ഇസ്രായേൽ ജനാധിപത്യമല്ല! ഇലാൻ പപ്പെ സംസാരിക്കുന്നു

ലോകമെമ്പാടുമുള്ള അനവധി ഇസ്രായേലികളുടെയും അവരെ പിന്തുണക്കുന്നവരുടെയും വീക്ഷണത്തിൽ – അതിന്റെ ചില നയങ്ങളെ വിമർശിക്കുന്നവരുടെ അടുക്കൽ പോലും – അയൽക്കാരുമായി സമാധാനം തേടുന്ന, എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്ന, ഒരു നല്ല ജനാധിപത്യ രാഷ്ട്രമാണ് ഇസ്രായേൽ.
ഇസ്രായേലിനെ വിമർശിക്കുന്നവരുടെ അനുമാനങ്ങളിൽ പ്രസ്തുത ജനാധിപത്യത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് 1967 ലെ യുദ്ധം മൂലമാണ്. അധിനിവേശ പ്രദേശങ്ങളിൽ എളുപ്പത്തിലുള്ള ധനസമ്പാദനത്തിന് വഴിയൊരുക്കിയും, മേസൻ ഗ്രൂപ്പുകളെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചും യുദ്ധം സത്യസന്ധരും കഠിനാധ്വാനികളുമായ ഒരു സമൂഹത്തെ ദുഷിപ്പിച്ചത്രെ.

1967 ൽ ജനാധിപത്യ ഇസ്രായേൽ പ്രതിസന്ധികൾ നേരിട്ടിരുന്നുവെന്നും, അവയെ മറികടന്ന് അതിപ്പോഴും ഒരു ജനാധിപത്യമായി തുടരുന്നുവെന്നും ചില പ്രമുഖ പലസ്തീൻ അനുകൂല പണ്ഡിതന്മാർ പോലും പ്രചരിപ്പിക്കാറുണ്ട്. പക്ഷേ ഈ മിഥ്യാധാരണക്ക് ചരിത്രപരമായ യാതൊരു അടിത്തറയുമില്ല.

1967 ന് മുമ്പുള്ള ഇസ്രായേലിലും ജനാധിപത്യമുണ്ടായിരുന്നില്ല

 

1967 ന് മുമ്പുള്ള ഇസ്രായേലിനെയും ഒരു ജനാധിപത്യമായി ചിത്രീകരിക്കാൻ കഴിയില്ല. മുൻ അധ്യായങ്ങളിൽ നാം നിരീക്ഷിച്ചതു പോലെ, ഭരണകൂടം അതിന്റെ അഞ്ചിലൊന്ന് പൗരൻമാരെ സൈനിക ഭരണത്തിന് വിധേയമാക്കി. ബ്രിട്ടീഷ് അടിയന്തിര അധികാര ചട്ടങ്ങളുടെ മറവിൽ പലസ്തീനികൾക്ക് അടിസ്ഥാന മനുഷ്യപൗരാവകാശങ്ങൾ നിഷേധിച്ചു.

പ്രാദേശിക സൈനിക ഗവർണർമാർ ഈ പൗരന്മാരുടെ ജീവിതത്തിന്റെ സമ്പൂർണ്ണ അധികാരികളായി മാറി. അവർക്ക് തോന്നുമ്പോഴെല്ലാം പ്രത്യേക നിയമങ്ങൾ ആവിഷ്കരിക്കാനും പൗരൻമാരുടെ വീടുകളും ഉപജീവനമാർഗങ്ങളും നശിപ്പിക്കാനും സാധിക്കുമായിരുന്നു. 1950 കളുടെ അവസാനത്തിൽ മാത്രമാണ് ഇത്തരം ദുരുപയോഗങ്ങൾക്കെതിരെയുള്ള ശക്തമായ എതിർപ്പ് യഹൂദവിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്നത്. ക്രമേണ പലസ്തീൻ പൗരന്മാർക്കു മേലുള്ള സമ്മർദവും ലഘൂകരിക്കപ്പെട്ടു.

യുദ്ധത്തിനു മുമ്പുള്ള ഇസ്രായേലിൽ താമസിച്ചിരുന്ന പലസ്തീനികളെയും 1967 ന് ശേഷം വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും താമസിച്ചിരുന്നവരെയും സംബന്ധിച്ചിടത്തോളം, ഐ.ഡി.എഫിലെ ഏറ്റവും താഴ്ന്ന സൈനികനും അവരെ ഭരിക്കാനും അവരുടെ ജീവിതം നശിപ്പിക്കാനും സാധിക്കുമായിരുന്നു. അത്തരമൊരു സൈനികനോ അവന്റെ യൂണിറ്റോ കമാൻഡറോ വീടുകൾ പൊളിച്ചുമാറ്റാനോ മണിക്കൂറുകളോളം ഒരു ചെക്ക് പോയിന്റിൽ പിടിച്ചു വെക്കാനോ വിചാരണ കൂടാതെ തടവിലാക്കാനോ തീരുമാനിച്ചാൽ അവർ നിസ്സഹായരായിരുന്നു. അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

1948 മുതൽ ഇന്നുവരെയുള്ള ഓരോ നിമിഷത്തിലും, പലസ്തീനികൾ അത്തരം അനുഭവങ്ങൾക്ക് വിധേയരായിക്കൊണ്ടേയിരിക്കുന്നു.

ഇസ്രായേലിനുള്ളിലെ പലസ്തീൻ ന്യൂനപക്ഷമാണ് ഇത്തരമൊരു നുകം പേറിയ ആദ്യ സംഘം. കാർമെൽ പർവതത്തിൽ താമസിച്ചിരുന്ന ഹൈഫയെ പോലുള്ള പലസ്തീൻ സമൂഹങ്ങൾ ഗെറ്റോകളിലേക്ക് തളയ്ക്കപ്പെട്ടു. സഫാദിനെ പോലുള്ള പല ജനതകളും പതിറ്റാണ്ടുകളായി അവർ താമസിച്ചിരുന്ന പട്ടണങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇസ്ദൂദികൾ പൂർണമായും ഗാസ മുനമ്പിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു.

ഗ്രാമാന്തരങ്ങളിൽ സ്ഥിതി അതിനെക്കാൾ മോശമായിരുന്നു. ഫലഭൂയിഷ്ഠമായ പലസ്തീൻ ഗ്രാമങ്ങളെ വിവിധ കിബ്ബറ്റ്സ് പ്രസ്ഥാനങ്ങൾ കണ്ണു വെച്ചു. ദ്വിരാഷ്ട്രത്തോട് ഐക്യപ്പെട്ടിരുന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുകളായ കിബ്ബുത്സിം, ഹാഷോമർ ഹ-സെയർ തുടങ്ങിയവരും അതിൽ പങ്കു ചേർന്നു.

1948 ലെ സംഘർഷത്തിന് ശേഷം ഗബ്സിയേ, ഇക്രിത്, ബിരിം, ക്വയ്ദ, സായിതൂൺ തുടങ്ങി നിരവധി ഗ്രാമവാസികൾ സമർഥമായി കബളിപ്പിക്കപ്പെട്ടു. രണ്ടാഴ്ചക്കാലത്തേക്ക് പരിശീലനാർഥം ഇസ്രയേൽ സൈന്യത്തിന് വിട്ടു നൽകിയ തങ്ങളുടെ ഭൂമി കൈയേറ്റം ചെയ്യപ്പെട്ട നിലയിലോ ഗ്രാമങ്ങൾ തുടച്ചു മാറ്റപ്പെട്ട അവസ്ഥയിലോ ആണ് അവർ മടങ്ങിയെത്തിയപ്പോൾ കണ്ടത്.

1956 ഒക്ടോബറിൽ നടന്ന കാഫ്ർ ഖാസിം കൂട്ടക്കൊല ഈ സൈനിക ഭീകരതയുടെ ഉത്തമ ഉദാഹരണമാണ്. സീനായ് ഓപറേഷന്റെ തലേ നാൾ, ഇസ്രായേൽ സൈന്യം നാൽപത്തിയൊമ്പത് പലസ്തീൻ പൗരൻമാരെ കൊന്നു തള്ളി. ഗ്രാമത്തിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ലംഘിച്ച് വയലിൽ ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് ഇസ്രയേലി അധികൃതരുടെ ആരോപണമെങ്കിലും യഥാർത്ഥ കാരണം അതായിരുന്നില്ല.

