അംബേദ്കറും ഇസ്‌ലാമിക വിമോചന മൂല്യങ്ങളും: നവ ഇന്ത്യൻ സാഹചര്യത്തിൽ

ജനായത്തത്തിന്റെ അടിത്തറയായ പ്രാധിനിത്യമാണ് അംബേദ്‌കറിസത്തിന്റെ ആധാരമായി പറയപ്പെടുന്നത്. അനീതിയിലധിഷ്ഠിതമായ സാമൂഹ്യഘടന നിലനിക്കുന്ന സാഹചര്യത്തിൽ ഒരു അംബേദ്കറൈറ്റ് ആവുക എന്നത് തന്നെ സവർണ്ണതക്കെതിരായ പോരാട്ടമാണ്. ഇന്ത്യന്‍ സാമൂഹികജീവിതം ആരോഹണക്രമത്തില്‍ കുലീനത്വവും അവരോഹണക്രമത്തില്‍ കീഴാളത്തവും അടിച്ചേല്‍പ്പിക്കപ്പെട്ട ജാതീയശ്രേണികളുടെ ശൃംഖലയാണ്‌. ഇതേപോലൊരു സാമൂഹികവ്യവസ്ഥ `സമത്വം’ `സാഹോദര്യം’ എന്നീ മാനുഷികഘടകങ്ങളുടെ സാന്നിധ്യമുണ്ടാകേണ്ട ജനാധിപത്യ ഭരണക്രമത്തിന്‌ അനിവാര്യമായും വിരുദ്ധമാണ്. നിലവിലെ ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിൽ, അംബേദ്കർ ചിന്താധാരയെയും ഇസ്‌ലാമിക മൂല്യങ്ങളെയും സമന്വയിപ്പിച്ചാലാണ് സവർണ്ണ ക്രിമിനൽ സിദ്ധാന്തത്തെ ചെറുക്കുവാൻ സാധിക്കുക. ഇസ്‌ലാം നീതിയിലധിഷ്ഠിതമായ ദർശനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിൽ ആകൃഷ്ഠരായി ഇസ്ലാമിലേക്കു കടന്നുവരുന്ന ദളിത്‌ ബഹുജൻ സഹോദരങ്ങൾ സവർണ്ണമേൽക്കോയ്മയെ തച്ചുതകർക്കുകയും ഇസ്‌ലാം ആണ് ബദൽ എന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്‌. ഇസ്‌ലാമിലെ വിമോചന സിദ്ധാന്തത്തോട് സമാനമായഒന്നാണ് അംബേദ്കർ മുന്നോട്ടുവെക്കുന്നത്. ഇസ്ലാമിന്റെയും അംബേദ്കറിസത്തിന്റെയും ആദർശത്തിലുള്ള സാമ്യതയാണ് സവർണ്ണ ഹിന്ദുത്വ വാദികൾക്ക് ദഹിക്കാതെ പോകുന്നത്. ഇക്കാരണത്താലാണ് അംബേദ്കർ മുസ്‌ലിം വിരുദ്ധനാണെന്ന പേരിൽ വിമർശിക്കപ്പെടുന്നത്. അംബേദ്കറിനെ ഒരു മുസ്‌ലിം വിരുദ്ധനക്കാനുള്ള ശ്രമം അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഹിന്ദുത്വ വാദികൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ അത് ഇടതുപക്ഷ വരേണ്ണ്യരാണ് നടത്തികൊണ്ടിരിക്കുന്നത്. അംബേദ്കർ തന്റെ ആദ്യത്തെ പ്രക്ഷോഭമായ മഹർ പ്രക്ഷോഭം നടത്തിയ അതേ സ്ഥലത്ത് ജനിച്ചയാളാണ് അബുൽ അഅ്ലാ മൗദൂദി. എന്നിട്ടും അവർ തമ്മിൽ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. അംബേദ്കറിന് ഇസ്‌ലാമിക പണ്ഡിതന്മാരിൽ നിന്ന് ഇസ്‌ലാമിനെ അറിയാനുള്ള അവസരം ലഭിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. അദ്ദേഹത്തിന് അറബി അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്‌ലാമിനെ മനസ്സിലാക്കിയത് ടോക്സിക് ആയ ഓറിയന്റ്ലിസ്റ്റുകളുടെ എഴുത്തുകളിൽ നിന്നാണ്. അംബേദ്‌കറിന്റെ എഴുത്തുകളിൽ മുസ്‌ലിം വിരുദ്ധതയുടെ ആധിക്യം ഉണ്ടെന്നാണ് പ്രധാന വിമർശനം. ഇസ്‌ലാമിനെ മനസ്സിലാക്കിയതിൽ സംഭവിച്ച അബദ്ധത്തെ പർവതീകരിച്ചുകൊണ്ടാണ് അംബേദ്കറിനെ ഇസ്‌ലാമിന്റെ ശത്രുപക്ഷത്ത് വരേണ്ണ്യ ഇടതുപക്ഷം പ്രതിഷ്ഠിക്കുന്നത്.

അംബേദ്കർ വസ്തുതാവിരുദ്ധമായ കാരണത്താൽ വിമർശിക്കപ്പെടുമ്പോൾ അതിലൂടെ അംബേദ്കറൈറ്റ് മുസ്‌ലിം എന്ന ടെർമിനോളജി തന്നെ ചോദ്യം ചെയ്യപ്പെടുന്നു.

1940 ലാണ് അംബേദ്‌കറിന്റെ ‘Pakistan or partition of Indian’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. 1945-ൽ രണ്ടാം പതിപ്പും ഇറങ്ങുകയുണ്ടായി. അംബേദ്‌കറിന്റെ ആഖ്യാന ശൈലിയെ മുതലെടുത്തുകൊണ്ട് പല ഭാഗങ്ങളെയും അടർത്തിയെടുത്താണ് വിമർശന വിധേയമാക്കിയിട്ടുള്ളത്. മുസ്‌ലിംങ്ങളുടെ പക്കൽ നിന്ന് പണം വാങ്ങിയിട്ടാണ് അംബേദ്കർ ഈ പുസ്തകം രചിച്ചത് എന്ന വിമർശനം ഉണ്ടായിട്ടുള്ളത് ഗാന്ധിയിൽ നിന്നും മറ്റു കോൺഗ്രസ്‌ നേതാകളിൽ നിന്നുമാണ് എന്ന കാര്യം ശ്രദ്ധേയമാണ്. അംബേദ്കർ ഒരു അഭിഭാഷകൻ ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആഖ്യാന രീതി അതിസൂക്ഷ്മവും വിശാലമായ അർത്ഥത്തിലുള്ളതുമായിരുന്നു. ഒരു കാര്യം സമർത്ഥിക്കുവാൻ വേണ്ടി അതിന്റെ സമസ്തവശങ്ങളും പരിശോധിക്കുകയും വ്യത്യസ്ത അഭിപ്രായവീക്ഷണങ്ങളെ പരാമർശിക്കുകയും ചെയ്യുമായിരുന്നു. ഇതിനെ അംബേദ്‌കറിന്റെ അഭിപ്രായായി കാണിച്ചുകൊണ്ടാണ് സാധാരണക്കാരായ ജനങ്ങളെ സവർണ്ണർ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

സവർണർ ഭരണവ്യവസ്ഥയുടെ എല്ലാ മേഖലയിലേയും സ്ഥാനം കൈപിടിയിലാക്കിക്കൊണ്ട് ക്രിമിനൽ ബ്രഹ്മണിക്കൽ സിദ്ധാന്തത്തെ മഹത്വവത്കരിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുവഴി നാമറിയാതെ തന്നെ നമ്മിലേക്ക്‌ ബ്രാഹ്മണിക മൂല്യങ്ങൾ കടന്നുവരുന്നുണ്ട്. ആത്മീയത (spirituality) തൊട്ടു തീണ്ടിയിട്ടില്ലാത്ത വിവേചനത്തിന്റെ ദർശനത്തെ ഇല്ലാതാക്കാൻ തന്നെ പരിശ്രമിക്കേണ്ടതുണ്ട്. സംഘപരിവാർ ശക്തികൾ ജാതിയെയും മതത്തെയും വെറുപ്പിന്റെ പ്രത്യയശാസ്ത്രമായിട്ടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ മുമ്പിലുള്ളതാണ് ബാബാ സാഹേബ് അംബേദ്ക്കറിൻ്റെ ചിന്തകൾ. അതുകൊണ്ടാണ് അംബേദ്ക്കറിനെ നിരന്തരം വായിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും സമകാലിക ഇന്ത്യയുടെ ആവശ്യമായി വിലയിരുത്തപ്പെടുന്നത്. ജാതിയെ സാമൂഹ്യ വ്യവഹാരങ്ങളിൽ സ്വതന്ത്ര്യമായി ഉപയോഗിക്കാൻ പറ്റുന്ന രാഷ്ട്രീയ ടൂൾ ആയി പ്രയോഗിക്കുമ്പോൾ അത് ജാതി ജീവിതങ്ങളെ മാത്രം ബാധിക്കുന്നതായിട്ടാണ് മതേതര വിശ്വാസികൾ പോലും കാണുന്നത്. എന്നാൽ ബ്രഹ്മണിക്കൽ അധികാരമേൽക്കോയ്മയിൽ പുനഃസ്ഥാപിക്കപ്പെടുന്ന ജാതി ഘടന ജനാധിപത്യ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റും എന്നതിനെ ചെറുതായി കാണാൻ കഴിയില്ല. അപ്പോൾ ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ പുതുക്കിപ്പണിയലിന് അംബേദ്ക്കറിൻ്റെ ചിന്തകളെ ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ കരുത്തോടെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ജാതീയതയെ ഉള്ളിൽ കൊണ്ടു നടക്കുമ്പോഴും അത് പുറത്ത് പ്രകടിപ്പിക്കുന്നതിൽ അമാന്തം കാണിച്ചിരുന്നവർ ഇപ്പോൾ ജാതിയെ യഥേഷ്ടം പൊതുജീവിതത്തിൽ പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്തരമൊരു പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ നിലവിലെ ഹിന്ദുത്വ ഭരണകൂടം നൽകിയ പ്രയോഗിക പിന്തുണ ചെറുതല്ല. ആരാധനയുടെ പേരിൽ മനുഷ്യരെക്കാൾ പ്രാധാന്യം മൃഗത്തിന് നൽകി അത്തരമൊരു പൊതു സ്വത്വത്തെ ഉണ്ടാക്കിയെടുക്കാൻ ഭരണകൂടത്തിന് എളുപ്പത്തിൽ കഴിഞ്ഞു. ഇതൊരു പകർച്ചവ്യാധിയെ പോലെ ഉത്തരേന്ത്യൻ ദേശങ്ങളിൽ നിന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന കാഴ്ചക്കാണ് പുതിയ കാലം സാക്ഷ്യം വഹിക്കുന്നത്. ഭൂമിക്ക് മേലുള്ള അധികാരം ദളിത്-പിന്നോക്ക വിഭാഗങ്ങൾക്ക് നഷ്ടമാകാൻ കാരണം, അവരെ വരിഞ്ഞുമുറുക്കിയ ജാതിയാണ്. ഹിന്ദു മതത്തിലെ ജാതി ശ്രേണി ബന്ധിതമായി തുടരേണ്ടത് സവർണ്ണ അധികാരത്തിന്റെ താത്പര്യമായി മാറുന്നത് അതുകൊണ്ടാണ്.

ഇസ്‌ലാമിക മൂല്യങ്ങൾ ജീവിതത്തിൽ പ്രതിഫലിക്കുന്ന ഒരു മുസ്‌ലിമിനും അംബേദ്കർ ധാരയിൽ സഞ്ചരിക്കുന്ന വ്യക്തിക്കും മാത്രമേ ഉപരിസൂചിത സവർണ്ണ ക്രിമിനൽ സിദ്ധന്തത്തെ തകർത്തെറിയുക സാധ്യമാവുകയുള്ളു. ഈ ഐക്യം ജാതിയമായി വേർതിരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയാൽ മാത്രമാണ് നവവിപ്ലവം സാധ്യമാവുകയുള്ളു. അതോടൊപ്പം തന്നെ മുസ്‌ലിംങ്ങൾ തങ്ങളിലുള്ള ഇസ്‌ലാമിക മൂല്യങ്ങളെ ചോർന്നു പോകാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്‌ലിംങ്ങളിൽനിന്നും ഇസ്‌ലാമിക മൂല്യങ്ങൾ അദൃശ്യമാവുകയും ബ്രാഹ്മണിക മൂല്യങ്ങളുടെ കടന്നു കയറ്റവും സംഘപരിവാറിന്റെ പരിശ്രമത്തിന്റെ അനന്തരഫലമായിട്ട് ഉണ്ടാകുന്നതാണെന്ന് മനസ്സിലാക്കൽ അനിവാര്യമാണ്. ആർ.എസ്.എസിന്റെ ബുദ്ധിജീവികൾ സ്പെയിനിൽ പോയിട്ട് മുസ്‌ലിംകളുടെ പതനത്തെ കുറിച്ച് കൃത്യമായ പഠനം നടത്തുകയും ഇന്ത്യയിൽ അതു നടപ്പിലാക്കാനുള്ള ആസൂത്രണം ചെയ്യുകയും ചെയ്തു. സ്പാനിഷ് എക്സ്പിരിമെന്റ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. സ്പാനിഷ് എക്സ്പിരിമെന്റ് ആണ് ഇന്ത്യയിൽ ആർ.എസ്.എസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നും മുസ്‌ലിംങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമമാണ് അതെന്നും ദളിത്‌ വോയിസ്‌ എഡിറ്റർ വി. ടി രാജശേഖർ അദ്ദേഹത്തിന്റെ നിരവധി എഡിറ്റൊറിയലുകളിലൂടെ തെളിവുകൾ നിരത്തി സ്ഥാപിക്കുകയുണ്ടായി. ഇത്യാദി കുതന്ത്രങ്ങളെ മനസ്സിലാക്കി കൗണ്ടർ ചെയ്യുവാൻ നീതിയുടെ വക്താക്കൾ ശക്തിയാർജിക്കണം. ഓരോ മുസ്‌ലിമിനും അംബേദ്‌കറൈറ്റിനും സാമൂഹികമായി വേർതിരിക്കപെട്ടവരുടെ പോരാട്ടത്തിന്റെ ശബ്ദമായി മാറാൻ കഴിയണം. വേടന്റെ പുതിയ പാട്ട്‌ പോലെ;

തണൽ കൊതിച്ചവർക്ക്
ഒറ്റമരക്കാടാകാം.
വരണ്ട് ചത്ത മണ്ണിൽ
ഒറ്റതുള്ളി മഴയാകാം.
ഇരുണ്ട പാതയിൽ
ഒരു നുറുങ്ങ് വെട്ടമാകാം.
നിശബ്ദരായവർക്ക്
ശബ്ദമായി മാറിടാം, നീ വാ..

3 thoughts on “അംബേദ്കറും ഇസ്‌ലാമിക വിമോചന മൂല്യങ്ങളും: നവ ഇന്ത്യൻ സാഹചര്യത്തിൽ

  1. Well done Muhammad twahir,
    A great effort can be seen in this article to emphasis the Ambedkarite values among the society and those which satisfies Islamic values also,Acc. To me in contemporary Indian politics ‘Fraternity movement ‘ gives both values a keen role in emphasising the dignified glory of Indian culture.
    May god bless you to give more depth knowledge in such contemporary issues.

  2. ഉഷാർ… ഇസ്ലാമിക സമൂഹത്തിനു ഉപകാരപ്പെടുന്ന എഴുത്തുകൾ
    ഇനിയും കൂടുതൽ എഴുതാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ…. ആമീൻ

Leave a Reply

Your email address will not be published. Required fields are marked *