മധ്യ സഹാറ പ്രദേശങ്ങളിൽ ആഴത്തിൽ സ്വാധീനമുണ്ടായിരുന്ന സൂഫി തരീഖത്താണ് സനൂസിയ. 1841-ൽ ഷെയ്ഖ് അഹ്മദ് ഇബ്ൻ ഇദ്‌രീസിൻ്റെ ശിഷ്യനായ ഷെയ്ഖ് മുഹമ്മദ് ഇബ്ൻ അലി അൽ സനൂസി സ്ഥാപിച്ച ഈ സൂഫി പ്രസ്ഥാനം ഫ്രഞ്ച് ഇറ്റാലിയൻ അധിനിവേശത്തിനെതിരെ പോരാടിയ ചരിത്രമുണ്ട്. സൈറണിക്ക(ബർഖ)യിലെ നാടോടികളായിരുന്നു ആദ്യ അനുയായി വൃന്ദങ്ങളെങ്കിലും ലിബിയയുടെ ചുറ്റുപാടുകളിലും നിരവധി കേന്ദ്രങ്ങൾ രൂപീകരിക്കാനും അദ്ദേഹത്തിന്ന് സാധിച്ചു.
ഇമാം സനൂസി : പരിഷ്‌കർത്താവ്
ഖുർആൻ , സുന്നത്ത് എന്നിവയുടെ അനുധാവനവും ഇസ്‌ലാമിക നേതൃത്വത്തിന്റെ അനിവാര്യതയും അദ്ദേഹത്തിന്റെ ചിന്തകളിൽ പ്രധാനമായിരുന്നു. അധിനിവേശ വിരുദ്ധത, വിശ്വാസാചാര ക്രമങ്ങൾക്കിടയിൽ രൂപപ്പെട്ട പുതിയ പ്രവണതകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ, പാശ്ചാത്യ സാംസ്കാരിക സ്വാധീനത്തെ ചെറുക്കുക എന്നീ മേഖലകളിൽ ഇമാം സനൂസിയുടെ സംഭാവനകൾ പ്രകടമാണ്. അനിവാര്യഘട്ടത്തിൽ സായുധ ജിഹാദിനെ പ്രോത്സാഹിപ്പിച്ച സനൂസി പ്രസ്ഥാനം നബി (സ) യുടെ ജീവിതം അനുധാവനം ചെയ്യാൻ കൽപ്പിച്ചു. മുസ്‌ലിം ലോകം നേരിട്ടിരുന്ന പിന്നോക്കാവസ്ഥയുടെ കാരണം കണ്ടെത്താനും അതിനുള്ള പ്രതിവിധി കണ്ടെത്താനുമുള്ള ചിന്തകളിൽ അദ്ധേഹം വ്യാപൃതനായിരുന്നു. ഇസ്‌ലാമിന്റെ വിശുദ്ധിയും ലോക മുസ്‌ലിംകളുടെ ഐക്യവും പുന:സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇസ്‌ലാമിന്റെ ഭാവി സുരക്ഷിതമാക്കാനാകൂ എന്നദ്ദേഹം വീക്ഷിച്ചു. അദ്ദേഹത്തിന്റെ ഹജ്ജ് യാത്ര കൂടുതൽ ഗനന-മനനങ്ങൾക്കും മുസ്‌ലിം ലോകത്തിൻ്റെ സ്പന്ദനവും ഹിജാസ് പ്രദേശങ്ങൾ അടുത്തറിയാനും ഏറെ സഹായിച്ചു. (താരീഖുൽ ഹറകതിൽ സനൂസിയ്യ ഫീ അഫ്രീഖിയ്യ, ഡോ. അലി മുഹമ്മദ് അസ്സല്ലാബി )
ഫെസിലെ ഉഥ്മാനീ അധികാരികളിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച മോശമായ അനുഭവങ്ങളും പ്രാദേശിക അധികാരികളുടെ ദുർഭരണവും ഈ യാത്രയുടെ കാരണങ്ങളാണ്. ആദ്യഘട്ടത്തിൽ സനൂസി ത്വരീഖത്തും ഉഥ്മാനി ഖിലാഫത്തും നല്ല ബന്ധമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് രാഷ്ട്രീയ സഹകരണം രൂപീകരിക്കുകയുണ്ടായി. ഖിലാഫത്തിന്റെ പ്രാദേശിക അധികാരികളുടെ ദുർഭരണം നിമിത്തം ഷെയ്ഖ് സനൂസിയും സംഘവും അവരെ എതിർത്തിരുന്നു.( Ziadeh 1958 ) മറ്റു ലിബിയൻ ത്വരീഖത്തുകൾക്ക് രാഷ്ട്രീയ സ്വാധീനവും, വ്യക്തമായ ദിശാബോധവും ഭദ്രമായ സംഘാടന സംവിധാനവും ഇല്ലാതിരുന്നതിനാൽ സനൂസികൾക്ക് ലിബിയയുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്താൻ കഴിഞ്ഞുവെന്ന് ഇവാൻസ് പ്രിച്ചാർഡ് (The Sanusi of Cyrenaica ,1949 ) വിലയിരുത്തുന്നു. സംഘാടന മികവും സംഘടനാ ഭദ്രതയുമാണ് മറ്റു സൂഫി ത്വരീഖത്തുകളെക്കാൾ സനൂസിയ്യക്ക് ലിബിയയിൽ സ്വീകാര്യത ലഭിച്ചതെന്ന് ഇവാൻസ് പ്രിചാർഡ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ത്വരീഖത്ത് എന്നാണ് സനൂസിയയെ ഡ്രിമിങ്ഹാം വിശേഷിപ്പിക്കുന്നത്. (Trimingham 1998). സനൂസി അൽ കബീർ, ഗ്രാന്റ് സനൂസി എന്നീ നാമങ്ങളിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഷെയ്ഖ് ഇബ്നു തൈമിയ്യയുടെ ചിന്തകളിലും ഷെയ്ഖ് സനൂസി ആകൃഷ്ടനായിരുന്നു. ‘ഈഖാദ്’ എന്ന കൃതിയിൽ ഇജ്തിഹാദിന്റെ ആവശ്യകതയെക്കുറിച്ചു ഷെയ്ഖ് സനൂസി വിശദീകരിക്കുന്നുണ്ട്. കാലിക വിഷയങ്ങളിൽ ഇജ്തിഹാദിന്റെ അനിവാര്യത ഉയർത്തിക്കാട്ടിയ ഷെയ്ഖ് സനൂസി തഖ്ലീദിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഇസ്‌ലാമിക ആശയാദർശങ്ങളെ അതിന്റെ തനിമയോടെ മനസ്സിലാക്കണമെന്ന് ഷെയ്ഖ് സനൂസി പഠിപ്പിച്ചു. പാശ്ചാത്യ ആശയങ്ങളുടെ കുത്തൊഴുക്കിൽ ഇസ്‌ലാമിക മൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും പവിത്രത നഷ്ടപ്പെടാതിരിക്കാൻ സനൂസികൾ ശ്രമിച്ചു. സൂഫി ആചാരക്രമങ്ങൾ, ദിക്റുകൾ ഇസ്‌ലാമിക വിശ്യാസപ്രമാണങ്ങൾ എന്നിവയെ കുറിച്ചു അദ്ദേഹം രചനകൾ നിർവഹിച്ചിട്ടുണ്ട്. ദിക്ർ, ധ്യാനം എന്നിവയെ മുഹമ്മദ് നബി (സ) യുടെ ജീവിത മാർഗമാണ് അവലംബിക്കേണ്ടതെന്നു അദ്ദേഹം കൽപ്പിച്ചു. സൂഫി ആത്മീയ രീതികളിൽ നൃത്തവും സംഗീതവും അഭലഷണനീയമായി കണ്ടു.
ഫെസിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അദ്ദേഹം സന്തുഷ്ടനായിരുന്നില്ല. സാമൂഹികസുരക്ഷയുടെ അഭാവവും ഇസ്‌ലാമിക അധ്യാപനങ്ങളോടുള്ള പ്രാദേശികാധികാരികളുടെ അലസ മനോഭാവവും ഫെസിലെ സാമൂഹിക- രാഷ്ട്രീയ മേഖലകളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി അദ്ധേഹം അനുഭവിച്ചറിഞ്ഞു. പിന്നീട് ഈജിപ്തിലെത്തിയ ശൈഖ് സനൂസി, ഷെയ്ഖ് അൽ മിലി അൽ ടുണീസി, തുവൈലിബ്, അൽ-സാവി, അൽ-അത്താർ, അൽ-ക്വൈസിനി, അൽ-നജ്ജാർ എന്നിവരുടെ കീഴിൽ പഠിച്ചു. അവിടെ നിന്ന് ഹിജാസിലേക്ക് പോയി. അവിടെ അദ്ദേഹം ഷെയ്ഖ് സുലൈമാൻ അൽ അജാമി, അബു ഹഫ്സ് ബിൻ അബ്ദുൽ കരീം അൽ അത്താർ, ഇമാം അബുൽ അബ്ബാസ് അബ്ദുദ് ബിൻ അബ്ദുല്ലാഹ് ബിൻ ഇദരീസ് എന്നിവരുടെ കീഴിൽ വിദ്യ അഭ്യസിച്ചു . ഈ പoനഘട്ടത്തിലാണ് തിജാനിയ്യ, ശാദുലിയ്യ, നാസിരിയ്യ, ഖാദിരിയ്യ തുടങ്ങി സൂഫീ സരണികളിൽ അദ്ധേഹം കൂടുതൽ ആകൃഷ്ടനാകുന്നത്. അടുത്തറിഞ്ഞ എല്ലാ ത്വരീഖത്തുകളുടെയും ചൈതന്യവത്തായ സാരാംശങ്ങൾ അദ്ദേഹം ഉൾകൊണ്ടു.
അബു താലിബ് അൽ മസൂനി, അബുൽ മഹൽ, ഇബ്നു അൽ-കന്തൂസ് അൽ മുസ്തഗനേമി, അബു റാസ് അൽ മുഅസ്‌കരി, ഇബ്നു അജിബ, മുഹമ്മദ് ബിൻ അബ്ദുൽ ഖാദിർ അബു റുവൈന എന്നിവർ ഉൾപ്പെടുന്ന പണ്ഡിതരുടെ ശിക്ഷണവും അദ്ധേഹത്തിന് ലഭിച്ചു. തുടർന്ന് അദ്ദേഹം ഫെസിലേക്ക് താമസം മാറ്റി, അവിടെ എട്ടുവർഷത്തോളം ജാമിഅൽ-ഖൈറുവാനിൽ പഠിച്ചു. ഹമ്മുദ് ബിൻ അൽ ഹജ്ജ്, സീദി അൽ-തയ്യിബ് അൽ-കിരാനി, സീദി മുഹമ്മദ് ബിൻ അമീർ അൽ-മിവാനി, സീദി അബുബക്കർ അൽ ഇദരീസി, സീദി അൽ അറബി ബിൻ അബ്ദുദ് അൽ-ദിർകവി എന്നിവരുൾപ്പെടെ നിരവധി ശൈഖ്മാരുടെ കീഴിൽ അദ്ദേഹം അവിടെ വിവിധ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ വൈദഗ്ധ്യം നേടി.
അൾജീരിയ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിൽ പഠനം തുടരുന്നതിനിടയിൽ, മുസ്‌ലീങ്ങൾക്ക് വന്നു ഭവിച്ച പ്രശ്നങ്ങളും വ്യതിചലനങ്ങളും നേരിട്ടറിയാൻ ശൈഖ് സനൂസിക്ക് അവസരം ലഭിച്ചു.
വൈജ്ഞാനിക സ്ഥാപനങ്ങൾ നിർമ്മിക്കുന്നതോടൊപ്പം അനുയായികളെകൊണ്ട് കാർഷിക മേഖലകളിലും സംഭവനകളർപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. പടിഞ്ഞാറൻ – മധ്യ ആഫ്രിക്കൻ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ച ഷെയ്ഖ് തന്റെ കേന്ദ്രത്തെ (സാവിയ) കാർഷിക വിദ്യാഭ്യാസ മേഖലയാക്കി വികസിപ്പിച്ചിരുന്നു. സഹാറൻ മേഖലകളിലെ വ്യാപാര രംഗത്തെ വികാസത്തിന് ഈ കാർഷിക വിപ്ലവം പ്രധാന കാരണമായിത്തീർന്നു. 1859-ൽ ഷെയ്ഖ് സനൂസിയുടെ വിയോഗാനന്തരം സയ്യിദ് മഹ്ദി സനൂസി പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1902-ൽ ഇദ്ദേഹത്തിന്റെ മരണ ശേഷം 1917-വരെ സഹോദരൻ ഷെയ്ഖ് അഹ്മദ് ശരീഫ് ത്വരീഖത്തിനെ നയിച്ചു. 1916-ൽ ബ്രിട്ടീഷ്കാരുമായുള്ള ഏറ്റമുട്ടൽ പരാജയപ്പെട്ടതോടെ അദ്ദേഹം പ്രസ്ഥാനത്തിന്റെ നേതൃത്വം സഹോദര പുത്രൻ മുഹമ്മദ് ഇദരീസിനെ ഏൽപ്പിക്കുകയായിരുന്നു. ഷെയ്ഖ് മുഹമ്മദ് ഇദരീസ് പിന്നീട് ലിബിയയുടെ രാജാവായി (1951 – 1969) അധികാരമേൽക്കുകയും ചെയ്തു.
സനൂസികളും പോരാട്ടവും
ഉഥ്മാനീ അധികാരം ലിബിയൻ പ്രദേശങ്ങളിൽ ദുർലബമായതോടെ സനൂസികൾ അറബ് നാടോടി ഗോത്രങ്ങളെ ഉപയോഗപ്പെടുത്തി അധിനിവേശ ശക്തികൾക്കെതിരെ പോരാടുകയാണുണ്ടായത്.
(Libiyan Secrets: Sufism, Esoterism And The state in the Jamahiriya Igor Cherstich 2013 ). 1901-ൽ സനൂസി പ്രസ്ഥാനത്തെ വെല്ലുവിളിയായി കണ്ട ഫ്രഞ്ച് കൊളോണിയൽ ശക്തി അക്രമിക്കുന്നതോടെ ലിബിയയിൽ ജിഹാദിന് വഴിയൊരുക്കി. ഇറ്റാലിയൻ സൈന്യത്തിന്റെ അക്രമണത്തിനെതിരെയും പ്രതിരോധം തീർക്കാൻ സനൂസി പ്രസ്ഥാനത്തിന് സാധിച്ചു.1911-ൽ ഇറ്റാലിയൻ ആർമി ലിബിയ കീഴടക്കിയപ്പോൾ സനൂസികൾ ജിഹാദ് പ്രഖ്യാപിച്ച് ദേശത്തെ പ്രതിരോധിക്കാൻ തീരുമാനിച്ചു. ഈ പ്രതിരോധം സനൂസികളുടെ കീർത്തി കൂടുതൽ വർധിക്കാൻ കാരണമായി. സനൂസികളുടെ പോരാട്ടവീര്യത്തിനു മുന്നിൽ പതറിയ ഇറ്റാലിയൻ സൈന്യം ഈ സൂഫി ത്വരീഖത്തിനോട് സന്ധിക്കു തയ്യാറാകേണ്ടി വന്നു. 1922-ൽ അധികാരം പിടിച്ചെടുത്ത ബെനിറ്റോ മുസോളിനിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകൾ പുതിയ കൊളോണിയൽ ശ്രമങ്ങൾ ആരംഭിച്ചതോടെ സനൂസികളുമായുള്ള സന്ധി വിച്ഛേദിക്കപ്പെട്ടു. സനൂസികൾ പുതിയ അധിനിവേശ ശ്രമങ്ങളെയും നീണ്ട കാലം ചെറുത്തുനിന്നു. ലിബിയയിലെ മദനിയ ത്വരീഖത്തുപോലുള്ള മറ്റു സൂഫി ത്വരീഖത്തുകളെ ഉപയോഗപ്പെടുത്തി സനൂസി പ്രസ്ഥാനത്തെ തകർക്കാൻ അധിനിവേശ ശക്തികൾ ശ്രമിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിനായി ദേശത്തെ ഇതര സൂഫി ത്വരീഖത്തുകളുടെ വിവരം ഇറ്റാലിയൻ ഭരണകൂടം ശേഖരിച്ചിരുന്നു.
ഈ ഘട്ടത്തിൽ പ്രസ്ഥാനത്തെ നയിച്ചിരുന്ന ഇദരീസ് സനൂസി ഈജിപ്ഷ്യൻ ഭാഗത്തേക്ക് പോരാട്ടത്തിനുള്ള സഹായമന്വേഷിച്ചു പോയതിനാൽ ഷെയ്ഖ് ഉമർ മുഖ്താർ ത്വരീഖത്തിന്റെ നേതൃത്വമേറ്റെടുത്തു. 1930-ൽ ഷെയ്ഖ് ഉമർ മുഖ്താർ രക്തസാക്ഷി ആയതോടെ ചെറുത്തുനിൽപ്പ് അവസാനിക്കുകയും 1931 ജനുവരി 24 ന് ലിബിയ ഇറ്റലിയുടെ ഭാഗമായി ചേർക്കപ്പെടുകയും ചെയ്തു. ഷെയ്ഖ് ഇദരീസ് സനൂസിക്കു തിരിച്ചു വരവിനുള്ള സാധ്യത ഇല്ലാതായി. കൊളോണിയൽ ശക്തികളായ ഫ്രഞ്ച് ഇറ്റാലിയൻ സൈന്യങ്ങളുമായുള്ള സനൂസി തരീഖത്തിന്റെ നിരന്തര പോരാട്ടം പ്രസ്ഥാനത്തിന്റെ തന്നെ തകർച്ചയിലേക്ക് നയിക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.
ഷെയ്ഖ് ഇദരീസ് സനൂസിയുടെ ഭരണം
1942 ജനുവരി 23-ൽ ബ്രിട്ടീഷ് സൈന്യം ട്രിപ്പോളി പിടിച്ചെടുത്തതോടെ ഫാസിസ്റ്റുകളുടെ അധികാരം ഇല്ലാതായത് ഷെയ്ഖ് ഇദരീസ് സനൂസിക്കു ലിബിയയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരമൊരുക്കി. നാടുകടത്തപ്പെട്ട ഇദരീസ് സനൂസി ബ്രിട്ടനിലെ സഹായത്തോടെ പുതിയ പ്രതിരോധ നിര രൂപീകരിച്ചു. ഇറ്റലിയുടെ അധിനിവേശ ത്വര ബ്രിട്ടീഷ് സാമ്രാജ്യത്തെ അസ്വസ്ഥപ്പെടുത്തിയ സാഹചര്യത്തെ ശൈഖ് ഇദരീസ് സനൂസി ഉപയോഗപ്പെടുത്തുകയാണുണ്ടായത്. രണ്ടാം ലോക യുദ്ധ പശ്ചാത്തലത്തിൽ രൂപപ്പെട്ട ഈ സഖ്യത്തിൽ ബ്രിട്ടീഷ് അധികാരികൾ ഷെയ്ഖ് ഇദരീസ് സനൂസിയെ ലിബിയൻ നേതാവായി അംഗീകരിച്ചു. ഇരുപത്തിരണ്ടു വർഷത്തെ അഭയാർത്ഥി ജീവിതത്തിനു ശേഷം ലിബിയയിലേക്ക് തിരിച്ചു വരികയും രാജാവായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. യാഥാർത്യത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പ്രാദേശിക അധികാരം നിലർത്താൻ സനൂസികളുടെ ജനസ്വാധീനം ആവശ്യമായിരുന്നു.
1952-വരെ ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ലിബിയ ഐക്യ രാഷ്ട്ര സഭയുടെ സമ്മതിയോടെ സ്വതന്ത്രമായി. ഷെയ്ഖ് ഇദരീസ് സനൂസിയുടെ നേതൃത്വത്തിൽ സ്വതന്ത്ര രാജ്യഭരണം ആരംഭിച്ചെങ്കിലും ത്വരീഖത്തിന്റെ ജനസ്വാധീനം കുറയുകയാണുണ്ടായത്. ഷെയ്ഖ് ഇദരീസിന്റെ കുടുംബവും ത്വരീഖത്തിന്റെ പ്രധാന അംഗങ്ങളും രാജ്യത്തെ സുപ്രധാന സ്ഥാനമാനങ്ങളിൽ എത്തിച്ചേർന്നിരുന്നു.
ലിബിയൻ രാജ്യ സ്ഥാപന പ്രഖ്യാപനം നടത്തിയ ഷെയ്ഖ് ഇദരീസ് സനൂസിക്ക് നിരവധി ആഭ്യന്തര പ്രതിസന്ധികൾ നേരിടേണ്ടി വന്നു. യുദ്ധാനന്തരം, ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി ലിബിയ മാറിയിരുന്നു. പുതിയ അധികാര സംവിധാനത്തിന് സംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തിൽ സനൂസി കുടുംബത്തിന്റെ സ്വാധീനവും വിവിധ ഗോത്രങ്ങളുമായുള്ള സഖ്യവും ശക്തിപ്പെടുത്താനാണ് കൂടുതൽ ശ്രദ്ധ നൽകിയത്.
മുഅമ്മർ ഗദ്ദാഫിയുടെ ഭരണം
19- ലെ അറബ്-ഇസ്രായേൽ യുദ്ധ പരാജയവും രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയ അസ്വാസ്ഥ്യങ്ങളും കരുത്താർജ്ജിച്ച ദേശീയവാദവും ഷെയ്ഖ് ഇദരീസ് സനൂസിയുടെ സ്വീകാര്യതക്ക് മങ്ങലേൽപ്പിച്ചു. 1969 സെപ്റ്റംബർ ഒന്നിന് ചികിത്സാർത്ഥം തുർക്കിയിലേക്ക് എത്തിയ സാഹചര്യത്തിൽ മുഅമ്മർ ഗദ്ദാഫി പട്ടാള അട്ടിമറി നടത്തുകയായിരുന്നു. 1971 നവംബറിൽ ഗദ്ദാഫി ഭരണകൂടം ഷെയ്ഖ് ഇദരീസ് സനൂസിയുടെ അഭാവത്തിൽ വിചാരണ നടത്തുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ദുർബലവും അഴിമതി നിറഞ്ഞതും ദേശീയവികാരം മാനിക്കാത്തതുമായിരുന്ന ഭരണമാണ് ഷെയ്ഖ് ഇദരീസിന്റേതെന്നാണ് ഗദ്ദാഫി ആരോപിച്ചത്.
അധികാരത്തിലേറിയ മുഅമ്മർ ഗദ്ദാഫി സൂഫി ത്വരീഖത്തുകളെ രാജ്യത്തിന് ഭീഷണിയും ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് എതിരുമാണെന്ന് പ്രഖാപിച്ചു. ഇമാം സനൂസിയുടെ ഖബറിടംപോലും തകർക്കാൻ ഗദ്ദാഫി ഉത്തരവിട്ടു. സൂഫി വിഭാഗങ്ങൾ ജീര്‍ണതയുടെയും അധഃപതനത്തിന്റെയും പ്രതിരൂപമാണെന്ന് വിലയിരുത്തിയ ഗദ്ദാഫി തുടച്ചുനീക്കപ്പെടേണ്ടതാണെന്നു തീർച്ചപ്പെടുത്തി. അധികാരം പിടിച്ചെടുത്തതിന് ശേഷം ഇരുപതു വർഷങ്ങൾക്കുള്ളിൽ നിരവധി സാവിയകളാണ് ലിബിയൻ ഭരണകൂടം ഇല്ലാതാക്കിയത്. സമൂഹത്തിലെ ഭിന്നതക്ക് കാരണക്കാരായി സൂഫികളെ കണ്ട ഗദ്ദാഫി കോളനിവൽക്കരണത്തിന്റെ ഏജന്റുകളായി മുദ്രകുത്തി. ഇമാം സനൂസിയും ഷെയ്ഖ് ഇദരീസ് സനൂസിയും ചെയ്തതുപോലെ ഷെയ്ഖ് ഉമറു മുഖ്താറും രാഷ്ട്രത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന് ഗദ്ദാഫി ആരോപിച്ചിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ മാറിയ മുസ്‌ലിം ബ്രദർഹുഡുപോലുള്ള രാഷ്ട്രീയ ശത്രുക്കൾക്കെതിരെ ഗദ്ദാഫി സൂഫികളെ ഉപയോഗിക്കാൻ തുടങ്ങി.
ഈജിപ്തിലേക്ക് നാടുകടത്തപ്പെട്ട ഷെയ്ഖ് ഇദരീസ് സനൂസി 1983-ൽ അദ്ദേഹത്തിന്റെ തൊണ്ണൂറ്റിനാലാം വയസ്സിൽ മരണമടഞ്ഞു. അദ്ദേഹം സൗദി അറബിയയിലെ അൽ- ബഖിയിലാണ് അന്തിയുറങ്ങുന്നത്. നിലവിൽ സനൂസികൾ രാജ്യത്തെ മറ്റു സൂഫി ത്വരീഖത്തുകളിൽ ലയിച്ചു ചേർന്നിട്ടുണ്ടെങ്കിലും ഇമാം സനൂസിയുടെ ലിബിയൻ സാമൂഹിക രാഷ്ട്രീയ മേഖലയിലെ സ്വാധീനത്തെ എല്ലാവരും വിലമതിക്കുന്നു. ആധുനിക ലിബിയയുടെ ഇസ്‌ലാമിക നവജാഗരണത്തിനും കൊളോണിയൽ ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയ ഇമാം സനൂസിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്.