വാദി അറ ഗ്രാമം സ്ഥിതി ചെയ്യുന്ന ത്രികോണ സമാന പ്രദേശങ്ങളിൽ നിന്ന് പലസ്തീനികളെ പുറത്താക്കുന്നതിന് ഇസ്രായേൽ കിണഞ്ഞുശ്രമിച്ചിരുന്നുവെന്ന് പിന്നീടുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ രണ്ട് പ്രദേശങ്ങൾ – കിഴക്ക് അഫുലയെയും മെഡിറ്ററേനിയൻ തീരത്തെ ഹദേരയെയും ബന്ധിപ്പിക്കുന്ന താഴ്‌വരയും ജറുസലേമിന്റെ കിഴക്കൻ ഉൾപ്രദേശത്തെ വികസിപ്പിക്കുന്ന താഴ്‌വരയും – 1949 ൽ ജോർദാനുമായുള്ള യുദ്ധ ഉടമ്പടി പ്രകാരം ഇസ്രായേലുമായി കൂട്ടിച്ചേർക്കപ്പെട്ടു.

പുതിയ പ്രദേശങ്ങൾ വെട്ടിപിടിക്കാൻ ഉത്സാഹിച്ചിരുന്ന ഇസ്രായേലിന് ആ ഭൂമികളിലെ പലസ്തീൻ ജനസംഖ്യ സന്തോഷം പകരുന്നതായിരുന്നില്ല. ഇസ്രായേൽ രാഷ്ട്രം ഭൂമിശാസ്ത്രപരമായി വികസിക്കുന്ന ഓരോ ഘട്ടത്തിലും, കൂട്ടിച്ചേർത്ത പ്രദേശങ്ങളിലെ പലസ്തീൻ ജനതയെ നിയന്ത്രിക്കുന്നതിൽ അത് ബദ്ധശ്രദ്ധ പുലർത്തി.

അറബ് ലോകവുമായി ഒരു പുതിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ മറവിൽ പലസ്തീനികളെ പുറത്താക്കാനുള്ള ഒരു കൂട്ടം പദ്ധതികളുടെ കോഡ് നാമമായിരുന്നു ഓപ്പറേഷൻ “ഹഫർഫെർട്ട്” (“പെരുച്ചാഴി”). 1956 ലെ കൂട്ടക്കൊല പ്രദേശത്തെ ജനങ്ങളെ വിരട്ടിയോടിക്കാൻ കഴിയുമോയെന്നറിയാനുള്ള ഒരു ശ്രമമായിരുന്നുവെന്ന് പല പണ്ഡിതന്മാരും ഇന്ന് വിലയിരുത്തുന്നുണ്ട്.

കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത കുറ്റവാളികളെ വിചാരണയ്ക്ക് വിധേയരാക്കിയതിന് സെനെറ്റിലെ രണ്ട് അംഗങ്ങളുടെ ഉത്സാഹത്തിനും ധൈര്യത്തിനും നന്ദി പറയണം, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള തവാക് തുബിക്കും ഇടതു സയണിസ്റ്റ് പാർട്ടിയായ മാപത്തിന്റെ ലത്തീഫ് ഡോറിക്കും. എന്നിരുന്നാലും, പ്രദേശത്തിന്റെ ഉത്തരവാദിത്തമുള്ള കമാൻഡർമാർക്കും കുറ്റകൃത്യം നടത്തിയ യൂണിറ്റിനും വളരെ ചെറിയ പിഴകൾ മാത്രം ചുമത്തി കേസ് നിസ്സാരമായി ഒഴിവാക്കിയത് അധിനിവേശ പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സൈന്യത്തെ അനുവദിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ്.

വ്യവസ്ഥാപിത ക്രൂരത കൂട്ടക്കൊല പോലുള്ള പ്രധാന സംഭവങ്ങളിൽ മാത്രമല്ല അതിന്റെ മുഖം കാണിക്കുന്നത്. ഏറ്റവും മോശമായ അതിക്രമങ്ങൾ ഭരണകൂടത്തിന്റെ സാന്നിധ്യത്തിലും ദിനേന അരങ്ങേറും.

1967 ന് മുമ്പുള്ള കാലഘട്ടത്തെക്കുറിച്ച് ഇസ്രായേലിലെ പലസ്തീനികൾ ഇപ്പോഴും അധികം സംസാരിക്കാറില്ല, അക്കാലത്തെ രേഖകൾ മുഴുവൻ ചിത്രവും വെളിപ്പെടുത്തുന്നുമില്ല. അതിശയകരമെന്നു പറയട്ടെ, സൈനിക ഭരണത്തിൻ കീഴിൽ ജീവിക്കുന്നത് എങ്ങനെയായിരുന്നു എന്നതിന്റെ സൂചനകൾ കവിതയിലാണ് നാം കാണുന്നത്.

തന്റെ തലമുറയിലെ കവികളിൽ പ്രശസ്തനും പ്രധാനിയുമായിരുന്നു നതാൻ ആൾട്ടർമാൻ. അദ്ദേഹം താൻ കൈകാര്യം ചെയ്തിരുന്ന “The Seventh Column ” എന്ന ഒരു പ്രതിവാര പംക്തിയിൽ വായിച്ചതും കേട്ടതുമായ സംഭവങ്ങൾ പങ്കുവെച്ചിരുന്നു. ചില സമയങ്ങളിൽ അദ്ദേഹം തീയതിയും സംഭവം നടന്ന സ്ഥലത്തിന്റെ വിശദാംശങ്ങളും ഒഴിവാക്കും, പക്ഷേ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാൻ ആവശ്യമായ വിവരങ്ങൾ വായനക്കാരന് നൽകുകയും ചെയ്യും. അദ്ദേഹം പലപ്പോഴും തന്റെ ആക്രമണങ്ങൾ കാവ്യാത്മക രൂപത്തിൽ പ്രകടിപ്പിച്ചു:

“ഈ വാർത്ത രണ്ട് ദിവസത്തേക്ക് പ്രത്യക്ഷപ്പെടുകയും പിന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. ആരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല, ആർക്കും അറിയില്ലെന്ന് തോന്നുന്നു.
വിദൂര ഗ്രാമമായ ഉം അൽ ഫഹേമിൽ,
കുട്ടികൾ‌ – ഞാൻ രാജ്യത്തെ പൗരന്മാരെന്ന് പറയണോ – ചെളിയിൽ‌ കളിച്ചു, അവരിൽ‌ ഒരാൾ‌ നമ്മുടെ ധീരനായ ഒരു സൈനികനിൽ സംശയമുണർത്തി.
അയാൾ അലറി: നിർത്തൂ!
ഒരു കൽപനയെന്നാൽ ഒരു കൽപനയാണ്
ഒരു കൽപനയെന്നാൽ ഒരു വ്യവസ്ഥയാണ്,
എന്നാൽ വിഢിയായ കുട്ടി നിന്നില്ല, അവൻ ഓടിപ്പോയി
അതിനാൽ ഞങ്ങളുടെ ധീരനായ പട്ടാളക്കാരൻ അവനെ വെടിവച്ചു കൊന്നു, അതിശയിക്കാനില്ല.
ആരും അതിനെക്കുറിച്ച് സംസാരിച്ചില്ല.”

ഒരവസരത്തിൽ വാദി അറയിൽ വെടിയേറ്റ രണ്ട് ഫലസ്തീൻ പൗരന്മാരെക്കുറിച്ച് അദ്ദേഹം ഒരു കവിത രചിച്ചു. മറ്റൊരു സംഭവത്തിൽ, വളരെ രോഗിയായ ഒരു പലസ്തീൻ സ്ത്രീയുടെ കഥ പറഞ്ഞു. അവർ യാതൊരു വിശദീകരണവുമില്ലാതെ പുറത്താക്കപ്പെടുകയും മൂന്നും ആറും വയസ്സ് പ്രായമുള്ള രണ്ട് മക്കളോടൊപ്പം ജോർദാൻ നദിക്കപ്പുറത്തേക്ക് നാടു കടത്തപ്പെടുകയും ചെയ്തു. മടങ്ങാൻ ശ്രമിച്ചപ്പോൾ അവരെയും മക്കളെയും അറസ്റ്റ് ചെയ്ത് നസറെത്ത് ജയിലിൽ അടച്ചു.

അമ്മയെക്കുറിച്ചുള്ള തന്റെ കവിത ഹൃദയങ്ങളെയും മനസുകളെയും ചലിപ്പിക്കുമെന്നും അല്ലെങ്കിൽ എന്തെങ്കിലും ഔദ്യോഗിക പ്രതികരണം ലഭിക്കുമെന്നും ആൾട്ടർമാൻ പ്രതീക്ഷിച്ചു. എന്തൊക്കെയായാലും ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം എഴുതി:

” ഈ എഴുത്തുകാരൻ തെറ്റായി ധരിച്ചു
ഒന്നുകിൽ കഥ നിരസിക്കപ്പെടുകയോ അല്ലെങ്കിൽ വിശദീകരിക്കപ്പെടുകയോ ചെയ്യുമെന്ന്, പക്ഷേ ഒന്നുമുണ്ടായില്ല, ഒരു വാക്കു പോലും.”

1967 ന് മുമ്പ് ഇസ്രായേൽ ഒരു ജനാധിപത്യ രാജ്യമായിരുന്നില്ല എന്നതിന് അനവധി തെളിവുകളുണ്ട്. ഭൂമി, വിളകൾ, കൃഷി എന്നിവ വീണ്ടെടുക്കാൻ ശ്രമിക്കുന്ന അഭയാർഥികളെ വെടിവച്ച് കൊല്ലുന്ന നയം ഭരണകൂടം പിന്തുടർന്നു കൊണ്ടേയിരുന്നു, ഈജിപ്തിലെ നാസറിന്റെ ഭരണത്തെ അട്ടിമറിക്കാൻ ഒരു കൊളോണിയൽ യുദ്ധം നടത്തി, 1948-1967 കാലഘട്ടത്തിൽ അമ്പതിലധികം ഫലസ്തീൻ പൗരന്മാരെ കൊന്നൊടുക്കിക്കൊണ്ട് ഇസ്രായേൽ സുരക്ഷാ സേന സന്തോഷം കണ്ടെത്തി.

ഇസ്രായേലിലെ ന്യൂനപക്ഷങ്ങളെ കീഴ്പ്പെടുത്തുന്നത് ജനാധിപത്യപരമല്ല

ഏതൊരു ജനാധിപത്യത്തിന്റെയും മാറ്റു തെളിയിക്കുന്നത് അതിൽ താമസിക്കുന്ന ന്യൂനപക്ഷങ്ങളോട് പ്രകടിപ്പിക്കുന്ന സഹിഷ്ണുതയുടെ നിലവാരമാണ്. അങ്ങനെ വിലയിരുത്തുമ്പോൾ, ഇസ്രായേൽ ഒരു യഥാർഥ ജനാധിപത്യമെന്ന നിലയിൽ വൻ പരാജയമാണ്.
ഉദാഹരണത്തിന്, പുതിയ പ്രവിശ്യകൾ കൂട്ടിച്ചേർക്കപ്പെട്ടതിന് ശേഷം ഭൂരിപക്ഷത്തിന് ആധിപത്യം ഉറപ്പാക്കുന്ന നിരവധി നിയമങ്ങൾ നിർമിക്കപ്പെട്ടു: പൗരത്വം നിയന്ത്രിക്കുന്ന നിയമങ്ങൾ, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമങ്ങൾ, ഏറ്റവും പ്രധാനമായി മടങ്ങിവരുന്നവരെ സംബന്ധിച്ച നിയമങ്ങളും.
പ്രസ്തുത നിയമങ്ങൾ ലോകത്തിലെ ഓരോ യഹൂദനും, അവൻ/അവൾ എവിടെ ജനിച്ചാലും സ്വാഭാവികമായ പൗരത്വം സമ്മാനിക്കുന്നു. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ നിയമം 1948 ലെ യുഎൻ ജനറൽ അസംബ്ലി പ്രമേയം 194 വഴി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട പലസ്തീനികളുടെ മടങ്ങിവരാനുള്ള അവകാശത്തെ പൂർണ്ണമായും നിരാകരിക്കുന്നു. ഇത് മൂലം 1948ൽ പുറന്തള്ളപ്പെട്ട ഫലസ്ത്വീനികൾക്ക് നിലവിൽ ഇസ്രയേലിൽ ജീവിക്കുന്ന അവരുടെ ബന്ധുക്കളുമായി സന്ധിക്കാൻ സാധിക്കുന്നില്ല.

ആളുകൾക്ക് അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവകാശം നിഷേധിക്കുന്നതും, അതേ സമയം ആ ഭൂമിയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റുള്ളവർക്ക് ഈ അവകാശം വാഗ്ദാനം ചെയ്യുന്നതും തീർത്തും ജനാധിപത്യവിരുദ്ധമായ ഒരു മാതൃകയാണ്.

ഇസ്രായേലിലെ പലസ്തീൻ ജനതക്കെതിരായ ഒട്ടുമിക്ക എല്ലാ വിവേചനങ്ങളും ന്യായീകരിക്കപ്പെടുന്നത് അവർ സൈന്യനികസേവനമനുഷ്ഠിക്കുന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ്. ജനസംഖ്യയുടെ അഞ്ചിലൊന്നിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള ഇസ്രായേലിയൻ നയനിർമാതാക്കളുടെ മുൻവർഷങ്ങളിലെ നിലപാടുകൾ പരിശോധിച്ചാൽ ഈ ജനാധിപത്യ അവകാശങ്ങളും സൈനിക ചുമതലകളും തമ്മിലുള്ള ബന്ധം കൃത്യമായി മനസ്സിലാക്കാം.

ഒരുകാരണവശാലും പലസ്തീൻ ജനത സൈന്യത്തിൽ ചേരാൻ തയ്യാറാവില്ലെന്നും ഈ നിരാസത്തെ അവർക്കെതിരായ വിവേചനപരമായ നയത്തെ ന്യായീകരിക്കാനുപയോഗിക്കാമെന്നായിരുന്നു ഇസ്രയേലി ധാരണകൾ. 1954 ൽ ഇത് പരീക്ഷിക്കാനായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പലസ്തീൻ ജനതയെ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ നിർബന്ധിച്ചു. പ്രസ്തുത ഉത്തരവ് വ്യാപകമായി നിരസിക്കപ്പെടുമെന്ന് രഹസ്യാനേഷ്വണ സേനകൾ ഭരണകൂടത്തിന് ഉറപ്പ് നൽകുകയും ചെയ്തു.

അവരെ വിസ്മയിപ്പിച്ചു കൊണ്ട്, അക്കാലത്ത് സമുദായത്തിൽ നിർണായക രാഷ്ട്രീയ ശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനത്താൽ വിളിപ്പിക്കപ്പെട്ടവരെല്ലാം റിക്രൂട്ടിംഗ് ഓഫീസിലെത്തി. കൗമാരക്കാരുടെ നാട്ടിൻപുറത്തെ ജീവിതത്തോടുള്ള വിരസതയും സാഹസിക പ്രവർത്തനങ്ങൾക്കുള്ള അവരുടെ ആഗ്രഹവുമാണ് ഇതിന് കാരണം എന്ന് പിന്നീട് രഹസ്യാനേഷ്വണ സേനകൾ വിശദീകരിച്ചു. ഇത്തരമൊരനുഭവം ഉണ്ടായിരുന്നിട്ടും, പ്രതിരോധ മന്ത്രാലയം പലസ്തീൻ സമൂഹം സൈനികസേവനം നിർവഹിക്കാൻ തയ്യാറല്ലെന്ന് പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു.

സ്വാഭാവികമായും, ഫലസ്തീനികൾ അവരെ നിരന്തരം അടിച്ചമർത്തുന്ന ഇസ്രായേൽ സൈന്യത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. പക്ഷേ വിവേചനത്തിനുള്ള കാരണം എന്ന നിലയിൽ സർക്കാർ ഈ മുടന്തൻന്യായം അവതരിപ്പിക്കുന്നത് ജനാധിപത്യഭരണകൂടമെന്ന ഭാവനയിൽ വലിയ സംശയം ജനിപ്പിക്കുന്നു.

നിങ്ങൾ ഒരു പലസ്തീൻ പൗരനും സൈനിക സേവനമനുഷ്ഠിക്കാത്ത ആളുമാണെങ്കിൽ , ഒരു തൊഴിലാളി, വിദ്യാർത്ഥി, രക്ഷകർത്താവ് , ദമ്പതികൾ തുടങ്ങിയ നിലകളിൽ സർക്കാർ സഹായത്തിനുള്ള നിങ്ങളുടെ അവകാശങ്ങൾ കർശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രത്യേകിച്ചും ഭവന നിർമ്മാണത്തെയും തൊഴിലിനെയും ബാധിക്കുന്നു. എല്ലാ ഇസ്രായേലി വ്യവസായങ്ങളുടെയും 70 ശതമാനവും സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്നതിനാൽ അവിടെ ഈ പൗരൻമാർക്ക് തൊഴിൽ കണ്ടെത്താൻ സാധിക്കില്ല.

പ്രതിരോധ മന്ത്രാലയത്തിന്റെ അന്തർലീനമായ ധാരണകൾ പലസ്തീനികളെ സേവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല, വിശ്വസിക്കാൻ കഴിയാത്ത ഒരു ശത്രുവായി കണക്കാക്കുകയും ചെയ്യുന്നു. ഈ വാദത്തിന്റെ പ്രശ്നം ഇസ്രായേലും അറബ് ലോകവും തമ്മിലുള്ള എല്ലാ പ്രധാന യുദ്ധങ്ങളിലും ഫലസ്തീൻ ന്യൂനപക്ഷം പ്രതീക്ഷിച്ച രീതിയിൽ പെരുമാറിയില്ല എന്നതാണ്. അവർ രാജ്യത്തിനെതിരെ പ്രവർത്തിക്കുകയോ ഭരണകൂടത്തിനെതിരെ ഉയരുകയോ ചെയ്തിട്ടില്ല.

എന്തൊക്കെയായാലും ഇതൊന്നും അവരെ സഹായിച്ചില്ല. ഈ നാൾ വരേക്കും ഇസ്രയേലിന് അവർ പരിഹരിക്കപ്പെടേണ്ട ഒരു “ജനസംഖ്യാ” പ്രശ്നമാണ്. ഒരാശ്വാസമെന്നത്, പല ഇസ്രായേലി രാഷ്ട്രീയക്കാരും ഇന്ന് ഈ “പ്രശ്നം” പരിഹരിക്കാനുള്ള മാർഗം പലസ്തീനികളെ കൈമാറുകയോ പുറത്താക്കുകയോ ചെയ്യലാണെന്ന് വിശ്വസിക്കുന്നില്ല എന്നതാണ് (ചുരുങ്ങിയത് ഈ സമാധാനകാലത്തെങ്കിലും).

ഇസ്രായേലി ഭൂനയം ജനാധിപത്യപരമല്ല

ഭൂപ്രശ്നത്തെ പറ്റിയുള്ള നയം പരിശോധിക്കുമ്പോഴും ഒരു ജനാധിപത്യമെന്ന അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. 1948 മുതൽ ഫലസ്തീൻ ലോക്കൽ കൗൺസിലുകൾക്കും മുനിസിപ്പാലിറ്റികൾക്കും ജൂത പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ധനസഹായമാണ് ലഭിച്ചത്. ഭൂമിയുടെ അഭാവവും തൊഴിലവസരങ്ങളുടെ ദൗർലഭ്യവും അസാധാരണമായ സാമൂഹിക സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നു.

ഉദാഹരണത്തിന്, ഏറ്റവും സമ്പന്നമായ ഫലസ്തീൻ സമൂഹം, അപ്പർ ഗലീലിയിലെ മെലിയ ഗ്രാമം, നെഗേവിലെ ഏറ്റവും പാവപ്പെട്ട ജൂത വികസിത നഗരത്തേക്കാൾ മോശമാണ്. 2011 ലെ ജറുസലേം പോസ്റ്റിന്റെ റിപ്പോർട്ടനുസരിച്ച് “1997 മുതൽ 2009 വരെയുള്ള കാലയളവിൽ ശരാശരി ജൂത വരുമാനം അറബികളുടെ വരുമാനത്തേക്കാൾ 40 ശതമാനം മുതൽ 60 ശതമാനം വരെ കൂടുതലാണ്.”

ഇന്ന് 90 ശതമാനത്തിലധികം ഭൂമിയും ജ്യൂയിഷ് നാഷണൽ ഫണ്ടിന്റെ (ജെഎൻഎഫ്) ഉടമസ്ഥതയിലാണ്. യഹൂദേതര പൗരന്മാരുമായി ഇടപാടുകളിൽ ഏർപ്പെടാൻ ഭൂവുടമകൾക്ക് അനുവാദമില്ല. ദേശീയ പദ്ധതികളുടെ ഉപയോഗത്തിനായി പൊതുഭൂമിക്ക് മുൻഗണന നൽകുകയും ചെയ്യുന്നു. അതിനർത്ഥം പുതിയ ഫലസ്തീനിയൻ വാസസ്ഥലങ്ങളില്ലാത്തപ്പോൾ പുതിയ ജൂത വാസസ്ഥലങ്ങൾ നിർമിക്കപ്പെടുന്നു എന്നാണ്. അതു കൊണ്ട് തന്നെ, ഏറ്റവും വലിയ ഫലസ്തീൻ നഗരമായ നസറെത്ത്, ജനസംഖ്യ മൂന്നിരട്ടിയായി വർധിച്ചെങ്കിലും 1948 മുതൽ ഒരു ചതുരശ്ര കിലോമീറ്റർ പോലും വികസിച്ചിട്ടില്ല. അതേസമയം പലസ്തീൻ ഭൂവുടമകളിൽ നിന്ന് കൈവശപ്പെടുത്തിയ ഭൂമി ഉപയോഗപ്പെടുത്തി ജൂത വികസന നഗരമായ അപ്പർ നസറെത്ത് മൂന്നിരട്ടിയായി വർദ്ധിച്ചു.

ഈ നയത്തിന്റെ കൂടുതൽ ഉദാഹരണങ്ങൾ ഗലീലിയിലുടനീളമുള്ള പലസ്തീൻ ഗ്രാമങ്ങളിൽ കാണാം, എല്ലാത്തിനും പറയാനുള്ളത് ഒരേ കഥയാണ് : എങ്ങനെയാണ് അവയുടെ 40 ശതമാനം കുറഞ്ഞത്?, ചിലപ്പോൾ 60 ശതമാനത്തിലേക്ക് വരെ എത്തുന്നു. 1948 മുതൽ കൈവശപ്പെടുത്തിയ ഭൂമിയിൽ പുതിയ ജൂത വാസസ്ഥലങ്ങൾ എങ്ങനെ നിർമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു?

ഇത് മറ്റിടങ്ങളിലും “യഹൂദവൽക്കരണ” ശ്രമങ്ങൾക്ക് കാരണമായി. 1967 ന് ശേഷം, രാജ്യത്തിന്റെ വടക്കും തെക്കും താമസിക്കുന്ന ജൂതന്മാരുടെ അഭാവത്തെക്കുറിച്ച് ഇസ്രായേൽ സർക്കാർ ആശങ്കാകുലരായി. ആ പ്രദേശങ്ങളിലെ ജൂത ജനസംഖ്യ വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടു. അത്തരമൊരു ജനസംഖ്യാപരമായ മാറ്റത്തിനാവശ്യമായ ജൂത വാസസ്ഥലങ്ങൾ പണിയുന്നതിനായി പലസ്തീൻ ഭൂമി കണ്ടുകെട്ടി.

ഫലസ്തീൻ ജനത ഈ വാസസ്ഥലങ്ങളിൽ നിന്ന് പുറന്തള്ളപ്പെട്ടു. ഒരു പൗരന് ആഗ്രഹിക്കുന്നിടത്തെല്ലാം ജീവിക്കാനുള്ള അവകാശത്തിന്റെ ഈ ഭീകര ലംഘനം ഇന്നും തുടരുന്നു. ഈ വംശീയതയെ വെല്ലുവിളിക്കാൻ ഇസ്രായേലിലെ മനുഷ്യാവകാശ എൻ‌ജി‌ഒകൾ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.

ഇസ്രായേലിലെ സുപ്രീംകോടതിക്ക് ഈ നയത്തിന്റെ നിയമസാധുതയെ ചില വ്യക്തിഗത കേസുകളിൽ മാത്രമേ ചോദ്യം ചെയ്യാൻ കഴിഞ്ഞുള്ളൂ, തത്വത്തിൽ സാധ്യമായില്ല. യുണൈറ്റഡ് കിംഗ്ഡമിലോ അമേരിക്കയിലോ, ജൂത പൗരന്മാർക്കോ, കത്തോലിക്കർക്കോ, ചില ഗ്രാമങ്ങളിലോ, സമീപപ്രദേശങ്ങളിലോ, അല്ലെങ്കിൽ മുഴുവൻ പട്ടണങ്ങളിലോ താമസിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടുണ്ടോ എന്ന് ചിന്തിക്കുക. അത്തരമൊരു സാഹചര്യം ജനാധിപത്യ സങ്കൽപ്പവുമായി എങ്ങനെ പൊരുത്തപ്പെടും?

 

അധിനിവേശം ജനാധിപത്യപരമല്ല

 

രണ്ട് ഫലസ്തീനിയൻ വിഭാഗങ്ങളോടുള്ള – അഭയാർഥികളോടും ഇസ്രായേലിലെ സമൂഹത്തോടും ഉള്ള മനോഭാവം കണക്കിലെടുക്കുമ്പോൾ, യഹൂദ രാഷ്ട്രം ഒരു തരത്തിലും ജനാധിപത്യമാണെന്ന് കരുതാനാവില്ല.

മൂന്നാമത്തെ ഫലസ്തീൻ വിഭാഗത്തോടുള്ള ക്രൂരമായ ഇസ്രായേലി മനോഭാവമാണ് ഈ അനുമാനത്തിനുള്ള ഏറ്റവും വ്യക്തമായ വെല്ലുവിളി: 1967 മുതൽ കിഴക്കൻ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പുകൾ എന്നിവിടങ്ങളിൽ നേരിട്ടും അല്ലാതെയും അതിന്റെ ഭരണത്തിൻ കീഴിൽ ജീവിച്ചവർ. യുദ്ധത്തിന്റെ പ്രാരംഭദശയിൽ നിർണയിക്കപ്പെട്ട നിയമപരമായ ചട്ടക്കൂട് മുതൽ, വെസ്റ്റ് ബാങ്കിനകത്തും ഗാസ മുനമ്പിനു പുറത്തുമുള്ള സൈന്യത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത സമഗ്രാധിപത്യത്തിലൂടെ, ദശലക്ഷക്കണക്കിന് ഫലസ്തീനികളെ അപമാനിക്കുന്നത് ദിനചര്യയായി സ്വീകരിച്ചിരിക്കുന്നത് വരെ, – പശ്ചിമേഷ്യയിലെ “ഏക ജനാധിപത്യം” ഏറ്റവും മോശമായ സ്വേച്ഛാധിപത്യമായി പെരുമാറുന്നു.

ഈ നടപടികളെല്ലാം താൽക്കാലികമാണെന്നതാണ് ഇസ്രായേലിന്റെ നയതന്ത്രവും അക്കാദമികവുമായ പ്രധാന പ്രതികരണം,- ഫലസ്തീനികൾ എവിടെയായിരുന്നാലും “നല്ല രീതിയിൽ” പെരുമാറിയാൽ അവ മാറുമെത്രെ. ഒരാൾ ഈ അധിനിവിഷ്ട പ്രദേശങ്ങളെ കുറിച്ച് , അവിടെങ്ങളിലെ ജീവിതത്തെ പരിഗണിക്കാതെ ഗവേഷണം നടത്തിയാൽ പോലും, ഈ വാദങ്ങൾ എത്ര പരിഹാസ്യമാണെന്ന് മനസ്സിലാക്കും.

ഇസ്രായേലി നയ നിർമാതാക്കൾ, നാം നിരീക്ഷിച്ചതു പോലെ, യഹൂദ രാഷ്ട്രം നിലനിൽക്കുന്നിടത്തോളം കാലം അധിനിവേശം നിലനിർത്താൻ ദൃഢനിശ്ചയത്തിലാണ്. അത് ഇസ്രായേൽ രാഷ്ട്രീയ വ്യവസ്ഥ മാറ്റത്തെക്കാളും നല്ലത് നിലവിലെ സാഹചര്യങ്ങൾ നിലനിർത്തുന്നതാണ് നല്ലത് എന്ന് കരുതുന്നതിന്റെ ഭാഗമാണ്. പലസ്തീന്റെ ഭൂരിഭാഗവും ഇസ്രായേലിന് നിയന്ത്രിക്കണം, – അതിൽ എല്ലായ്പ്പോഴും ഗണ്യമായ പലസ്തീൻ ജനസംഖ്യ ഉൾപ്പെടുന്നതിനാൽ ജനാധിപത്യവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ മാത്രമേ അത് നടപ്പിൽ വരുത്താൻ കഴിയൂ.

ഇതിനുപുറമെ, വിരുദ്ധമായ എല്ലാ തെളിവുകളെയും അവഗണിച്ചു കൊണ്ട്, ഇസ്രായേൽ ഭരണകൂടം അധിനിവേശം പ്രബുദ്ധമായ ഒന്നാണെന്ന് അവകാശപ്പെടുന്നു. ഇസ്രായേൽ ഒരു ‘നല്ല അധിനിവേശം’ നടത്താൻ ‘നല്ല ഉദ്ദേശ്യത്തോടെയാണ്’ വന്നതെങ്കിലും ഫലസ്തീൻ അക്രമം കാരണം കടുത്ത മനോഭാവം സ്വീകരിക്കാൻ നിർബന്ധിതരായി എന്നതാണ് പ്രസ്തുത കെട്ടുകഥ.

1967 ൽ, വെസ്റ്റ് ബാങ്കിനെയും ഗാസ മുനമ്പിനെയും“എറെറ്റ്സ് ഇസ്രായേലിന്റെ” ( ഇസ്രായേൽ ദേശം) ഭാഗമായി ഭരണകൂടം കണക്കാക്കി. ഈ മനോഭാവം അന്നുമുതൽ തുടരുകയാണ്. ഈ വിഷയത്തിൽ ഇസ്രായേലിലെ വലതുപക്ഷ-ഇടതുപക്ഷ പാർട്ടികൾ തമ്മിലുള്ള സംവാദം പരിശോധിച്ചാൽ അതെങ്ങനെ നേടാം എന്ന ചർച്ചയാണ് ദർശിക്കാനാവുക. അവരുടെ വിയോജിപ്പുകൾ ഈ ലക്ഷ്യം എങ്ങനെ നേടാം എന്നതിനെക്കുറിച്ചാണ്, അതിന്റെ സാധുതയെക്കുറിച്ചല്ല.

എന്നിരുന്നാലും, പൊതുജനങ്ങൾക്കിടയിൽ, “വീണ്ടെടുപ്പുകാർ” , “സൂക്ഷിപ്പുകാർ” എന്നീ പദ പ്രയോഗങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു യഥാർത്ഥ ചർച്ച നടന്നു. “വീണ്ടെടുപ്പുകാർ” ഇസ്രായേൽ ജന്മനാടിന്റെ പുരാതന ഹൃദയം വീണ്ടെടുത്തുവെന്നും ഭാവിയിൽ അതില്ലാതെ അതിജീവിക്കാൻ കഴിയില്ലെന്നും വിശ്വസിച്ചപ്പോൾ “സൂക്ഷിപ്പുകാർ” ഇതിനു വിപരീതമായി, സമാധാനം ലക്ഷ്യം വെച്ച് ജോർദാന് വെസ്റ്റ് ബാങ്കും ഈജിപ്തിന് ഗാസ മുനമ്പും കൈമാറണമെന്ന് വാദിച്ചു. എന്തായാലും, ഈ പൊതുചർച്ച നയനിർമാതാക്കൾ അധിനിവേശ പ്രദേശങ്ങൾ എങ്ങനെ ഭരിക്കാമെന്ന് കണ്ടെത്തുന്ന രീതിയെ കാര്യമായി സ്വാധീനിച്ചില്ല.

ഈ ‘പ്രബുദ്ധമായ അധിനിവേശത്തിന്റെ’ ഏറ്റവും വൃത്തികെട്ട തലം പ്രദേശങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഭരണകൂട രീതികളാണ്. ആദ്യം ഈ പ്രദേശത്തെ “അറബ്” / “യഹൂദ” സ്ഥലങ്ങളായി വിഭജിച്ചു. ഫലസ്തീനികളാൽ ജനസാന്ദ്രമായ പ്രദേശങ്ങൾ സൈനിക ഭരണത്തിൻ കീഴിൽ പ്രാദേശിക സഹകാരികൾ നടത്തുന്ന സ്വയംഭരണാധികാരസ്ഥാപനങ്ങളായി. ഈ ഭരണം 1981 ൽ മാത്രമാണ് സിവിൽ അഡ്മിനിസ്ട്രേഷനായി പരിവർത്തിക്കപ്പെടുന്നത്.

മറ്റ് പ്രദേശങ്ങളായ “ജൂത” ഇടങ്ങൾ യഹൂദ വാസസ്ഥലങ്ങളും സൈനിക താവളങ്ങളും ഉപയോഗിച്ച് കോളനിവൽക്കരിക്കപ്പെട്ടു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ജനസംഖ്യയെ തുരുത്തുകളിൽ ഗ്രീൻ സ്പേസുകളോ നഗരവികസനത്തിനുള്ള സാധ്യതയോ അനുവദിക്കാതെ ഒറ്റപ്പെടുത്താനാണ് ഈ നയം ഉപയോഗിക്കപ്പെട്ടത്.

അധിനിവേശം കഴിഞ്ഞയുടൻ ഗുഷ് എമുനിം വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും സ്ഥിരതാമസമാക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ വഷളായി. ഗവൺമെൻറിന്റെ പദ്ധതികൾക്ക് പകരം കോളനിവൽക്കരണത്തിന്റെ ബൈബിൾ ഭൂപടം പിന്തുടരുകയാണെന്ന് അവകാശപ്പെട്ട് അവർ ജനസാന്ദ്രതയുള്ള ഫലസ്തീൻ പ്രദേശങ്ങളിലേക്ക് അവർ നുഴഞ്ഞുകയറിയതോടെ നാട്ടുകാർക്ക് അവശേഷിച്ച സ്ഥലം കൂടുതൽ ചുരുങ്ങി.

ഓരോ കോളനിവൽക്കരണ പദ്ധതിക്കും പ്രാഥമികമായി ആവശ്യമുള്ളത് ഭൂമിയാണ് – അധിനിവേശ പ്രദേശങ്ങളിൽ ഇത് കൈവരിച്ചത് തലമുറകളായി താമസിച്ചിരുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ നാടുകടത്തിയും ഇടുങ്ങിയ ആവാസ വ്യവസ്ഥകളുള്ള തുരുത്തുകളിലേക്ക് ഒതുക്കിയുമാണ്.

നിങ്ങൾ വെസ്റ്റ് ബാങ്കിന് മുകളിലൂടെ പറക്കുകയാണെങ്കിൽ, ഈ നയത്തിന്റെ കാർട്ടോഗ്രാഫിക് ഫലങ്ങൾ നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും: ഭൂമിയെ വിഭജിച്ച് ഫലസ്തീൻ സമുദായങ്ങളെ ചെറിയ, ഒറ്റപ്പെട്ട, വിച്ഛേദിക്കപ്പെട്ട കമ്മ്യൂണിറ്റികളായി രൂപപ്പെടുത്തിയെടുക്കുന്ന സെറ്റിൽമെൻറ്‌ ബെൽറ്റുകൾ. ജൂത ബെൽറ്റുകൾ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളെയും, പട്ടണങ്ങളിൽ നിന്ന് ഗ്രാമങ്ങളെയും വേർതിരിക്കുന്നു, മറ്റു ചിലപ്പോൾ ഒരൊറ്റ ഗ്രാമത്തെ തന്നെയും വിഭജിക്കുന്നു. ജലസ്രോതസ്സുകൾ വറ്റിക്കുകയും ഫലസ്തീൻ ഭൂപ്രകൃതിയുടെ ഏറ്റവും മനോഹരമായ ചില ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്ത ഈ നയങ്ങൾ ഒരു പാരിസ്ഥിതിക ദുരന്തമായി മാറിയതിനാൽ പണ്ഡിതന്മാർ ഇതിനെ ദുരന്തത്തിന്റെ ഭൂമിശാസ്ത്രമെന്ന് വിളിക്കുന്നു.

മാത്രമവുമല്ല, ഇത്തരം ജനവാസ കേന്ദ്രങ്ങൾ യഹൂദ തീവ്രവാദം അനിയന്ത്രിതമായി വളർന്നുവന്ന കേന്ദ്രങ്ങളായി മാറി – ഇതിന്റെ പ്രധാന ഇരകൾ ഫലസ്തീനികളായിരുന്നു. എഫ്രാറ്റിലെ വാസസ്ഥലം ബെത്‌ലഹേമിനടുത്തുള്ള വല്ലാജാ താഴ്‌വരയുടെ ലോക പൈതൃക സ്ഥലത്തെ നശിപ്പിച്ചു, ശുദ്ധജല കനാലുകൾക്ക് പേരുകേട്ട റാമല്ലയ്ക്കടുത്തുള്ള ജാഫ്‌നെ ഗ്രാമത്തിന് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്വത്വം നഷ്ടപ്പെട്ടു. നൂറുകണക്കിന് സമാന കേസുകളിൽ രണ്ട് ചെറിയ ഉദാഹരണങ്ങൾ മാത്രമാണ് ഇവ.

 

ഫലസ്തീനികളുടെ വീടുകൾ നശിപ്പിക്കുന്നത് ജനാധിപത്യപരമല്ല

 

വീട് പൊളിക്കുന്നത് പലസ്തീനിൽ ഒരു പുതിയ പ്രതിഭാസമല്ല – 1948 മുതൽ ഇസ്രായേൽ ഉപയോഗിച്ച കൂട്ടായ ശിക്ഷയുടെ ക്രൂരമായ രീതികളെപ്പോലെ. 1936-39 ലെ മഹത്തായ അറബ് കലാപസമയത്താണ് ബ്രിട്ടീഷ് മാൻഡേറ്ററി സർക്കാർ ഇത് ആദ്യമായി നടപ്പാക്കിയത്. ബ്രിട്ടീഷ് മാൻഡേറ്റിന്റെ സയണിസ്റ്റ് അനുകൂല നയത്തിനെതിരായ ആദ്യത്തെ പലസ്തീൻ പ്രക്ഷോഭമായിരുന്നു അത്. പ്രസ്തുത പ്രക്ഷോഭം അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സൈന്യത്തിന് മൂന്ന് വർഷം വേണ്ടി വന്നു. ഈ പ്രക്രിയയിൽ, അവർ രണ്ടായിരത്തോളം വീടുകൾ അവർ തകർത്തു.

വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും സൈനിക അധിനിവേശത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ ഇസ്രായേൽ വീടുകൾ തകർത്തു. വ്യക്തിഗത കുടുംബാംഗങ്ങൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്ക് മറുപടിയായി സൈന്യം ഓരോ വർഷവും നൂറുകണക്കിന് വീടുകൾ തകർത്തു.

സൈനിക ഭരണത്തിനെതിരെയുള്ള ചെറിയ ലംഘനങ്ങൾക്കു മുതൽ അധിനിവേശത്തിനെതിരായ അക്രമപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് വരെ ഇസ്രയേൽ മറുപടി നൽകിയത്, വെറുമൊരു ഭൗതിക കെട്ടിടത്തിനപ്പുറം, ജീവിതത്തിന്റെയും അസ്തിത്വത്തിന്റെയും കേന്ദ്രബിന്ദുവായ വീടുകൾ തുടച്ചുനീക്കാൻ ബുൾഡോസറുകൾ അയയ്ക്കാൻ തിടുക്കപ്പെട്ടു കൊണ്ടാണ്. ഗ്രേറ്റർ ജറുസലേമിൽ (ഇസ്രായേലിനുള്ളിൽ) നിലവിലുള്ള ഒരു വീടിന്റെ അനുമതിയില്ലാത്ത വിപുലീകരണത്തിനും ബില്ലുകൾ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റുമുള്ള ശിക്ഷ വീട് പൊളിച്ചു മാറ്റലാണ്.

കൂട്ടായ ശിക്ഷയുടെ മറ്റൊരു രൂപം അടുത്തിടെ ഇസ്രായേൽ ശേഖരത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട് – വീടുകൾ അടയ്ക്കുക എന്നതാണ്. നിങ്ങളുടെ വീട്ടിലെ എല്ലാ വാതിലുകളും ജനലുകളും സിമൻറ്, മോർട്ടാർ, കല്ലുകൾ തുടങ്ങിയവയാൽ തടഞ്ഞിരിക്കുകയാണെന്ന് സങ്കൽപ്പിക്കുക, – നിങ്ങൾക്ക് തിരികെ പ്രവേശിക്കാനോ നിങ്ങളുടെ സാധനങ്ങൾ വീണ്ടെടുക്കാനോ കഴിയില്ല. ഇതിന് മറ്റൊരു ഉദാഹരണം കണ്ടെത്താൻ എന്റെ ചരിത്രപുസ്തകങ്ങളിൽ ഞാൻ പരതി നോക്കിയെങ്കിലും ഇത്തരം കഠിനമായ രീതികൾ മറ്റെവിടെയെങ്കിലും പ്രയോഗിച്ചതായി തെളിവുകളൊന്നും കണ്ടെത്തിയില്ല.

 

പലസ്തീൻ ചെറുത്തുനിൽപ്പിനെ തകർക്കുന്നത് ജനാധിപത്യപരമല്ല

അവസാനമായി, “പ്രബുദ്ധമായ അധിനിവേശ” ത്തിന് കീഴിൽ, ആളുകളെ ഉപദ്രവിക്കാനും അവരുടെ സ്വത്ത് നശിപ്പിക്കാനും വേണ്ടി ജാഗ്രതാ സംഘങ്ങൾ രൂപീകരിക്കാൻ കുടിയേറ്റക്കാരെ അനുവദിച്ചിരിക്കുന്നു. ഈ സംഘങ്ങൾ വർഷങ്ങളായി അവരുടെ സമീപനം മാറ്റിയിട്ടുണ്ട്.

1980 കളിൽ, അവർ യഥാർത്ഥ ഭീകരാക്രമണങ്ങൾ നടത്തി- പലസ്തീൻ നേതാക്കളെ മുറിവേൽപ്പിക്കുന്നത് മുതൽ (ഒരു നേതാവിന് അത്തരമൊരു ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ടു), ജറുസലേമിലെ ഹറം അശ്ശരീഫിലെ പള്ളികൾ തകർക്കാൻ പദ്ധതിയിടുന്നത് വരെ.

ഈ നൂറ്റാണ്ടിൽ, അവർ പലസ്തീനികളെ ദിവസേന ആക്രമിക്കുന്നു. അവരുടെ മരങ്ങൾ പിഴുതെറിയുക, വിളവ് നശിപ്പിക്കുക, വീടുകളിലും വാഹനങ്ങളിലും നിരന്തരം വെടിവയ്ക്കുക. 2000 മുതൽ, ചില പ്രദേശങ്ങളിൽ പ്രതിമാസം നൂറോളം ആക്രമണങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെബ്രോൺ പോലുള്ള സ്ഥലങ്ങളിൽ, ഇസ്രായേൽ സൈന്യത്തിന്റെ നിശബ്ദ സഹകരണത്തോടെ അഞ്ഞൂറ് കുടിയേറ്റക്കാർ, സമീപത്തുള്ള താമസക്കാരെ ക്രൂരമായി ആക്രമിച്ചു.

അധിനിവേശത്തിന്റെ തുടക്കം മുതൽ പലസ്തീനികൾക്ക് രണ്ട് മാർഗങ്ങളെ നൽകപ്പെട്ടിട്ടുള്ളൂ. ഒന്നുകിൽ തുറന്ന വലിയ ജയിലിൽ സ്ഥിരമായി തടവിലാക്കപ്പെട്ടതിന്റെ യാഥാർത്ഥ്യം അംഗീകരിക്കുക, അല്ലെങ്കിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെ എതിർക്കുക. 1987, 2000, 2006, 2012, 2014, 2016 എന്നീ വർഷങ്ങളിൽ ഫലസ്തീനികൾ പ്രതിരോധിച്ചപ്പോൾ – അവരെ സൈനികരും പരമ്പരാഗത സൈന്യത്തിന്റെ യൂണിറ്റുകളുമായാണ് പരിഗണിച്ചത്. അങ്ങനെ, ഗ്രാമങ്ങളിലും പട്ടണങ്ങളിലും സൈനിക താവളങ്ങളെന്ന പോലെ ബോംബ് വർഷിച്ചു, നിരായുധരായ സാധാരണക്കാരെ യുദ്ധഭൂമിയിലെ സൈന്യം എന്ന മട്ടിൽ വെടിവച്ചു.

ഓസ്‌ലോ കരാറിന് മുമ്പും ശേഷവുമുള്ള അധിനിവേശ ജീവിതത്തെക്കുറിച്ച് ഇന്ന് നമുക്ക് നന്നായറിയാം. പ്രതിരോധിക്കാതിരിക്കൽ അടിച്ചമർത്തൽ കുറക്കുമെന്ന വാദത്തെ ഗൗരവമായി എടുക്കുമ്പോൾ തന്നെ – വിചാരണ കൂടാതെയുള്ള അറസ്റ്റുകൾ, ആയിരക്കണക്കിന് വീടുകൾ തകർത്തു കളയുന്നത്; നിരപരാധികളെ കൊല്ലുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്നത്; കിണറുകളെ മലിനമാക്കുന്നത് – ഇവയെല്ലാം നമ്മുടെ കാലത്തെ ഏറ്റവും കഠിനമായ ഭരണങ്ങളിലൊന്നാണ്.

ആംനസ്റ്റി ഇന്റർനാഷണൽ അധിനിവേശത്തിന്റെ സ്വഭാവം വളരെ സമഗ്രമായ രീതിയിൽ എല്ലാ വർഷവും രേഖപ്പെടുത്താറുണ്ട്. താഴെ വിവരിക്കുന്നവ അവരുടെ 2015ലെ റിപ്പോർട്ടിൽ നിന്നുള്ളതാണ്:

കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിൽ, കുട്ടികളടക്കമുള്ള പലസ്തീൻ സിവിലിയന്മാരെ ഇസ്രയേൽ സൈന്യം നിയമവിരുദ്ധമായി കൊലപ്പെടുത്തി. ഇസ്രായേലിന്റെ തുടർച്ചയായ സൈനിക അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുകയോ എതിർക്കുകയോ ചെയ്ത ആയിരക്കണക്കിന് ഫലസ്തീനികളെ തടവിലാക്കി. നൂറുകണക്കിന് പേർ തടങ്കലിലാണ്. പീഡനവും മറ്റ് മോശമായ പെരുമാറ്റങ്ങളും വളരെ വ്യാപകമായി തുടരുന്നു.

വെസ്റ്റ് ബാങ്കിലെ അനധികൃത വാസസ്ഥലങ്ങൾ അധികാരികൾ പ്രോത്സാഹിപ്പിക്കുകയും ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്നു. ഒക്ടോബർ മുതൽ അക്രമങ്ങൾ വർദ്ധിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയുണ്ടായി. അതിൽ ഫലസ്തീനികളിൽ നിന്നുള്ള ഇസ്രായേലി സിവിലിയന്മാർക്കെതിരായ ആക്രമണങ്ങളും ഇസ്രായേൽ സേനയുടെ നിയമവിരുദ്ധമായ വധശിക്ഷകളും ഉൾപ്പെടുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റക്കാർ ഫലസ്തീനികളെയും അവരുടെ ജംഗമവസ്തുക്കളെയും ഒരു ഭീതിയുമില്ലാതെ ആക്രമിക്കുന്നു.  ഗാസ സ്ട്രിപ്പ് അതിലെ നിവാസികൾക്ക് കൂട്ടായ ശിക്ഷ വിധിച്ചു കൊണ്ട്  ഇസ്രായേലി സൈനിക ഉപരോധത്തിൻ കീഴിൽ തുടരുന്നു. വെസ്റ്റ് ബാങ്കിലും ഇസ്രായേലിനകത്തും, പ്രത്യേകിച്ച് നെഗേവ് / നഖാബ് മേഖലയിലെ ബെഡൂയിൻ ഗ്രാമങ്ങളിലെയും പലസ്തീൻ വീടുകൾ അധികൃതർ പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്നു.

നമുക്കിത് ഘട്ടങ്ങളായി പരിശോധിക്കാം, ഒന്നാമതായി, കൊലപാതകങ്ങൾ – ആംനസ്റ്റിയുടെ റിപ്പോർട്ട് “നിയമവിരുദ്ധമായ കൊലപാതകങ്ങൾ” എന്ന് വിശേഷിപ്പിക്കുന്നു: 1967 മുതൽ പതിനയ്യായ്യിരത്തോളം ഫലസ്തീനികൾ ഇസ്രായേലികളാൽ “നിയമവിരുദ്ധമായി” കൊല്ലപ്പെട്ടു. അവരിൽ രണ്ടായിരം കുട്ടികളും ഉൾപ്പെടുന്നു.

 

വിചാരണ കൂടാതെ ഫലസ്തീനികളെ തടവിലാക്കുന്നതും ജനാധിപത്യപരമല്ല

“പ്രബുദ്ധമായ അധിനിവേശത്തിന്റെ” മറ്റൊരു സവിശേഷത വിചാരണയില്ലാത്ത തടവാണ്. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും അഞ്ചിലൊരു ഫലസ്തീനിയും അത്തരമൊരു അനുഭവത്തിന് വിധേയമായിട്ടുണ്ട്.

ബഹിഷ്‌ക്കരണം, വിഭജനം, ഉപരോധം (ബിഡിഎസ്) – പ്രസ്ഥാനത്തെ വിമർശിക്കുന്നവർ യുഎസ് രീതികൾ വളരെ മോശമാണെന്ന് ആരോപിക്കുന്നതിനാൽ ഈ ഇസ്രായേലി സമ്പ്രദായത്തെ മുൻകാലത്തെയും ഇന്നത്തെയും സമാന അമേരിക്കൻ നയങ്ങളുമായി താരതമ്യം ചെയ്യുന്നത് രസകരമാണ്. വാസ്തവത്തിൽ, ഏറ്റവും മോശം അമേരിക്കൻ ഉദാഹരണം രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു ലക്ഷം ജാപ്പനീസ് പൗരന്മാരെ വിചാരണ കൂടാതെ തടവിലാക്കുകയും മുപ്പതിനായിരം പേരെ തടങ്കലിലാക്കുകയും അതിനെ “ഭീകരതയ്‌ക്കെതിരായ യുദ്ധം” എന്ന് വിളിക്കുകയും ചെയ്തതാണ്. ചെറുപ്പക്കാരും വൃദ്ധരും ഉൾപ്പെടെയുള്ള  ദീർഘകാല പലസ്തീൻ തടവുകാരുടെ എണ്ണത്തിന്റെ അടുത്തു പോലും ഈ സംഖ്യകൾ എത്തില്ല.

 

വിചാരണ കൂടാതെയുള്ള അറസ്റ്റ് ആശങ്കകൾ സൃഷ്ടിക്കുന്ന അനുഭവമാണ്. നിങ്ങൾക്കെതിരായ ആരോപണങ്ങൾ അറിയാതിരിക്കുക, അഭിഭാഷകനുമായി സമ്പർക്കമില്ലാതിരിക്കുക, നിങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവുമുണ്ടാവാതിരിക്കുക തുടങ്ങിയവ ഒരു തടവുകാരനെന്ന നിലയിൽ നിങ്ങളെ ബാധിക്കുന്ന ആശങ്കകളിൽ ചിലത് മാത്രമാണ്. ക്രൂരമെന്ന് പറയട്ടെ, ഈ അറസ്റ്റുകളിൽ പലതും സഹകരിപ്പിക്കാനുള്ള സമ്മർദ്ദ മാർഗമാണ്. തടവുകാരെപ്പറ്റി കിംവദന്തികൾ പ്രചരിപ്പിക്കുന്നതും  ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനപ്പെടുത്തി അപമാനിക്കുന്നതും സങ്കീർണ്ണത വർധിപ്പിക്കുന്നു.

 

പീഡനങ്ങൾ അതിനെക്കാളുമപ്പുറമാണ്. വിശ്വസനീയമായ വെബ്‌സൈറ്റായ ‘Middle east Monitor ‘ ഫലസ്തീനികളെ പീഡിപ്പിക്കാൻ ഇസ്രായേലികൾ ഉപയോഗിക്കുന്ന ഇരുനൂറ് രീതികളെക്കുറിച്ച് വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. യുഎൻ റിപ്പോർട്ടിന്റെയും ഇസ്രായേൽ മനുഷ്യാവകാശ സംഘടനയായ ബി’സെലെമിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പട്ടിക. അടിക്കുക, തടവുകാരെ മണിക്കൂറുകളോളം വാതിലുകളിലേക്കോ കസേരകളിലേക്കോ ബന്ധിപ്പിക്കുക, തണുത്തവെള്ളവും ചൂടുവെള്ളവും അവരുടെ മേൽ ഒഴിക്കുക, വിരലുകൾ എതിർദിശകളിലേക്ക് വലിക്കുക, വൃഷണങ്ങൾ വളച്ചൊടിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ഇസ്രായേൽ ഒരു ജനാധിപത്യ രാഷ്ട്രമല്ല

നാം വെല്ലുവിളിക്കേണ്ടത് ‘പ്രബുദ്ധമായ അധിനിവേശം’ നിലനിർത്തുന്നുവെന്ന ഇസ്രായേലിന്റെ അവകാശവാദം മാത്രമല്ല, അത് ജനാധിപത്യമാണെന്ന ഭാവവുമാണ്. അതിന്റെ ഭരണത്തിൻ കീഴിലുള്ള ദശലക്ഷക്കണക്കിന് ആളുകളോടുള്ള പെരുമാറ്റം ഇതൊരു രാഷ്ട്രീയ നുണയാണെന്ന് തെളിയിക്കുന്നുണ്ട്..

എന്നിരുന്നാലും, ലോകമെമ്പാടുമുള്ള പൊതു സമൂഹങ്ങളിൽ വലിയൊരു വിഭാഗം ഇസ്രായേലിന്റെ ‘ജനാധിപത്യ’ വിഭാവനയെ നിഷേധിക്കുന്നുണ്ടെങ്കിലും, അവരുടെ രാഷ്ട്രീയ പ്രമാണിമാർ പല കാരണങ്ങളാൽ ഇപ്പോഴും ജനാധിപത്യ രാഷ്ട്രങ്ങളുടെ പ്രത്യേക ക്ലബ്ബിലെ അംഗമായിട്ടാണ് ഇസ്രായേലിനെ കണക്കാക്കുന്നത്. ബിഡിഎസ് പ്രസ്ഥാനങ്ങളുടെ ജനപ്രീതി ഇസ്രായേലിനോടുള്ള അവരുടെ ഭരണകൂട നയങ്ങൾ ആ സമൂഹങ്ങളിൽ ഉളവാക്കിയ നിരാശയെ പല തരത്തിൽ പ്രതിഫലിപ്പിക്കുന്നുണ്ട്.

മിക്ക ഇസ്രായേലികളുടെയും അഭിപ്രായത്തിൽ ഈ പ്രതിവാദങ്ങൾ അപ്രസക്തവും വൃത്തികേടുമാണ്. ഇസ്രായേൽ ഭരണകൂടം തങ്ങൾ ഒരു നല്ല അധിനിവേശക്കാരാണെന്ന കാഴ്ചപ്പാടിൽ പറ്റിനിൽക്കുന്നു. “പ്രബുദ്ധമായ അധിനിവേശ”   വാദമനുസരിച്ച്, ഇസ്രായേലിലെ ഒരു ശരാശരി ജൂത പൗരൻ വിശ്വസിക്കുന്നത് ഫലസ്തീനികൾക്ക് അധിനിവേശമാണ് നല്ലതെന്നും അതിനെ ചെറുക്കാൻ അവർക്ക് യാതൊരു കാരണവുമില്ലെന്നുമാണ്. നിങ്ങൾ ഇസ്രായേലിനെ വിമർശനാനീതമായി പിന്തുണയ്ക്കുന്നയാളാണെങ്കിൽ, ഈ അനുമാനങ്ങളും നിങ്ങൾ അംഗീകരിക്കുന്നുവെന്നാണതിനർഥം.

 

എന്നിരുന്നാലും, ഇസ്രായേൽ സമൂഹത്തിലെ ചില വിഭാഗങ്ങൾ ഇവിടെ ഉന്നയിച്ചിരിക്കുന്ന ചില വാദങ്ങളുടെ സാധുത തിരിച്ചറിയുന്നുണ്ട്. 1990 കളിൽ, വ്യത്യസ്ത തലങ്ങളിലുള്ള ബോധ്യങ്ങളോടെ, യഹൂദ അക്കാദമിക് വിദഗ്ധരും പത്രപ്രവർത്തകരും കലാകാരന്മാരും ഇസ്രായേലിനെ ജനാധിപത്യപരമായി നിർവചിക്കുന്നതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

സ്വന്തം സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും അടിസ്ഥാന മിഥ്യാധാരണകളെ വെല്ലുവിളിക്കാൻ കുറച്ച് ധൈര്യം ആവശ്യമാണ്. അതുകൊണ്ട് തന്നെ അവരിൽ കുറച്ചുപേർ പിന്നീട് ധീരമായ ഈ നിലാപാടിൽ നിന്ന് പിന്മാറുകയും പൊതു അഭിപ്രായങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

 

എന്നിരുന്നാലും, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ അവർ ഇസ്രായേൽ  ഒരു ജനാധിപത്യരാജ്യമാണെന്ന ധാരണയെ വെല്ലുവിളിക്കുന്ന കൃതികൾ രചിക്കുകയുണ്ടായി. അവർ ഇസ്രായേലിനെ ജനാധിപത്യവിരുദ്ധ രാഷ്ട്രങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത്. ബെൻ-ഗുരിയോൺ സർവകലാശാലയിലെ ഭൂമിശാസ്ത്രജ്ഞനായ ഓറെൻ യിഫ്റ്റാചെൽ അതിലൊരാളാണ്. അദ്ദേഹം ഇസ്രായേലിനെ ഒരു വംശീയ രാഷ്ട്രമായാണ് പരിചയപ്പെടുത്തിയത്. ഒരു വംശീയ വിഭാഗത്തിന് നിയമപരവും ഔപചാരികവുമായ മേൽക്കൈ നൽകിക്കൊണ്ട് ഭരിക്കുന്ന ഒരു സമ്മിശ്ര വംശീയ രാഷ്ട്രത്തിലെ ഭരണകൂടം. മറ്റു ചിലർ ഇസ്രായേലിനെ വർണ്ണവിവേചനവംശീയ രാഷ്ട്രം, കുടിയേറ്റ-കൊളോണിയൽ രാഷ്ട്രം എന്നും വിശേഷിപ്പിച്ചു.

ചുരുക്കത്തിൽ, ഇസ്രയേലിന് പണ്ഡിതന്മാർ എന്തൊക്കെ വിവക്ഷ നൽകിയാലും അതിൽ  “ജനാധിപത്യ” മെന്ന വിശേഷണമുണ്ടാവില്ല.

 

വിവർത്തനം  ബാസിൽ പി.എ

Leave a Reply

Your email address will not be published. Required fields are marked *