അംബേദ്കറും മുസ്‌ലിംകളും സംഘപരിവാറിന്റെ അപരവൽകരണ സിദ്ധാന്തവും

ഇന്ത്യൻ സമകാലിക വൃത്തത്തിൽ ഉപയോഗിച്ചു പോരുന്ന ‘ഇന്ത്യൻ ദേശീയത’ എന്ന പദ പ്രയോഗത്തിൽ ഉള്ളടങ്ങിയിട്ടുള്ള അർത്ഥ പരികൽപന ‘ഹൈന്ദവ ദേശീയത’ എന്നതിനെ പല രീതികളിലായി അനാവരണം ചെയ്യുന്നുണ്ട്. നിലവിലെ സംഘപരിവാർ രാഷ്ട്രീയത്തെ കേവലമായ ബാഹ്യ പരിശോധന നടത്തുന്നതിലൂടെ തന്നെ ഈയൊരു സംഗതി വ്യക്തമാവുന്നതുമാണ്. ആർ. എസ്.എസിൻ്റെ രണ്ടാം സർസംഘ്ചാലക് “മാധവ് സദാശിവ് ഗോൾവാൾക്കർ” രചിച്ച സംഘപരിവാർ മാനിഫെസ്റ്റോ ‘വിചാരധാരയിൽ’ ഹൈന്ദവതയെ അദ്ധേഹം അടയാളപ്പെടുത്തുന്നത് തന്നെ ദേശീയതയിലൂന്നിയാണ്. ഇന്ത്യയെ (സ്ഥലം എന്ന അർത്ഥത്തിൽ) കേന്ദ്രീകരിക്കുകയും അതിൻ്റെ സനാതന സംസ്കാരമായി ഹൈന്ദവതയെ അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈയൊരു വർഗീയ പ്രത്യാശാസ്ത്രത്തിൻ്റെ നിർമാണം പ്രായോഗ തലത്തിൽ സാധ്യമാവണം എന്നുണ്ടങ്കിൽ അപരനിർമാണം അനിവാര്യമാണ്. അപരരെ നിർമിക്കുക വഴി മാത്രമാണ് പ്രത്യാശാസ്ത്രത്തിൻ്റെ നില തെറ്റാതിരിക്കുകയും ലക്ഷ്യ പൂർത്തീകരണം സഫലമാവുകയും ചെയ്യുക. ഇങ്ങനെയുള്ള ഒരു അപരനിർമാണമാണ് വിചാരധാരയിൽ ഗോൾവാൾക്കർ “ആഭ്യന്തര ശത്രുക്കൾ” എന്ന ഭാഗത്ത് നടത്തുന്നത്.

അപരനിർമാണത്തിലൂടെയല്ലാതെ ദേശീയതയ്ക്ക് നിലനിൽപ്പില്ല. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെയും ഒരു സമുദായം മറ്റൊരു സമുദായത്തെയും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെയും അപരരായി കാണുക വഴി, ഓരോ വിഭാഗത്തിൻ്റെയും ഉള്ളകങ്ങളിൽ വർഗീയബോധം മുളപ്പൊട്ടുകയും “അവർ – ഇവർ” എന്ന ധ്രുവീകരണ പാന്ഥാവിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യും. ഇത് സമൂഹത്തിൻ്റെ ഐക്യബോധത്തെ മങ്ങലേൽപ്പിക്കുകയും മാനവിക-വിമോചന മൂല്യങ്ങളെ കുറിച്ച് സമൂഹത്തിനുണ്ടാവേണ്ട ബോധ്യങ്ങളെ അശ്രദ്ധയിലാഴ്ത്തുകയും ചെയ്യും. ഇത്തരത്തിൽ സംഘപരിവാറിൻ്റെ ‘മുസ്‌ലിം അപരവൽക്കണം’ വിജയിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നത്. ഭരണഘടനാ ഭേദഗതിയും ഭരണഘടന അനുശാസിക്കുന്ന കാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതും “മുസ്‌ലിം അപരവൽക്കരണ”ത്തിലൂടെ സംഘപരിവാർ സാധ്യമാക്കിയതാണ്. പൗരത്വ നിയമവും ഉപരിസൂചിത സംഗതികൾക്ക് പുറത്തല്ല. തബ്‌ലീഗ് സമ്മേളനം മാധ്യമങ്ങൾ വരെ ഏറ്റെടുത്ത് വലിയ പ്രശ്നമുള്ള ഒന്നായി പർവതീകരിക്കപ്പെടുന്നതും കുംഭമേള ഒരു കേവല ചർച്ചപോലുമാവാതെ സാധാരണ സംഭവമായി വിലയിരുത്തപ്പെടുന്നതും, കോവിഡ് സ്ഥിതിഗതികൾ രൂക്ഷമാവുന്നതിന് കാരണമായി കുംഭമേളയെ മാത്രം പ്രസ്താവിക്കുന്നതിന് പകരം ആഭ്യന്തര മന്ത്രി അമിത് ഷായുടെ റംസാൻ ചേർത്തുള്ള പ്രയോഗവും ഈയൊരു പരാമർശത്ത സംബന്ധിച്ച ചർച്ച സമൂഹത്തിൽ രൂപപ്പെടാത്തതും സംഘപരിവാർ നിർമിച്ചെടുത്ത ‘മുസ്‌ലിം അപരവൽക്കണ’ത്തിൻ്റെ പുതിയ ഉദാഹരണങ്ങൾ മാത്രമാണ്.

