വേനൽ സൂര്യന്റെ തീവ്രത അസഹ്യമാവുമ്പോൾ നഷ്ടമാകുന്നത് പല ആസ്വാദനങ്ങളുമാണ്. തെലങ്കാനയിലെ പച്ചമെത്തകളുടെ മനോഹാരിത കൺകുളിർക്കെ അനുഭവിക്കാൻ അത്രക്കങ്ങ് സാധിക്കുന്നില്ല. കാരണം അതു തന്നെ, അതികഠിനമായ ചൂട്. മൊബൈൽ ചാർജ് ആകുവോളം ശിവോം ഭായിയുടെ കൂടെയിരുന്നു. ശേഷം സീറ്റിലേക്കു നടന്നു. ഇതിനിടെ ഇന്നലെ എനിക്കു ‘ഹോട്ട് സ്പോട്ട്’ തന്നു സഹായിച്ച ഭായിയെ കണ്ടു. ഇന്നും എങ്ങനെയാ പുള്ളിയോടു ഹോട്ട് സ്പോട്ട് ചോദിക്കുക, മോശമല്ലേ. അതുകൊണ്ട് കുശാലാന്വേഷണത്തിന് ശേഷം വീണ്ടും മുന്നോട്ടു നടന്നു. എന്നാൽ തൊട്ടടുത്ത ബോഗി എത്തിയപ്പോൾ വീണ്ടും ഞാൻ ഹോട്ട് സ്പോട്ട് വേട്ട ആരംഭിച്ചു. പയ്യന്മാരായ ഭായിമാരുടെ കയ്യിൽ നല്ല ഫോർ.ജി മൊബൈലും, ജിയോ സിമ്മും കാണും. അങ്ങനുള്ള ഒരുത്തനെ ആദ്യം ചാക്കിലാക്കി. തമിഴ്നാടു മുതൽ റോമിങ് ബാധ പിടികൂടിയ എന്റെ ഫോണിന് അൽപം ആശ്വാസം കിട്ടുന്നത് ഈ ‘ഹോട്ട് സ്പോട്ട്’ ഊറ്റിക്കുടിക്കുമ്പോഴാണ്. രണ്ടു ദിവസത്തെ മുഴുവൻ കഥകളും ഫോട്ടോകളും നാട്ടിലെ ചങ്ങായിമാർക്കയച്ചു. ഒപ്പം ചിലതൊക്കെ സ്റ്റാറ്റസും ആക്കി. അപ്പോഴും ലക്നൗവിലേക്കാണെന്ന വിവരം പുറത്തുവിട്ടിട്ടില്ലായിരുന്നു.
ഉച്ചഭക്ഷണം കൊണ്ടുവരുവോളം അയാളുടെ ‘ഹോട്ട് സ്പോട്ടും’ കുടിച്ചവിടെ ഇരുന്നു. ശേഷം ഞാനും ഫുഡ് അടിക്കാൻപ്പോയി. കൈയ്യിലുണ്ടായിരുന്ന അവസാന സ്വീറ്റ് പൊറോട്ടയും (രണ്ടര പീസും) പച്ച വെള്ളവും കഴിച്ചിട്ട് അൽപസമയം മയങ്ങി.
ചെറിയൊരു ശ്വാസതടസ്സം അനുഭവപ്പെട്ടാണ് ഞാൻ ഉണർന്നത്. അപ്പോഴേക്കും എന്റെ പിൻവശം (തലമുടി ഉൾപ്പെടെ) നനഞ്ഞു കുതിർന്നിരുന്നു. വല്ലാത്തൊരു വെപ്രാളം, മനസ്സ് തൊട്ടൊരു പൂർണശ്വാസമെടുക്കാൻ കഴിയുന്നില്ല. ഞാൻ ബെർത്തിൽ നിന്നും ചാടിയിറങ്ങി.
ചുറ്റും മരുഭൂമി പോലെ പരന്നു കിടക്കുന്ന തരിശുഭൂമി. മേലെ മൂന്നു ഫാനുകൾ കറങ്ങുന്നുണ്ട്. കാറ്റിനു പകരം തിളക്കുന്ന ആവി തുപ്പുന്ന സ്റ്റീം എഞ്ചിനായിട്ടാണ് എനിക്കപ്പോൾ അനുഭവപ്പെട്ടത്. നിർഭാഗ്യവശാൽ കൈയ്യിലുണ്ടായിരുന്ന കന്നാസിലെ വെള്ളവും ആ വെപ്രാളത്തിനിടെ തീർന്നു.
ആ അഗ്നിഭൂമിയിലെവിടെയോ തീവണ്ടി അൽപനേരം നിർത്തിയിട്ടു. ഒരു റിലാക്സേഷനു വേണ്ടി നമ്മൾ കുറച്ചുപ്പേർ അവിടെ യിറങ്ങി നിന്നു. ഉള്ളിലെ ആവി പുറത്തില്ല. എങ്കിലും പുറത്തെ ചൂട് അസഹനീയം തന്നെ. എന്തു ചെയ്യണമെന്നറിയാതെ പിരാന്തു പിടിച്ചോടിയപ്പോഴാണ് ഒരു പിഞ്ചു കരച്ചിൽ കേൾക്കുന്നത്. ഞാനാഭാഗത്തേക്ക് പോയി. ഒരു കുഞ്ഞുമോൾ ജനലിനരികിലിരുന്ന് എന്തിനോ വേണ്ടി കരയുന്നു. എന്താണെന്നറിയില്ല, അവൾ വിങ്ങിവിങ്ങി കരയുന്നത് കണ്ടപ്പോൾ എനിക്കും കരയാൻ തോന്നി. ഇടക്കെപ്പൊഴോ തിരിഞ്ഞപ്പോൾ അവളുടെ മുഖം കണ്ടു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ എന്നെ നോക്കി. ഞാൻ കൈകൊട്ടി കളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പെട്ടന്നാണ് തീവണ്ടി ചലിക്കാൻ തുടങ്ങുന്നെന്ന സൂചനയായി നീട്ടിയുള്ള ചൂളം വിളി ഉയർന്നത്. ഞാനാ ബോഗിയിൽ ചാടിക്കേറി. അപ്പോഴതാ കരച്ചിൽ മാറ്റാൻ തന്റെ മകളെ ഒക്കത്തിരുത്തി ആ ഉപ്പ ഡോർ സൈഡിൽ വന്നത്. ട്രെയിൻ അനങ്ങിത്തുടങ്ങിയതും കരച്ചിലും മാറി. ഇനിയെങ്ങാനും കരഞ്ഞാലോ എന്നു പേടിച്ച് ഞാൻ അധികം കളിപ്പിക്കാനൊന്നും പോയില്ല.
എന്തൊക്കെ ചെയ്തിട്ടും ട്രെയിനിലെ ചൂട് മാത്രം കുറയുന്നില്ല. ചൂടല്ല, ഒരുതരം വെറുപ്പിക്കുന്ന ചൂടാവിയാണ് പിരാന്ത് പിടിപ്പിക്കുന്നത്. ഞാനൊരിത്തിരി നേരം ആ പടിവാതിൽക്കൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ ഉപ്പായും മോളും മറ്റു യാത്രികരുമൊക്കെ അവരുടെ ഇരിപ്പിടത്തിലേക്ക് മടങ്ങി. തിരക്കൊഴിഞ്ഞ നേരം ഞാനിരിക്കുന്നത് കണ്ടാവും അവിടെ നിന്നിരുന്ന ഒരു ഉപ്പാപ്പയും നിലത്തിരുന്നു. മുഖലക്ഷണത്തിൽ നിന്ന് അദ്ദേഹത്തിന്റെ ദയനീയാവസ്ഥ നിഷ്പ്രയാസം വായിച്ചെടുക്കാനാവും.
എന്നെപ്പോലെ ഗതി കിട്ടാതെ വട്ട് പിടിച്ചിരിക്കുന്ന പാവം വൃദ്ധൻ.
കൂടുതൽ സമയം അവിടെയിരിക്കാനും തോന്നിയില്ല. അടുത്ത സ്റ്റോപ്പെത്തിയപ്പോൾ ഞാൻ അവിടെ നിന്നെഴുന്നേറ്റു.
തൊട്ടടുത്തെ ട്രാക്കിലെ കൽക്കരി നിറച്ച ചരക്കു ട്രെയിൻ എടുക്കും വരെ നമ്മൾ പോസ്റ്റ്! ഒരോ സ്റ്റോപ്പിൽ നിന്നും ഡസൺ കണക്കിന് ട്രാൻസ് മനുഷ്യരാണ് പിരിവിനായി എത്തുന്നത്.
ഞാൻ പതിവ് ഉലാത്തൽ തുടർന്നു. എന്നാൽ ഈ ഉലാത്തലിനിടെ ഒരു ബോഗിയിൽ കണ്ട രംഗങ്ങൾ മനസ്സിൽ വല്ലാത്ത അറപ്പും വെറുപ്പും ഉളവാക്കി. മനുഷ്യന്റെ അടക്കി നിർത്താൻ പ്രയാസമുള്ള വികാരമാണല്ലോ കാമം. എന്നാൽ അതിനെ ശമിപ്പിക്കാണ് അത്രമാത്രം തരംതാഴുന്ന ദയനീയാവസ്ഥ കണ്ടപ്പോൾ ലജ്ജിച്ചു തല താഴ്ത്തേണ്ടി വന്നു. ജീവിക്കാനുള്ള വക തേടിയിറങ്ങിയ ട്രാൻസ് മനുഷ്യരോട് താൻ കൊടുക്കുന്ന ചില്ലറകൾക്കു പകരം ലിംഗം കാട്ടിത്തരാൻ ആവശ്യപ്പെടുന്ന ഒരുപറ്റം യുവാക്കൾ. അവർക്കൊപ്പം വിലപേശാൻ വഴങ്ങി കൊടുക്കുന്ന ചിലരെയും നിർഭാഗ്യവശാൽ കാണേണ്ടി വന്നു. എല്ലാംകൊണ്ടും മനസ്സു മടുത്തു. വേഗത്തിൽ അടുത്ത ബോഗികളിലേക്കു നടന്നുനീങ്ങിയെങ്കിലും മനുഷ്യസഹജമായ ചില ദുർബോധനങ്ങൾ എന്നെ അലട്ടികൊണ്ടേയിരുന്നു. എന്താണവിടെ സംഭവിക്കുന്നതെന്നറിയാനുള്ള കൗതുകം ഉള്ളിലുണ്ടായി. ഒടുവിൽ ആ പൈശാചിക തോന്നലിൽ വഞ്ചിതനായി ഞാൻ അവിടേക്കു നടന്നു. പക്ഷെ അവിടെ എത്തുന്നതിനു മുന്നേ പടച്ചവൻ എന്നെ കാത്തു. തിരിഞ്ഞു നടന്ന വഴിയിലെവിടെയോ ഒരു മലയാള സംഭാഷണം കേൾക്കാനിടയായി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു കൂട്ടം മലയാളികൾ. ഇന്നലത്തെ ഉലാത്തലിൽ ഇവരെ കണ്ടിരുന്നെങ്കിലും അത്രക്കങ്ങോട് പരിചയപ്പെടാൻ സാധിച്ചില്ല. അവർ ബല്യ ചർച്ചയിലായിരുന്നു. എന്നാൽ ഇന്നെല്ലാരും നല്ല ഉഷാറിലാണ്. ഞാൻ അവരെയൊക്കെ വിശദമായി പരിചയപ്പെട്ടു. ഗോണ്ടയിലേക്ക് പോകുന്ന ഏഴു കോട്ടയംകാർ.
ചൂടിന്റെ പീഡനത്തിൽ നിന്നു മോചിതനാവാനും, ചില ആഭാസങ്ങൾ മരവിപ്പിച്ച ചിന്തകളെ ഉണർത്തുവാനുമായി ഞാൻ അവരുടെ അടുത്തുചെന്ന്, ചേട്ടാ, ഫോണിൽ നല്ല ഏതെങ്കിലും മലയാള സിനിമയുണ്ടോ എന്നു ചോദിച്ചു. പെട്ടെന്ന് അവരൊക്കെ മുഖാമുഖം നോക്കിയ ശേഷം അവരിലൊരാൾ പറഞ്ഞു: “മോനെ, ഞങ്ങൾ സഭാ വിശ്വാസികളാണ്, സിനിമ പോലുള്ള വിനോദങ്ങൾ ഇഷ്ടപ്പെടാറില്ല”. പഴുത്തു വീണ വരിക്കച്ചക്ക ചളുങ്ങിയ പോലെ ചമ്മിയുരുകിപ്പോയി ഞാൻ.
ചുമ്മാ ഒറ്റക്കിരുന്ന് ബോർ അടിച്ചു മരിച്ചു. രണ്ട് ദിവസായില്ലെ ഇങ്ങനെ ട്രെയിനിൽ കുത്തിയിരിക്കുന്നു, എന്നു ഞാൻ പറഞ്ഞു.
“അതിനിപ്പെന്താ, ഞങ്ങൾ കമ്പനി തരാമല്ലോ, നീ ഇവിടെ ഇരിക്ക്” എന്നു മറുപടി.
എടാ ജാങ്കോ ഞാൻ പെട്ടു എന്ന മട്ടിൽ ഞാനവിടെയിരുന്നു.
തുടരും…