ഇസ്ലാമിക സമൂഹത്തിന്റെ നിലനില്പിനും സംരക്ഷണത്തിനും നിരവധി സേവനങ്ങൾ അർപ്പിച്ചവരാണ് സൂഫി പ്രസ്ഥാനങ്ങൾ. മുസ്ലിം രാജവംശങ്ങളുടെ ഉദയത്തിനും ഭരണ തുടർച്ചക്കും തുല്യതയില്ലാത്ത പങ്കു വഹിച്ച ഈ പ്രസ്ഥാനങ്ങൾ ആധുനിക കാലഘട്ടത്തിൽ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിന്ന സാഹചര്യങ്ങളും ഉണ്ട്. മുസ്ലിം ഭൂരിപക്ഷ ദേശങ്ങളിൽ സ്വാഭാവികമായും മുസ്ലിംകളുടെ സാമൂഹിക രാഷ്ട്രീയ നേതൃത്വം സൂഫി നേതാക്കൾക്കായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിലെ സാമൂഹിക സുരക്ഷയിലും പൊതു ജനത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തുന്നതിലും സൂഫി നേതാക്കളും ത്വരീഖത്തുകളും ശ്രദ്ധ പുലർത്തിയിരുന്നു. ഈ സാമൂഹിക- രാഷ്ട്രീയ നേതൃഭാവം മിക്കപ്പോഴും സൂഫി പ്രസ്ഥാനങ്ങളെ പ്രാദേശിക അധികാരം വഹിക്കുന്നതിലും ഭരണരൂപീകരണത്തിനും സാധ്യതക്കു ഹേതുവായി. മുസ്ലിം ന്യൂനപക്ഷപ്രദേശങ്ങളിൽ വിശ്വാസികളുടെ ആശയ സംരക്ഷണം സാമൂഹിക നേതൃത്വം എന്നിവക്കാണ് സൂഫി നേതാക്കളും പ്രസ്ഥാനങ്ങളും പ്രാധാന്യം നൽകിയത്. പ്രദേശത്തിന്റെ പ്രതേകതയനുസരിച്ചു അവിടങ്ങളിൽ വ്യത്യസ്ത ത്വരീഖത്തുകൾക്കാണ് സ്വാധീനമുണ്ടായിരുന്നത്. തുർകിക് മധ്യേഷ്യൻ പ്രദേശങ്ങളിൽ നക്ഷബന്ദിയ്യ, യസവിയ്യ, ബെക്തശിയ്യ, മൗലവിയ്യ ത്വരീഖത്തുകൾക്കാണ് കൂടുതൽ സ്വാധീനം ഉണ്ടായിരുന്നത്. ഈ പ്രസ്ഥാനങ്ങൾ അതാത് പ്രദേശങ്ങളിലെ മുസ്ലിം ജനതയുടെ വിശ്വാസ ആചാരക്രമങ്ങൾ അഭ്യസിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തുകയും അവിടങ്ങളിലെ മുസ്ലിം ഭരണകൂടങ്ങൾക്ക് ശക്തി പകരുകയും ചെയ്തിരുന്നു. ആഫ്രിക്കൻ പ്രദേശങ്ങളിൽ തിജാനിയ്യ, ശാദുലിയ്യ, ഖാദിരിയ്യ, മുരീദിയ്യ, മഹ്‌ദിയ്യ, സനൂസിയ്യ തുടങ്ങിയ പ്രസ്ഥാങ്ങൾക്കു കൂടുതൽ സ്വാധീനം ലഭിച്ചതായും കാണാം. പശ്ചിമേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണ പൂർവ്വേഷ്യ തുടങ്ങിയ വിശാലമായ പ്രദേശങ്ങളിൽ ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്രവര്ദിയ്യ, നക്ഷബന്ദിയ്യ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും അവയുടെ ഉപശാഖകൾക്കും വ്യക്തമായ സ്വാധീനം ഇന്നുമുണ്ട്. ഈ സ്വാധീനത്തിലൂടെ മുസ്ലിം ജനതയുടെ നേതൃത്വം ഏറ്റെടുക്കാനും അക്രമ സംഘങ്ങളെ ചെറുക്കുന്നതിലും സൂഫി പ്രസ്ഥാങ്ങൾക്കു സാധിച്ചിട്ടുണ്ട്.സാഹചര്യത്തിന്റെ തേട്ടമനുസരിച് ജിഹാദിന്റെ അർത്ഥവും ആശയവും മാറുന്നതായി സൂഫി ചിന്തകളിൽ കാണാം. മുസ്ലിം സമൂഹത്തിന്റെ നന്മക്കുവേണ്ടി ശ്രമിക്കാതെ സ്വതാത്പര്യം മാത്രം ശ്രദ്ധിക്കുന്നത് ത്യാഗ സന്നദ്ധതക്കു എതിരാണ് എന്നതിനാൽ സാമൂഹിക ഇടപാടുകളിൽ അവർ കൂടുതൽ ഇടപെട്ടിരുന്നു. ‘ഖൽവത് ദർ അഞ്ചുമൻ’ ആൾകൂട്ടത്തിൽ ആണെങ്കിൽ പോലും സൃഷ്ടാവിനോപ്പം മാനസ്സികമായി ചേർന്ന് നിൽക്കുക എന്ന ചിന്ത നക്ഷബന്ദി ത്വരീഖത്തിന്റെ പ്രധാന ആശയങ്ങളിലൊന്നാണ്. അതുകൊണ്ടു തന്നെ ഈ ത്വരീഖത്തിന്റെ സ്വാധീന പ്രദേശങ്ങളിലെല്ലാം സാമൂഹിക രാഷ്ട്രീയ മേഖലകളിൽ വ്യക്തമായ സാന്നിധ്യം പ്രകടമാണ്. ഉഥ്മാനീ ഖിലാഫത്തിൽ അധികാര കേന്ദ്രങ്ങളിൽ ശക്തമായ ഈ ത്വരീഖത് ഖിലാഫത്തിന്റെ സൈനിക നടപടികൾക്ക് ഇസ്ലാമിക ആവേശം നൽകുന്നതിൽ സുപ്രധാന പങ്കുണ്ട്.
സൂഫി തഫ്സീറുകളിലും ജിഹാദിനെകുറിച്ച കാഴ്ചപ്പാടുകളിലും വലിയ വ്യത്യാസമില്ല. ആന്തരിക ബാഹ്യ മേഖലകളിലുള്ള ജിഹാദിനെകുറിച്ച വിശദീകരണങ്ങൾ ഉണ്ട് .ഖുശൈരിയുടെ ‘ലതാഇഫുൽ ഇശാറാത്’ റാഷിദുദ്ധീൻ മയ്ബൂദിയുടെ ‘കശ്ഫുൽ അസ്റാർ’ തുടങ്ങിയ രചനകളിൽ സായുധ ജിഹാദിന്റെ മാനങ്ങളെക്കുറിച് വിശദീകരങ്ങൾ കാണാൻ സാധിക്കും.
അബ്ദുൽ ഖാദിർ ജീലാനി (റ)യുടെ ‘അൽ ഫത്ഹുൽ റബ്ബാനി’യിൽ ആന്തരിക ബാഹ്യ ധർമസമരങ്ങളെക്കുറിച്ച വിശദീകരിക്കുന്നുണ്ട്. പൈശാചിക പ്രചോദനങ്ങളെ തൃഷ്ണകളെയും ചെറുക്കുന്ന ആന്തരിക ജിഹാദും അല്ലാഹുവിനും നബി (സ) ക്കുമെതിരെ പ്രവർത്തിരിക്കുന്ന കാഫിറുകൾക്കെതിരെയുമ്മ ബാഹ്യ ജിഹാദും ഷെയ്ഖ് ജീലാനി (റ) ചർച്ച ചെയ്യുന്നുണ്ട്. പ്രസിദ്ധ ഉഥ്മാനി സൂഫി പണ്ഡിതൻ അബ്ദുൽ ഗനി നാബുലിസി (മരണം. 1731)യുടെബയാനുൽ ജിഹാദ് ളിൽ അഹ്‌ലിൽ വിദാദി’ൽ ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ ചിന്തകൾ ഏറെ പ്രതിഫലിക്കുന്നതായി കാണാം. ആന്തരിക ജിഹാദിനൊപ്പം മുസ്ലിം പ്രദേശങ്ങൾ ശത്രുക്കൾ ആക്രമിക്കുമ്പോൾ പ്രതിരോധമൊരുക്കുന്നത് വ്യക്തിഗത ബാധ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഖ്വാജാ അബ്ദുല്ലാഹ് അൽ- അൻസാരി (മരണം. 1089) അദ്ദേഹത്തിന്റെ ‘റസാഇലി’ൽ മാനുഷിക തൃഷ്ണ, പിശാച്, ഇസ്ലാമിന്റെ ശത്രു എന്നിങ്ങനെ മൂന്ന് വിഭാഗത്തിനെതിരെയുള്ള ജിഹാദിനെ ചർച്ച ചെയ്യുന്നത് കാണാം. ഇമാം ഗസാലി (മരണം. 1111)യുടെ ‘ഇഹ്യാ ഉലൂമിദ്ദീനീ’ൽ ജിഹാദിനെയും രക്തസാക്ഷ്യത്തെയും സംബന്ധിച്ചു വിശദീകരിക്കുന്നതിനിടയിൽ യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടുന്നവർ കപടരരും ബൗദ്ധികപ്രേമികളും ആണെന്ന് വിമർശിക്കുന്നുണ്ട്. കാഫിറുകൾക്കെതിരെ സായുധ സമരത്തിന്റെ അനിവാര്യത ശൈഖ് അഹ്മദ് സർഹിന്ദി (മരണം. 1624) ‘മക്തൂബാത്തി’ൽ അതിഗൗരവത്തോടെ വിശകലന വിധേയമാക്കുന്നുണ്ട്.ഷാഹ് വലിയുല്ലാഹ് ദെഹ് ലവിയും ഷാഹ് അബ്ദുൽ അസീസ് ദെഹ് ലവി, ഷാ ഇസ്മാഈൽ ദെഹ് ലവി തുടങ്ങി അദ്ദേഹത്തിന്റെ സന്താന പരമ്പരയിലെ പ്രമുഖ പണ്ഡിതരും സായുധ സമരത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും പ്രായോഗിക തലത്തിൽ നടപ്പിലാക്കിയവരുമാണ്. ശഹാദത്തിന്റെ (രക്തസാക്ഷിത്വം ) മഹിമയെക്കുറിച്ചും സൂഫീ പണ്ഡിതവര്യന്മാർ ധാരാളം ചർച്ച ചെയ്തിട്ടുണ്ട്. ഖുർആൻ സൂക്തങ്ങളും ഹദീഥുകളും ഉദ്ധരിച്ചു രക്തസാക്ഷിത്വത്തെക്കുറിച്ച ഇസ്ലാമിക വീക്ഷണം വിശദീകരിക്കുന്ന ഇമാം ഗസ്സാലി (റ) അടക്കമുള്ള നിരവധി സൂഫീവര്യന്മാർ രചനകൾ രചിച്ചിട്ടുണ്ട്.
നാലാം ഖലീഫ അലി സൂഫി ചർച്ചകളിലെ പ്രധാന കേന്ദ്രമാകുന്നതിൽ അദ്ദേഹത്തിന്റെ ധീരതയും ഒരു കാരണമാണ്. അലിയുടെ വാൾ ദുൽഫിഖാർ സൂഫി നേതാക്കളിലൂടെ ധീരതയുടെയും ജിഹാദിന്റെയും ചർച്ചകളിലെ പ്രധാന ഭാഗമാണ്. ദുൽഫഖാർഅല്ലാതെ മറ്റൊരു വാളില്ല അലി അല്ലാതെ വേറൊരു ഹീറോയുമില്ല’ എന്ന നബി (സ)യിലേക്ക് ചേർക്കപ്പെടുന്നവചനം അലി (റ) വിന്റെ സ്ഥാനവുംഅദ്ദേഹത്തിന്റെ വാളിന്റെ പോരിശയും വ്യക്തമാക്കുന്നു. പേർഷ്യൻ- തുർക്കിഷ് സാഹിത്യമേഖലകളിലും സൂഫി ചിന്തകളിലും ദുൽഫഖാർ ധീരതയുടെയും പോരാട്ടവീര്യത്തിന്റെയും അടയാളമാണ്. ബെക്തശി സൂഫി സരണി അടക്കമുള്ള ആദ്യകാല സൂഫി ധാരകളിലെ ഫുതുവ്വ (ഫുതുവ്വ എന്ന ആശയം സമ്പൂർണ സമർപ്പണത്തിനും ധീരത ത്യാഗം എന്നിവയെക്കുറിക്കുന്ന പദമാണ്. യുവാക്കൾക്കിടയിൽ ഇസ്ലാമിക ആവേശവും സമ്പൂർണ സമർപ്പണവും സൃഷ്ടിക്കാൻ സൂഫി പണ്ഡിതർ ഈ പദം ഉപയോഗപ്പെടുത്താറുണ്ട്), അഖിലിക് (സൂഫി സാഹോദര്യം, ആദ്യകാല സൂഫി വിഭാഗങ്ങൾ അതാത് കാലത്തെ മുസ്ലിം അധികാര ശക്തികളുമായി ചേർന്ന് പ്രവർത്തിക്കുകയും അവരുടെ പാരാമിലിറ്ററി ആയി യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഉഥ്മാനികളുടെ ആദ്യകാല ചരിത്രത്തിൽ ഈ സൂഫി പോരാളികളുടെസ്വാധീനം പ്രകടമായിരുന്നു) വിഭാഗങ്ങളിൽ ദുൽഫഖാർ സവിശേഷമായ സ്ഥാനം വഹിച്ചിരിരുന്നു. പിൽക്കാല സൂഫി സരണികളുടെ പതാകളിലും ദുൽഫഖാർ വാളിന് നിർണായക സ്ഥാനമാണ് ഉള്ളത്.
സുഡാനിലെ മഹ്ദി പ്രസ്ഥാനവും ലിബിയയിലെ സനൂസി ധാരയും ചെച്‌നിയയിലെ ഇമാം ഷാമിലും സംഘവും സൂഫീ പോരാളികളിലെ ചില ഉദാഹരണങ്ങളാണ്. വൈദേശിക അധിനിവേശ ശക്തികൾക്കെതിരെ പൊതുജനസമൂഹത്തെ ഒരുമിപ്പിക്കുകയും വിശിഷ്യാ മുസ്‌ലിംകൾക്കിടയിൽ പ്രതിരോധത്തിന്റെ അനിവാര്യത ബോധിപ്പിക്കുകയും ചെയ്ത മഖ്ദൂം കുടുംബവും മമ്പുറം തങ്ങൾമാരും ആലി മുസ്‌ലിയാരും കേരള സൂഫീ ചരിത്രത്തിലെ സുപ്രധാന കണ്ണികളാണ്.