ഈയൊരു അപരവൽക്കരണ സിദ്ധാന്തത്തെ മനസ്സിലാക്കുന്നതിലൂടെ മാത്രമേ അംബേദ്കർ ഒരു മുസ്‌ലിം വിരുദ്ധനായിരുന്നുവെന്ന് വരുത്തി തീർക്കാനുള്ള കാലങ്ങളായ സംഘപരിവാർ ശ്രമങ്ങളുടെ ചുരുളഴിക്കാൻ സാധിക്കുകയുള്ളു. ഡോ. ബി. ആർ അംബേദ്കറെ സംഘപരിവാർ വിഗ്രഹവൽക്കരിക്കുക വഴി, അദ്ധേഹം വിശ്വസിച്ച സമത്വം, സാഹോദര്യം എന്നീ വിമോചന തത്ത്വങ്ങളെ മറച്ചുവെക്കുകയും തങ്ങളുടെ മുസ്‌ലിം അപരനിർമാണത്തിൻ്റെ ഒരു സ്രോതസ്സായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് സംഘപരിവാറിൻ്റെ ലക്ഷ്യ പൂർത്തീകരണത്തെ ത്വരിതപ്പെടുത്തുന്നതിന് ഉപകാരദായകമാണ് എന്നത് യാഥാർത്ഥ്യമാണ്. ഇത്തരുണത്തിലാണ് മുസ്‌ലിംകളോടുള്ള അംബേദ്കറിൻ്റെ സമീപനത്തെ പുനർവായിക്കേണ്ടത് അനിവാര്യമാകുന്നത്. അത്തരത്തിലൊരു പുനർവായനക്കുള്ള ശ്രമമാണിത്.

അംബേദ്കറിൻ്റെ ഇസ്‌ലാമിനെ കുറിച്ചുള്ള പഠനം അതിൻ്റെ ആധാരങ്ങളിൽ നിന്നുകൊണ്ടായിരുന്നില്ല. മറിച്ച്, മുസ്‌ലിം സമൂഹത്തെ നിരീക്ഷിച്ചുകൊണ്ടായിരുന്നു. എന്നാൽ ആ നിരീക്ഷണം അന്നത്തെ ഇന്ത്യൻ മുസ്‌ലിംകളെ മാത്രം ചുറ്റിപ്പറ്റിയായിരുന്നില്ല. ലോകത്തിലെ പല മുസ്‌ലിം സമുഹത്തെയും അദ്ധേഹം വീക്ഷിച്ചിരുന്നു. ഈ വീക്ഷണങ്ങളിൽ നിന്നുകൊണ്ടാണ് ഇസ്‌ലാമിനെ കുറിച്ച നിഗമനത്തിൽ അദ്ധേഹം എത്തിച്ചേരുന്നത്. ഇന്ത്യയിൽ (വിഭജനത്തിന് മുമ്പ്) ദ്വിരാഷ്ട്ര സിദ്ധാന്തം ഉടലെടുത്തപ്പോൾ (ആദ്യമായി ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വെച്ചത് വി.ഡി. സവർക്കറാണ്) ഒരു രാഷ്ട്രത്തിനുള്ളിൽ രണ്ട് രാഷ്ട്രം എന്നതാണ് ഹിന്ദുത്വരിൽ നിന്ന് മുന്നോട്ട് വെക്കപ്പെട്ട ആശയം. അതായത്, രണ്ട് സ്വതന്ത്ര രാഷ്ട്രം എന്നതിന് പകരം ഒരൊറ്റ രാജ്യത്ത് ഒരു ഭരണഘടനയ്ക്ക് കീഴിൽ രണ്ട് രാഷ്ട്രങ്ങളും ജീവിക്കണം. അത് ഹിന്ദു രാഷ്ട്രത്തിന് അധീശത്വം കിട്ടുന്ന തരത്തിലും മുസ്‌ലിം രാഷ്ട്രം അതിന് കീഴ്‌പ്പെടുന്ന തരത്തിലും. ഇതിന് ഉപോൽബലകമായി ഹിന്ദുക്കൾ ഹിന്ദു-മുസ്‌ലിം സമൂഹങ്ങൾക്കിടയിലുള്ള സമാനതകളും അവതരിപ്പിച്ചു. എന്നാൽ അതിനെ അംബേദ്കർ ഖണ്ഡിക്കുണ്ട്. അദ്ധേഹം പറയുന്നു : ”ഹിന്ദുക്കളും മുസ്‌ലിംകളും ഒരൊറ്റ രാഷ്ട്രമാണെന്ന ഹിന്ദു വീക്ഷണം നിലനിൽക്കുന്നില്ല. അത് നിലനിർത്തുന്നത് ഒരു തരം വിഭ്രാന്തിക്ക് തുല്യമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ ഇന്ത്യയിലെ മുസ്‌ലിംകൾക്കിടയിലുള്ളതുപോലെ പരസപര ബന്ധുത്വമൊന്നും നിലവിലില്ല”. അതുപോലെ തന്നെ ഇന്ത്യയിലെ മുസ്‌ലിംകൾക്കുണ്ടായ മുറിവേറ്റ മാനസികാവസ്ഥയിൽ നിന്നാണ് ഒരു രാഷ്ട്രമായി ജീവിക്കാനുള്ള “ഇച്ഛാശക്തി” ഉരുവം കൊണ്ടത് എന്ന് അദ്ധേഹം വീക്ഷിക്കുന്നുണ്ട്. ഇതെല്ലാം മുസ്‌ലിം സമൂഹത്തിൻ്റെ ഐക്യ ബോധത്തെ കുറിച്ച് അദ്ധേഹത്തിനുണ്ടായ ബോധ്യത്തെ കുറിക്കുന്നവയാണെന്ന് മനസ്സിലാക്കാം (Pakisthan or the partition of India).
ഇസ്‌ലാം വിഭാവന ചെയ്യുന്ന സമത്വത്തെ അദ്ധേഹം അംഗീകരിച്ചിരുന്നു. എന്നാൽ ആ സമത്വ ഭാവനയെ നേരായ രൂപത്തിൽ ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ആവാഹിക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പരിതപിക്കുന്നുണ്ട്. അദ്ധേഹം എഴുതുന്നു: “വംശം, വർണ്ണം എന്നിവയെ അതിജീവിച്ച് വൈവിധ്യമുള്ള ജനതകളെ ഒന്നിപ്പിക്കാനും ദൃഢഭ്രാതൃത്വം സൃഷ്ടിക്കാനും കെൽപുള്ള മതമാണ് ഇസ്‌ലാം. പക്ഷെ ഇന്ത്യയിലെ ജാതിയെ വേരോടെ പിഴുതെറിയാൻ ഇസ്‌ലാമിന് കഴിഞ്ഞില്ല” അതുപോലെ ഇസ്‌ലാമിലെ ചില ആചാരങ്ങളെ അദ്ധേഹം വിമർശിക്കുന്നുമുണ്ട്. എന്നാൽ ഇസ്‌ലാമിനെ വിമർശിക്കുന്നത് അന്നത്തെ ഇന്ത്യൻ മുസ്‌ലിംകളെ മുൻനിർത്തിയാണ്. വിമർശിക്കപ്പെടേണ്ട സാഹചര്യം സംജാതമായത് ഇന്ത്യയിലെ ബ്രാഹ്മണത്വത്തോട് ഇസ്‌ലാം കിടപിടിക്കുന്നതിനാലാണെന്നും അദ്ധേഹം പ്രസ്താവിക്കുന്നു. അദ്ധേഹം വീക്ഷിക്കുന്നത് ഇങ്ങനെയാണ്: “ഇന്ത്യൻ മുസ്‌ലിംകളിൽ മാറ്റത്തിനായുള്ള ആഗ്രഹം ഇല്ലാതിരിക്കാനുള്ള കാരണം തേടേണ്ടത് ഇന്ത്യയിൽ അവനുള്ള വിചിത്ര പദവിയിലാണ്. ഏറെയും ഹൈന്ദവ പരിതഃസ്ഥിതിയിലാണ് അവൻ്റെ സ്ഥാനം. ഈ ഹൈന്ദവ പരിതഃസ്ഥിതി എപ്പോഴും നിശബ്ദമാണ്. പക്ഷേ അത് സദാ അവൻ്റെ ഇടത്തിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുന്നുമുണ്ട്. അത് അവനെ മുസൽമാനാല്ലാതെയാക്കുകയാണെന്ന് അവന് തോന്നുന്നു”. അതുപോലെ മുസ്‌ലിംകൾ രാഷ്ട്രീയപരമായി ഹൈന്ദവാധിപത്യമുള്ള പരിതഃസ്ഥിതിയിലാണ് അവർ നിലകൊള്ളുന്നത്. ഇതുവഴി മുസ്‌ലിംകൾ അടിച്ചമർത്തപ്പെടുമോ എന്ന് അവർക്ക് തോന്നുന്നുണ്ട് എന്ന് അംബേദ്ക്കർ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ പരിത:സ്ഥിതിയിൽ ജീവിക്കുന്ന മുസ്‌ലിംകളിൽ നിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കുമ്പോഴും അദ്ധേഹത്തിലെ സാമൂഹിക ശാസ്ത്രജ്ഞൻ അതിനെയും സാമൂഹിക പുരോഗതിയും പുരോഗമനപരമായ നടപടികൾ കൈകൊണ്ട ഇതര മുസ്‌ലിം രാജ്യങ്ങളെയും തമ്മിൽ താരതമ്യം ചെയ്യുന്നുണ്ട്. അങ്ങനെ ഇന്ത്യയിലെ മുസ്‌ലിംകളുടെ പരിതഃസ്ഥിതിക്ക് ഹേതുവായി ഇവിടത്തെ ഹിന്ദു പശ്ചാത്തലമാണെന്ന നിഗമനത്തിൽ അദ്ധേഹം എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ഇന്ത്യയിൽ ബുദ്ധമതത്തിന് നിലനിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും അധികം വൈകാതെ ബ്രാഹ്മണിക വ്യവസ്ഥ അതിനെ ഇല്ലാതെയാക്കി എന്നു തന്നെ പറയാം. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയിൽ ഇസ്‌ലാം രംഗപ്രവേശം ചെയ്യുന്നത്. മുസ്‌ലിംകൾ ഇന്ത്യയിൽ വന്ന് യുദ്ധം ചെയ്ത് ഇവിടെ സ്ഥാനമുറപ്പിക്കുകയായിരുന്നു എന്ന കാഴ്ച്ചപ്പാട് അംബേദ്കർ മുന്നോട്ടവെക്കുന്നു (ഇതിൻ്റെ സന്ദർഭവും പശ്ചാത്തലവും മറ്റൊരു പഠനത്തിന് വകയുള്ളതാണ്). എന്നാൽ അദ്ധേഹം ഇസ്‌ലാമിക ദർശനത്തിന് ഇന്ത്യയിലെ മറ്റു മതങ്ങളിൽ നിന്ന് സവിശേഷമായ ചൈതന്യം കണ്ടെത്തുന്നുണ്ട്. അദ്ധേഹം പറയുന്നു: “തീർച്ചയായും മുസ്‌ലിംകൾ ഹിന്ദുക്കൾക്കെതിരെ വെറുപ്പിൻ്റെ ഗീതം പാടിക്കൊണ്ടാണ് ഇന്ത്യയിൽ വന്നത്. പക്ഷെ അവർ വെറുതെ വെറുപ്പിൻ്റെ ഗീതം പാടുകയും ഏതാനും ക്ഷേത്രങ്ങൾ തീ വെയ്ക്കുക മാത്രമല്ല ചെയ്തത്. അത് ഒരു അനുഗ്രഹമായേനെ. അത്രയും നിഷേധാത്മകമായ ഒരു ഫലത്തിൽ അവർ സംതൃപ്തരായിരുന്നില്ല. അവർ ധനാത്മക പ്രവർത്തി കൂടി ചെയ്തു, ഇസ് ലാമിൻ്റെ വിത്ത് നടൽ. ഈ സസ്യത്തിൻ്റെ വളർച്ച ശ്രദ്ധേയമാണ്. അതോടെ വേനൽ തളരില്ല, അത് ഒരു ഓക്കുമരത്തോളം വലുതും ശക്തവുമാണ്. അതിൻ്റെ വളർച്ച വടക്കേ ഇന്ത്യയിലാണ് മുറ്റി നിൽക്കുന്നത്. തുടർച്ചയായ ആക്രമണങ്ങൾ അവയുടെ ‘എക്കൽ’ അവിടെയാണ് ഏറ്റവും കൂടുതൽ നിക്ഷേപിച്ചിട്ടുള്ളത്. ശ്രദ്ധയുള്ള തോട്ടക്കാരുടെ നനപോലെ അത് ഫലപ്രദമായിരിക്കുന്നു. വടക്കേ ഇന്ത്യയിലെ അതിൻ്റെ വളർച്ചയുടെ പുഷ്ടിക്കു മുമ്പിൽ ഹൈന്ദവ-ബുദ്ധ സംസ്കാരത്തിൻ്റെ അവശിഷ്ടങ്ങൾ വെറും കുറ്റിച്ചെടികളാകുന്നു” (Pakisthan or the partition of India). അംബേദ്കറിൻ്റെ ഈ നിരീക്ഷണം തന്നെ അദ്ധേഹം ഇസ്‌ലാമിനെ എങ്ങനെയാണ് മനസ്സിലാക്കിയിരുന്നത് എന്നതിന് തെളിവാണ്. ഇന്ത്യയിൽ തന്നെ മുസ്‌ലിംകളുടെ യുദ്ധം എന്ന് സംഘപരിവാർ ചേർത്തു പറയാൻ ശ്രമിക്കുന്നതിനെ അംബേദ്കർ വിശകലനം ചെയ്യുമ്പോൾ താർത്താരികളും അഫ്ഗാനികളും മങ്കോളുകളും തമ്മിലുള്ള യുദ്ധമായി പരിണമിക്കുന്നുണ്ട്. മതം മാറാൻ ആഗ്രഹിക്കുന്നവർ ഇസ്‌ലാം മതത്തിലേക്ക് മാറുകയാവും നല്ലതെന്ന് തൻ്റെ ബഹിഷ്കൃത ഹിത്കാരിണി സഭയുടെ മുഖപത്രമായ ബഹിഷ്കൃത് ഭാരതിൽ (15 മാർച്ച് 1929) ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിൽ നിന്നെല്ലാം അംബേദ്കറിൻ്റെ മുസ്‌ലിംകളോടും ഇസ്‌ലാമിനെയും കുറിച്ചുള്ള നല്ല സമീപനത്തെ വരച്ചിടാൻ സാധിക്കുന്നുണ്ട്

ഇങ്ങനെയെല്ലാമാണെങ്കിൽ കൂടി, സംഘപരിവാറിൻ്റെ മുസ്‌ലിം അപരവൽകരണ സിദ്ധാന്തത്തെ സഹായിക്കുന്ന, അംബേദ്കർ മുസ്‌ലിം വിരുദ്ധനായിരുന്നുവെന്ന് സ്ഥാപിക്കാൻ പോന്ന ഒരു കാര്യമുണ്ട്. ഇസ്‌ലാമിനെ കുറിച്ച് ഇങ്ങനെയൊക്കെ മനസ്സിലാക്കിയിട്ടും എന്തുകൊണ്ട് അദ്ധേഹം ഇസ്‌ലാം മതം സ്വീകരിച്ചില്ല? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടത് അനിവാര്യമാണ്. ആ ഉത്തരത്തിലൂടെ മാത്രമേ സംഘപരിവാറിൻ്റെ അംബേദ്കർ മുസ്‌ലിം വിരുദ്ധനായിരുന്നു എന്ന് വാദിക്കുക വഴി രൂപപ്പെടുത്തിയെടുക്കുന്ന മുസ്‌ലിം അപരനിർമാണത്തിന് തടയിടാൻ സാധിക്കുകയുള്ളു. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ രണ്ട് തരത്തിലുള്ള കാരണങ്ങളിലേക്കെത്തിച്ചേരാൻ സാധിക്കും. ഒന്ന്, നേരത്തെ സൂചിപ്പിച്ചതുപോലെ, ഇസ്‌ലാമിൻ്റെ സത്തയിൽ അതിനെ മനസ്സിലാക്കാൻ അംബേദ്കറിന് സാധിച്ചിട്ടില്ല എന്നതാണ്. മറിച്ച് അദ്ധേഹം മുസ്‌ലിം സമൂഹത്തിൻ്റെ അവസ്ഥകളെ കുറിച്ച് പഠിക്കുകയായിരുന്നു. അങ്ങനെ ഇസ്‌ലാമിനെ കുറിച്ച നിഗമനത്തിലെത്തുകയായിരുന്നു. അതേ സമയം ബുദ്ധമതത്തെ അതിൻ്റെ സത്തയിൽ മനസ്സിലാക്കാൻ അദ്ധേഹത്തിന് സാധിച്ചിരുന്നു. അങ്ങനെ ബുദ്ധമതം തിരഞ്ഞെടുത്തതായിരിക്കാം. രണ്ട്, അദ്ധേഹത്തെ ബുദ്ധമതത്തിലേക്കെത്തിച്ച മനോഭാവമായിരിക്കാം. അതായത്, അമേരിക്കൻ വംശീയതയ്ക്കും അടിച്ചമർത്തലുകൾക്കും ഇരയായ മാൽകം എക്സ് ഇസ്‌ലാം സ്വീകരിക്കുന്നത് അദ്ധേഹത്തിൻ്റെ സ്വയം വിമോചനം നേടുക എന്ന മനോഭാവം കൊണ്ടാണ്. എന്നാൽ കീഴ്ജാതിക്കാരോട് ഇസ്‌ലാം സ്വീകരിക്കാൻ ആഹ്വാനം ചെയ്ത പെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ യുക്തിവാദിയായി നിലകൊണ്ടു. കാരണം, അദ്ധേഹത്തിന് സ്വയം വിമോചനം നേടേണ്ട ആവിശ്യമുണ്ടായിരുന്നില്ല. എന്നാൽ അംബേദ്കറിനെ സംബസിച്ച് പറയുമ്പോൾ അദ്ധേഹത്തിൻ്റെ ശ്രമങ്ങൾ എപ്പോഴും ഹൈന്ദവത മൂലം അടിച്ചമർത്തപ്പെട്ടവരെ സമൂഹത്തിലുന്നതിയിലെത്തിക്കുക അതോടൊപ്പം ബ്രാഹ്മണ വിരുദ്ധത സമൂഹത്തിൽ സ്ഥാപിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടതാണ്. ഈ മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒരാൾക്ക് ഹൈന്ദവത കാരണം ഇല്ലാതായതും ഹൈന്ദവതക്കെതിൽ നിലകൊണ്ടിട്ടുള്ളതുമായ ബുദ്ധമതത്തെ സ്വീകരിക്കലാണ് ഒന്നുകൂടി നല്ലതെന്ന് തോന്നിയിരിക്കാം. ഇങ്ങനെ നിരീക്ഷിക്കുമ്പോൾ മുകളിൽ സൂചിപ്പിച്ച അംബേദ്ക്കറുടെ മനോഭാവം സ്വാഭാവികമായും ബുദ്ധമതത്തിലേക്ക് ചായാനാണ് സാധ്യത.

അംബേദ്കറെ മുസ്‌ലിം വിരുദ്ധനാക്കുന്നതിലൂടെ ദളിത് സമൂഹത്തെ തങ്ങളുടെ വരുതിയിൽ നിർത്താനും ദളിത്-മുസ്‌ലിം ഐക്യത്തെ ഒരു പരിധിവരെ പിടിച്ചുകെട്ടാനും സംഘപരിവാറിന് സാധിക്കുന്നുണ്ട്. കൂടാതെ, “മുസ്‌ലിം അപരവൽക്കരണ സിദ്ധാന്ത”ത്തിന് പുതിയ രീതിശാസ്ത്രം നിർമിക്കാൻ സഹായകമാവുകയും ചെയ്യുന്നുണ്ട്. അപരവൽക്കരണ സിദ്ധാന്തത്തെയും അതിന് ഉപയുക്തമാക്കുന്ന രീതിശാസ്ത്രത്തെയും ന്യൂനപക്ഷങ്ങളിൽ ചിലരെങ്കിലും മനസ്സിലാക്കുന്നുവെന്നത് നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ആശയാവഹമാണ്. അപരവൽകരണ സിദ്ധാന്തത്തെ എന്ന് ഇന്ത്യൻ സമൂഹം മുഴുവൻ മനസ്സിലാക്കുകയും അതിനെ ചെറുക്കുകയും ചെയ്യുന്നുവോ അന്ന് മാത്രമാണ് ഈ സിദ്ധാന്തത്തിന് അന്ത്യം കുറിക്കപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *