അംബേദ്കറിന്റെ രാഷ്ട്രീയ തത്ത്വശാസ്ത്രം പ്രയോഗവൽക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹം പ്രധാന ധിഷണാശാലിയും രാഷ്ട്രീയ നേതാവുമായി തന്നെ തുടരും.
അനേകം സമുദായങ്ങൾ അംബേദ്കറിനെ കീഴാള -ജാതി അവകാശങ്ങൾ, സാമൂഹ്യനീതി, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയിൽ ഒരു പ്രധാന ചിന്തകനായി സ്വീകരിച്ചിട്ടുണ്ട്. ദലിതും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളും അദ്ദേഹത്തെ ഒരു വീരോചിത വ്യക്തിയായും, വലിയ സദ്‌ഗുണങ്ങളുടെ അപ്പോസ്തലനായും പ്രമുഖ ദേശീയവാദ ഐക്കണുകളിലൊന്നായും ഉയർത്തി.
ഏപ്രിൽ 14 ന് ജന്മവാർഷികം ആഘോഷിക്കപ്പെടുന്ന ബാബാസാഹേബ് ഭീം റാവു അംബേദ്കർ ഇന്ത്യൻ ദേശീയതയുടെ പ്രതിരൂപത്തിന് ഒരു പ്രധാന വ്യതിയാനമായിരുന്നു. മഹാത്മാഗാന്ധിയുടെ ധാർമ്മികാഭ്യർഥനയോടുള്ള അദ്ദേഹത്തിന്റെ നിർഭയമായ വെല്ലുവിളിക്ക് കാരണം,ദലിതരെ മോചിപ്പിക്കാനുള്ള ധാർമ്മിക ബോധ്യങ്ങൾ സാമൂഹത്തിലെ വരേണ്യവർഗ്ഗത്തിനില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ദലിതരെ കീഴൊതുക്കപ്പെട്ടതും നിരാശരാക്കപ്പെട്ടതുമായ സാമൂഹികാവസ്ഥയിൽ നിന്ന് തുല്യ – സാമൂഹികാവകാശങ്ങളും രാഷ്ട്രീയ അധികാരവും അവകാശപ്പെടുന്നവരായി ഉയർത്താൻ അംബേദ്കർ ആഗ്രഹിച്ചു. പക്ഷെ ഈ ജനാധിപത്യവാദത്തെ പലപ്പോഴും ഇടുങ്ങിയ രാഷ്ട്രീയ പ്രവർത്തനമായി കണക്കാക്കിക്കൊണ്ട് അദ്ദേഹം, കേവലമൊരു ദലിത് നേതാവായി മാത്രം ചുരുക്കപ്പട്ടു. പക്ഷേ, അതിനേക്കാൾ എത്രയോ മഹാനായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, അംബേദ്കറിന്റെ രാഷ്ട്രീയ തത്ത്വചിന്ത, മൂന്ന് പ്രധാന പ്രമേയങ്ങളെ ചുറ്റിപ്പറ്റിയാണുള്ളത്.
ഒന്നാമത്തേത്, പുതിയ ഭരണഘടന യുക്തിസഹവും ക്ഷേമവും അടിസ്ഥാനമാക്കിയുള്ള നിർദേശങ്ങളിലൂടെ കാര്യമായ സാമൂഹിക മാറ്റങ്ങൾ വരുത്തുന്നതിൽ കൂടുതൽ ഫലപ്രദമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. രണ്ടാമതായി, ദലിതർ ശക്തരായ ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നുവരുമെന്നും പുതിയ ജനാധിപത്യത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അനുമാനിച്ചു. മൂന്നാമതായി, ബുദ്ധമതം, ഇന്ത്യയുടെ മഹത്തായ ധാർമ്മിക ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കാനും ലിബറൽ തത്വങ്ങളെ (പ്രധാനമായും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം) വികസിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം സങ്കൽപ്പിച്ചു.
ഉദാരവൽക്കരണാനന്തര കാലഘട്ടത്തിൽ, ഒന്നിലധികം സമുദായങ്ങൾ അംബേദ്കറിനെ കീഴ് -ജാതി അവകാശങ്ങൾ, സാമൂഹ്യനീതി, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയിൽ ഒരു പ്രധാന ചിന്തകനായി സ്വീകരിച്ചിട്ടുണ്ട്. ദലിതും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളും അദ്ദേഹത്തെ ഒരു വീരോചിതനായ വ്യക്തിയെന്ന നിലയിൽ, വലിയ സദ്‌ഗുണങ്ങളുടെ അപ്പോസ്തലനായും പ്രമുഖ ദേശീയവാദ പ്രതിരൂപങ്ങളിലൊന്നായും ഉയർത്തി. എന്നിരുന്നാലും, സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളെ രാഷ്ട്രീയ അധികാരത്തിൽ നിർണായക പങ്കാളിയായി സ്ഥാപിക്കാനുള്ള അംബേദ്കറിന്റെ ആഗ്രഹം പൂർത്തീകരിക്കപ്പെടാതെ കിടക്കുന്നു. ദലിത് രാഷ്ട്രീയ പ്രസ്ഥാനം ഉപരിവിപ്ലവവും അപ്രസക്തവുമായിരുന്നു. അതേസമയം ഹിന്ദുത്വ സംഘടനകൾ അംബേദ്കറിനെ അവരുടെ പ്രധാന സാംസ്കാരിക പ്രതീകമായി സ്വീകരിച്ച് കൊണ്ട്, നവ- ദലിത് സമുദായങ്ങളെ വിജയകരമായി ആകർഷിച്ചു.
അംബേദ്കർ അവസാനമായി സ്ഥാപിച്ച രാഷ്ട്രീയ സംഘടനയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, അത് തുടക്കം കുറിച്ചതിന് ശേഷം പെട്ടെന്ന് തന്നെ നിലംപതിക്കുകയാണ്ടുണ്ടായത്. മറ്റൊരു സമൂല ബദലായ ദലിത് പാന്തേഴ്സ് മന്ദഗതിയിലില്ലാതാവുകയും ചെയ്തു. ഉത്തർപ്രദേശിൽ, കൻഷി റാമിന്റെ നേതൃത്വത്തിലും, പിന്നീട് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും(ബിഎസ്പി) ഒരു രാഷ്ട്രീയ ബദൽ വാഗ്ദാനം ചെയ്തു. എന്നാൽ ഇത് കഴിഞ്ഞ ദശകത്തിൽ ഒരു ഉപരിപ്ലവ ശക്തിയായി മാറി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ, അംബേദ്കറൈറ്റ് രാഷ്ട്രീയ പ്രസ്ഥാനം ഇപ്പോഴും ഒരു പ്രാരംഭ ഘട്ടത്തിൽ തന്നെയാണുള്ളത്.
നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം, അംബേദ്കറിനെ ഒരു ഹിന്ദു പരിഷ്കരണ ദേശീയ ഐക്കണായി പ്രതിനിധീകരിക്കുന്നതിനാണ്, അദ്ദേഹത്തിന്റെ സമൂല ജാതി വിരുദ്ധ സ്വത്വത്തെക്കാളും മുൻഗണന നൽകപ്പെട്ടത്. അംബേദ്കറിന്റെ രാഷ്ട്രീയാശയങ്ങളോട് തങ്ങൾ ഒരുപോലെ സംവേദനക്ഷമതയുള്ളവരാണെന്നും ഭരണഘടനാ നീതിയുടെ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരാണെന്നും കാണിക്കാൻ മോദിയുടെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആഗ്രഹിക്കുന്നു. 2017 ഏപ്രിൽ 14 ന് മോദി നാഗ്പൂരിലെ ദീക്ഷഭൂമി സന്ദർശിക്കുകയും ദലിതർക്കായി വിവിധ ക്ഷേമ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു, ഉച്ചത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്താവനയാണത്. സർക്കാർ രാജ്യത്തുടനീളം, അംബേദ്കറിനോടും അദ്ദേഹത്തിന്റെ അനുയായികളോടും ആത്മാർത്ഥത തെളിയിക്കുന്നതിനായി സ്മാരകങ്ങളും പ്രതിമകളും നിർമ്മിക്കുകയും സാംസ്കാരികവും, പ്രതീകാത്മകവുമായ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ ദലിത് അനുകൂല സോഷ്യൽ മോഡൽ പരീക്ഷിക്കാൻ ബിജെപി ശ്രമിച്ചു. ഏറ്റവും പിന്നാക്കം നിൽക്കുന്ന സാമൂഹിക വിഭാഗങ്ങളെ ഹിന്ദുത്വ പദ്ധതിയിലേക്ക് ബന്ധിപ്പിക്കുന്നതിനായി രാഷ്ട്രീയ സ്വയംസേവക സംഘിന്(ആർഎസ്‌എസ്) സമർപ്പിത സമരസ്ത (മൈത്രി) പ്രോഗ്രാം ഉണ്ട്. ദലിതർക്കുള്ളിലെ ഉപജാതി വിഭാഗീയത ഏറ്റവും താഴേക്കിടയിലെ ദലിതരെ അണിനിരത്താൻ ബിജെപിയെ സഹായിക്കുന്നു. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) നോമിനിയായിക്കൊണ്ട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദ്, എൻഡിഎ സഖ്യകക്ഷികളായ രാംദാസ് അത്തവാലെ, രാംവിലാസ് പാസ്വാൻ തുടങ്ങിയ ജനകീയരായ ദലിത് വ്യക്തിത്വങ്ങൾ ബിജെപിയുടെ തിരഞ്ഞെടുപ്പ് പിന്തുണാടിത്തറ വിപുലീകരിക്കാൻ സഹായിച്ചിട്ടുണ്ട്. പുതിയ ദലിത് നേതൃത്വം പലപ്പോഴും ആർഎസ്‌എസിന്റെ രാഷ്ട്രീയ ഭാഷ, അതിന്റെ സാമുദായിക സ്വഭാവത്തോട് ക്ഷമാപണമില്ലാതെ തന്നെ സംസാരിക്കാറുമുണ്ട്.
ബിജെപിക്ക് ഇതാദ്യമായി ദലിത് മധ്യവർഗങ്ങൾക്കിടയിലും നവ ബുദ്ധമതക്കാർക്കിടയിലും കാര്യമായ പിന്തുണ ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മതേതര രാഷ്ട്രീയ പാർട്ടികൾ, ദലിതർക്ക് കാര്യമായ ഭൗതിക നേട്ടങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തില്‍, വലതുപക്ഷ രാഷ്ട്രീയത്തിൽ പുതുതായി പ്രവേശിക്കുന്ന ദലിതൻ, ബിജെപിയെ പ്രായോഗികവും യുക്തിസഹവുമായ ഒരു ഓപ്ഷനായി കണക്കാക്കുന്നു,
ബിജെപിയുടെ ഉയർച്ച, സ്വതന്ത്ര ദലിത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തകർച്ച, സാമൂഹ്യനീതി പ്രത്യയശാസ്ത്രമുള്ള പാർട്ടികളുടെ മാറ്റിനിർത്തപ്പെടൽ എന്നിവ ധാരാളം ദലിതർ അംബേദ്കറിന്റെ സമൂലമായ കാഴ്ചപ്പാടിൽ ബഹുദൂരം അകന്നിട്ടുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ പറയുന്നത് വളരെ നേരത്തെയാണ് എന്നാലും. അംബേദ്കറിനെ ഏറ്റെടുക്കുന്നതിൽ വലതുപക്ഷം വിജയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ വീക്ഷണം ഹിന്ദുത്വ പ്രവർത്തികൾക്ക് വെല്ലുവിളിയായി തന്നെ തുടരുന്നു.
ഇന്ത്യയുടെ ഭാവിക്കായി അംബേദ്കർ വിഭാവന ചെയ്തത് ഡെമോക്രാറ്റിക് സോഷ്യലിസം എന്ന ‘പ്രത്യയശാസ്ത്രത്തെയാണ്. അദ്ദേഹം ആധുനികതയെ വിലയിരുത്തിയത് യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള മനുഷ്യരാശിയുടെ പുരോഗമനത്തിന്റെ ഒരു ശക്തിയായാണ്. അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് മത-യാഥാസ്ഥിതിക, ബന്ധനങ്ങളിൽ നിന്നുള്ള മോചനവും സാമൂഹിക- സാഹോദര്യ ജീവിതം സ്ഥാപിക്കലുമാണ്. അംബേദ്കറിന്റെ രാഷ്ട്രീയ തത്ത്വശാസ്ത്രം ഇപ്പോഴും അതിന്റെ യഥാർത്ഥ ചൈതന്യത്തോടെ, സജീവമാകാത്ത ഒരു ചാലകശക്തിയായി അവശേഷിക്കുന്നു. കാൾ മാർക്സിന്റേതു പോലെ, അദ്ദേഹത്തിന്റെ ഏതൊരു പ്രധാന കൃതിയുടെയും വായന നമ്മുടെ വിമര്‍ശനാത്മകമായ കഴിവുകളെ ജ്വലിപ്പിക്കുക മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ അടിച്ചമർത്തലിനെതിരെ ആളുകൾ നടത്തുന്ന ധീരമായ പോരാട്ടങ്ങളെ നമുക്ക് പരിചയപ്പെടുത്തുക കൂടി ചെയ്യുന്നു. അംബേദ്കറിന്റെ നിരൂപണാത്മകമായ ഉൾകാഴ്ചകൾ നമ്മെ ജാതിചിത്തത്തിന്റെ തടവറയിൽ നിന്നും സാംസ്കാരിക മുൻവിധികളിൽ നിന്നും ഉന്നതജാതി മേധാവിത്വത്തിൽ നിന്നും മോചിപ്പിക്കുന്നു.
അംബേദ്കർ അദ്ദേഹത്തിന്റെ യഥാർത്ഥ ഭാവത്തിൽ വലതുപക്ഷ ചിന്താഗതിക്ക് അപ്രിയനാണ്. കാരണം, അദ്ദേഹം ഹിന്ദു ബ്രാഹ്മണ മതക്രമത്തിനെതിരെ തീർത്തും പരുഷമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല ഗാന്ധിയും നെഹ്‌റുവും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ അദ്ദേഹം നിരുപാധികം വിമർശിക്കുകയും ചെയ്തിരുന്നു. പുതിയ രാഷ്ട്രത്തെ സങ്കൽപ്പിക്കാനുള്ള പ്രത്യയശാസ്ത്രശക്തിയെന്ന നിലയിൽ ഹിന്ദുത്വയെ അദ്ദേഹം ശക്തമായി നിരാകരിച്ചു. പാകിസ്താൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിൽ, രാജ്യത്തിന് ഏറ്റവും വലിയ വിപത്തായിരിക്കും “ഹിന്ദു രാജ്” എന്നും അതിനാൽ എന്ത് വില കൊടുത്തും അതിനെ തടയണം എന്നുമദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ന് ചില ദലിതർ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് നീങ്ങിയിട്ടുണ്ട്, അതവർക്ക് ഭൗതിക നേട്ടങ്ങൾ കൈവരുത്തുമെന്ന പ്രതീക്ഷയോടെ. എന്നിരുന്നാലും, അത്തരം പ്രതീക്ഷകൾ പൂർത്തീകരിക്കപ്പെട്ടത് വളരെ വിരളമായാണ്. സാമ്പത്തിക വളർച്ച പൊതുവേ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ദലിതരുടെയും ആദിവാസികളുടെയും മറ്റ് പാർശ്വവത്കരിക്കപ്പെട്ടവരുടെയും യഥാർത്ഥ ജീവിത സാഹചര്യങ്ങൾ തെളിയിക്കുന്നത് അവർ നിരന്തരമായി പാർശ്വവൽക്കരിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്. കൂടാതെ, ഉന്നത- ജാതി സാംസ്കാരിക മേധാവിത്വം, പൊതുസ്ഥാപനങ്ങളിലെ സാമൂഹിക വരേണ്യവർഗത്തിന്റെ ആധിപത്യം, അനൗപചാരിക തൊഴിൽ വിപണിയിലേക്കുള്ള ദലിതരുടെ സ്ഥലംമാറ്റം സാമൂഹ്യനീതിയെക്കുറിച്ച് രാഷ്ട്രീയ ചർച്ചയുടെ അഭാവം എന്നിവ പുതിയ പെരുമാറ്റചട്ടമായി മാറിയിരിക്കുന്നു.
അംബേദ്കറുടെ രാഷ്ട്രീയ തത്ത്വശാസ്ത്രം ഉപയുക്തമാക്കപ്പെട്ടിട്ടില്ല. വലിയ ഒരു ജനവിഭാഗത്തിന്റെ ദാരിദ്ര്യവും അനാഥത്വവും വർദ്ധിച്ചു കൊണ്ടിരിക്കുകയും, ന്യൂനപക്ഷ സാമൂഹിക വരേണ്യവർഗ്ഗത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തി അതിവേഗം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമൂഹ്യനീതിയുടെയും സോഷ്യലിസത്തിന്റെയും വ്യവഹാരം തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അംബേദ്കർ വലതുപക്ഷ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള നിർണായക ഉപാധികൾ നൽകുന്ന പ്രധാന ധൈഷണിക വ്യക്തിത്വമായി തന്നെ തുടരും.
ഹരീഷ് വാങ്കഡെ,
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറാണ്