഈ ആശയം തന്ന ബന്ധമാണ്. ഇങ്ങനെയുള്ള ബന്ധങ്ങളിലാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. സഹോദര്യം എന്നത് ഒരു രാഷ്ട്രീയം തന്നെയാണ്. അതുകൊണ്ടാണ് നമ്മള്‍ ജനാധിപത്യത്തിന്റെ പുതിയ മൂല്യങ്ങളിലേക്ക് സാഹോദര്യം എന്നത് കൂട്ടിച്ചേര്‍ക്കുന്നത്. അത് സവര്‍ണന്‍ കല്‍പ്പിച്ചതിനപ്പുറമാണ്.
വളരെ ശക്തമായൊരു സ്റ്റേറ്റ് പവറും അതിസങ്കീര്‍ണമായ രീതിയില്‍ എഴുപത് വര്‍ഷം കൊണ്ട് വികസിപ്പിച്ച വലിയ ആഭിജാത്യ ഭരണവര്‍ഗവും സവര്‍ണരാഷ്ട്രത്തിനുണ്ട്. എഴുപത് വര്‍ഷത്തിനിടെ മുസ്‌ലിംകളില്‍ നിന്നുള്ള സംഭാവനകളെല്ലാം തേച്ച് മായ്ച്ച് കളഞ്ഞും, ദലിതരുടെ സമരങ്ങളെയെല്ലാം പ്രക്ഷോഭങ്ങളാക്കി വെട്ടിമാറ്റിക്കൊണ്ട് ആ ജനതയെ അന്യവത്കരിച്ചും കൊണ്ടുള്ള ഒരു രാഷ്ട്രീയ സംവിധാനമാണ് അവര്‍ക്കുള്ളത്. മാത്രമല്ല അധികാരത്തിനകത്ത് മുഴുവന്‍ സവര്‍ണ്ണരാണ്. ഇപ്പോള്‍ ഇന്ത്യയിലെ ഭരണാധികാരത്തിനകത്ത് പോലീസ്, പട്ടാളം, കോടതികള്‍ തുടങ്ങിയവയിലെല്ലാം തൊണ്ണൂറ് ശതമാനവും ബ്രാഹ്മണാധിപത്യമാണ് നിലനില്‍ക്കുന്നത്. അതു പോലെ പ്രധാനപ്പെട്ട സാമ്പത്തികകാര്യ സ്ഥാപനങ്ങള്‍, സൗന്ദര്യം ഉല്‍പാദിപ്പിക്കുന്ന നടന്മാര്‍, നടിമാര്‍ തുടങ്ങിയ തൃഷ്ണ ഉല്‍പാദിപ്പിക്കുന്ന മേഖലകളിലടക്കം സവര്‍ണ്ണാധിപത്യം ശക്തമായി നിലനില്‍ക്കുന്ന ഒരു സ്ഥലത്ത്, അതിനെ പെട്ടെന്ന് ഇതുപോലുള്ള മൂവ്‌മെന്റുകള്‍ അട്ടിമറിച്ച് അതില്‍ നിന്ന് മാറി മറ്റൊന്ന് ഉണ്ടാക്കുമോ എന്ന് ചോദിച്ചാല്‍, അത് വലിയ വെല്ലുവിളി തന്നെയാണ്. കാരണം, ഇതില്‍ അധികാരവുമായിട്ട് അധികാരമില്ലാത്തവരുടെ സമരമുണ്ട്. ശബ്ദമുള്ളവരും ശബ്ദമില്ലാത്തവരും തമ്മിലൊരു സമരമുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും അധികാരത്തെ വിഭജിച്ചും ചെറുത്തും ചോദ്യം ചെയ്തും വേര്‍പ്പെടുത്തിയുമുള്ള ഒരു മൂവ്‌മെന്റായി തന്നെ ഇതിനെ കാണണം. അല്ലാതെ ഇത് ഒറ്റയടിക്ക് നേടാവുന്നതല്ല. പക്ഷേ പൗരത്വ പ്രശ്‌നത്തിലിടപെട്ട ആയിരക്കണക്കിന് യുവാക്കളുണ്ട്. അവര്‍ക്ക് കഴിഞ്ഞ കാലത്തെക്കാളും വ്യത്യസ്തമായി ഇതിനെ പഠിക്കാനും വേറൊരു വിധത്തില്‍ ചിന്തിക്കാനും കഴിയും. സവര്‍ണ്ണ ഏകാധിപത്യത്തിന്റെ ചിഹ്നങ്ങളോട് അവര്‍ക്ക് യോജിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ അവര്‍ക്ക് അത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. കഴിഞ്ഞ തലമുറക്ക് അത് സാധിച്ചിരുന്നില്ല. കഴിഞ്ഞ തലമുറ എപ്പോഴും സവര്‍ണ്ണാധിപത്യത്തോടൊപ്പം ചേരുന്നതാണ് മഹത്വമെന്ന് വിചാരിച്ചിരുന്നു. ഇതിനെ പറ്റി Disabled other എന്നൊരു പ്രയോഗമുണ്ട്. നമ്മുടെ സിനിമയിലൊക്കെ മുസ്ലിം കഥാപാത്രങ്ങള്‍ സവര്‍ണ്ണന്റെ ഒരു വേലക്കാരന്‍ എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടാറുള്ളത്. അഥവാ മുസ്‌ലിമിനെ കളയുന്നതിനു പകരം അവന്റെ ചിറകൊടിച്ചിരിക്കുകയാണ്. ഈ ചിറകൊടിച്ച് നിര്‍ത്തുന്നത് മഹത്തായ കാര്യമായിട്ടാണ് പഴയ തലമുറ കണ്ടിരുന്നത്. ഒരു സവര്‍ണ്ണനെ മുസ്‌ലിം വീട്ടില്‍ വിളിച്ച് സദ്യ നല്‍കുന്നത് ഒരു വലിയ പുണ്യമായിട്ടാണ് മുസ്‌ലിംകള്‍ കണ്ടിരുന്നത്. അത് പോലെത്തന്നെ ഒരു സവര്‍ണന്‍ ദലിതന്റെ വീട്ടില്‍ വന്നാല്‍ വലിയ സംഭവമായിട്ടാണ് പഴയ ദലിത് കാരണവന്മാര്‍ കണ്ടിരുന്നത്. അതാണല്ലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോക്കെ ഇത്ര പ്രസക്തി കിട്ടിയതിന് കാരണം. തമ്പുരാക്കന്മാരോ, നായന്മാരോ, നമ്പൂതിരിമാരോ ഒക്കെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാതിരിക്കുന്നത് അഭിമാനമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്നത്തെ തലമുറയും അതിനെ അഭിമാനമായി കാണുന്നില്ല. കൂടാതെ സവർണ്ണതായെ ഇപ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നുമുണ്ട്. അത് കൊണ്ട് തന്നെ അവര്‍ Disguise ചെയ്യുന്നുണ്ട്. അവര്‍ നമ്മളുടെ മുഖം സ്വീകരിച്ച് വരുന്നുണ്ട്. നമ്മുടെ അകത്ത് കൂടി പ്രവേശിക്കുന്നുണ്ടവര്‍. നമ്മളായി അവര്‍ മാറുന്നുണ്ട്. ഉണ്ണി ആറിന്റെയൊക്കെ കഥകള്‍ ശ്രദ്ധിച്ചാല്‍, കീഴാളനാണെന്ന് പറയുമെങ്കിലും അകത്ത് ചെല്ലുമ്പോള്‍ ഒരു സവര്‍ണ്ണന്‍ ഗംഭീരമായി ഒളിച്ചിരിക്കുകയാണെന്നത് തിരിച്ചറിയാന്‍ കഴിയും. സന്തോഷ് ഏച്ചിക്കാനമൊക്കെ ദരിദ്രരെ പറ്റി നിരപേക്ഷ വാക്കുകളൊക്കെ പറയുമ്പോഴേക്ക് ഒരു പഴയ സവര്‍ണ്ണനാണ് നിരപേക്ഷ വാക്കുകളിലുള്ളത് എന്ന് തിരിച്ചറിയാമെന്ന പോലുള്ള പ്രക്രിയയും നടക്കുന്നുണ്ട്. ഇതിനെ കൂടി തിരിച്ചറിയാനുള്ള ഒരു യൂത്ത് ഇവിടെ വികസിച്ചിട്ടുണ്ട്. കീഴാളരില്‍ നിന്നും മുസ്‌ലിംകളില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നുമൊക്കെ വികസിച്ചിട്ടുണ്ട്. അവരുണ്ടാക്കിയ ഫോര്‍മേഷനുകളെ പെട്ടെന്ന് അളവെടുക്കാന്‍ സാധിക്കില്ലെങ്കിലും അത് പ്രധാനമാണ്. സമൂഹത്തില്‍ അത് വരുത്താന്‍ പോകുന്ന മാറ്റം വളരെ വലുതാണ്. ഒരു പത്തുപതിനഞ്ച് വര്‍ഷം മുമ്പൊക്കെ ദലിതരുടെ വാക്കുകള്‍ക്ക് പ്രൊജക്ഷന്‍ ലഭിച്ചിരുന്നില്ല. റ്റോണ്ടിമോറിസൺ കൊണ്ടുവന്ന ‘Playing in the dark’ എന്നൊരു പ്രയോഗമുണ്ട്. അതായത് അന്നൊക്കെ ഇരുട്ടിലെ കളികളായിരുന്നു. പക്ഷേ ഇപ്പോള്‍ അവ ഇരുട്ടിലെ കളികളല്ലാതായി മാറിയിരിക്കുന്നു. മറിച്ച് പൊതു മണ്ഡലത്തിലാണ് ഇപ്പോള്‍ കളികൾ നടക്കുന്നുള്ളത്. ഈ മാറ്റം എന്ന് പറയുന്നത് സവര്‍ണ്ണാധിപത്യത്തെ വളരെയധികം ക്ഷതമേൽപ്പിക്കുന്നതാണ്. പക്ഷേ, ഇത് വരെ അവരുടെ പവര്‍ മാറ്റിയിട്ടില്ല. ഭയങ്കരമായ അധികാരശക്തി ഇപ്പോഴും അവര്‍ക്കുണ്ട്. പക്ഷേ നമ്മളും മറ്റൊരു വിധത്തില്‍ വികസിക്കുന്നുണ്ട്. അതിനെയും നമ്മള്‍ കാണേണ്ടതുണ്ട്. പോസ്റ്റ് മോഡണ്‍േ രീതിയില്‍ ഉദാഹരിക്കുകയാണെങ്കില്‍, ഒരു വടവൃക്ഷം നില്‍ക്കുന്നതോടൊപ്പം അതിനു താഴെ ധാരാളം ചെറു വൃക്ഷങ്ങളും വളരുന്നു. ഈ വടവൃക്ഷത്തെ സവര്‍ണ്ണാധിപത്യത്തിന്റെയും ചെറു വൃക്ഷങ്ങളുടെ വളര്‍ച്ച നമ്മുടെ വളര്‍ച്ചയായും കാണാന്‍ സാധിക്കും. ഇതിനെ ഒരു പുതിയ രാഷ്ടീയത്തിന്റെ അല്ലെങ്കില്‍ ആഴത്തിലുള്ള ഒരു സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഘട്ടമായി കാണാം.
ചോദ്യം: ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ വലിയൊരു വിഭാഗം ദലിത് ആക്ടിവിസ്റ്റുകൾ മുസ്‌ലികളും മറ്റു മത ന്യൂനപക്ഷങ്ങളുമായി അനുഭാവം പ്രകടിപ്പിക്കുകയും അവരോട് ചേർന്നു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. അതേസമയം ചിലരെങ്കിലും ഇസ്‌ലാസ്റ്റുകളുമായി ദലിതുകൾ സഖ്യം ചേരുന്നതിന്റെ അപകടങ്ങളെ കുറിച്ച് പലപ്പോഴും സൂചിപ്പിക്കാറുണ്ട്. സണ്ണി എം കപിക്കാടിനെപ്പോലുള്ള ദളിത് ചിന്തകർ അത്തരത്തിൽ ആശങ്കപ്പെടാറുണ്ട്. ഇത്തരം വിമർശനങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇസ്‌ലാമോഫോബിയ ഒരു പുതിയ സംജ്ഞയാണ്. അത് ആഗോള സാഹചര്യത്തില്‍ നിന്നും ഉടലെടുത്തതാണ്. കേരളത്തില്‍ നിന്നോ ഇന്ത്യയില്‍ നിന്നോ ഉത്ഭവിച്ചതല്ല. പ്രത്യേകിച്ച് 1990 നു ശേഷം, കോളോണിയലിസ്റ്റുകള്‍ അഥവാ സാമ്രാജത്വ വാദികള്‍ മുസ്‌ലിം ജനതയെ ഒറ്റപ്പെടുത്താനും അവരില്‍ നിന്നുള്ള പ്രതിരോധ സംഘങ്ങളേയും പ്രതിരോധ പ്രസ്ഥാനങ്ങളേയും തീവ്രവാദികളാക്കിക്കൊണ്ട് മുദ്ര കുത്താന്‍ നിര്‍മ്മിച്ച പുതിയ വാക്കാണത്. അതിനെ ദലിതരുടെ ഇടയില്‍നിന്നും മുസ്‌ലിംകളുമായുള്ള സമീപനവുമായി താരതമ്യം ചെയ്തുകൂടാ. ദലിതരുടെ അകത്ത് നില്‍ക്കുന്നത് ചില സംശയങ്ങളാണ്. അല്ലെങ്കില്‍ ചില കാഴ്ച്ചപ്പാടുകളില്‍ നിന്നുള്ള വ്യത്യാസങ്ങളാണ്. ആ കാഴ്ച്ചപ്പാടിലുള്ള വ്യത്യാസങ്ങള്‍ക്ക് പ്രധാന കാരണം പല ദലിതരും ദലിത് പ്രസ്ഥാനത്തെ ഒരു സെക്യുലര്‍ പ്രസ്ഥാനമായിട്ട് തെറ്റിധരിച്ചു. അടിസ്ഥാനപരമായിട്ട് അതൊരു സെക്യുലര്‍ പ്രസ്ഥാനമല്ല മറിച്ച് കീഴാള പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ സെക്യുലരിസത്തിന്റെ മുഴുവന്‍ പാറ്റേണ്‍ ഉപയോഗിച്ചുകൊണ്ട്, ഞങ്ങള്‍ മതവിരുദ്ധരാണ്, ഞങ്ങള്‍ ജാതിവിരുദ്ധരാണ്, ജാതിയില്ലാത്തവരാണ് എന്നിങ്ങനെ അവര്‍ക്ക് പറയാന്‍ കഴിയില്ല. മറിച്ച് നമ്മളില്‍ ജാതിയേയും മതത്തേയും അതിവര്‍ത്തിക്കുന്ന ഘടകളുണ്ടെങ്കില്‍ പോലും അതില്‍ നിന്നെല്ലാം നാം അതീതരാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍ ദലിത് മുസ്ലിം ഐക്യം എന്നുള്ളത് ഒരു ആരോപിത വാക്കാണ്. കേരളത്തില്‍ 2000 ത്തിനു ശേഷം പുതിയൊരു സംവാദ മണ്ഡലം ഉയര്‍ന്നു വന്നിട്ടുണ്ട്. അതിന്റെ പ്രത്യേകത നാനാത്വത്തില്‍ ഏകത്വമുണ്ടാവുക എന്ന ഇന്ത്യയിലെ ദേശീയതയുടെ പ്രത്യയശാസ്ത്രമാണ്. വ്യത്യസ്ത മതവീക്ഷണങ്ങളില്‍ ഒരു നാനാത്വമുള്ളതു പോലെ ഒരു ഏകത്വം ഉണ്ടാവുക. ഈ ഏകത്വത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പ്രസ്ഥാനം വികസിച്ച് വന്നിട്ടുള്ളത്. ഗാന്ധിയടക്കമുള്ളവര്‍ വികസിച്ചു വരികയും മതേതര രാഷ്ട്രീയ അധികാരം ഉണ്ടാവുകയും ചെയ്തതും ഇതിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ ഈ മതേതര രാഷ്ട്രീയ അധികാരം ദുര്‍ബലമായപ്പോള്‍ കീഴാള ജന വിഭാഗങ്ങളിലെ വ്യത്യസ്തമായ അനേകം ചര്‍ച്ചകളിലൂടെ ഉയര്‍ന്നു വന്നത് വൈവിധ്യങ്ങളിലൂന്നിയ സഹവർത്തിത്വമെന്ന് പറയുന്ന പുതിയ രാഷ്ട്രീയ സങ്കല്‍പമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദലിതരും മുസ്‌ലിംകളും, പിന്നോക്കക്കാരും പലതരത്തില്‍ പാര്‍ശ്വവല്‍കരിക്കപ്പെടുന്നവരും ഐക്യപ്പെടുന്നതിനും സഹവര്‍ത്തിത്വപ്പെടുന്നതിനുമുള്ള ദര്‍ശനങ്ങള്‍ രൂപപ്പെട്ടത്. അതിനെ ഒറ്റവാക്കിലേക്ക് ചുരുക്കുന്നതാണ് ദലിത് മുസ്ലിം ഐക്യം എന്നുള്ളത്. യഥാര്‍ഥത്തില്‍ നമ്മളാരും ദലിത് മുസ്ലിം ഐക്യം എന്നുള്ള ഒരു വാക്കിലേക്ക് ഇതിനെ ചുരുക്കുകയോ കൊണ്ടുപോവുകയോ ചെയ്തിട്ടില്ല. അതാണ് നമ്മള്‍ ആദ്യം തിരിച്ചറിയേണ്ടത്. വ്യത്യസ്തമായ ജനവിഭാഗങ്ങളുടെ സഹവര്‍തിത്ത്വം അവരുടെ വിശ്വാസത്തെയും, തത്വശാസ്ത്രത്തെയും ആചാരങ്ങളെയും ഒക്കെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ മാത്രമേ സാധ്യമാവൂ. ഇത്തരത്തിലുള്ള ഒരു പുതിയ പ്ലാറ്റഫോമിന്റെ മുദ്രാവാക്യങ്ങളാണ് നമ്മള്‍ പലപ്പോഴും ഉയര്‍ത്തുന്നത്. എന്നാല്‍, പുരോഗമനകാരികള്‍ എന്നൊക്കെ വിളിക്കപ്പെടുന്ന, സമൂഹത്തിന്റെ ചാലകശക്തിയായിട്ടുള്ള ഒരു വിഭാഗമുണ്ട്. ബാക്കിയുള്ളവരാകട്ടെ പുറകോട്ട് നടക്കുന്നവരാണ് എന്നതാണ് സങ്കല്‍പം. എണ്‍പതുകളില്‍ കീഴാള പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍, രാഷ്ട്രം ശിഥിലീകരിക്കുന്നവരും സമൂഹത്തെ നശിപ്പിക്കുന്നവരാണ് അവർ എന്നാണ് പറയപ്പെട്ടിരുന്നത്. അതിനു കാരണം ഈ പുരോഗമനത്തിന്റെ ഒരു ഭയപ്പാടാണ്. ഈ ഭയപ്പാടിന്റെ ഭാഗമായി നില്‍ക്കുന്നവരാണ് പലപ്പോഴും ഇസ്‌ലാമോഫോബിയ അറിഞ്ഞോ അറിയാതെയോ കൊണ്ടുവരുന്നത്. ദലിതരില്‍ നിന്നു പോലും പല നേതാക്കന്മാരെയും ഈ സമീപനം പുലര്‍ത്തുന്നവരായി കാണാം. യഥാർഥത്തിൽ അവര്‍ മുസ്‌ലിം പ്രസ്ഥാന നേതാക്കന്മാരോട് ആഴമേറിയ സൗഹൃദമാണ് പുലര്‍ത്തേണ്ടത്. അവരുമായി