കേരളത്തിന്റെ ചരിത്ര പറച്ചിലിന് പുതിയ മാനങ്ങൾ നൽകുന്ന ചരിത്ര ഗ്രന്ഥമാണ് ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച മനു എസ് പിള്ളയുടെ “ദ ഐവറി ത്രോൺ” (ദന്ത്വ സിംഹാസനം). കേരളത്തിലെ രാജവംശങ്ങളുടെ തെറ്റുകൾ എടുത്ത് പറയുന്നതിലൂടെ “ശാപമേൽക്കും” എന്ന പ്രവണതയെ ഗ്രന്ഥം തിരുത്തുകയാണ് ചെയ്യുന്നത്. തിരുവിതാംകൂർ ഭരണകൂടത്തെക്കുറിച്ചും കേരളത്തിനെക്കുറിച്ചുമുള്ള കഴിഞ്ഞ അഞ്ഞൂറ് വർഷത്തിന്റെ കഥ പറയുന്നുണ്ട് ഈ ഗ്രന്ഥം.
1497 ൽ വാസ്കോ ഡ ഗാമ കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിന്റെ സഞ്ചാരം, ഗ്രീക്ക്, റോമ, അറബ്, പോർച്ചുഗ്രീസ് കച്ചവടക്കാർ, വിവിധ കാലഘട്ടങ്ങളിലെ ഓറിയന്റൽ സുഗന്ധവ്യജ്ഞനങ്ങൾ, സാമൂതിരിയായിരുന്ന മനവിക്രമൻ രാജാവ് എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്. ഡച്ചുക്കാരോട് സഖ്യം ചേർന്ന് പോർച്ചുഗീസുക്കാരെ സാമൂതിരിമാർ തോൽപ്പിക്കുന്നുണ്ട് .പിന്നീട് ഡച്ചുക്കാർ തന്നെ സാമൂതിരിമാരുടെ നാശത്തിന് കാരണമാവുകയാണ് ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ കൊളോണിയൽ കാലഘട്ടത്തിൽ മാർത്താണ്ഡ വർമ ഉദിച്ചുയരുകയും ആറ്റിങ്ങൽ രാജ്ഞിമാരുടെ പ്രശംസ പിടിച്ചുപ്പറ്റുകയും ചെയ്യുന്നു. അങ്ങനെ വീരപരാക്രമങ്ങളെയും, അനന്തിരവന്മാർക്ക് പ്രാധാന്യമുള്ള വിവാഹ സമ്പ്രദായത്തെയും, പെൺകുട്ടികൾ കുറവുണ്ടെങ്കിൽ മാവേലിക്കരയിൽ നിന്ന് ദത്തെടുക്കുന്ന പ്രവണതകളെയുമൊക്കെ വിശദീകരിച്ചു കൊണ്ടാണ് ഒരു ഐതിഹാസികമായ ഒരു സാമ്രാജ്യത്തിന്റെ കഥ തുടങ്ങുന്നത്.
അത്തരത്തിൽ ദത്തെടുക്കപ്പെട്ട പെൺക്കുട്ടികളിൽ ഏറ്റവും മികച്ച വരായി കണക്കാക്കപ്പെടുന്ന മഹാറാണി സേതു ലക്ഷ്മി ഭായി, മഹാറാണി സേതു പാർവതി ഭായി (ഇവർ രാജാ രവിവർമയുടെ പരമ്പരയിൽപ്പെട്ടവരാണ്) എന്നിവരെക്കുറിച്ച് പറഞ്ഞ് കൊണ്ടാണ് കഥ തുടരുന്നത്. രണ്ട് സഹോദരിമാരിൽ ജനിച്ച ഇവരുടെ പരമ്പരയെക്കുറിച്ചും സൗന്ദര്യം, ബുദ്ധി, വ്യക്തിത്വം എന്നിവയെക്കുറിച്ചും പക്വമായ രൂപത്തിൽ മനു വരച്ചുക്കാട്ടുന്നുണ്ട്. കൊട്ടാരത്തിലെ സ്ത്രീകളുടെ താൽപ്പര്യങ്ങൾ, അന്നത്തെ സാമൂഹിക ചുറ്റുപ്പാടിലെ ചൂഷണം, മനുഷ്യത്യാഗം എന്നിവയെക്കുറിച്ചുമുള്ള ചില യാഥാർഥ ചിത്രങ്ങൾ നമുക്ക് ഗ്രന്ഥത്തിലൂടെ കാണാൻ സാധിക്കും.
വസ്ത്രധാരണ രീതി, വർഷങ്ങളായി മാറ് മറക്കാത്ത സ്ത്രീകൾ, കഠിനമായ ജാതി വ്യവസ്ഥ, ഭരണത്തിലെ തമിഴ്- ബ്രഹ്മണ സ്വാധീനം, രാജാവിന്റെ ഭാര്യക്ക് പ്രത്യേക സ്ഥാനങ്ങളൊന്നും കൊടുക്കാതിരിക്കൽ, ചിതറിക്കിടക്കുന്ന പരമ്പര എന്നിവയെ വിവരിച്ച് കൊണ്ട് പ്രത്യേക യുഗങ്ങളിലായി കേരളത്തിലൂടെ ഗ്രന്ഥം സഞ്ചരിക്കുന്നുണ്ട്. സ്ത്രീകൾക്ക് എത്രപ്പേരുമായി ബന്ധപ്പെടാം എന്ന അത്ഭുതകരമായ ലൈംഗീക സ്വാതന്ത്ര്യത്തെക്കുറിച്ചും ഇത് കാരണത്താലുള്ള ജാതിയുടെ വ്യത്യസ്ത നാമകരണത്തെക്കുറിച്ചും ശരിയായ വിശദീകരണം അദ്ദേഹം നൽകുന്നുണ്ട്.
ഒരു കൊളോണിയൽ റീജന്റിൽ നിന്ന് മഹാറാണി സേതു ലക്ഷമി ഭായി പടിയിറങ്ങുമ്പോൾ തിരുവിതാംക്കൂറിനെ എത്രത്തോളം ആധുനികതയിൽ എത്തിച്ചുവെന്ന് ഗ്രന്ഥം മനസ്സിലാക്കി തരുന്നുണ്ട്. ഗ്രാമ ഭരണ സംവിധാനം, നാഗരിക സംഘടനകളുടെ കാര്യക്ഷമത, സ്ത്രീ ശാക്തീകരണം, കമ്മ്യൂണിസ്റ്റ് യൂണിയനുകളുടെ ഉയർച്ച, സംസ്ഥാനം എന്ന നിലക്കുള്ള നവീകരണം, അടിസ്ഥാന സൗകര്യങ്ങളിലെ ഉയർച്ച എന്നീ കാര്യങ്ങളെയാണ് ആധുനികത എന്ന ലേബലിൽ ഗ്രന്ഥം എടുത്തുക്കാട്ടുന്നത്. അതു പോലെ തന്നെ ആ കാലഘട്ടത്തിലെ ജാതിമതങ്ങളുടെ സ്വാധീനത്തെയും ഗ്രന്ഥം വിലയിരുത്തുന്നുണ്ട്. പ്രത്യേകിച്ച്, ക്രിസ്ത്യൻ ജനസംഖ്യയുടെ വർധനവും ന്യൂനപക്ഷത്തിന്റെയും താഴ്ന്ന ജാതിക്കാരുടെ ഉയർച്ചയും ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട പോരാട്ടവും വൈക്കം സത്യഗ്രഹവും ഗാന്ധിയുടെ കേരളത്തിലേക്കുള്ള രണ്ടാമത്തെ വരവും സേതു ലക്ഷ്മിയുടെ ഭരണത്തിലായിരുന്നു.
മഹാറാണി സേതു പാർവതി ഭായിയുടെ മകൻ മഹാരാജാ ചിത്തിര തിരുനാൾ അധികാരമേൽക്കുന്നതിനെ തുടർന്ന് സേതുലക്ഷ്മി ഭായിക്ക് കടന്നു പോവേണ്ടി വന്ന വിഷമകളെ കുറിച്ച് പുസ്തകത്തിന്റെ രണ്ടാം ഭാഗം വിവരിക്കുന്നു. സർ സി പി യുടെ കടന്നുവരവും, സേതു പാർവതി ഭായിയുടെ അഹംഭാവവും, സേതു ലക്ഷ്മി ഭായിയെ റീജൻസിയിൽ നിന്നും പുറത്താക്കുന്നതും, അവരുടെ വരുമാനം ഗണ്യമായി കുറക്കുന്നതും, പിന്നീട് ജീവിതം വിസ്മൃതിയിൽ ആണ്ടുപ്പോയി മറ്റുള്ളവർ അവരുടെ സ്വത്തുക്കൾ അപഹരിക്കുന്നതും, ശേഷം ഒരു വിരമിച്ച ജീവിതത്തിന് വേണ്ടി ഒരു സാധാരണ പൗരനെ പോലെ ബാഗ്ലൂരിൽ തന്റെ മക്കളോടൊപ്പം കഴിയുകയും കേരളത്തിനെ ഉപേക്ഷിക്കുകയും ചെയുന്നതുമായ സംഭവങ്ങളെ കുറിച്ച് സംസാരിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം കേരളം ഒരു സംസ്ഥാനമാകുന്നതാേടെ അന്ന് ഭരണത്തിലുണ്ടായിരുന്ന ശ്രീ ചിത്തിര തിരുനാൾ അശക്തനാവുകയും അവർക്കുള്ള സ്വാധീനം നഷ്ടപ്പെടുകയുമുണ്ടായി.
ചരിത്രത്തിന്റെ വിശാലമായ വീക്ഷണങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്തുകാെണ്ട് ഗവേഷണം ചെയ്തതിനാൽ തന്നെ ഒരു ക്ലാസിക്കൽ ഗ്രന്ഥമെന്ന നിലക്ക് മനു എസ് പിള്ളക്ക് കേന്ദ്ര സാഹിത്യ യുവ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം ചരിത്ര പറച്ചിലിന് പുതിയൊരു രീതിശാസ്ത്രമാണ് ഈ ഗ്രന്ഥത്തിലൂടെ കാണിച്ചു തന്നിട്ടുള്ളത്. ഗ്രന്ഥത്തിലെ പല പേജുകളിലായി രാജാ രവിവർമയുടെ ചിത്രങ്ങളും, തിരുവിതാംകൂർ കുടുംബവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മനു കൊണ്ടുവന്നിട്ടുള്ളത്. സേതുലക്ഷ്മി ഭായിയെക്കുറിച്ച് പറയുകയാണെങ്കിൽ അത്യന്തിക യാഥാർത്ഥ്യങ്ങളുടെ പര്യവസാനമായിരുന്നു അവരുടെ ജീവിതം. അവരൊരു ഫെമിനിസ്റ്റായിരുന്നു. പക്ഷെ, അവർ ആധുനിക ഫെമിനിസ്റ്റുകളെ പോലെയായിരുന്നില്ല.
ഗ്രന്ഥത്തിന്റെ അവസാനത്തിൽ മനു ഇന്നത്തെ തിരുവിതാംകൂർ ഫാമിലിയെ പരിചയപ്പെടുത്തുന്നുണ്ട്. അവരിൽ ഭൂരിപക്ഷപ്പേരും കേരളത്തിലല്ല താമസിക്കുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും മറ്റു പാശ്ചാത്യൻ രാജ്യങ്ങളിലുമായാണ് അവർ ജീവിക്കുന്നത്. അതിലെ പലർക്കും അവരുടെ മുൻഗാമികളെ അറിയില്ല എന്ന കൗതുകരമായ വിവരത്തെ മനു പങ്കുവെക്കുന്നുണ്ട്. എണ്ണൂറിലേറെ പേജുകളുള്ള ഗ്രന്ഥം ഒരിക്കലും വായനക്കാരെ മടുപ്പിക്കാതെ ഒരോ പേജുകളെ തുടർച്ചയായി വായിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ‘ദന്ദ്വ സിംഹാസനം’ എന്ന പേരിൽ ഡിസി ബുക്സ് ഇതിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്.