കേരളീയ ഇടതുപക്ഷം, ഇസ്‌ലാമോഫോബിയ: മുസ്‌ലിം രാഷ്ട്രീയ പ്രതികരണങ്ങൾ

ഇന്ത്യയിലെ നാസി സ്വഭാവത്തിലുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ കാർമികത്വത്തിൽ, നിയമപരമായി മുസ്‌ലിംകളുടെ പൗരത്വനിഷേധമടക്കമുള്ള വംശഹത്യാ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യമാണുള്ളത്. ഈയവസരത്തിലാണ് നവ-സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ക്ലബ് ഹൗസിൽ’ പ്രഖ്യാപിത ഫാസിസ്റ്റ് വിരുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷം, ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും നേതാക്കന്മാരെയും അവരുടെ സാമൂഹ്യ രാഷ്ട്രീയ ഉള്ളടക്കത്തെ സവർണ-വംശീയ പരിവാറുമായി തുലനപ്പെടുത്തിയും, ചീത്ത പറഞ്ഞും, രാക്ഷസവൽക്കരിച്ച് ഇസ്‌ലാമോഫോബിയയുടെ മെഗാഫോണുകളായി തങ്ങളുടെ രാഷ്ട്രീയ ‘മുൻഗണന’ സൂചിപ്പിക്കുന്നത്.

ഇത് കേവലം ഒരു ഇസ്‌ലാമിക/മുസ്‌ലിം സംഘടന/വ്യക്തികൾക്കെതിരെയുള്ള വിമർശനം സമം ഇസ്‌ലാമോഫോബിയ എന്നിവക്കപ്പുറത്ത്, ഇടതുപക്ഷവും സി.പി.എമ്മും ഉൾകൊള്ളുന്ന കേരളത്തിലെ സ്ഥാപനവൽകൃത അധികാരത്തിന്റെ, പൊതുമണ്ഡലത്തിന്റെ ഭാഗമായുള്ള മുസ്‌ലിം വിരുദ്ധതയുടെ ആവർത്തിച്ചുള്ള ശ്രേണികൃത മാനമാണ് ഇതിലൂടെ ദൃശ്യമാവുന്നത്.
ഇതിന്റെ കൂടെ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ മാത്രം കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനമായ സി.പിഎമ്മും ഇടതുപക്ഷവും മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ അസംഖ്യം മുൻ-വിധികളുടെയും ഭീതിയുടെയും ഉത്കണ്ഠയുടെയും രാക്ഷസീയ ചാപ്പകളടങ്ങിയ പ്രസ്താവനകൾ ക്രോഡീകരിച്ച് മുന്നോട്ട് വെച്ച പഠനം(ഉമ്മുൽ ഫായിസ) വിചിത്രവും, ഇസ്‌ലാമോഫോബിയയുടെ കേരളീയ പശ്ചാത്തലവുമായി ബന്ധപ്പെട്ട് വികസിപ്പിക്കേണ്ട ഗൗരവപരമായ രാഷ്ട്രീയ സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. കേരളത്തിലെ ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്തുകൊണ്ട് തുടർച്ചയായി ഇസ്‌ലാം/മുസ്‌ലിം കർതൃത്ത്വങ്ങൾക്കെതിരെ സവിശേഷമായി എന്നുള്ളത് ചരിത്രപരമായി നിരന്തരം പരിശോധിക്കപ്പെടേണ്ടതുമാണ്.

ഉത്തരേന്ത്യയിലെ വിഭജനാനന്തര രാഷ്ട്രീയ-സാമൂഹ്യ പരിതസ്ഥിതിപ്പോലെ തന്നെ ചരിത്രപരമായി മലബാർ കലാപാനന്തരം കേരളീയ മുസ്‌ലിം സാമൂഹ്യസ്ഥിതി തീർത്തും അരക്ഷിതാവസ്ഥയിലായിരുന്നു. മുസ്‌ലിംകളുടെ സാമൂഹികവും, സാംസ്കാരികവും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ അവരുടെ കുറ്റമായും, ക്രമരഹിത അരസികൻ, വക്രീകരണ പ്രതിനിധാനമായാണ് മുഖ്യധാര പൊതുമണ്ഡലം വിവേചനപൂർവും ചിത്രീകരിച്ചിരുന്നത്. മുസ്‌ലിംകൾ ചെറിയ തോതിൽ സാമ്പത്തിക മൂലധനം, ഭൗതിക സാഹചര്യങ്ങൾ, മൊബിലിറ്റി എന്നിവ കൈവരിക്കുന്നതിലൂടെ അതിജീവിക്കുകയായിരുന്നു. എങ്കിലും മുസ്‌ലിം സാമ്പത്തിക ദൃശ്യതയെ പ്രശ്നവൽക്കരിച്ച് പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവ മുൻനിർത്തി, ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ‘ശാസ്ത്ര സാഹിത്യ പരിഷത്ത്’, ‘പുത്തൻ പണം’ എന്നിവയിലൂന്നി പോപ്പുലർ സിനിമകൾ പോലയുള്ളവർ വലിയ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. മുസ്‌ലിം സാമ്പത്തിക ക്യാപിറ്റലിനെ കേന്ദ്രീകരിച്ചുള്ള വിദേശ ഫണ്ട്, പെട്രോ-ഡോളർ ഫണ്ടമെന്റെലിസം തുടങ്ങിയ ക്യാമ്പയിനുകൾ തീവ്ര വലതുപക്ഷ സംഘടകൾ സജീവമാക്കുന്നത് ഇതിനുശേഷമാണ്. എങ്കിലും പൊതു വികസനം, വിഭവവിതരണം പോലയുള്ള സൂചികയിൽ നിന്ന് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ/ജില്ല എന്നിവ തുടർച്ചയായി മാറ്റി നിർത്തപ്പെടുന്നതും ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ടതുണ്ട്.
1980-കൾക്കുശേഷം ഇടതുപക്ഷം, മുസ്‌ലിംകളെ സവിശേഷമായി നിർവചിക്കുന്നത് ശരീഅത്ത് സംവാദകാലത്താണ്. മുസ്‌ലിംകളുടെ മതപരമായ വിത്യാസം, മുസ്‌ലിം സംഘടനകളുടെ ഏകീകരണം എന്നിവ ‘മത മൗലികവാദമായും’ ഇടതുപക്ഷത്തിനൊപ്പം രാഷ്ട്രീയധികാരം പങ്കിട്ടിരുന്ന മുസ്‌ലിം ലീഗ് അതുവിട്ട് മറ്റൊരു ബ്ലോക്കിൽ നിന്നുകൊണ്ട് മുസ്‌ലിം രാഷ്ട്രീയ അവകാശപ്രശ്നങ്ങൾ ഉന്നയിക്കുന്നത് വർഗീയതയായി ചിത്രീകരിക്കുകയാണുണ്ടായത്. ശബ്നം തേജാനി, ഗ്യാനേന്ദ്ര പാഢ എന്നിവരുടെ പഠനങ്ങളിൽ മുന്നോട്ട് വെച്ച മത/മതേതര, വർഗീയ/മതേതര ബൈനറി, ദേശീയ-ഭൂരിപക്ഷ ഹൈന്ദവ- ജാതി മേൽക്കോയ്മ പൊതുബോധത്തിന്/സ്ഥാനത്തിന് സഹായകരമാവുകയും സി.പി.എമ്മിനെ പോലയുള്ള ഭൂരിപക്ഷ ഹൈന്ദവ ഘടനയുള്ള പ്രസ്ഥാനങ്ങൾ മുസലിംകളുടെ സാമൂഹ്യ-രാഷ്ട്രീയ അനുഭവം, സംഘാടനം, അവകാശങ്ങൾ എന്നിവ, സവിശേഷമായി തന്നെ വർഗീയതയായി മാറ്റി തീർക്കുകയായിരുന്നു. ശരീഅത്ത് വിവാദം മുളപൊട്ടിയ സമയത്തും അതിനുശേഷവും മുസ്‌ലിം മതപരതയെ മുൻനിർത്തി ”പു.ക.സ” പോലയുള്ള പ്രസ്ഥാനങ്ങൾ നിർമിച്ച സവർണ-മതേതര ആകുലതകളാണ് പിൽക്കാലത്ത് യുക്തിവാദികളും സംഘപരിവാറും ഏറ്റുപിടിക്കുന്നത്. ഈയർത്ഥത്തിൽ, ശരീഅത്ത് വിവാദ കാലഘട്ടം മുതൽ ഇടതുപക്ഷം ഉൾകൊള്ളുന്ന കേരളീയ ഹൈന്ദവ പൊതുബോധം കൂടുതൽ മുസ്‌ലിം വിരുദ്ധമാവുകയായിരുന്നു. ഇത് ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം ശക്തിപ്പെടുകയും, വളരെ വലിയ തോതിൽ തീവ്രവാദ ഭീകരവത്കരിക്കപെടുന്നത്, 9/11 സംഭവത്തിനുശേഷവുമാണ്.
പിന്നോക്ക സാമൂഹ്യ വിഭാഗങ്ങളുടെ സംവരണപ്രക്ഷോഭങ്ങൾ, സവർണജാതി അക്രമങ്ങളെ പ്രശ്നവൽക്കരിച്ച് ഉയർന്ന് വന്ന കീഴാള-ദലിത് പ്രസ്ഥാനങ്ങൾ, മണ്ഡലാനന്തര ദലിത്-പിന്നോക്ക ബഹുജൻ രാഷ്ട്രീയ മുന്നേറ്റം എന്നിവയെ നിരാകരിക്കാൻ അദൃശ്യവൽക്കരിക്കാൻ സംഘ്പരിവാറിന് ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ സാധിച്ചു. ബാബരി മൊമന്റ് മുസ്‌ലിം അപരനെ കേന്ദ്രീകരിച്ചുള്ള വലിയ വിള്ളൽ സൃഷ്ടിച്ചുവെന്നോ, മുസ്‌ലിംകളുടെ സ്വഭാവിക പ്രതികരണം പോലും മോണിറ്റർ ചെയ്യപ്പെട്ടതിനപ്പുറം, യഥാർത്ഥത്തിൽ സവർണജാതി കേന്ദ്രീകൃതമായി ഹൈന്ദവ സമൂഹത്തിൻ്റെ ഏകീകരണവും, അതുവഴി ഹിന്ദു പോപ്പുലിസ്റ്റ് രാഷ്ട്രീയം ശക്തിപ്പെടുകയാണുണ്ടായതെന്ന് രാഷ്ട്രീയ വിശകലനങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയാണുണ്ടായത്.

തുടക്കത്തിൽ, കേരളത്തിലെ മതേതര-ഇടത് സാംസ്കാരിക പൊതുബോധം മുസ്‌ലിംകളെ കുറിച്ച് പിന്നോക്കർ, അരസികർ, ദുർബലർ എന്നീ പ്രതിനിധാനങ്ങളിലാണ് തീർപ്പ് കൽപിച്ചിരുന്നെങ്കിൽ 9/11-ന് ശേഷമുള്ള സവിശേഷ ഇസ്‌ലാമോഫോബിക് അന്തർദേശീയ ഭൗമരാഷ്ട്രീയ പശ്ചാത്തല ഘടന (വാർ ഓൺ ടെറർ) ഭരണകൂടത്തിന്റെ, മാധ്യമങ്ങളുടെ ഏകപക്ഷീയ തീവ്രവാദ- ഭീകരവാദ നരേറ്റീവുകൾക്കപ്പുറം, ലിംഗ രാഷ്ട്രീയം, രാഷ്ട്രീയ രക്ഷാകർതൃത്ത്വം, പൊളിറ്റിക്കൽ ഇസ്‌ലാം, താലിബാൻ/താലിബാനിസം, ചാർളി ഹെബ്ദോ, മലാല യൂസുഫ് സായി, ഐ.എസ്.ഐ.സ്, അടുത്ത കാലത്തുണ്ടായ ഹഗിയ സോഫിയ തുടങ്ങിയ അന്തർദേശീയ വിഷയങ്ങളെ മുൻനിർത്തി, കേരളീയ മതേതര ഇടത് പൊതുബോധം സൃഷ്ടിച്ച ആകുലത മുസ്‌ലിം ദൈനംദിന വ്യവഹാരങ്ങളെ, രാഷ്ട്രീയ ചലനങ്ങളെ കൂടുതൽ നിയന്ത്രിക്കാനും നിഷ്ക്രിയമാക്കാനും ഉപയോഗപ്പെടുത്തി. ഇതിനോടൊപ്പം തന്നെ വലിയ സാർവ്വലൗകികതയും, ചരിത്രപരതയും അവകാശപ്പെടുന്ന ഇടതുപക്ഷത്തിന് തങ്ങളുടെ അന്തർദേശീയ ഭരണകൂടങ്ങൾ നടത്തുന്ന (ചൈന, ഉത്തര കൊറിയ) സേഛാധിപത്യ ഹിംസകൾ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ, ഇടത് പാർട്ടികളുടെ വിത്യസ്ത കാലഘട്ടങ്ങളിലെ അടവുനയങ്ങൾ (ജനാധിപത്യം, കോടതി, സ്റ്റേറ്റ്) എന്നിവക്കൊന്നും പൊതുചർച്ചയാവാത്ത, മറുപടി പറയേണ്ടതില്ലാത്ത ഒരു സാമൂഹിക പൊതുബോധ പരിസരവും, ആനുകൂല്യവും കൂടി കേരളത്തിൽ തന്ത്രപരമായി നിർമിച്ചുവെച്ചിരിക്കുന്നു. കൂടാതെ ലൗ-ജിഹാദ്, മതപരിവർത്തനം, എന്നിവയെ മുൻനിർത്തിയുള്ള കേരളീയ മതേതര-നിഷ്‌പക്ഷ നിഷ്കളങ്ക ഭീതിയെ പിൽക്കാലത്ത് സംഘപരിവാർ കൂടുതൽ മുസ്‌ലിം വിരുദ്ധ വിഷലിപ്തമാക്കി തീർത്തിട്ടുണ്ട്.

നേരത്തെ സൂചിപ്പിച്ച പോലെ മുസ്‌ലിംകളെ കേന്ദ്രീകരിച്ചുള്ള സാമൂഹിക സ്ഥാനമായ, പിന്നോക്കർ/നിഷ്ക്രിയർ/ ദുർബലർ എന്നിവയിൽ നിന്ന് അനർഹമായി നേടുന്നവർ/കുഴപ്പക്കാർ എന്ന പ്രതിലോമകരമായ രൂപത്തിലേക്ക് പിൽക്കാലത്ത് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. ഇതിൽ നിന്നും വിത്യസ്തമായി, 2006-ലെ(ഒ.ബി.സി സംവരണം) രണ്ടാം മണ്ഡലിനുശേഷം വികസിച്ചുവന്ന, സവിശേഷമായി കേന്ദ്ര സർവ്വകലാശാലകളിൽ നിന്ന് ഉയർന്ന് വന്ന, പുതിയ മുസ്‌ലിം യുവത ബൗദ്ധികപരമായും, രാഷ്ട്രീയപരമായും സി.പി.