ഇഴകിച്ചേര്‍ന്ന് ഒരു സാഹോദര്യ പ്രസ്ഥാനം ഉണ്ടാക്കണമെന്നുള്ള ഉള്‍ക്കാഴ്ച്ച അവര്‍ക്ക് കുറവാണ്. അതിനു പകരം അവര്‍ പലപ്പോഴും ഇത് കേവല രാഷ്ട്രീയത്തിലൂടെ കൊണ്ടുപോകുന്നു. എന്നാല്‍ കേവല രാഷ്ട്രീയം ഡിമാൻഡിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഡിമാന്‍ഡുകളിലൂടയല്ല ഒരു ജനത കൂടിച്ചേരേണ്ടത്. കാരണം, പൂര്‍ണ്ണമായും വിഭജിതമായ ഒരു ജനതയാണ് നമ്മള്‍. ബ്രാഹ്മണിസം നമ്മളെ ഭിന്നിപ്പിച്ചും ചിതറിച്ചുമാണ് ഭരിക്കുന്നത്. നിരന്തരമായ സഹവാസത്തിലൂടെ മാത്രമേ ഈ ചിതറിയ വിഭാഗങ്ങൾ ഏകീകരിക്കപ്പെടുകയും സഹവര്‍തിത്വപ്പെടുകയുമുള്ളൂ. അങ്ങനെ നമ്മള്‍ സഹോദരങ്ങളായി മാറണം. ഈ പ്രകിയയെപറ്റി ധാരണ ഇല്ലാത്തവരിലാണ് ഈ പറയുന്ന രീതിയിലുള്ള പല സംശയങ്ങളും രൂപപ്പെടുന്നത്. സണ്ണിയെ പറ്റി എനിക്ക് പറയാനുള്ളത് അദ്ദേഹം എന്റെ സഹോദരനും അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തോട് എനിക്ക് ചില വിമർശനങ്ങളുണ്ട്. സോഷ്യൽ മീഡിയിലൂടെയും ചില പൊതുവേദികളിൽ വെച്ചും ഞാൻ അത് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ആ വിമർശനങ്ങൾഅദ്ദേഹത്തിന് മനഃപ്രയാസമുണ്ടാക്കിയതായി മനസ്സിലായി. അതിനാൽ ഇനി അദ്ദേഹത്തെ വിമർശിക്കുകയില്ലെന്ന തീരുമാനമാണ് ഞാൻ എടുത്തിട്ടുള്ളത്. ഏറ്റവും പ്രധാനപെട്ട കാര്യം, മുസ്‌ലിം ജനതയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ചില പ്രശനങ്ങളുണ്ടാവും. മുസ്‍ലിം ജനത വലിയ കുറ്റാരോപണം പേറുന്നവരാണ്. ആ കുറ്റാരോപണത്തിന്റെ ഭാരം അവർക്കും അനുഭവിക്കേണ്ടി വരും. പക്ഷേ ഒരു ജനതയെന്താണ് എന്ന അറിയണമെങ്കില്‍ അവരിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. അവരുടെ സാഹിത്യങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും കടന്ന് പോകണം, ആ ജനതയുമായിട്ട് ഒരുമിച്ച് ജീവിക്കണം, അവരുടെ കുടുംബങ്ങളില്‍ പോയിട്ട് താമസിക്കണം. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളിലൂടെയേ ആ ജനതയെ കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ.
Interview conducted by : ആമിർ സുഹൈൽ & അലീൽ