അതിരുകൾ അലിഞ്ഞുചേരുമ്പോൾ: എ.പി കുഞ്ഞാമുവിന്റെ വിവർത്തന ലോകം

മലയാള വിവർത്തന രംഗത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചുക്കൊണ്ട്, പന്ത്രണ്ടാമത് കെ.എം സത്യാർഥി പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് എഴുത്തുകാരനും ഗ്രന്ഥരചയിതാവുമായ എ.പി കുഞ്ഞാമു. കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ അദ്ദേഹം, പാഠഭേദം മാസികയുടെ എഡിറ്ററാണ്. അംഗീകാരത്തിന്റെ പശ്ചാത്തലത്തിൽ, തന്റെ വിവർത്തന സഞ്ചാരങ്ങളെ കുറിച്ച് എ.പി കുഞ്ഞാമു ‘ദി പിന്നി’നോട്‌ സംസാരിക്കുന്നു.

വിവർത്തന രംഗത്തിനു നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി, എം.എൻ സത്യാർഥി പുരസ്കാരം താങ്കളെ തേടിയെത്തിയിരിക്കുകയാണ്. ഒരുപാടു പ്രമുഖർ താങ്കളുടെ ഈ നേട്ടത്തിൽ ഇതിനോടകം സന്തോഷം പങ്കുവെക്കുകയുണ്ടായി. ഈയവസരത്തിൽ, താങ്കളുടെ വിവർത്തന സഞ്ചാരങ്ങളെ കുറിച്ച് അൽപം പങ്കുവെക്കാമോ?

സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ, പഠിക്കാനുണ്ടായിരുന്ന ഇംഗ്ലീഷ് കവിതകളും കഥകളും മറ്റും മലയാളത്തിലാക്കാൻ ശ്രമിക്കുന്ന ശീലമുണ്ടായിരുന്നു എനിക്ക്. നല്ലപോലെ വായിക്കുമായിരുന്നു അന്ന്. കുറേശ്ശെ എഴുതാനും തുടങ്ങി. എഴുത്ത് പരിശീലനത്തിൻ്റെ ഭാഗമായിരുന്നു ഈ ‘തർജ്ജമപ്പണികൾ’ എന്നു പറഞ്ഞാൽ തെറ്റില്ല. ‘പ്രബോധന’ത്തിനു വേണ്ടി ചില തർജ്ജമകൾ ചെയ്തിരുന്നു. ആദ്യമായി പ്രസിദ്ധീകരിച്ച വിവർത്തന കൃതി എ.കെ ബ്രോഹിയുടെ ഇസ്‌ലാമും മനുഷ്യാവകാശങ്ങളുമാണ്. റിട്ടയേർഡ് ചീഫ് എഞ്ചിനീയർ ടി.പി കുട്ടിയമ്മു സാഹിബ് എന്നെക്കൊണ്ട് എഴുതിച്ച് ‘ലീഗ് ടൈംസി’ൽ കൊടുത്ത മാറ്ററാണത്. ഐ.പി.എച്ച് (ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്) അത് പുസ്തകമാക്കി. അതിനു കാരണക്കാരനും കുട്ടിയമ്മു സാഹിബാണോ എന്നെനിക്കറിയില്ല. ‘പ്രതിഭാ ബുക്സി’നു വേണ്ടി ഭഗവാൻ ഗിദ്വാനിയുടെ ടിപ്പുവിൻ്റെ കരവാൾ (The sword of Tipu Sultan) വിവർത്തനം ചെയ്തു പിന്നീട്‌.

പക്ഷേ മാൽകം എക്സാണ് എന്നിലെ വിവർത്തകന് ഒരു ബ്രേക്കായത്. ഐ.പി.എച്ചായിരുന്നു പ്രസാധകർ. കെ.എ. കൊടുങ്ങല്ലൂർ ആയിരുന്നു അതു ചെയ്യാമെന്ന് പ്രതിഭയോട് സമ്മതിച്ചിരുന്നത്. അദ്ദേഹം പിന്നീട് അത് വേണ്ടെന്നു വെച്ചപ്പോൾ എൻ്റെ തലയിൽ വന്നു വീഴുകയായിരുന്നു. നല്ല വിവർത്തനമാണെന്ന് പലരും പറഞ്ഞു. ഐ.പി.എച്ചിനു വേണ്ടി മറ്റു ചില പുസ്തകങ്ങളും ചെയ്തിട്ടുണ്ട്. ജെഫ്റി ലാംഗിൻ്റെ Struggling to Surrender എന്ന കൃതി പോരാട്ടവും കീഴടങ്ങലും എന്ന പേരിൽ, ഗായ് ഈറ്റണിന്റെ Islam and the destiny of man ഇസ്‌ലാമും മനുഷ്യാവകാശങ്ങളും എന്ന പേരിൽ, അതിനു പുറമെ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും പിന്നീട് ഇസ്‌ലാം സ്വീകരിച്ച ചിന്തകനുമായ റജാ ഗരോഡിയുടെ സയണിസം എന്നിവ. സയണിസത്തെപ്പറ്റി വേറെയും ഒരു പുസ്തകം ചെയ്തിട്ടുണ്ട്. റാൾഫ് ഷൂമാൻ്റെ സയണിസം- ഒളിച്ചുവെക്കപ്പെട്ട ചരിത്രം. അത് ‘അദർ ബുക്സിന്’ വേണ്ടിയായിരുന്നു.

‘യുവത ബുക്സി’നു വേണ്ടി കാരൻ ആംസ്ട്രോങ്ങിൻ്റെ മുഹമ്മദ് ചെയ്തു. മുഹമ്മദ് നബിയെപ്പറ്റി മറ്റൊരു പുസ്തകം കൂടി ചെയ്തിട്ടുണ്ട്. കുട്ടികൾക്കു വേണ്ടിയുള്ള വഹബി ഇസ്മായിലിൻ്റെ പുസ്തകമാണത്. ‘ഇസ്‌ലാമിക് പബ്ലിഷിങ് ബ്യൂറോ’ ആണ് പ്രസാധകർ. ആൻ മേരി ഷിമ്മലിൻ്റെ And Muhammad is the messenger വിവർത്തനം പൂർത്തിയാക്കിയിട്ടുണ്ട്. നബിയെക്കുറിച്ചുള്ള പുസ്തകങ്ങൾ- അനുകൂലിച്ചും പ്രതികൂലിച്ചുമുള്ളവ- കുറച്ചു കൂടി മലയാളത്തിലേക്ക് കൊണ്ടുവരണമെന്നുണ്ട്. സാധിക്കുമോ ആവോ! അസ്ഗറലി എഞ്ചിനീയറുടെ പ്രബന്ധങ്ങൾ സമാഹരിച്ച് ഇസ്‌ലാമും വർത്തമാനകാലവും എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. അദ്ദേഹം തന്നെ മുൻകൈയ്യെടുത്ത് കോഴിക്കോട് ഒരു സെമിനാർ നടത്തിയതിനോട് അനുബന്ധിച്ചായിരുന്നു അത്. ‘ഒലീവ്’ ആണ് പുറത്തിറക്കിയത്. എഞ്ചിനീയറുടെ ആത്മകഥയുടെ മലയാളം തർജ്ജമ പൂർത്തിയാക്കിയതും ഞാനാണ്. എം.എ കാരപ്പഞ്ചേരി കുറച്ചു ഭാഗം ചെയ്തു. അദ്ദേഹത്തിന് എന്തോ അസൗകര്യം വന്നപ്പോൾ മാതൃഭൂമിയിലെ നൗഷാദിൻ്റെ നിർദ്ദേശപ്രകാരം ഞാൻ ഏറ്റെടുക്കുകയായിരുന്നു. ‘പൈതൃകം ബുക്സി’ൻ്റെ ഇസ്‌ലാം-ചരിത്രം, നാഗരികതയാണ് (സയ്യിദ് ഹുസൈൻ നസ്വർ) മറ്റൊന്ന്. അതൊരു മാസികക്ക് വേണ്ടി ചെയ്തതായിരുന്നു. പിന്നീട് പുസ്തകമാക്കി. ‘ഐ.പി.ബി’ക്ക് വേണ്ടി ഹമീദ് അൽ ഗാറിൻ്റെ വഹാബിസവും ചെയ്തു. ഇത്രയും ഇസ്‌ലാമിക വിഷയങ്ങൾ ചരിത്രം/ജീവചരിത്രം എന്നീ ശാഖകളിലാണ്.

എ.പി കുഞ്ഞാമു

മറ്റു ചില പുസ്തകങ്ങൾ, ഡോ. എം. ഗംഗാധരൻ്റെ മലബാർ കലാപം മാഷ് തന്നെ ഏൽപ്പിക്കുകയായിരുന്നു. ബിപിൻ ചന്ദ്രയുടെ ഇന്ത്യയുടെ സാമ്പത്തിക ദേശീയതയാണ് മറ്റൊന്ന്. രണ്ടും ‘ഡി.സി’ക്കു വേണ്ടി. പ്രാചീന ഇന്തോ-റോമൻ സമുദ്രാന്തര വ്യാപാരത്തെപ്പറ്റി ഡോ. രാജൻ ഗുരുക്കൾ എഴുതിയ ഒരു പുസ്തകം ‘ഡി.സി’ക്കു വേണ്ടി തന്നെ ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടില്ല. മുൻ ലോകസഭാ സ്പീക്കർ സോമനാഥ ചാറ്റർജിയുടെ Keeping the faith: Memoirs of a parliamentarian വിശ്വാസ്യതയുടെ ഓർമക്കുറിപ്പുകൾ എന്ന പേരിൽ മൊഴി മാറ്റി. ടി.ജി ജേക്കബിൻ്റെ രണ്ടു പുസ്തകങ്ങളും ഞാൻ മലയാളത്തിലാക്കിയിട്ടുണ്ട്. കേരളത്തിൻ്റെ മദ്യാസക്തിയുമായി ബന്ധപ്പെട്ട പഠനമാണ് ഒന്ന്. അതിന് മദ്യകേരളം എന്ന് പേരിട്ടത് സിവിക് ചന്ദ്രനാണ്. മറ്റൊന്ന് കോവളം-വിനോദ സഞ്ചാരത്തിൻ്റെ വിലാപഗീതം. രണ്ടും ചില ആക്റ്റിവിസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി മൊഴിമാറ്റിയതാണ്.

ഫിക്ഷൻ നേരത്തേ ചെയ്യാറുണ്ടായിരുന്നു. വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്ന ചിലതെല്ലാം ഏതൊക്കെയോ സമാഹാരങ്ങളിൽ വന്നിട്ടുണ്ട്. ‘ഒലീവ്’ പ്രസിദ്ധീകരിച്ച നോബൽ കഥകൾ, നോബൽ സമ്മാനം നേടിയ എഴുത്തുകാരുടെ കഥകളാണ്. പിന്നീട് മഹാശ്വേതാ ദേവിയുടെ മൂന്നു പുസ്തകങ്ങൾ ചെയ്തു. നോൺ വെജ് പശുവും മറ്റു കഥകളും (മാതൃഭൂമി), പഞ്ചകന്യകൾ (സ്പെൽ ബുക്സ്), ദ്രൗപദി (പാഠഭേദം) എന്നിവ. എല്ലാം ഇംഗ്ലീഷിൽ നിന്നാണ്. ദേവി ഭാരതിയുടെ ദില്ലിയിലേക്കുള്ള തീവണ്ടി തമിഴ് കഥകളാണ്. ഇംഗ്ലീഷിലുള്ള പുസ്തകം ചെയ്ത് തുടങ്ങിയതാണ്. പിന്നീട് തമിഴ് വായിച്ചു പഠിച്ചു. തമിഴും പരിഭാഷക്ക് ഉപയോഗപ്പെടുത്തി. പരിഭാഷ ഒരു ശീലമായത് ‘മാധ്യമ’ത്തിനു വേണ്ടി നിരന്തരം ലേഖനങ്ങൾ തർജ്ജമ ചെയ്തതു വഴിയാണ്. കുൽദീപ് നയാർ, എം.ജെ അക്ബർ തുടങ്ങിയവരുടെ മാറ്ററുകൾ ഒരുപാട് മൊഴിമാറ്റി. ‘പാഠഭേദ’ത്തിന് വേണ്ടി കഥകളും. പിന്നീടത് നിത്യ തൊഴിൽ പോലെയായി. ചില കറുത്ത കവിതകളും മറ്റും വിവർത്തനം ചെയ്തിട്ടുണ്ട്. അതുപോലെ, ഇംഗ്ലീഷിലേക്ക് തിരിച്ച് കഥകളും കവിതകളും അപൂർവമായി Indian Literatureലും മറ്റും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിൽ അത്ര വഴക്കമില്ല.

ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മാൽകം എക്സ് ജീവചരിത്രത്തിന്റെ പരിഭാഷ

മനുഷ്യരാശിയുടെ വൈജ്ഞാനിക പ്രയാണത്തിൽ വലിയ കുതിച്ചുചാട്ടമാണ് വിവർത്തന പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയത്. വിജ്ഞാന കൈമാറ്റത്തിന്റെ പുതിയ ആകാശങ്ങളാണല്ലോ അവ തുറന്നിടുന്നത്. എന്നിരിക്കെ, വിവർത്തകന്റെ സാമൂഹിക-രാഷ്ട്രീയ ദൗത്യം എന്തായിരിക്കണമെന്നാണ് താങ്കൾ കരുതുന്നത്?

എഴുത്തുകാരൻ്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ദൗത്യങ്ങളെ മറ്റു മണ്ഡലങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുക എന്ന ഉത്തരവാദിത്വം വിവർത്തകൻ നിറവേറ്റുന്നു എന്നു പറയണം. വിവർത്തനവും ഒരു സർഗ പ്രക്രിയയാണ്. ഏതു സർഗാവിഷ്കാരത്തിനും അതിൽ അന്തർലീനമായ ചില സാമൂഹിക ലക്ഷ്യങ്ങളുണ്ടല്ലോ. അത് വിവർത്തകന്നും ബാധകമാണ്. മാൽകം എക്സ് പ്രതിനിധാനം ചെയ്യുന്നത് വംശീയതക്കെതിരായ കറുത്ത ചെറുത്തുനിൽപ്പിനെയാണ്. മാൽകം എക്സിൻ്റെ ആത്മകഥയെ മലയാളി വായനക്കാരിലേക്ക് എത്തിക്കുമ്പോൾ, അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ പ്രസരിപ്പിച്ച സന്ദേശത്തെ കൂടിയാണല്ലോ എത്തിക്കുന്നത്. മദ്യകേരളവും കോവളവും ആക്റ്റിവിസത്തിൻ്റെ ഭാഗമായി രചിക്കപ്പെട്ട പുസ്തകങ്ങളാണ്. അവയുടെ തർജ്ജമകളും ആക്റ്റിവിസത്തിൻ്റെ സാമൂഹിക ലക്ഷ്യങ്ങളാണ് നിറവേറ്റുന്നത്. ഫിക്ഷനിലും ഇത് പ്രസക്തമാണ്. മഹാശ്വേതാ ദേവിയുടെ പഞ്ചകന്യകൾ മഹാഭാരതത്തെ അടിയാള വർഗത്തിൻ്റെ കാഴ്ചവട്ടത്തിലൂടെയാണ് കാണുന്നത്. ദ്രൗപദിയിലും അടിച്ചമർത്തപ്പെട്ടവരുടെ കണ്ണീരും രോഷവും നിറഞ്ഞുനിൽക്കുന്നു. ഈ കൃതികൾ ഭാഷാന്തരം ചെയ്യുമ്പോൾ, അതൊരു സാമൂഹിക ലക്ഷ്യം നിറവേറ്റലാണ്. ഒരാശയം പ്രസരിപ്പിക്കലാണ്. ദേവി ഭാരതിയുടെ കഥകളെയും ഇങ്ങനെ വായിക്കാം. ആ വായനയെ, അവ എഴുതപ്പെട്ട ഭാഷയുടെ അതിരുകൾക്കപ്പുറത്തേക്ക് എത്തിക്കുകയാണ് വിവർത്തകൻ ചെയ്യുന്നത്. ഈയർത്ഥത്തിൽ എഴുത്തുകാരൻ്റെ മിഷൻ്റെ തുടർച്ചയാണ് വിവർത്തകൻ്റെ പ്രവർത്തി. മൂലകൃതിയുടെ രാഷ്ട്രീയത്തെയും സംസ്കാരത്തെയും തർജ്ജമ ലക്ഷ്യഭാഷയിലേക്കു കൊണ്ടുപോവുന്നു. ഇത് ചിലപ്പോൾ അത്ര കൃത്യമാവണമെന്നില്ലെന്നു മാത്രം.

മഹാശ്വേതാ ദേവി

ഗായ് ഈറ്റൺ, റജാ ഗാരോഡി, ജെഫ്രി ലാങ് തുടങ്ങിയ അനേകം പ്രമുഖരുടെ പുസ്തകങ്ങൾ താങ്കൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ടല്ലോ. സവിശേഷമായ ഇടപാടുബന്ധമാണ് മലയാളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക ലോകവുമായി വിവർത്തനങ്ങൾക്കുള്ളത്. അതേ കുറിച്ച് പറയാമോ?

മലയാളത്തിൽ മൗലികമായ ഇസ്‌ലാമിക വൈജ്ഞാനിക കൃതികൾ കുറവാണ്; സമ്പന്നമായ ജ്ഞാന പാരമ്പര്യം നമുക്കുണ്ടെങ്കിലും. അതിന്റെ ചരിത്രപരമായ കാരണങ്ങൾ ഏറെയാണ്. അതിവിടെ വിശദീകരിക്കുന്നില്ല. പക്ഷേ ഈ കുറവ് നികത്തിയത് വിവർത്തിത കൃതികളാണ്. കൂടുതലും ഇംഗ്ലീഷിൽ നിന്നുള്ള കൃതികളാണ് എന്നത് കൗതുകകരമാണ്. അറബിയോ ഉറുദുവോ ചെയ്തതിലേറെ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് ഇംഗ്ലീഷിൻ്റെ സംഭാവനകളാണ് ഉള്ളത്. അതിന്റെ ഒരു കാരണം മലയാളി വായനക്കാരുടെ മുഖ്യധാരയിലെ സാന്നിധ്യമാണ്. അവരുടെ അഭിരുചികളും സംവേദനശീലങ്ങളും ആധുനിക യൂറോ-സെൻട്രിക് സാഹിത്യാസ്വാദന ബോധത്തിന്നനുസരിച്ച് പാകപ്പെട്ടതാണ്. അതിനാൽ ഇംഗ്ലീഷ് വഴിയാണ് ഇസ്‌ലാമിക വിജ്ഞാനീയവും നമ്മെ തേടിയെത്തിയത്. ഇത് നിരവധി ഇംഗ്ലീഷ് രചനകൾ മലയാളത്തിലെ ഇസ്‌ലാമിക വിജ്ഞാനത്തിന് മുതൽക്കൂട്ടാവാൻ കാരണമായി. മിക്ക ഇന്ത്യൻ ഭാഷകളിലും ഇതല്ല സ്ഥിതി.മലയാളത്തിലെ ഇസ്‌ലാമിക വിജ്ഞാനീയം കൂടുതൽ ആധുനികവും സമകാലികവുമായത് അങ്ങനെയാണ്. ലോകത്ത് ഇസ്‌ലാമിക ദൈവശാസ്ത്രത്തിലും ചരിത്രത്തിലും സാമൂഹിക പഠനങ്ങളിലുമെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇവിടെ പ്രതിഫലിപ്പിക്കപ്പെടുന്നു. ഗായ് ഈറ്റണും സിയാവുദ്ദീൻ സർദാറും തലാൽ അസദും നമുക്ക് ചിരപരിചിതരാവുന്നത് അങ്ങനെയാണ്. നെരൂദയും മാർക്വേസും നമ്മുടെ അയൽക്കാരാവുന്നതു പോലെത്തന്നെ.

സിയാവുദീൻ സർദാർ

മലയാളത്തിലെ വിവർത്തന സാഹിത്യ ലോകത്തെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്? മറ്റു ഭാഷകളെയപേക്ഷിച്ച് എത്രത്തോളം പുരോഗമിക്കാൻ അതിനു സാധിച്ചിട്ടുണ്ട്?

മലയാളത്തിൽ വിവർത്തന സാഹിത്യം ഏറെ സമ്പന്നമാണെന്നാണ് എൻ്റെ തോന്നൽ. പ്രത്യേകിച്ചും ഫിക്ഷനിൽ. യൂറോപ്യൻ രാജ്യങ്ങളിലെ മികച്ച എഴുത്തുകാരുടെ മികച്ച രചനകൾ വൈകാതെ തന്നെ മലയാളത്തിലേക്കെത്തുന്നു. പാമുക്കും പൗലോ കൊയ്ലോയും മാർക്വേസും ഒക്ടോവിയാ പാസും സരമാഗുവും നമുക്ക് പരിചിതർ. എന്നാൽ ഇന്തോ-ആംഗ്ലിയൻ രചനകൾ അത്രയധികം തർജ്ജമ ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യൻ ഭാഷകളിലെ മികച്ച കഥകളും നോവലുകളും മലയാളം അത്രകണ്ടു സ്വീകരിച്ചിട്ടില്ല. ഇംഗ്ലീഷ് പോലെ ഒരു ബന്ധഭാഷ ഇല്ലാത്തതായിരിക്കാം അതിന്നുള്ള കാരണം. പണ്ട് അതല്ലായിരുന്ന സ്ഥിതി. മലയാളിയുടെ വായനയെയും ചിന്തയെയും രൂപപ്പെടുത്തിയതിൽ ഇംഗ്ലീഷ് രചനകളോളം സ്വാധീനം ചെലുത്തിയവയാണ് ബംഗാളി കൃതികൾ. എം.എൻ സത്യാർത്ഥിയുടെ സേവനം എടുത്തുപറയണം.

വിലക്കു വാങ്ങാം, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയവയാണ് മലയാളി വയനക്കാരുടെ ലാവണ്യബോധത്തെ ഒരളവോളം നിർണയിച്ചത്. ബങ്കിം ചന്ദ്ര ചാറ്റർജി, താരാശങ്കർ ബാനർജി, ജരാസന്ധൻ, ശങ്കർ-എത്രയെത്ര എഴുത്തുകാർ. അതുപോലെ, കന്നടയിൽ നിന്ന് അനന്തമൂർത്തി, ശ്രീ കൃഷ്ണ ആലനഹളളി, മറാത്തിയിൽ നിന്ന് വി.എസ്.ഖാണ്ടേക്കർ, തമിഴിൽ നിന്ന് ജയകാന്തൻ, അഖിലൻ, സുന്ദരരാമസ്വാമി, നീല പത്മനാഭൻ- ഇങ്ങനെ നിരവധി പേർ മലയാളികളുടെ കൂടി എഴുത്തുകാരാണ്. കവിതയിൽ ഈ അവസ്ഥയല്ല. അതേസമയം കഥേതര സാഹിത്യത്തിനും ഈ പെരുമ അവകാശപ്പെടാനാവുകയില്ല. മറ്റൊരു കാര്യം കൂടി പറയാതെ വയ്യ- വിവർത്തനത്തിൻ്റെ ഗുണനിലവാരം കുറയുന്നു എന്നുള്ളതാണത്. തീർച്ചയായും എന്നെപ്പോലെയുള്ളവർ തന്നെയാണ് ആ കുറ്റമേൽക്കേണ്ടത്.

മികച്ചതും കാലികവുമായ പുസ്തകങ്ങൾ മലയാളത്തിൽ കൊണ്ടുവരുന്ന കാര്യത്തിൽ വിവർത്തകർക്ക് ചില പരിമിതികളുണ്ട്. പബ്ലിഷിങ് ഹൗസുകൾക്കാണ് ഈ രംഗത്ത് മേൽക്കൈ. അവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പുസ്തകങ്ങളാണ് പ്രധാനമായും പ്രസിദ്ധീകരിക്കപ്പെടുന്നത്‌. വിവർത്തകർക്ക് തെരഞ്ഞെടുപ്പിന് അവസരം കുറവാണ്. പകർപ്പവകാശം സമ്പാദിക്കുവാനും മറ്റും അവർക്ക് പ്രയാസമുണ്ടാവുമല്ലോ. അതിനാൽ വലിയ പ്രസാധകർ കോപ്പിറൈറ്റ് നേടുകയും അവരുടെ താൽപ്പര്യമനുസരിച്ചുള്ള പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുകയുമാണ് ചെയ്യുന്നത്. മികച്ച പുസ്തകങ്ങളെക്കാളേറെ, വിപണന സാധ്യതയുള്ള പുസ്തകങ്ങളായിരിക്കും അവരുടെ മുൻഗണനയിൽ വരിക. പ്രസാധകർ നിശ്ചയിക്കുന്ന വിവർത്തകരായിരിക്കും തർജ്ജമ ചെയ്യുക. അതായത് വിവർത്തകരുടെ ചോയ്സിനെക്കാളധികം വിപണി താൽപര്യങ്ങൾക്കായിരിക്കും മുൻതൂക്കം ലഭിക്കുക. വിവർത്തനത്തിന് ഗുണമേന്മ കുറയുന്നതിന്നും, ഏറ്റവും മികച്ച പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കുന്നതിന്നും ഇത് കാരണമാവുന്നുണ്ട്. വിവർത്തകന് താൻ ഇഷ്ടപ്പെടുന്ന പുസ്തകം തർജ്ജമ ചെയ്യാനോ, അതിനു പകർപ്പവകാശം നേടാനോ, പ്രസാധകനെ കണ്ടെത്താനോ അനുകൂലമായ സാഹചര്യങ്ങൾ ഇല്ലാതെ വരുമ്പോൾ മികച്ച രചനകൾ ഭാഷക്ക് ലഭിക്കണമെന്നില്ല. സാഹിത്യ ബാഹ്യമായ ഘടകങ്ങളായിരിക്കും വിവർത്തന മണ്ഡലത്തെ നിയന്ത്രിക്കുക.

Leave a Reply

Your email address will not be published. Required fields are marked *