എം അടക്കമുള്ള പരമ്പരാഗത മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രക്ഷാകർതൃത്ത്വങ്ങളെ വലിയ രീതിയിൽ വെല്ലുവിളിക്കുകയുണ്ടായി. നവോത്ഥാന മതിൽ, സവർണ സംവരണം എന്നിവയിലൂടെയുള്ള ഹൈന്ദവ ഏകീകരണം വഴിയുള്ള ഭരണകൂട സ്ഥാപനങ്ങളുടെ ഭാഷക്കപ്പുറം ഇടതുപക്ഷത്തിന് നിർമാണാത്മകമായി പുതിയ ആശയതലങ്ങൾ വികസിപ്പിക്കാനാകുന്നില്ല. സ്വാശ്രയസമരം, സവർണ-മതേതര കേന്ദ്രീകൃത വർഗീയ വിരുദ്ധ വാചാലതകൾക്കപ്പുറം, പുതിയ പോരാട്ടങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവ അവതരിപ്പിക്കാൻ സാധിക്കുന്നില്ല. ഈയവസരത്തിലാണ് ദേശീയ പൊതു-മതേതര സംവിധാനത്തിനകത്ത് തങ്ങൾ നേരിട്ടിരുന്ന സാമൂഹിക വിവേചനങ്ങളെ, രാഷ്ട്രീയമായി പ്രശ്നവൽക്കരിക്കുകയും സാമൂഹിക നീതിക്കായി വളരെ സജീവമായി പുതിയൊരു ‘മുസ്‌ലിം യൂത്ത് കൾച്ചർ’ സ്വയം സംസാരിക്കുകയും സംഘടിക്കുകയും ചെയ്യുന്നത്. കേരളീയ പൊതുബോധത്തിൽ അവകാശങ്ങൾ ചോദിക്കാൻ കഴിയാത്ത, നിയന്ത്രിതമായ രണ്ടാംകിട ഔദാര്യം പിൻപറ്റി ജീവിക്കേണ്ട സാംസ്കാരിക വിഭാഗം എന്നതിൽ നിന്നുമാറി മുസ്‌ലിം സാമൂഹികപരതയിൽ നിന്നുള്ള രാഷ്ട്രീയ ചോദ്യങ്ങൾ വളരെ സജീവമായി പുതിയ പിന്നോക്ക-മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിർബാധം ഉയർത്തി പോരുന്നുണ്ട്. ഇതിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ടും ഇതിനെ വഴിതിരിച്ച് വിടാനും, നിരാകരിക്കുവാനും ഇസ്‌ലാമോഫോബിയയുടെ ആഗോള വംശാവലികൾ മുതൽ പ്രാദേശിക വംശീയതവരെ ഇടതുപക്ഷം യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. വിവേചനത്തിൽ നിന്ന് വംശഹത്യയുടെ ഘട്ടംവരെയെത്തി നിൽക്കുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ പൊതു-മതേതര പ്രതിസന്ധികളെയും പരിമിതികളെയും മറികടന്നുള്ള മുസ്‌ലിംകളുടെ നേതൃത്വവും അതിൻ്റെ കർതൃത്ത്വപരമായ രാഷ്ട്രീയ (പൗരത്വ പ്രക്ഷോഭം) പ്രതിനിധാനം തന്നെ ‘വർഗീയതയായി’ പൈശാചികവൽക്കരിക്കുകയും, വികസിച്ച് വരുന്ന മുസ്‌ലിം ബൗദ്ധികതയെ അപകടരകരമായ ‘റിക്രൂട്ട്മെന്റുകളായി’ ചിത്രീകരിച്ച് കൊണ്ട് കേരളത്തിലെ സവർണജാതി/ഹിന്ദു സാമൂഹിക സ്ഥാനത്തുള്ള ഇടതുപക്ഷം തങ്ങളുടെ ഇസ്‌ലാമോഫോബിയ വ്യവസായം കൂടുതൽ വംശീയവൽക്കരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *