ആട് തോമയിൽ നിന്നും ജോജിയിലേക്കുള്ള ദൂരം..!!

ഒറ്റനോട്ടത്തിൽ സ്ഫടികം എന്ന സിനിമയിലെ ആടുതോമയും ‘JOJI’ യിലെ ജോജിയും തമ്മിൽ എന്താ ബന്ധം എന്ന് നമ്മൾ ചിന്തിച്ചാൽ, ചാക്കോ മാഷും പനച്ചേൽ കുട്ടപ്പനും തമ്മിൽ വലിയ സാദൃശ്യം നമുക്ക് ഒറ്റയടിക്ക് കണ്ടെത്താൻ സാധിക്കും.

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു വിശ്വസിച്ചു മകനെ അവന്റെ കഴിവുകൾക്കും സ്വപ്നങ്ങൾക്കും അപ്പുറത്ത് തന്റെ ഇഷ്ടത്തിന് വളർത്താൻ, അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് വരുതിയിൽ നിർത്താൻ ശ്രമിക്കുന്ന ചാക്കോ മാഷിന്റെ മകനാണ് തോമസ് ചാക്കോ എന്ന ആട് തോമ.

തന്റേതായ മനോവ്യാപരങ്ങളിൽ മുഴുകി, സ്വന്തമായ ആഗ്രഹങ്ങളുടെ മുകളിൽ ഒരു ചില്ലുകൊട്ടാരം സ്ഥാപിച്ചു സ്വപ്നങ്ങളുടെ ഒരു സാമ്രാജ്യം പണിതു കൊണ്ടിരിക്കുമ്പോൾ, പക്ഷാഘാതം വന്നു വീൽ ചെയറിൽ തളർന്നിരിക്കുന്ന, ഒറ്റക്കൈകൊണ്ട് പോലും ഞെരിച്ചമർത്താൻ സാധിക്കുന്ന കരുത്തനായ പനച്ചേൽ കുട്ടപ്പന്റെ മകനാണ് ജോജി.
തനിക്ക് കിട്ടേണ്ട സ്നേഹം ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിക്ക് കിട്ടിയപ്പോൾ അവന്റെ കൈ കോമ്പസ്‌ കൊണ്ട് കുത്തിമുറിവേല്പിച്ചാണ് തോമസ് ചാക്കോ തന്റെ അപ്പനോടുള്ള ദേഷ്യം ആദ്യമായി പ്രകടിപ്പിച്ചത്. ആ ദേഷ്യമാണ് പിന്നീട് പകയയും വിരോധവുമായി മാറിയത്, സമൂഹത്തിന്റെ ബഹുമാനവും ആദരവും കൈപ്പറ്റുന്ന ചാക്കോ മാഷിന്റെ മകൻ ആ നാട്ടിലെ ഏറ്റവും വലിയ കൊള്ളരുതാത്തവനും തെമ്മാടിയുമായി മാറി സ്വന്തം ജീവിതം കൊണ്ട് അപ്പനോട് പ്രതികാരം ചെയ്യുകയായിരുന്നു.

തന്റെ അകൗണ്ടിൽ നിന്നും കാണാതായ പൈസ എടുത്തത്‌ ചോദിക്കാൻ ജോജിയുടെ അടുത്തേക്ക് വന്ന് കഴുത്തിനു കുത്തിപ്പിടിച്ച് അപ്പൻ കുട്ടപ്പൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ” നിനക്കും നിന്റെ തൊലിഞ്ഞ കുതിരക്കും ചിലവിനു ഞാൻ തരുന്നില്ലേ, അതും തിന്നോണ്ട് ചാണകമിട്ട് മിണ്ടാതിവിടെ കിടന്നോണം അല്ലേൽ നിന്റെ നടു ഞാൻ ചവിട്ടിയൊടിച്ചു കളയും, എന്നിട്ട് ഞാൻ നിനക്ക് ചിലവിനു തരുമെടാ, അതാണെനിക്ക് ലാഭം” എന്ന്.
ഇത്തരത്തിൽ തന്റെ സെൽഫ്‌ എസ്റ്റീമിനെ ഭീകരമായ രീതിയിൽ അപമാനിക്കുന്നതും വിലകുറച്ചു കാണുന്നതും ഒരു മകനെന്ന പരിഗണന പോലും ലഭിക്കാത്തതുമായ ഒരുപാട് രംഗങ്ങൾ നമുക്ക് ജോജിയിൽ കാണാൻ സാധിക്കും.
അധികാരത്തോടെയുള്ള അപ്പന്റെ ചെയ്തികൾ, ആ അപ്പനോടുള്ള ദേഷ്യവും പകയുമായി ജോജിയിൽ രൂപപ്പെടുകയും, അപ്പന്റെ നാശം കാണാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയത്‌ തന്റെ സ്വപ്ന സാമ്രാജ്യം നിലനിർത്തുന്നതിനായി ജോജി ശ്രമിക്കുന്നുമുണ്ട്.

ആട് തോമ അപ്പന്റെ ഫുൾകൈ ഷർട്ടിന്റെ കൈ വെട്ടിയാണ് പ്രതികരിക്കുന്നതെങ്കിൽ ജോജി അപ്പന്റെ ജീവനെടുത്തുകൊണ്ടാണ് താൻ അനുഭവിച്ച കയ്പേറിയ ജീവിതാനുഭവങ്ങളോട് പ്രതികരിക്കുന്നത്.
ആട് തോമയും, ജോജിയും ഒരുപക്ഷേ നമ്മൾ കാഴ്ച്ചകാർക്ക് വെറും സിനിമയിലെ കഥാകൃത്തിന്റെ സൃഷ്ടികളും ഭാവനകളും മാത്രമായിരിക്കും, എന്നാൽ ജീവിതത്തിൽ തോമസ് ചാക്കോമാരായും ജോജിയായും വളരുന്ന ഒരു വലിയ വിഭാഗം മക്കൾക്ക് അവരുടെ രക്ഷിതാക്കളുടെ നേർപകർപ്പായിരിക്കും ചാക്കോ മാഷും പനച്ചേൽ കുട്ടപ്പനും.
Diana Baumrind എന്ന സൈക്കോളജിസ്റ്റ് നൂറിലധികം കുട്ടികളിൽ കൃത്യമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി മൂന്ന് വ്യത്യസ്ത Parenting Styles മുന്നോട്ട് വയ്ക്കുന്നുണ്ട്. Disciplinary strategies, warmth and nurturing, communication styles, expectations of maturity and control എന്നിവയുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന പാരന്റിങ് സ്റ്റൈലുകളിൽ Authoritarian Parenting എന്നൊരു രീതിയെ കുറിച്ചു പറയുന്നുണ്ട്. സ്വേച്ഛാധിപത്യ രക്ഷാകർതൃ ശൈലി എന്നു വേണമെങ്കിൽ മലയാളീകരിക്കാം.

മാതാപിതാക്കൾ നിർമിക്കുന്ന നിയമങ്ങൾ അനുസരിച്ച് ഒരു കുട്ടി ജീവിക്കണമെന്നും വളരണമെന്നും നിർബന്ധം പിടിക്കുന്ന ഒരു പാരന്റിങ് രീതിയാണ് അതോറിറ്റേറിയൻ ശൈലി. ഈ നിയമ നിയന്ത്രണ രീതികളിൽ കുട്ടി പിന്നോക്കം പോകുകയോ പരാജയപ്പെടുകയോ ചെയ്താൽ തിരുത്തൽ പ്രക്രിയ നടക്കുന്നത് ശിക്ഷാനടപടികളിലൂടെയാകും.
എന്തിനും ഏതിനും ചീത്ത കേട്ടും, അടി കിട്ടിയും വളരുന്ന, മാതാപിതാക്കൾ സ്ഥാപിച്ച Do’s and Don’ts നു അപ്പുറത്തേക്ക് സ്വതന്ത്രമായും സ്വന്തമായും കുട്ടികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്, എന്നെ അനുസരിക്കാൻ പറ്റില്ലെങ്കിൽ ഇവിടെ നിൽക്കണ്ട, എന്ന നിലയിലുള്ള ‘ഒന്നുകിൽ എന്റെ വഴി, അല്ലെങ്കിൽ പെരുവഴി’ എന്ന ശക്തമായ നിലപാടിൽ കുട്ടികളെ അവരുടെ സെൽഫ് എസ്റ്റീമിനെ (ആത്മാഭിമാനം) പരിഗണിക്കുക പോലും ചെയ്യാതെ അധികാരത്തിന്റെ ഭാഷയിൽ വളർത്തുന്ന രീതിയാണ് അതോറിറ്റേറിയൻ പാരന്റിങ് ശൈലി.

ഞങ്ങളുടെ രക്ഷിതാക്കൾ ഞങ്ങളെ വളർത്തിയത്തിന്റെ ഒരു ശതമാനം പോലും സ്ട്രിക്റ്റ് ഇല്ലാതെയാണ് ഞാൻ വളർത്തുന്നത്, അന്നൊക്കെ എനിക്ക് കിട്ടിയ അടിയൊക്കെ വച്ചു നോക്കുമ്പോ ഞാനൊന്നും എന്റെ മക്കളെ തൊടുന്നു പോലും ഇല്ല, അവർ അങ്ങനെ വളർത്തിയിട്ട് ഞാനൊക്കെ നന്നായിട്ടല്ലേ ഉള്ളൂ, അപ്പൊ എന്റെ മക്കളും നന്നാകണമെങ്കിൽ കുറച്ചൊക്കെ സ്ട്രിക്റ്റ് നല്ലതാ, അല്ലേൽ ഇവരെയൊന്നും പിടിച്ചാൽ കിട്ടില്ല, കാലത്തിന്റെ പോക്ക് അങ്ങനെയാണ്, ഇങ്ങനെ വളർത്തിയിട്ട് തന്നെ അവന്റെ കയ്യിലിരിപ്പ് കാണണം, അപ്പൊ കയറൂരി വിട്ടാലുള്ള അവസ്ഥ ആലോചിച്ചു നോക്ക്, ‘എന്നിജ്ജാതി പലവിധ ന്യായങ്ങളും എല്ലാത്തിലുമുപരി’ എല്ലാം അവരുടെ നല്ലതിന് വേണ്ടിയല്ലേ’ എന്ന ഒറ്റമൂലിയുമായി തന്റെ പരിഹരിക്കപ്പെടാത്ത നിരാശകളുടേയും ആത്മസംഘർഷങ്ങളുടെയും, വ്യക്തിത്വ വ്യതിയാനങ്ങളുടെയും ഇരയായി മക്കളെ വളർത്തുന്ന എല്ലാ രക്ഷിതാക്കളും അറിഞ്ഞുകൊള്ളുക, നിങ്ങൾ നശിപ്പിക്കുന്നത് ഒരു തലമുറയെ മാത്രമല്ല, ഒരു പരമ്പരയെ തന്നെയാണ്.
ആത്മാഭിമാനവും ആത്മവിശ്വാസവും ഇല്ലാതെയാകുന്ന കുട്ടികളും, കടുത്ത ദേഷ്യവും വയലൻസും അഗ്രസീവ് (ആക്രമണാത്മകത) സ്വഭാവരീതികളും, ഉൾവലിഞ്ഞു നിൽക്കുന്ന ഒറ്റയാനാകുന്നതും തുടങ്ങി പലവിധ സ്വഭാവ രീതികൾ കുട്ടിയിൽ സൃഷ്ടിക്കാൻ ഈ പാരന്റിങ് രീതി കാരണമാവുന്നു. ഞാൻ ചെയ്ത തെറ്റെന്താണ് എന്നു പോലും അറിയാൻ സാധിക്കാതെ ശിക്ഷ മാത്രം ലഭിച്ചു പല കുട്ടികളും വളരുമ്പോൾ ഭാവിയിൽ ശരിയെയും തെറ്റിനെയും കൃത്യമായി തിരിച്ചറിയാനുള്ള വിവേകം പലർക്കും ഇല്ലാതെ പോകുന്നു.

‘നിനക്ക് ചിലവിനു തരുന്നതും പോറ്റുന്നതും ഞാനാണ്, അതുകൊണ്ടു ഇവിടെ എന്റെ രീതികളാണ്, ഇത് അനുസരിക്കാൻ പറ്റില്ലേൽ ഇവിടെ നിൽക്കണ്ട’ തുടങ്ങിയ പല നിലപാടുകളും പല രക്ഷിതാക്കളിലും കാണാറുണ്ട്. മക്കളോട് സ്നേഹം ഇല്ലാഞ്ഞിട്ടോ വെറുപ്പ് ഉണ്ടായിട്ടോ ഒന്നുമല്ല ഇങ്ങനെയൊക്കെ വളർത്തുന്നത്, പലർക്കും ഈ രീതിയാണ് അറിവുള്ളൂ, കാരണം അവരുടെ രക്ഷിതാക്കൾ ഇങ്ങനെ ആയിരിക്കും അവരെ വളർത്തിയത്.

കോളേജിൽ ആദ്യ വർഷം എത്തുന്ന കുട്ടികളെ സീനിയേഴ്‌സ് റാഗ് ചെയ്യുമ്പോൾ, അടുത്ത വർഷം ഈ റാഗ് ചെയ്യപ്പെട്ട ഇരകളിൽ പലരുമായിരിക്കും ഈ റാഗിങ് പാരമ്പര്യം കോളേജിൽ നിലനിർത്തുന്നത് എന്ന് നിരീക്ഷിച്ചാൽ മനസ്സിലാകും.
നമ്മളോട് മറ്റുള്ളവർ ചെയ്തതും, സമൂഹം നമ്മളെ ട്രീറ്റ് ചെയ്യുന്ന രീതിയുമാണ് പലപ്പോഴും നമ്മൾ മറ്റുള്ളവരോടു എങ്ങനെ പെരുമാറുന്നു എന്നത് തീരുമാനിക്കുന്നത്, ഇതിൽ വിഭിന്നമാകുന്ന ഒരു ചെറിയ ശതമാനം എല്ലാ കാര്യത്തിലും ഉണ്ടാവുകയും ചെയ്യും എന്ന വസ്തുതയെ മറച്ചു വെക്കുന്നില്ല.

പ്രിയപ്പെട്ട രക്ഷിതാക്കളെ,
ഈ ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും അവരുടേതായ ഒരു സ്‌പെയ്‌സ് ഉണ്ട്. നിങ്ങൾ അവരുടെ ജന്മത്തിനും വളർച്ചയ്ക്കും കാരണമായി എന്നത് ഒരു വലിയ അനുഗ്രഹവും ഭാഗ്യവും തന്നെയാണ്, ഒരു നല്ല മനുഷ്യനെയും അതുവഴി ഒരു മെച്ചപ്പെട്ട സമൂഹത്തെയും സൃഷ്ടിക്കാൻ നിങ്ങൾക്ക് ലഭിക്കുന്ന ജീവിതത്തിലെ വലിയൊരു അവസരമാണ് നിങ്ങളുടെ മക്കൾ എന്നത് ഒരു പരമമായ സത്യം തന്നെയാണ്. ഈ അവസരം സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്,
എന്നാൽ ഈ ഉത്തരവാദിത്വത്തെ, അവസരത്തെ ചൂഷണം ചെയ്യുന്ന രീതിയിൽ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും സുവർണ്ണത്തോട്ടികൾ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടങ്ങൾ പൂർത്തീകരിക്കാനുള്ള ഒരു വസ്തുവായി, ലാഭവും നഷ്ടവും എണ്ണിനോക്കുന്ന ത്രാസിൽ തൂക്കം ഒപ്പിക്കാൻ പറ്റാതെ പ്രയാസപ്പെടുന്ന ഒരുപകരണമായി, നിങ്ങളുടെ നിയന്ത്രണരേഖകൾ മുറിച്ചു കടന്നാൽ തൂക്കുമരങ്ങൾ വിധിക്കപ്പെടുന്ന കുറ്റവാളികളായി, മറുചോദ്യം വിലക്കെപ്പെട്ട അനുസരണശീലം മാത്രമുള്ള അടിമകളായി കാണേണ്ടവരല്ല നമ്മുടെ മക്കൾ.
അവരും മനുഷ്യരാണ്, ഈ ഭൂമിയിൽ കൃത്യമായ ഒരു സ്പെയ്സ് ഉള്ളവരാണ്, അഭിപ്രായങ്ങൾക്കും തിരഞ്ഞെടുക്കലുകൾക്കും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അവകാശമുള്ളവരാണ്.
ചാക്കോ മാഷും, ആട് തോമയും, പനച്ചേൽ കുട്ടപ്പനും തമ്മിലുള്ള ഒരു ബന്ധം കൂടെ പറഞ്ഞവസാനിപ്പിക്കാം.

സ്ഫടികം സിനിമയിൽ തൊരപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബാസ്റ്റിനാണ്, ജോജിയിലെ പനച്ചേൽ കുട്ടപ്പൻ.
തൊരപ്പനു ക്വട്ടേഷൻ കൊടുത്തു ആട് തോമയെ കത്തികൊണ്ട് കുത്തി ആശുപത്രിയിൽ അത്യാസന്നനിലയിൽ ആകുന്ന ഒരു രംഗമുണ്ട് സ്ഫടികത്തിൽ.
മകൻ ആശുപത്രിയിൽ ആയത് അറിയിക്കാൻ വന്ന കുടുംബക്കാരനു നേരെ വാതിൽ കൊട്ടിയടക്കുന്ന ചാക്കോ മാഷ്, രാത്രിയിൽ വേഷം മാറി ആരും ശ്രദ്ധിക്കാതെ ആശുപത്രിയിൽ പോയി ആട് തോമയെ കാണുന്നുണ്ട്, പരിക്കുപറ്റി കിടക്കുന്ന തോമയുടെ കാലിൽ തൊടുമ്പോൾ കുട്ടിക്കാലത്ത് ലാളിച്ചതിന്റെയും സ്നേഹിച്ചതിന്റെയും ഓർമ്മകൾ ചാക്കോ മാഷിലേക്ക് മിന്നിമറയുന്നുണ്ട്.
കുറ്റബോധം കൊണ്ടെന്ന പോലെ കണ്ണ് നിറഞ്ഞു കവിയുന്നുമുണ്ട്, ശേഷം സീനിൽ തോമയുടെ അമ്മയുടെ ഒരു ഡയലോഗ് കാണിക്കുന്നുണ്ട് “അവന്റെ കുട്ടിക്കാലത്തെ കഴിവുകൾ കാണണമെങ്കിൽ ആ തട്ടിൻ പുറത്തൊന്നു കയറി നോക്കൂ, നിങ്ങളാണ് അവനെ ഓട്ടക്കാലണയാക്കിയത്.”
ആട് തോമയിൽ നിന്നും ജോജിയിലേക്കുള്ള ദൂരം ആ അമ്മയുടെ സ്നേഹവും സാമീപ്യവുമാണ്. ആട് തോമ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതും, അച്ഛനും മകനും തമ്മിലുള്ള അകലം കുറയ്ക്കുന്നതും ആ അമ്മയുടെ ഇടപെടൽ തന്നെയാണ്, ജോജിക്ക് ഇല്ലാതെ പോയതും അങ്ങനെ ഇടപെടാൻ ഒരു അമ്മയെയാണ്.
ഓർക്കുക, നമ്മുടെ ഇടയിലും ഒരുപാട് ചാക്കോ മാഷുമാരും, പനച്ചേൽ കുട്ടപ്പന്മാരുമുണ്ട്, അത്പോലെ തന്നെ തോമസ് ചാക്കോമാരും ജോജിമാരും ഉണ്ട്. സ്വയം തിരിച്ചറിയാതെ പോകരുത്. മറ്റുള്ളവരുടെ തെറ്റിന്റെയും അറിവില്ലായ്മയുടെയും ആത്മസംഘർഷങ്ങളുടെയും ഇരയായി മാറേണ്ടതല്ല നമ്മുടെ ജീവിതം.
അർത്ഥവത്തായ സംതൃപ്തമായ ജീവിതം ഓരോ മനുഷ്യനും ഉണ്ടാകുന്നതിനു അവർക്കൊരു സ്‌പെയ്‌സ് ( ഇടം ) കണ്ടെത്താനും നൽകാനും നമുക്ക് സാധിച്ചാൽ, അതാണ് ഒരു മനുഷ്യനോടും സമൂഹത്തോടും ഒരു വ്യക്തി എന്ന നിലയിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ നന്മയും ഉത്തരവാദിത്തവും.
1802 ൽ വിശ്വവിഖ്യാതനായ കവി വില്യം വുഡ്‌സ്‌ വർത്തിന്റെ “My Heart Leaps Up” എന്ന കവിതയിൽ പറഞ്ഞ പോലെ
“The child is the father of the man” എന്നത് നമുക്ക് മറക്കാതിരിക്കാം , തിരുത്താൻ പറ്റാത്ത ഒരു തെറ്റായും കുറ്റബോധമായും നമ്മുടെ പാരന്റിങ് രീതി മാറാതിരിക്കട്ടെ.

2 thoughts on “ആട് തോമയിൽ നിന്നും ജോജിയിലേക്കുള്ള ദൂരം..!!

Leave a Reply

Your email address will not be published. Required fields are marked *